ആനന്ദിയും ഏണിപ്പടികളും
ആനന്ദിയ്ക്കേറ്റവും ഇഷ്ടം മച്ചിലെക്കുള്ള തടിഗോവണിപ്പടികള്‍ ഏറാനും ഇറങ്ങാനുമായിരുന്നു. അതും പട പടയെന്നു എന്റെ ചങ്കിടിപ്പിച്ചുകൊണ്ട്. പടിക്കെട്ടുകളേറും പോലെ എളുപ്പം മറ്റൊന്നില്ലെന്നവള്‍ പറഞ്ഞു, മച്ചിലെ മരപ്പട്ടികള്‍ ഒളിയിടങ്ങള്‍ തേടിയോടി. ഭഗവതി എന്ത് ചെയ്‌തോ ആവോ.
ബാല്യത്തില്‍ നിന്നും വല്ലതൊന്നു പകച്ചു ഞാന്‍ കൌമാരത്തിന്‍റെ പടിക്കെട്ടേറുകയായിരുന്നു. എനിക്കേറ്റവും വിഷമം തോന്നിയതും അപ്പോഴായിരുന്നു. ചുറ്റുമുള്ളതില്‍ നിന്നെല്ലാം വേറിട്ട് ഇലയനക്കങ്ങള്‍ പോലും അറിയാതെ ഒഴുകിയൊഴുകി ഞാന്‍ എവിടെക്കോ ഒക്കെ നീങ്ങുമ്പോഴാണ്, കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച്മഞ്ചാടിമണികള്‍ വാരിവിതറിയതുപോലെ കിലുങ്ങിക്കൊണ്ട് അവള്‍ എത്തിയത്.
ചിരിക്കുമ്പോള്‍ അല്പമൊന്നു ചുവക്കുന്ന കവിളുകളുള്ള , നിരതെറ്റിയ പല്ലുകള്‍ മോടിപിടിപ്പിച്ച ചിരിയുള്ള ആനന്ദി , ആരോടും കയര്‍ക്കാന്‍ മടിയില്ലാത്ത ആരെയും വകവയ്ക്കാത്ത ,എന്റെ സൌഹൃദചില്ല വിട്ടൊരിക്കലും പോവാതിരുന്നവള്‍. ഞാനറിയാതെ തന്നെ എന്നിലലിഞ്ഞവള്‍. എന്നോടോപ്പമുണ്ടായിരുന്ന കാലമത്രയും നേര്‍ പാതിയായവള്‍. അകന്നപ്പോള്‍ കത്തുകളിലൂടെയായിരുന്നു, ഇടവേളകളില്‍ ചെറിയ കണ്ടുമുട്ടലുകള്‍. ഒന്നോ രണ്ടോ ദിവസം ഒരുമിച്ച്. മുജന്മ നിയോഗം പോലെ ഞങ്ങള്‍ കൂടുതലടുത്തു.കത്തുകളിലെ വരികള്‍ക്കിടയില്‍ ഇടയ്ക്കു ഒളിപ്പിക്കാറുള്ള കൊച്ചു കൊച്ചു സങ്കടങ്ങള്‍ തിരിച്ചറിയാന്‍ അവള്‍ക്കേ കഴിഞ്ഞുള്ളൂ. ഏതു ബ്രഹ്മാണ്ഢ പ്രശ്നത്തെയും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കാനുള്ള മാന്ത്രിക വിദ്യ വശമാക്കിയാണ് അവള്‍ ജനിച്ചതെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
"തമാശ കളയൂ കുട്ടീ. പറയു ഇന്നോട് പറയാതെന്തോക്കെയാ ഉള്ളില്‍ ? ഓരോന്നായിട്ട് പോരട്ടെ. നുണയാണ്‌ച്ചാല്‍ നിര്‍ത്തിക്കോ. ഒക്കേം അറിയാനുള്ള വിദ്യ എനിക്കറിയാട്ടോ.." നുണ പറയാനോ?ചിന്തിക്കാന്‍ കൂടി അവളുടെ മുന്നില്‍ പറ്റില്ല ..വല്ലാത്തൊരു പിറപ്പല്ലേ..കൊച്ചു കൊച്ചിഷ്ടങ്ങളില്‍ നിന്നും വളര്‍ന്ന പ്രണയവും വേര്‍പാടും എല്ലാം അവളേ അറിഞ്ഞുള്ളൂ. തിരിച്ചങ്ങോട്ടും അങ്ങിനെ തന്നെ.
പ്രതീക്ഷിക്കാത്ത സന്ദര്‍ശനങ്ങള്‍ , അവളെപ്പോഴും അങ്ങിനെയായിരുന്നു. ചിലപ്പോള്‍ നേരം വൈകിയും ഡോര്‍ ബെല്ലടിച്ച്, ഞാനെത്തുമ്പോള്‍ വാതിലിനു പിന്നില്‍ ഒളിഞ്ഞു നിന്ന് കുട്ടികളെപ്പോലെ ഭയപ്പെടുത്തി. ഭയത്തിനൊടുവില്‍ ഞാന്‍ ചിരിക്കുമ്പോള്‍ എന്നെ ചുറ്റിപ്പിടിച്ചു വട്ടം കറങ്ങി. കിതപ്പടങ്ങുമ്പോള്‍ വീണ്ടും ചിരിച്ചു. രാത്രിയില്‍ ചെമ്പകപ്പൂവിന്റെ ഗന്ധം പരക്കുന്നതറിഞ്ഞു. ഞങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ എന്നും കുട്ടികളായിരുന്നു.
ജനാലയിലൂടെ പേരറിയാത്ത പൂവുകളുടെ ഗന്ധം പരക്കും വരെ ഞങ്ങള്‍ സംസാരിച്ചു. രാത്രിയെപ്പോഴോ ഉറങ്ങിയോ? അതോ ഞങ്ങള്‍ വെളുപ്പിക്കാന്‍കാത്തിരുന്നോ? ഒരു ചിരിയ്ക്കപ്പുറമുള്ള അവളുടെ വേവുകള്‍ ഞാന്‍ കണ്ടില്ലെന്നു നടിച്ചു. ഞാന്‍ കാണാതെ കണ്ടവ , അവള്‍ പറയാനായി കാത്തിരുന്നു. ഇടക്കെപ്പോഴോ ഉറക്കത്തിന്റെ പഴുതുകളില്‍ അടുത്ത മെത്തയുടെ വേലിക്കെട്ടറുത്ത് അവള്‍ എന്നെ അടക്കം പിടിച്ചു കിടക്കുമ്പോള്‍ നഷ്ടപ്പെടലിന്റെ തേങ്ങല്‍ ഞാനറിഞ്ഞു. എന്റെ ഭ്രമാത്മക പ്രണയങ്ങള്‍ക്കപ്പുറം അവളുടെ മനസ്സിലും ശരീരത്തിലും നിറഞ്ഞതു ഭ്രാന്തമായ ആവേശമായിരുന്നു. ഒരു ചട്ടക്കൂടിലും ഒതുങ്ങി നില്‍ക്കാത്ത ഇങ്ങോട്ടും എപ്പോള്‍ വേണമെങ്കിലും വ്യതിചലിക്കാവുന്ന മോഹക്കുത്തൊഴുക്കുകള്‍. അവളുടെ കൈകള്‍ എന്നെ മുറുക്കുന്നുണ്ടായിരുന്നു.ശ്വാസം മുട്ടും പോലെ! കൈനഖങ്ങള്‍ എന്റെ വയറ്റില്‍ മുറിവുകളുണ്ടാക്കുമെന്നു ഞാന്‍ ഭയന്നു. അവള്‍ മരണത്തിലേക്കുള്ള മറുവരമ്പുകളിലേക്ക് തുഴഞ്ഞുകൊണ്ട് മന്ത്രിച്ചു ," എനിക്ക് നഷ്ടപ്പെട്ടതിവിടെ നിന്നാണ്, നഖമമരുന്ന നനുപ്പുകളില്‍ നിന്ന്.. അയാള്‍ എനിക്ക് സമ്മാനിച്ചത് പറിച്ചു മാറ്റിയിട്ടാണിപ്പോള്‍ ഞാന്‍ നിനക്കരികില്‍! തുടിപ്പുകളെ കത്തി കൊണ്ട് ചുരണ്ടിമാറ്റു മ്പോള്‍ വേദനയറിയണമെന്നു ഞാന്‍ ശഠിച്ചു .ആ അറിവില്‍ എനിക്കയാളെ വെറുക്കണമായിരുന്നു. ഇഷ്ടത്തിന്റെ ഒടുവിലെ കയ്പ്പുനീര്‍ ." അവളുടെ ഉദരത്തില്‍ നിന്നും പറിച്ചെറിയപ്പെട്ട പ്രണയഭാരം എന്നിലേക്ക് പടര്‍ന്നിറങ്ങി.അടിവയറ്റില്‍ ഉറയുന്നതെന്താണെന്നറിയാതെ ഞാന്‍, എന്നിലേക്കലിഞ്ഞാനന്ദിയും!
പിറ്റേന്നു യാത്രയാവുമ്പോള്‍ നഷ്ടപ്പെടുമെന്നുറപ്പുണ്ടായിട്ടും ചെന്നെത്തിയ കുരുക്കുകളുടെ മുറുക്കത്തിന്‍റെ സുഖത്തെ പറ്റിയാണ് അവള്‍ പറഞ്ഞത്.
" എനിക്കെപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോരാവുന്ന ഒരു കുരുക്ക്, അതല്ലേ നല്ലത്. ഇനി മുറുക്കണമെങ്കില്‍ അതുമാവാം." വാക്കുകള്‍ എന്റെ തൊണ്ടയില്‍ കുരുങ്ങി, ശ്വാസം മുട്ടി. അതറിഞ്ഞിട്ടാവും അവള്‍ കണ്ണുനീരിലും ചിരിച്ചു പറഞ്ഞു "അത് വിട്ടുകളയൂ , ഞാന്‍ ഇനിയും തുടര്‍ന്നാല്‍ അയാളുടെ ഭാര്യക്കിഷ്ടാവില്ല. ഒരു പ്രേമത്തിലും സ്വന്തമാക്കലുകളില്ലെടോ. നോക്കൂ ഞാന്‍ ഹാപ്പി !" കണ്ണിറുക്കിയടച്ചു നീര്‍ത്തുള്ളികളെ തെറിപ്പിച്ചു അവള്‍ വീണ്ടും മുറുകെ പുണരുമ്പോള്‍ എനിക്ക് വല്ലാത്തൊരു സുരക്ഷിതത്വം അനുഭവപ്പെട്ടു. ആനന്ദിക്കുമാത്രം തരാനാവുന്ന ഒരു കൂട്.
പിന്നീട് കാണുന്നത് എന്റെ വിവാഹത്തലേന്ന്. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ ചോദിച്ചു " നെനക്ക് കല്യാണം കഴിക്കാണ്ടിരുന്നൂടെ? കല്യാണം കഴിച്ചാല്‍ മാത്രേ ജീവിക്കാന്‍ പറ്റുള്ളൂ? നിന്നെ കെട്ടാന്‍ പോണയാള്‍ നാളെ വന്നില്ല്യാച്ചാല്‍ എന്താ ചെയ്യുക? " പറഞ്ഞതിലെ അര്‍ത്ഥമില്ലായ്മ അറിഞ്ഞിട്ടും ഞങ്ങള്‍ ചിരിച്ചു, കവിളുകള്‍ വേദനിക്കുവോളം. അടുത്ത മുറിയിലാരും അറിയുന്നതിനേക്കാള്‍ പതുക്കെ അടക്കിച്ചിരിക്കാന്‍ പാടാണെന്ന് മനസ്സിലാക്കി വീണ്ടും ചിരിച്ചു ചിരിച്ചുറങ്ങി.
നാടുവാഴികള്‍ മാത്രമല്ല നാടുനീങ്ങുക, വിവാഹം കഴിക്കപ്പെടുന്ന ( അതല്ലേ ശരി) ഓരോ പെണ്ണും നാട് നീങ്ങലിന്‍റെ എല്ലാ അര്‍ത്ഥത്തിലും അതിനു വിധേയയാകുന്നു. നാടും അന്യമാവുന്നു, ഇടയില്‍ ഒരു പാവം മനസ്സും കൈമോശം വന്നു മരണപ്പെടുന്നു. ഭ്രാന്തന്‍ സ്വപ്നങ്ങള്‍ക്കും ഉന്മാദങ്ങള്‍ക്കും വിട, നേരെ കൂപ്പുകുത്തുക യാഥാര്‍ത്ഥ്യത്തിലേക്ക്. അടുക്കളയുടെ പാത്രക്കലമ്പലുകളും, കുട്ടിക്കുസൃതികളും, പുറംജോലികളും, അതിലറുതി വരുമ്പോള്‍ ആര്‍ത്തലച്ചോടുന്ന വണ്ടികളുടെ ഇടയില്‍ ഒരു ധൂളിയായി അലിയുകയും ചെയ്യുമ്പോള്‍ സ്വപ്നങ്ങള്‍ക്കെവിടെ ഇടം. ആ മടുപ്പില്‍ ആനന്ദി ശബ്ദമായി മാത്രം എന്നെ തേടിയെത്തി. ശബ്ദത്തിനുമപ്പുറം നീയവളെ കൊതിക്കുന്നുവെന്നു അയാള്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു. അയാളുമുണ്ടായിരുന്നു ഞങ്ങളുടെ വലയത്തില്‍, നിശബ്ദനായി. മറ്റെന്തിനെക്കാളും മോഹിക്കുന്നതെന്താണെന്നു ഇടയ്ക്കു തുറന്നു കാട്ടാന്‍. ഞങ്ങള്‍ മാത്രമറിയുന്ന വീര്‍പ്പുമുട്ടലുകള്‍ പകുത്തു കാട്ടാന്‍.
ജീവിതത്തിലെ മടുപ്പുകള്‍ക്കൊരിടവേളയ്ക്കു സമയം അതിക്രമിച്ചിരുന്നു. ഇന്നിന്റെ തിരക്കുകളില്‍ പണ്ടത്തെപ്പോലെ ഒരു രാത്രി വേണ്ടിയിരിക്കുന്നു എന്നെ ഒന്നുയിര്‍പ്പിക്കാന്‍, നിന്റെ ശ്വാസനിശ്വാസങ്ങള്‍ എന്റെ വരണ്ട ശ്വാസകോശങ്ങളെ നിറക്കട്ടെ. ചലനശേഷി നശിക്കാറായി ആസന്നമരണത്തിലെത്താറായ എന്റെ ഹൃദയ ഭിത്തികളെ ജീവിപ്പിക്കട്ടെ. ബോധത്തിന്റെയും അബോധത്തിന്റെയും അറകള്‍ക്കിടയിലുള്ള ഒരു സ്വപ്നദൂരം ആനന്ദിയോടൊപ്പം താണ്ടാം. ശ്വാസം പിടിച്ചു പടിക്കെട്ടുകളേറാം, കിതപ്പാറ്റാന്‍ സുരക്ഷിതത്വത്തിന്റെ ഒരു വലിയ മാളം, അത്രയെ വേണ്ടൂ.