പവിഴമല്ലിക്കോലങ്ങൾ ..
കണ്ണുകളാണ്, എന്റേതാണ് .. ചിലപ്പോൾ ഒറ്റക്കണ്ണുകൊണ്ടുമാത്രം നോക്കാവുന്ന സൂക്ഷ്മദർശിനിയാവും മറ്റുചിലപ്പോൾ ഇരട്ടക്കുഴലുകളുള്ള, രണ്ടു നേത്രങ്ങളിലൂടെയും നോക്കാവുന്ന ദൂരദർശിനികളായ ബൈനോക്കുലറുകളുമാവും. കണ്ണ് തുറക്കുകയും അടക്കുകയും എന്റെ നിയന്ത്രണത്തിലല്ലാത്തതിനാൽ , ബുദ്ധി കാഴ്ചകളെ ചിന്തകളുമായി മിന്നൽ വേഗത്താൽ ബന്ധിപ്പിക്കുന്നു. വേണ്ടതും വേണ്ടാത്തതും കാണാനും അതിനെപ്പറ്റി ചിന്തിക്കാനും ഞാൻ വിധിക്കപ്പെട്ടിരിക്കുകയാണ്. ഇതൊന്നുമായിരുന്നില്ലെങ്കിൽ അയാളെ എനിക്ക് കാണേണ്ടി വരില്ലായിരുന്നു. അയാളുടെ ജീവിതത്തെക്കുറിച്ചുള്ള ചില ചിന്തകൾ ഒരു വൃത്തികെട്ട രോഗമായി എന്നിലേക്ക് പകരുകയും ചെയ്യുമായിരുന്നില്ല.
അയാളെ എനിക്ക് കണ്ടു പരിചയമേയുള്ളൂ, രാവിലത്തെ മനോരാജ്യങ്ങളിലൂടെയുള്ള നടത്തങ്ങൾക്കിടയിൽ പവിഴമല്ലിപ്പൂക്കൾ നിറഞ്ഞ ചെടി ഉലയ്ക്കുന്നതു കണ്ടപ്പോഴാണ് ആദ്യമായി അയാളെ ശ്രദ്ധിച്ചത്. പൂക്കൾ നിറക്കുന്ന ചെറിയ കൂടയിൽ അതീവ ശ്രദ്ധയോടെ അയാൾ നല്ലതു മാത്രം തിരഞ്ഞെടുത്തു നിറക്കുകയായിരുന്നു. പവിഴമല്ലിപ്പൂക്കൾ ഇറുത്തെടുക്കാൻ ബുദ്ധിമുട്ടാണ്, ചെടിയിൽ ഒന്ന് തൊടുമ്പോഴേക്കുമുതിർന്നു വീഴാൻ തുടങ്ങും. കഴുകിവെടിപ്പാക്കിയ സിമന്റ് തറയിലേക്ക് വീണ പൂവുകൾ അയാൾ പെറുക്കുമ്പോഴേക്കും ഗേറ്റിനു മുന്നിൽ ഒരു സ്ത്രീ കോലമിട്ടു തുടങ്ങിയിട്ടുണ്ടാവും. കുനിഞ്ഞു നിന്ന് കൊണ്ട് അതിവേഗത്തിൽ അവരുടെ വിരലുകൾ ചലിപ്പിക്കുമ്പോൾ എണ്ണിത്തിട്ടപ്പെടുത്തിയ പുള്ളികൾക്കിടയിലൂടെ നേർത്ത രേഖ പോലെ മാവ് വീഴും. ആ കാഴ്ചയാവട്ടെ ചിലപ്പോഴൊക്കെ ഒരു സർജന്റെ കരവിരുതിനെ ഓർമ്മിപ്പിക്കും. വെളുപ്പാൻ കാലത്തെ ഭ്രാന്തൻ ചിന്തകൾ! ഇത്രയേറെ വർഷങ്ങൾ കോലമിടുന്ന പതിവുള്ള നാട്ടിൽ ജീവിച്ചിട്ടും നേരെചൊവ്വേ കോല മിടാൻ പഠിച്ചിട്ടില്ലെന്നോർത്തു. വിശേഷങ്ങൾക്ക് വരയ്ക്കുന്ന ഒരു മാക്കോലവും ഒരു അഞ്ചു പുള്ളി കോലവും കഴിഞ്ഞാൽ ഈ വിഷയത്തിലെ എന്റെ പരിജ്ഞാനം തീർന്നു. അതും മാവ് കൊണ്ടല്ലാതെ ചോക്ക് കൊണ്ടായാൽ സന്തോഷം..
എത്ര പെട്ടന്നാണ് പുള്ളികൾ യോജിപ്പിച്ചു നൂല് കെട്ടുപിണഞ്ഞു കിടക്കും പോലുള്ള കോലമിട്ടു തീരുന്നത് . അവരുടെ ലക്ഷണങ്ങളിൽ നിന്ന് ജോലിക്കാരിയായിരിക്കാനാണ് സാധ്യത. രാവിലെ വീട് വിട്ടിറങ്ങുമ്പോഴുള്ള വലിച്ചു മുറുക്കിയ മുടി കെട്ടും നെറ്റിയിലെ ഭസ്മക്കുറിയും വീട്ടമ്മമാരിൽ കാണാൻ വിഷമമാണ്. നൈറ്റിയെന്ന നീളൻ കുപ്പായം കൊണ്ട് ഉടൽമറച്ച് , തലേന്നത്തെ വാടിയ പൂവോടെ, മാടിക്കെട്ടാത്ത മുടിയോടെ , പാല് വാങ്ങാനോ മറ്റോ വെളിയിലേക്കു വരുന്നത് കണ്ടാലുറപ്പിക്കൂ അതാണ് ആ വീട്ടിലെ അന്നപൂർണ എന്ന്. ഈ വർഗത്തിന് പൊതുവെ കാലത്തുണർന്നാൽ കണ്ണാടിയെന്ന വിശിഷ്ട വസ്തുവിൽ നോക്കാൻ സമയം കിട്ടാറില്ല.
അടുക്കളപ്പുറത്തു പാത്രങ്ങൾ നിറച്ച സ്റ്റീലു കൊണ്ടോ ഇരുമ്പു കൊണ്ടോ ഉള്ള ബാസ്കറ്റ് കിലുങ്ങുന്ന ശബ്ദത്തോടെ വയ്ക്കുന്ന സ്വരം എന്റെ ചിന്തയുടെ എട്ടുകാലിവലപ്പാലം പൊട്ടിച്ചു കളയുമ്പോഴേക്കും കേൾവിയുടെ അതിരിനപ്പുറത്തേക്ക് എന്റെ കാലുകൾ നീണ്ടു കഴിഞ്ഞിരിക്കും. . കൃത്യമായി അടുക്കളപ്പുറത്തെ ശബ്ദങ്ങൾ തിരിച്ചറിയാൻ കഴിയുക പെൺവർഗ്ഗത്തിനു മാത്രമായെന്നോർത്തു ഞാനവിടം കടക്കും.
കടും നീലയും ഇളംനീലയും വരകളുള്ള തീവണ്ടി ഓടുന്ന പാളത്തിനതിരിൽ ഞാൻ നടക്കുന്ന വഴി അവസാനിക്കും. അടുത്തെവിടെയോ ലെവൽ ക്രോസ്സ് ഉണ്ടായിരിക്കണം .വളരെ പതുക്കെ തീവണ്ടി കടന്നുപോകുമ്പോൾ വഴിയറ്റത്ത് രണ്ടു നിമിഷം നിന്ന് , തീവണ്ടിജനാലയിലൂടെ കാണുന്നവരെ ഒന്ന് നോക്കിയിട്ടു തിരിഞ്ഞു നടക്കും. ഏറ്റവും കൗതുകമുള്ള കാഴ്ചയാണത്. എവിടെ നിന്നൊക്കെയോ വന്ന് , എങ്ങോട്ടോ പോകും വഴിയിൽ ഏതൊക്കെയോ ചിന്തകളിൽ കാലത്തെ കൈവിട്ടു നീന്തുന്നവർ. അവരുടെ ചിന്തകളെ ഞാൻ ചൂണ്ടയിൽ കൊരുക്കുന്നുവെന്നവരെങ്ങനെ അറിയാൻ!
തിരികെ പവിഴമല്ലിക്കരികിൽ വീണ്ടുമെത്തുക പത്തു മിനുട്ടു കഴിഞ്ഞാണ്. കൃത്യമായി പറഞ്ഞാൽ അത്രയൊന്നും ലേറ്റ് ആകാത്ത തീവണ്ടി തൊട്ടടുത്ത റെയിൽവേ ലൈനിലൂടെ പോയതിനു ശേഷം. ഏറിയാൽ പത്തു മിനുട്ടിന്റെ വ്യത്യാസം, അത്രയും സമയവ്യത്യാസങ്ങളേ തീവണ്ടി ദർശനത്തിനുണ്ടാവാറുള്ളൂ.ഒട്ടു മിക്ക ദിവസങ്ങളിലും അത് മുടക്കാതെ നടത്തുകയാണ് പതിവ്. പവിഴമല്ലിപ്പൂക്കളുടെ വീടെത്തുമ്പോഴേ കേൾക്കാം അടുക്കളയിലെ സംസാരം. ഏകപക്ഷീയമായ വഴക്കു പറച്ചിൽ പോലെയുള്ള സ്ത്രീ ശബ്ദം . മധുരൈ തമിഴായത് കൊണ്ടാവും നീട്ടി കുറുക്കലുകളിൽ കാര്യം എളുപ്പം മനസ്സിലാവുമായിരുന്നില്ല. വീട്ടു നടക്കലെത്തുമ്പോഴേക്കും അയാൾ അകത്തേക്ക് പോയിക്കഴിഞ്ഞിരിക്കും.എന്റെ നടത്തം വട്ടമെത്താനുള്ള സമയമായതിനാൽ കൂടുതൽ ചിന്തകൾക്ക് ഇടം നൽകാതെ ഞാനും.രാവിലത്തെ ഓട്ടപ്പാച്ചിലുകളിൽ അതിലേറെ സമയം ചിന്തകൾക്ക് നൽകിയാൽ വല്ലാത്ത ആർഭാടമാവും .
ദീപാവലിയുടെ തലേന്നും ദീപാവലിക്കുമൊക്കെ ആകെ പടക്കം പൊട്ടിക്കൽ നടക്കുന്നതിനാൽ നടത്തത്തിനവധി കൊടുത്തിരിക്കുകയായിരുന്നു . ദീപാവലിയുടെ അടുത്ത നാൾ പതിവിനു വിരുദ്ധമായ കാഴ്ച. അയാൾ പവിഴമല്ലിയിറുക്കുകയായിരുന്നില്ല , ഗേറ്റിനു മുന്നിൽ കോലമിടുകയായിരുന്നു. അപ്പോഴാണ് അയാളെ ആദ്യമായി ശ്രദ്ധിച്ചത് . ഇത്തിരി മഞ്ഞൾ അവിടവിടെ പുരണ്ട ബനിയൻ, വെളുത്ത ഒറ്റ മുണ്ട് , നരകയറിത്തുടങ്ങിയ മുടി, അത്രയ്ക്കൊന്നുമില്ല മുടിയെന്നു പറയാൻ , തല സാമാന്യം നന്നായി തിളങ്ങുന്നുണ്ടായിരുന്നു. നെറ്റിയിൽ ഭസ്മക്കുറിയോടെയാണ് അയാളെ കാണാറുണ്ടായിരുന്നത് എന്നപ്പോഴോർത്തു. ഒരു താമരയുടെ ചിത്രം കോലമായിടാൻ ശ്രമിക്കുകയായിരുന്നു അയാൾ. ദീപാവലി കഴിഞ്ഞു ജോലിക്കാരി എത്തിയിട്ടുണ്ടാവില്ല. അതാവും പതിവില്ലാത്ത ജോലികൾ..കുനിഞ്ഞുള്ള നിൽപ്പിൽ ഞാൻ ദൂരെ നിന്നും വരുന്നത് കണ്ടിട്ടുണ്ടാവും. ചിലപ്പോഴെങ്കിലും നേരെ നോക്കാറുള്ളയാൾ ഇന്ന് മുഖം തരുന്നതേയില്ല. അടുത്തെത്തും മുൻപേ വീട്ടിനുള്ളിലെ സ്ത്രീ ശബ്ദം പുറത്തേക്ക് . പരാതികളാണെന്നുറപ്പ്, അന്യന്റെ സ്വകാര്യതകളിലേക്കെത്തി നോക്കാനുള്ള ത്വര ആർക്കാണടക്കാനാവുക? അവരുടെ ശബ്ദത്തിലെ വികാരങ്ങൾ ചെവിക്കുള്ളിലേക്കാഴ്ന്നിറങ്ങാൻ ധൃതി കൂട്ടി. ദീപാവലി വിരുന്നുകാരുടെ പോരായ്മകൾ, പിണക്കങ്ങൾ, അയാളുടെ ബന്ധുക്കളുടെ മുകളിലാവും കലി! എനിക്കെന്തൊക്കെയാ നിരൂപിക്കാനാവാത്തത് ? ഇത്രകാലം കഴിഞ്ഞിട്ടും അവർക്കു മുഖമില്ല, ശബ്ദം മാത്രമേയുള്ളൂ. ബാക്കി യുദ്ധം പിൻപുറത്തെ പാത്രങ്ങൾക്കൊപ്പമാക്കിയെന്നു തോന്നുന്നു. കലപിലകൂട്ടുന്ന പല പാത്രപ്പരാതികൾ, വായ്‌വട്ടത്തിലേ വ്യത്യാസങ്ങളുള്ളൂ..ചിലതു കൂടുതൽ കോളുള്ളവ , മനുഷ്യരെപ്പോലെ , ആചിന്ത കൊണ്ടുവന്നു? പടി കടന്നിട്ടും ശബ്ദം കൂടെയുണ്ട്, അത്രയെളുപ്പം വിട്ടകലുന്ന മട്ടില്ല .
വിചിത്രമാണ് മനുഷ്യരുടെ വഴികൾ , ജീവിതത്തിന്റെയും ചിന്തകളുടെയും! വിവരമില്ലായ്മ ,ഉത്തരവാദിത്തബോധക്കുറവ് , പിന്നെയുമെന്തൊക്കെ പട്ടം കിട്ടുമോ അതൊക്കെ ചാർത്തിത്തരുന്ന ദാമ്പത്യരഹസ്യങ്ങളെ ഗതികേടുകളിൽ പങ്കുവയ്ക്കുമ്പോൾ ചിലപ്പോൾ കേൾക്കാറുണ്ട് "അടക്കിനിർത്തുക" എന്ന ഒരുപാടർത്ഥങ്ങളുള്ള വാക്കിനെ. കുനിഞ്ഞിരുന്നു കോലമിടുന്ന അയാളുടെ മുഖത്തെ ഭാവം കണ്ടില്ലെങ്കിലും എനിക്ക് വായിക്കാം..നിസ്സഹായതയിൽ പൊതിഞ്ഞ നിസ്സംഗത. നാക്കിൽ രസമുതിർത്ത മധുര മിഠായി പെട്ടന്ന് ചവർന്നതു പോലെ .നിസ്സഹായതയ്ക്കും നിസ്സംഗതയ്ക്കും സ്ത്രീ പുരുഷഭേദമില്ല . പലവട്ടം പലയിടത്തും കയ്പുനീരുപോലെ അനുഭവിച്ചറിഞ്ഞവയാണത്.
തിരിച്ചെത്തുമ്പോൾ അയാൾ പവിഴമല്ലിയുതിർത്ത പൂക്കൾ പെറുക്കുകയായിരുന്നു. കാറ്റ് കോലത്തിനു മുകളിലൂടെയും പൂക്കൾ ഉതിർത്തിരുന്നു.. നേരിട്ടൊരു നോട്ടത്തിലൂടെ കണ്ണുകളുടക്കാൻ തോന്നിയില്ല. മറ്റാരും കാണാതെ ഞാനും അത്തരം നോട്ടങ്ങളെ ഒളിപ്പിച്ചിട്ടുണ്ടു് , എത്രയോ വട്ടം. എന്തു കാണരുതെന്നാഗ്രഹിക്കുന്നുവോ അത് കാണേണ്ടി വരും, പോകേണ്ട എന്നുറപ്പിച്ച വഴികളിലൂടെ പോവുകയും ചെയ്യും. ഇതും അത് പോലൊന്നാണ്. നൊടിയിടയിൽ അയാളുടെ നോട്ടം ഒരപ്പൂപ്പൻതാടി പോലെ പാറിപറന്ന് എന്നിലുടക്കി. ഒരേ വഴിയിൽ സഞ്ചരിച്ചവരുടെ വ്യഥകളായതുകൊണ്ടാവും ആ നോട്ടം എന്നെ പൊള്ളിച്ചതേയില്ല. ഒന്നുറപ്പിച്ചു, ഇനിയില്ല ഈ വഴിയിൽ , അതിജീവനത്തിന്റെ ഈ പാഠങ്ങൾ എനിക്ക് പഠിക്കേണ്ട . മുന്നോട്ടുള്ള അടുത്ത തിരിവിൽ ഞാൻ അയാളുടെ കഥയിൽ നിന്നും ഇറങ്ങിപ്പോകുകയാണ്. ചിലയിടത്തു വഴികൾ പിരിയുന്നതാവും നല്ലത്, മുഖങ്ങളെ പടിയിറക്കുന്നതും .