ഐകമത്യസൂക്തം ചൊല്ലുമ്പോൾ ...
കാരണാട്ടു കാവിലേക്കുള്ള വഴി പണ്ട് വല്ലാതെ ഇടുങ്ങിയതായിരുന്നു. പണ്ടെന്നാൽ ഒരു പത്തിരുപതു കൊല്ലം മുൻപാണ്. ഹൈവേയിൽ നിന്നും രണ്ടു കിലോമീറ്റർ ഉള്ളിലേക്കാണ് കാവ് . കഷ്ടിച്ച് ഓട്ടോയോ, സ്കൂട്ടറോ പോവാനുള്ള വഴിയേയുള്ളൂ. ചെറിയ കൈത്തോടും വയലുകളും ഒരു വശത്ത് . ഒതുക്കുകൾ കയറിയാൽ കുത്തനെയുള്ള പടികൾ ,ഒറ്റവീർപ്പിനൊന്നും പടികൾ കയറാനാവില്ല. ഇടക്കൊന്നു നിന്നേ പറ്റൂ. പകലിലും മരങ്ങളുടെ നിഴലുകളിൽ ഒളിച്ചു കളിച്ച ഇരുട്ടിന്റെ കാലനക്കങ്ങൾ കാണാം. പടികൾക്കപ്പുറം ചെറിയ മുറ്റത്തു നിന്ന് നേരെ അകത്തേക്ക്, ഭഗവതിക്കരികിലേക്ക് ..
ഒന്ന് കുനിഞ്ഞാലേ വാതില്പടിയിൽ തലയിടിക്കാതെ നാലമ്പലത്തിലേക്കു കടക്കാനാവൂ. ശ്രീകോവിലിൽ ഭഗവതിയെ പിൻവിളക്കിന്റെ വെളിച്ചത്തിൽ കാണാം, മുന്നിൽ വശങ്ങളിലെ തൂക്കുവിളക്കിന്റെ വെളിച്ചത്തിനെപ്പോ നോക്കിയാലും തെളിച്ചം പോരാ. നടയിൽ മറ്റാരുമുണ്ടാവാറില്ല. ആഗ്രഹനിവർത്തിക്കാർ അന്നൊക്കെ തീരെ കുറവായിരുന്നുവെന്നു വേണം കരുതാൻ. ഭഗവതിയുടെ നേർക്കു നോക്കിയപ്പോൾ പറയാൻ കരുതി വച്ചതു മറന്നു. ഇളയത് എവിടെയാണാവോ? കാൽപ്പെരുമാറ്റം കേട്ടാലുടനെ എത്തുന്നതാണ്. പകരം വന്നത് കീഴ്ശാന്തി, മകനാണ്, മുൻപ് ഒരു ചിരിയിലൊതുങ്ങുന്ന പരിചയമുണ്ട്, നാരായണനുമായി . വെളുത്തിട്ട് നല്ല ഉയരമുണ്ട് . മുടി പറ്റെ വെട്ടിയിരിക്കുന്നു. സാധാരണ നാരായണൻ തിടപ്പള്ളിയിൽ നിവേദ്യം ഉണ്ടാക്കുന്ന തിരക്കിലാവും.
"അച്ഛന് സുഖല്യാ , അതോണ്ടാ ഞാൻ. വന്നോളൂ , പുഷ്‌പാഞ്‌ജലി ഇപ്പൊ കഴിപ്പിക്കാട്ടോ. മകമല്ലേ നക്ഷത്രം , ഐകമത്യ സൂക്തം അല്ലേ പുഷ്‌പാഞ്‌ജലി? അച്ഛൻ പറഞ്ഞേൽപ്പിച്ചിരുന്നു."
ശ്രീകോവിലിലേക്ക് കയറും മുൻപ് തിരിഞ്ഞു നോക്കി ഇത്രയും അയാൾ പറഞ്ഞു. മന്ത്രങ്ങൾ ചൊല്ലുന്ന ശബ്ദം പിന്നാലെ . എന്തൊക്കെയായിരുന്നോ ചൊല്ലിയത്? എന്നോർമ്മയുണ്ടായിരുന്നു. ഇപ്പൊ മറന്നു.
ഓർമ്മയിൽ ആകെ നാരായണൻ പറഞ്ഞതേയുള്ളൂ , " ഉമക്ക് ഹരനെന്ന പോലെ , മഹാവിഷ്ണുവിന് ലക്ഷ്മിയെന്ന പോലെ തന്റെ ആളോട് ചേർത്തു വയ്ക്കാൻ ഭഗവതിയോട് മനസ്സുരുകി പറഞ്ഞോളൂട്ടോ". മേൽശാന്തി ഇങ്ങനൊന്നും പറയാറ് പതിവില്ല , ചെറിയൊരു ചിരി, പ്രസാദം വാങ്ങുമ്പോൾ ഒരു "സുമംഗലീ ഭവ', തീർന്നു. എന്ത് പ്രാർത്ഥിക്കണം എന്നൊക്കെ ആരെങ്കിലും പറയുന്നതാദ്യമായതു കൊണ്ട് കൗതുകം തോന്നി. ശ്രീകോവിലിൽ നിന്ന് പുറത്തെത്തി പ്രസാദം തന്നിട്ടാണ് ദീപാരാധനക്കുള്ള വട്ടം കൂട്ടൽ. പതിവിനു വിപരീതമായി അഷ്ടപദിയാണ് കോളാമ്പിയിലൂടെ. ബാലമുരളീകൃഷ്ണയാണ് " ധീരസമീരേ .." അത് കൊണ്ട് ദീപാരാധനയ്ക്കു കാത്തു നിൽക്കുന്നതിന്റെ വിരസത പോയി. പണ്ടെപ്പോഴോ രാധയായിരുന്ന കഥയോർക്കാൻ നല്ല സുഖം.
ദീപാരാധന കഴിഞ്ഞു പോകാനൊരുങ്ങിയപ്പോൾ നാരായണൻ ചോദിച്ചു , " നന്നായില്ലേ അഷ്ടപദി? സോപാനം പാടാനൊന്നും ആളില്ല്യ, അപ്പോ ഇതെങ്കിലും ആയ്ക്കോട്ടേല്ലേ? തൊഴാൻ തന്നെ ആള് കുറവ്. പിന്നെ കഴകത്തിനൊക്കെ വയ്ക്കാനെങ്ങിനെയാ? തനിച്ചാണോ വന്നത്? അമ്മയെ കണ്ടില്ലല്ലോ ? ഇരുട്ടായിരിക്കണൂ, മുറ്റത്തിന് താഴെ വരെ വരണോ? "
" വേണ്ട, തനിച്ചല്ല, ഓട്ടോയുണ്ട്, കാത്തു നിൽക്കുന്നുണ്ടാവും അയാൾ .പേടിക്കാനൊന്നൂല്ല ."
അഞ്ചായിരുന്നോ ഒൻപതായിരുന്നോ വെള്ളിയാഴ്ചകൾ? ഓർമ്മയില്ല. ഇരുട്ടിൽ എങ്ങോട്ടോ ഒക്കെ പോവാൻ വെമ്പിയിരുന്ന മനസ്സുമായി കുറെ നാൾ. അത് പെട്ടന്നൊന്നും കടന്നു പോയില്ല. ഭർത്താവിനോട് പിണങ്ങി വീട്ടിൽ തിരിച്ചെത്തിയതെന്തിനെന്ന് അടക്കിപ്പിടിച്ചും , ഉച്ചത്തിലുമൊക്കെ ആളുകൾ ചോദിച്ചു തുടങ്ങിയിരുന്നു.
"ആയിരം കുടത്തിന്റെ വായ് അടയ്ക്കാം , ആളോൾടെ പറ്റ്വോ ? '' എന്ന് മുത്തശ്ശി പറഞ്ഞതോർക്കുന്നു."നീയ്യ് എന്തിനേ പിണങ്ങിയത് ? കാര്യായിട്ടാ ? "
ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല. ഞാനാണോ അയാളാണോ പിണങ്ങിയത്? അതോ രണ്ടാളും പിണങ്ങിയില്ലേ? വെറുതെ മണ്ണപ്പം ചുട്ടു കളിച്ചപ്പോ ഒന്ന് വാശി പിടിച്ചേയുള്ളോ? പിണക്കം തീർക്കാനുള്ള വഴിപാടുകളോർക്കുമ്പോൾ ഇപ്പൊ തമാശയായി തോന്നുന്നു. ഐകമത്യസൂക്തം വെള്ളിയാഴ്ച തോറും, ഭഗവതിക്ക് ,അകന്നിരിക്കണോരുടെ മനസ്സടുപ്പിക്കാനുള്ള മന്ത്രാത്രെ, എത്ര ലളിതമാണ് കാര്യങ്ങൾ? എന്നിട്ടെടുത്തോ മനസ്സുകൾ?
വെള്ളിയാഴ്ച്ചകളിലെ ഭഗവതിയോടുള്ള ചങ്ങാത്തം പിരിമുറുക്കങ്ങളിൽ നിന്നും അഴിയാക്കുരുക്കുകളിൽ നിന്നും ഒരു താൽക്കാലികാശ്വാസം തന്നെയായിരുന്നു. ഒച്ചയും ബഹളവുമില്ലാതെ സമാധാനമായി ഒരൽപം നേരം.
കാവിന്റെ പുറകിലത്തെ നാട്ടു വഴിയിലൂടെ അവരുടെ ഇല്ലത്തേക്ക് മച്ചിൻപുറത്തെ ഭഗവതിയുടെ മൂല വിഗ്രഹം തൊഴാൻ പോവുമ്പോൾ , കൈയിലുരുമ്മുന്ന ശീമ കൊങ്ങിണികൾക്കപ്പുറത്തു നീല അമരിയുണ്ടെന്നു നാരായണൻ പറഞ്ഞു. " കുട്ടിക്ക് നിറയെ മുടിയുണ്ടല്ലോ , കുറച്ചു കൊണ്ടോയ്ക്കോളു, ഇനിയും നന്നായി വളരും മുടി ." ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നു കൊണ്ട് നാരായണന്റെ മുഖത്തെ ഭാവം കണ്ടില്ല, എന്റെ മുഖത്തെ അമർത്തിപ്പിടിച്ച ചിരി അയാളും. വഴിപാടു വട്ടമെത്തും മുൻപേ സമരം സന്ധിയായി , പോവേണ്ടിവന്നു തട്ടകത്തിലേക്ക്.
അതൊക്കെ കഴിഞ്ഞിട്ട് വർഷം എത്രയായിരിക്കുന്നു! ഇത്രകാലായിട്ടിപ്പോഴാണ് വീണ്ടും കാവിലേക്ക്. വഴി വല്ലാതെ മാറിയിരിക്കുന്നു, വയലുകൾ പലതും പുരയിടങ്ങളായിരിക്കുന്നു. വഴിക്കു വീതി കൂട്ടിയപ്പോഴായിരുന്നിരിക്കണം കൈത്തോടിന്റെ അകാലമൃത്യു. ഇപ്പൊ പഴയ പോലെ കുത്തനെയുള്ള പടികൾ കയറേണ്ട. വേരുകൾ പടർത്തിയ നാഗദന്തി വെട്ടിമാറ്റിയപ്പോൾ കാവിന്റെ മുറ്റത്തേക്ക് കയറാൻ എളുപ്പത്തിൽ വഴിയായി , ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളം എന്നു പറയും പോലെ. നാലമ്പലത്തിലേക്കു കയറാൻ ഉയരമുള്ള വാതിൽ. നടക്കൽ സാമാന്യം തിരക്കുണ്ട്. ദീപാരാധനയ്ക്കു നട അടച്ചിരുന്നു. പഴയ മൈക്ക് സെറ്റ് വച്ചിരുന്ന മുറിയില്ല. ശ്രീകോവിലിനു മുന്നിൽ ഇടക്കയുമായി സോപാനം പാടാൻ ഒരാൾ, " പ്രളയപയോധിജലേ .." ബാലമുരളീകൃഷ്ണയുടെ ഗീതാഗോവിന്ദം പോലെയുള്ള സുഖമൊന്നുമില്ല, ന്നാലും നേരിട്ട് സോപാനം കേൾക്കുന്നതിന് പ്രത്യേക സുഖമുണ്ട്. നാരായണൻ ഉണ്ടോ ആവോ? ഇത്രയും മാറ്റങ്ങളിൽ അയാളും മാറീട്ടുണ്ടാവും. ചിലപ്പോൾ എന്നെ തിരിച്ചറിഞ്ഞു എന്ന് തന്നെ വരില്ല.
ശ്രീകോവിലിന്റെ നടയിൽ രശീതി വച്ച് മാറുമ്പോൾ നാരായണന്റെ ശബ്ദം. "എപ്പഴാ വന്നത്? ഞാൻ കണ്ടില്ലാട്ടോ. അങ്ങട്ട് നിന്നോളൂ , ഇപ്പൊ വരാം." നാരായണന് വയസ്സായിത്തുടങ്ങിരിക്കുന്നുവെന്നു കുറ്റിത്തലമുടിയിലെ നര ഓർമ്മിപ്പിച്ചു. ഇത്തിരി തടിച്ചിട്ടുമുണ്ട്. കാലത്തിന്റെ കൈയൊപ്പുകൾ.പറഞ്ഞ പോലെയധികം താമസിയാതെ എത്തി.
" നല്ല തിരക്കാണ്, വെള്ളിയാഴ്ചയല്ലേ? പണ്ടത്തെപ്പോലെയല്ല, ഓരോന്ന് വന്നു കൂടുമ്പോൾ മനുഷ്യനെക്കൊണ്ടാവാത്ത പരിഹാരങ്ങൾക്കു ദൈവങ്ങൾക്കരികിലേക്കെത്തുന്ന കാലമാണിത്. മോനുണ്ട് കൂടെ. സ്കൂളിൽ പോയി വന്നാൽ സഹായത്തിനു കൂടും. വല്ലാണ്ട് ചടച്ചു പോയീലോ! മുടിയൊക്കെ തോളൊപ്പായിലോ, ആകെ മാറിപ്പോയി. സുഖല്ലേ? അമ്മയെ ഇടയ്ക്കു കാണുമ്പോൾ ചോദിക്കാറുണ്ട്ട്ടോ. "
ഒരു ചിരി മറുപടിയായി നൽകാനെ കഴിഞ്ഞുള്ളു, ചിലയിടങ്ങളിൽ അങ്ങിനെയാണ്. വിശേഷങ്ങൾക്കിടമില്ല.
വഴിപാടു രസീതി നോക്കാതെ തന്നെ " മകമല്ലേ നക്ഷത്രം? ഐകമത്യസൂക്തം പുഷ്പാഞ്ജലി ? "
"ഇത്ര വർഷമായിട്ടും ഇത് മറന്നില്ലല്ലോ, എന്നാൽ ഇക്കുറി ഐകമത്യ സൂക്തം വേണ്ട , ഭാഗ്യ സൂക്തം മതീട്ടോ. കൊല്ലമിത്രായിട്ടും ഐക്യം ഒന്നും ഉണ്ടായില്ല, ഭാഗ്യം ഉണ്ടാവുമോന്നു നോക്കാലോ ".
നാരായണൻ മറുപടി ഒന്നും പറയാതെ ശ്രീകോവിലിനുള്ളിലേക്കു പോയി. ഇരുത്തം വന്ന ശബ്ദത്തിലെ മന്ത്രങ്ങൾക്കൊപ്പം മുഴങ്ങിയ മണിനാദം മാത്രം പഴയത് . പ്രസാദം കൈയിലേക്ക് തരുമ്പോൾ ഒരു ചെറു ചിരിയോടെ പറഞ്ഞു " ഭാഗ്യസൂക്താണ് പറഞ്ഞ പോലെ. നമ്മളും കൂടി വിചാരിച്ചാലേ മനസ്സില് ഐക്യമുണ്ടാവുള്ളൂ , ഭഗവതിക്ക് തനിയെ പറ്റില്ലാട്ടോ".
ഒരു കുസൃതി ചോദ്യം തിരിച്ചു ചോദിക്കാനാണ് തോന്നിയത്. "നാരായണൻ അപ്പൊ പണ്ട് ഐകമത്യം മന്ത്രം ശരിക്കു ചൊല്ലീല്യേ? "
.

No comments:
Post a Comment