വെയിൽക്കഥ ..
ഉച്ചയുറക്കം പതിവില്ലാത്തതാണ് . വായിക്കാനെന്തെങ്കിലും എടുത്തൊരു മനോരാജ്യം , അത്രയേ പതിവുള്ളൂ. നട്ടുച്ചയിലെ വെയിലിനെ ഭയന്നാവും ഇടനേരത്തു ശല്യപ്പെടുത്താൻ ആരും വരാറുമില്ല. ഇക്കൊല്ലം കത്തിരി വെയിൽ തുടങ്ങും മുൻപ് തന്നെ സൂര്യനുമായി ഒന്ന് പ്രണയത്തിലായതിന്റെ ക്ഷീണം മാറി വരുന്നേയുള്ളൂ. അപ്പോഴാണ് വായനയുടെ രസച്ചരടു മുറിച്ചുകൊണ്ടു നിർത്താതെയുള്ള മണിനാദം.
പൂക്കാരിയും പച്ചക്കറിക്കാരൻ വല്ലിവേലും അതിരാവിലെയെത്തും. വേണമെങ്കിലും വേണ്ടെങ്കിലും ഇത്തിരി പൂവ്, പച്ചക്കറി ഒക്കെ അവരോടോരോന്നു മിണ്ടീം പറഞ്ഞും വാങ്ങും . അതിനും ഒരു സുഖമുണ്ട്. ആഴ്ചയിലൊരിക്കൽ ,രാവിലെ തന്നെ തയ്യൽക്കാരൻ
, ചെരിപ്പുകുത്തി, പഴയ പത്രം വാങ്ങുന്നയാൾ , ഇവരൊക്കെ വന്നുപോവും. അത് കഴിഞ്ഞാൽ പിന്നെ വരുന്നത് പഴയ വീട്ടുസാധനങ്ങൾ വാങ്ങാനെത്തുന്ന വണ്ടിയാണ്. ഉച്ചഭാഷിണിയിൽ കരകര ശബ്ദത്തിൽ പിടിച്ചുവച്ചിരിക്കുന്ന ശബ്ദം, "പഴയ ഫ്രിഡ്ജ് ,ടിവി , വാഷിംഗ് മെഷീൻ "പിന്നെയും ഒരുപാട് സാധനങ്ങളുടെ ലിസ്റ്റ് ഉറക്കെ കേൾക്കാം . . .നാല് മണിക്ക് നാഗപട്ടണത്തു നിന്ന് വിവിധതരം പലഹാരം കൊണ്ടുവരുന്ന ചെട്ടി..തീർന്നു തെരുവിലെ പതിവ് ശബ്ദങ്ങൾ.
ഇതിപ്പോൾ ആരെന്നു ജനാലയിലൂടെ കാണാനുമാവുന്നില്ല. എഴുന്നേൽക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല താനും. വെയിൽ കനത്തു കഴിഞ്ഞിരുന്നു, പടിക്കെട്ടുകളിലെ സ്പര്ശം പോലും കാൽപ്പാദങ്ങളെ പൊള്ളിക്കുന്നു. ഗേറ്റിന് വെളിയിൽ പഴയസാധനങ്ങൾ വാങ്ങി നിറയ്ക്കുന്ന മിനി ലോറി .
ഉറക്കവും സ്വപ്നവും വായനയും കൂടിക്കുഴച്ച സുഖം കളഞ്ഞതിന്റെ ഈർഷ്യയിൽ പറഞ്ഞു "ഏതുമേ കിടയാത് , പഴസ്സു സേന്താൽ സൊൽറെൻ , ഇപ്പോതെയ്ക്ക് ഏതുമേ ഇല്ലൈ." വന്നയാൾക്ക് എന്നെ വെറുതെ വിടാനുള്ള ഉദ്ദേശ്യമില്ല. കാല്പ്പാദം കുറേശ്ശെ വേദനിച്ചു തുടങ്ങിയിരുന്നു, ഏറേ താമസിയാതെ പാദത്തിലെ ചൂട് സിരകളിലൂടെ എന്റെ ബോധത്തെ ആക്രമിക്കുമെന്നൊരു വെളിപാടുണ്ടായി..പരമാവധി സൌമ്യതയോടെ ഒഴിവാക്കി അകത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് ഗേറ്റിൽ നിന്ന പയ്യനെ ശ്രദ്ധിച്ചത്, കണ്ടു പരിചയമില്ലാത്ത മുഖം ,കഷ്ടിച്ച് പതിനഞ്ചു വയസ്സുണ്ടാവും,വെയിലേറ്റു കരുവാളിച്ചിരിക്കുന്നു ,നിറഞ്ഞ ചിരി. അവൻറെ ചോദ്യം തുടരുകയാണ്
"അക്കാ പഴയ മിക്സി , ഗ്രൈൻടർ ഏതാവത് ഇരുക്കാ? ഇല്ലെയ്ന്നാ പഴയ പട്ടു പുടവൈ , നല്ല വില തരേൻ, "
" ഇല്ലപ്പാ ഏതുമേ ഇല്ല ," എന്നാ എന്റെ ഉത്തരത്തിൽ അവൻ തൃപ്തനല്ല. "എന്നാക്കാ ഇപ്പടി സോൽറീങ്കെ? അമ്മാ മിക്സി കൂടിയില്ലെയാ? പോണ തടവു കുടുത്തത് ഇരുക്കുമേ . ഇന്ത വാട്ടിയും അമ്മാ തിരുമ്പും മിക്സി, ഫാൻ , ഗ്രൈന്റെർ എല്ലാമേ കുടുത്താച്ചേ , നീങ്ക വാങ്കലിയാ ? " അപ്പൊ അതാണ് കഥ , ജയലളിത സ്പെഷൽ ഫ്രീ കൊടുക്കുന്ന വീട്ടു സാധനങ്ങളാണ് താരം, അടുത്തുള്ള വീടുകളിൽ കണ്ടിട്ടുണ്ട്. അമ്മയുടെ സ്റ്റിക്കർ ഒട്ടിച്ച വീട്ടുപകരണങ്ങൾ. ആയുസ്സ് കൂടിയാൽ ആറു മാസം, പിന്നെ നന്നാക്കി ഉപയോഗിക്കലൊന്നും നടക്കില്ല. കുറ്റം പറയരുതല്ലോ ഏതാണ്ട് എല്ലാർക്കും റേഷൻ കാർഡ് കാണിച്ചാൽ കിട്ടും. ഒരു മാതിരി എല്ലാരും തന്നെ ദാരിദ്ര്യരേഖക്ക് കീഴിൽ . അടുത്ത ട്രിപ്പ് വീട്ടുപകരണങ്ങൾ വന്നാൽ പഴയത് ആക്രിക്കാരന്. ഇതിപ്പോ എനിക്കങ്ങിനെ ഒന്നില്ലല്ലോ. "ഇല്ല തമ്പി , എനക്ക് റേഷൻ കാർഡു കിടയാത്."
അവൻ വിടുന്നില്ല ,"അക്കാ, കാർഡെല്ലാം നീങ്കെ വേഗമാ വാങ്കിടുങ്കെ, അതില്ലാമെ ഏതുമേ മുടിയാത്." പൊതുവിജ്ഞാനം ഫ്രീ.
കഷ്ടപ്പെട്ട് ചിരിയടക്കി വിട്ടുകൊടുക്കാതെ ഞാൻ പറഞ്ഞു
" ഇപ്പൊ പഴസ്സാ ഒന്ന് മട്ടും താൻ ഇരുക്കുത്, നാൻ താൻ. പോതുമാ ?" ഇത്തിരി നാണത്തോടെ അവൻ " അക്കാ നീങ്കെ വരെ, പോങ്കക്കാ , അടുത്തവാട്ടി ഏതോ ഒന്ന് എടുത്തു വച്ചിടുങ്കെ, ഇല്ലെന്നാ സമ്പളം കിടയ്ക്കാതക്കാ, " അവന്റെ ശബ്ദത്തിനിത്തിരി ഖനം കൂടിയോ?
ലോറിക്കാരൻ അക്ഷമനായി ഹോറൻ മുഴക്കി.
" സുടുതേ ? തണ്ണി സാപ്പിടിറിയാ? " എന്ന ചോദ്യത്തിനവൻ ഉത്തരം തന്നില്ല. പകരം ലോറിക്കാരനെ നോക്കി കൈകൊണ്ടു ഉടനെ വരാമെന്ന് ആംഗ്യം കാണിച്ചു. അകത്തുപോയി തണുപ്പിച്ച ജ്യൂസ് കൊണ്ടുവന്നു കൊടുത്തപ്പോൾ മുഖത്തെ സന്തോഷം കണ്ണുകളിൽ. പെട്ടന്നെന്തോ ദൂരെയുള്ള എന്റെ പതിമൂന്നുകാരനെ ഞാനോർത്തു പോയി. പൊള്ളുന്ന വെയിലിനെ പാടെ മറന്ന് അവൻ കാഴ്ചയിൽ നിന്ന് മറയും വരെ നിന്നപ്പോൾ ചൂട് മനസ്സിലായിരുന്നു, ആവിയിൽ വെന്തുരുകും പോലെ.

No comments:
Post a Comment