അന്നയും പൊന്നിയും, ഞാനും..
വയലിലെ രാസവളപ്രയോഗം കഴിഞ്ഞു കിട്ടുന്ന ഒരുപ്പുഴുക്കന്‍ നെല്ല്, പുഴുങ്ങിക്കുത്തിയെടുത്ത അരി കേടാകാതിരിക്കാന്‍ ബോറിക് ആസിഡ് എന്നൊരു രാസ വസ്തു ചേര്‍ക്കുന്നത് കണ്ടിട്ടുണ്ട്.അതിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും പറയേണ്ട. എന്നാല്‍ ഇതൊന്നും വേണ്ട എന്ന് വച്ചു ഒരു വര്‍ഷത്തേക്കുള്ള അരി വാങ്ങാമെന്നു വച്ചു. പുഴുങ്ങലും കുത്തലും, മിനക്കേടുമില്ല. തഞ്ചാവൂരിന്റെ പൊന്നു വിളയുന്ന ,കാവേരി നനയിച്ച മണ്ണിലെ "പൊന്നി അരി ". തുമ്പപ്പൂവ് പോലെ വെളുത്ത ഒരിക്കലും മടുപ്പിക്കാത്ത അരി. മലയാളിയുടെ സങ്കല്‍പ്പങ്ങളില്‍ നിന്നും അല്പം വ്യത്യസ്തമാവും, എങ്കിലും രുചിയില്‍ ഏതിനോടും കിട പിടിക്കും.
വിളവെടുപ്പിന്റെ സമയം കഴിഞ്ഞു. ഇപ്പൊ മുദ്രാവാക്യം എല്ലാം ജൈവം എന്നല്ലേ? എന്നാ ഞാനായിട്ട് പിന്നാക്കമാവണ്ടാന്നു വച്ചു. ബോറിക് ആസിഡ് പോലെയുള്ള രാസവസ്തുക്കള്‍ ചേര്‍ക്കാതെയുള്ള നല്ലരി. ദക്ഷിണേന്ത്യയുടെ നെല്ലറയായ പൊന്നു വിളയുന്ന തഞ്ചാവൂരിലെ "പൊന്നി" അരി.
പണ്ടത്തെപ്പോലെ പത്തായത്തില്‍ നിന്ന് നെല്ലളന്നു, പുഴുങ്ങിയുണങ്ങി , കുത്തി അരിയാക്കി , പേറ്റിത്തിരിക്കുകയൊന്നും വേണ്ട. നെല്ലെടുക്കാന്‍ പോത്തന്‍ മാപ്പിളയും , പുഴുങ്ങിയുണങ്ങാന്‍ അന്നയും വേണ്ട.നെല്ല് കുത്തുന്നതിനെ കുറിച്ചു ചിന്തിക്കുമ്പോള്‍ആദ്യം അവരുടെ മുഖമാണ് മനസ്സില്‍ തെളിയുക. തറവാട്ടില്‍ വിശേഷങ്ങളുടെ തുടക്കം നെല്ല് കുത്തലില്‍ നിന്നാണ്. നല്ല ഉയരമുള്ള പത്താഴത്തില്‍ നിന്നും നെല്ലളക്കുന്നതെപ്പോഴും പോത്തന്‍ മാപ്പിളയാണ്. വിരുന്നുകാരുടെ കണക്കനുസരിച്ചാണ് എത്ര പറയെന്നുറപ്പിക്കുക. ചാണകം മെഴുകി വെടിപ്പാക്കിയ വാലുള്ള കോരുകുട്ടയില്‍ നിറച്ചു കൊണ്ടുവരുന്ന നെല്ല് പറയില്‍ അളന്നു പുറത്തേക്ക് കൊടുക്കുന്നതെപ്പോഴും പോത്തന്‍ മാപ്പിളയാണ്. ചാച്ചുകെട്ടിയില്‍ പുഴുങ്ങാനുള്ള വട്ടം കൂട്ടല്‍ അപ്പോഴേക്കും അന്ന പൂര്‍ത്തിയാക്കിയിട്ടുണ്ടാവും. ചെമ്പില്‍ നെല്ല് തിളക്കുമ്പോള്‍ വിറകുന്താനും, പാകമാവുമ്പോള്‍ വെള്ളം തോര്‍ത്തി പനമ്പില്‍ വിരിക്കാനും അന്ന തന്നെ.
ഒട്ടു മിക്കപ്പോഴും അവരുടെ സംസാരം കലഹത്തില്‍ ചെന്നെത്തും. അകം പണിക്കു പോത്തന്‍ മാപ്പിള പുറം പണിക്കു അന്നയും! അതിനു പോത്തന്‍ മാപ്പിളക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നു.
" അതിപ്പോ പണ്ട് തോമാശ്ലീഹ നേരിട്ട് വന്നു കൂട്ടം ചേര്‍ത്തതാ നമ്മുടെ കുടുംബക്കാരെ, അതിനെലും വലിയ മഹത്വമോന്നും ഇനി കിട്ടാനുമില്ല. മാവേലില്‍ എന്ന എന്റെ കുടുംബവീട്ടിലെ ചക്കിലാട്ടിയ എണ്ണയാ കണക്കില്ലാക്കൊല്ലങ്ങളായി ഇവിടുത്തെ തേവര്‍ക്കെടുക്കുന്നത്. ഇനിയിപ്പോള്‍ അവിടുത്തെ ചക്കില്‍ നിന്നല്ലെങ്കിലോ, മ്മടെ വീട്ടീന്ന് കാരണോമ്മാര് തൊട്ടാലെ അമ്പലത്തിലേക്കുള്ള എണ്ണ എടുക്കൂ ", പറയുമ്പോള്‍ പോത്തന്‍ മാപ്പിളയുടെ മുഖത്തിനു നല്ല തെളിച്ചം.
അന്നയാവട്ടെ വയനാട്ടിലെങ്ങുന്നോ കെട്ടി വന്ന മാര്‍ഗ്ഗം കൂടിയ ക്രിസ്ത്യാനി. അന്നയുടെ കെട്ടിയവന്‍ വര്‍ഗ്ഗീസ് പണ്ട് തേയിയായിരുന്നൂന്നു പോത്തന്‍ പറയുന്നിടത്ത് അന്നയ്ക്കു കലി മൂക്കും, ബാക്കിയുള്ളവ പിറു പിറുക്കലുകളില്‍ തുടരും.
"നിങ്ങള് പോണ പോലെ തന്നെയാ ഞങ്ങളും പള്ളീക്ക് പോണേ,അതേ തമ്പിരാനെത്തന്നെയാ ഞാനും മുട്ടിപ്പായി പ്രാര്‍ത്ഥിക്കണേ, പിന്നെ നമ്മക്ക് എന്ത് വ്യത്യാസം, പാടത്തും പറമ്പിലുമല്ലേ നമ്മള് രണ്ടാളും പണിയണെ? അപ്പഴക്കെ അകോം പുറോമുണ്ടോ? പത്താഴത്തിലെത്തുമ്പോഴല്ലേ മഹിമ കൂടുന്നുള്ളൂ? ഹിതാപ്പോ നല്ല കഥ! "
ഈ കഥക്കുത്തരം ഇത് വരെ കിട്ടിയിട്ടില്ല. പോത്തന്‍ മാപ്പിളയുടെ മകള്‍ നഴ്സ് ആയി ജെര്‍മനിക്ക് പോയെന്നും, മാപ്പിളയും കൂടെ പോയെന്നും കേട്ടു, ഒരു തിരിച്ചു വരവുണ്ടായിട്ടുണ്ടാവില്ല, പ്രായമേറെ ചെന്നിരുന്നു. അന്ന മക്കളും കൊച്ചു മക്കളുമോത്തു സസുഖം വാണു ഏറെക്കാലം , അന്നയുടെ മക്കള്‍ ക്രിസ്ത്യാനിയും , ഹിന്ദുവുമൊക്കെയായി പലവട്ടം മാറിയും മറിഞ്ഞും കഴിച്ചൂത്രേ. നെല്‍വയലുകള്‍ ഇഷ്ടിക കളങ്ങള്‍ക്കും മറ്റു കൃഷികള്‍ക്കും വഴിമാറിയതിനാല്‍ ,അവരെ പിന്നെ പണിക്കു വിളിക്കേണ്ടിയുംവന്നില്ല. അപ്പൊ പിന്നെ നാടന്‍ കുത്തരിയെക്കാള്‍ നല്ലത് "പൊന്നി "തന്നെ അല്ലെ?
No comments:
Post a Comment