യാത്രകൾ ...
യാത്രകൾ എപ്പോഴും ഊർജ്ജശ്രോതസ്സുകളാണ് , മടുപ്പിക്കുന്ന സ്ഥിരം കാഴ്ചകളിൽ നിന്നും ഒട്ടൊന്നു മാറി , നരച്ച ചിന്തകളെ പുതിയ നിറഭേദങ്ങൾ കൊണ്ട് പുതുക്കപ്പെണ്ണായി മാറ്റുന്നവ. കഴിഞ്ഞ കുറെ നാളുകളായി തുടർച്ചയായി യാത്രാഭാഗ്യത്തിലായിരുന്നു..ഇരുപതു ദിവസങ്ങൾ, മൂവായിരത്തിലേറെ കിലോമീറ്റർ , മൂന്ന് സംസ്ഥാനങ്ങളിലൂടെ..അടുക്കളയിലെ അന്താരാഷ്‌ട്ര പ്രശ്നങ്ങളിൽ നിന്നും , രസക്കൂട്ടുകളിൽ നിന്നും ഒരു താല്ക്കാലിക മാറ്റം.
മിക്കവാറും യാത്രകൾ രാത്രിയിലെ ബസ് ട്രെയിൻ യാത്രകളിലവസാനിക്കുകയാണ് പതിവ്. വല്ലപ്പോഴുമേ ദീർഘദൂരപകൽ യാത്രകളുണ്ടാവൂ .തഞ്ചാവൂരിന്റെ പൊള്ളുന്ന ചൂടിൽ നിന്നും ചെന്നൈയുടെ തിളയ്ക്കുന്ന ചൂടിലേക്കും അവിടുന്ന് ആന്ധ്രയുടെ വരണ്ട മണ്ണിലൂടെ തിരുമലയുടെ കുളിരിലേക്കും ഒരു യാത്ര.ഇടക്കിടക്കുള്ള ടോൾ ഒഴിച്ചാൽ വലിയ കഷ്ടപ്പാടില്ലാത്ത ഹൈവേ. ഉദയം മുതലുള്ള പകൽക്കാഴ്ചകൾ മനോഹരം. മിന്നൽ പോലെ കടന്നു പോവുന്ന വാഹനങ്ങൾ, ഇടയ്ക്കു വിളവെടുത്തു കൊണ്ട് പോകുന്ന കരിമ്പ് വണ്ടികൾ, വഴിയോരത്തെ വയലുകൾ വിളവെടുപ്പ് കഴിഞ്ഞു തരിശായിരിക്കുന്നു. ഇടക്കെവിടൊക്കെയോ സൂര്യകാന്തി പാടങ്ങൾ.
ചെന്നൈ ഹൈവേയിലുള്ള പാലി എന്ന സ്ഥലം തിണ്ടിവനം കഴിഞ്ഞുള്ള ഒരു ചെറിയ ഗ്രാമമാണ് , ഹൈവേയിൽ ഗ്രാമതിർത്തികളെ കാണാനാവു എന്ന് തോന്നുന്നു. കൃഷിയിടങ്ങൾ തരിശായതു കൊണ്ടാവും ഇടക്കിടക്കുള്ള ക്ഷേത്രങ്ങൾ കാണാനായത്. പേരാലാവും, അതോ മറ്റെന്തെങ്കിലും മരമാണോയെന്നറിയില്ല , അതിനു കീഴിലായി മൺകുതിരകളുടെശില്പങ്ങൾ, അതിര് കാക്കുന്ന വീരനായ അയ്യനാരുടെ തുണൈദൈവങ്ങൾ . നല്ല വലുപ്പമുള്ള നിറപ്പകിട്ടാർന്ന കുതിരകൾ . അയ്യനാരുടെ അനുചരന്മാരുടെ പ്രതിമകളുമുണ്ട് മൂപ്പുമുറയനുസരിച്ചു ഇടയിൽ . "മാസി മഗം" തിരുനാൾ കഴിഞ്ഞിട്ടധികമാവാത്തത് കൊണ്ടാവും ശില്പങ്ങളുടെ നിറം അത്ര മങ്ങിയിട്ടില്ല. പലതരം മാലകൾ കൊണ്ടുള്ള അലങ്കാരങ്ങളിപ്പോഴുമുണ്ട് . പിതൃക്കളുടെ സാന്നിധ്യം മാസിമാസത്തിലെ മകം നക്ഷത്രത്തിൽ പൌർണ്ണമിനാളിൽ ഉണ്ടാവുമെന്നാണ് സങ്കല്പ്പം . അത് കൊണ്ട് തന്നെ വളരെ വിശേഷവുമാണ്.
ചോള രാജാക്കന്മാരുടെ ശില്പചാരുതയിൽ നിന്നും വ്യത്യസ്തമായി കുംഭാരന്മാരുടെ വെറും മൺപ്രതിമകൾ . പൂജക്കും അവർ തന്നെ. ബ്രാഹ്മണക്ഷേത്രമാതൃകയിൽ നിന്നും ഒരു പടി മാറിയൊരു സങ്കല്പം. വെറും ആൽത്തറയിലെ ദൈവങ്ങൾ , അതിരുകളില്ലാത്ത ക്ഷേത്രങ്ങൾ , ഒരിടത്തൊതുക്കി നിർത്താതെ സർവ്വ വ്യാപിയായി എല്ലാവരെയും കാക്കുന്നവർ.. നല്ല ഉയരമുള്ള ബിംബങ്ങൾ ,കണ്ണെത്താദൂരത്തോളം കാഴ്ച്ചക്കുള്ളിൽ..എല്ലാം കാണുന്ന അറിയുന്ന ദൈവങ്ങൾ .എത്ര മനോഹരമായ സങ്കല്പം! തലയ്ക്കു മുകളിൽ കൂരയില്ലാതെ കഷ്ടപ്പെടുന്നവരുടെ ദൈവങ്ങളായത് കൊണ്ടാവും കൊച്ചു ക്ഷേത്രങ്ങൾക്ക് മേൽക്കൂരകൾ കണ്ടില്ല. അയ്യനാരുടെയും കൂടെയുള്ള അനുചരന്മാരുടെയും കൂറ്റൻ ശില്പങ്ങൾ പാലി മുതൽ വില്ലുപുരം വരെയുള്ള കാഴ്ചകളിൽ ഇടയ്ക്കിടെ എത്തി. തഞ്ചാവൂരിന്റെ ബ്രിഹദീശ്വരൻ , മാരിയമ്മൻ കാഴ്ചകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവം. പകൽച്ചൂട് പുറത്തിറങ്ങാൻ അനുവദിക്കാത്തത് കാരണം വിശദമായ കാഴ്ചകൾക്കിനിയൊരു യാത്ര മാറ്റിവയ്ക്കേണ്ടി വന്നു.

No comments:
Post a Comment