Friday, 21 October 2016





ജിന്നും ജിമ്മും, ഞാനും അവളും !


ഫോണിലെ  കിളി ചിലച്ചു . ഒരു പ്രഭാതവന്ദനം, അതും തികച്ചും ഔപചാരികം..കണ്ണാടി മൂക്കിൻമേൽ തന്നെയില്ലേയെന്നു ഉറപ്പു വരുത്തി പ്രൊഫൈൽ ചിത്രത്തിൻറെ കൊച്ചു പതിപ്പിലേക്കു  സൂക്ഷിച്ചു നോക്കി.ആള് മാറീട്ടില്ല, അത് തന്നെ, കണവനൂണ്ടു കൂടെ പടത്തില്, എന്ത് കീറാമുട്ടിയാണോ ഇന്ന്? മറുപടി ഇനി ഫോൺ വിളി തന്നെയാണ് ഭേദമെന്നുറപ്പിച്ചു ഡയൽ ചെയ്യാനൊരുങ്ങുമ്പോൾ,വിളി  ഇങ്ങോട്ട്!!

" ഹലോ , പറയൂ കണ്മണീ എന്താണ് വിശേഷം? " വിളിച്ചയാളിനെ മറികടന്ന് ആദ്യം സംസാരിക്കുമ്പോൾ എന്താ ഒരു സുഖം!

" ഒന്നൂല്യ , വെർതേ വിളിച്ചതാണ്, ഇത്തിരി കഴിഞ്ഞാ പിന്നെ തിരക്കാവും അതാണ് ! ഒന്ന് വിളിച്ചിട്ട് പോവാലോന്നോർത്തു ."

" തെരക്കേ , അതെന്താപ്പോ ഒരു പുതിയ തിരക്ക് ? ഇന്നെങ്ങാട്ടും  പോണ പണിയൊന്നുമില്ലല്ലോ?എല്ലാരും സ്കൂളിക്കും ഓഫീസിലിക്കും പോയില്ലേ ? ഇനിയിപ്പെന്താ സ്പെഷല് ? "  ഇത് വേറെന്തോ കാര്യോള്ള സംഭവാണ് , ഉറപ്പാ.

" അതേയ് നല്ല കാലു വേദന, ഡോക്ടർ പറയാണ്‌ ഭാരം കുറക്കണംന്ന്. ഞാനാണെങ്കിൽ ജിമ്മിൽ പോണേന് ഉഴപ്പും. അതോണ്ട് കണവൻ ജിമ്മിലെ ഇൻസ്ട്രക്ടർക്കു ഒരു ക്ലാസ് കൊടുത്തു ഇന്നലെ. അവർ രാവിലെ ന്നെ വിളിച്ചു, ഞാൻ വരാന്നു പറഞ്ഞത് ഒഴുക്കൻ മട്ടിലായോണ്ട്, ദാ ഇപ്പൊ പിന്നേം വിളിച്ചു. ഇനി പോവാണ്ട് പറ്റില്ല . എന്നെ കൊണ്ട് വയ്യ , ഈ വണ്ണം ഇവിടിരുന്നാ എന്താത്ര കുഴപ്പം? നമ്മള് ശരീരത്തിനെ വെർതെ ഉപദ്രവിക്കണോ ? ലങ്ങേർക്കിതെന്തിന്റെ കേടാവോ ? ഇനിയിപ്പോ ഞാനെന്താ ലാക്മെ ഫാഷൻ വീക്കിന് പോണോ? ഇപ്പൊ ഉള്ള കല്യാണം കളവാണം മുതലായ വാരാന്ത്യ കലാപരിപാടികൾ കൊണ്ട് തന്നെ മടുത്തിരിക്കുവാ. ഉള്ള കാര്യം പറയാലോ കഥകളിക്കുപോലും ഇത്രേം ഒരുക്കം വേണ്ടാന്നു തോന്നും ചിലരെ കാണുമ്പോൾ ! അതോണ്ട് തീർന്നാലും വേണ്ടില്ല , അടുത്തേക്ക് വന്നിട്ട് ചിലര് , ഇത്തിരി ഉറക്കെ ( മറ്റുള്ളോര് കേൾക്കണം) "ഒന്ന് ചീർത്തോ കുട്ട്യേ? ജിമ്മിലിക്ക് കാണാനേ ഇല്ലല്ലോ", എന്നൊക്കെ പറയുമ്പഴാ പെറുവിരലിന് അങ്ങിനെ മേപ്പട്ടേക്കു.. ഒന്നും പറയാണ്ടിരിക്യാ ഭേദം..ഇതിനിടയിലാ കണവന്റെ വക ഉപദേശം."   

അപ്പോ  കാര്യം അതാണ് , ഇത്തിരി തടിയുള്ളതാണ് പ്രശ്നം . പിന്നെ കാലുവേദന, അതിനു ദേഹമനങ്ങാത്ത മറ്റെന്തേലും നോക്കണം ! അല്ല പിന്നെ !  പക്ഷെ അതിവിടെ വിലപ്പോവില്ല , കാരണം അയാളുടെ  നല്ല പാതി ഫിറ്റ്നസ് ഫ്രീക് ആണ്. വേറെന്താ ഒരു വഴി! കുരിശായല്ലോ !

ഭർത്താക്കന്മാരുടെ  കുടവയറിലും കഷണ്ടിയിലും  ,  ഏതെങ്കിലും ഭാര്യമാർ  വേവലാതിപ്പെട്ടതായി എനിക്കറിയില്ല. ഉത്സവത്തിനും പെരുന്നാളിനുമൊക്കെ വിറ്റിരുന്ന ആപ്പിൾ  ബലൂൺ പോലെയുള്ള കുമ്പ ഐശ്വര്യാത്രെ , ചന്ദ്രക്കല പോലെ തെളിഞ്ഞു വരണ നെറ്റി ( കഷണ്ടി എന്നുപയോഗിക്കാൻ പാടില്ല ) ബുദ്ധിരാക്ഷസനായെന്റേം ! ഇനി നല്ല പ്രായത്തിൽ നര വന്നാലോ അത് ഭാഗ്യലക്ഷണോം!

 "എന്താ ആലോചിക്കണേ ? മറുപടിയൊന്നൂല്ലേ? സ്വഭാവത്തിൽ തന്റെ കൂടപ്പിറപ്പല്ലേ അങ്ങേര്! ന്യായം പറയാനുള്ള  ആലോചനേലാവുംല്ലേ?   "

" ഞാനാലോചിക്കുവായിരുന്നു വണ്ണം കുറച്ചാലെന്താണ് എന്ന്. കഴിഞ്ഞാഴ്ച പുറത്തു പോയപ്പോ ഇതുപോലൊന്ന് ഇവിടേം നടന്നതാണ്. കണ്ടാൽ തെറ്റില്ലെന്ന് തോന്നുന്ന ഒരു വേഷം ഇട്ടു കാണിച്ചപ്പോ ട്രയൽ റൂമിന്റെ വാതിൽക്കൽ നിന്ന് നായര് പറഞ്ഞ ഒരു കമന്റ് ! ഹോ , എനിക്കോർക്കാൻ  വയ്യ. കമന്റിനേക്കാൾ കഷ്ടമായത് അവിടെ നിന്ന പെങ്കൊച്ചിന്റെ  നോട്ടമാണ്,  എന്റെ  പൊന്നേ ,അതിന്റെ മുഖത്തൂന്നു എന്ത് വേണേലും വായിക്കാം , മിണ്ടാതുരിയാടാതെ ഞാൻ ട്രയൽ റൂം വിട്ടു. പിന്നെ അത്തരം സാഹസത്തിനു മുതിർന്നതുമില്ല . ഇനി പറയ്‌ വണ്ണം കുറയ്‌ക്കണതല്ലേ ഭേദം? "

"നിക്ക് വണ്ണം കുറക്കാൻ പറഞ്ഞതിലല്ലെടോ പ്രശ്‌നം! അതിനു  പിന്നിലെന്താന്നോർത്തിട്ടാ !"

" അതിന്റെ  പിന്നിലെന്താ, തന്റെ കാലുവേദന , വേറെന്താവാനാ , നായർക്ക് സ്നേഹം കൂടീട്ടല്ലേ , പാവം."

"അല്ലെടോ, ഇത് വേറെയാ ..ഉച്ചക്ക് ഫോൺ വിളി ഓഫീസിനു പുറത്തിറങ്ങി നിന്ന് വിളിക്കാൻ തുടങ്ങീപ്പോഴേ ഞാൻ വിചാരിച്ചതാ , ന്തോ ണ്ടല്ലോന്ന് ."

ഇതേതാ പുതിയ കഥ, എനിക്ക് തീരെ പരിചയമില്ലാത്ത ഒരു ലൈൻ, പുതിയൊരു ട്വിസ്റ്റ് , ഇന്ററസ്റ്റിംഗ് . " പറയെടോ, എന്താ പ്രശ്നം ?"

"എനിക്കിതൊന്നും തീരെ അറിയില്ലായിരുന്നു. ലങ്ങേര്  എപ്പോ വിളിച്ചാലും ഞാൻ പറയണതൊന്നും കേൾക്കാൻ പറ്റില്ലേയ് , ഒരു ജാതി കാറ്റ് മൂളണപോലെ  കേൾക്കേം ചെയ്യാം, എന്താന്നു ചോദിച്ചപ്പഴാ , ഓഫീസിനു പുറത്തു ഒരു ചെറിയ കുളത്തിനടുത്തു നിന്നാ ഫോൺ വിളി എന്ന് പറഞ്ഞത്. "

"അതിപ്പോ തന്നോട് മിണ്ടണത് ആരും കേൾക്കണ്ടല്ലോന്ന് വച്ചിട്ടാവും , പാവം,വിട്ടു കള ." അല്ലെങ്കിലും ഇത്തിരി പ്രൈവസി ഒക്കെ വേണ്ടേ, അതിലെന്താണ് തെറ്റ് !

" അല്ലെടോ, ഇന്നലെ ജിമ്മിൽ പോയപ്പോ അവിടുത്തെ പിള്ളേര്  പറയണു നായരുടെ ഓഫീസിനടുത്തെ  ആ കുളത്തില് ഒരു  മുസ്ലിം പെങ്കുട്ടി പണ്ട് വീണു മരിച്ചൂന്ന് , ആത്മഹത്യ,അതും പ്രേമ നൈരാശ്യം. അവരെ പിന്നേം കണ്ടോരുണ്ടത്രെ,  കണ്ടാലാരും മയങ്ങിപ്പോവുന്ന ജിന്നാത്രേ !  ഞാൻ ഫോണില് സംസാരിക്കണത് കേൾക്കാൻ ജിന്നാവും സമ്മതിക്കാത്തത്. അങ്ങേര് ഉറപ്പായും അതിനെ കണ്ടു കാണും. ജിന്ന്  ആവേശിക്കുംന്നൊക്കെയാ കഥേല് കെട്ടേക്കണത് . അതാവും ഇങ്ങനെയൊക്കെ !  ഞാനിനി ജിന്നിനെപ്പോലെ ആവണമെന്നാണോന്റെ ഭഗവാനെ ! "

ഈശ്വരാ , കളി കൈവിട്ടു പോയോ? ജിന്നിനെ ഒതുക്കാനെന്താ ഒരു വഴി?  ഗൂഗിൾ ഭഗവാൻ രക്ഷിക്യോ?  ജിന്ന്  എന്നു ടൈപ്പ് ചെയ്യേണ്ട താമസം എന്തൊക്കെയാ ഓപ്‌ഷൻസ് ! അപ്പൊ ഇത്രയധികം പേരോ ജിന്നിനു പുറകെ? കലികാലം !












No comments:

Post a Comment