കണവനാൽ കൈവിട്ട പൊൺ !
രാവിലെ മഹേശ്വരി പണികഴിഞ്ഞു നേരത്തെ പോകണമെന്നു പറഞ്ഞുകൊണ്ടാണ് വന്നത്. ഇടക്കങ്ങിനെ പതിവുണ്ട് , കുട്ടികളുടെ സ്കൂളിൽ പോകാനോ, റേഷൻ കടയിൽ പോകാനോ, അമ്മയോടൊപ്പം ആശുപത്രിയിലിലേക്കോ അങ്ങിനെ എന്തെങ്കിലും. ഇതിപ്പോ അതിനൊന്നുമല്ല, താലൂക് ആഫീസിലേക്കാണ് പോകുന്നത് . കഴിഞ്ഞ മൂന്നു മാസമായി അവൾ അവിടെ കയറി ഇറങ്ങാൻ തുടങ്ങിയിട്ട്. ഒന്നിന് പുറകെ ഒന്നൊന്നായി ഓരോ സർട്ടിഫിക്കറ്റുകൾ കൊടുത്ത് കൊണ്ടേയിരിക്കുന്നു ഒരു വലിയ തലവേദന ഒഴിവാക്കിക്കിട്ടാൻ!
മഹേശ്വരിയുടെ വിവാഹം കഴിഞ്ഞിട്ട് പത്തു വർഷമായി,ഭർത്താവുപേക്ഷിച്ചിട്ട് എട്ടു വർഷവും. രണ്ടു മൂന്ന് വട്ടം ഞാനയാളെ കണ്ടിട്ടുണ്ട് ഇവിടുത്തെ വീട്ടുപടിക്കൽ. അയാളാണെന്നറിഞ്ഞാൽ അവൾ ഓടി അകത്തു കയറി എന്റെ പിന്നിൽ പതുങ്ങും. അയാളെ പേടിച്ചു കതകടക്കാനൊന്നും ഞാനിതുവരെ ശ്രമിച്ചിട്ടില്ല. ഗേറ്റ് കടന്ന് അകത്തേക്ക് വരാൻ ആയാളും ധൈര്യപ്പെട്ടിട്ടില്ല. ഉപേക്ഷിച്ചു പോവുന്നതോടെ എല്ലാം അവസാനിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ! ഇടയ്ക്കു ബന്ധു വീടുകളിൽ വച്ചും പൊതു നിരത്തുകളിൽ വച്ചുമുള്ള ദേഹോപദ്രവങ്ങളിൽ നിന്നും ചീത്തവിളിയിൽ നിന്നും അവൾക്കു രക്ഷപ്പെടാമായിരുന്നു. സഹിക്കാൻ വയ്യാതാവുമ്പോൾ അവളും അച്ഛനും പോലീസ് സ്റ്റേഷനിൽ പരാതിയുമായി അലയും. ഒന്ന് പേടിപ്പിച്ചു വിട്ടാൽ ആറുമാസത്തേക്ക് സ്വൈര്യം. തൊല്ല സ്ഥിരമായൊഴിയാൻ വിവാഹമോചനമേയുള്ളൂ മാർഗ്ഗം, അതാവട്ടെ അത്ര എളുപ്പവുമല്ല. കുറഞ്ഞതേഴുവർഷം കോടതിവരാന്തയിലാക്കാമെന്നു മാത്രം.
ഭർത്താവുപേക്ഷിച്ച സ്ത്രീകൾക്കുള്ള പദ്ധതികളിലൊനിന്റെ പിന്നാലെയാണ് മഹേശ്വരി ഇപ്പോൾ.'അമ്മ " സർക്കാർ സ്കീമുകളിലൊന്നായ ആലംബഹീനരായ സ്ത്രീകൾക്കുള്ള പട്ടികയിൽ മഹേശ്വരിയും പെടുമല്ലോ. കണവൻ കൈവിട്ടാലും കടവുളുണ്ടല്ലോ കൂടെ . 'കണവൻ കൈവിട്ട പൊൺ" എന്ന് തന്നെയാണ് സർട്ടിഫിക്കറ്റിൽ എഴുതുക.
"ഇന്നേക്ക് താൻ താലൂക് ഓഫീസിലിരുന്നു അവർ വരസൊല്ലിയിരുക്കാറ് , അതുക്കപ്പുറം കൈയെഴുത്തു വാങ്കി രജിസ്ട്രാർ ഓഫീസുക്ക് , അതോടെ മുടിഞ്ചിടും അക്കാ അലച്ചിൽ ! സൈക്കിളിലേ പോയിടുവേൻ ! അമ്മാ ഇറുക്കിരവരെയ്ക്കും താൻ എല്ലാം പണ്ണമുടിയും !"
ഇത് കിട്ടിയാൽ പിന്നെ തല്ലും വഴക്കിനും അയാൾ വരില്ലെന്നാണവളുടെ പ്രതീക്ഷ. ഓരോ പ്രതീക്ഷകളല്ലേ മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.അത് പോലെ ഒരു പ്രതീക്ഷയാണ് ജയലളിതയിലും അവൾക്ക് .
'അമ്മ എന്നാൽ അവളുടെ അമ്മയല്ല സാക്ഷാൽ ജയലളിത തന്നെ. സൗജന്യങ്ങളുടെ രാഷ്ട്രീയത്തിനു വല്ലാത്ത പ്രാധാന്യം കൊടുക്കുന്നവരാണ് തമിഴ്‍ മക്കൾ . അതിൽ പെട്ടതാണെങ്കിലും സ്ത്രീകൾക്കായി കുറെയധികം കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് 'അമ്മ. മിക്സിയും , ഫാനും ,ലാപ്ടോപ്പും സൈക്കിളും ഒക്കെത്തന്നെ. കണവനാൽ കൈവിട്ട പെണ്ണിന് മാസം 400 രൂപാ സഹായധനം ഉണ്ട്, കൂടാതെ സ്വയം തൊഴിലിനുള്ള വായ്പകളും .
" എൻ പസങ്കൾ വളന്തു വര വരേയ്ക്കുമാവുത് അമ്മാ ഇരുന്താൽ പോതും , അതുക്കാഹ സാമി കുമ്പിടറേൻ അക്കാ. നിജമാ ദിവാലിയോടെ അമ്മാ നല്ലായിടും ഇല്ലിയാ? പെരിയ കോവിലിൽ നന്ദിക്കു പ്രദോഷത്തിനു അതുക്കാഹ മക്കൾ അഭിഷേകം നടത്തിയിരുക്ക്, ഉടൽ സൂട് കുറഞ്ഞിടും. "
ചിലപ്പോഴെങ്കിലും വ്യക്തികൾക്കായുള്ള അന്ധമായ ആരാധന കാണുമ്പോൾ അസ്വസ്ഥത തോന്നാറുണ്ട്. രാഷ്രീയ അതിജീവനത്തിന്റെ പാതകളിലൂടെ യാത്ര ചെയ്തുവെന്നല്ലാതെ ജയലളിതക്ക് മഹത്വമൊന്നും അവകാശപ്പെടാനുമില്ല. പക്ഷെ മഹേശ്വരിയുടെ വിശ്വാസങ്ങളെ എനിക്ക് ചോദ്യം ചെയ്യേണ്ട. അവൾ ചിന്തിക്കുന്നതിൽ അവളുടെ ശരിയുണ്ട്, എഴുത്തും വായനയും അറിയാത്ത , ഭർത്താവുപേക്ഷിച്ച ഒരു സ്ത്രീയുടെ ഇന്നത്തെ സമൂഹത്തിലെ അവസ്ഥ പലരും ചർച്ച ചെയ്യാൻ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ്. അവളിലേക്കുറ്റു നോക്കുന്ന സമൂഹത്തിന് അവളുടെ വഴിനടത്തത്തിലെ തെറ്റ് കുറ്റങ്ങൾ മാത്രമേ കാണാനാവൂ.മറിച്ചെന്തെങ്കിലും കാണണമെന്ന താല്പര്യവുമില്ല. ഞാനടക്കമുള്ളവർ എന്ത് ചെയ്തു എന്നാലോചിക്കുമ്പോൾ ആത്‌മനിന്ദയും തോന്നുന്നു.
അവളുടെ പ്രാർത്ഥനകളും വിശ്വാസങ്ങളും അവൾക്കു കൂട്ടായിരിക്കട്ടെ, കണവൻ കൈവിട്ടാലും കടവുൾ കാക്കട്ടെ അവളെ !
