ചിത്രങ്ങൾക്ക് ഇരുപതു വർഷത്തെ പഴക്കവും, ഓർമ്മകൾക്ക് ഒരു നൊടിയിടയുടേതും..കർക്കിടകക്കാറൊഴിഞ്ഞ മാനം , പുഴയുടെ ആശ്ലേഷത്തിൽ നിന്നും അകന്നു മാറിയിട്ടില്ലാത്ത വയലുകൾ..പ്രണയക്കലമ്പലുകളവസാനിപ്പിച്ചു പുഴ മടങ്ങിയെങ്കിലും മണ്ണിനവളെ മറക്കാനായിട്ടില്ല..വാഴത്തട കൊണ്ടുണ്ടാക്കിയ ചെറു ചങ്ങാടങ്ങൾക്കിനിയും ഇടമുണ്ട്..
കാഴ്ചകൾ പഴയതാണെങ്കിലും നല്ല തെളിച്ചം , വയലിന് നടുവിലൂടുള്ള തെന്നിത്തെറിക്കുന്ന വരമ്പിലൂടെയുള്ള യാത്ര എത്രയോ വട്ടം..വരമ്പിലെ വളവുകളിൽ ചെറിയ കൈവരമ്പുകൾ ,രണ്ടു കരയിലും കാണുന്ന വീടുകളിലേക്കുള്ള വഴികൾ. ഇക്കരെമാലിയിൽ ഏർത്തേടത്തെ വീടാണാദ്യം , പിന്നെ പെരുമ്പാട്ടെ വീട്..ഇടയിൽ അവരുടെ താവഴിക്കാരുടെ ഭാഗം പിരിഞ്ഞ വകയിലുള്ള വീടുകൾ. വരമ്പിലൂടെയുള്ള നടപ്പിനിടയിൽ അക്കരെയും ഇക്കരെയും നിന്നുള്ള കുശലാന്വേഷണങ്ങൾക്കുള്ള മറുപടിയും കൊടുത്തു വേണം പോവാൻ. . വരമ്പ് ചെന്നെത്തുന്നിടത്തു നിന്നും കുന്നുമ്പുറത്തേക്കുള്ള വഴി.. കുന്നുമ്പുറത്ത് നട്ട റബർ മരങ്ങളുടെ മേൽത്തലപ്പുകൾ ഇവിടെ നിന്നേ കാണാം. കുന്നുകൾ ഇടിച്ചു നിരത്തുകയും എഞ്ചിനീയറിംഗ് കോളേജ് വരുകയും ചെയ്തുവെന്നറിഞ്ഞു. പിന്നീട് വയലറ്റം പോവാൻ തോന്നിയില്ല .
നടവഴികൾ പഞ്ചായത്തു റോഡിനു വഴിമാറി. നടവഴികൾ മാറിയെങ്കിലെന്ത് ,ഓർമ്മകളിലെ സുഗന്ധത്തിനൊട്ടും കുറവില്ല. വടക്കൂന്നു വന്ന കാട്ടിലെ ഇലഞ്ഞിപ്പൂവിന്റെ ഗന്ധവും നാഗത്താന്മാരുടെ കൊട്ടാരത്തിലെ പാലപ്പൂവിന്റെ ഗന്ധവും ഇപ്പോഴും അതുപോലെയുണ്ട് ഉള്ളിൽ. വയലിറമ്പിലിരുന്നു കണ്ട കിനാവുകളും , മിന്നാമിന്നികളെ കൈക്കുള്ളിലടച്ച ബാല്യവും മോഹങ്ങളിൽ മയങ്ങിയ കൗമാരവും, പ്രണയനഷ്ടവും എല്ലാം !
വയലുകൾ പലതും തെങ്ങിൻ പുരയിടങ്ങളായി മാറി. ഇനിയും കുറെയൊക്കെ ബാക്കിയുണ്ടാവും ,മാറ്റങ്ങൾക്കു വഴിമാറാൻ മടിക്കുന്ന ചിലരെപ്പോലെ . മിന്നാമിനുങ്ങിനെക്കാൾ മങ്ങിക്കത്തിയിരുന്ന വഴിവിളക്കുകൾ നീളൻ ട്യൂബ് ലൈറ്റിന് വഴിമാറിയിട്ടേറെയായി , ഓർമ്മയിൽ നാട്ടുവെളിച്ചത്തിനാണിപ്പോഴും തെളിച്ചം ..നിലാവ് പോലൊരു തണുപ്പും..



No comments:
Post a Comment