മുറം കുറി..
ഉമാമഹേശ്വരി ഇന്നലെ വരാൻ വല്ലാതെ വൈകി , വന്നപ്പോൾ കണ്ണാകെ ചുവന്നു കലങ്ങിയും. എന്ത് പറ്റിയെന്ന ചോദ്യത്തിന് "നഗൈ കാണാമ പോച്ച് അക്കാ " എന്ന് പറഞ്ഞു വിതുമ്പി. "പാത്രം കഴുകുന്നത് പിന്നെയാവാം , നീ വിഷയത്തെ സൊല്ല് ", എന്നവളെ ആശ്വസിപ്പിച്ചപ്പോൾ ഇത്തിരി സമാധാനമായി. താലിച്ചരടിൽ കൊരുക്കുന്ന രണ്ടു പണവിട പൊന്നിന്റെ മാങ്ങാചിറ്റ് കാണാതെ പോയത്രേ. വെളുക്കുമ്പോൾ മുതൽ അന്തിയോളം പണി ചെയ്തു സ്വരുക്കൂട്ടിയ ഇത്തിരിപ്പൊന്ന് കാണാതെ പോയാൽ പിന്നെന്തു ചെയ്യും? മാത്രവുമല്ല അമ്മാ വിളയാട്ട് കഴിഞ്ഞു മാരിയമ്മൻ കോവിലിലേക്ക് പാൽക്കുടം ചുമക്കാനുള്ള ചിലവിനുള്ള വേറെ വഴിയും കാണുന്നില്ല. "നീ കവലൈപ്പെടാതെ , അത് വീട്ടുക്കുള്ളെ താൻ ഇരുക്കും , നീ എങ്കെയാവത് വച്ച് മറന്തിരുക്കും . കിടക്കെലെന്നാ പണം നാൻ കുടുക്കിറേൻ " എന്നു പറഞ്ഞു സമാധാനിപ്പിക്കുകയല്ലാതെ വേറെന്തു വഴി? ഇവിടെ ഒരു കൈസഹായത്തിനവളല്ലെയുള്ളൂ .
" അക്കാ , ഇന്ന് സായംകാലം വിളക്കു വയ്ത്തതുക്കപ്പുറം അമ്മ മുറം കുറി വയ്പ്പാങ്കെ , യാര് എടുത്തത് എന്ന് തെരിഞ്ചു പോയിടും," എന്നായി അവൾ. മുറം കുറി എന്ന് ആദ്യമായി കേൾക്കുകയാണ്. ചാണകവും മഞ്ഞളും കൂട്ടി മെഴുകിയ മുറത്തിൽ കത്രിക കുത്തിനിർത്തി വിളക്ക് വച്ച് കള്ളനെ കണ്ടുപിടിക്കാമത്രെ. ഓരോരുത്തരുടെയും പേര് പറഞ്ഞ് മുറത്തിനോട് ചോദിക്കുമ്പോൾ കള്ളൻറെ പേരെത്തിയാൽ കത്രികയിൽ ബാലൻസ് ചെയ്യുന്ന മുറം തിരിയും എന്നാണു വിശ്വാസം. പിടിച്ചിരിക്കുന്ന കൈയനങ്ങിയാലും മുറം തിരിയില്ലേ എന്നാ ചോദ്യം നാവിൻ തുമ്പിലെത്തി മടങ്ങി. അവളുടെ വിശ്വാസം എനിക്കത്ര രസിച്ചില്ലെങ്കിലും എഴുതിത്തള്ളിയില്ല. ഇത്തരം ഒരുപാട് വിശ്വാസങ്ങളിലാണ് ഇവരുടെയൊക്കെ ജീവിതം മുന്നോട്ടു പോവുന്നത് . അതുകൊണ്ട് " നീ പാത്തിട്ടു നാളേയ്ക്കു സൊല്ലു, " എന്ന് പറഞ്ഞൊഴിഞ്ഞു.
"ഉങ്കളുക്കു നമ്പിക്കൈ കിടയാത് എന്നെനിക്കു നല്ലാ തെരിയും അക്കാ, ആനാൽ തെരിഞ്ചതുക്കപ്പുറം പാരുങ്കൾ". വിശ്വാസമില്ലെന്നെന്റെ മുഖത്തെഴുതിയിരിക്കുന്നോ! ഇവളെങ്ങിനെ കണ്ടു പിടിച്ചു അത്? എന്റെ മുഖത്തെ ഭാവങ്ങൾ കുറച്ചു നാളു കൊണ്ട് അവൾ നന്നായി പഠിച്ചു വച്ചിരിക്കുന്നു. ഏതായാലും കാത്തിരിക്കാൻ ഒരു കാരണമായി..
രാവിലെ ഇന്നും അവൾ സമയം തെറ്റിച്ചു , ഇന്നലത്തെ കഥയുടെ ബാക്കി എന്തായി എന്ന ആകാംക്ഷയിൽ കാത്തിരുന്നതിനാൽ ഞാൻ വല്ലാതെ അക്ഷമയുമായിരുന്നു. നിറഞ്ഞ ചിരിയോടെ അവൾ കടന്നു വരുന്നത് കണ്ടപ്പോൾ തീർച്ചയായിരുന്നു മറന്നു വച്ച പൊന്ന് കിട്ടിക്കാണുമെന്ന് . അടുക്കളയിലേക്കു നടന്നു കൊണ്ട് അവൾ പറഞ്ഞു " നാൻ അപ്പൊവേ സൊല്ലലിയാ , മുറം കുറിയിൽ തിരുടൻ തെരിഞ്ചു പോയിടുമെന്ന് ? പക്കത്ത് വീട്ടുപ്പയൽ താൻ, കുറി വച്ചു തെരിഞ്ചതും അവൻ ഒത്തുക്കിട്ടാൻ .." അടുത്ത വീട്ടിലെ പയ്യൻ ആണ് അപ്പോൾ കഥാനായകൻ . എന്തായാലും സാധനം തിരിച്ചു കിട്ടിയല്ലോ, ഭാഗ്യം .ഇനി ഇതും പറഞ്ഞു അവൾ വൈകില്ലല്ലോ..
പറഞ്ഞുവന്നപ്പോഴാണോർത്തത് , തെളിയാത്ത തുമ്പില്ലാത്ത കേസുകൾ തെളിയിക്കാൻ ഇനി സംശയമുള്ളവരുടെ പേര് വച്ച് പോലീസുകാർ മുറം കുറി ചെയ്തു നോക്കിയാലോ? കേരളത്തിലിപ്പോൾ ആവശ്യം വേണ്ട ഒരു സർവീസ് ആണിതെന്നു തോന്നുന്നു..വെറുതേ ഒരു സംശയം, അത്രേയുള്ളൂ..
No comments:
Post a Comment