ഏറെക്കാലത്തിനു ശേഷമാണ് നാട്ടിൽ ഒരു വിവാഹത്തിൽ പങ്കെടുക്കുന്നത്..മറന്നു തുടങ്ങിയ ഒരുപാട് മുഖങ്ങൾ ഓർത്തെടുത്തു..പിന്നെ കുറച്ചു പുതിയ മുഖങ്ങളും.
ചിത്രത്തിൽ ഉള്ളയാൾ "കറുകയിൽ കൈമൾ " പേര് കൊച്ചുമഠത്തിൽ ഗോപാലൻ നായർ. ഞാൻ നല്ലപ്പഴാണ് കാണുന്നത്. വൈക്കഷ്ടമിക്ക് പോയി കാണിക്കയിട്ടു വന്ന കഥ പറഞ്ഞു.. മറന്നു തുടങ്ങിയിരുന്നതോർമ്മിക്കാൻ ഒരു കാരണമായി. കഥയിൽ മഞ്ചലുണ്ടായിരുന്നതോർത്തു, മടിച്ചില്ല ,ചോദിച്ചു " മഞ്ചലിലാ പോയെ?"
"ഏയ് , ഇല്ല, ഇപ്പൊ മഞ്ചലെവിട്യാ? ടാക്സി വിളിക്കും , കൂടെ വരാനാളുമുണ്ടേ, തുണയ്ക്ക് . അതെന്താപ്പോ അങ്ങിനെയൊരു സംശയം? "
"പഴയ കഥേല് മഞ്ചലെന്നോർമ്മ" .മനസ്സിലെ ചിത്രം വേറെ ആയിരുന്നു..
"വലിയ മാറ്റോന്നൂല്ല , ചടങ്ങൊക്കെ പഴേത് തന്നെ..വള്ളത്തിൽ പോവാൻ വെള്ളല്ല്യാണ്ടായില്യേ ? എത്ര കാലായി? പക്ഷെ 21 കൊല്ലായി ചടങ്ങു മുടക്കീട്ടില്ല. നീയ്യ് കേട്ട കഥ ഒരുപാട് പഴേതാവൂല്ലോ .."
" അതെ. പഴേതാ ,ഒരു മുപ്പതു കൊല്ലമെങ്കിലും കാലം പോയതിത്തിരി വേഗായീന്നാ തോന്നണേ.."
ചിലപ്പോഴൊക്കെ വെറും പഴഞ്ചനാവാനാണിഷ്ടം..
വൈക്കത്തഷ്ടമി നാളിൽ വലിയ കാണിക്കയിലെ ആദ്യ കാണിക്കയായ ചെത്തിപ്പൂവ് സമർപ്പിക്കാനുള്ള അവകാശമുള്ളയാൾ. വൈക്കത്തപ്പന്റെ വിഗ്രഹത്തിൽ ആദ്യമായി തെച്ചിപ്പൂവ് കാണിക്കയായി ഇട്ടതു കറുകയിൽ കൈമളുടെ പിൻ തലമുറക്കാരത്രേ. ക്ഷേത്രത്തിന്റെ ഉൽപ്പത്തിയോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു ഇതിന് .കഥ ഞാൻ പണ്ട് കുട്ടിയായിരുന്നപ്പോൾ കേട്ടതാണ്..അന്ന് പറഞ്ഞു തന്നതാവട്ടെ മുൻപ് കറുകയിൽ കൈമൾ സ്ഥാനം വഹിച്ചിരുന്ന തൈക്കാട്ടു സുകുമാരൻ നായർ എന്ന മുത്തശ്ശിയുടെ ബന്ധുവും..
കഠിനമായ വ്രതാനുഷ്ടാങ്ങളോടെ , ചുവന്ന പട്ടും ഉടവാളുമായി അടുത്തുള്ള ഐശ്വര്യഗന്ധർവക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നതാണ് വൈക്കത്തേക്കുള്ള യാത്ര. അഷ്ടമി ദിനം ഉച്ചയോടെ മഞ്ചലിൽ മേളവാദ്യങ്ങളോടെ എത്തുന്ന കൈമളിന് ആചാരവിധിപ്രകാരമുള്ള സ്വീകരണം. അർദ്ധ രാത്രിയോടെ നാലമ്പലത്തിൽ പ്രവേശിച്ചു പണക്കിഴിയും സ്വർണ്ണം കൊണ്ടുള്ള തെച്ചിപ്പൂവും കാണിക്കയർപ്പിച്ചതിനു ശേഷം മടക്കം. മറ്റു ദിവസങ്ങളിൽ വൈക്കത്തമ്പലത്തിൽ പ്രവേശിക്കാനുള്ള അനുവാദം കൈമൾക്കില്ല..
ഇത് കഥയുടെ ആധാരമായ വിശ്വാസം..
കേൾക്കാൻ സുഖമുള്ള കൊച്ചു വിശേഷങ്ങൾ..
No comments:
Post a Comment