വല്ലിക്കെല്ലാം തമാശയാണ്..വല്ലിയെന്നാൽ വല്ലിവേൽ മുരുകൻ.. സ്വാമിമലയിൽ നേര്ച്ച നേർന്ന് പിറന്നവൻ , അവിടെ അടിമ കിടന്നവൻ..കഥയെല്ലാം വല്ലിയുടേതാണ്..വരുന്ന ഓരോ ദിവസവും ഓരോ കഥകൾ..പച്ചക്കറിക്കാരനോട് അത്രയ്ക്കൊന്നും വേണ്ടെന്നൊരു താക്കീത് കാറ്റിൽ എപ്പോഴേ പറന്നു.. അത് പോയ വഴി പുല്ലു മുളച്ചില്ല. ചിലപ്പോഴൊക്കെ ചില ചോദ്യങ്ങളുടെ മുനയൊടിച്ചു ഞാനൊരു നുണ വച്ച് ഓട്ടയടച്ചു. എന്നിട്ടുള്ളിൽ അമർത്തിച്ചിരിച്ചു. കൊച്ചുകൊച്ചു സന്തോഷങ്ങളിലാണ് ജീവിതത്തിന്റെ ഇഴ പാവുന്നത്. ചങ്ങലകൾ വലിച്ചിഴച്ചു നടക്കുന്നത് നരകത്തിലല്ലേ ? അതിനുള്ള റിഹേഴ്സൽ ഇവിടുന്നെ തുടങ്ങേണ്ടല്ലോ.
ആഴ്ചയിൽ മൂന്നുവട്ടമെങ്കിലും വല്ലിയെ കാണും, ഇളം പച്ച നിറമുള്ള തള്ളുവണ്ടിയിൽ എല്ലായിനവുമുണ്ടാവും, വാടിയതൊരിക്കലു മുണ്ടാവുകയുമില്ല. ചിലപ്പോഴെങ്കിലും ഒന്നും വേണ്ടെങ്കിലും ഞാൻ വാങ്ങുകയും ചെയ്യും. ചില ശീലങ്ങൾ അങ്ങിനെയാണ്. കൊച്ചു കൊച്ചു വിശേഷങ്ങളിലൂടെയുള്ള യാത്രകൾ, മുടക്കാനിഷ്ടമില്ലാത്ത യാത്രകൾ.ചിലപ്പോൾ വല്ലിക്കൊപ്പം ഭാര്യയുമുണ്ടാവും, മഞ്ജുളക്കും വല്ലിയെ പോലെ തന്നെ ചിരി പകർത്തെഴുതിയ മുഖമാണ്. എഴുതും തോറും ഭംഗി കൂടിക്കൂടി വരുന്ന പകർത്തെഴുതുകൾ.
രാവിലത്തെ ഫോൺ കോളുകളുടെ അങ്ങേ തലക്കൽ ഉള്ള ശബ്ദങ്ങൾക്കുമറിയാം വല്ലിയെ ,പലപ്പോഴും സംസാരം പാതിവഴിയിൽ അവസാനിപ്പിക്കുന്നത് വല്ലിയെത്തുമ്പോഴാണെന്നതാണ് കാരണം. ന്യൂ ഇയർ ആശംസ മുഴുമിക്കുമ്പോഴായിരുന്നു വല്ലിയുടെ ഇക്കൊല്ലത്തെ ആദ്യവരവ് . സംസാരത്തിന്റെ വാൽക്കഷണത്തിലെത്തിയത് വല്ലിക്കു മുന്പിൽ. അടുത്ത ചോദ്യം "യാരക്കാ , ഉങ്ക ഫ്രണ്ടാ ?"
" ആമാ, എതുക്ക് കെട്ടീങ്കെ ? "
" ഒന്നുമില്ലൈ , ഇപ്പടി പാസമാ പേശണംന്നാൽ സുമ്മാ ഫ്രണ്ട് പത്താത് അക്കാ. റൊമ്പ ക്ലോസായിരുക്കണം, അതാനേ? സാർ അല്ലായെന്നെനിക്കു തെരിയും !"
ചില ചോദ്യങ്ങൾക്കുമുന്നിൽ ഉത്തരമില്ലാതെ ഇരുട്ടിലലയുക എന്റെ പതിവാണ്. വല്ലി പറഞ്ഞത് ശരിയാണ് , "സാർ" വിളിച്ചിട്ട് ഏതായാലും ചിരിച്ച മുഖത്തോടെ ഞാൻ വരാനിടയില്ല. കാര്യമാത്രപ്രസക്തമായ സംസാരങ്ങളിൽ ചിരിക്കിടമെവിടെ ? ബന്ധങ്ങൾ പഴകും തോറും ശീലങ്ങൾ ആയിക്കഴിഞ്ഞു.
എന്റെ ചിന്തകൾക്കിടയിൽക്കയറി അയാൾ വീണ്ടും!
"എനക്കും അപ്പടിയൊരു ഫ്രണ്ട് ഇറുക്ക് താൻ. എൻ മാമാ പൊണ്ണു , കട്ടിക്കണം എന്നു നിനയ്ചേൻ , മുടിയലൈ, തമ്പിയും അവളെ വിരുമ്പിട്ടാൻ , ആനാലും ദിനവും പേസുവോം. പത്തു വർഷമാച്ച് അക്കാ, ഇത് വരേയ്ക്കും ഏതുമേ കുറയലൈ ! " വല്ലിയുടെ മുഖത്ത് വിരിഞ്ഞ ചിരിക്കു കുസൃതിച്ചുവപ്പ് . ശബ്ദത്തിലെ ഇടർച്ച ഞാൻ കേട്ടില്ലെന്നു നടിച്ചു, അയാൾക്ക് പ്രസന്നഭാവം മാത്രമേ ചേരൂ.
എത്ര ലളിതമായാണ് ഒരു നെടുങ്കൻ പ്രണയകഥ വല്ലി പറഞ്ഞത്! അമ്മാവന്റെ മകളെ ജ്യേഷ്ഠനും അനുജനും സ്നേഹിച്ചതിനാൽ വിവാഹം കഴിക്കാനായില്ല. ഇത്തിരിയല്ല നിരാശ, ജീവിതം ഗതിമാറ്റിയിട്ടും മാറാത്ത ഒരുൾത്തുടിപ്പ് . പ്രണയം എന്നതിനെ പേരിടുന്നത് തന്നെ തെറ്റാണ്. പക്ഷെ വല്ലിയുടെ ശരികളിൽ അതുണ്ട്. മനസ്സിലല്ലേ പാസം ആരെയും നോവിക്കാതെ. വഴിമാറിയൊഴുകാനാവാത്ത പുഴ പോലെ "ഒരു നിനൈവ് , നിറവ് ", ചില വാക്കുകളുടെ ഭംഗി തമിഴിൽ തന്നെ. മൊഴിമാറ്റം വേണ്ട .
നഷ്ടപ്രണയം ഒരു നീളൻ തുടരൻ പോലെ ജീവിതത്തിന്റെ ഓരോ ഏടുകളിലും നോവിന്റെ വിരലടയാളം പതിപ്പിക്കുന്നു എന്നൊക്കെയാണ് ഞാനിതുവരെ അറിഞ്ഞത്. തികച്ചും ബാലിശം. ഓർമ്മകൾ ഉറക്കാത്ത രാത്രികളിലെ ചിന്തയുടെ നോവൊക്കെ പഴയ ക ൺസെപ്റ്. മൂക്കിപ്പൊടി വലിച്ച് നിർത്താതെ തുമ്മുന്ന പഴയ കാരണവന്മാരെപ്പോലെ അലോസരപ്പെടുത്തുന്ന ചിന്തകൾ. നഷ്ടമാവുന്നു എന്ന് ചിന്തിക്കുന്നതെ തെറ്റാണ്. പട്ടു പോയെന്നു കരുതുന്നവ വേരിലെവിടെയോ പുതുനാമ്പിടും പോലെയേയുള്ളൂ, ഒന്നും എവിടെയും നഷ്ടമാവുന്നില്ല.
വല്ലിയുടെ തിളങ്ങുന്ന കണ്ണുകൾ പറഞ്ഞത് വാക്കുകൾ പറഞ്ഞതിനപ്പുറമാണ്. ഒരു നിമിഷം എങ്ങോട്ടോ ഓടിപ്പോയ മനസ്സിനെ വല്ലി വീണ്ടുമുണർത്തി.
"സൊല്ലുങ്കെ , എന്ന തപ്പാ ഇത്, നീങ്ക പഠിച്ചവങ്കൾ , പാസത്തെ മറയ്ക്കറുതു താൻ തപ്പ് , ഇല്ലൈയാ ? "
പുരാണത്തിലെ വേൽ മുരുകന് വള്ളി തുണയ്ക്കാകാം, ഇവിടിപ്പോ പിറപ്പിലേ വേൽമുരുകനോട് വല്ലി ചേർന്നിരിക്കുന്നു. മഞ്ജുളയുടെ ചിരി മനസ്സിലെത്തിയെങ്കിലും, ഉത്തരത്തിനായി പരതേണ്ടി വന്നില്ല. ലോകത്തെ മാറ്റിമറിക്കുന്ന എന്തൊക്കെ നടക്കുന്നു ചുറ്റിലും. ഇതൊരൽപ്പം സ്നേഹം , അത് പുഴ പോലൊഴുകട്ടെ ,
