Thursday, 21 April 2016




വെയിൽക്കഥ ..

ഉച്ചയുറക്കം പതിവില്ലാത്തതാണ് . വായിക്കാനെന്തെങ്കിലും എടുത്തൊരു മനോരാജ്യം , അത്രയേ പതിവുള്ളൂ. നട്ടുച്ചയിലെ വെയിലിനെ ഭയന്നാവും ഇടനേരത്തു ശല്യപ്പെടുത്താൻ ആരും വരാറുമില്ല. ഇക്കൊല്ലം കത്തിരി വെയിൽ  തുടങ്ങും മുൻപ് തന്നെ സൂര്യനുമായി ഒന്ന് പ്രണയത്തിലായതിന്റെ ക്ഷീണം മാറി വരുന്നേയുള്ളൂ.  അപ്പോഴാണ്‌ വായനയുടെ രസച്ചരടു  മുറിച്ചുകൊണ്ടു  നിർത്താതെയുള്ള  മണിനാദം.

 പൂക്കാരിയും  പച്ചക്കറിക്കാരൻ വല്ലിവേലും  അതിരാവിലെയെത്തും. വേണമെങ്കിലും വേണ്ടെങ്കിലും ഇത്തിരി പൂവ്, പച്ചക്കറി ഒക്കെ അവരോടോരോന്നു മിണ്ടീം പറഞ്ഞും  വാങ്ങും . അതിനും ഒരു സുഖമുണ്ട്. ആഴ്ചയിലൊരിക്കൽ ,രാവിലെ തന്നെ തയ്യൽക്കാരൻ
, ചെരിപ്പുകുത്തി, പഴയ പത്രം വാങ്ങുന്നയാൾ , ഇവരൊക്കെ  വന്നുപോവും. അത് കഴിഞ്ഞാൽ പിന്നെ വരുന്നത് പഴയ വീട്ടുസാധനങ്ങൾ വാങ്ങാനെത്തുന്ന വണ്ടിയാണ്. ഉച്ചഭാഷിണിയിൽ കരകര ശബ്ദത്തിൽ പിടിച്ചുവച്ചിരിക്കുന്ന  ശബ്ദം, "പഴയ ഫ്രിഡ്ജ്‌ ,ടിവി , വാഷിംഗ് മെഷീൻ "പിന്നെയും ഒരുപാട് സാധനങ്ങളുടെ ലിസ്റ്റ് ഉറക്കെ കേൾക്കാം . . .നാല് മണിക്ക് നാഗപട്ടണത്തു നിന്ന്  വിവിധതരം  പലഹാരം കൊണ്ടുവരുന്ന ചെട്ടി..തീർന്നു  തെരുവിലെ പതിവ് ശബ്ദങ്ങൾ.

ഇതിപ്പോൾ ആരെന്നു ജനാലയിലൂടെ കാണാനുമാവുന്നില്ല. എഴുന്നേൽക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല താനും. വെയിൽ കനത്തു കഴിഞ്ഞിരുന്നു, പടിക്കെട്ടുകളിലെ സ്പര്ശം പോലും കാൽപ്പാദങ്ങളെ പൊള്ളിക്കുന്നു. ഗേറ്റിന് വെളിയിൽ പഴയസാധനങ്ങൾ വാങ്ങി നിറയ്ക്കുന്ന മിനി ലോറി .

ഉറക്കവും സ്വപ്നവും വായനയും കൂടിക്കുഴച്ച സുഖം കളഞ്ഞതിന്റെ ഈർഷ്യയിൽ പറഞ്ഞു "ഏതുമേ കിടയാത് , പഴസ്സു സേന്താൽ സൊൽറെൻ , ഇപ്പോതെയ്ക്ക് ഏതുമേ ഇല്ലൈ."  വന്നയാൾക്ക് എന്നെ വെറുതെ വിടാനുള്ള ഉദ്ദേശ്യമില്ല. കാല്പ്പാദം കുറേശ്ശെ വേദനിച്ചു തുടങ്ങിയിരുന്നു, ഏറേ  താമസിയാതെ പാദത്തിലെ ചൂട് സിരകളിലൂടെ എന്റെ ബോധത്തെ ആക്രമിക്കുമെന്നൊരു വെളിപാടുണ്ടായി..പരമാവധി സൌമ്യതയോടെ  ഒഴിവാക്കി അകത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ്  ഗേറ്റിൽ   നിന്ന പയ്യനെ ശ്രദ്ധിച്ചത്, കണ്ടു പരിചയമില്ലാത്ത മുഖം ,കഷ്ടിച്ച് പതിനഞ്ചു വയസ്സുണ്ടാവും,വെയിലേറ്റു കരുവാളിച്ചിരിക്കുന്നു ,നിറഞ്ഞ ചിരി. അവൻറെ  ചോദ്യം തുടരുകയാണ്
 "അക്കാ പഴയ മിക്സി  , ഗ്രൈൻടർ  ഏതാവത് ഇരുക്കാ? ഇല്ലെയ്ന്നാ പഴയ പട്ടു പുടവൈ , നല്ല വില തരേൻ, " 
" ഇല്ലപ്പാ ഏതുമേ ഇല്ല ," എന്നാ എന്റെ ഉത്തരത്തിൽ അവൻ തൃപ്തനല്ല. "എന്നാക്കാ  ഇപ്പടി സോൽറീങ്കെ? അമ്മാ മിക്സി കൂടിയില്ലെയാ? പോണ തടവു കുടുത്തത് ഇരുക്കുമേ . ഇന്ത വാട്ടിയും അമ്മാ തിരുമ്പും മിക്സി, ഫാൻ , ഗ്രൈന്റെർ എല്ലാമേ കുടുത്താച്ചേ , നീങ്ക വാങ്കലിയാ ? "  അപ്പൊ അതാണ്‌ കഥ , ജയലളിത സ്പെഷൽ ഫ്രീ കൊടുക്കുന്ന വീട്ടു സാധനങ്ങളാണ് താരം, അടുത്തുള്ള വീടുകളിൽ കണ്ടിട്ടുണ്ട്. അമ്മയുടെ സ്റ്റിക്കർ  ഒട്ടിച്ച വീട്ടുപകരണങ്ങൾ. ആയുസ്സ് കൂടിയാൽ ആറു  മാസം, പിന്നെ നന്നാക്കി ഉപയോഗിക്കലൊന്നും നടക്കില്ല. കുറ്റം പറയരുതല്ലോ ഏതാണ്ട്  എല്ലാർക്കും  റേഷൻ കാർഡ് കാണിച്ചാൽ കിട്ടും. ഒരു മാതിരി എല്ലാരും  തന്നെ ദാരിദ്ര്യരേഖക്ക് കീഴിൽ . അടുത്ത ട്രിപ്പ്‌ വീട്ടുപകരണങ്ങൾ വന്നാൽ പഴയത് ആക്രിക്കാരന്. ഇതിപ്പോ എനിക്കങ്ങിനെ ഒന്നില്ലല്ലോ. "ഇല്ല തമ്പി , എനക്ക് റേഷൻ കാർഡു കിടയാത്."
അവൻ വിടുന്നില്ല  ,"അക്കാ,  കാർഡെല്ലാം നീങ്കെ വേഗമാ വാങ്കിടുങ്കെ, അതില്ലാമെ ഏതുമേ മുടിയാത്." പൊതുവിജ്ഞാനം ഫ്രീ.
കഷ്ടപ്പെട്ട് ചിരിയടക്കി വിട്ടുകൊടുക്കാതെ ഞാൻ പറഞ്ഞു 
" ഇപ്പൊ പഴസ്സാ ഒന്ന് മട്ടും താൻ ഇരുക്കുത്, നാൻ താൻ. പോതുമാ ?" ഇത്തിരി നാണത്തോടെ അവൻ " അക്കാ നീങ്കെ വരെ, പോങ്കക്കാ , അടുത്തവാട്ടി ഏതോ ഒന്ന് എടുത്തു വച്ചിടുങ്കെ, ഇല്ലെന്നാ സമ്പളം കിടയ്ക്കാതക്കാ, " അവന്റെ ശബ്ദത്തിനിത്തിരി ഖനം കൂടിയോ?

 ലോറിക്കാരൻ അക്ഷമനായി ഹോറൻ മുഴക്കി.
" സുടുതേ ? തണ്ണി സാപ്പിടിറിയാ? " എന്ന  ചോദ്യത്തിനവൻ ഉത്തരം തന്നില്ല. പകരം ലോറിക്കാരനെ നോക്കി കൈകൊണ്ടു ഉടനെ വരാമെന്ന് ആംഗ്യം കാണിച്ചു. അകത്തുപോയി തണുപ്പിച്ച ജ്യൂസ് കൊണ്ടുവന്നു കൊടുത്തപ്പോൾ മുഖത്തെ സന്തോഷം കണ്ണുകളിൽ. പെട്ടന്നെന്തോ ദൂരെയുള്ള  എന്റെ പതിമൂന്നുകാരനെ ഞാനോർത്തു  പോയി. പൊള്ളുന്ന വെയിലിനെ പാടെ മറന്ന് അവൻ കാഴ്ചയിൽ നിന്ന് മറയും വരെ നിന്നപ്പോൾ ചൂട് മനസ്സിലായിരുന്നു, ആവിയിൽ വെന്തുരുകും പോലെ.         












Thursday, 7 April 2016


യാത്രകൾ ...

യാത്രകൾ എപ്പോഴും ഊർജ്ജശ്രോതസ്സുകളാണ് , മടുപ്പിക്കുന്ന സ്ഥിരം കാഴ്ചകളിൽ നിന്നും ഒട്ടൊന്നു മാറി , നരച്ച ചിന്തകളെ പുതിയ നിറഭേദങ്ങൾ കൊണ്ട് പുതുക്കപ്പെണ്ണായി മാറ്റുന്നവ. കഴിഞ്ഞ കുറെ നാളുകളായി തുടർച്ചയായി യാത്രാഭാഗ്യത്തിലായിരുന്നു..ഇരുപതു ദിവസങ്ങൾ, മൂവായിരത്തിലേറെ കിലോമീറ്റർ , മൂന്ന് സംസ്ഥാനങ്ങളിലൂടെ..അടുക്കളയിലെ അന്താരാഷ്‌ട്ര പ്രശ്നങ്ങളിൽ നിന്നും , രസക്കൂട്ടുകളിൽ നിന്നും ഒരു താല്ക്കാലിക മാറ്റം. 

മിക്കവാറും യാത്രകൾ രാത്രിയിലെ ബസ്‌ ട്രെയിൻ യാത്രകളിലവസാനിക്കുകയാണ് പതിവ്. വല്ലപ്പോഴുമേ ദീർഘദൂരപകൽ യാത്രകളുണ്ടാവൂ .തഞ്ചാവൂരിന്റെ പൊള്ളുന്ന ചൂടിൽ നിന്നും ചെന്നൈയുടെ തിളയ്ക്കുന്ന ചൂടിലേക്കും അവിടുന്ന് ആന്ധ്രയുടെ വരണ്ട മണ്ണിലൂടെ തിരുമലയുടെ കുളിരിലേക്കും ഒരു യാത്ര.ഇടക്കിടക്കുള്ള ടോൾ ഒഴിച്ചാൽ വലിയ കഷ്ടപ്പാടില്ലാത്ത ഹൈവേ. ഉദയം മുതലുള്ള പകൽക്കാഴ്ചകൾ മനോഹരം. മിന്നൽ പോലെ കടന്നു പോവുന്ന വാഹനങ്ങൾ, ഇടയ്ക്കു വിളവെടുത്തു കൊണ്ട് പോകുന്ന കരിമ്പ്‌ വണ്ടികൾ, വഴിയോരത്തെ വയലുകൾ വിളവെടുപ്പ് കഴിഞ്ഞു തരിശായിരിക്കുന്നു. ഇടക്കെവിടൊക്കെയോ സൂര്യകാന്തി പാടങ്ങൾ. 

ചെന്നൈ ഹൈവേയിലുള്ള പാലി എന്ന സ്ഥലം തിണ്ടിവനം കഴിഞ്ഞുള്ള ഒരു ചെറിയ ഗ്രാമമാണ് , ഹൈവേയിൽ ഗ്രാമതിർത്തികളെ കാണാനാവു എന്ന് തോന്നുന്നു. കൃഷിയിടങ്ങൾ തരിശായതു കൊണ്ടാവും ഇടക്കിടക്കുള്ള ക്ഷേത്രങ്ങൾ കാണാനായത്. പേരാലാവും, അതോ മറ്റെന്തെങ്കിലും മരമാണോയെന്നറിയില്ല , അതിനു കീഴിലായി  മൺകുതിരകളുടെശില്പങ്ങൾ, അതിര് കാക്കുന്ന വീരനായ അയ്യനാരുടെ തുണൈദൈവങ്ങൾ . നല്ല വലുപ്പമുള്ള നിറപ്പകിട്ടാർന്ന കുതിരകൾ . അയ്യനാരുടെ അനുചരന്മാരുടെ പ്രതിമകളുമുണ്ട് മൂപ്പുമുറയനുസരിച്ചു ഇടയിൽ . "മാസി മഗം" തിരുനാൾ കഴിഞ്ഞിട്ടധികമാവാത്തത് കൊണ്ടാവും ശില്പങ്ങളുടെ നിറം അത്ര മങ്ങിയിട്ടില്ല. പലതരം മാലകൾ കൊണ്ടുള്ള അലങ്കാരങ്ങളിപ്പോഴുമുണ്ട് . പിതൃക്കളുടെ സാന്നിധ്യം മാസിമാസത്തിലെ മകം നക്ഷത്രത്തിൽ പൌർണ്ണമിനാളിൽ ഉണ്ടാവുമെന്നാണ് സങ്കല്പ്പം . അത് കൊണ്ട് തന്നെ വളരെ വിശേഷവുമാണ്.

ചോള രാജാക്കന്മാരുടെ ശില്പചാരുതയി നിന്നും വ്യത്യസ്തമായി കുംഭാരന്മാരുടെ വെറും മൺപ്രതിമകൾ . പൂജക്കും അവർ തന്നെ. ബ്രാഹ്മണക്ഷേത്രമാതൃകയിൽ നിന്നും ഒരു പടി മാറിയൊരു സങ്കല്പം. വെറും ആൽത്തറയിലെ ദൈവങ്ങൾ , അതിരുകളില്ലാത്ത ക്ഷേത്രങ്ങൾ , ഒരിടത്തൊതുക്കി നിർത്താതെ സർവ്വ വ്യാപിയായി എല്ലാവരെയും കാക്കുന്നവർ.. നല്ല ഉയരമുള്ള ബിംബങ്ങൾ ,കണ്ണെത്താദൂരത്തോളം കാഴ്ച്ചക്കുള്ളിൽ..എല്ലാം കാണുന്ന അറിയുന്ന ദൈവങ്ങൾ .എത്ര മനോഹരമായ സങ്കല്പം! തലയ്ക്കു മുകളിൽ കൂരയില്ലാതെ കഷ്ടപ്പെടുന്നവരുടെ ദൈവങ്ങളായത് കൊണ്ടാവും കൊച്ചു ക്ഷേത്രങ്ങൾക്ക് മേൽക്കൂരകൾ കണ്ടില്ല. അയ്യനാരുടെയും കൂടെയുള്ള അനുചരന്മാരുടെയും കൂറ്റൻ ശില്പങ്ങൾ പാലി മുതൽ വില്ലുപുരം വരെയുള്ള കാഴ്ചകളിൽ ഇടയ്ക്കിടെ എത്തി. തഞ്ചാവൂരിന്റെ ബ്രിഹദീശ്വരൻ , മാരിയമ്മൻ കാഴ്ചകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവം. പകൽച്ചൂട്‌ പുറത്തിറങ്ങാൻ അനുവദിക്കാത്തത് കാരണം വിശദമായ കാഴ്ചകൾക്കിനിയൊരു യാത്ര മാറ്റിവയ്ക്കേണ്ടി വന്നു.