വിരുന്ന് ..
അടുക്കള ജനാലയുടെ വെളിയിൽ അയല്പക്കത്തെ വാഴ കാണാം ..കദളി വാഴയൊന്നുമല്ല , നമ്മുടെ സാധാരണ പാളയംതോടൻ , വാഴയോടത്ര ഇഷ്ടമൊന്നുമില്ല , ജനാല തുറന്നാലുള്ള എന്റെ ആകാശക്കാഴ്ച മറയ്ക്കുന്നതിലുള്ള നീരസവുമുണ്ട്. പിന്നെ അണ്ണാറക്കണ്ണനും , ഒരു കുറുമ്പൻ പൂച്ചയും ഒക്കെ വിരുന്നു വരുന്നതാണല്ലോ എന്നോർത്ത് ക്ഷമിക്കുന്നതാണ്.
"കദളിവാഴക്കൈയ്യിലിരുന്ന് കാക്കയിന്നു..." എന്നോർമ്മിപ്പിക്കാനായി കാക്ക വെറുതേ വന്നതാണെങ്കിൽ ഞാൻ പൊറുത്തേനെ..ഇതതല്ല വല്ലാത്തൊരു വിരുന്നു വിളി, ഇന്നെക്കിപ്പോ ദിവസം രണ്ടായിരിക്കിണു , എന്റെ കണ്ണുകൊണ്ടുള്ള കഥകളി ഇഷ്ടാവുന്നില്ലെന്നവളുടെ നോട്ടത്തിൽ നിന്ന് നന്നായറിയുവേം ചെയ്യാം..സംശയിക്കേണ്ട, വർഗ്ഗം പെണ്ണ് തന്നെ , അറിയാലോ, ആണായാൽ ഇത്ര കടുകട്ടി നോട്ടമൊന്നുമുണ്ടാവില്ലെന്നേ..
"ഈ വിരുന്നു വിളിക്കു പിന്നിൽ ശരിക്കും എന്തേലും കാര്യമുണ്ടേൽ ൻറെ ഭഗവതീ കഴിഞ്ഞു! അച്ചട്ടാവ്വോ അങ്ങേരു പറഞ്ഞത്? " ഓണത്തിന് നാട്ടിൽ പോയപ്പോൾ വഴീല് വച്ചു വെറുതേ കണ്ടയാൾക്കിതല്ലാതെ വേറെ ഒന്നും പറയാൻ കിട്ടീല്ലല്ലോ. വല്ലാത്തൊരു സ്വൈര്യക്കേടായല്ലോ ഇത്..പ്പെന്താ ഒരു വഴി? കണ്ണടച്ചു ശ്വാസം അകത്തേക്ക് , നല്ല ശ്രദ്ധയോടെ , സംഗതി പ്രാണായാമത്തിലെ ഒരു പൊടിക്കൈയാണ് , നടക്കുവോന്നു നോക്കട്ടെ.. "ദിപ്പോ പിന്നേം കഷ്ടായീലോ , ഏകാഗ്രത കൂടുമ്പോ അങ്ങേരു ദാ വരണൂ മുന്നിൽ , അതും നല്ല തെളിച്ചത്തിൽ..വെളുത്ത മുണ്ടും ഷർട്ടും , ഇത്തിരി നരച്ച മുടി , കണ്ടാൽ അന്പതോ ,അറുപതോ ? " ഈശ്വരാ പിന്നെയും പോയല്ലോ അയാളിലേക്കു തന്നെ! ഞാൻ മായ്ക്കാൻ പോയതല്ലേ കഷ്ട്ടപ്പെട്ടു ശ്വാസോം വലിച്ച് .
മറൈൻ ഡ്രൈവിൽ പാർക്കിംഗ് കിട്ടുക , കിട്ടിയാൽ തന്നെ തിക്കി ഞെരുക്കി വണ്ടി പാർക്ക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ തന്നെ സർക്കസ് പഠിക്കാൻ ദക്ഷിണ വച്ചൂന്നാ, നമ്മളത്ര വളർന്നിട്ടൂല്ല . ഉത്രാടത്തിന്റന്നായാലോ തിരക്ക് പറയേം വേണ്ട. അങ്ങിനെ സർക്കസ് ചെയ്തോണ്ടിരുന്നപ്പഴാ അങ്ങേരെ കണ്ടത് ,അത്യാവശ്യം സഹായിക്കയേം ചെയ്തു. നല്ല പരിചിത ഭാവം, സാധാരണ മലയാളികൾക്കിപ്പോ കാണാത്ത ഒരു പ്രസന്നഭാവോം,കുറ്റം പറയാനില്ലാത്ത നോട്ടം . പുറത്തിറങ്ങി വണ്ടി ലോക്ക് ചെയ്തപ്പോഴേക്കും അയാൾ നടന്നടുത്തെത്തി . മുഖത്ത് മാത്രല്ല കണ്ണിലൂണ്ട് ചിരി. നല്ല ഐശ്വര്യമുള്ള മുഖം ,കൈയിൽ ചെറിയൊരു ബാഗ്, പാർക്കിംഗ് ഫീസ് പിരിക്കാനാവും ..തീർച്ചയായും മറുചിരി കൊടുത്തേ പറ്റൂ. പക്ഷെ അയാൾ പാർക്കിംഗ് ഫീസ് വാങ്ങിയില്ല .അപ്പൊ വണ്ടിയിടാനുള്ള സഹായം ഫ്രീ ആയിരുന്നോ?
" ഞാൻ ഒരു കാര്യം പറയട്ടെ ?" തികച്ചും അപ്രതീക്ഷിതമായിരുന്നു അയാളുടെ ചോദ്യം.
" കുഴപ്പായോ ഭഗവതീ , വലയ്ക്കുവോ ന്നെ ? " ചിരിച്ചതബദ്ധായീന്നൊരു ഭാവം മുഖത്തു വന്നു കഴിഞ്ഞൂലോ , എന്താപ്പോ ചെയ്യാ.എന്തും വരട്ടെ , ന്താ കാര്യംന്നറിയാലോ . അപരിചിതരോടുള്ള സമീപനം ഉടനെ റിവ്യൂ ചെയ്യണമെന്ന് മനസ്സിലുറപ്പിച്ചു.
" ചോദിച്ചോളൂ , ന്താ വേണ്ടേ ?" ഉദാരമനസ്കയായി എന്നൊരു ഭാവം മുഖത്തു മാറ്റിയൊട്ടിച്ചു. കൂടി വന്നാൽ ഒരു ഓണം ബമ്പർ അല്ലെങ്കിൽ സംഭാവന , അത്രയേ അപ്പോൾ മനസ്സിൽ വന്നുള്ളൂ. പക്ഷെ അയാളെ കണ്ടിട്ട് ഒന്നുമങ്ങോട്ടു ഊഹിക്കാൻ കഴിയുന്നുമില്ല .
"എനിക്ക് പണമൊന്നും തരേണ്ട ,ഫ്രീ ആയി രണ്ടു കാര്യം പറഞ്ഞു തരാം , അത് കഴിഞ്ഞിട്ട് ഇഷ്ടമുണ്ടെങ്കിൽ ബാക്കി പറയാം !" എന്നായി അയാൾ..അപ്പഴാണ് കൈയാളുടെ കണ്ണിലെ വലിയ ഭൂതക്കണ്ണാടി ഞാൻ കണ്ടത്. ഫ്രീ എന്ന് കേട്ടാലേ ഇഷ്ടം കാണിക്കുന്ന സ്ത്രീ മനഃശാസ്ത്രം ആണ് കൈയിൽ തുറുപ്പുചീട്ട് . പിന്നെ ഭാവിയറിയാനുള്ള ആകാംക്ഷയില്ലാത്ത ഏതു സ്ത്രീജന്മം ?
" കേട്ടിട്ട് ഇഷ്ടമാവുന്നോ എന്ന് നോക്ക് കുഞ്ഞേ , എന്നിട്ടു ബാക്കി !" കുഞ്ഞേ എന്ന് വിളിച്ചതിന്റെ സന്തോഷം മുഖത്തു വരുത്തിക്കൊണ്ട് തന്നെ പറഞ്ഞു
" വേണ്ടാ , ഒന്നും പറയേണ്ട , വരുന്നത് വരുന്നിടത്ത് കാണുന്ന രീതിയാണെന്റേത് , അതുമല്ല ഫ്രീയായിട്ടൊന്നും വേണ്ട ."
അയാൾക്ക് വിടാനുദ്ദേശ്യമില്ല , " മഹാലക്ഷ്മി തന്നെ, എന്നാലും സ്ത്രീയായി ജനിക്കേണ്ടവൾ അല്ല , നല്ല കരുത്തുള്ള പുരുഷന് സമമായ ധൈര്യം ! എന്താ ശരിയല്ലേ?"
ഇനി വിട്ടാൽ ശരിയാവില്ല , ഒരു ചെറിയ ക്ലാസ് കൊടുക്കാണ്ട് വയ്യ , " അതേ , ഇനിയൊന്നും പറയേണ്ടാട്ടോ , ഇപ്പൊ പറഞ്ഞത് എന്നെ കണ്ടിട്ടല്ലേ ? ഈ കാൽസറായിയും ലുക്കുമൊക്കെയേയുള്ളൂ , ജന്മം സ്ത്രീ തന്നെ, ഒരു സംശയോമില്ല , രണ്ടു കുട്ട്യോളുമുണ്ട്, ഇനീപ്പൊ പുരുഷനൊപ്പെത്താനുള്ള ആശയൊന്നുമില്ലേനും. എടങ്ങേറാക്കല്ലേ ! അപ്പൊ ബൈ !"
അല്ലെങ്കിലും കൈനോട്ടക്കാരോക്കെ ഇങ്ങനെതന്യാ , ആകെ മൊത്തം ലക്ഷണം നോക്കും. വേഷം, നടത്തം, മുഖഭാവം. എന്നെ കണ്ടപ്പോഴേ പാതി കണക്കു കൂട്ടിയിട്ടാവും പ്രവചനം , ഒട്ടു മിക്ക സ്ത്രീകൾക്കും ജീവിതത്തിൽ എപ്പഴെങ്കിലും പുരുഷനായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടാവും എന്ന് തീർച്ച. അതോണ്ട് വേഗത്തിൽ നടന്നു സ്ഥലം കാലിയാക്കുന്നതാണ് ബുദ്ധി.
നല്ല വേഗത്തിൽ നടക്കുന്ന എനിക്കൊപ്പം എത്തീട്ടാ അങ്ങേരു രണ്ടാമത്തെ ബോംബിട്ടത് , " തമാശയല്ല , നിങ്ങളുടെ വീട്ടിൽ അടുത്തായി എത്തും ഒരു വിരുന്ന് , നോക്കിക്കോ ജീവിതം മാറ്റിമറിക്കും അത് !" ഒന്ന് ഞെട്ടിയെങ്കിലും
അതപ്പഴേ മനസ്സീന്നു കളഞ്ഞതാ , എന്നിട്ടോ? കാക്കയെ കാണാത്ത ഇവിടെ എന്റെ അടുക്കള ജനലിൽ, അതും വാഴക്കൈയിൽ ഇരുന്ന് കള്ളനോട്ടവുമായി ഒരു കറുകറുമ്പി വിരുന്നു വിളിക്കുന്നു..
മനസ്സമാധാനത്തിന്റെ ഹോൾസെയിൽ ഡീലർ എവിടെയാണാവോ?

No comments:
Post a Comment