Tuesday, 9 August 2016





മാത്തുക്കുട്ടിച്ചേട്ടനും, ഡെന്നിസ് സായിപ്പും , യങ് ലേഡിയും ...


 അവതരണത്തിന്റെ മേന്മയും നാടകീയതയും കൊണ്ട്  മനസ്സിൽ തങ്ങി നിൽക്കുന്ന കഥകൾ പറയാൻ മാത്തുക്കുട്ടിച്ചേട്ടൻ കഴിഞ്ഞിട്ടേ മറ്റൊരാളുള്ളൂ . മാത്തുക്കുട്ടിച്ചേട്ടന്റെ കഥകളിലെ കഥാപാത്രങ്ങൾ കഥകളിൽനിന്നിറങ്ങി നമുക്കു ചുറ്റിനും നിരക്കുകയും ആടിത്തിമിർക്കുകയും ചെയ്യും, കഥയവസാനിക്കുമ്പോൾ അരങ്ങൊഴിയു ന്നതിനു പകരം മനസ്സിലേക്ക് കുടിയേറുകയും സ്വപ്നങ്ങളുടെ ഭാഗങ്ങളാവുകയും ചെയ്യും, എന്നിട്ടിങ്ങനെ  വിരൽത്തുമ്പിൽ ചുറ്റിക്കളിച്ചു അക്ഷരങ്ങളുടെ രൂപത്തിൽ കൂടുതൽ മനസ്സുകൾ കീഴ്പ്പെടുത്താൻ ഒരുങ്ങുകയും ചെയ്യും.

ഡെന്നിസ് സായിപ്പും അങ്ങിനെ തന്നെ ഒരു കോണിൽ കയറിക്കൂടിയതാണ് . ഒരുപാട് കാലം കഴിഞ്ഞാണ് കഴിഞ്ഞ മാസം മാത്തുക്കുട്ടി ചേട്ടനെ കണ്ടത്.ഇടക്ക് കണ്ടാലും ദീർഘനേരം സംസാരിക്കാനുള്ള സാവകാശം കിട്ടാറുമില്ല. സംസാരം എങ്ങിനെ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിഒന്നിലെത്തിയതെന്നു എത്ര ആലോചിച്ചിട്ടും പിടികിട്ടിയതുമില്ല. മാത്തുക്കുട്ടിച്ചേട്ടന്റെ ജീവിതത്തിൽ നല്ലൊരു സ്ഥാനം ഡെന്നിസ് സായിപ്പിനുണ്ടായിരുന്നുവെന്നു ഞാൻ ഇപ്പോഴാണ് അറിഞ്ഞത്.

ജോൺ എഫ് കെന്നഡിയുടെ കാലത്താണ്  ,രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ,പീസ് കോർപ് വോളന്റിയർ എന്ന പദ്ധതിയുടെ ഭാഗമായി അമേരിക്കക്കാർ  ഞങ്ങളുടെ നാട്ടിലെത്തുന്നത്. മൂന്നാം  ലോക രാജ്യങ്ങളുടെ പട്ടികയിലുള്ള രാജ്യങ്ങളിലെ വികസനോന്മുഖ പ്രവർത്തന ങ്ങളിൽ സഹായിക്കുകയും അവിടത്തെ സംസ്കാരവും രീതികളും മനസ്സിലാക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ വരവിന്റെ ഉദ്ദേശ്യം. രണ്ടു മുതൽ മൂന്നു വർഷമാണ്  അവരുടെ ഇന്റേൺഷിപ് , അവസാനിപ്പിച്ചു തിരിച്ചു പോകുകയും ചെയ്യും.

വീടിനു അടുത്തുണ്ടായിരുന്ന ബ്ലോക്ക് ഓഫീസിലെ പൗൾട്ടറി ഫാമുമായി ബന്ധപ്പെട്ടാണ് ഏറെപ്പേരും എത്താറുണ്ടായിരുന്നത്. അമേരിക്കക്കാരുടെ സ്വതവെയുള്ള ധാർഷ്ട്യം അവരിൽ പലരിലും ഉണ്ടായിരുന്നതിനാൽ അങ്ങോട്ടേറെ അടുപ്പം കാണിക്കാനൊന്നും ആരും മിനക്കെട്ടിരുന്നുമില്ല . പക്ഷെ  ഡെന്നിസ് സായിപ്പ് തികച്ചും വ്യത്യസ്തനായിരുന്നു. എപ്പോഴും ചിരി നിറഞ്ഞ മുഖം. മുട്ടോളമെത്തുന്ന നിക്കറും ടീഷർട്ടും വേഷം.  ആറടിക്കു മുകളിൽ ഉയരം. സ്വിറ്റസർലൻഡ്  ആണത്രേ സ്വദേശം. അമേരിക്കക്കാരുടെ  രീതികൾ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല കാഴ്ചയിൽ സുന്ദരനും.

  പകൽ  ഏറെനേരവും പോർട്ടിക്കോയിൽ ചാരുകസേരയിൽ ഒരു ബുക്കുമായി  സായിപ്പിനെ  കാണാം. സ്കൂൾ കുട്ടികൾ  രാവിലെയും വൈകുന്നേരവും മതിലിൽ ആഞ്ഞൊന്നെത്തി നോക്കി കൂക്കിവിളിക്കും "സായിപ്പേ" എന്ന് . അവരെ ഓടിക്കാൻ സായിപ്പിന്റെ വെപ്പുകാരൻ  നായരും. പിന്നെപ്പിന്നെ അവര് വിളിക്കും മുൻപ് തന്നെ "സായിപ്പേ" എന്നു വിളിക്കാൻ അങ്ങേരുണ്ടാവും. അർത്ഥം മനസ്സിലാക്കിയിട്ടൊന്നുമല്ല ,അയാൾക്കൊരു നേരമ്പോക്ക്.

നായർക്ക് മലയാളം അല്ലാതെ മറ്റൊന്നും അറിയില്ലെങ്കിലും സായിപ്പ് പറയണതൊക്കെ നന്നായി മനസ്സിലാവുമെന്നാ ഭാവം, മേമ്പൊടിക്ക് ഇംഗ്ലീഷ് വാക്കുകൾ കൊണ്ടൊരു ഗുസ്തി നടത്താനും മറക്കാറില്ല. കൂടുതലും പറയുക "സായിപ്പേ  ഗോ, ഗോ , നോ നോ " എന്നു തന്നെ. സായിപ്പിന്റെ രക്ഷകർത്തൃത്വം ഏതായാലും നായരേറ്റെടുത്തു. താമസവും അവിടെത്തന്നെ. ഇടക്ക് സായിപ്പിനെ പറ്റിക്കാനെത്തുന്ന കുരുപ്പ് ചെക്കൻമാരിൽ നിന്നും രക്ഷിക്കുന്ന ജോലിയും. തൊട്ടാവാടിയെ wonderful plant എന്നു പറഞ്ഞു ഏതോ കന്നത്തരം  ഒപ്പിക്കാൻ വന്ന സദാശിവൻ എന്ന കുരുകുരുത്തം കെട്ടവനിൽ നിന്ന് രക്ഷിച്ചത് എത്ര പണിപ്പെട്ടാണെന്ന് നായർക്കേ അറിയൂ. അവന്റെ കൂടെ പോവരുതെന്നു ഡെന്നീസിനെ മനസ്സിലാക്കിപ്പിക്കാൻ പെട്ട പാട് ! " സായിപ്പേ  ടുഡേ നോ ഗോ, നോ ഗോ, ടുമോറോ എന്ത് കുന്തെകിലുമാവട്ടെ " എന്നൊപ്പിച്ചു വിയർത്തു !എന്തായാലും സായിപ്പു പോയില്ല , അത്രല്ലേ വേണ്ടൂ. കാര്യം നടക്കണം..ഭാഷയല്ല കാര്യം ആശയവിനിമയമാണ്‌.


  കഷ്ടിച്ചു 200  മീറ്റർ മാത്രമകലെയുള്ള പോസ്റ് ഓഫീസിലേക്ക് നടത്തം. ദിവസവും തപാലുകളൊന്നും വരാനുണ്ടായിരുന്നില്ലെങ്കിലും പതിവ് മുടക്കാതെ സായിപ്പ് ദിവസവും തപാലെത്തുന്ന നേരം അവിടെയുണ്ടാകും.
വൈകുന്നേരങ്ങളിൽ അടുത്തുള്ള സർക്കാർ യു പി സ്കൂളിന്റെ മൈതാനത്തിൽ സ്ഥലത്തെ പയ്യന്മാരുടെ ബാൾ  ബാഡ്മിന്റൺ . പതുക്കെ കാഴ്ചക്കാരനായി ചേർന്ന് , ചങ്ങാത്തം കൂടി  അവരോടൊപ്പം അങ്ങു ബ്ലോക്കോഫീസിന്റെ കുന്നിനപ്പുറം വരെയൊരു നടത്തവും. മാത്തുകുട്ടിച്ചേട്ടൻ സായിപ്പിനോടടുക്കുന്നതെങ്ങിനെയാണ്. അത്യാവശ്യം പള്ളിയും പട്ടക്കാരുമൊക്കെയായി അടുപ്പമായിരുന്നതിനാൽ ഇംഗ്ലീഷ് പുസ്തകങ്ങങ്ങളും മാഗസിനുകളും മാത്തുകുട്ടിച്ചേട്ടന്റെ പക്കലുണ്ടായിരുന്നു . മോശമല്ലാത്ത ഒരു പുസ്തക ശേഖരം  സായിപ്പിനുണ്ടായിരുന്നതിനാൽ വായനയെപ്പറ്റിയൊക്കെ സംസാരിക്കാനും സന്തോഷം. ഒന്നോ രണ്ടോ പേരെ ഇങ്ങനെ ഡെന്നിസിനോട് സംസാരിക്കാനുണ്ടായിരുന്നുള്ളൂ.  ഇംഗ്ലീഷ് നാക്കുളുക്കുന്ന ഭാഷയായി തോന്നിയിരുന്നതിനാൽ മറ്റുള്ളവർ  അതു സംസാരിച്ചു ഫലിപ്പിക്കാൻ മിനക്കെട്ടിരുന്നതുമില്ല. അതു കൊണ്ടു തന്നെ മലയാളം പഠിക്കാൻ സായിപ്പ് തീരുമാനിച്ചു.സായിപ്പിനെ പഠിപ്പിക്കാനുള്ള ഇംഗ്ലീഷൊന്നും കൈയിലില്ലെങ്കിലും ധൈര്യത്തോടെ ശശിച്ചേട്ടനതേ റ്റെടുത്തു. മാത്തുക്കുട്ടിച്ചേട്ടന്റെയും ശശി ചേട്ടന്റെയും   സൗഹൃദം തുടങ്ങുന്നതവിടെയാണ്. രണ്ടു പേരും ഡെന്നീസിന്റെ വീട്ടിലെ നിത്യ സന്ദർശകർ, പുസ്തകങ്ങൾ തന്നെ വിഷയം, ഒരിക്കലും മടുപ്പിക്കാത്ത വിഷയങ്ങളിലൊന്ന്.

വൈകുന്നേരങ്ങളിലെ നടത്തങ്ങളിലൊന്നിലാണ് വഴിയിൽ നിന്നും ഒരു നായ്ക്കുട്ടി ഡെന്നീസിന്റെ കൂടെ കൂടിയത്. മറ്റുള്ളവർ തട്ടി എറിഞ്ഞിട്ടും പോവാതെ പിന്നാലെ വരുന്നത് കണ്ടപ്പോൾ ഡെന്നീസ് അതിനെ ഏറ്റെടുത്തുവെന്നു പറയുന്നതാവും ശരി.

നായരെ  വിളിച്ചുറക്കെ  പറഞ്ഞതിങ്ങനെ " സീ ഔർ ന്യൂ ഗസ്റ്റ് , ഔർ  യങ് ലേഡി ,  ബി ഹാപ്പി വിത്ത് ഹേർ  " .നായർക്ക് പറഞ്ഞതൊന്നും കാര്യമായി മനസ്സിലായില്ലെങ്കിലും നായ്ക്കുട്ടിയുടെ വാസസ്ഥാനം ഇനിമുതൽ അവിടെയാണെന്ന് ബോധ്യമായി. " യങ് ലേഡി" എന്ന നാമധേയത്തിൽ തനി നാടൻ ജനുസ്സ് സായിപ്പ് വർഗ്ഗത്തിലേക്കുയർത്തപ്പെട്ടതിൽ നായർക്ക് അസാരം നീരസമുണ്ടായിരുന്നെങ്കിലും ഒരു കാര്യവുമുണ്ടായില്ല. സ്വീകരണമുറിയിലെ സെറ്റിയിലും, കസേരയിലും , എന്തിനു ഡെന്നീസിന്റെ കിടപ്പുമുറിയിലും  യങ്  ലേഡി റാണിയായി വിലസി. മറ്റുള്ളവരെക്കാൾ വേഗം ഇംഗ്ലീഷ് പഠിച്ചതും അവളായിരുന്നു.

ഹംഗേറിയൻ വിപ്ലവത്തിന്റെ കഥകൾക്കിടയിലാണ് മാത്തുക്കുട്ടിച്ചേട്ടൻ ഡെന്നീസിനോട് Thirteen Days that shook Kremlin എന്ന ബുക്കിനെ കുറിച്ച് പറയുന്നത് . ടിബെർ മെറെ എഴുതിയ 1959  ൽ പ്രസിദ്ധപ്പെടുത്തിയ ബുക്ക് അന്നത്തെ കാലത്തു പ്രസിദ്ധവുമായിരുന്നു. ആര് ചോദിച്ചിട്ടും കൊടുക്കാതെ ചില്ലലമാരയിൽ സൂക്ഷിച്ചിരുന്ന പുസ്തകം ഡെന്നീസിനായി പുറത്തിറങ്ങി. രണ്ടു ദിവസം കഴിഞ്ഞു ടെന്നീസിനെ കാണാൻ പോയ മാത്തുക്കുട്ടിച്ചേട്ടൻ ഹംഗേറിയൻ വിപ്ലവം വായിക്കുന്ന യങ് ലേഡിയെ ആണ് കണ്ടത്. പാതിയോളം വിപ്ലവം തുണ്ടുകളായി പറന്നു നടക്കുന്നുണ്ടായിരുന്നു. ഡെന്നീസിന്റെ ഉച്ചയുറക്കത്തിനിടയിലാവണം ഈ അക്രമം നടന്നിട്ടുണ്ടാവുക.  മാത്തുക്കുട്ടിച്ചേട്ടന്റെ അപ്പോഴത്തെ മുഖഭാവം കണ്ടിട്ടാവും ഡെന്നീസ് ക്ഷമാപണം നടത്തുകയും പുസ്തകം വരുത്തിക്കൊടുക്കാമെന്നു ഉറപ്പു കൊടുക്കുകയും ചെയ്തു. അതിനായി പല എഴുത്തുകുത്തുകളും കമ്പിയും അയച്ചെങ്കിലും പിന്നീടത് കിട്ടിയതേയില്ല. ഒരു ഹംഗേറിയൻ വിപ്ലവത്തിന്റെ അന്ത്യം അങ്ങിനെയായിരുന്നു.

അധികം താമസിയാതെ ഡെന്നീസിനു തിരിച്ചു പോകേണ്ടി വന്നു .അയാളെ ഏറ്റവും വേദനിപ്പിച്ചത് യങ് ലേഡിയെ കുറിച്ചുള്ള ചിന്തകളായിരുന്നുവെന്നു തോന്നുന്നു. ട്രെയിൻ നീങ്ങുമ്പോൾ അയാൾ നായരുടെ കൈ കൂട്ടിപ്പിടിച്ചു പറഞ്ഞതും അത് തന്നെയായിരുന്നു. നായർക്ക് അതിനൊക്കെ എവിടെയാ നേരം? പഴയ വീട്ടുസാധനങ്ങളുടെ കൂടെ അവളും പുറത്ത് ! ആംഗലേയം തീരെ വശമില്ലാത്ത തെരുവ് നായ്ക്കളോടൊപ്പം!  അവരുടെ ഭാഷയും അവൾ വേഗം പഠിച്ചെടുത്തു കാണും , അതിജീവനത്തിന്റെ സമവാക്യങ്ങൾ ആരെയും പഠിപ്പിക്കേണ്ടതില്ലല്ലോ..




































































  

No comments:

Post a Comment