അഭിനയം..
"ഹലോ " പതിനൊന്നു മണിയിലെ പതിവു ഫോൺ കാൾ
"പറയെടോ , എന്താ ഒരു മൂഡ് ഓഫ് ?"
ശബ്ദം കേൾക്കുമ്പോഴേ അറിയാം മറു തലക്കലെ മനോവിചാരങ്ങൾ .
"ഒന്നുമില്ലെന്നേ , ധോണി സിനിമയിലെ പാട്ടു കേട്ടോ? "
"പാട്ടു കേട്ടില്ല , സുശാന്ത് സിംഗ് അല്ലേ , കണ്ടു കളയാം. നല്ല ചെക്കനാ കേട്ടോ, പണ്ട് നമ്മുടെ ഏക്ത കപൂറിൻറെ കെ സീരിയല് കണ്ടോണ്ടിരുന്ന കാലം മുതലേ ബോധിച്ചതാ..അത് പറയാനാ വിളിച്ചേ?"
"അല്ലെടോ , ഐശ്വര്യയുടെ പടമുണ്ട് രൺബീറിന്റെ കൂടെ , ഏ ദിൽ ഹേ മുഷ്കിൽ ,കരൺ ജോഹറാ, പാട്ടു കൊള്ളാം.അനുഷ്കയുമുണ്ട്."
"രാവിലെ ബോളിവുഡിലാണല്ലേ ? എന്താ സംഭവം, കാര്യം പറ, നമുക്ക് പരിഹാരമുണ്ടാക്കാം!"
"അതേ , ലങ്ങേർക്കൊരാഗ്രഹം !"
"ആർക്ക് നായർക്കോ? പാട്ടു പാടണമെന്നാണോ? തെറ്റില്ലാതെ പാടുമല്ലോ, ആയ്ക്കോട്ടെടോ..ഒരാഗ്രഹമൊക്കെ ഏതു ജയിൽപ്പുള്ളിക്കും തോന്നും., കുറ്റം പറയാനൊക്കില്ല !"
"അല്ലെടോ , അതിലും കടുത്തത് , നടിപ്പാണ് വിഷയം !"
"കടവുളേ ! അതിത്തിരി കടുത്തു പോയി..അതുക്കിപ്പോ എന്നവോ ?അവരുടെ അപ്പാവോടെ ബ്ലഡ് വേല സെയ്യുതോ ഇന്ത നേരത്തിലെ ? ശരി നടിക്കട്ടുമേ, അതുക്കെന്നാ ? നിറവേറാത്ത ആഗ്രഹങ്ങളുള്ളവർ പുനർജ്ജനിക്കുമെന്നു ഞാൻ എവിടെയോ വായിച്ചു. ഇയാൾടെ നായര് വീണ്ടു ജനിച്ചാൽ പിന്നെയും ഇയാളെത്തന്നെ തിരുമണം സെയ്യും ബുദ്ധൂസ്! അത് തേവയാ ? "
കളമൊഴി മൊഴിഞ്ഞു "ആയിക്കോട്ടെ ."
ഈശ്വരാ , ഇവളെ നേർവഴി നടത്തീടാൻ... ഏതൊക്കെയോ പ്രാർത്ഥനാശകലങ്ങൾ നാവിൻ തുമ്പിൽ സഡൻ ബ്രേക്കിട്ടു നിന്നു.
"അഭിനയത്തിനെനിക്കെതിർപ്പൊന്നുമില്ല , അത് ഞാൻ പറയുവേം ചെയ്തു."
"ദാ , അത്രേയുള്ളൂ,ഇനി എന്താ പ്രശ്നം? അങ്ങേരഭിനയിച്ചു തകർക്കട്ടേന്ന് , മ്മക്ക് പോവാടോ കാണാൻ ..ന്താ പോരെ? "
"അതല്ലെടോ, അഭിനയിക്കുമ്പഴേ സ്ത്രീകളൊക്കെ ഉണ്ടാവില്ലേന്ന് ? അതാണ് ..എനിക്ക്.."
"അതിപ്പോ അങ്ങേരു ജോലിക്കു പോവുമ്പഴും ഉണ്ടല്ലോ, അതോണ്ടെന്താ ? അല്ലെങ്കിലും കൊച്ചു പയ്യനൊന്നുമല്ലല്ലോ ഇത്ര വിഷമിക്കാൻ ?"
"തനിക്കു ഞാൻ പറയണത് തീരെ മനസ്സിലാവുന്നില്ല , ഇത് ഓഫീസിൽ പോലെയല്ലെടോ , ഭാര്യയായിട്ടൊക്കെ ആരേലും...ന്റെ കൃഷ്ണാ എനിക്കോർക്കാൻ കൂടി വയ്യ ! ആരേലും അടിച്ചു മാറ്റിയാലോ?"
"അപ്പോ അതാണ് പ്രശ്‌നം , ലെറ്റ് മി തിങ്ക് എബൌട്ട് ഇറ്റ് , ഹാ..കിട്ടിപ്പോയി , വഴിയുണ്ട് ഏതെങ്കിലും മുനി വേഷമായാലോ? ഇത്തിരി വയസ്സായത് , രാമായണവും,മഹാഭാരതവുമൊക്കെ വീണ്ടു മാർക്കറ്റ് അന്വേഷിച്ചു കാത്തു നിൽപ്പാണെന്നാ കേട്ടേ .."
"അത് വേണ്ട , ഇനി വല്ല വിശ്വാമിത്രനുമായാൽ പണിയാകും ,മേനക ...പഴയ സീരിയലില് എന്തായിരുന്നു ഡാൻസ് ! ന്റെ ഭഗവതീ മുനി വേഷം വേണ്ടാ ..വല്ല സ്കൂൾ മാഷോ ബാങ്ക് മാനേജരോ ഒക്കെ ആയിക്കോട്ടെ , അതാവുമ്പോൾ അഭിനയിച്ചു തകർക്കേമില്ല , അഭിനയിക്കാനുള്ള ആശ സാധിച്ചൂന്നുമാവും ,എന്തേയ് ? "
" ഈ ബുദ്ധി അപാരം തന്നെ മകളേ , ഞാനുടനെ ചേരും തന്റെ കോച്ചിങ് ക്ലാസ്സിൽ, കൂടെ പഠിച്ചോണ്ടിരുന്നപ്പോ ഞാനിത്ര നിരീച്ചില്ല പൊന്നേ , അപ്പൊ സമാധാനായല്ലോ , തിയറി പെർഫെക്റ്റ് ,പ്രാക്ടിക്കൽസ് കഴിഞ്ഞു ബാക്കി ഡിസ്കഷൻ .."
"അപ്പൊ അൽവിദാ , തിയറി പ്രാക്ടിക്കൽ ആക്കുന്നതിലേക്കാവശ്യമായ സാധനസാമഗ്രികളുമായി ലാബിലേക്ക് ,പഴം നിറച്ചത് ,ചായ ..അത് മതിയാവും. ഒന്ന് പ്രാർത്ഥിച്ചേക്കണേ .."
അദ്ദാണ് കഥ..

No comments:
Post a Comment