Thursday, 5 January 2017




സ്ഥിരം ബോളിവുഡ് നായകന്മാരിൽ നിന്ന് വേറിട്ട് നിൽക്കുന്ന ആമിർ ഖാന്റെ ഒരോ ചിത്രത്തിനും അതേ വ്യത്യസ്തത അവകാശപ്പെടാനുണ്ട്.സമകാലീനരായ മറ്റു നായകന്മാരെപ്പോലെ തങ്ങളുടെ പ്രായത്തെ മറയ്ക്കാനുള്ള സിക്‌സ്പാക്ക് മസിൽ  തത്രപ്പാടുകളിൽ പെടാതെ കുടവയറുള്ള അൻപത്തഞ്ചുകാരനെ അവതരിപ്പിക്കുകയാണ് ആമിർ "ദങ്കൽ" എന്ന പുതിയ ചിത്രത്തിൽ.  തന്റെ സൃഷ്ടികളിൽ തികവ് വേണമെന്നാഗ്രഹിക്കുകയും അതിനു വേണ്ടി എത്ര ബുദ്ധിമുട്ടാനും  മടിക്കാത്ത ഒരു കലാകാരനാണ് ആമിർ.  തികഞ്ഞ കലാകാരനാവുന്നതിനൊപ്പം കുശാഗ്രബുദ്ധിയായ ഒരു കച്ചവടക്കാരൻ കൂടിയാണ് അദ്ദേഹം എന്നതിലാണ്  ഇത്തരം പരീക്ഷണങ്ങളുടെ സാംഗത്യം. റിലീസ് ചെയ്തു മൂന്നാം നാൾ തന്നെ നൂറു കോടി ക്ളബിൽ ചേർന്ന ചിത്രത്തിൻറെ അണിയറവിശേഷങ്ങൾ വളരെ മുൻപേ വാർത്തയായിരുന്നു.

ഹരിയാന സ്വദേശികളായ മഹാവീർ ഭോഗട്ടിന്റെയും അദ്ദേഹത്തിന്റെ മക്കളായ ഗീതാ–ബബിത ഭോഗട്ട് എന്നിവരുടെയും ജീവിതകഥയാണ് ദങ്കൽ എന്ന സിനിമ. 2010ല്‍ കോമണ്‍വെൽത്ത്  ഗെയിംസിൽ  ആദ്യമായി സ്വർണം നേടുന്ന ഇന്ത്യൻ വനിതാ ഗുസ്തി താരമായിരുന്നു അദ്ദേഹത്തിന്റെ മകളായ ഗീത ഭോഗട്ട്.  ഈ വിഭാഗത്തിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ താരവും ഗീത  തന്നെ..

പെൺ  ഭ്രൂണഹത്യയ്ക്ക് കുപ്രസിദ്ധിയാർജ്ജിച്ച  ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നും തന്റെ പെണ്മക്കളെ  പരിചിതമല്ലാത്ത സ്ത്രീകളുടെ ഗുസ്തിയിനത്തിലേക്കു കൊണ്ടുവന്ന മഹാവീർ ഭോഗട്ട്  തന്നെ കേന്ദ്ര കഥാപാത്രം. അഭിനയത്തിൽ മാത്രമല്ല ആകാരത്തിലും പൂർണ്ണത വേണമെന്നു ശഠിക്കുന്ന ആമിറിന്റെ മഹാവീർ പ്രേക്ഷകരെ അതിശയിപ്പിക്കുക തന്നെ ചെയ്യും. നാഷണൽ ചാമ്പ്യൻ ആയ യുവാവായ ആമിറിന്റെ രൂപം  ഇപ്പോഴത്തെ അൻപതുകാരെ ശരീരസംരക്ഷണത്തിന്റെ വഴിയിലേക്ക് ആകർഷിച്ചാൽ ഒട്ടും അത്‍ഭുതപ്പെടാനില്ല. പ്രായമേറിയാലും തനിക്കിപ്പോഴും പഴയ ആകർഷണീയത നഷ്ടപ്പെട്ടിട്ടില്ലെന്ന് ആമിറിന്റെ കഥാപാത്രം ഓർമ്മപ്പെടുത്തുന്നു.

വ്യവസ്ഥാപിത ജീവിതത്തെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു തന്റെ പെണ്മക്കളോടൊപ്പമുള്ള മഹാവീർ ഭോഗട്ടിന്റെ സ്വർണ്ണത്തിളക്കത്തിലേക്കുള്ള യാത്ര.  എതിർപ്പുകൾ  തുടങ്ങിയത് ഭാര്യയിൽ നിന്നും, മക്കളിൽ നിന്നും തന്നെ. മറ്റാരും ചെയ്യാത്ത ഒന്ന് ഞങ്ങൾ എന്തിനു ചെയ്യണമെന്ന ചോദ്യം അവരിൽ നിന്നുയരുന്നു . കരിപിടിച്ച പാത്രങ്ങൾക്കും പുകയുയരുന്ന അടുപ്പിനുമപ്പുറം ഒരു വിശാലമായ ലോകവും അനുഭവങ്ങളും അവരെ കാത്തിരിക്കുന്നുവെന്നു മനസ്സിലാക്കുന്നതോടെ കഥാഗതി ഗൗരവമുള്ളതാകുന്നു. ആൺകുട്ടികൾക്കൊപ്പം പരിശീലനവും മത്സരങ്ങളും ! സ്കൂൾ തലത്തിൽ നിന്നും സബ്‌ജൂനിയർ തലത്തിൽ നിന്നും നാഷണൽ തലത്തിലേക്ക് തന്റെ മക്കൾ എത്തുമ്പോൾ സന്തോഷിക്കുന്നുണ്ടെങ്കിലും അതിലും വളരെ ഉയരത്തിലവരെ എത്തിക്കുകയാണ് തന്റെ സ്വപ്നം എന്നുറപ്പിക്കുകയാണ് മഹാവീർ. സാമ്പത്തിക പരിമിതികൾ കൊണ്ടുമാത്രം  സ്വന്തം രാജ്യത്തിനു വേണ്ടി നേടേണ്ടിയിരുന്ന സ്വർണ്ണത്തിളക്കം  കാലങ്ങൾക്കു ശേഷം മക്കളിലൂടെ സാക്ഷാത്കരിക്കാൻ കാത്തിരിക്കുന്ന പിതാവാണയാൾ . 

 സാമ്പത്തിക പ്രയാസങ്ങളാൽ ഗുസ്തി ഉപേക്ഷിച്ചു ഗുമസ്തപ്പണി സ്വീകരിക്കേണ്ടി വന്ന മഹാവീർ തനിക്കുണ്ടാവുന്ന ആണ്മക്കളിലൂടെ തനിക്കു നഷ്ടപ്പെട്ട സ്വപനങ്ങൾ സഫലീകരിക്കാമെന്നു കരുതുന്നതാണ് ചിത്രത്തിൻറെ ആദ്യപകുതിയിൽ. എന്നാൽ നാല് പെൺകുട്ടികൾ ജനിക്കുന്നതോടെ തന്റെ ആഗ്രഹങ്ങളെയും ചുവരിൽ തൂക്കിയ സമ്മാനങ്ങളെയും തകരപ്പെട്ടിയിലടച്ചുവയ്ക്കാൻ അയാൾ നിർബന്ധിതനാവുന്നു. എന്നാൽ പിന്നീട് സ്വർണ്ണ മെഡൽ പെൺകുട്ടി വാങ്ങിയാലും ആൺകുട്ടീ വാങ്ങിയാലും ഒന്ന് തന്നെയാണ് എന്ന തിരിച്ചറിവിലൂടെ അയാൾ വീണ്ടും ജീവിതത്തിലേക്കും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗുസ്തിയിലേക്കും തിരിച്ചു വരികയാണ്.

സംവിധായകൻ നിതീഷ് തിവാരി വളരെ കൃത്യതയോടെ കണിശക്കാരനെ ങ്കിലും സ്‌നേഹനിധിയായ പിതാവിന്റെയും മക്കളുടെയും രംഗങ്ങൾ കോർത്തിണക്കിയിരിക്കുന്നു. അവർക്കിടയിലെ വൈകാരിക പ്രശ്നങ്ങളും, ഫെഡറേഷനുകളുടെ ഇടപെടലുകളും, അല്പം ദേശീയതയുമൊക്കെ ഇതുവരെ കണ്ട കായികാപ്രാധാന്യമുള്ള സിനിമകളിൽ നിന്ന് വ്യത്യസ്തമായി പുതുമയോടും പ്രാഗൽഭ്യത്തോടും കൂടി  അവതരിപ്പിക്കുവാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.  സ്ത്രീ സ്വാതന്ത്ര്യ വാദത്തിന്റെയും ദേശീയതയുടെയും പാഠങ്ങളിലൂടെ പ്രേക്ഷകന്റെ ശ്രദ്ധയെ സമൂഹത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്കു തിരിച്ചു വിടാൻ സാധിക്കുമ്പോഴാണ് ഒരുത്തമ കലാസൃഷ്ടി ഉണ്ടാവുന്നത്.

തുടക്കക്കാരുടെ യാതൊരു പിഴവുകളുമില്ലാത്ത പ്രകടനമാണ് ഗീതയുടെയും ബബിതയുടെയും  കുട്ടിക്കാലം ചെയ്ത  സൈറ വസീമും സുഹാനി ഭട്നഗറും കാഴ്ചവച്ചത്. ആറേഴുമാസത്തെ തീവ്രപരിശീലനവും സഹനവും ഫലം കാണുകതന്നെ ചെയ്തു.  ചിത്രത്തെ നയിക്കുന്നത് ആമിർ എന്ന കർക്കശക്കാരനായ പരിശീലകനായ പിതാവാണെങ്കിലും ഫാത്തിമ അവതരിപ്പിക്കുന്ന ഗീത തന്റെ ചടുല ചലനങ്ങളിലൂടെ അസ്വാദകരുടെ മനം കവരുന്നു. മാസങ്ങളുടെ പരിശീലനത്തികവ് മത്സരങ്ങളിൽ വ്യക്തമാണ്. അഭിനയമെന്നാൽ കഥാപാത്രമാവുക എന്നാണെന്ന് പിഴവില്ലാത്ത ഗുസ്തിരംഗങ്ങളുടെ സംവിധാനം കാണിച്ചു തരുന്നു. ദങ്കൽ സാധാരണക്കാരനെ പിടിച്ചിരുത്താനുള്ള പടം തന്നെയാണ്, കാഴ്ചക്കാരന്റെ മനസ്സിനെ തൊട്ടുണർത്താൻ കഴിവുള്ള ശ്രേണിയിലുള്ളത്. തിരക്കഥയിലായാലും ഗാനരംഗങ്ങളിലായാലും അല്പം പോലും അലോസരം തോന്നിപ്പിക്കാത്ത ഒരു ചിത്രം. പ്രീതം സംഗീതം നൽകിയ " ഹാനികാരക്  ബാപ്പു ' എന്ന ഗാനം വളരെ മുൻപേ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. ഗാനങ്ങൾ  ചിത്രത്തിൻറെ കഥയെ മുന്നോട്ടു നയിക്കുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്.ഹരിയാൻവി ഭാഷയുടെ ഉപയോഗം ചിലർക്കെങ്കിലും മനസ്സിലാക്കാൻ വിഷമമുണ്ടാക്കിയേക്കാം എന്നുള്ളത് കൊണ്ടാവും ചിത്രം ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെയാണ് പ്രദർശിപ്പിക്കുന്നത്.ഗീതയുടെയും ബബിതയുടെയും നേട്ടങ്ങൾ കാലാതീതമാവുമ്പോൾ സമൂഹത്തിന്റെ  യാഥാർഥ്യങ്ങളിലേക്കു കലാപരമായി ശ്രദ്ധ ക്ഷണിക്കുന്ന  "ദങ്കൽ " ഒരു സിനിമയെന്ന മാധ്യമത്തിലൂടെ പൂർണ്ണത കൈവരിക്കുന്നു. 

തീർച്ചയായും കാണേണ്ട ഒരു ചിത്രമെന്ന കൂട്ടത്തിൽ പെടുത്താനാവും "ദങ്കൽ "
































No comments:

Post a Comment