Tuesday, 9 August 2016






തിലഹോമവും മുത്തമ്മാവനും  കർക്കിടകവാവും ..

ആറേഴു തൊട്ടി മുകളിലുള്ള കുഞ്ഞിലാന്റെ കരോട്ടുന്ന്  വൻമരങ്ങൾ  വെട്ടുന്ന ശബ്ദവും , അതിരുമ്മലെ  തൊണ്ടിലൂടെ ആന വലിച്ചു കുന്നുമ്പുറത്തൂന്നു താഴേക്കെത്തിക്കുന്ന ശബ്ദവുമൊക്കെയാണ് തിലഹോമത്തിനോടോപ്പിച്ചോടി എത്തുന്ന  ഓർമ്മകൾ. ഞങ്ങൾ കുട്ടികൾ മൂന്നാള്  വട്ടം ചുറ്റി നിന്നാലും കൈകോർത്തെത്തിക്കാനാവാത്ത വലിപ്പമുള്ള മരങ്ങൾ! തേൻവരിക്കയായും , ഉപ്പേരി പ്ലാവായും , കല്ലുവെട്ടാംകുഴിക്കൽ  ആഞ്ഞിലിയായും, മുത്തശ്ശൻമാവായും പേരിട്ടു വിളിച്ചവ, വാങ്ങാൻ വന്ന മാപ്ലാരുടെ  വെറും  ഉരുപ്പടികളായി ജീവനറ്റു നിരങ്ങിയിറങ്ങി പടി കടന്നു പോയി.

 എല്ലാത്തിനും അകമ്പടിയായി മരം വലിക്കാനെത്തിയ കുട്ടിശങ്കരനെ നേരെ നടത്താനുള്ള പാപ്പാന്മാരുടെ " എടത്തിയാനെ , വലത്തിയാനെ" എന്നുള്ള  ചിന്നം വിളികളും. നല്ല കഷ്ടപ്പാടായിരുന്നു പാവം കുട്ടിശ്ശങ്കരന് , ആൾപെരുമാറ്റം ലവലേശമില്ലാതെ കല്ലും കാട്ടുമുള്ളും നിറഞ്ഞ ഇടുങ്ങിയ തൊണ്ടിലൂടെയുള്ള മരമെടുപ്പ്.

അന്ന് ആനയെക്കാണലും , താഴെ വീണ കിളിക്കൂടുകൾ സൂക്ഷിച്ചു വയ്ക്കലും , ആനിക്കാവിളകൾ കൂട്ടിവയ്ക്കലുമൊക്കെ രസമായിട്ടു തോന്നിയിരുന്നു. പക്ഷെ  മുകളിലത്തെ തൊടികളിൽ  വെളിച്ചം പരന്നപ്പോൾ അസ്വസ്ഥതയും തോന്നിയിരുന്നു. എന്തൊക്കെയോ കുറവുവന്ന പോലെ. മരങ്ങൾക്കും നിഴലുകൾക്കും മറവിൽ കണ്ണുപൊത്തിക്കളിക്കാനിനി ഇടമെവിടെ?എല്ലാം വെളിച്ചം കൊണ്ടുപോയില്ലേ ?

മരമെല്ലാം വെട്ടിവിറ്റതിന്റെ പുറകിൽ മുത്തശ്ശന് വന്ന ചില സ്വപ്നങ്ങളാണത്രെ. തിലഹോമം നടത്താനുള്ള  പണംകണ്ടെത്താനായിരുന്നു . ഉറക്കം ശരിയാവാത്തവണ്ണം ആരൊക്കെയോ സ്വപ്നത്തിന്റെ അരികിലും മൂലയിലും വന്നു പേടിപ്പിച്ചിട്ടുണ്ടാവും, അല്ലാണ്ടെന്താ? അമ്മായി പറയണ കേട്ടു പണ്ട്  വളരെ ചെറുപ്പത്തിൽ മരിച്ചുപോയ അച്ഛൻപെങ്ങൾ ആണ് സ്വപ്നത്തിൽ വന്നതെന്ന് ..അങ്ങനെ വന്നൂച്ചാലും സന്തോഷിക്ക്യല്ലേ വേണ്ടേ? മരിച്ചോരെ സ്വപ്നത്തിലല്ലാതെ വേറെവിടെക്കാണാൻ  ! പക്ഷെ മുത്തശ്ശനോടിതൊക്കെ ആര് പറയാൻ ! പ്രശ്നം വച്ച് നോക്കീപ്പോൾ സംഗതി കാര്യായി , അവര്‌ മോക്ഷം കിട്ടാത്തോണ്ട് അലയാത്രെ ! ചെറുപ്രായത്തിൽ മരിച്ചാൽ അങ്ങിനെയൊക്കെയാവുംന്നാ ,പാവല്ലേ ,കഷ്ടം തോന്നി.പ്രശ്ന വിധി പ്രകാരം കിട്ടിയ ചാർത്തുമായി സഭകൂടി എല്ലാരുമിരുന്നു. തറവാട്ടിൽ വേറേം കാരണോമ്മാരുണ്ടിതു  പോലെ, അപ്പൊ എല്ലാർക്കും മോക്ഷം  കിട്ടൂലോ , എന്താ കഥ! എത്ര എളുപ്പായി. എന്തായാലും കുടുംബപ്രശ്നമായതു കൊണ്ട് ചാർച്ചക്കാരെല്ലാം എത്തും, ആകെ മേളാവും.

കുടമാളൂരുന്നോ മറ്റോ ആണെന്ന് തോന്നുന്നു തിലഹോമം നടത്താനുള്ള തന്ത്രികൾ എത്തിയത്. തനിച്ചല്ല ,കൂടെ സഹായികൾ അഞ്ചെട്ടാളുമുണ്ട്.  ഹോമമൊരുക്കലും ,നിലത്തെഴുത്തും ഒന്നും അത്ര എളുപ്പമുള്ള പണിയല്ല ,  തെക്കുകിഴക്കേ ഭാഗത്തുള്ള  പോർട്ടിക്കോ എന്ന് വിളിക്കുന്ന മുറി പൂജക്കായി ഒരുങ്ങി. കുട്ടികൾക്ക് മുറിക്കുള്ളിലേക്ക് പ്രവേശനമില്ല ,കാഴ്ചയിലേറിയ പങ്കും ജനാലയിലൂടെ മാത്രം. എള്ളും , ചമതയും, ഹവിസ്സും എരിയുന്ന ഗന്ധത്തിനിടയിൽ   മന്ത്ര ജപങ്ങൾ മുറുകുമ്പോൾ മുത്തശ്ശൻ പുറത്തെത്തി പറഞ്ഞു " കാരണവൻമാരെയും ഇള യോളെയും  ആവാഹിച്ചു , പക്ഷെ  , മുത്തമ്മാവൻ വരാൻ കൂട്ടാക്കണില്ല , തന്ത്രികൾ വല്ലാതെ വിഷമിക്ക്യാണ് ,എന്താ ഇപ്പൊ വേണ്ടേ? "

മുത്തമ്മാവൻ മുത്തശ്ശിയുടെ അമ്മാവനാണ് ,സൽക്കർമ്മി. വളരെ ചെറുപ്പത്തിലേ മരിച്ചൂത്രേ . എല്ലാക്കൊല്ലവും തറവാട്ടിൽ  വാവുബലി വയ്ക്കുന്നതും മുത്തമ്മാവന്‌ വേണ്ടിയാണ്. അന്നുമുതൽ ഇന്നേ വരെ അത് മുടക്കീട്ടുമില്ല.  കുടുംബത്തിലെന്തും  "അമ്മാവനെ മനസ്സിൽ ധ്യാനിച്ച്" എന്ന് പറഞ്ഞു തന്നെയാ തുടങ്ങണത്‌ . സായൂജ്യപൂജ കഴിഞ്ഞു ആത്മാവ് മഹാവിഷ്ണുവില്‍ ലയിക്കുന്നു എന്നാണ് വിശ്വാസം. ആ മോക്ഷമാണ് അമ്മാവന്റെ ആത്‌മാവ്‌ വേണ്ടെന്നു വയ്ക്കുന്നത്! 


" എന്നാൽ പിന്നെ അങ്ങിനെയാവട്ടെ, വാവുബലി മുടക്കാതെ  നടത്തന്നെ, ആണൊരുത്തൻ ഇവിടെയുണ്ടല്ലോ. അവനാവും വണ്ണം ചെയ്യട്ടെ. കുടുമ്മത്തെ അനുഗ്രഹം  വേണ്ടാന്നുവയ്ക്കണതെങ്ങന്യാ ?" എന്നായി മുത്തശ്ശി.

ആവാഹനം കഴിഞ്ഞു വല്ലാണ്ട് വെട്ടിവിയർത്ത് വയ്യാണ്ടായ കർമ്മിയെ താങ്ങിക്കൊണ്ടു വരുന്നത് കണ്ടതോർക്കുന്നു. തെക്കുപുറത്തെ തെച്ചിച്ചോട്ടിലെ സന്ധ്യക്കുള്ള വിളക്കു വയ്പ്പ്  എന്തായാലും തിലഹോമത്തോടെ അവസാനിച്ചു. മുത്തശ്ശന്റെ സ്വപ്നങ്ങളിൽ പിന്നെയാരും എത്തിനോക്കീട്ടുണ്ടാവില്ലായിരിക്കും!

നാളെ കർക്കിടക വാവ്, കാരണോമാർക്കു വാവ് ബലി  നൽകേണ്ട നാൾ,അച്ഛൻ മുടക്കില്ല . വൈകുന്നേരം വിളക്ക് വയ്ച്ചു മുറിയടക്കുമ്പോൾ മറക്കാതെ ഫോൺ ചെയ്തു പറയും, " അമ്മാവനെ മനസ്സിൽ നിനയ്ച്ചോളു , തുണക്കണേ എന്ന് പ്രാർത്ഥിച്ചോളു ," മനസ്സെന്റെയും പഴയതാണ് വിശ്വാസങ്ങളും.. കാത്തോളും തീർച്ചയാണ്.







































No comments:

Post a Comment