മക്കള്‍ വളരുമ്പോള്‍..
രാത്രി കുറച്ചേറെ ആയിരുന്നു, പൊതുവേ തിരക്ക് കുറഞ്ഞ റോഡില്‍ പതിവില്ലാത്ത തിരക്ക്. ഒന്‍പതു മണിയോടെ നിരത്തുകള്‍ വിജനമാവാറുണ്ട്. വീട്ടിലെത്താനുള്ള തിരക്കുണ്ടായിരുന്നെങ്കിലും ടൂവീലെറിന്‍റെ പിന്‍ സീറ്റില്‍ മകനുണ്ടായിരുന്നത് കൊണ്ട് പതിയെ ആയിരുന്നു യാത്ര. വേഗതക്കുറവിനോടുള്ള അതൃപ്തി അവന്‍ പലവട്ടം പ്രകടിപ്പിക്കുകയും ചെയ്തു.
" അമ്മയെന്താ അച്ഛനെ പോലെ? നമുക്കിത്തിരി വേഗം പോവാം.ഇത് ബോറാ!"
അല്‍പ്പമൊന്നു വേഗം കൂട്ടി മുന്‍പിലുള്ള മിനി വാനിനെ മറികടന്നു മുന്നിലെത്തിയപ്പോഴാണ് വാന്‍ ഡ്രൈവറിനെ ഞങ്ങളുടെ മറികടക്കല്‍ പ്രകോപിപ്പിച്ചുവന്നു മനസ്സിലാക്കിയത്. അടുത്ത സിഗ്നലില്‍ തിരിയാനുള്ള അടയാളം കാണിച്ചത് വകവയ്ക്കാതെ കാറ്റുപോലെ ഒരു ബൈക്ക് മുന്നോട്ടെടുത്തു,അതും റോങ്ങ് സൈഡില്‍ . ഒട്ടും പ്രതീക്ഷിക്കാതിരുന്നതിനാല്‍ ഏതാണ്ട് ഒപ്പമെത്തിയ വാനിന്റെയും ബൈക്കിന്‍റെയും ഇടയില്‍ ഞങ്ങളും കൊച്ചു വണ്ടിയും ഒരു നിമിഷം പകച്ചു. വലിയൊരപകടം ഒഴിവായ ആശ്വാസത്തിലായിരുന്നു ഞാന്‍. സിഗ്നലില്‍ തിരിയാനൊരുങ്ങിയ എന്നോട് മോന്‍ ആവശ്യപ്പെട്ടത് ബൈക്കിനെ പിന്തുടരാന്‍.
"സമയം പത്തു മണി കഴിഞ്ഞു, ഇനി അതിന്റെ പുറകെ പോയിട്ടെന്തിനാ? അയാള്‍ ഏതെങ്കിലും വഴിയില്‍ തിരിഞ്ഞാല്‍ പുറകെ പോകുന്നതും വേരുതെയാവും! " ഞാനവനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
" അയാള്‍ നമ്മുടെ നേരെ മുന്നിലുണ്ട്, അമ്മ നമുക്ക് ഫോളോ ചെയ്യണം, നമ്പര്‍ പ്ലേറ്റ് പോലുമില്ലാത്ത വണ്ടിയാണ്. " മോന്റെ നിര്‍ബന്ധം.
കൂടുതലൊന്നും ആലോചിക്കാതെ പുറകെ പോയി, നല്ല വേഗത്തില്‍ ,അയാളും കണ്ടിട്ടുണ്ടാവും. അടുത്ത 2 കിലോമീറ്റര്‍ ദൂരം അയാളുണ്ടായിരുന്നു, പെട്ടെന്ന് കാണാതായി. പിന്നീടങ്ങോട്ട് വിജനം, വഴി വിളക്കുകളുമില്ല. അസമയത്തെ യാത്രയിലെ വശപ്പിശകുകള്‍ ആലോചിച്ചു യാത്ര അവിടെ അവസാനിപ്പിച്ചു തിരിഞ്ഞപ്പോള്‍ മോന്റെ ആത്മഗതം "അമ്മ ഇത്തിരി കൂടി വേഗത്തിലായിരുന്നെങ്കില്‍ കൈയോടെ പിടിക്കായിരുന്നു.ഇതിപ്പോ അമ്മ അച്ഛന് പടിക്ക്യാന്നാ തോന്നണേ."
കുട്ടികള്‍ എത്ര പെട്ടന്നാണ് വളരുന്നത്?
No comments:
Post a Comment