Monday, 28 November 2016




ദേശാടന പക്ഷികളുടെ ചിത്രമാണിത്..ഞാൻ അത്ര കൃത്യമായി ഓർക്കുന്നില്ല അവയുടെ നിറം , കാഴ്ചയ്ക്കും ഓർമ്മയ്ക്കും മങ്ങലേറ്റതു കൊണ്ടാവും. തറവാട്ടിലെ ലൈൻകമ്പിയിൽ കണ്ടപ്പോൾ ചിറ്റ പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ശ്രദ്ധിക്കുകയും ചെയ്യില്ലായിരുന്നു.

കുട്ടിക്കാലത്തു ഇവയെ കാണുന്നത് നേരം മയങ്ങിയ നേരത്തായിരുന്നു. അച്ഛനൊപ്പമുള്ള സായാഹ്നസവാരിക്കിടയിൽ മുവാറ്റുപുഴ പാലത്തിലൂടെയുള്ള നടത്തത്തിൽ കാണുമായിരുന്നു ഇവരെ. പാലത്തിന്റെ കൈവരികൾക്കടുത്തുള്ള വൈദ്യുതി കമ്പികളിൽ നിരനിരയായി ഇരുപ്പുറപ്പിച്ചിരിക്കും ,ആകാശത്തു എണ്ണമറ്റ പക്ഷികളെ കൊരുത്ത ഒരു മാല തൂക്കിയിട്ടിരിക്കുന്നുവെന്നേ തോന്നൂ.വൈകുന്നേരങ്ങളിൽ എവിടുന്നോ എത്തി രാത്രിയാവും മുൻപ് എവിടേക്കോ പോയിരുന്നവർ.കലപില ശബ്ദത്താൽ ഞങ്ങളുടെ കൊച്ചു പട്ടണത്തിനു ജീവൻ കൊടുത്തിരുന്നവർ.

കുട്ടിക്കാലത്തെ നടത്തങ്ങൾ പക്ഷികളെയും കണ്ടു ചെന്നെത്തുക ഇന്ത്യൻ ബേക്കറിയിൽ ! കൈവെള്ളയിൽ അടക്കിപ്പിടിച്ച കനമുള്ള ഒറ്റരൂപാത്തുട്ട് , ഒരു കപ്പ് ജോയ് ഐസ്ക്രീം , നല്ല വെളുത്തു പാലാഴി കടഞ്ഞെടുത്ത അമൃതിനെ ഓർമ്മിപ്പിക്കുന്ന മധുരവും തണുപ്പും ! അമൃത് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിനുത്തരമുണ്ട്.  ടെലിവിഷൻ ചിന്തകളെ മലിനപ്പെടുത്തും മുൻപ് 'അമ്മ പറഞ്ഞു തന്ന കഥകളിൽ നിന്നും ,അമർച്ചിത്രകഥകളിൽ നിന്നും കിട്ടിയ ചിത്രമാണത്. ഐസ്ക്രീമിന്റെ മധുരം നാവിലേക്കലിയുക പാലത്തിലെ ഫുട്പാത്തിൽ വച്ചാണ്. അച്ഛൻ പരിചയക്കാരോട് സംസാരിക്കുകയോ ,കച്ചേരിത്താഴത്തെ രാഷ്ട്രീയ പ്രസംഗങ്ങൾ കേൾക്കുകയോ ചെയ്തു. ഞാനാവട്ടെ പക്ഷികളെ എണ്ണാനുള്ള തത്രപ്പാടിലും! എണ്ണൽ എങ്ങും എത്തും മുൻപേ ചിലതു പറന്നു സ്ഥലം മാറ്റി ഇരുപ്പുറപ്പിക്കുകയും എന്നെ ദേഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടിക്കാലം പെട്ടന്നു തീർന്നു പോയെ ന്നിപ്പോഴാണ് അറിയുന്നത്. പാലത്തിനടുത്തുള്ള സ്ഥലത്തു നിന്നും അല്പം ദൂരേയ്ക്ക് താമസം മാറുക കൂടി ചെയ്തപ്പോൾ നടത്തങ്ങൾ പൂർണ്ണമായും മുടങ്ങി. എന്നാലും ഇടയ്ക്കു കാണാറുണ്ടായിരുന്നു പക്ഷിക്കൂട്ടങ്ങളെ. പക്ഷെ പിന്നീട് നാട് വെറും വിരുന്നിടമായിമാത്രം മാറിയപ്പോൾ  മറന്നു എന്ന് പറയുന്നതാണ് സത്യം.

ഏതായാലും ഈ കാഴ്ച കുറേ ഓർമ്മകളെ മറവികൂട്ടിൽ നിന്നും പുറത്തെത്തിച്ചു. പാലത്തിൽ ഒരിടവേളക്ക് ശേഷം ഇവർ എത്തുന്നുണ്ടോ എന്നറിയില്ല. എങ്കിലും അടുത്ത വരവിൽ പാലത്തിലൂടെ നടക്കുകയും അസ്തമനം കാണുകയും ചെയ്യണമെന്നുറപ്പിക്കുകയാണ്. ഓർമ്മിച്ചു  വയ്ക്കേണ്ടത് അറിയാതെ മറന്നാൽ പിന്നെയുമോർക്കാൻ  മുണ്ടിന്റെ കോന്തലയ്ക്ക് ഒരു കെട്ടിട്ടാൽ മതിയെന്ന് മുത്തശ്ശി പറഞ്ഞതോർക്കുന്നു. അതിനിപ്പോ എന്താ ഒരു വഴി?
















Friday, 18 November 2016








മഴ വന്നു വിളിച്ചുണർത്തിയപ്പോൾ ആദ്യം നോക്കിയത് മുന്നിലുള്ള പടർപ്പിലെ കിളിക്കൂടുകളാണ്. അല്പമൊരലോസരത്തോടെ അവർ പറന്നുതുടങ്ങിയിരുന്നു. മഴയ്ക്ക് പിന്നീട് ചെയ്യാനുള്ളത് മരമല്ലിയോടല്ലേ? പൂത്തുനിൽക്കുന്ന മരമല്ലിപ്പൂക്കളെ ചെറിയൊരനക്കത്തിലൂടെ താഴെയെത്തിക്കുക..

മരമല്ലി പൂക്കുന്നതിനേക്കാൾ ആ  പൂക്കൾ കൊഴിഞ്ഞുകിടക്കുന്നതു കാണുന്ന കാഴ്ചയാണ്  എന്നെ മോഹിപ്പിച്ചിട്ടുള്ളത്. പൂത്തുതുടങ്ങുമ്പോൾ   തന്റെ മദിപ്പിക്കുന്ന ഗന്ധം ചാർത്തി വൈകുന്നേരങ്ങളുടെ വശ്യത കൂടുകയാണവൾ ചെയ്യുക. വൃശ്ചികമാസത്തിലെ ചാറ്റൽ മഴയിലും തണുത്ത കാറ്റിലും മരത്തിനു താഴെ പൂമെത്ത വിരിക്കുമ്പോൾ ഞാനിവിടെയുണ്ടെന്നവൾ അറിയിക്കുകയാണ്.അങ്ങുയരത്തിലെ പൂക്കൾ ഗന്ധം മാത്രമറിയിക്കുന്നേയുള്ളൂ, ഇലകളുടെയും ശിഖരങ്ങളുടെയും പച്ചപ്പിൽ കൺവെട്ടത്ത് നിന്ന് മറഞ്ഞു നിൽക്കുകയല്ലേ? മരച്ചുവട്ടിൽ മഴത്തുള്ളികൾക്കൊപ്പം ചിതറുന്ന തണുത്ത പൂക്കൾ നിറുകയിൽ പുണ്യമായി പതിക്കട്ടെ.

നാലാമത്തെ വർഷമാണ് മരമല്ലിപ്പൂക്കാലം ഞാൻ കാണുന്നത്. അടുത്തവട്ടത്തേക്ക്  ഇവിടെ ഉണ്ടാവുകയുമില്ല. ഈ കാഴ്ചയും ഗന്ധവും ഉയിരിലേക്ക് , വരുംകാലത്തേക്ക് ....












Tuesday, 8 November 2016



 കമ്മാളത്തെരുവിലെ മനംമയക്കും  തലയാട്ടി  ബൊമ്മകള്‍


പുനയനലൂർ മാരിയമ്മൻ കോവിലിനു മുന്നിലെ പൂക്കാരി നീലാംബാളായിരുന്നു തഞ്ചാവൂര്‍ ബൊമ്മകളുണ്ടാക്കുന്നയിടം തേടിയുള്ള യാത്രയില്‍ എന്റെ വഴികാട്ടി. കോവിലിന്റെ അടുത്തുള്ള കമ്മാളത്തെരുവ് കണ്ടുപിടിക്കാനല്പ്പം ബുദ്ധിമുട്ടുമെന്നു തോന്നിയപ്പോഴാണ് വഴിതിട്ടപ്പെടുത്താമെന്നു വച്ചത്. അത്ര വലുതല്ലാത്ത, എന്നാല്‍ ഒരു ഗ്രാമത്തിന്റെ മട്ടും ഭാവവും മാരിയമ്മന്‍ കോവില്‍ തെരുവിനുണ്ടായിരുന്നു. ഇരുവശവും കളിക്കോപ്പുകളും കുപ്പിവളകളും വിൽക്കുന്ന ചിന്തിക്കടകൾ, നിറപ്പകിട്ടാർന്ന ബൊമ്മക്കടകൾ, പൂമാലകൾ തൂക്കിയിട്ട വലിയ പൂക്കടകൾ, കൂടാതെ മല്ലിപ്പൂമാല വിൽക്കുന്ന സ്ത്രീകളും. വണ്ടി നിർത്തി കുറച്ചു പൂവ് വാങ്ങി, കമ്മാളത്തെരുവിലേക്കുള്ള വഴി ചോദിച്ചു. പൂക്കാരിയുടെ പ്രസാദാത്മകമായ മുഖത്തിനു പേര് നീലാംബാൾ! 
 പതിവ് കച്ചവടങ്ങള്‍ക്ക് സമയമാകാത്തതിനാല്‍ അല്പം വിശദമായിത്തന്നെ നീലാംബാള്‍ വഴി പറഞ്ഞു തന്നു. കൂടെ കുറച്ചു ചരിത്രവും. കമ്മാളത്തെരുവെന്നു പേരേയുള്ളൂ. കമ്മാരന്മാര്‍ ശേഷിക്കുന്നത് മൂന്നോ നാലോ മാത്രം. തലയാട്ടി ബൊമ്മയുണ്ടാക്കുന്ന ഭൂപതിയെ അവര്‍ക്കറിയില്ല, എങ്കിലും തെരുവിലെത്തിയാല്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നവര്‍ പറഞ്ഞു. വിരലിലെണ്ണാവുന്ന കുടുംബങ്ങളേ ബൊമ്മനിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നുള്ളൂ. പറഞ്ഞു തന്ന വഴി കിറുകൃത്യം, ഒരിടവഴിയിലൂടെ കമ്മാളത്തെരുവിലേക്ക്. കമിഴ്ത്തോടുകൾ മേഞ്ഞ മേല്‍ക്കൂരകളുള്ള ഉയരം കുറഞ്ഞ വീടുകള്‍. ഇ ടയ്ക്ക്  ഒന്നോ രണ്ടോ പുതിയ ഇനം വാർക്ക  വീടുകള്‍, ചാണകം മെഴുകി വെടിപ്പാക്കിയ വരാന്തകളും, മുറ്റങ്ങളും, അരിപ്പൊടിക്കോലങ്ങളും കടക്കുമ്പോള്‍ തന്നെ മനസ്സില്‍ വല്ലാത്തൊരു ആകാംക്ഷ നിറയുണ്ടായിരുന്നു. തലയാട്ടി ബൊമ്മകള്‍.. പെരിയകോവിലിന്റെ മുന്നിലെ കടകളിലെ വര്‍ണ്ണപ്പകിട്ടാര്‍ന്ന നൃത്തക്കാരി ബൊമ്മകളുടെ നാണത്തില്‍ മുങ്ങിയ കുണുക്കവും ഭംഗിയും വല്ലാതെ മോഹിപ്പിച്ചിരുന്നു.

നേരത്തെ വിളിച്ചറിയിച്ചിരുന്നത് കൊണ്ട് ഭൂപതി വഴിയില്‍ത്തന്നെ കാത്തു നിന്നിരുന്നു. അല്‍പ്പമൊന്നു മോടിപിടിപ്പിക്കാന്‍ ശ്രമിച്ച വീടിന്റെ ഉമ്മറത്ത് പാതി തീര്‍ന്നതും നിറം പിടിപ്പിക്കാനുള്ളതുമായ തലയാട്ടി ബൊമ്മകള്‍, എല്ലാത്തിനും, ഒരേ മുഖം, രാജാവും റാണിയും..പഴയ മറാത്ത പ്രതാപകാലത്തെ രാജവാഴ്ചയെ സൂചിപ്പിക്കുന്നു. കാലമിത്രയായിട്ടും ബൊമ്മകളിലെ രാജപ്രതാപത്തിനു മങ്ങലേറ്റിട്ടില്ല എന്ന് മാത്രമല്ല, മിഴിവേറിയിട്ടേയുള്ളൂ. ഒന്നെത്തിനോക്കി,  നൃത്തം ചെയ്യുന്ന പാവകള്‍ ഒറ്റനോട്ടത്തില്‍ കണ്ണില്‍ പെട്ടില്ല. അതായിരുന്നു ഈ യാത്രയിലെ  ഏറ്റവും വലിയ ആകര്‍ഷണം. തഞ്ചാവൂരിന്റെ നൃത്തപാരമ്പര്യത്തെ വിളിച്ചറിയിക്കുന്ന, പാവാടത്തുമ്പില്‍ പതുക്കെയൊന്നു തട്ടിയാല്‍ ഉടലാകെ ഇളക്കിയാടുന്ന, മനംമയക്കുന്ന ബൊമ്മകള്‍. എന്നാല്‍ ഇവ തഞ്ചാവൂരില്‍ നിര്‍മ്മിക്കപെടുന്നില്ലെന്നറിഞ്ഞപ്പോൾ അത്ഭുതമായിരുന്നു. 

പൂര്‍വികരുടെ കാലം മുതൽക്കേ,  രാജാ റാണി ബൊമ്മകളും കളിമണ്ണു കൊണ്ട് മാത്രമുണ്ടാക്കുന്ന ഗൊലു ബൊമ്മകളും അല്ലാതെ മറ്റൊന്നും നിര്‍മ്മിക്കാറില്ല എന്ന് ഭൂപതി പറഞ്ഞു.  വലിപ്പത്തിൽ വരുന്ന വ്യത്യാസമല്ലാതെ രാജാ റാണി ബൊമ്മകളിൽ മുഖഛായ പോലും കാര്യമായി മാറുന്നില്ല. ഒരേ രാജാവ്, അതേ റാണി! തലമുറകൾക്കപ്പുറം മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്നു. തലയാട്ടുന്ന "ചെട്ടിയാര്‍ ആച്ചി " ഗൊലു ബൊമ്മകളില്‍ പ്രധാനിയാണെങ്കിലും തഞ്ചാവൂര്‍ ബൊമ്മകളുടെ ഗണത്തില്‍ വരില്ലത്രെ. തലയാട്ടി ബൊമ്മകള്‍ എന്ന് പേരെയുള്ളൂ, ആടുന്നത് ഉടലാകെ, അടിഭാഗത്തിന്റെ സവിശേഷതകൊണ്ട്‌ താഴെ മറിഞ്ഞു വീഴുകയില്ല, ചെറിയ കുട്ടികള്‍ക്കുള്ള കളിക്കോപ്പായാണ് ഇതിന്റെ നിര്‍മ്മാണം തുടങ്ങിയതത്രെ. ഇരിക്കാന്‍ തുടങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക്‌ വീഴില്ലെന്നൊരു ധൈര്യം കൊടുക്കാനായാണത്രേ ഈ ബൊമ്മകള്‍ നിര്‍മ്മിക്കപ്പെട്ടത്. ഭൂപ്രദേശ സൂചികയില്‍ ഈ തരത്തിലുള്ള അടി ഭാഗം ഉരുണ്ട ബൊമ്മകള്‍ക്ക് മാത്രമേ അംഗീകാരം ലഭിച്ചിട്ടുള്ളൂ.

തമിഴില്‍ ഗുണ്ടുചട്ടിബൊമ്മകള്‍ എന്നാണിതിനു പേര്.  മുകള്‍ഭാഗം പേപ്പര്‍ പള്‍പ്പും , പ്ലാസ്റ്റര്‍ ഓഫ് പാരിസും മരചീനിപ്പൊടി കൊണ്ടുണ്ടാക്കിയ പശയും കൃത്യമായ അനുപാതത്തില്‍ കുഴച്ചു അച്ചില്‍ പരത്തിയുണ്ടാക്കിയതാണ്. അച്ചുകൾ ചേർക്കുമ്പോൾ ഒട്ടിച്ച മാവിന് മുകളില്‍ ഒരു കടലാസ് കവചം. അച്ച്‌ അടയ്ക്കുമ്പോള്‍ രണ്ടു വശങ്ങളും പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാനാണിത്. അനുപാതങ്ങളില്‍ വ്യത്യാസം ഉണ്ടായാല്‍ അച്ചില്‍ മാവ്  ഒട്ടിപ്പോവുകയും ഉപയോഗശൂന്യമാവുകയും ചെയ്യും.  മാവുകുഴയ്ക്കല്‍  നല്ല അധ്വാനം വേണ്ട പണിയാണ്. വെയിലില്‍ ഉണങ്ങിയ അച്ചുകളില്‍  നിന്നും വേര്‍ പെടുത്തിയെടുത്ത മുകള്‍വശം പശയും മാവും കൊണ്ട് ഒട്ടിച്ചു മിനുക്കിയെടുക്കുന്നു.പൊള്ളയായ മുകള്‍ഭാഗത്തെ നല്ലവണ്ണം ആടുന്ന രീതിയില്‍  കളിമണ്ണു കൊണ്ടുണ്ടാക്കിയ ഉരുണ്ടു  മിനുമിനുത്ത അടിഭാഗത്തിന് മേല്‍ പിടിപ്പിച്ചെടുക്കുന്നു. സംതുലന സിദ്ധാന്തം അടിസ്ഥാനമാക്കിയാണ് നിലത്തുറപ്പിക്കുന്ന ഭാഗത്തിന്റെ നിര്‍മ്മാണം.

നൃത്തം ചെയ്യുന്ന ബൊമ്മകള്‍ കൂടുതലും മായാവരം, കടലൂര്‍ , ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വരുന്നത്. മാറിവരുന്ന അഭിരുചികള്‍ക്കനുസരിച്ചു സൌന്ദര്യശാസ്ത്രത്തില്‍ അല്‍പ്പമൊന്നു ശ്രദ്ധിച്ചുണ്ടാക്കിയതാവാം ഈ ബൊമ്മകള്‍. മൂന്ന് അനങ്ങാവുന്ന ഭാഗങ്ങളായാണ് ഇതിന്റെ നിര്‍മ്മാണം. തലയും , കൈകളടങ്ങുന്ന മുകള്‍ ഭാഗവും, അരക്കെട്ടും  ചെറിയ ഒരു കാറ്റില്‍ പോലും നൃത്തവിസ്മയം തീര്‍ക്കും. ഭരതനാട്യവും, കഥകളിയും മണിപ്പൂരി നൃത്തവും ഒരുപോലെ വഴങ്ങുന്ന കാലദേശവ്യത്യാസമില്ലാതെ  നൃത്തം ചെയ്യുന്ന  ബൊമ്മകൾ!
ആന്ധ്രയിലെ, കൊണ്ടാപ്പള്ളിയില്‍  തഞ്ചാവൂര്‍ ബൊമ്മ കളുടെ അനുകരണ പതിപ്പുകളില്‍ കാണാം,. ഏതാണ്ട് ഇരുനൂറോളം കലാകാരന്മാര്‍ ഇതിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ ബൊമ്മകള്‍ക്ക് മരം കൊണ്ടുമാത്രമുണ്ടാക്കുന്ന തീരെ ഖനമില്ലാത്ത കൊണ്ടാപ്പള്ളി പാവകളോട് കാര്യമായ സാദൃശ്യവുമില്ല. പേപ്പര്‍ പള്‍പ്പും പശയും, പ്ലാസ്റ്റര്‍ ഓഫ് പാരിസും, മരത്തിന്റെ പള്‍പ്പും  ഇതിനുപയോഗിക്കുന്നു. ബൊമ്മയുടെ തലയെ ലോഹകമ്പി കൊണ്ട്  എത്ര കൃത്യമായി ഉടലുമായി ഖടിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നൃത്തചലനത്തിന്റെ ഭംഗി. വിപണന സാധ്യതകള്‍ കണക്കിലെടുത്ത് കൂടുതലും ഇത്തരം ബൊമ്മകളാണ് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെടുന്നതത്രേ.   കരകൌശലവിദഗ്ധരുടെ  ലഭ്യതക്കുറവു മൂലം വിപണിയുടെ ആവശ്യങ്ങള്‍ പലപ്പോഴും പൂര്‍ത്തീകരിക്കപ്പെടുന്നില്ല.


പത്തൊന്‍പതാം നൂറ്റാണ്ടില്‍ , മറാത്താ രാജാവായ ശരഭോജിയുടെ ഭരണകാലത്ത് പെരിയ കോവിലും കൊട്ടാരവുമായി ബന്ധപ്പെട്ടു വളര്‍ ന്നതാണീ കല.  179 വര്‍ഷം നീണ്ട മറാത്ത ഭരണത്തിനു ബ്രിട്ടീഷുകാരുടെ സൌഹൃദത്തിന്റെ തണലുണ്ടായിരുന്നത് കൊണ്ട് രാജ്യത്തിന്റെ സാംസ്കാരിക ഉന്നമനത്തിനു വിഘാതം വരുത്തുന്നതൊന്നും നേരിടേണ്ടി വന്നില്ല. ചോള, ചേര സാമ്രാജ്യങ്ങള്‍  വളര്‍ത്തിയ എല്ലാ വിധ കലകളും അഭിവൃദ്ധിപ്പെടാനും ഇത് സഹായിച്ചിട്ടുണ്ട്.

 സ്ത്രീകളും പുരുഷന്മാര്‍ക്കൊപ്പം തുല്യപങ്കാളിത്തത്തില്‍ ഈ തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ട്. കമ്മാരന്മാരില്‍ അധികവും കുലത്തൊഴിലായ കലം, ചട്ടി മുതലായവയുടെ നിര്‍മ്മാണത്തിലേര്‍പ്പെടാറാണു് പതിവ് , എന്നാല്‍ ചുരുക്കം ചിലര്‍ താവഴിയായിക്കിട്ടിയ കൈത്തൊഴിലായ ബൊമ്മ നിര്‍മ്മാണം തുടരുന്നു. ഉണ്ടാക്കുന്നവയത്രയും വിപണനം ചെയ്യപ്പെടുന്നുമുണ്ട്. സാങ്കേതിക വിദ്യയിലെ മികവു കളിമണ്ണില്‍ നിന്ന് പേപ്പര്‍ പള്‍പ്പിലും പ്ലാസ്റെര്‍ ഓഫ് പാരിസിലും കൊണ്ടെത്തിച്ചതൊഴിച്ചാല്‍ കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടില്ല. പഴയകാല ജലച്ചായങ്ങള്‍ നിറപ്പകിട്ടേറ്റിക്കൊണ്ട് ഓയില്‍ പെയിന്റിനു വഴിമാറി.

 തഞ്ചാവൂരില്‍ ഉണ്ടാക്കുന്ന ബൊമ്മകളില്‍ പാതി ചെന്നൈയില്‍ വില്‍ക്കപ്പെടുന്നു. വിപണിയുടെ സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. കൂടുതലും തഞ്ചാവൂര്‍    ഹാന്റിക്രാഫ്റ്റ്  ഇന്റസ്ട്രിയല്‍  കോപ്പറേറ്റീവ്  സൊസൈറ്റി     വഴിയാണ് വിപണനം. വര്‍ഷം നുഴുവനും ആവശ്യക്കാരുള്ള  തഞ്ചാവൂര്‍ ബൊമ്മകള്‍ വില്‍പ്പനക്കു  പലപ്പോഴും തികയാറില്ല എന്നാണു സൊസൈറ്റി  ഭാരവാഹിയായ  E. അരുള്‍ സെല്‍വം പറഞ്ഞത്. ബൊമ്മയുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും അദ്ദേഹത്തിന്‍റെ വാക്കുകള്‍ എനിക്കു വഴികാട്ടിയായി.

തനതു കൈത്തൊഴിലുകളിലേക്ക്  പുതിയ ആളുകളുടെ വരവ് കുറഞ്ഞതിനാല്‍ അതിനെ പ്രോത്സാഹിപ്പിക്കാനായി  ജില്ല ഭരണ നേതൃത്വത്തില്‍ കമ്മാരസമുദായത്തിലെ  സ്ത്രീകള്‍ക്ക് ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി ആസൂത്രണം ചെയ്തു വരുന്നുണ്ട്. അതിന്റെ ഫലം വരുന്ന  ബൊമ്മക്കൊലുവിന്‍റെ സമയത്തുള്ള ആവശ്യകത നിറവേറ്റുമെന്നു കരുതുന്നു. ആഗോളവല്‍ക്കരണത്തിന്റെ ഇന്നില്‍ ദൃശ്യമാധ്യമങ്ങളുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തിയാല്‍  ഈ കരകൌശലവിസ്മയം കൂടുതല്‍ ജനങ്ങളിലെക്കെത്തില്ലേ?  ഓണ്‍ലൈന്‍  വിപണന സാധ്യതകള്‍ ഈ മേഖല ഇനിയും കാര്യമായി ഉപയോഗിച്ചിട്ടില്ല. എല്ലാത്തിലെയും പോലെ ഇടത്തട്ടുകാര്‍ തന്നെ ഇവിടെയും ലാഭം കൊയ്യുന്നു. ഈ വക കാര്യങ്ങളില്‍ കൂടി അധികാരികള്‍ ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ ഈ തൊഴില്‍ വിട്ടുപോകണമെന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാവാതിരിക്കും. ഏറെയൊന്നും ലാഭേച്ഛകൂടാതെ പരമ്പരാഗത വ്യവസായം തുടര്‍ന്ന് പോകുന്നവരെ പരമാവധി പ്രോത്സാഹിക്കുക വഴി  അവരുടെ ജീവിത വഴികളില്‍ അല്പം പ്രകാശം കൊണ്ട് വരാനുമാവും.

നഗരവല്‍ക്കരണത്തിന്റെ ഭാഗമായാവാം നടപ്പുവഴികളില്‍ കണ്ട വാണിഭക്കടകള്‍ ഇപ്പോള്‍ കാണുന്നില്ല. പ്ലാസ്റിക് അനുകരണങ്ങളുടെ കച്ചവടമാണോ കടകള്‍ മാറ്റിയതിനു കാരണമെന്നറിയില്ല. യന്ത്രവല്‍ക്കരണം സംഭവിക്കാത്ത ഒരു മേഖലയും ഇന്നില്ല. കാലക്രമേണ ഇതിലും വന്നേക്കുമോ എന്ന ചോദ്യത്തിന് ഭൂപതിക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. കൈത്തൊഴിലായി നൂറ്റാണ്ടുകള്‍ കടന്നു വന്ന ഈ കലയ്ക്കു മാറ്റമുണ്ടാവാനിട ല്ല. അങ്ങിനെയാവുമോ എന്തോ?

മണ്‍മറഞ്ഞ രാജവാഴ്ചപ്പെരുമയുടെ ചരിത്രത്തില്‍ നിന്നും ഓര്‍മ്മകളിലെക്കെത്താതെ പുതുയുഗത്തിലേക്ക് കടന്നുവന്ന ബൊമ്മകളുടെ  ചലനത്തിനൊപ്പിച്ചു എന്തിനെന്നറിയാതെ എന്റെ മനസ്സും ചാഞ്ചാടി ത്തുടങ്ങി.