ഒരു തിരുകൊച്ചി യാത്ര..
അതിരാവിലെയുള്ള ബസ് യാത്രകൾ എപ്പോഴോ അന്യമായവയാണ്, മറന്നു തുടങ്ങിയ യാത്രയെ ഒന്ന് പൊടി തട്ടിയെടുക്കാനായാണ് കൂട്ടികൊണ്ടു പോകാൻ ആരും വരേണ്ടതില്ലെന്ന് തീരുമാനിച്ചത്. മഴയുടെ എല്ലാ രൂപങ്ങളേയും മറന്നു തുടങ്ങിയിരിക്കുന്നുവെന്നു മഴയിലേക്കിറങ്ങിയപ്പോഴാണോർത്തത്. ചന്നം പിന്നം പെയ്യുന്ന മഴയും തണുത്ത കാറ്റും വകവയ്ക്കാതെ ബസ് കാത്തു നിന്നു. മഴത്തുള്ളികൾ വീണ കണ്ണാടിയിലൂടെ ബസിന്റെ ബോർഡ് അവ്യക്തം. ചോദിച്ച ഉടനെ സഹായം കിട്ടി, കൂടെയുണ്ടായിരുന്ന കൊച്ചു കുട്ടിയും കൈയിലിരുന്ന അത്ര വലുതല്ലാത്ത ബാഗും ബസ്സിനുള്ളിൽ, ഒരു നന്ദി പറയാനുള്ള സമയക്കുറവു പുഞ്ചിരിയിൽ ഒതുക്കി സീറ്റിലേക്ക്.ആദ്യമായാണ് തിരു കൊച്ചി ബസ്സിലെ യാത്ര.
അത്ര തിരക്കൊന്നുമുണ്ടായിരുന്നില്ല, അവിടവിടെ ചിലർ . അതിരാവിലെയുള്ള യാത്ര അതും മഴയത്ത് , പലരുടെയും മുഖത്ത് അലോസരം..തൊട്ടടുത്തുള്ള സീറ്റിൽ അല്പം പ്രായമായ ഒരാൾ , കണ്ണിനു താലെയുള്ള ചുളുക്കുകൾ ശ്രദ്ധിച്ചപ്പോൾ എഴുപത്തഞ്ചിനു മുകളിൽ പ്രായമുണ്ടാവുമെന്നു തോന്നി. വെളുത്ത ഷർട്ട് , വെളുത്ത കള്ളിമുണ്ട് , ഒരു ടവൽ, ഒരു നനഞ്ഞ നീളൻ കുട. കുടയിലെ ഇറ്റിറ്റുവീഴുന്ന വെള്ളത്തുള്ളികൾ ബസ്സിനുള്ളിൽ വീഴുന്നതിന്റെ ഈർഷ്യ മുഖത്തുണ്ടായിരുന്നു. നെറ്റിയിൽ നിന്നും മുടി കുറെയേറെ പുറകോട്ടു പോയിരുന്നു, വെട്ടിയൊതുക്കാത്ത നര വീണ താടി..വളരെ അടുത്ത് അയാളെ ഞാൻ നോക്കുന്നുവെന്ന തോന്നൽ അയാൾക്കുണ്ടായതേയില്ല. അതോ അതെന്റെ വെറും തോന്നൽ മാത്രമായിരുന്നോ? ആരെയും ശ്രദ്ധിക്കാതെ കണ്ണുകളിൽ കൂടുതൽ നരച്ച ഒരു നിസ്സംഗ ഭാവത്തോടെ അയാൾ ഇരുന്നു.
കാഴ്ച മുന്നിലേക്കും വശങ്ങളിലേക്കും താനേ പറന്നപ്പോൾ വേറെയും മുഖങ്ങൾ , ചിലർ ഉറക്കത്തിലേക്ക് പോവാൻ തിടുക്കപ്പെടുന്നവർ. മറ്റു ചിലർ മഴയുടെ നനവിൽ അസഹ്യതയോടെ ഇരിപ്പുറപ്പിക്കാൻ ശ്രമിക്കുന്നവർ. കുഞ്ഞ് തണുപ്പിൽ എന്നോടൊട്ടി , ഷട്ടർ അടയ്ക്കാൻ അവനനുവദിക്കാത്തതിനാൽ വേറെയും മിന്നിമറയുന്ന പുറത്തെ മഴക്കാഴ്ച്ചകൾ. മഴത്തുള്ളികൾ ഉള്ളിലേക്ക് വന്നപ്പോൾ കുഞ്ഞിന്റെ സമ്മതമില്ലാതെ ഷട്ടർ താഴ്ത്തി. പുറത്തെ കാഴ്ച്ചകൾക്ക് മറയായപ്പോൾ യാത്രക്കാരിലേക്ക് ഞാനും. സാധാരണ ട്രാൻസ്പോർട്ടു ബസ്സുകളെ പ്പോലെ ഇഴഞ്ഞും വലിഞ്ഞുമാവും യാത്രയെന്നാണ് കയറുമ്പോഴോർത്തത്. പക്ഷെ നല്ല വേഗത്തിലായിരുന്നു പോക്ക്. ,
മഴക്കോളും നേരം വെളുത്തുവരുന്നതിന്റെ വെളിച്ചവും കൂടിച്ചേർന്ന അരണ്ട നിറം. അപ്പോഴാണ് മുൻ സീറ്റിലെ യാത്രക്കാരെ ശ്രദ്ധിച്ചത്.കാഴ്ച പുറകിൽ നിന്നായതു കൊണ്ട് മുഖം കാണാനായില്ല. പക്ഷെ ശരീര ഭാഷ കാമുകീകാമുകന്മാരുടേതു തന്നെ...പെണ്കുട്ടിയുടെ മുഖത്തേക്ക് മുഖം ചേർത്ത് സംസാരിക്കുന്ന യുവാവ്. വല്ലാത്ത കൌതുകം തോന്നി, അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്തായാലും അവർ അറിയാൻ പോകുന്നില്ല തീർച്ച . അതിനേക്കാൾ ഗഹനമായ മറ്റെന്തോ അവർ സംസാരിക്കുകയല്ലേ? പഴയ കോളേജുകാലം ഓർമ്മപ്പഴുതിലൂടെത്തി നോക്കുക കൂടി ചെയ്തപ്പോൾ കണ്ണുകളെ അരുതെന്ന് വിലക്കാനുമായില്ല. അവളുടെ നെറ്റിയിൽ കാറ്റിൽ പറക്കുന്ന മുടിയിഴകളെ എത്ര കൃത്യതയോടെയാണയാൾ മാടിയൊതുക്കുന്നത്. നല്ല നിറമുള്ള നെറ്റി , വശത്തേക്ക് വകഞ്ഞിരിക്കുന്ന മുടി, നീളം കുറഞ്ഞ ചുരുണ്ട മുടിയിഴകൾ , അത്രയേ കാണാമായിരുന്നുള്ളൂ , അതും അയാൾ അരികിൽ നിന്നും അല്പമൊന്നു മാറുമ്പോൾ മാത്രം. അവൾ ഒരു വട്ടം പോലും പുറകോട്ടു തിരിഞ്ഞു നോക്കിയതുമില്ല. ചില യാത്രകൾ അങ്ങിനെയാണ്. പുറകോട്ടു തിരിഞ്ഞു നോക്കിയാൽ നടന്നില്ലെന്ന് വരും. അയാളുടെ കൈയിൽ ഒരു ബാഗ്, ഇടയ്ക്കു ആരുടെയോ ഫോൺ , ശബ്ദം താഴ്ത്തിയ സംസാരം ..അവരുടെ മനസ്സിലെക്കൊന്നു കടന്നു ചെല്ലാൻ സാധിച്ചിരുന്നെങ്കിൽ! എന്റെ ആകാംക്ഷ പിടിച്ചുനിർത്തലിന്റെ അതിര് വിടാൻ തുടങ്ങിയിരുന്നു.
ഇടയ്ക്കു ആരൊക്കെയോ ഇറങ്ങുകയും കയറുകയും ചെയ്തു, അതിലൊന്നും അല്പ്പം പോലും താത്പര്യം തോന്നിയതേയില്ല . കാഴ്ചക്ക് ഭംഗം വരുത്തുവാനെന്നോണം കണ്ടക്ടർ മുന്നിലേക്കിടക്കിടക്ക് വന്നും പോയുമിരുന്നു. കണ്ണൊന്നു പാളിയപ്പോൾ അയാളുടെ മുഖത്തു മോണാലിസയുടേതു പോലെ നിർവചിക്കാനാവാത്ത ഒരു ചിരി..എന്റെ മുഖത്തെ ഭാവം കണ്ടിട്ടാവും..ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി, ആരും ആ യുവാവിനെയോ യുവതിയെയോ ശ്രദ്ധിക്കുന്നതേയില്ല. മനുഷ്യര് ഇത്ര നിർവികാരർ ആവുന്നതെങ്ങിനെയെന്ന് ഞാൻ അത്ഭുതപ്പെട്ടു. ഓരോരുത്തരും അവവരവരുടെ ലോകത്ത് തിരക്കിൽ ! അതെന്തു തന്നെയായാലും എനിക്കു അവരെ വിട്ടു കളയാൻ തോന്നിയില്ല. ഒരു പക്ഷേ ഇത്ര രാവിലെ വീട് വിട്ടു പോവുകയാവാം, അവരുടെ യാത്ര മഴയിൽ കുതിർന്ന ഒരു വിവാഹ ദിനത്തിലവസാനിച്ചേക്കാം . ഇണങ്ങിയും പിണങ്ങിയും ഒരുപാട് കാലം അവർ ജീവിക്കട്ടെ. അവരെ കാത്തിരിക്കുന്നവർ എനിക്കന്യരാണ് . അത് കൊണ്ടു തന്നെ എനിക്കവരുടെ ന്യായങ്ങൾ മനസ്സിലാവുകയുമില്ല. വഴിതെറ്റുന്ന ഒരു യാത്രയെക്കുറിച്ചുള്ള ഭീതി ഞാൻ മനസ്സിൽ താഴിട്ടു പൂട്ടട്ടെ ..എനിക്ക് മുന്നില് നിറഞ്ഞ സ്നേഹമുള്ള രണ്ടു പേർ മാത്രം, ശരി തെറ്റുകളുടെ തുലാസ്സു വശത്തേക്ക് മാറ്റി വച്ചു ഞാനൊരുങ്ങി, അടുത്ത സ്റ്റോപ്പിൽ എനിക്കിറങ്ങാറായിരുന്നു..