Tuesday, 16 August 2016





ഭയം ചേക്കേറിയ വഴികളിലൂടെ


ഓർത്ത് നോക്കുകയായിരുന്നു ,എന്നാണു ഭയം ആദ്യം തോന്നിയതെന്ന്. കൃത്യമായി ഉത്തരം കിട്ടുന്നില്ല. എങ്കിലും സ്പർശ ത്തിലൂടെയാണ്ആദ്യം അതറിഞ്ഞത് എന്ന് തോന്നുന്നു. വേനലവധികളിലെ ഓട്ടത്തിമർപ്പിനിടയിൽ വഴി ചോദിച്ച ഒരു അപരിചിതൻ അടുത്തേക്ക് ചേർത്തു നിർത്തിയപ്പോൾ ഒരു നടുക്കം തോന്നിയിരുന്നു. ബലമായി പിടി വിടുവിച്ചു ഓടി മാറിയപ്പോൾ ,നടുക്കം തീരും വരെ കണ്ണടച്ചു കതകിനു പിന്നിലേ ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞിരുന്നപ്പോൾ ഭയത്തിനൊടുവിൽ വെറുപ്പെത്തുന്നതറിഞ്ഞു. അയാളുടെ പരുപരുത്ത കൈവിരലുകൾ, മനം മറിക്കുന്ന ബീഡിയുടെ ശ്വാസം , ചുവന്ന കണ്ണുകൾ എല്ലാം വെറുപ്പ് മാത്രമേ മനസ്സിലെത്തിക്കുന്നുള്ളൂ.

കാലം മുന്നോട്ടോടുമ്പോൾ പാവാടക്കാരിക്ക് ഭയക്കാൻ നിഴലുകൾ, ഇരുൾ വീണ തൊണ്ടുകളിൽ പിറകെ എത്തിപ്പിടിക്കാനായുമെന്ന വെറും തോന്നലുകൾ. ഇരുട്ടിലെ ഇലയന ക്കങ്ങളിൽ ഒളിച്ചിരുന്നു പേടിപ്പിക്കുന്ന പാമ്പുകൾ. ഇത്തിരി പൊന്നിനും സുഖത്തിനും പിടിച്ചു കൊണ്ടുപോയേക്കുമെന്ന ഭയപ്പെടുത്തലുകൾ. അബോധമനസ്സിലെ പിടിച്ചു കെട്ടാനാവാത്ത രാക്ഷസചിന്തകൾ ,വട്ടം കറക്കി  മുടിക്കുത്തിൽ പിടിച്ചു ചുഴറ്റി നിലയില്ലാക്കയത്തിലേക്കാഴ്ത്തുന്ന സ്വപ്‌നങ്ങൾ. പിന്നിലെത്തുന്ന കാലടി ശബ്ദങ്ങൾക്കൊപ്പം തുളച്ചു കയറുന്ന കണ്ണുകൾ , ഉടലളവുകൾ തിട്ടപ്പെടുത്തി . കാമക്കനൽ കണ്ണുകൾ കാഴ്ചച്ചിറകിലേറി പിന്നിലൂടങ്ങിനെ നിഴൽ പോലൊടുങ്ങാൻ വെമ്പുന്നു. നിഴലുകൾക്കിരട്ടിക്കാനാവുമോ എന്ന കാടൻ ചിന്തകൾ  പേറിയ  കണ്ണുകളുടെ ഭ്രാന്തൻ നോട്ടങ്ങൾക്കു പിന്നിൽ താണ്ടിയ ദൂരങ്ങൾ ഏറെയാണ്.

നിറമുള്ള ശലഭങ്ങൾക്കൊപ്പം മനസ് പറന്നപ്പോൾ ചിറകരിഞ്ഞു  വീണ്ടും  അരുതുകളിലേക്കും  , കനത്ത മുഖങ്ങളിലേക്കും  , കറുത്ത നോട്ടങ്ങളിലേക്കുമൊതുങ്ങുമ്പോൾ ഭയം കുട  ചൂടിച്ചു. അരുതുകളുടെ വേദപുസ്തകമോതിയത് കീഴ്പ്പെടലുകളുടെ മെയ് വഴക്കത്തിലേക്കുള്ള പാഠങ്ങൾ മാത്രമായിരുന്നു. ഉടലും മനസ്സും ഒരുപോലെ ഉമിത്തീയിൽ പതം വരുത്തിയെടുത്ത ഒരു പണവിട പൊന്നു പോലെ. തൊണ്ടക്കുഴിയിൽ ശ്വാസക്കുതിപ്പിനൊരു വേഗപ്പൂട്ട് പോലൊരു മിന്നും.  അപമാനഭയത്തിൽ ഒരഗ്നിപരീക്ഷയ്ക്കൊരുങ്ങും ജനകജമാരുടെ  ജന്മ നിയോഗം ! 

 ഇന്നിന്റെ ജാതകത്തിൽ നിന്നും ഭയത്തെ എടുത്തു മാറ്റേണ്ടതുണ്ട്, ഇരുട്ടിനെ പ്രണയിക്കേണ്ടതുണ്ട്, ഭയമാകുന്ന ഭൂതത്തെ ഉടയാത്ത കുപ്പികളിലൊന്നിൽ  ആവാഹിച്ചുയിർപ്പില്ലാത്തവണ്ണം ഒടുക്കേണ്ടതുണ്ട്. അളവുകോൽ കൊണ്ടളന്ന് മാറ്റിയതല്ലാത്ത അതിരുകളില്ലാത്ത ആകാശത്തിൽ അപ്പൂപ്പൻ താടികളായി പറക്കുന്ന സ്വപ്നങ്ങളെ കൈയെത്തി പിടിക്കാൻ രണ്ടു ചിറകുകൾ ,ഉയരത്തെ  ഭയമില്ലാതെ ഒരു യാത്ര..സ്വപ്നങ്ങളിലേക്ക്.










No comments:

Post a Comment