Thursday, 8 September 2016




ചാറ്റ് ബോക്സ് ..
"ജീവിതം വിരസമാവുന്നു".. ചാറ്റ് ബോക്സിലെ മണിയടി പറഞ്ഞു .. ഇത്തരം സന്ദേശങ്ങൾ പതിവാണ് അസമയത്തു പച്ചവെളിച്ചം കത്തുമ്പോൾ . മണിയടികളുടെ കൂടുമ്പോൾ പെട്ടന്നുപയോഗിക്കാവുന്ന ആയുധം എടുക്കുക..വർത്തമാനപ്പെട്ടിയുടെ വലത്തേ മൂലയിലുള്ള കൈയടയാളം..തൽക്കാലത്തേക്ക് തൃപ്തിപ്പെട്ടു കൊള്ളും. പിന്നെയും പല വിധ ജീവിത നിരീക്ഷണങ്ങൾ , ഒരു ഓപ്പൺ ഹൌസ് ചർച്ചയ്ക്കുള്ള മാറ്റർ കൈയിലുണ്ട്, പക്ഷെ അത് പുറത്തു വരണമെങ്കിൽ എതിർ വശത്തു സ്ത്രീ സാന്നിധ്യം വേണം.
" പൊതുവെ സ്ത്രീകളെ കുറിച്ച് , അല്ലെങ്കിൽ വേണ്ട എഴുത്തുകാരെക്കുറിച്ചെന്താണ് അഭിപ്രായം?"
ഉം , എന്ന് മൂളാനും വിരലുയർത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമുള്ള സ്വാതന്ത്ര്യത്തിൽ കത്തി വച്ച് കൊണ്ടൊരു ചോദ്യം.എന്തെങ്കിലും പറഞ്ഞെ പറ്റൂ. മറു തലക്കലുള്ള ആളെ അവഗണിക്കാനാവില്ല .
"ബോധധാരയിൽ വ്യത്യാസമുണ്ടെങ്കിലും തരളിതമാവുന്ന ഹൃദയങ്ങളാണ് സ്ത്രീകളുടേത് . ചിലർക്ക് ഉണരാൻ ചില ശബ്ദങ്ങൾ, ചിലർക്ക് സംസാരം, മറ്റു ചിലർക്ക് സ്പർശനം "..
അപ്പോ അങ്ങിനെയാണ് കഥ , സംഗതി ആലങ്കാരികമായി പറഞ്ഞുവെങ്കിലും നമ്മുടെ ഗണമേതെന്നറിയണം. "സങ്കീർണ്ണവും ,ബോധാവബോധങ്ങളെ മാറ്റിമറിക്കുന്നതുമായ"....എന്നൊരു കാച്ചു കാച്ചിയാലോ എന്നാലോചിച്ചു. തത്കാലത്തേക്ക് പരിക്കില്ലാതെ രക്ഷപ്പെടണോ അതോ "ശുഭം" എന്നെഴുതിത്തീരും വരെ തുടരണോ? വല്ലാത്ത ശങ്ക..
"അങ്ങനെയൊന്നുമില്ല , ധാരാളമാവുന്ന കാലമൊക്കെ കഴിഞ്ഞില്ലേ? ഇപ്പൊ യാതാർഥ്യങ്ങളാണ് മുന്നിൽ , പിന്നെ ഗഹനമായി ചിന്തിക്കാനുള്ള " ടൈം " (കടപ്പാട് മോഹൻലാൽ, ഈണവും അതന്നെ) കിട്ടീട്ടിലേയ് ! " സെല്ഫ് ഡിഫൻസ് മൂവ് ഒന്ന്...ആന തേർ കാലാൾ , ഏറ്റില്ലെങ്കിൽ കളരി, ഇടതു മാറി, മുന്നോട്ടാഞ്ഞൊന്നു ..ഇതിപ്പോ ഏതാവ്വോ ഏശുക?
" നമ്മുടെ ഓർബിറ്റുകൾ ചേരുന്നില്ല , ജീവിതത്തിലെ വൈരസ്യം മറികടക്കാനാണ് ചാറ്റ് . ബോധ ധാര പോലെ പറഞ്ഞു പോവും. തുറന്നു പറയുമ്പോൾ തെറ്റിദ്ധരിക്കരുത്, സാധാരണ ഹോട്ട് ആവും ഇവിടെ. വിവാഹമോചിതർ ഏറെ , അസംതൃപ്തർ . ക യ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്തത്. കുടുംബ പാരതന്ത്ര്യത്തിന്റെ പരിമിതികൾക്കുള്ളിൽ സൈബർ സ്പേസിലെ സ്വാതന്ത്ര്യം അല്പം ആസ്വദിക്കുന്നത് പാപമൊന്നുമല്ലല്ലോ."
മറുപടിക്കു കാക്കാതെ മണിയടിശബ്ദം തുടരുന്നു.
"നാൽപ്പതിൽ പുതുമകളൊന്നും കാത്തിരിക്കുന്നില്ല.ആർക്കോ വേണ്ടി ജീവിക്കുന്ന ജീവിതങ്ങൾ. തുരുമ്പെടുത്ത യന്ത്രത്തിനു പുതു ജീവൻ വയ്ക്കും പോലെ ! താനൊരു ഇരുമ്പു മറക്കു പുറകിലാണ് ,പുറത്തു വന്നു കൂടെ ? സാത്വിക ഭാവത്തിനിനിയും ജീവിതം ബാക്കിയുണ്ട്. പറഞ്ഞത് ശരിയല്ലേ?"
മറുപടി ഉറുമ്പു നിരക്കുന്നതു പോലെ ഇംഗ്ലീഷ് അക്ഷരമാലയിലെ കുനിഞ്ഞിരിക്കുന്ന "m "..മൂളലുകൾക്കിടയിൽ മറുപടിക്കു കാക്കുന്ന ചോദ്യങ്ങൾ. ഒരു കൊച്ചു ജാലകത്തിനിത്രയും പ്രശ്ങ്ങളുടെ ഭാരം താങ്ങാനാവുമോ ആവോ? ക്യാംപസ് സ്വാതന്ത്ര്യമനുഭവിക്കുന്ന പ്രായവും കാലവും മറക്കുന്ന ,അയതാർത്ഥമെങ്കിലും കെട്ടുപാടുകളില്ലാതെ സ്വതന്ത്രനും നഗ്നരുമാവുന്നവർ ! വികാരവിചാരങ്ങളുടെ ചൂടും, സൈബർ ഇടങ്ങൾ പകരുന്ന ഊർജ്ജത്തിനായി ദാഹിച്ചിരിക്കുന്നവരുടെ ചിന്തകളും , മനസ്സ് മടുപ്പിൻറെ കഥകളും ഈ കൊച്ചു ജനാലക്കാഴ്ചകളെ മടുപ്പിക്കുന്നു.
ഒട്ടു മിക്ക ജനാലകളും ഇതൊക്കെത്തന്നെയാവും പറയുക..ഈ ജനാലയിൽ നിന്നും തൽക്കാലത്തേക്ക് വിട..

No comments:

Post a Comment