തീവണ്ടിപ്പാളങ്ങള്‍...
പകലുകളില്‍ പാളങ്ങള്‍ നടുക്കിക്കൊണ്ടോടുന്ന തീവണ്ടിയൊച്ചകള്‍ കേള്‍ക്കാറേയില്ല. അത് വെളുപ്പിനുള്ള തീവണ്ടിയൊച്ചയോടെ തീരും. ദൂരെനിന്നാരംഭിച്ചു പതിയെ കനക്കുന്ന പല താളത്തിലോടുന്ന ശബ്ദങ്ങള്‍..ഏറിയും ഇറങ്ങിയും താരാട്ടു പോലെ. ഉറക്കത്തിന്റെ ഇടവേളകളില്‍ ചിലര്‍ സ്വപ്നങ്ങളായും, ഓര്‍മ്മകളായും കടന്നു വരുമ്പോഴാണ് തീവണ്ടിയൊച്ചയ്ക്കു കാതോര്‍ക്കുക. വല്ലാത്തൊരടുപ്പം തോന്നിയിട്ടുണ്ട് ആ താളത്തോട്. നിറഞ്ഞ മധുരമുള്ള ഒരുപാട് തീവണ്ടിയോര്‍മ്മകള്‍ ഉള്ളത് കൊണ്ടാവും..രാത്രിയുറക്കങ്ങള്‍ മുറിയുക രണ്ടു മണിയോടെയാണ്. വല്ലാത്ത വേഗത്തില്‍ പോകുന്ന ഒന്നിലധികം ശബ്ദങ്ങള്‍ എനിക്ക് പരിചിതം..അതിന്റെ ഊഴം കഴിയുമ്പോഴേക്ക് ഉറക്കം വീണ്ടും മുട്ടി വിളിക്കുന്നുണ്ടാവും.
അത്ര ദൂരയല്ലാത്ത സ്റ്റേഷനില്‍ നിന്നും വടക്കോട്ടുള്ള വണ്ടികളുടെ രാത്രിയൊച്ചകള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പരിചിതമായിക്കഴിഞ്ഞിരിക്കുന്നു.കുറച്ചു മാറി പുതാര്‍ എന്ന പുഴയെ കടന്നു പോവുമ്പോഴാണത്രേ തീവണ്ടിശബ്ദം കനക്കുക, നീളത്തിലുള്ള
ചൂളം വിളി കേള്‍ക്കുന്നതും അപ്പോഴാണ്.പുഴ കണ്ടിട്ടുണ്ടെങ്കിലും , അതിനു മുകളിലൂടെയുള്ള പാളം കണ്ടിട്ടില്ല. കല്ലന അണക്കെട്ട് തുറന്നു വിട്ടാല്‍ മാത്രമേ പുതാറില്‍ വെള്ളമുണ്ടാവൂ, വര്‍ഷത്തിന്റെ മുക്കാല്‍ പങ്കും പുഴ വരണ്ടു തന്നെ. തുറന്നാല്‍ റെയില്‍ പാളത്തിന്റെ പാലത്തെ തൊട്ടു തൊട്ടില്ലെന്ന മട്ടിലാവും നീരൊഴുക്ക്.ചുഴിയും മലരികളും ഏറെയുള്ള കുത്തൊഴുക്ക്. പലപ്പോഴായി കേട്ട് കേട്ട് എന്നെ വല്ലാതെ മോഹിപ്പിച്ചിരുന്നു ഇതെല്ലാം. പുഴയുടെ മുകളിലൂടെ ജലശായിയായ പാലം, ഉരുക്ക് ചക്രങ്ങളുടെ സ്പര്‍ശത്തിലൂടെ തീവണ്ടി കരയെയും ജലത്തെയും ബന്ധിപ്പിക്കുന്നുവെന്നാരറിയുന്നു...ഒന്നുമറിയിക്കാതെ തീവണ്ടികള്‍ പായുകയല്ലേ?
മനസ്സുകൊണ്ട് വളരെ അടുത്തായിരുന്നെങ്കിലും ഷണ്മുഖം പറയും വരെ ഏറെ ദൂരത്തായിരുന്നു പുഴയും പാളവും. പാളങ്ങളിലൂടെയുള്ള നടത്തം ചില സിനിമകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ.ഒരിക്കല്‍ നടക്കാനുറപ്പിച്ചിട്ടുണ്ട്. അതും രാത്രിയില്‍. രാത്രിയിലല്ലേ പുഴയ്ക്കു ഭംഗി കൂടുക?
മാരിയമ്മന്‍ കോവിലിലേക്ക് രാത്രി കാല്‍ നടയായി ഏറെപ്പേരും അങ്ങിനെ തന്നെയാണ് പോവുന്നത്..പാളത്തിലൂടെ നടന്നാല്‍ പലയിടത്തേക്കും പോകാനുള്ള ദൂരം കുറയുമെന്നും ചിലര്‍. ഷണ്മുഖത്തിന്റെ സാക്ഷ്യം വേറെ. രാത്രി പൊള്ളുന്ന ചൂടില്ല, ചുട്ടു പഴുത്ത ടാര്‍ റോഡുകളിലൂടെ ഉള്ള നടത്തത്തിന്റെ മടുപ്പ് പാളങ്ങളിലൂടെയുള്ള യാത്രക്കില്ല. തീവണ്ടി സമയങ്ങള്‍ ഏകദേശം അറിഞ്ഞാല്‍ മതി. ആവണിമാസത്തിലെ പകലും രാത്രിയും ഒരുപോലെയാണിവിടെ. എപ്പോഴും കോവിലിലേയ്ക്കുള്ള കാല്‍നടക്കാര്‍. രാത്രി രണ്ടുമണിയോടെ യാത്ര തുടങ്ങിയാല്‍ ആറു മണിയോടെ അവര്‍ക്കെത്താം.
ലെവല്‍ ക്രോസിംഗ് ഒന്നുമില്ലാത്ത പാളം സൈക്കിളുമായി കുറുകെ കടന്നാണ് ഷണ്മുഖം വരുന്നത്. പതിവിലും താമസിച്ചെത്തിയതിനു കാരണം പറയാന്‍ അയാള്‍ ഒന്നറച്ചു. പ്രാതല്‍ വേണ്ടെന്നു പറഞ്ഞപ്പോള്‍ ഞാനാണത്തിന്റെ കാരണമറിയാന്‍ നിര്‍ബന്ധം പിടിച്ചത്. കേട്ടപ്പോള്‍ വേണ്ടിയിരുന്നില്ലയെന്നു തോന്നി. വെളുപ്പിനുള്ള തീവണ്ടിയുടെ മുന്നില്‍ ഒരു അമ്മയും മകളും , പുഴയ്ക്കു കുറുകെയുള്ള പാലത്തില്‍ വച്ചു നൊടിയിടയില്‍ ചിതറിയത്രേ. പുഴയിലേക്ക് ചാടാമായിരുന്നു അവര്‍ക്ക്. അപ്പോഴും ആ കുത്തൊഴുക്കില്‍ നിന്ന് കരകയറാനാവുമോ എന്നുറപ്പില്ലല്ലോ. മരണത്തിനു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയിട്ടുണ്ടാവും. നാല് മണിയുടെ തീവണ്ടി ശബ്ദം ഞാനന്നും കേട്ടതാണ്. അതിനു മരണത്തിന്‍റെ ശബ്ദമുണ്ടായിരുന്നതേയില്ല.
"അങ്ങനെയൊന്നുമുണ്ടായിട്ടുണ്ടാവില്ല ഷണ്മുഖം , അവര്‍ രക്ഷപ്പെട്ടിട്ടുണ്ടാവും, താഴെയുള്ള കടവുകളിലെവിടെയെങ്കിലും നീന്തി കയറിയിട്ടുണ്ടാവും." സ്വയമാശ്വസിപ്പിച്ചുകൊണ്ടു ഞാന്‍ അയാളോട് പറഞ്ഞു.
"ഇല്ല പാപ്പാ അവരെ മാരിയമ്മന്‍ കൊണ്ടുപോയി, പാലത്തിന്റെ കൈവരികളില്‍ ഞാന്‍ കണ്ടു ചുവപ്പ് നിറം, മിച്ചമുള്ളത് പുതാറിലലിഞ്ഞിട്ടുമുണ്ടാവും. ആ അമ്മയും മകളും ആരാണെന്നാര്‍ക്കറിയാം. ആരെങ്കിലും അന്വേഷിച്ചു വന്നാലും കാണാനൊന്നുമില്ല ബാക്കി. കാവേരിയുടെ മാറിലല്ലേ, പുണ്യം താന്‍ " അയാള്‍ ഒന്ന് വിതുമ്പിയോ?
തീവണ്ടിയൊച്ചകള്‍ക്കിനി പഴയ മധുരമുണ്ടാവില്ല തീര്‍ച്ച. ഉറക്കത്തിനിടയില്‍ ഉണരാതിരിക്കാന്‍ ശ്രമിക്കണം. ഉണര്‍ന്നാലും ഹൃദയമില്ലാത്ത ആ ഉരുക്കു വണ്ടിയുടെ ശബ്ദങ്ങള്‍ കാതുകളിലേറ്റു വാങ്ങാതിരിക്കാനും..താരാട്ടിന്റെ താളങ്ങളില്‍ നിന്നും മരണതാളങ്ങളിലേക്കെത്തിയപ്പോള്‍ കാതടപ്പിക്കുന്ന ശബ്ദമായേ അതിനെ അറിയാനാവൂ..പാളങ്ങളിലൂടെയൊരു നടത്തം ഇനി വേണ്ട, അവിടത്തെ കാറ്റിന് ചോരയുടെ ഗന്ധം, പുതാറിലെ വെള്ളത്തിനു മണ്ണിന്‍റെ നിറം മാറി ചുവപ്പു നിറം കൂടി...

No comments:
Post a Comment