Sunday, 14 January 2018



അരുവിയെ മനസ്സറിയുമ്പോള്‍ ...

റിവ്യു ...


മനോഹരിയായ  ഒരു തെളിനീരുറവയാണ് അരുവി. കുത്തൊഴുക്കിനിടയില്‍ അനുഭവങ്ങളുടെ കണ്ണീരുപ്പു കലര്‍ത്തി ആസ്വാദകരെ സങ്കടക്കടലില്‍ ആഴ്ത്തുന്ന ഒരു നവ്യാനുഭവം. വാണിജ്യ സിനിമകളുടെ സ്ഥിരം രസക്കൂട്ടുകളില്ലാതെ , എന്തിന് പേരിനു  ഒരു നായകന്‍ പോലും  ഇല്ലാതെ പ്രമേയത്തിന്റെയും അവതരണത്തിന്റെയും ശക്തി കൊണ്ട് വിജയം കണ്ട ഒരു ചെറിയ ചിത്രം കൂടിയാകുന്നു അരുവി. സാമൂഹിക പ്രാധാന്യമുള്ള വിഷയമെന്നോ സ്ത്രീപക്ഷ സിനിമയെന്നോ ഉള്ള സാധാരണ തരം തിരിക്കലുകളില്‍പ്പെടുത്താവുന്ന ചിത്രമല്ല ഇത്.


 വൈകാരികതയും, ആക്ഷേപ ഹാസ്യവും,  ദുരന്തപര്യവസായിയാവുമെന്നുറപ്പുള്ള കഥാന്ത്യവും കയ്യടക്കത്തോടെ  തന്റെ ആദ്യ ചിത്രത്തില്‍ തന്നെ  അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് അരുണ്‍ പ്രഭു പുരുഷോത്തമന്‍ എന്ന സംവിധായകന്റെ മികവ് തെളിയിക്കുന്നത്. ഒരേസമയം പല വികാരങ്ങള്‍ മിന്നിമറയുന്ന വേഷപ്പകര്‍ച്ച സാധ്യമാവുന്ന കഥാപാത്രമാണ് അരുവി എന്ന നായിക . പുതുമുഖമായ അദിതി ബാലന്‍ അത് ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. 


ഒരു അരുവിപോലെ സ്വച്ഛമായി  നാട്ടിന്‍പുറത്തു തുടങ്ങുന്ന അരുവിയുടെ ജീവിതം മാറുന്നത് പട്ടണത്തിലേക്കുള്ള കൂടു മാറ്റത്തോടെയാണ്. അവളുടെ കണ്ണില്‍ എല്ലാം പുതുമകളായിരുന്നെങ്കിലും വേഗത്തില്‍ അതുമായി പൊരുത്തപ്പെടുന്നു.  ഒരു സ്കൂട്ടറപകടത്തോടെയാണ് അരുവിയുടെ ജീവിതം മാറിമറിയുന്നത്. താനറിയാതെ തന്നിലെക്കെത്തപ്പെട്ട രോഗം അവള്‍ക്കു നഷ്ടമാക്കിയത് അവളെ ജീവനേക്കാള്‍ ഏറെ സ്നേഹിച്ച കുടുംബത്തെയാണ്. എച് ഐ വി പകരാനുള്ള കാരണം വഴിവിട്ട ജീവിതമാണെന്നുറപ്പിക്കുന്ന , അത്തരം രോഗികളെ ഒരു വിളിപ്പാടകലെ മാറ്റി നിര്‍ത്തുന്ന സമൂഹത്തിന്റെ പുഴുക്കുത്തേറ്റ മനസ്സിനെ തുറന്നു കാണിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പ്രക്ഷുബ്ധമായ ചുറ്റുപാടുകളില്‍ അരുവിയുടെ അതിജീവനത്തിനായുള്ള പാഴ്ശ്രമങ്ങളുടെ കഥയാണ്‌ ഈ ചിത്രത്തിന്‍റെ കഥാതന്തു.

തീവ്രവാദബന്ധം ആരോപിക്കപ്പെടുന്ന അരുവിയുടെ ചോദ്യം ചെയ്യലിലൂടെയാണ് ചിത്രത്തിന്‍റെ കഥ തുടങ്ങുന്നത്. അല്പം പോലും ഭയം കാണിക്കാതെ ചോദ്യങ്ങളെ നേരിടുന്ന അരുവിയുടെ ഓര്‍മ്മകളിലൂടെയും മറ്റു കഥാപാത്രങ്ങളുടെ വിവരണങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്. അരുവിയുടെ ഭൂതകാലം ഓരോരുത്തരുടെയും അനുഭവങ്ങളിലൂടെയും ഓര്‍മ്മകളിലൂടെയും ഇടമുറിയാതെ  വളരെ ഭംഗിയായി കൂട്ടിയോജിപ്പിച്ചിരിക്കുന്നു.ഷെല്ലി കാലിസ്റ്റിന്റെ ഛായാഗ്രഹണവും റെയ്മണ്ട് ഡെറിക് ക്രാസ്റ്റയുടെ എഡിറ്റിങ്ങും എടുത്തു പറയേണ്ടതാണ്. ചെറിയൊരു പാളിച്ച പോലും ഒരു ഡോക്യുമെന്ററിയുടെ സ്വഭാവത്തിലേക്ക് ചിത്രത്തിനെ തള്ളിവിട്ടിരിക്കാനുള്ള സാധ്യത ഏറെയായിരുന്നു. 

അരുവിയുടെ ബാല്യത്തില്‍ നിന്നും , കൌമാരത്തില്‍ നിന്നുമൊക്കെ കഥയിലേക്കെത്താന്‍ അല്പം സമയമെടുക്കുന്നുണ്ട്. എന്തിന്അവള്‍വീട്ടില്‍ നിന്ന് പുറത്താക്കപ്പെടുന്നു എന്നതിന് ആദ്യഭാഗത്ത് വ്യക്തതയുമില്ല. തനിയെ ആകുന്ന ഓരോ സ്ത്രീയും  നേരിടുന്ന സമൂഹമാണ് പ്രതിനായകസ്ഥാനത്ത്. അവളെ  ചൂഷണം ചെയ്യുന്ന ഓരോ മുഖവും , അവളെ   നിലവിലുള്ള വ്യവസ്ഥിതിയെ എതിര്‍ക്കുന്ന ഒറ്റയാള്‍ പോരാട്ടത്തിലെക്കെത്തിക്കുകയാണ്. 

തന്റെ നിസ്സഹായാവസ്ഥയെ മുതലെടുക്കാന്‍ ശ്രമിച്ചവരെക്കൊണ്ട് മാപ്പ് പറയിക്കാനാണ് അരുവി "സൊല്‍വതെല്ലാം സത്യം" എന്ന പരമ്പരയുടെ ഭാഗമാവുന്നത്. ടി ആര്‍ പി കളില്‍ കുരുങ്ങിയ സംവിധായകനോ , കാപട്യം മാത്രം കൈമുതലായ അവതാരകയോ അവളെ അത്ഭുതപ്പെടുത്തിയില്ല എന്ന് വേണം കരുതാന്‍.പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മാനത്തിനു പോലും വിലപറയാന്‍ മടിക്കാത്ത സംവിധായകനെയും നിസ്സഹായനായ സഹസംവിധായകനെയും അവള്‍ കാണുന്നു. തന്നെ ചൂഷണം ചെയ്തവരില്‍ നിന്നും ആരും വ്യത്യസ്തരല്ല എന്നവള്‍ മനസ്സിലാക്കുന്നുണ്ട്. 

കഥയുടെ അടുത്ത നിര്‍ണ്ണായക വഴിത്തിരിവിലേക്ക് പോകുമ്പോഴാണ് അരുവിയുടെ കൈവിട്ടു കാര്യങ്ങള്‍ പോകുന്നത്. തന്നെ കേള്‍ക്കാന്‍ തയ്യാറല്ലാത്ത സമൂഹത്തെ നിര്‍ബന്ധപൂര്‍വ്വം കേള്‍പ്പിക്കുകയാണവള്‍. ബാല്യത്തില്‍ കൌതുകത്തോടെ മാത്രം കണ്ടിരുന്ന തന്റെ മുത്തശ്ശന്‍റെ പഴയ തോക്ക് ആയുധമാക്കി അണിയറപ്രവത്തകരെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് അരുവി. 

ഒരു പ്രാധാന്യവും ലഭിക്കാനിടയില്ലാത്ത  "റോല്ലിംഗ് സര്‍" എന്നുറക്കെ പറയുന്ന ക്യാമറ മാനും, ഫ്ലോര്‍ ബോയിയും , പാറാവുകാരനും വരെ ശ്രദ്ധാകേന്ദ്രമാവുന്നുണ്ട്. കുട്ടിക്കാലത്തെ  പെന്‍സില്‍ കറക്കിയുള്ള കളിയുടെ ബാക്കിയാണ്  ജീവിതത്തിന്റെ നിര്‍ണായക ഘട്ടത്തിലും അവള്‍ തുടരുന്നത്. ഒരു ഘട്ടത്തില്‍ അരുവിയെ ഭയക്കുകയും വെറുക്കുകയും ചെയ്തവര്‍ തങ്ങളുടെ തെറ്റുകള്‍ മനസ്സിലാക്കി പിന്നീട് സ്നേഹിച്ചു തുടങ്ങുന്നതും കാണാം. ഒരു പക്ഷെ അതായിരുന്നിരിക്കാം അരുവി ആഗ്രഹിച്ചിരുന്നതും.

തനിച്ചുള്ള ജീവിതത്തിന് അരുവിയ്ക്ക് കൂട്ടായിരുന്നത്‌ എമിലി എന്ന ട്രാന്‍സ്ജെണ്ടര്‍ (തിരുനഗൈ) ആണ്. മൂന്നാം ലിംഗക്കാര്‍ എന്ന് മലയാളത്തില്‍ അവരെ തരം തിരിച്ചെഴുതാന്‍ തോന്നുന്നില്ല. എന്നാല്‍ പലയിടത്തും അത്‌ സൂചിപ്പിക്കാതെയും വയ്യ. ചില വാക്കുകള്‍ തമിഴിന്റെ ദ്രാവിഡഭംഗിയില്‍ എഴുതുകയാവും നന്ന്. തിരുനഗൈകളെ പെരുപ്പിച്ചു കാണിക്കുന്ന ചേഷ്ടകളോടെയാണ് ഏറെ ദൃശ്യമാധ്യമങ്ങളിലും അവതരിപ്പിച്ചു കാണുന്നത്. എന്നാല്‍ അത്തരം കെട്ടുപാടുകളില്ലാതെ ആ കഥാപാത്രത്തെ വിഭാവനം ചെയ്യാന്‍ സംവിധായകന്‍ കൂടിയായ തിരക്കഥാകൃത്തിനു സാധിച്ചിട്ടുണ്ട്.

എമിലി അരുവിയുടെ ആശ്രയം മാത്രമായിരുന്നില്ല. അവളുടെ ജീവിതത്തിലുള്ള വിശ്വാസം ആണ്. അവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍, യാത്രകള്‍, തമാശകള്‍ എല്ലാം ചിത്രത്തിനെ ഹൃദ്യമാക്കുന്നു. നായികയാകാനോ നായകനാകാനോ  വരുമ്പോള്‍  രണ്ടു പാട്ട് , ഒരു ഫൈറ്റ് എന്ന് വിലയിടുന്ന സാധാരണ സംവിധായകരില്‍ നിന്നും വ്യത്യസ്തനാണ് എമിലിയ്ക്കും കാര്യമായി സ്ക്രീനിലിടം കൊടുക്കുന്ന അരുണ്‍. ഏതു പ്രതിസന്ധിയിലും കൈവിടാത്ത സൌഹൃദങ്ങളുടെ കാഴ്ച കൂടിയാണ് അരുവിയിലെ നായികയും എമിലിയും തമ്മിലുള്ള ബന്ധം.   .

 തീവ്രവാദിയോ നക്സലോ അല്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി അവളെ ചികിത്സാകേന്ദ്രത്തിലെത്തിക്കുന്നുണ്ടെങ്കിലും ചുറ്റുമുള്ള കാഴ്ചകളിലും , മരുന്നിന്റെ ഗന്ധത്തിലും മടുത്ത് എമിലിയോട് പോലും പറയാതെ അവിടം വിടുകയാണവള്‍. "സരിയാ വാഴലയോ എന്ന് തോന്നുത്" എന്നൊരു വീഡിയോ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്യും വരെ അവളെ ആര്‍ക്കും കണ്ടു പിടിക്കാനുമാവുന്നില്ല. ആരും തന്നെ "സരിയാ" ഈ ലോകത്തില്‍ ജീവിച്ചിട്ടില്ല അല്ലെങ്കില്‍ ജീവിക്കുന്നില്ല എന്ന് എത്ര എളുപ്പത്തിലാണ് aruvi മനസ്സിലാകി തരുന്നത് !

രോഗത്തിന്റെ അവസാന നാളുകളിലെ  ഭാഗത്തിനായി പത്തു കിലോ ഭാരമാണ് അദിതി കുറച്ചത്. അത് പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുകയും ചെയ്യും. അരുവിയ്ക്കൊപ്പം ഓരോ കഥാപാത്രങ്ങളും മനസ്സു കൊണ്ടും ശരീരം കൊണ്ടും സഞ്ചരിച്ചെത്തുന്നിടത്തു ചിത്രം പൂര്‍ണ്ണമാവുന്നു.

ഒരു പകിട്ടുമില്ലാതെ സഹസംവിധായകനായ പീറ്ററിന്റെ വേഷം അവതരിപ്പിച്ച പ്രദീപ്‌ ആന്റണി അവസാന സീനില്‍ നായക തുല്യമായ തന്റെ സാന്നിധ്യം ശ്രദ്ധേയമാക്കി. ലക്ഷ്മി ഗോപാലസ്വാമി,  മദന്‍ കുമാര്‍ , ശ്വേത ശേഖര്‍ എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്.

കാതടപ്പിക്കുന്ന വാദ്യഘോഷങ്ങളില്ലാതെയും  ശക്തമായ വികാരങ്ങള്‍ അനുഭവവേദ്യമാക്കാന്‍ കഴിയുമെന്ന് ബിന്ദു മാലിനി– വേദാന്ത് ഭരദ്വാജ് സഖ്യത്തിന്റെ സംഗീതം തെളിയിക്കുന്നു.  

ജീവിതത്തെ ക്കുറിച്ചുള്ള അരുവിയുടെ   കാഴ്ചപ്പാടുകള്‍ , സന്തോഷത്തെക്കുറിച്ചുള്ള അവളുടെ നിര്‍വ്വചനങ്ങള്‍ നമ്മുടെ  ജീവിത വീക്ഷണത്തെ ചോദ്യം ചെയ്യുന്നു. എന്നാല്‍ ഒരു ശരാശരി സോദ്ദേശ ചിത്രം പോലെ ധാര്‍മ്മികോദ്‌ബോധനം നടത്തുന്നുമില്ല. അരുവിയുടെ ചോദ്യങ്ങളുടെ കനല്‍  ഒരല്‍പം കാഴ്ചക്കാരന്റെ മനസ്സിലേക്ക് പകുക്കാന്‍ കഴിയുന്നിടത്ത് അരുവിയെന്ന ചലച്ചിത്ര വിരുന്നിന്റെ ഉദ്ദേശ്യം സാര്‍ത്ഥകമാവുന്നു.

"കാണേണ്ടതാണ് ഈ ചിത്രം".. ഫെസ്റ്റിവല്‍ ചിത്രങ്ങളില്‍ ഒതുങ്ങിപ്പോവുമായിരുന്ന അരുവിയെ  കൈവിടാത്ത ഓരോ പ്രേക്ഷകനും പറയുന്നുണ്ട് ഈ വാക്കുകള്‍..തീര്‍ച്ച.. 



















Monday, 11 December 2017





ചേതന്‍ ഭഗത്തിനെ അറിയാതെ പോയ  തങ്ക ചേച്ചിയിലൂടെ...


വിഷുവിനു രണ്ടു ദിവസം മുൻപായിരുന്നു തങ്കചേച്ചിയുടെ മരണം. തങ്കചേച്ചി എന്നാണോ വല്യമ്മ എന്നാണോ വിളിക്കേണ്ടത് എന്ന് കൃത്യമായി അറിയാതിരുന്ന ഒരു  കാലത്തു എല്ലാവരും വിളിക്കും  പോലെ  തങ്കചേച്ചി എന്ന് വിളിച്ചു തുടങ്ങിയതാണ്. ചേച്ചിയെന്നു വിളിക്കാനുള്ള മൂപ്പല്ല, പ്രായം കൊണ്ടുണ്ടായിരുന്നത്. ഒന്നോരണ്ടോ തലമുറയകലമെങ്കിലും തീർച്ചയായും ഉണ്ടായിരുന്നിരിക്കണം അവരുമായി.   തലമുറകളുടെ അകലം കണക്കാക്കുന്നത് പത്രം, റേഡിയോ, ടെലിവിഷൻ  എന്നീ മാധ്യമങ്ങളുടെ അളവു തോതുകൾ വച്ച് തന്നെ. കഥാപ്രസംഗം, ബാലെ, കഥകളി , നാടകം ,സിനിമ എന്നീ കലാരൂപങ്ങൾക്കിപ്പുറം അക്ഷരങ്ങളിലേക്ക് കൈ പിടിച്ചു നടന്ന ഒരു നാടിന്റെ ചരിത്രം കൂടിയാണ് തങ്കചേച്ചിയിലൂടെ കാണാനാവുക. 

അമ്പലവും അതിനോടനുബന്ധിച്ച വിശേഷങ്ങളും കഴിഞ്ഞാൽ 'ശ്രീശരവണ' എന്ന ഓല മേഞ്ഞ ടാക്കീസിനപ്പുറം വിനോദോപാധികൾ ഇല്ലാതിരുന്ന ഒരു ഗ്രാമത്തിന്റെ പ്രതിനിധി ആയിരുന്നു അവർ. മീനച്ചിലാറിനെ കുറുകെ കടക്കുന്നപാലം ഉണ്ടായിരുന്നിട്ടും അത്യാവശ്യങ്ങള്‍ക്കുമാത്രം പോകാനുള്ള ഒരിടമായി തൊട്ടടുത്ത സ്ഥലമായ കോട്ടപ്പുറം മാറിയിരുന്നു. അപ്പോള്‍ പിന്നെ അടുത്തുള്ള പട്ടണങ്ങളായ പാലായും, കോട്ടയവും ആണ്ടിലൊരിക്കല്‍ ജവുളിയെടുക്കാനോ സദ്യവട്ടങ്ങള്‍ക്കുള്ള പലചരക്കെടുക്കാനോ മറ്റോ മാത്രം പോവുന്നിടമായതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ . 

നെല്ല്, കപ്പ, തേങ്ങാ, റബർ എന്നതിനപ്പുറത്തേക്കു നാട് വളർന്നിരുന്നുമില്ല. കിഴക്കേ നടയിറങ്ങിയാല്‍ കാണുന്ന വിശാലമായ പാടശേഖരം, അതിന്റെ രണ്ടു വശത്തും വയലിറമ്പില്‍ കരഭൂമി. രണ്ടു മാലികളെയും തിരിച്ചിരുന്ന വയലുകളും വരമ്പുകളും അതിനപ്പുറത്തേക്കു മനുഷ്യരുടെ ചിന്തകളെ വളർത്തിയിട്ടുമുണ്ടാവില്ല. അക്കരെമാലിയിലെ ദുബായ്ക്കു പോയിത്തിരിച്ചു വന്ന കുട്ടപ്പച്ചേട്ടൻ ഒഴിച്ചാൽ അവിടം വിട്ടവരധികമില്ല. പൊതുവേ മൌനിയായിരുന്ന അയാളാവട്ടെ വിശേഷങ്ങള്‍ പോയിട്ട് ഉപചാരവാക്കുകള്‍ പോലും ഉരുവിടാന്‍ മടിച്ചിരുന്നു . ഇരു കരകളിലുള്ളവരുടെ വിവാഹം പോലും അടുത്തുനിന്നാവണം എന്ന് നിര്‍ബന്ധമുള്ളതു പോലെ തോന്നും. ഇതു കൊണ്ടൊക്കെ തന്നെയാവും പുറം ലോകത്തിന്റെ വിശേഷങ്ങൾ അത്രയൊന്നും അവിടുള്ളോരെ ബാധിച്ചിരുന്നില്ല. റേഡിയോയും പത്രവും കൊണ്ടെത്തിക്കേണ്ട വാര്‍ത്തകളൊന്നും അവിടാരെയും ബാധിച്ചില്ല.

 ചക്കയും , കപ്പയും, ചേമ്പും, പ്രാതലിനും; ചേനയും, മത്തനും, ഇളവനും, പയറും ,വെള്ളരിയും .ചീരയും , കത്തിരിയും, പുത്തരിച്ചുണ്ടയും ഉച്ചയൂണിനും വിഭവങ്ങളായി. ഗോസായി പച്ചക്കറികള്‍ എന്ന് പേരിട്ട ഉരുളക്കിഴങ്ങും, ബീറ്റ്റൂട്ടും, കാരറ്റും, കാബേജും മിക്കവാറും വീടുകളുടെ പടിക്കെട്ടുകള്‍ കടന്നതേയില്ല.

സാംസ്കാരിക കേരളത്തിന്റെ മാധ്യമങ്ങൾ കോട്ടയം ആസ്ഥാനമാക്കും വരെ വലിയ വ്യത്യാസങ്ങൾ ഒന്നും സംഭവിച്ചതുമില്ല. കോട്ടയം land  of ' latex and letters ' ആകുന്നതിനും വളരെ  മുൻപാണിതെന്നോർക്കണം. 1935 മുതല്‍ 1984 വരെയുള്ള കാലഘട്ടം റേഡിയോയുടേതായിരുന്നെങ്കിലും വിരലില്‍ എണ്ണാവുന്ന വീടുകളിലേ റേഡിയോ ഉണ്ടായിരുന്നുള്ളൂ. അക്കരെയുള്ള പ്രഭ ആശാന്റെ വീട്ടില്‍ നിന്ന് "വയലും വീടും"  ഇക്കരെമാലിയിലും എത്തുമായിരുന്നു. അതിനും വളരെക്കാലങ്ങള്‍ക്കു  ശേഷമായിരുന്നു പ്രഭാതഭേരിയുടെ വരവ്. രാത്രിയിലെ റേഡിയോ നാടകോത്സവങ്ങളും , ചലച്ചിത്ര ഗാനങ്ങളുടെ പരിപാടിയായ രഞ്ജിനിയും മുടക്കമില്ലാതെ കേള്‍ക്കുന്ന ആ കാലത്തുതന്നെയായിരുന്നു വാരികകളുടെ വരവ്.

 എണ്പതുകളുടെ തുടക്കത്തിലാണീ അക്ഷര വിപ്ലവം ഞങ്ങളുടെ കൊച്ചു നാട്ടിൽ തുടങ്ങുന്നത് എന്ന് പറയാം. നസ്രാണി ദീപികയും മനോരമയും മാധ്യമ സംസ്കാരത്തിന്റെ ഭാഗമായിട്ടപ്പോഴേക്കും  ഏതാണ്ട് നൂറു വർഷങ്ങൾ പിന്നിട്ടിരുന്നു. സാമാന്യ ജനങ്ങളുടെ ഇടയിൽ ഇറങ്ങി ചെല്ലാനും അവരുടെ ഹൃദയത്തിൽ മാറ്റത്തിന്റെ ചിന്തകൾക്കായുള്ള വിത്തുകൾ പാകാനും അത്തരമൊരു മാധ്യമ സംസ്കാരത്തിന് കഴിഞ്ഞു. അക്ഷരാഭ്യാസം പോലും നന്നേ കുറവായിരുന്ന ഒരു ജനതയുടെ വായനാശീലത്തിന്റെ അടിത്തറയും ഇതേ മാധ്യമങ്ങൾ തന്നെ. 

തങ്കചേച്ചിക്ക് വായന എവിടുന്നു കിട്ടിയെന്ന ചോദ്യത്തിനുത്തരമില്ല. വായനശാല പള്ളിക്കൂടം വരുന്നതിനും മുൻപായിരുന്നു കാവുണ്ടയില്‍ നിന്നും തങ്കച്ചേച്ചി വിവാഹം കഴിച്ചു കുടുംബത്തേക്കെത്തിയത്. കാവുണ്ടയിലെ മൂന്ന് സ്ത്രീകളും സാമാന്യം വിവരമുള്ളവരായിരുന്നു, തങ്കച്ചേച്ചിയും അങ്ങിനെതന്നെ.കർക്കിടക മാസത്തിലെ രാമായണം വായനയും രാത്രിയിലെ മഹാഭാരതം വായനയുമല്ലാതെ സചിത്ര വാരികകളിലേക്കു എന്നാണു വായനയെത്തിയത്  എന്ന് നല്ല നിശ്ചയം പോരാ.  പകലത്തെ കന്നുകാലി നോട്ടവും നെല്ലുകുത്തും നല്ല അദ്ധ്വാനമുള്ള പണികളാണെങ്കിലും അതൊന്നും വായനയെ ബാധിച്ചിരുന്നില്ല. രാമായണമാസത്തിൽ ഓരോരോ ദിവസവും വായിച്ചു തീർക്കേണ്ട കാണ്ഡങ്ങളെ കുറിച്ചും അവർക്കും വ്യക്തമായ ധാരണയുണ്ടായിരുന്നു.

മാടവനയിലെ മുരളിച്ചേട്ടൻ കോട്ടയത്ത് നിന്ന് കൊണ്ട് വരുന്ന വാരികയുടെ കോംപ്ലിമെന്ററി കോപ്പികളിൽ നിന്ന് തന്നെ ആയിരിക്കണം അത്തരം ഒരു വായനാശീലം തുടങ്ങിയിട്ടുണ്ടാവുക. എന്റെ ഓർമയിൽ ,ഒരു രൂപയായിരുന്നു അന്ന് അത്തരം വാരികകളുടെ  വില. വില കൊടുത്തു വാങ്ങുക എന്നത്  അവിടത്തെ ആളുകളുടെ സാമ്പത്തിക ശാസ്ത്രമനുസരിച്ചുള്ള മാസ ചെലവ് കണക്കു കൂട്ടലുകളിൽ പെടില്ല. കിഴക്കേ നടയിലെ ചായക്കടയിൽ നിന്നോ പടിഞ്ഞാറേ നടയിൽനിന്നോ ഉള്ള പത്രം  വായന തന്നെ  ധാരാളമല്ലേ ? രാവിലെ വായിച്ചാലും, വൈകിട്ടായാലും പത്രത്തിന്റെ ഉള്ളടക്കം മാറുന്നുമില്ല എന്നൊരു ന്യായവും!മുരളിച്ചേട്ടൻ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാൻ ആയിരുന്നതുകൊണ്ട്  കോട്ടയത്ത് നിന്നിറങ്ങുന്ന ഒരു മാതിരി വാരികകളുടെയെല്ലാം  കോംപ്ലിമെന്ററി കോപ്പി കിട്ടും. മുടക്കം വരുത്താതെ എത്തിച്ചാൽ കുറെയേറെ പേർക്ക് വായിക്കുകയും ചെയ്യാം. തങ്കചേച്ചിയിൽ തുടങ്ങുന്ന വായന മൂപ്പുമുറയനുസരിച്ചു ചെറു ബാല്യക്കാരിൽ വരെയെത്തും " വല്യമ്മായി മാടവന പോയോ " എന്നോ " മംഗളം വന്നോ " എന്നൊക്കെയുള്ള ചോദ്യങ്ങൾ വൈകുന്നേരങ്ങളിൽ അങ്ങിങ്ങു കേട്ടിരുന്നു. പകലത്തെ പണി കഴിഞ്ഞു  ആറ്റിൽ കുളിച്ചു മടങ്ങുമ്പോഴേക്കും കോട്ടയത്ത് നിന്ന് ജോലി കഴിഞ്ഞു മുരളിച്ചേട്ടൻ എത്തിയിട്ടുണ്ടാവും. പടിക്കൽ വല്യമ്മായിയുടെ തലവെട്ടം കണ്ടാൽത്തന്നെ വാരിക ആരെങ്കിലും കൈയിലെത്തിക്കും. ഉത്സവക്കാലമായാൽ മാത്രമേ പതിവ് തെറ്റൂ. അമ്പലത്തിലെ കഴകമോ പുറത്തെവിടെയെങ്കിലും മേളമോ ഉണ്ടെങ്കിൽ മുരളിച്ചേട്ടൻ മുടക്കമാക്കും. തങ്കച്ചേച്ചിക്കു മാത്രമല്ല വല്ലാത്ത വിമ്മിഷ്ടമാണ് ആ ചെറിയ ഇടവേള കഴിച്ചുകൂട്ടാൻ. 

കോട്ടയം വാരികകൾ എന്നാൽ പിൽക്കാലത്ത് കുപ്രസിദ്ധിയാർജ്ജിച്ച  "മ" പ്രസിദ്ധീകരണങ്ങൾ തന്നെ. "മ" വാരികകളായിരുന്നു മുൻപന്തിയിൽ എന്നേയുള്ളൂ. ആ ജനുസ്സിൽ മറ്റു വാരികകളും ഉണ്ടായിരുന്നു- ജനനി, കണ്മണി,പൗരധ്വനി, സഖി, ചെമ്പകം ,മാമാങ്കം എന്നിവയ്ക്കും ഏതാണ്ട് ഒരേ മുഖവും ഉള്ളടക്കവും തന്നെയായിരുന്നു. അക്കൂട്ടത്തിൽ പ്രധാനി "മംഗളം " തന്നെ. വാരിക തുടങ്ങിവച്ച എം.സി. വർഗീസ് സ്വപ്നത്തിൽ പോലും നിരുവിച്ചുകാണില്ല ഇങ്ങനൊരു വിജയം! മനോരമയും, മനോരാജ്യവും ഒട്ടും പിന്നിലായില്ല. ഉദ്വേഗഭരിതമായ തുടരനുകൾ തങ്കചേച്ചിയെപ്പോലുള്ള വായനക്കാരെ മുൾമുനയിൽ നിർത്തി. അഴകളവുകളില്‍ കൃത്യതയാര്‍ന്ന ചിത്രങ്ങള്‍ ഇപ്പോഴത്തെ സീരിയലുകളെക്കാള്‍ കഥയെ മനസ്സില്‍ നിര്‍ത്തി.കനത്ത മേയ്ക്കപ്പും കടുത്ത നിറങ്ങളും പുകപിടിപ്പിക്കാത്ത സുന്ദരങ്ങളായ ചിത്രങ്ങള്‍. അന്നത്തെ പെണ്മണികളുടെ ആടയാഭരണങ്ങളെയും ഫാഷനെയും ആ ചിത്രങ്ങള്‍ സ്വാധീനിച്ചിരുന്നു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. 

 എന്റെ അവധിക്കാല വായനകളില്‍ "മ" പ്രസിദ്ധീകരണങ്ങള്‍ ഇടം പിടിക്കുന്നതും ആ കാലയളവിലാണ്. പഴയലക്കങ്ങള്‍ ഒന്നു വിടാതെ കെട്ടായി എടുത്തു കൊണ്ടു വന്നാണ് വായന. വൈകിട്ട് കുളിക്കാന്‍ പുഴയിലേക്ക് പോകും വഴി വായന എന്തായി എന്ന് ചോദിയ്ക്കാന്‍ ഏറെ പേര്‍. കഥകളില്‍ നിന്ന് കഥകളിലേക്ക് പറന്ന അവധിക്കാലങ്ങള്‍.

അവധിക്കാലരസങ്ങള്‍ പിറകിലുപേക്ഷിച്ചു തന്നെയാണ് മടങ്ങിപ്പോക്ക്. അത്തരം കഥകള്‍ക്കും വാരികകള്‍ക്കും വീട്ടില്‍ പ്രവേശനമുണ്ടായിരുന്നില്ല. ആഢ്യത്വമുള്ള കലാകൌമുദി , മാതൃഭൂമി , ഭാഷാപോഷിണി മുതലായ പ്രസിദ്ധീകരണങ്ങള്‍ക്കേ അവിടെ വായനാനുവാദം ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ട്  വായന  മറ്റു പ്രസിദ്ധീകരണങ്ങളിലേക്ക് മാറിയെങ്കിലും ജനപ്രിയസാഹിത്യത്തിന്റെയും നോവലിസ്റ്റുകളുടെയും പങ്കും അടയാളപ്പെടുത്തേണ്ടതു തന്നെയാണ്. 

 അത്ര ഗൌരവതരമല്ലാത്തതെങ്കിലും വായനയെ പ്രണയിച്ച ഒരു തലമുറ പതിയെ അപ്രത്യക്ഷമായിത്തീര്‍ന്നു. ഒരേ നോവലിസ്റ്റ് പല പേരുകളില്‍ പല വാരികകളില്‍ എഴുതിയിരുന്ന കാലം മാറി. അല്പം പൊടിഞ്ഞു തുടങ്ങിയ, മഞ്ഞനിറം പടര്‍ന്ന , പുറം ചട്ടയില്ലാത്ത ബുക്കുകളുള്ള  ഗ്രാമീണ ഗ്രന്ഥശാലകളും അന്യം നിന്നു പോയിരുന്നു . വല്ലാത്ത ഇല്ലാത്തിരക്കുകളില്‍ വായനയെക്കാള്‍ ടെലിവിഷനിലെ തുടരനുകള്‍ സ്ഥാനം പിടിച്ചുതുടങ്ങിയ ഒരു മാറ്റക്കാലം.

മുരളിച്ചേട്ടന്‍ സുഖമില്ലാതെ വോളന്‍ടറി റിട്ടയര്‍മെന്റ്റ് എടുത്തു. വാരികകളുടെ വരവും നിലച്ചു. അതിനും മുന്നേ വാരികകള്‍ പലതും പ്രസിദ്ധീകരണം നിര്‍ത്തിയിരുന്നു.കാലം മറ്റെല്ലാത്തിനെയും പോലെ തങ്കച്ചേച്ചിയേയും മാറ്റി . പ്രായാധിക്യം ,കാഴ്ചക്കുറവ് എല്ലാം വായന ബുദ്ധിമുട്ടുള്ളതാക്കിയിട്ടുണ്ടാവും . പഴയത് പോലെ ഓടിച്ചാടി നടക്കാനൊന്നും വയ്യ. ഒടുവില്‍ കാണുമ്പോള്‍ സീരിയലുകളായിരുന്നു സംസാരവിഷയം. മനോരമ വാരിക വാങ്ങുന്ന പതിവൊന്നും നിര്‍ത്തിയിട്ടില്ല. പക്ഷേ അക്ഷരങ്ങളേക്കാള്‍ കാഴ്ചയാണിപ്പോള്‍ കണ്ണിനു പത്ഥ്യമാവുന്നത് .

മനോരമയില്‍ എഴുതുന്ന ചേതന്‍ ഭഗത്തിനെക്കുറിച്ചു ചോദിച്ചാലോ എന്നോര്‍ത്തതാണ്. പാതി വഴിയില്‍ ചോദ്യം വിഴുങ്ങി. ശൈലിയും പ്രമേയവുമൊക്കെ പഴയ പൈങ്കിളി  തന്നെയെങ്കിലും ഹാഫ് എ ഗേള്‍ ഫ്രണ്ടും , വണ്‍ ഇന്ത്യന്‍ ഗേളും ആയമ്മയ്ക്ക്‌ ദഹിക്കാനിടയില്ലെന്നു തോന്നി. തലമുറകളുടെ ദൂരം  ഒരു പക്ഷെ  ചേതന്‍ ഭഗത്തിന്റെ നായികമാരെ തങ്ക ചേച്ചിയില്‍ നിന്നും അകറ്റി നിര്‍ത്തിയാലോ ? അതേതായാലും വേണ്ട. എന്തായാലും പഴയ  ചേതന്‍ ഭഗത്തുമാരായിരുന്ന മാത്യു മറ്റത്തെയും , സുധാകര്‍ മംഗളോദയത്തെയും , ജോയ്സിയേയും   മാത്രം അറിഞ്ഞ് തങ്ക ചേച്ചി യാത്രയായി. ശരിക്കുമുള്ള ചേതന്‍ ഭഗത്തിനെ അറിയാതെ പോയത് ഒരു നഷ്ടമൊന്നുമല്ല, ആണോ?


Wednesday, 20 September 2017





വല്ലിക്കെല്ലാം  തമാശയാണ്..വല്ലിയെന്നാൽ വല്ലിവേൽ മുരുകൻ.. സ്വാമിമലയിൽ  നേര്ച്ച നേർന്ന്  പിറന്നവൻ , അവിടെ അടിമ കിടന്നവൻ..കഥയെല്ലാം വല്ലിയുടേതാണ്..വരുന്ന ഓരോ ദിവസവും ഓരോ കഥകൾ..പച്ചക്കറിക്കാരനോട് അത്രയ്ക്കൊന്നും വേണ്ടെന്നൊരു താക്കീത് കാറ്റിൽ എപ്പോഴേ പറന്നു.. അത് പോയ വഴി പുല്ലു മുളച്ചില്ല. ചിലപ്പോഴൊക്കെ ചില ചോദ്യങ്ങളുടെ മുനയൊടിച്ചു ഞാനൊരു നുണ വച്ച് ഓട്ടയടച്ചു. എന്നിട്ടുള്ളിൽ അമർത്തിച്ചിരിച്ചു. കൊച്ചുകൊച്ചു സന്തോഷങ്ങളിലാണ് ജീവിതത്തിന്റെ ഇഴ പാവുന്നത്. ചങ്ങലകൾ വലിച്ചിഴച്ചു നടക്കുന്നത് നരകത്തിലല്ലേ ? അതിനുള്ള റിഹേഴ്സൽ ഇവിടുന്നെ തുടങ്ങേണ്ടല്ലോ.

ആഴ്ചയിൽ മൂന്നുവട്ടമെങ്കിലും വല്ലിയെ കാണും, ഇളം പച്ച നിറമുള്ള   തള്ളുവണ്ടിയിൽ എല്ലായിനവുമുണ്ടാവും, വാടിയതൊരിക്കലു മുണ്ടാവുകയുമില്ല. ചിലപ്പോഴെങ്കിലും ഒന്നും വേണ്ടെങ്കിലും ഞാൻ വാങ്ങുകയും ചെയ്യും.  ചില ശീലങ്ങൾ അങ്ങിനെയാണ്. കൊച്ചു കൊച്ചു വിശേഷങ്ങളിലൂടെയുള്ള യാത്രകൾ, മുടക്കാനിഷ്ടമില്ലാത്ത യാത്രകൾ.ചിലപ്പോൾ വല്ലിക്കൊപ്പം ഭാര്യയുമുണ്ടാവും, മഞ്ജുളക്കും വല്ലിയെ പോലെ തന്നെ ചിരി പകർത്തെഴുതിയ മുഖമാണ്. എഴുതും തോറും ഭംഗി കൂടിക്കൂടി  വരുന്ന പകർത്തെഴുതുകൾ.

രാവിലത്തെ ഫോൺ കോളുകളുടെ അങ്ങേ തലക്കൽ ഉള്ള ശബ്ദങ്ങൾക്കുമറിയാം വല്ലിയെ ,പലപ്പോഴും സംസാരം പാതിവഴിയിൽ അവസാനിപ്പിക്കുന്നത് വല്ലിയെത്തുമ്പോഴാണെന്നതാണ് കാരണം. ന്യൂ ഇയർ ആശംസ മുഴുമിക്കുമ്പോഴായിരുന്നു വല്ലിയുടെ ഇക്കൊല്ലത്തെ ആദ്യവരവ് . സംസാരത്തിന്റെ  വാൽക്കഷണത്തിലെത്തിയത് വല്ലിക്കു മുന്പിൽ. അടുത്ത ചോദ്യം "യാരക്കാ , ഉങ്ക  ഫ്രണ്ടാ ?"

" ആമാ, എതുക്ക്  കെട്ടീങ്കെ ? "

" ഒന്നുമില്ലൈ , ഇപ്പടി പാസമാ പേശണംന്നാൽ സുമ്മാ ഫ്രണ്ട് പത്താത് അക്കാ. റൊമ്പ ക്ലോസായിരുക്കണം, അതാനേ? സാർ അല്ലായെന്നെനിക്കു തെരിയും !"

ചില ചോദ്യങ്ങൾക്കുമുന്നിൽ ഉത്തരമില്ലാതെ ഇരുട്ടിലലയുക എന്റെ പതിവാണ്.  വല്ലി പറഞ്ഞത് ശരിയാണ് , "സാർ" വിളിച്ചിട്ട് ഏതായാലും ചിരിച്ച മുഖത്തോടെ ഞാൻ വരാനിടയില്ല. കാര്യമാത്രപ്രസക്തമായ സംസാരങ്ങളിൽ ചിരിക്കിടമെവിടെ ? ബന്ധങ്ങൾ പഴകും തോറും ശീലങ്ങൾ ആയിക്കഴിഞ്ഞു.

എന്റെ ചിന്തകൾക്കിടയിൽക്കയറി അയാൾ വീണ്ടും!

"എനക്കും അപ്പടിയൊരു ഫ്രണ്ട്  ഇറുക്ക്‌ താൻ. എൻ  മാമാ പൊണ്ണു , കട്ടിക്കണം എന്നു നിനയ്ചേൻ , മുടിയലൈ, തമ്പിയും അവളെ  വിരുമ്പിട്ടാൻ , ആനാലും ദിനവും പേസുവോം. പത്തു വർഷമാച്ച് അക്കാ, ഇത് വരേയ്ക്കും ഏതുമേ കുറയലൈ ! " വല്ലിയുടെ മുഖത്ത് വിരിഞ്ഞ ചിരിക്കു കുസൃതിച്ചുവപ്പ് . ശബ്ദത്തിലെ ഇടർച്ച ഞാൻ കേട്ടില്ലെന്നു നടിച്ചു, അയാൾക്ക് പ്രസന്നഭാവം മാത്രമേ ചേരൂ.

എത്ര ലളിതമായാണ് ഒരു നെടുങ്കൻ പ്രണയകഥ വല്ലി  പറഞ്ഞത്! അമ്മാവന്റെ മകളെ ജ്യേഷ്ഠനും അനുജനും സ്നേഹിച്ചതിനാൽ വിവാഹം കഴിക്കാനായില്ല.  ഇത്തിരിയല്ല  നിരാശ, ജീവിതം ഗതിമാറ്റിയിട്ടും മാറാത്ത ഒരുൾത്തുടിപ്പ്‌ . പ്രണയം എന്നതിനെ പേരിടുന്നത് തന്നെ തെറ്റാണ്. പക്ഷെ വല്ലിയുടെ ശരികളിൽ അതുണ്ട്. മനസ്സിലല്ലേ പാസം ആരെയും നോവിക്കാതെ. വഴിമാറിയൊഴുകാനാവാത്ത പുഴ പോലെ  "ഒരു നിനൈവ് , നിറവ് ", ചില വാക്കുകളുടെ ഭംഗി തമിഴിൽ തന്നെ. മൊഴിമാറ്റം വേണ്ട .

നഷ്ടപ്രണയം ഒരു നീളൻ തുടരൻ പോലെ ജീവിതത്തിന്റെ ഓരോ ഏടുകളിലും നോവിന്റെ വിരലടയാളം പതിപ്പിക്കുന്നു എന്നൊക്കെയാണ് ഞാനിതുവരെ അറിഞ്ഞത്. തികച്ചും ബാലിശം. ഓർമ്മകൾ ഉറക്കാത്ത രാത്രികളിലെ ചിന്തയുടെ  നോവൊക്കെ പഴയ ക ൺസെപ്റ്. മൂക്കിപ്പൊടി വലിച്ച്‌  നിർത്താതെ തുമ്മുന്ന പഴയ കാരണവന്മാരെപ്പോലെ അലോസരപ്പെടുത്തുന്ന ചിന്തകൾ. നഷ്ടമാവുന്നു എന്ന് ചിന്തിക്കുന്നതെ തെറ്റാണ്. പട്ടു പോയെന്നു കരുതുന്നവ വേരിലെവിടെയോ പുതുനാമ്പിടും പോലെയേയുള്ളൂ, ഒന്നും എവിടെയും നഷ്ടമാവുന്നില്ല.

വല്ലിയുടെ തിളങ്ങുന്ന കണ്ണുകൾ പറഞ്ഞത് വാക്കുകൾ പറഞ്ഞതിനപ്പുറമാണ്. ഒരു നിമിഷം എങ്ങോട്ടോ ഓടിപ്പോയ മനസ്സിനെ വല്ലി വീണ്ടുമുണർത്തി.

"സൊല്ലുങ്കെ , എന്ന തപ്പാ ഇത്, നീങ്ക പഠിച്ചവങ്കൾ , പാസത്തെ മറയ്ക്കറുതു താൻ തപ്പ് , ഇല്ലൈയാ ? "

പുരാണത്തിലെ  വേൽ മുരുകന് വള്ളി തുണയ്ക്കാകാം, ഇവിടിപ്പോ പിറപ്പിലേ വേൽമുരുകനോട് വല്ലി ചേർന്നിരിക്കുന്നു. മഞ്ജുളയുടെ ചിരി മനസ്സിലെത്തിയെങ്കിലും, ഉത്തരത്തിനായി പരതേണ്ടി വന്നില്ല. ലോകത്തെ മാറ്റിമറിക്കുന്ന എന്തൊക്കെ നടക്കുന്നു ചുറ്റിലും. ഇതൊരൽപ്പം സ്നേഹം , അത് പുഴ പോലൊഴുകട്ടെ ,


















ഐകമത്യസൂക്തം ചൊല്ലുമ്പോൾ ...



കാരണാട്ടു കാവിലേക്കുള്ള വഴി പണ്ട് വല്ലാതെ  ഇടുങ്ങിയതായിരുന്നു. പണ്ടെന്നാൽ ഒരു പത്തിരുപതു കൊല്ലം മുൻപാണ്. ഹൈവേയിൽ നിന്നും രണ്ടു കിലോമീറ്റർ ഉള്ളിലേക്കാണ് കാവ് . കഷ്ടിച്ച് ഓട്ടോയോ, സ്കൂട്ടറോ പോവാനുള്ള വഴിയേയുള്ളൂ. ചെറിയ കൈത്തോടും വയലുകളും ഒരു വശത്ത് . ഒതുക്കുകൾ കയറിയാൽ കുത്തനെയുള്ള പടികൾ ,ഒറ്റവീർപ്പിനൊന്നും പടികൾ കയറാനാവില്ല. ഇടക്കൊന്നു നിന്നേ പറ്റൂ. പകലിലും മരങ്ങളുടെ നിഴലുകളിൽ ഒളിച്ചു കളിച്ച ഇരുട്ടിന്റെ കാലനക്കങ്ങൾ കാണാം. പടികൾക്കപ്പുറം ചെറിയ മുറ്റത്തു നിന്ന് നേരെ അകത്തേക്ക്, ഭഗവതിക്കരികിലേക്ക് ..

 ഒന്ന് കുനിഞ്ഞാലേ വാതില്പടിയിൽ  തലയിടിക്കാതെ  നാലമ്പലത്തിലേക്കു കടക്കാനാവൂ. ശ്രീകോവിലിൽ ഭഗവതിയെ പിൻവിളക്കിന്റെ വെളിച്ചത്തിൽ കാണാം, മുന്നിൽ വശങ്ങളിലെ  തൂക്കുവിളക്കിന്റെ വെളിച്ചത്തിനെപ്പോ നോക്കിയാലും തെളിച്ചം പോരാ. നടയിൽ മറ്റാരുമുണ്ടാവാറില്ല. ആഗ്രഹനിവർത്തിക്കാർ അന്നൊക്കെ തീരെ  കുറവായിരുന്നുവെന്നു വേണം കരുതാൻ. ഭഗവതിയുടെ നേർക്കു  നോക്കിയപ്പോൾ പറയാൻ കരുതി വച്ചതു മറന്നു. ഇളയത് എവിടെയാണാവോ? കാൽപ്പെരുമാറ്റം കേട്ടാലുടനെ എത്തുന്നതാണ്. പകരം വന്നത് കീഴ്ശാന്തി, മകനാണ്, മുൻപ് ഒരു ചിരിയിലൊതുങ്ങുന്ന പരിചയമുണ്ട്, നാരായണനുമായി . വെളുത്തിട്ട് നല്ല ഉയരമുണ്ട് . മുടി പറ്റെ വെട്ടിയിരിക്കുന്നു. സാധാരണ നാരായണൻ  തിടപ്പള്ളിയിൽ നിവേദ്യം ഉണ്ടാക്കുന്ന തിരക്കിലാവും.

"അച്ഛന് സുഖല്യാ , അതോണ്ടാ ഞാൻ. വന്നോളൂ , പുഷ്‌പാഞ്‌ജലി ഇപ്പൊ കഴിപ്പിക്കാട്ടോ. മകമല്ലേ നക്ഷത്രം , ഐകമത്യ സൂക്തം അല്ലേ പുഷ്‌പാഞ്‌ജലി? അച്ഛൻ പറഞ്ഞേൽപ്പിച്ചിരുന്നു."

ശ്രീകോവിലിലേക്ക് കയറും മുൻപ് തിരിഞ്ഞു നോക്കി ഇത്രയും അയാൾ പറഞ്ഞു. മന്ത്രങ്ങൾ ചൊല്ലുന്ന ശബ്ദം പിന്നാലെ . എന്തൊക്കെയായിരുന്നോ ചൊല്ലിയത്? എന്നോർമ്മയുണ്ടായിരുന്നു. ഇപ്പൊ മറന്നു.

ഓർമ്മയിൽ ആകെ നാരായണൻ പറഞ്ഞതേയുള്ളൂ , " ഉമക്ക് ഹരനെന്ന പോലെ , മഹാവിഷ്ണുവിന് ലക്ഷ്മിയെന്ന പോലെ തന്റെ ആളോട് ചേർത്തു വയ്ക്കാൻ ഭഗവതിയോട് മനസ്സുരുകി പറഞ്ഞോളൂട്ടോ". മേൽശാന്തി ഇങ്ങനൊന്നും പറയാറ് പതിവില്ല , ചെറിയൊരു ചിരി, പ്രസാദം വാങ്ങുമ്പോൾ ഒരു "സുമംഗലീ ഭവ', തീർന്നു. എന്ത് പ്രാർത്ഥിക്കണം എന്നൊക്കെ ആരെങ്കിലും പറയുന്നതാദ്യമായതു കൊണ്ട് കൗതുകം തോന്നി. ശ്രീകോവിലിൽ നിന്ന് പുറത്തെത്തി പ്രസാദം തന്നിട്ടാണ് ദീപാരാധനക്കുള്ള വട്ടം കൂട്ടൽ. പതിവിനു വിപരീതമായി അഷ്ടപദിയാണ്  കോളാമ്പിയിലൂടെ. ബാലമുരളീകൃഷ്ണയാണ് " ധീരസമീരേ .." അത് കൊണ്ട് ദീപാരാധനയ്ക്കു കാത്തു നിൽക്കുന്നതിന്റെ വിരസത പോയി. പണ്ടെപ്പോഴോ രാധയായിരുന്ന കഥയോർക്കാൻ നല്ല സുഖം.

 ദീപാരാധന കഴിഞ്ഞു പോകാനൊരുങ്ങിയപ്പോൾ നാരായണൻ ചോദിച്ചു , " നന്നായില്ലേ അഷ്ടപദി? സോപാനം പാടാനൊന്നും ആളില്ല്യ, അപ്പോ ഇതെങ്കിലും ആയ്ക്കോട്ടേല്ലേ? തൊഴാൻ തന്നെ ആള് കുറവ്. പിന്നെ കഴകത്തിനൊക്കെ വയ്ക്കാനെങ്ങിനെയാ? തനിച്ചാണോ വന്നത്? അമ്മയെ കണ്ടില്ലല്ലോ ? ഇരുട്ടായിരിക്കണൂ, മുറ്റത്തിന് താഴെ വരെ വരണോ? "

" വേണ്ട,  തനിച്ചല്ല,  ഓട്ടോയുണ്ട്, കാത്തു നിൽക്കുന്നുണ്ടാവും അയാൾ .പേടിക്കാനൊന്നൂല്ല ."

അഞ്ചായിരുന്നോ ഒൻപതായിരുന്നോ വെള്ളിയാഴ്ചകൾ? ഓർമ്മയില്ല. ഇരുട്ടിൽ എങ്ങോട്ടോ ഒക്കെ പോവാൻ വെമ്പിയിരുന്ന മനസ്സുമായി കുറെ നാൾ. അത് പെട്ടന്നൊന്നും കടന്നു പോയില്ല. ഭർത്താവിനോട് പിണങ്ങി വീട്ടിൽ തിരിച്ചെത്തിയതെന്തിനെന്ന്  അടക്കിപ്പിടിച്ചും , ഉച്ചത്തിലുമൊക്കെ ആളുകൾ ചോദിച്ചു തുടങ്ങിയിരുന്നു.

"ആയിരം കുടത്തിന്റെ വായ് അടയ്ക്കാം , ആളോൾടെ പറ്റ്വോ ? '' എന്ന് മുത്തശ്ശി പറഞ്ഞതോർക്കുന്നു."നീയ്യ്‌ എന്തിനേ പിണങ്ങിയത് ? കാര്യായിട്ടാ ? "
ചില ചോദ്യങ്ങൾക്ക്  ഉത്തരമില്ല. ഞാനാണോ അയാളാണോ പിണങ്ങിയത്? അതോ രണ്ടാളും പിണങ്ങിയില്ലേ? വെറുതെ മണ്ണപ്പം ചുട്ടു കളിച്ചപ്പോ ഒന്ന് വാശി പിടിച്ചേയുള്ളോ? പിണക്കം തീർക്കാനുള്ള വഴിപാടുകളോർക്കുമ്പോൾ ഇപ്പൊ തമാശയായി തോന്നുന്നു. ഐകമത്യസൂക്തം വെള്ളിയാഴ്ച തോറും, ഭഗവതിക്ക് ,അകന്നിരിക്കണോരുടെ മനസ്സടുപ്പിക്കാനുള്ള മന്ത്രാത്രെ, എത്ര ലളിതമാണ് കാര്യങ്ങൾ? എന്നിട്ടെടുത്തോ മനസ്സുകൾ?

വെള്ളിയാഴ്ച്ചകളിലെ ഭഗവതിയോടുള്ള ചങ്ങാത്തം പിരിമുറുക്കങ്ങളിൽ നിന്നും അഴിയാക്കുരുക്കുകളിൽ നിന്നും ഒരു താൽക്കാലികാശ്വാസം തന്നെയായിരുന്നു. ഒച്ചയും ബഹളവുമില്ലാതെ സമാധാനമായി ഒരൽപം നേരം.

 കാവിന്റെ പുറകിലത്തെ നാട്ടു വഴിയിലൂടെ അവരുടെ ഇല്ലത്തേക്ക് മച്ചിൻപുറത്തെ ഭഗവതിയുടെ മൂല വിഗ്രഹം തൊഴാൻ  പോവുമ്പോൾ , കൈയിലുരുമ്മുന്ന ശീമ കൊങ്ങിണികൾക്കപ്പുറത്തു നീല അമരിയുണ്ടെന്നു നാരായണൻ പറഞ്ഞു. " കുട്ടിക്ക് നിറയെ മുടിയുണ്ടല്ലോ , കുറച്ചു കൊണ്ടോയ്ക്കോളു, ഇനിയും നന്നായി വളരും  മുടി ." ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നു കൊണ്ട് നാരായണന്റെ മുഖത്തെ ഭാവം കണ്ടില്ല, എന്റെ മുഖത്തെ അമർത്തിപ്പിടിച്ച  ചിരി അയാളും.  വഴിപാടു വട്ടമെത്തും മുൻപേ സമരം  സന്ധിയായി , പോവേണ്ടിവന്നു തട്ടകത്തിലേക്ക്.

അതൊക്കെ കഴിഞ്ഞിട്ട് വർഷം എത്രയായിരിക്കുന്നു! ഇത്രകാലായിട്ടിപ്പോഴാണ് വീണ്ടും കാവിലേക്ക്. വഴി വല്ലാതെ മാറിയിരിക്കുന്നു, വയലുകൾ പലതും പുരയിടങ്ങളായിരിക്കുന്നു. വഴിക്കു വീതി കൂട്ടിയപ്പോഴായിരുന്നിരിക്കണം കൈത്തോടിന്റെ അകാലമൃത്യു. ഇപ്പൊ പഴയ പോലെ കുത്തനെയുള്ള പടികൾ കയറേണ്ട. വേരുകൾ പടർത്തിയ നാഗദന്തി വെട്ടിമാറ്റിയപ്പോൾ കാവിന്റെ  മുറ്റത്തേക്ക് കയറാൻ എളുപ്പത്തിൽ വഴിയായി , ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളം എന്നു പറയും പോലെ. നാലമ്പലത്തിലേക്കു കയറാൻ ഉയരമുള്ള വാതിൽ. നടക്കൽ സാമാന്യം തിരക്കുണ്ട്. ദീപാരാധനയ്ക്കു നട  അടച്ചിരുന്നു. പഴയ മൈക്ക് സെറ്റ് വച്ചിരുന്ന മുറിയില്ല. ശ്രീകോവിലിനു മുന്നിൽ ഇടക്കയുമായി സോപാനം പാടാൻ ഒരാൾ, " പ്രളയപയോധിജലേ .."  ബാലമുരളീകൃഷ്ണയുടെ ഗീതാഗോവിന്ദം പോലെയുള്ള സുഖമൊന്നുമില്ല, ന്നാലും നേരിട്ട് സോപാനം കേൾക്കുന്നതിന് പ്രത്യേക സുഖമുണ്ട്. നാരായണൻ ഉണ്ടോ ആവോ? ഇത്രയും മാറ്റങ്ങളിൽ അയാളും  മാറീട്ടുണ്ടാവും. ചിലപ്പോൾ എന്നെ തിരിച്ചറിഞ്ഞു എന്ന് തന്നെ വരില്ല.

ശ്രീകോവിലിന്റെ നടയിൽ  രശീതി വച്ച് മാറുമ്പോൾ നാരായണന്റെ ശബ്ദം. "എപ്പഴാ വന്നത്? ഞാൻ കണ്ടില്ലാട്ടോ. അങ്ങട്ട് നിന്നോളൂ , ഇപ്പൊ വരാം." നാരായണന് വയസ്സായിത്തുടങ്ങിരിക്കുന്നുവെന്നു കുറ്റിത്തലമുടിയിലെ നര ഓർമ്മിപ്പിച്ചു. ഇത്തിരി തടിച്ചിട്ടുമുണ്ട്. കാലത്തിന്റെ കൈയൊപ്പുകൾ.പറഞ്ഞ പോലെയധികം താമസിയാതെ എത്തി.

" നല്ല തിരക്കാണ്, വെള്ളിയാഴ്ചയല്ലേ? പണ്ടത്തെപ്പോലെയല്ല, ഓരോന്ന് വന്നു കൂടുമ്പോൾ മനുഷ്യനെക്കൊണ്ടാവാത്ത പരിഹാരങ്ങൾക്കു ദൈവങ്ങൾക്കരികിലേക്കെത്തുന്ന കാലമാണിത്. മോനുണ്ട് കൂടെ. സ്കൂളിൽ പോയി വന്നാൽ സഹായത്തിനു കൂടും. വല്ലാണ്ട് ചടച്ചു പോയീലോ! മുടിയൊക്കെ തോളൊപ്പായിലോ, ആകെ മാറിപ്പോയി. സുഖല്ലേ? അമ്മയെ ഇടയ്ക്കു കാണുമ്പോൾ ചോദിക്കാറുണ്ട്ട്ടോ. "

ഒരു ചിരി മറുപടിയായി നൽകാനെ  കഴിഞ്ഞുള്ളു, ചിലയിടങ്ങളിൽ അങ്ങിനെയാണ്. വിശേഷങ്ങൾക്കിടമില്ല.

വഴിപാടു രസീതി നോക്കാതെ തന്നെ " മകമല്ലേ  നക്ഷത്രം? ഐകമത്യസൂക്തം പുഷ്പാഞ്ജലി ? "

"ഇത്ര വർഷമായിട്ടും ഇത് മറന്നില്ലല്ലോ, എന്നാൽ ഇക്കുറി ഐകമത്യ സൂക്തം വേണ്ട , ഭാഗ്യ സൂക്തം മതീട്ടോ. കൊല്ലമിത്രായിട്ടും  ഐക്യം ഒന്നും ഉണ്ടായില്ല, ഭാഗ്യം ഉണ്ടാവുമോന്നു നോക്കാലോ ".

നാരായണൻ മറുപടി ഒന്നും പറയാതെ ശ്രീകോവിലിനുള്ളിലേക്കു പോയി. ഇരുത്തം വന്ന ശബ്ദത്തിലെ മന്ത്രങ്ങൾക്കൊപ്പം മുഴങ്ങിയ മണിനാദം മാത്രം പഴയത് . പ്രസാദം കൈയിലേക്ക് തരുമ്പോൾ ഒരു ചെറു ചിരിയോടെ പറഞ്ഞു " ഭാഗ്യസൂക്താണ് പറഞ്ഞ പോലെ. നമ്മളും കൂടി വിചാരിച്ചാലേ  മനസ്സില് ഐക്യമുണ്ടാവുള്ളൂ , ഭഗവതിക്ക് തനിയെ പറ്റില്ലാട്ടോ".

ഒരു കുസൃതി ചോദ്യം തിരിച്ചു ചോദിക്കാനാണ് തോന്നിയത്.  "നാരായണൻ അപ്പൊ പണ്ട് ഐകമത്യം മന്ത്രം ശരിക്കു ചൊല്ലീല്യേ? "



     .






















കമലാ സ്റ്റോറിലെ വൃദ്ധന്‍
*******************************

തെക്കേ വീഥിയിലെ തിരക്കേറിയ തെരുവിലാണ് കമലാ സ്റ്റോര്‍. എളുപ്പത്തില്‍ മുകളിലേക്കും താഴേക്കും ഊർത്തി  മാറ്റാവുന്ന ഇരുമ്പ് ഷട്ടറുകളുടെ സ്ഥാനത്ത് പഴയ വിജാഗിരികള്‍ പിടിപ്പിച്ച രണ്ടായി മടക്കാവുന്ന, തടികൊണ്ടുള്ള വാതില്‍ പാളികള്‍ ഉള്ള പഴയ ഒരു കട. സ്റ്റോര്‍ എന്ന് തുണിക്കടക്ക് പേരു അടുത്തയിടയൊന്നും കേട്ടതായി ഓര്‍മിക്കുന്നില്ല . ടെക്സ്റ്റയില്‍സ്, ഫാബ്രിക്സ് എന്നൊക്കെ വളരെപണ്ടേ തുണിക്കടയുടെ പേരുകള്‍ ജ്ഞാനസ്നാനപ്പെട്ടിരുന്നുവല്ലോ .
പത്തു മണിയാകുമ്പോഴേക്കും ഒരുമാതിരിപ്പെട്ട കടകളില്‍ വ്യാപാരം തുടങ്ങിയിട്ടുണ്ടാകും. എനിക്കാവട്ടെ അപ്പോഴേക്കും വീട്ടുപണിയൊതുക്കി പുറത്തേക്കു പോകാനുള്ള സാവകാശവും കിട്ടും. ഇതിപ്പോള്‍ പതിനൊന്നായിട്ടും കതകുകള്‍ തുറക്കാന്‍ ആരംഭിക്കുന്നതെയുള്ളൂ. ബ്ലൌസ് തയിക്കാനുള്ള തുണികള്‍ കമലാ സ്റ്റോറില്‍ നിന്ന് വാങ്ങു എന്നു അയല്‍ക്കാരി നിര്‍ബന്ധിച്ചു പറഞ്ഞതുകൊണ്ടാണിവിടേക്ക് തന്നെ വന്നത്. ചിലരുടെ നിർബന്ധങ്ങൾ തടുക്കാൻ വയ്യാത്തവയാണ്.അല്ലെങ്കില്‍ ഇത്ര തിരക്കുള്ള തെരുവില്‍, വണ്ടി പോലും പണിപ്പെട്ടു വയ്ക്കാന്‍ വിഷമിച്ചു വരേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ.അത്യാവശ്യം പുതിയ കടകൾ പഴയകടത്തെരുവുകളിൽ നിന്നും അല്പം മാറി ,പാർക്കിങ്ങിനുള്ള ഇടവും വിട്ട്  പരിഷ്കരിച്ച രൂപഭാവങ്ങളും പേരുമായി ആരംഭിച്ചിട്ടുമുണ്ട്. ആനന്ദം, ശ്രീ സിൽക്‌സ് , മഹാരാജ ഫാഷൻസ് എന്നൊക്കെയുള്ള പേരുകൾക്കുമുണ്ട് പുതുമയുടെ ആകർഷണീയത. ഒരേ തരത്തിലുള്ള സാരികൾ അല്ലെങ്കിൽ പാന്റും ഷർട്ടും യൂണിഫോമായി ധരിച്ച സെയിൽസ് യുവതീയുവാക്കൾ എന്തും വാങ്ങിപ്പിക്കാൻ പോക്കറ്റിനെ പാകപ്പെടുത്തുന്ന തന്ത്രം അറിയുന്നവർ കൂടിയാവുമ്പോൾ പറയുകയും വേണ്ട. അതൊക്കെ വേണ്ടെന്നു വെച്ചിട്ടാണീ മോടിയില്ലാത്ത കടയിലേക്ക്. 
   
അല്പം പ്രായമായ ഒരാൾ കൊളുത്തുകളുള്ള നീളൻ ഇരുമ്പു കമ്പികള്‍ കൊണ്ടു തട്ടുകള്‍ മടക്കി മച്ചിലേക്ക് ഉയര്‍ത്തി വയ്ക്കുന്നതേയുണ്ടായിരുന്നുള്ളൂ ഞാനവിടെ എത്തുമ്പോൾ .മണി പതിനൊന്നു കഴിഞ്ഞിട്ടുണ്ടാവണം. വണ്ടിയൊതുക്കാനുള്ള സ്ഥലം തീരെ ഇല്ല കടയുടെ മുന്നില്‍. ഒരോരത്ത്  അടുക്കി വച്ച സൈക്കിളുകള്‍,പഴയ കരിപ്പച്ച കളറുള്ള ഹെർകുലിസ്, അറ്റ്‌ലസ്, സൈക്കിളുകളുടെ ഗണത്തില്‍ പെട്ടതാവണം. പരസ്യ ബോര്‍ഡ് പോലെ ഹാൻഡിലിനെ ബന്ധിപ്പിക്കുന്ന ബാറില്‍ കമല സ്റ്റോര്‍ എന്നെഴുതിയ റെക്സിന്‍ തയ്ച്ചു പിടിപ്പിച്ചിട്ടുണ്ട്. കുറഞ്ഞത്‌ പത്തെണ്ണമെങ്കിലും കാണും. ഇപ്പോഴാരാണോ ഇത്രയും സൈക്കിളുകള്‍  ഉപയോഗിക്കുന്നത്? ടി വി എസ് ഫിഫ്ടിയില്‍ കുറഞ്ഞ ഒന്നിനെ ഇരുചക്രത്തിൽ കാണാന്‍ എളുപ്പമല്ല. ഒറ്റക്കും തെറ്റക്കും വൈകുന്നേരം നിരത്തുകളില്‍ സൈക്കിളോടിക്കുന്ന വയസ്സന്മാരെ കാണാറുണ്ട്‌. പകലത്തെ പണി കഴിഞ്ഞു ആഞ്ഞു ചവുട്ടി വീടെത്താന്‍ തത്രപ്പെടുന്നവര്‍. ഈ തുണിക്കടയില്‍ ഇത്രയും സൈക്കിളുകള്‍ ഓടിക്കുന്നവരുണ്ടോ ആവോ ! അതോ വയസ്സന്മാരാണോ കൂടുതൽ?എനിക്ക് വയസ്സാവുന്നുണ്ടെന്നു സൗകര്യപൂർവം മറന്നാണ് അങ്ങിനെ ചിന്തിച്ചത്.

ഇപ്പോഴത്തെ സെയിൽസുകാരുടെ  കണ്‍സെപ്റ്റ് പ്രകാരം ബൈക്കോ, സ്കൂട്ടിയോ അത്യാവശ്യമാണ്‌. സ്‌കൂട്ടർ സൈക്കിളുകളുടെ അടുത്ത് വയ്ക്കാൻ തോന്നിയില്ല, എങ്ങാനും ഒന്ന് തെറ്റിയാൽ എല്ലാം കൂടി മറിഞ്ഞടിച്ചു വീണാലോ. രണ്ടാമതൊന്നു ചിന്തിച്ചാൽ കടയ്ക്കുള്ളിലേക്ക് കടന്നില്ലെങ്കിലോ എന്ന് ഭയന്ന് മുന്നോട്ടു നടന്നു. പടി കയറിയപ്പോൾ പൂജയുടെ ഭാഗമായ സാമ്പ്രാണി പുകയ്ക്കുന്നതേയുള്ളൂ. 
ഒന്നറച്ചു നിന്നപ്പോൾ, കൗണ്ടറിൽ നിന്നും ഒരാൾ "ഒരു നിമിഷം കാക്കൂ" എന്ന് നല്ല ചിരിയോടെ.. 
അപ്പോഴാണ് കൗണ്ടറിലെ മേശ ശ്രദ്ധിച്ചത്. വലതു വശത്തായി ചില്ലു പതിച്ച മേശ, പ്രൊപ്രൈറ്റർ എന്നെഴുതിയ ചെറിയൊരു ബോർഡ് മേശമേൽ. മേശയുടെ ഇരിപ്പിടത്തിനു പിന്നിൽ പല നിറത്തിലുള്ള കല്ലുകൾപതിപ്പിച്ച വെങ്കിടാചലപതിയുടെ ചില്ലിട്ട ഫോട്ടോ. പലതരം ബൾബുകൾ മിന്നുകയും തെളിയുകയും ചെയ്യുന്നുണ്ട്. ചിത്രത്തിൽ അരളിയും, തുളസിയും ചേർത്ത് പിന്നിയ മാല. മുന്നിലുള്ള സ്റ്റാൻഡിൽ കെടാവിളക്ക് , പുകയുന്ന സാമ്പ്രാണി തിരി, വെള്ളം നിറച്ച ചില്ലു ഗ്ലാസിൽ ഒരു ചെറുനാരങ്ങാ എന്നിവ..മേശമേൽ മഞ്ഞൾ, കുങ്കുമം, കളഭം ഇവ വെള്ളിക്കിണ്ണത്തിൽ. അടുത്തൊരു തട്ടത്തിൽ കുറച്ചു മുല്ലമാല. കടയിൽ വരുന്ന സ്ത്രീകൾക്ക് കൊടുക്കാനുള്ളതാണത്. ഇപ്പോഴും ഇങ്ങനൊക്കെയുണ്ടല്ലോ എന്നോർത്തു നിന്നപ്പോൾ മേശക്കരികിൽ ഇരുന്ന അലക്കിത്തേച്ച വെള്ള ഷർട്ടും മുണ്ടും ധരിച്ചയാൾ അകത്തേക്ക് പോവാൻ അനുവാദം തന്നു.


തികച്ചും അപരിചിതമായ ലോകത്തേക്കെന്ന വണ്ണം അകത്തേക്ക് കടന്നപ്പോൾ ശ്രദ്ധിച്ചത് കടയിൽ സാധനമെടുത്തു കൊടുക്കുന്നവരെയാണ്. എല്ലാവര്ക്കും വേഷം വെള്ള ഷർട്ടും മുണ്ടും, സ്ത്രീകൾ ആരും തന്നെയുണ്ടെന്ന് തോന്നിയില്ല. ചെറുപ്പക്കാരെയും കണ്ടില്ല, അല്പം പ്രായമായവർ. ഒരു പക്ഷെ കടയിൽ ജോലിക്ക് ആദ്യമായി വന്നപ്പോൾ അവർ ചെറുപ്പക്കാരായിരുന്നിരിക്കാം. പിന്നീട് മറ്റു ജോലികളിലേക്ക് മാറാതെ ഇവിടെ തന്നെ നിന്നിട്ടുമുണ്ടാവും. എന്റെ ആവശ്യം ഒരു പടി പുറകിലുള്ള തലമുറയോടെങ്ങിനെ പറയും , പറഞ്ഞാലും മനസ്സിലാവുമോ എന്നൊരു ചിന്താക്കുഴപ്പവും തോന്നാതിരുന്നില്ല.  
കൈയിലുണ്ടായിരുന്ന സാരി ആദ്യം കണ്ടയാളിനെ ഏൽപ്പിച്ച് ബ്ലൗസിനുള്ള തുണിയെന്നു പറഞ്ഞപ്പോൾ " റ്റു ബൈ റ്റു  ബ്ലൗസ് തുണി കാണിക്കൂ  " എന്ന് അങ്ങേത്തലക്കലുള്ള ആളിനോട് അയാൾ ഉറക്കെ പറഞ്ഞു. കടയുടെ മറ്റേ അറ്റം വരെ കൂടെ വരാനൊന്നും അയാൾ മിനക്കെട്ടില്ല. ഇതല്ലാതെ മറ്റെന്തെങ്കിലും വേണോ എന്നന്വേഷിച്ചുമില്ല.

പുറത്തു നിന്നും കാണും പോലെയല്ല, അകത്തേക്ക് നല്ല നീളമുള്ള കടയാണ്. വേണ്ടതെന്താണെന്ന് അങ്ങറ്റം ചെന്ന് പറയാൻ ഉറപ്പിച്ചു. നല്ല തെളിഞ്ഞ മുഖമുള്ള, സെയിൽസ്മാൻ എന്ന് വിളിക്കാനാവാത്ത ഒരാൾ. വൃദ്ധൻ എന്നെങ്ങിനെ പറയും?പക്ഷെ അയാൾക്ക് 65 മുകളിൽ പ്രായം കാണും, തീർച്ച .ഒരു പക്ഷെ എഴുപത്തിനു മുകളിലുമാവാം. ഇങ്ങോട്ടുള്ളതിനേക്കാൾ ഭവ്യതയോടെ ഞാൻ ചോദിച്ചു " സാരിക്കു കോട്ടൺ ബ്ലൗസ് വേണം , പ്രിന്റുള്ളത്. ടു ബൈ ടു വേണ്ട."  
"ഇതിനു ടു ബൈ ടു തുണിയേ ചേരൂ. പൂക്കളുള്ള തുണികളൊക്കെ പഴയ കാലത്തല്ലേ ?"
"എനിക്ക് വേണ്ടത് ചുവപ്പും പച്ചയും പൂക്കളും ഇലകളുമുള്ള തുണിയാണ്, ദാ അവിടെ മുകളിലത്തെ നിരയിൽ ഇടത്തേയറ്റത്തു കാണുന്നുണ്ടല്ലോ.അതെടുത്തു തരൂ"
അത് പറഞ്ഞു കഴിഞ്ഞാണ് അയാളുടെ മുഖത്തേക്ക് നോക്കിയത്. നരച്ചു തുടങ്ങിയ കണ്ണുകളിലെ തിളക്കം എന്നിൽ എന്തോ തിരയുകയായിരുന്നോ?

 " എന്റെ മകളും നിങ്ങളെപ്പോലെ തന്നെയായിരുന്നു , ഏതു വേണമോ തറപ്പിച്ചു വേണമെന്ന് പറയുന്നവൾ. ഞാനെടുത്തു തരാം . പക്ഷെ പൂക്കളേക്കാൾ ആ സാരിക്ക് ചേരുന്നത് പുള്ളികളുള്ള തുണിയാണ്". 
എന്റെ തിരഞ്ഞെടുക്കലിനെ ഗൗനിക്കാതെ  താഴേക്കുള്ള ഗോവണിപ്പടികൾ ചൂണ്ടിക്കാണിച്ചു അയാൾ പറഞ്ഞു, "അവിടെ വേറെയും തുണിത്തരങ്ങളുണ്ട് , ഒന്ന് വന്നു നോക്കൂ." 
താഴേക്കുള്ള കുത്തനെയുള്ള പടികൾ അയാളോടൊപ്പം ഇറങ്ങുമ്പോൾ വശങ്ങളിൽ നിരത്തിയടുക്കിയ പല വർണ്ണങ്ങളിലുള്ള തുണിത്തരങ്ങൾ കണ്ടു. അതിൽ നിന്ന് അയാൾ ഒരു പുള്ളികളുള്ള ചുരുൾ തിരഞ്ഞെടുത്തുകൊണ്ട് പറഞ്ഞു " ഇതാണ് നിങ്ങൾക്ക് ചേരുക. കയറിവരുമ്പോൾ വാതിലിൽ തന്നെ ഇവിടുത്തെ തയ്യൽക്കാരൻ ഇരിക്കുന്നുണ്ട് , നല്ലവണ്ണം തയ്ക്കും ,എന്റെ മകൾക്കുള്ള ബ്ലൗസുകളും പേരക്കുട്ടിക്കുള്ള കുപ്പായങ്ങളും അയാളാണ് തയ്ക്കുന്നത്‌ .അവിടെ കൊടുത്താൽ മതി ."
ഇത്രയും കേട്ടപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല " മകൾ എവിടെയാണ്? അടുത്താണോ വിവാഹം കഴിപ്പിച്ചിരിക്കുന്നത് ?"

അയാൾ അതിനുത്തരം പറയാൻ മിനക്കെട്ടില്ല. പേരക്കുട്ടിയുടെ പുള്ളിയുടുപ്പുകളെപ്പറ്റിയും അത് തയ്‌ക്കുന്ന വിധത്തെപ്പറ്റിയും പറയാൻ തുടങ്ങി. ചോദിക്കുന്നതിനല്ല ഉത്തരം. അസമയത്തെ  അയാളുടെ സംസാരം എന്നെ ശ്വാസം മുട്ടിക്കും പോലെ തോന്നിത്തുടങ്ങിയിരുന്നു. പടിക്കെട്ടുകളിലെ തുണിത്തരങ്ങളുടെ ഗന്ധവും മന്ത്രണം പോലെയുള്ള അയാളുടെ ശബ്‌ദവും കൂട്ടിക്കുഴഞ്ഞപ്പോൾ, എന്ത് കൊണ്ടോ എന്റെ തൊണ്ട വരളുന്നുണ്ടായിരുന്നു. 
എത്ര വേണമെന്ന് അളവ് പറയാതിരുന്നിട്ടും , ഏതു വേണമെന്ന് തിരഞ്ഞെടുക്കാതിരുന്നിട്ടും പുള്ളികളുള്ള തുണി അയാൾ ബ്ലൗസിനായി മുറിച്ചു കഴിഞ്ഞിരുന്നു. എന്റെ കൈയിലേക്ക് തന്നു കൊണ്ട് പിറുപിറുക്കുന്ന പോലെ അയാൾ പറഞ്ഞു " പേരക്കുട്ടിയേയുള്ളൂ ബാക്കി, അവളുടെ അമ്മ പോയി, കുട്ടീടെ അച്ഛൻ തന്നെ, മണ്ണെണ്ണയൊഴിച്ച്‌ , രണ്ടാളും പോയി..നിങ്ങളെ കണ്ടപ്പോൾ അവൾ മനസ്സിൽ വന്നു അതോണ്ടാ. അവൾക്കിഷ്ടാ പുള്ളികളുള്ള തുണി. ഇത് വച്ചോളു , നിങ്ങൾക്കും ഇഷ്ടമാവും. " 
അയാൾ തന്ന തുണി പതിയെ എന്റെ കൈ വിരലുകളെ പൊള്ളിക്കാൻ തുടങ്ങിയിരുന്നു. ചുറ്റും മണ്ണെണ്ണയുടെ ഗന്ധംഎന്നെ പൊതിയുന്നതായി തോന്നി   , ദേഹത്തൊക്കെ വല്ലാതെ ചൂട് പടരും പോലെ, വളരെ പണിപ്പെട്ട്  അയാളുടെ മുഖത്തേക്ക് നോക്കി, നനവുള്ള കണ്ണുകൾ, പിന്നീടൊരു വട്ടം കൂടി നോക്കാൻ ആയില്ല, കാലുകൾ വലിച്ചു വച്ച് കൗണ്ടറിലേക്ക് , നടന്നെത്താൻ പറ്റാത്ത ദൂരമായി തോന്നുന്നുണ്ടായിരുന്നു. വീടെത്തിയിട്ടു വേണം തണുത്തവെള്ളത്തിൽ കുളിരുവോളം നിന്നാ പൊള്ളലിന്റെ വേവ് മനസ്സിൽ നിന്ന് അടർത്തിമാറ്റാൻ..
  



  







Monday, 20 February 2017






തിരുത്തപ്പെടേണ്ട ചിലത്‌ ..

കുറ്റം ചെയ്യുമ്പോൾ താൻ പിടിക്കപ്പെടുമോ എന്ന ഭയം ഇന്നത്തെ കുറ്റവാളികളിൽ തീർത്തും ഇല്ലാതാവുന്നു . അഥവാ പിടിക്കപ്പെട്ടാലും വഴുവഴുപ്പുള്ള, പഴുതുകൾ ഏറെയുള്ള നീതിന്യായവ്യവസ്ഥയിൽ ഏതുവിധേനെയും തലയൂരാമെന്ന ധാർഷ്ട്യം നൽകുന്ന ധൈര്യം! മാധ്യമങ്ങളിൽ വാർത്തയാവുമ്പോൾ, മിന്നായം പോലെ മറയുന്ന ചില രംഗങ്ങളിൽ മുഖം മറയ്ക്കുന്നതിനപ്പുറം, തന്നെ ഇവിടെയെത്തിച്ച പ്രവർത്തികളെ ഓർത്ത് ഒരു വട്ടമെങ്കിലും ലജ്ജിക്കാനോ, പശ്ചാത്തപിക്കാനോ അവർ മിനക്കെടുന്നുണ്ടാവില്ല. ഈ രണ്ടു വികാരങ്ങളും ഉണ്ടാവുന്നില്ലെങ്കിൽ അതിനുമപ്പുറത്തേക്കുള്ള ഒരു വികാരം അവരിൽ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. പ്രാണഭയത്തിനപ്പുറം ഒരു ഭയം ജീവനുള്ള ഒന്നിലുമില്ല.

ഒരു കൈയില്ലാത്ത ഗോവിന്ദച്ചാമി, വയ്പ്പ് കൈക്കായി അപേക്ഷ കൊടുക്കുന്ന സാഹചര്യം ഉണ്ടാക്കിയ നീതി "ന്യായ" ( ന്യായമുള്ളതാണീ വ്യവസ്ഥയെന്ന് തോന്നുന്നില്ല ) സംവിധാനത്തിനോട് അശേഷം ബഹുമാനം തോന്നുന്നില്ല. ആന്ധ്രയിലെ വാറങ്കലിൽ 2008 ലെ ആസിഡ് അറ്റാക്ക് പ്രതികൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടപ്പോൾ, വർദ്ധിച്ചു വരുന്ന ആസിഡ് കേസുകളാണ് കുറഞ്ഞത്. തെളിയിക്കപ്പെട്ടാൽ വളരെ ചുരുക്കം തടവ് ശിക്ഷ മാത്രം  ലഭിക്കുന്ന അത്തരം കുറ്റകൃത്യങ്ങൾക്ക് തടയിടാൻ അതു  പോലെയുള്ള ഒരു നടപടിക്ക് സാധിക്കുമെങ്കിൽ, പലതും ചിന്തിക്കേണ്ടതാണ്.

അംഗഭംഗം വന്ന ഒരു ഗുണ്ടയുടെ ജീവിതം അവന്റെ മാത്രം ബാധ്യതയാണെന്ന് വന്നാൽ കൈക്കരുത്ത് കാണിക്കും മുൻപ് കൊടി സുനിയായാലും , പൾസർ സുനിലായാലും ഒരു വട്ടം ആലോചിക്കും. ആവശ്യക്കാരില്ലാത്ത ,തന്റെ ഇഷ്ടത്തിന് ചലിക്കാത്ത ശരീരം പണത്തിനു പകരമാവില്ലെന്ന് അവർ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവർ മനസ്സിലാക്കുന്നില്ലെങ്കിൽ മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്. 







Tuesday, 14 February 2017



സാധ്യതകളുടെ തുലാസിലെ തമിഴ്‌നാട്  രാഷ്ട്രീയം...ശശികലയുടെ ഭാവിയെന്താവും ?


ശശികല ജയലളിതയേക്കാൾ വലുതാവുകയാണോ? ഉരുക്കു വനിതയുടെ നിഴലിനും അതേ കരുത്തു ലഭിച്ചോ?
ജയലളിത യഥാർത്ഥത്തിൽ ആഗ്രഹിച്ചിരുന്നുവോ ശശികലയുടെ സ്ഥാനാരോഹണം? ശശികലയെ തന്റെ തോഴിയിൽ നിന്നും തന്നോളമുയർത്താൻ അവരാഗ്രഹിച്ചിരുന്നെങ്കിൽ ഇന്നീ ചോദ്യങ്ങൾക്കു പ്രസക്തിയുണ്ടാവുമായിരുന്നില്ല. മുപ്പതു വർഷത്തിലേറെയുള്ള സന്തത സഹചാരിയെ തന്റെ പിൻഗാമിയാക്കാൻ ആലോചിക്കേണ്ടി വരുമായിരുന്നില്ലല്ലോ. അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ മുഖ്യമന്ത്രി പദമേൽക്കുന്നു എന്ന് പ്രഖ്യാപിക്കാൻ കാണിച്ച ധൃതി  ചിന്നമ്മയിലെ  ഏകാധിപതിയാവാനുള്ള അടങ്ങാത്ത ആഗ്രഹത്തെയല്ലേ കാണിക്കുന്നത്? അതോ രാഷ്ട്രീയ ഉപജാപങ്ങളുടെ ഇടനാഴിയിൽ വേറിട്ടൊരു ശബ്ദമാവാൻ ശശികലയ്ക്കു  കഴിയുമോ? 'അമ്മ എന്ന ഉറപ്പിനും , വിശ്വാസത്തിനും പകരമായി ഏഴൈ മനതിൽ ഇടം പിടിക്കാൻ ചിന്നമ്മയ്ക്കാവുമോ?   ജയലളിതയുടെ മരണം മുതൽ  ഉയർന്ന ചോദ്യങ്ങളുടെ ഉത്തരം "ഇല്ല" എന്നുറപ്പിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുണ്ടായിരിക്കുന്നത് .

തമിഴ്നാടിന്റെ ചരിത്രത്തിൽ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പുകളുടെ ചരിത്രം കയ്യാങ്കളിയിലും മറ്റൊരു തിരഞ്ഞെടുപ്പിലുമൊക്കെ അവസാനിച്ചിട്ടുണ്ട്. വികാരപ്രകടങ്ങളുടെ ജെല്ലിക്കെട്ട് സമരത്തിന് ശേഷം അനിശ്ചിതത്വത്തിന്റെ നാളുകളാണ് തമിഴ് ജനതയെ കാത്തിരിക്കുന്നത്. "അപ്പൻ കട്ടിലൊഴിയാൻ കാത്തു നിന്നതു പോലെ" എന്ന പഴമൊഴിയെ ഓർമ്മിപ്പിച്ചു കൊണ്ട് ജയലളിതയുടെ മരണത്തിനു ശേഷം പണ്ട് പുറത്താക്കപ്പെട്ടവർ ഒന്ന് ചേർന്നപ്പോൾ, നോക്ക് കുത്തിയാവുന്നതു ജയലളിതയുടെ വ്യക്തിപ്രഭാവത്തിനു വോട്ട് ചെയ്ത തമിഴ്ജനതയാണ്. പനീർസെൽവത്തിന്റെ ഏറ്റവും ഒടുവിലത്തെ അപ്രതീക്ഷിത മലക്കം മറിയൽ ശശികലക്കു വലിയ ഭീഷണിയല്ലെന്നു പ്രത്യക്ഷമായി തോന്നിച്ചെങ്കിലും  നിയമസഭയിൽ അക്കങ്ങളുടെ കളിയിലേക്കെത്തിയാൽ പ്രശ്‌നമാകും .ജനങ്ങൾക്കിടയിൽ  ശശികലക്കെതിരെയുള്ള വികാരം ശക്തമാണ്. പനീർസെൽവം റബ്ബർ സ്റ്റാമ്പിൽ നിന്നും ഒരു ഉറച്ച ശബ്ദത്തിലേക്കു മാറുമ്പോൾ ജനവികാരം അയാൾക്കൊപ്പം നിൽക്കാനാണ് സാധ്യത. ജയലളിതയുടെ മരണം  മുതലുള്ള സംശയങ്ങളും ഈ സന്ദർഭത്തിൽ ശശികലക്കെതിരെ ഉപയോഗിക്കാനാവും.  പനീർസെൽവത്തിനെ രാജി വയ്ക്കാൻ നിർബന്ധിച്ചിട്ടില്ല എന്ന് എത്ര ആവർത്തി പറഞ്ഞാലും അല്ലെന്നു മനസ്സിലാക്കാനുള്ള ബുദ്ധി പൊതുജനത്തിനുണ്ട്.

അണ്ണാ ഡി എം കെ പിളർപ്പിലെത്തിയാൽ ശശികലയുടെ മുഖ്യമന്ത്രി ആവാനുള്ള മോഹത്തിന് ആയുസ്സുണ്ടാവില്ല. എളുപ്പത്തിൽ മുഖ്യമന്ത്രി ആവാനുള്ള നീക്കത്തെ ഗവർണർ തുണക്കാത്തതിന്റെ മുകളിലാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ഏൽപ്പിച്ച ആഘാതം. അനധികൃത സ്വത്തു സമ്പാദനക്കേസ് വിധി പറയും മുൻപ് മുഖ്യമന്ത്രിയായാൽ പകരക്കാരനായി സ്വന്തം ഭർത്താവായ നടരാജനെ അവരോധിക്കാനുള്ള ഒരു നീക്കം കൂടിയായിരുന്നു ശശികലയുടേത്. അതിനായി പലയിടത്തും നടരാജന്റെ പോസ്റ്ററുകൾ പതിപ്പിച്ചു തുടങ്ങിയിരുന്നു,  തഞ്ചാവൂരിലും മന്നാർഗുഡിയിലും നടരാജൻ പോസ്റ്ററുകൾ ജനം വലിച്ചു കീറുന്നത് കണ്ടപ്പോഴെങ്കിലും ജനവികാരം അവർ മനസ്സിലാക്കേണ്ടതായിരുന്നു. ഭൂമി കയ്യേറലും അഴിമതിയുമടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്നു നടരാജൻ. ഇതൊക്കെ പറയുമ്പോഴും പാർട്ടിയും, ജയലളിതയുടെ സമ്പത്തും തന്റേതാക്കിക്കഴിഞ്ഞ ശശികലയെ എഴുതിത്തള്ളുക വയ്യ. പാതിവഴിയിൽ തന്റെ ആഗ്രഹം ഉപേക്ഷിച്ചു പിന്മാറുന്നത് ശശികലയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. ഇനിയൊരൂഴം ഉണ്ടായെന്നു തന്നെ വരില്ല.

അണ്ണാ ഡി എം കെ യെ പനീർസെൽവം പിളർത്തുകയും സഭയിൽ ഡി എം കെ യുടെയും കോൺഗ്രസ്സിന്റെയും സഹായത്തോടെ അധികാരത്തിലേറിയാലും ഭരണം എത്ര കാലത്തേക്കുണ്ടാവും എന്ന് പ്രവചിക്കാനാവില്ല.  കാത്തിരുന്നു കാണേണ്ടി വരും. പനീർസെൽവമാകട്ടെ ജയലളിതയുടെ മരുമകളായ ദീപയെയും കൂട്ടുചേർക്കാനൊരുക്കമാണ്. ശശികലക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി ഉത്തരവ് ഈ ആഴ്ച ഉണ്ടാകുമെന്നിരിക്കെ  വിധിക്കു മുൻപേ അരങ്ങേറാവുന്ന നാടകങ്ങൾ എന്താണെന്നറിയാൻ ഗവർണർ വിദ്യാസാഗര്‍ റാവുവിന്റെ തീരുമാനങ്ങൾക്ക്കാക്കേണ്ടി വരും.  ശശികലയുടെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കാത്തത് ഭരണഘടനാപ്രതിസന്ധി ഒഴിവാക്കാനാണ്.   കൃത്യമായ നിയമോപദേശം നേടാതെ അതുണ്ടാവാനുള്ള സാധ്യതയുമില്ല.

ചോദ്യങ്ങൾ അനവധിയാണ് , ഉത്തരമുള്ളതും ഇല്ലാത്തതും. ചിലതാവട്ടെ നിഗൂഡതയുള്ളതും . ജനമനസ്സിൽ ജയലളിതയുടെ മരണം ഉണ്ടാക്കുന്ന ശൂന്യതയെ നികത്താൻ ശശികലക്കാവുമോ എന്ന ചോദ്യത്തിന് തീരെ പ്രസക്തിയില്ല. അമ്മയ്ക്ക് ശേഷം എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം തയ്യാറാക്കാനുള്ള സമയം അധികാരത്തിന്റെ പിന്നാമ്പുറങ്ങളിൽ ഉള്ളവർക്ക് ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. ജയലളിതയുടെ  എഴുപത്തിയേഴു ദിവസത്തെ ആശുപത്രി വാസത്തിലെ ഒളിപ്പിക്കലുകൾ ,വ്യാജമെന്നു ആശുപത്രി അധികൃതർ പ്രഖ്യാപിച്ച , സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച മരണവാർത്തകൾ,  എല്ലാം നിഗൂഡതയ്ക്കു ആക്കമേറ്റുന്നു.

ജയലളിതയുടെ മരണത്തിനു ശേഷം തമിഴ്‍നാട്ടിലെങ്ങും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളായിരുന്നു ആദ്യവിവാദങ്ങൾക്കു തിരി കൊളുത്തിയത്. ശശികലയെ ജയലളിതയേക്കാൾ വലുതായി ചിത്രീകരിച്ച പോസ്റ്ററുകൾ ജനരോഷത്തെ തുടന്ന് പലയിടത്തും മാറ്റുകയുണ്ടായി. പാർട്ടി തലപ്പത്തു നിന്നും പോസ്റ്ററുകൾ പതിപ്പിക്കാനുള്ള നിർദ്ദേശമനുസരിക്കാൻ അണികൾക്ക് പലയിടത്തും സാധിച്ചതുമില്ല. ശശികലയ്ക്കെതിരായ ജനവികാരം അത്ര കടുത്തതാണ്. ഒരു പക്ഷെ ഇത്രയും വെറുക്കപ്പെട്ട ഒരാൾ തമിഴ്‍നാട് രാഷ്ട്രീയത്തിൽ ഉണ്ടാവുകയുമില്ല. ഇതൊക്കെയായാലും എ ഐ ഡി എം കെ ജനറൽ സെക്രട്ടറി പദ ത്തിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്കുള്ള ശശികലയുടെ യാത്ര  പ്രവചിക്കപ്പെട്ടതു പോലെ തന്നെ നടന്നു. മുഖ്യമന്ത്രിയാവാൻ തടസ്സങ്ങൾ വന്നുവെന്നേയുള്ളൂ.

 വ്യക്തമായ ഭൂരിപക്ഷമുള്ള, നിലവിൽ  അധികാരത്തിലുള്ള പാർട്ടിയുടെ തലപ്പത്തിരിക്കുമ്പോൾ അടുത്ത നാലുവർഷത്തേക്ക് ജനപിന്തുണയുടെ ആവശ്യമില്ലെന്ന ധാർഷ്ട്യവും അവർ കാണിക്കുന്നുണ്ട്. കൈക്കരുത്തിന്റെയും പണക്കൊഴുപ്പിന്റെയും രാഷ്ട്രീയം തമിഴ്‍നാടിനു അന്യമല്ല. എ ഐ ഡി എം കെ യുടെ സർവാധികാരിയായ ജയലളിതയെ നിഴൽ പോലെ പിന്തുടർന്ന മുപ്പതു വർഷങ്ങളുടെ അനുഭവസമ്പത്തും പരിചയവും  ഇനിയുള്ള തന്റെ രാഷ്ട്രീയമോഹങ്ങൾക്കു അടിത്തറയിടും എന്നാവും  ചിന്നമ്മയുടെ വിശ്വാസം. തമിഴ് മക്കൾ അമ്മയുടെ ദേഹവിയോഗത്തോടെ അനാഥരായി എന്ന് വിലപിക്കുമ്പോൾ അമ്മയുടെ സ്ഥാനത്തെത്തിയ ചിന്നമ്മ ആശ്രിതവാത്സല്യം മൂത്ത്  " ചിറ്റമ്മനയം " മക്കളോട് കാണിക്കുമോ എന്ന് കണ്ടറിയണം.

മന്നാർഗുഡി മാഫിയ 

ശശികലയെ എന്നും നിയന്ത്രിച്ചിരുന്നത് സ്വന്തം കുടുംബമായ മന്നാർഗുഡി മാഫിയ ആണെന്നാണ് പറയുന്നത്. ഇപ്പോഴും ആ താളങ്ങൾക്കൊപ്പം ചലിക്കാൻ മാത്രമേ അവർക്കു സാധിക്കുന്നുള്ളൂവെങ്കിൽ അവരുടെ രാഷ്ട്രീയ ഭാവിയും, പാർട്ടിയുടെ രാഷ്ട്രീയ ഭാവിയും ഇരുളിലാവും. പക്ഷെ ചരിത്രം പരിശോധിച്ചാൽ  വോട്ടുബാങ്കുകളിൽ  സമുദായങ്ങളുടെ താല്പര്യങ്ങൾക്കുള്ള പ്രാധാന്യ വും അത് മുതലെടുത്തു എ ഐ എ ഡി എം കെ യുടെ ശക്തിയാക്കി മാറ്റിയ മന്നാർഗുഡി മാഫിയയുടെ കൗശലവും  മനസ്സിലാവും. ജയലളിതയ്‌ക്കൊപ്പം ശശികല ചേരുന്നതിനു മുൻപ് വരെ  തമിഴ്‌നാട്ടിൽ  പിന്നോക്ക സമുദായമായ കല്ലർക്ക് കാര്യമായ മുന്നേറ്റം ഉണ്ടായിരുന്നില്ല.  കല്ലർ സമുദായത്തെയും തേവർ സമുദായത്തെയും സഹായിക്കാനും അധികാരസ്ഥാനങ്ങളിൽ  എത്തിക്കാനുമുള്ള തീരുമാനത്തെ   ജയലളിതയുടെ തന്ത്രപ്രധാനമായ ഒരു നീക്കമായി കാണാം. പൊതുവെ ബ്രാഹ്മണർക്കെതിരെയുള്ള തമിഴ് ജനതയുടെ വികാരത്തെ തടയിടാൻ ചെയ്തതാവാനേ തരമുള്ളൂ. ജനവികാരമറിഞ്ഞു ഭരിക്കുകയെന്നതായിരുന്നു എം ജി ആറിന്റെ തന്ത്രമെങ്കിൽ അതിനെ കുറേക്കൂടി വിപുലീകരിച്ചു ജനമനസ്സിലേക്കിറങ്ങി ചെല്ലാൻ ജയലളിതയ്ക്ക് സാധിച്ചു. താരാരാധനയായിരുന്നു എംജിആറിന്റെ ജനസമ്മതിക്കു പിന്നിൽ എങ്കിൽ ഒരു പടികൂടി കടന്നു 'അമ്മ ' എന്ന ശാശ്വത സങ്കൽപം ഊട്ടിയുറപ്പിക്കാൻ ജയലളിതയ്ക്ക് കഴിഞ്ഞു. എന്നാൽ ഈ രണ്ടു തന്ത്രങ്ങൾക്കും വ്യക്തി ആരാധനയുടെ അടിത്തറയുണ്ടായിരുന്നു.  ഇനി ശശികലയ്ക്കു എന്തു ചെയ്യാൻ കഴിയും എന്നാണു എല്ലാവരും ഉറ്റു നോക്കുന്നത്.

ശശികല ആരെന്നുള്ള അന്വേഷണത്തിൽ, ജയലളിതയുമായുള്ള സുഹൃദ്ബന്ധത്തിനു മുൻപുള്ള കാലത്തെപ്പറ്റി   കാര്യമായൊന്നും കണ്ടെത്താനായില്ലെന്ന് വരും. എം ജി യാറിന്റെ പേരിനൊപ്പം ജയലളിതയുടെ പേര് എക്കാലവും വായിക്കപ്പെടും പോലെ തന്നെയാണ് ശശികലയുടെ പേര് ജയലളിതയ്‌ക്കൊപ്പം. ഇരുവരെയും പിരിയാനോ , പിരിക്കാനോ കഴിയാത്ത വണ്ണം അടുപ്പിച്ചതെന്താണ് എന്നത് അജ്ഞാതം. ഭീഷണികൾക്ക് ഭയന്ന് ശശികലയുടെ നിയന്ത്രണങ്ങളിൽ തളക്കപെട്ടിരുന്നു ജയലളിതയുടെ സ്വകാര്യ ജീവിതമെന്നു പറഞ്ഞാലും തെറ്റില്ല. അന്തപ്പുരങ്ങളുടെ പിൻപക്ക
കഥകൾക്ക് ഇനി പ്രസക്തിയില്ല.


ശശികല ആരാണ്?

തഞ്ചാവൂർ ജില്ലയിലെ മന്നാർഗുഡി എന്ന ഗ്രാമത്തിൽ നിന്ന് കുറച്ചു ദൂരെയുള്ള തിരുത്തിറൈപ്പൂണ്ടിയിൽ  29 ജനുവരി  1956 നാണു ശശികലയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനിടയിൽ പഠിപ്പുപേക്ഷിക്കുകയും 1974 ൽ ഡി എം കെ യുടെ യുവനേതാവായ നടരാജനെ വിവാഹം കഴിക്കുകയും ചെയ്തു.പബ്ലിക് റിലേഷൻസ് വകുപ്പിൽ താൽക്കാലിക ജീവനക്കാരനായിരുന്ന നടരാജൻ ഉന്നത തല ബന്ധങ്ങൾ എന്നും ആഗ്രഹിച്ചിരുന്നു. പണ്ടേ സിനിമകളോട് താല്പര്യമുള്ള ശശികലയുടെ സ്വപ്നങ്ങളിലുള്ള   ആർഭാട ജീവിതം നടരാജന്റെ വരുമാനം കൊണ്ട് സാധ്യമായിരുന്നില്ല. 1976 ൽ നടരാജന് ജോലി നഷ്ടമായതിനെ തുടർന്ന് ശശികല ഒരു വീഡിയോ പാർലർ തുടങ്ങി. സമീപ പ്രദേശങ്ങളിൽ നടക്കുന്ന ചടങ്ങുകളുടെ ചിത്രീകരണങ്ങൾ ചെയ്യുന്നതിനിടയിലാണ് ജയലളിതയെ പരിചയപ്പെടാൻ അവസരമുണ്ടായത്. കടലൂർ കളക്ടർ ആയ വി. എസ് ചന്ദ്രലേഖ വഴിയാണ് എ ഐഎ ഡി എം കെ യിലെ പ്രചാരണ സെക്രട്ടറിയായ ജയലളിതയെ നടരാജനും ശശികലയും പരിചയപ്പെടുന്നത്. എന്ത് കൊണ്ടോ ജയലളിതക്ക് ശശികലയിൽ മതിപ്പു തോന്നുകയും തന്നോടൊപ്പം നിർത്തുകയും ചെയ്തു. 1980 കളിലാണ് ജയലളിത ശശികല ബന്ധം വളർന്നതും ശശികല ജയലളിതയുടെ വിശ്വസ്ത യായി മാറുകയും ചെയ്തത്. ആ വിശ്വസ്തത സ്വന്തമായി പറയത്തക്ക ഒന്നുമില്ലായിരുന്ന ശശികലയുടെ കുടുംബത്തിന് വളരെയേറെ നേടിക്കൊടുത്തു, പണമായും, പദവികളായും ,കൈക്കരുത്തായും. 

സുന്ദരവദനം, ജയരാമൻ, ഡോ. വിനോദഗൻ, ദിവാകരൻ ,വനിതാമണി  എന്നിവരടങ്ങുന്ന ശശികലയുടെ കുടുംബത്തിനു ഒരു മേൽവിലാസം ഉണ്ടാക്കികൊടുത്തത് ജയലളിത ശശികല ബന്ധമായിരുന്നു. ശശികലയുടെ സഹോദരനായ ദിവാകരൻ രാഷ്ട്രീയത്തിലും ബിസിനസ്സിലും വളരുന്നതും ഈ കാലഘട്ടത്തിലായിരുന്നു. ഇന്ന് മന്നാർഗുഡി "ബോസ്സ് " എന്നറിയപ്പെടുന്ന ദിവാകരൻ തഞ്ചാവൂരും സമീപ ജില്ലകളുമടങ്ങുന്ന കാവേരി ഡെൽറ്റ പ്രദേശത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ്. 

ജയലളിത ശശികലയെ വിശേഷിപ്പിച്ചിരുന്നത് "ഉയിർ തോഴി ' എന്നാണ്.അതിനു പല കാരണങ്ങളുമുണ്ട്. എം ജി ആർ ന്റെ മരണസമയത്തു ജയലളിതക്കെതിരായ പാർട്ടി തീരുമാനങ്ങൾ ഉണ്ടാവുകയും ഭീഷണികൾ തന്നെയും ഉണ്ടായ സാഹചര്യത്തിൽ ശശികലയുടെ സഹോദരൻ ഡോ. വിനോദഗന്റെ മന്നാർഗുഡി വസതിയിലായിരുന്നത്രെ ജയലളിത താമസിച്ചിരുന്നത്. അവരുടെ ഉയർച്ച താഴ്ച കളിൽ ശശികലയുടെ കുടുംബം എന്നും ജയലളിതക്കൊപ്പം ഉണ്ടായിരുന്നു. അതിന്റേതായ നേട്ടങ്ങൾ അവർക്കുണ്ടാക്കാനാവുകയും ചെയ്തു. ഇതിനൊരു മാറ്റം വരുന്നത് 2012 ൽ ശശികലയടങ്ങുന്ന മന്നാർഗുഡി കുടുംബത്തെ പോയസ് ഗാർഡൻ വസതിയിൽ നിന്ന് പുറത്താക്കുന്നതോടെയാണ്. അവരുമായി ബന്ധപ്പെട്ട പലരും അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ വെറും 100 ദിവസത്തിനുള്ളിൽ ശശികല മാപ്പപേക്ഷിച്ച് ജയലളിതയ്ക്കരികിൽ വീണ്ടും ഇടം പിടിച്ചു. തന്റെ കുടുംബവുമായുള്ള എല്ലാബന്ധങ്ങളും ഉപേക്ഷിച്ചു ജയലളിതയോടൊപ്പം നിൽക്കാൻ തീരുമാനിച്ചായിരുന്നു ആ വരവ്. ആ വരവിൽ ഭർത്താവായ നടരാജനെ വരെ അവർ ഉപേക്ഷിച്ചിരുന്നു. ജയലളിത അത് അംഗീകരിക്കുകയും ചെയ്തു. അതിൽ നിന്നും ശശികലയ്ക്കു എത്രത്തോളം സ്വാധീനം ജയലളിതയിൽ ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. 

2016 ഇലക്ഷനു ശേഷം ജയലളിതയുടെ അടിക്കടിയുള്ള ആരോഗ്യപ്രശ്നങ്ങളുടെ സമയം മുതൽ  ശശികലയുടെ കരങ്ങളിലാണ് എ ഐ ഡി എം കെ യുടെ ചുക്കാൻ എന്ന് വളരെ വ്യക്തമായിരുന്നു. അമ്മയുടെ നിഴലായ "ചിന്നമ്മ" ആയിരുന്നു പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ഒരുപക്ഷെ ഒരിക്കലും ജനങ്ങൾ കേട്ടിട്ടുണ്ടാവില്ല ശശികലയുടെ ഒരു അഭിമുഖമോ പ്രസംഗമോ. ചില വന്മരങ്ങൾ കടപുഴകുമ്പോൾ വലിയ മാറ്റങ്ങൾ സംഭവിക്കും. കേൾക്കാത്തവ കേൾക്കാനും കാണാത്തവ കാണാനുമുള്ള സമയമായിരിക്കുന്നു. 

രാജാജി ഹാളിൽ ജയലളിതയുടെ ഭൗതികശരീരം പൊതുദർശനത്തിനു വച്ചപ്പോൾ നിറകണ്ണുകളോടെ നിന്ന് അനുശോചനമർപ്പിക്കാനെത്തിയവരോട് സംസാരിക്കുന്ന ശശികല ജയലളിതയ്ക്ക് ശേഷം താനാണെന്നുറപ്പിക്കുകയാണ് ചെയ്തത്. ശശികലയും കുടുംബാംഗങ്ങളുമല്ലാതെ മറ്റാരും അടുത്തുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.ജയലളിതയുടെ സഹോദരന്റെ മക്കളെയോ മറ്റു ബന്ധുക്കളെയോ മൃതദേഹം കാണാൻ പോലും അനുവദിച്ചില്ല. തനിക്കപ്പുറം ജയലളിതയ്ക്ക് മറ്റൊരു ബന്ധുവില്ലെന്നുറപ്പിക്കുന്നതിലാണ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ അടുത്ത യുഗം ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശശികലയെ ആശ്വസിപ്പിക്കാനായി നെറുകയിൽ തൊടുമ്പോൾ ദേശീയ രാഷ്ട്രീയവും ശശികലയെ അംഗീകരിക്കുന്നു എന്നതിന്റെ സൂചനയായാണ് എല്ലാവരും കണ്ടത് . ഒരിക്കൽ ജയലളിത തന്നെ പുറത്താക്കിയ നടരാജൻ ഉൾപ്പെടുന്ന മന്നാർഗുഡി മാഫിയയുടെ തിരിച്ചുവരവ് അവരുടെ മരണത്തിനു ശേഷമാണ് എന്നതും ഈ അവസരത്തിൽ ശ്രദ്ധേയമാണ്. നടരാജൻ ശശികല ബന്ധം ഒരിക്കലും ഊഷ്മളമായിരുന്നില്ലെങ്കിലും ഈ സാഹചര്യത്തിൽ അയാളുടെ സാന്നിധ്യം തള്ളിക്കളയാനാവില്ല. വാർത്തകളിൽ നടരാജൻ ജയലളിതയുടെ മരണത്തിനു ശേഷം നടത്തിയ ഒരു പത്രസമ്മേളനവുമുണ്ടായിരുന്നു. ശശികലയുടെ സ്ഥാനാരോഹണത്തിനു പിന്നിലെ ശക്തിയും പവർ ബ്രോക്കർ ആയ നടരാജൻ അല്ലാതെ മറ്റാരുമാവില്ല.

ശശികല നേരിടുന്ന പ്രധാന പ്രശ്നം അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുള്ള കേസുകളാണ്. ചെന്നൈയിലും തഞ്ചാവൂരിലും കണക്കില്ലാത്ത സ്വത്തുക്കൾ അവർക്കുണ്ട്. സ്ഥാവര ജംഗമ സ്വത്തുക്കൾക്കൊപ്പം കൈക്കരുത്തിന്റെ ബലത്തിൽ നടത്തുന്ന സമാന്തര ഒത്തുതീർപ്പു വ്യവസ്ഥയായ "കട്ടപ്പഞ്ചായത്തുകളും" പലയിടത്തും അവർക്കുണ്ട്.  തമിഴ്‌നാട്ടിൽ മാത്രമല്ല സിംഗപ്പൂർ ,മലേഷ്യ ,ദുബായ് എന്നെ സ്ഥലങ്ങളിലും മന്നാർഗുഡി സഖ്യത്തിന് നിക്ഷേപങ്ങളുണ്ടെന്നു പറയപ്പെടുന്നു.  1991 ഇൽ  നടത്തിയ താൻസി ഭൂമി ഇടപാടിൽ സർക്കാരിന് വൻനഷ്ടമുണ്ടാക്കി ജയ പബ്ലികേഷൻ ആൻഡ് ശശികല എന്റർപ്രൈസസ്‌ വാങ്ങിയതായിരുന്നു കേസിനാധാരമായ വിഷയം. ഈ കേസിൽ 2003 ൽ സുപ്രീം കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയിരുന്നു. 

പോയസ് ഗാർഡനിലെ വേദനിലയത്തിന്റെ വാതിലുകൾ പ്രവർത്തകർക്കായി തുറന്നു കൊടുക്കുമ്പോൾ പാർട്ടിയുടെയും സർക്കാരിന്റെയും  അമരത്തെത്താനുള്ള തന്റെ തീരുമാനത്തെ തന്നെയാണ് ശശികല ഉറപ്പിച്ചത്. എന്നാൽ ഉയരങ്ങളിലേക്കുള്ള യാത്രയിൽ വിഘാതമായേക്കാവുന്ന ഒന്ന് അവർക്കെതിരെ നിലവിലുള്ള അനധികൃത സ്വത്തുസമ്പാദനത്തിനെതിരെയുള്ള കേസുകളാണ്. കർണാടക സർക്കാർ അമ്മയ്ക്കും ചിന്നമ്മയ്ക്കുമെതിരെ ഈ കേസിൽ സുപ്രീം കോർട്ടിനെ സമീപിച്ചിട്ടുണ്ട്. സുപ്രീം കോർട്ട് ഒരാഴ്ചക്കുള്ളിൽ വിധി പ്രസ്താവിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഇതിന്റെ വിധിയെത്തും മുൻപേ മുഖ്യമന്ത്രിക്കസേരയേറുക, അല്ലെങ്കിൽ ആ സ്വപ്നം നടന്നില്ലെന്ന് വരും.  

ദീപ ജയകുമാറിന്റെ പ്രസക്തി.

അടുത്ത എതിരാളിയായി വന്നേക്കാവുന്ന ജയലളിതയുടെ സഹോദരപുത്രിയായ ദീപ ജയകുമാറാണ്. 2007 നു ശേഷം തന്റെ ഒരു കുടുംബാംഗങ്ങളുമായിപ്പോലും ബന്ധം പുലർത്താതിരുന്ന ജയലളിത , അവരെ ഒരിക്കൽ പോലും കാണാൻ കൂട്ടാക്കിയിരുന്നതുമില്ല. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിനു ശേഷം പലവട്ടം ദീപയും മറ്റുള്ളവരും ജയലളിതയെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. എന്നാൽ മരണത്തിനു ശേഷംവന്ന വാർത്തകളിൽ അവർ സജീവമായി. സമാധി സ്ഥലത്തെത്തിയ അവർക്കു ചുറ്റും ജനങ്ങൾ തടിച്ചു കൂടി. ജയലളിതയുമായുള്ള രൂപസാദൃശ്യമായിരുന്നു കാരണം. ശശികലയെ എതിർക്കുന്ന പാർട്ടിയിലെ താഴെക്കിടയിലുള്ള അണികൾ ദീപയുടെ കൂടെ നിന്ന് കൂടാ എന്നില്ല എന്നതിനുദാഹരണമാണ് തഞ്ചാവൂരിന്റെ ഉൾപ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ട ദീപയുടെ പോസ്റ്ററുകൾ. താരാരാധനയും വ്യക്തിപൂജയും ജീവിതചര്യയാക്കിയ തമിഴ്മക്കൾക്കു "അമ്മാവെ" പോലെ ഒരാളാവും ദീപ എന്ന് തോന്നിയാലും തെറ്റ് പറയാനാവില്ല. ജയലളിതയുടെ പിറന്നാൾ ദിവസം പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ദീപയെ തൃപ്തിപ്പെടുത്താൻ ശശികലയ്ക്കാവുമോ?

സ്റ്റാലിനും ഡി എം കെ യും..


സ്റ്റാലിന്റെ സ്ഥാനക്കയറ്റത്തിൽ കരുണാനിധി കുടുംബത്തിൽ തന്നെ എതിർപ്പുകൾ ഉള്ളതിനാൽ ഉടനെയൊന്നും എ ഐ ഡി എം  കെ പിളർത്താനുള്ള ശ്രമം അവരുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്നാണ്  കരുതിയിരുന്നത് . എന്നാൽ സ്റ്റാലിൻ പനീർസെൽവത്തെ തുണക്കുന്നതാണ് കാണുന്നത്. ശശികല സ്ഥാനമേൽക്കാനുള്ള തീരുമാനം അറിയിച്ച ഉടനെ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടു തന്റെ പാർട്ടിയുടെ അതൃപ്തി അറിയിക്കുകയാണ് സ്റ്റാലിൻ ചെയ്തത്.കിംഗ് മേക്കർ എന്നവകാശപ്പെടുന്ന നടരാജന്റെ ഡി എം കെ ബന്ധങ്ങൾ ശശികലയെ സഹായിച്ചില്ല എന്ന് മാത്രമല്ല ഊരാക്കുരുക്കിലാക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ. ജയലളിതയുടെ മരണത്തിനു ശേഷം ശശികലക്കെതിരെ ഇതുവരെ ഡി എം കെ സംസാരിച്ചിട്ടില്ലായിരുന്നിട്ടും പട നയിക്കാൻ പനീർസെൽവത്തിനെ സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.   

ശശികലയ്ക്കു മാത്രമേ ജയലളിതയെപ്പോലെ പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ കഴിയൂ എന്നൊരു വിഭാഗം ചിന്തിക്കുന്നുണ്ട്. ഒരുപക്ഷെ അണികളെക്കൊണ്ട് ശശികല അത് അവതരിപ്പിക്കുന്നതുമാവാം. അണികളുടെയും എം എൽ എ മാരുടെയും ശരീരഭാഷയും അമ്മയ്ക്ക് ശേഷം ചിന്നമ്മ എന്നുറപ്പിക്കും വണ്ണമാണ്. പക്ഷെ പാർട്ടിയെ നയിക്കുന്നതും മുഖ്യമന്ത്രി പദം പോലെ  ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്നതും വ്യത്യാസമുണ്ട്. തന്റെ കന്നി പ്രസംഗം കൊണ്ട് കൈയടി നേടും പോലെ അത്ര ലഘുവല്ല കാര്യങ്ങൾ. പൊതുവേദികളിൽ ജനങ്ങളെ കൈയിലെടുക്കാൻ ഇതൊന്നും മതിയാവില്ല. ജയലളിതയെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളും ശൈലിയും മാത്രം പോരാ. " നാൻ മക്കളുക്കാഹ , മക്കളാൽ നാൻ ' എന്ന് ജയലളിത ജനങ്ങളോട് പറയുമ്പോഴുള്ള മാന്ത്രികത ഉണ്ടാവേണ്ടിയിരിക്കുന്നു. ജനമനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കുന്ന അണ്ണാവും എം ജി ആറും എന്നും ജയലളിതയുടെ പ്രസംഗ ങ്ങളുടെ മുഖമുദ്രയായിരുന്നു. സ്ത്രീകളുടെ മനസ്സ് കവരാൻ അമ്മയ്ക്കെന്നും കഴിഞ്ഞിരുന്നു. വാക്കുകളെ പ്രവർത്തിയിലേക്കു വരുത്താനുള്ള ഭരണനൈപുണ്യം അവർക്കുണ്ടായിരുന്നു.


തമിഴ്‌നാട് രാഷ്ട്രീയ ചിത്രമെടുത്തു നോക്കിയാൽ മൂന്ന് വട്ടം മുഖ്യമന്ത്രി ആയിട്ടുള്ള കാമരാജിനും , എം ജി ആറിനും ജയലളിതയ്ക്കും ചില സമാനതകളുണ്ട്. മൂന്ന് പേരും തങ്ങളുടെ കാലാവധി പൂർത്തിയാവും മുൻപ് മരണപ്പെട്ടു. മൂന്നു പേർക്കും മക്കളുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയാവാൻ കാത്തിരിക്കുന്ന ശശികലയ്ക്കും സന്താനങ്ങളില്ല. പ്രവചനങ്ങൾക്കപ്പുറമാണ് പലതും. ഇനി ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്. ഇവിടെയാണ് തനിക്കു ശേഷം എന്ത് എന്ന് ജയലളിത എന്ത് കൊണ്ട് ചിന്തിച്ചില്ല എന്നത് ചിന്തനീയമാവുന്നത്‌ . അതോ "തനിക്കു ശേഷം പ്രളയം' എന്ന ചിന്തയിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങളിൽ പെട്ട് അണ്ണാ ഡി എം കെ ഇല്ലാതാവട്ടെ എന്ന് കരുതിക്കാണുമോ?