സായാഹ്നസവാരി ...
"വൈകിട്ട് നേരത്തെ തയ്യാറായിട്ടിരിക്കൂ ഒന്ന് പുറത്തു പോവാം, നിനക്കൊരു ചെയിഞ്ച് ആവും" ഓഫീസിലേക്കിറങ്ങുമ്പോഴാണ് ഭര്‍ത്താവ് പറഞ്ഞത്. വല്ലപ്പോഴുമൊരിക്കല്‍ ഇത് പതിവാണ്. അത് കൊണ്ട് പുതുമയൊന്നും തോന്നിയില്ല. എന്തിനായിരിക്കും എന്ന കാര്യത്തിലെ സംശയമുണ്ടായിരുന്നുള്ളൂ. ഇത്തരം ആര്‍ഭാടങ്ങള്‍ അതിന്റെ വഴിക്ക് തന്നെ പോകട്ടെ എന്നോര്‍ത്ത് അവള് അയാള്‍ക്ക് ഇഷ്ടമായ നിറത്തിലൊരു വസ്ത്രം തേടാനാരംഭിച്ചു. ഇഷ്ടങ്ങള്‍ ഇപ്പോഴും അങ്ങിനെയായിരുന്നു, അവളുടെ കണ്ണിനിഷ്ടപ്പെട്ടവ അവള്‍ക്കു ചുറ്റും വന്നതേയില്ല. വന്ന നിറങ്ങളിലത്രയും അയാളുടെ ഇഷ്ടങ്ങള്‍ അവള് തിരഞ്ഞു. " നിനക്കിതു നന്നാവു"മെന്ന് പറഞ്ഞു അയാള്‍ മാറ്റിവയ്ക്കുന്നവ മാത്രം അവള് ധരിച്ചു.
അവളെക്കാള്‍ അയാള്‍ ലോകം കണ്ടിരുന്നു. അവളുടെ ലോകത്തിന്റെ അതിരുകള്‍ അയാള്‍ പതിയെപ്പതിയെ കെട്ടിയുയര്‍ത്തിക്കൊണ്ടിരുന്നു. അവളുടെ ചിന്തകള്‍ക്കും, ഇഷ്ടങ്ങള്‍ക്കും ചുറ്റും. ആ ലോകത്തില്‍ നിന്ന് ഇടയ്ക്കു ഇത് പോലെയൊരു പുറംകാഴ്ച ,അയാളും അവളും മാത്രം, അതവള് ആസ്വദിച്ചിരുന്നു.
അയാളുടെ വാക്കുകളും പ്രവര്‍ത്തികളും കണിശമായിരുന്നു, കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നില്ല .സമയനിഷ്ടയും അങ്ങിനെ തന്നെ, പലപ്പോഴും അയാള്‍ക്കൊപ്പം കിതച്ചെത്താന്‍ അവള് വല്ലാതെ കഷ്ടപ്പെട്ടു. അടുക്കളയുടെ ചുവരുകള്‍ അവളുടെ ശ്വാസമിടിപ്പുകളുടെ കണക്കെടുത്തതല്ലാതെ പുറത്താരെയുമറിയിക്കാനനുവദിച്ചില്ല. മസാലക്കൂട്ടുകള്‍ക്കിടയില്‍ അതും വെന്തുനീറി. അവളുടെ മനസ്സും അങ്ങിനെ തന്നെയായിരുന്നു. ആര്‍ക്കും അതിലേക്കു പ്രവേശനമുണ്ടായിരുന്നില്ല, അയാള്‍ക്കുമാത്രമെല്ലാമറിയാമെന്നു അയാള്‍ വെറുതെ വിശ്വസിച്ചിരുന്നു, ആ ചിന്തയെ തിരുത്താന്‍ അവള് മിനക്കെട്ടതുമില്ല.അയാള്‍ ഒരു മോശം ഭര്‍ത്താവായിരുന്നില്ല, അവള് മോശം ഭാര്യയും. കൂടെക്കൂടെ അവളെ ശകാരിക്കുകയും , തെറ്റുകള്‍ ചികയുകയും ചെയ്യാന്‍ അയാള്‍ മിനക്കെട്ടിരുന്നില്ല. വിലയേറിയ ഒരു പളുങ്കുപാത്രം പോലെ സൂക്ഷ്മതയോടെ അവളെ അയാള്‍ വിരുന്നുമേശകളില്‍ പ്രദര്‍ശിപ്പിച്ചു.
അയാള്‍ കൃത്യസമയത്ത് വീട്ടിലെത്തി. അവള് അയാളെ കാത്തു നില്‍ക്കുകയായിരുന്നു.എന്നത്തേയും പോലെ അയാളുടെ നോട്ടത്തിലെ അനിഷ്ടത്തെ അവള് തിരിച്ചറിഞ്ഞു.സമയനിഷ്ടയാല്‍ ബന്ധിക്കപ്പെട്ടിരുന്നത് കൊണ്ട് അതേ വേഷത്തില്‍ അവള് അയാളെ പിന്തുടര്ന്നു. അത്ര ദൂരെയല്ല കോഫി ഷോപ്പ്. നടന്നുപോകാമെന്നു പറയാമായിരുന്നു. അത്ര തിരക്കില്ലാത്ത വഴിയില്‍ അയാളോടൊപ്പം നടക്കാനുള്ള ആഗ്രഹം കൊണ്ടല്ല , പുറത്തെ പൊടിയും കാറ്റും അടിക്കുമ്പോഴുള്ള സുഖമറിയാനായിരുന്നു.
കോഫീ ഷോപ്പിലെ നനുത്ത സംഗീതവും, തണുപ്പും,ജനാലക്കു വെളിയിലെ കാഴ്ചകളും അവള്‍ക്കു എപ്പോഴോ മടുത്തിരുന്നു. അവര്‍ വരുമ്പോള്‍ അവിടെ തിരക്കുണ്ടാവാറില്ല. പതിവിനു വിപരീതമായി അവരുടെ സ്ഥിരം ഇരിപ്പിടത്തില്‍ മറ്റാരോ, ഒരു യുവാവും യുവതിയും, പ്രണയബന്ധിതരായി.
അല്പം മാറിയൊരിടത്തിരുന്ന് അയാള്‍ എപ്പോഴത്തെയും പോലെ ഒരു കോഫിയും അവള്‍ക്കൊരു ഐസ്ക്രീമും പറഞ്ഞു. അവളുടെ മുഖത്തു സ്റ്റിക്കര്‍ ഒട്ടിയതുപോലെയൊരു ചിരി. "നീ വല്ലാതെ വീട്ടില്‍ മുഷിയുന്നു അല്ലെ? പുസ്തകങ്ങളും ടിവിയും മാത്രമായി.ഏതായാലും നാളെ മുതല്‍ അതുണ്ടാവില്ല. അവര്‍ വരുന്നുണ്ട്, ഒരാഴ്ചത്തേക്ക്." അയാള്‍ പറഞ്ഞു നിര്‍ത്തി. അവള് ഇത് പോലൊന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. അതിഥികള്‍ വരുമ്പോഴും ചില സൌഹൃദസന്ദര്‍ശനങ്ങളിലുമൊക്കെ അവളുടെ പെരുമാറ്റം എങ്ങിനെയാവണമെന്ന്, എണ്ണമറ്റ ഉപദേശങ്ങള്‍. കേള്‍വിയടയുന്ന ശബ്ദം അവള് കേട്ടു. അതെപ്പോഴും അങ്ങിനെയാണ്. മുഖം അതിന്റെ വേല ചെയ്യുകയും മനസ്സ് അതിന്റെ പാട്ടിനു പോകുകയും ചെയ്യും. അയാള്‍ പറയുന്നതെല്ലാം ശ്രദ്ധിച്ചു കേള്‍ക്കുന്നമട്ടിലിരുന്ന് അവള് തലയാട്ടി.
തൊട്ടടുത്ത മേശയില്‍ പ്രണയം നുരയുന്നുണ്ടായിരുന്നു. യുവതിയുടെ ചായം പിടിപ്പിച്ച വിരലുകളില്‍ സ്പര്‍ശിക്കാനായുമ്പോള്‍ അയാളുടെ കണ്ണുകളിലും അത് നിറഞ്ഞു. അവര്‍ വേറേതോ ലോകത്തായിരുന്നു, പ്രണയത്തിന്റെ കഥയില്ലാക്കയങ്ങളില്‍ ഊഞ്ഞാലാടുകയാവാം, എത്ര നാളേക്കാണാവോ!
"ഐസ്ക്രീം അലിഞ്ഞുതുടങ്ങി , നീയെന്താണ് കഴിക്കാത്തത്? വേഗം കഴിക്കൂ, നമുക്ക് പോവണ്ടേ?" അയാളുടെ ചോദ്യം അവളെ ഉണര്‍ത്തി. കഴിച്ചുവെന്നു വരുത്തിത്തീര്‍ത്ത് എണീക്കുമ്പോള്‍ അടുത്ത സായാഹ്നസവാരി എന്നായിരിക്കുമെന്ന ചിന്തയിലായിരുന്നു അവള്. വീട്ടില്‍ അവള്‍ക്കായി പാതിനിര്‍ത്തിമടക്കിയ പുസ്തകത്തിലെ മില്ല്സ് ആന്‍ഡ് ബൂണ്‍ കഥാപാത്രങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.

ഒരാഴ്ചത്തേക്ക് അവർ വരുന്നു.!!!ഇനി കുഴപ്പമില്ല.
ReplyDeleteവായിച്ചു.
ReplyDeleteഒന്നുകില്‍ കാല്ച്ചുവട്ടില്,അല്ലെങ്കില്‍ ശ്രീ കോവിലില്‍ ,രണ്ടായാലും ഫലം ഒന്നു തന്നെ.
ReplyDeleteകഥ വായിച്ചു. ഇനി എന്നാ സായാഹ്നസവാരി.
ReplyDelete