കാലം തെറ്റിയ ചിന്തകൾ..
കാവേരിയിൽ ഇന്നലെ മുതൽ നീർച്ചാലുകൾ കണ്ടു തുടങ്ങി , ഒരുപാട് വാഗ്‌വാദങ്ങൾക്കും യുദ്ധങ്ങൾക്കും ഒടുവിൽ കാവേരി പുതാറിലെത്തി എന്ന് മഹേശ്വരി പറയുന്നുണ്ടായിരുന്നു. ഭർത്താവായ അഗസ്ത്യരുടെ കമണ്ഡലുവിൽ നിന്നും അനുവാദമില്ലാതൊഴുകിയതിന്റെ ശാപം പേറുന്ന കാവേരിയും കാവേരീ തടങ്ങളും. ഭാര്യയെ ബന്ധനസ്‌ഥയാക്കിയതിന്റെ അഗസ്ത്യന്റെ ന്യായാന്യായങ്ങളുടെ കഥ കേട്ടതും മഹേശ്വരിയിൽ നിന്ന്.ആറ്റിൽ വെള്ളമില്ലാത്തതു കാരണം വിനായക ചതുർത്ഥിയുടെ വിനായകരെ പോലും ഒഴുക്കാനായിട്ടില്ല പോലും . കറുത്ത ഓടനെറുമ്പുകൾ വിനായകരുടെ "സോദനൈ' അറിയിക്കാൻ വീടെങ്ങും പറവിയെത്രെ. ഓരോരോ കഥകൾ പുഴയ്ക്കും ദൈവങ്ങൾക്കും.
കാവേരിയുടെ കാലൊച്ചക്കു കാതോർത്തിരിക്കുകയായിരുന്നു ഞാനും , വൈകുന്നേരങ്ങളിലെ കാറ്റിന് ഇനി നേർത്ത തണുപ്പുണ്ടാവും..രാത്രി നടത്തങ്ങൾക്ക് ഉണർവ്വും. നീരൊഴുക്കും അതിൻമേൽ പകൽസൂര്യന്റെ സ്പർശവും ചേർന്നാൽ ഇടക്കൊരല്പം മഴ..ഗന്ധക ഭൂമിയെ തണുപ്പിക്കാനുള്ള പനിനീർ തുള്ളികൾ. നീരൊഴുക്കു തുടങ്ങിയാൽ പുഴയ്ക്കു മുകളിലൂടെ ഉള്ള തീവണ്ടിപ്പാളങ്ങളുടെ ശബ്ദങ്ങൾ നേർത്തു തുടങ്ങും. ആസുരതാളങ്ങളെ താരാട്ടിന്റെ ഊഞ്ഞാലാട്ടങ്ങളായി മാറ്റാനുള്ള മാന്ത്രിക ശക്തിയുണ്ട് പുഴയ്‌ക്ക്. പുഴക്ക് മുകളിലെത്തുമ്പോഴാണ് ചൂളം വിളി , പഴയ ഇമ്പമൊന്നുമില്ല, ചിലപ്പോൾ അലറിക്കരയുമ്പോലെ. പാളങ്ങൾക്കിരുവശവുമുള്ള കൂരകളിലെ കലഹങ്ങൾ വാശിത്തുമ്പിൽ ഇടക്കൊക്കെ തുടുത്ത ചെമ്പരത്തിപ്പൂവിതളുകളായി ചിതറിത്തെറിക്കുന്നതു കൊണ്ടാവും ചൂളം വിളികൾ മാറിപ്പോയത്. മരണം എല്ലാത്തിനെയും വല്ലാതെ മാറ്റുന്നു..
വരാനിരിക്കുന്ന ചെറുമഴകളോടൊപ്പമാണ് മരമല്ലിയിലെ പൂക്കൾ ഉതിരാനുള്ള കാലം. മരച്ചുവട്ടിൽ കാറ്റത്തുതിർന്ന പുഷ്പങ്ങളുടെ ഗന്ധമറിയാൻ എത്തുന്ന യക്ഷന്മാരുടെയും ഗന്ധർവന്മാരുടെയും നിഴലുകൾ. കൂടെ വേഗത്തിലിഴഞ്ഞപ്രത്യക്ഷമാവുന്ന ശംഖു വരയനുകൾ. ഇടക്കെപ്പോഴോ വിരുന്നു വരാറുള്ള വിഷ ജാതിയൊന്നിനെ ഈയടുത്തൊരാൾ തളച്ചുവത്രെ. .അവരുടെയൊക്കെ സ്വൈരവിഹാരത്തിന് ഞാനാവും തടസ്സം . എന്റെ കാലടിയൊച്ചകൾ അവയെ വല്ലാതെ അലോസരപ്പെടുത്തുണ്ടാവും. ഇടക്കൊന്നു തല പൊന്തിച്ചു നോക്കി ഇഷ്ടമില്ലാത്തൊരു ഭാവവുമായി കുറുകെ പോവുന്നുണ്ടവർ. ചിലപ്പോൾ എന്റെ നിഴലിനു മുകളിലൂടെ! മുന്നിലുള്ള വഴിവിളക്കിന്റെ സമ്മാനമായ നിഴൽ എനിക്ക് മുന്നിലാണ് പതിയുന്നത് ..വളവു തിരിയുമ്പോൾ നീളം വയ്ച് എനിക്കരികിലാവുന്ന നിഴൽ. നിഴലിനെ ഇടക്കൊപ്പമാക്കുകയും ചിലപ്പോൾ പിന്തുടരുകയും ചെയ്യുന്ന ഞാൻ! പിന്നിലുണ്ടെന്നുറപ്പിക്കുന്ന നിഴലുകളെക്കാൾ ഒപ്പമാവുന്നവ തന്നെ നന്ന്..പിന്തിരിഞ്ഞുള്ള
നോട്ടങ്ങളെക്കാൾ മുന്നോട്ടുള്ള കാൽവയ്പുകൾക്കുറപ്പുണ്ടാവും തീർച്ച..

No comments:
Post a Comment