മഴ വന്നു വിളിച്ചുണർത്തിയപ്പോൾ ആദ്യം നോക്കിയത് മുന്നിലുള്ള പടർപ്പിലെ കിളിക്കൂടുകളാണ്. അല്പമൊരലോസരത്തോടെ അവർ പറന്നുതുടങ്ങിയിരുന്നു. മഴയ്ക്ക് പിന്നീട് ചെയ്യാനുള്ളത് മരമല്ലിയോടല്ലേ? പൂത്തുനിൽക്കുന്ന മരമല്ലിപ്പൂക്കളെ ചെറിയൊരനക്കത്തിലൂടെ താഴെയെത്തിക്കുക..
മരമല്ലി പൂക്കുന്നതിനേക്കാൾ ആ പൂക്കൾ കൊഴിഞ്ഞുകിടക്കുന്നതു കാണുന്ന കാഴ്ചയാണ് എന്നെ മോഹിപ്പിച്ചിട്ടുള്ളത്. പൂത്തുതുടങ്ങുമ്പോൾ തന്റെ മദിപ്പിക്കുന്ന ഗന്ധം ചാർത്തി വൈകുന്നേരങ്ങളുടെ വശ്യത കൂടുകയാണവൾ ചെയ്യുക. വൃശ്ചികമാസത്തിലെ ചാറ്റൽ മഴയിലും തണുത്ത കാറ്റിലും മരത്തിനു താഴെ പൂമെത്ത വിരിക്കുമ്പോൾ ഞാനിവിടെയുണ്ടെന്നവൾ അറിയിക്കുകയാണ്.അങ്ങുയരത്തിലെ പൂക്കൾ ഗന്ധം മാത്രമറിയിക്കുന്നേയുള്ളൂ, ഇലകളുടെയും ശിഖരങ്ങളുടെയും പച്ചപ്പിൽ കൺവെട്ടത്ത് നിന്ന് മറഞ്ഞു നിൽക്കുകയല്ലേ? മരച്ചുവട്ടിൽ മഴത്തുള്ളികൾക്കൊപ്പം ചിതറുന്ന തണുത്ത പൂക്കൾ നിറുകയിൽ പുണ്യമായി പതിക്കട്ടെ.
നാലാമത്തെ വർഷമാണ് മരമല്ലിപ്പൂക്കാലം ഞാൻ കാണുന്നത്. അടുത്തവട്ടത്തേക്ക് ഇവിടെ ഉണ്ടാവുകയുമില്ല. ഈ കാഴ്ചയും ഗന്ധവും ഉയിരിലേക്ക് , വരുംകാലത്തേക്ക് ....
No comments:
Post a Comment