Saturday, 27 February 2016

ആനയിടഞ്ഞോ ടുന്ന  ദൃശ്യങ്ങൾ കണ്ടപ്പോഴാണ് പണ്ട് പലവട്ടം ആനയുടെ മുന്നിലും പിന്നിലുമൊക്കെയായി  ഓടിയ കഥകൾ  ഓർമ്മ   വന്നത്. ഉത്സവം തുടങ്ങുന്ന അന്ന് കൊടിയേറ്റിന്റെ ലക്ഷണങ്ങൾ നോക്കി ആന ഇടയുമൊ എന്നൊക്കെ പറയാനറിയാവുന്നവർ അന്നാട്ടിലുണ്ടായിരുന്നു. ഉത്സവത്തിന്റെ  ആദ്യ ദിവസങ്ങളിൽ ആനകൾ  അത്ര പ്രശ്നങ്ങൾ  ഒന്നും ഉണ്ടാക്കിയിരുന്നില്ല. ഇന്നത്തെ പോലെ അത്ര ചൂടും തിരക്കും ഒന്നുമില്ലായിരുന്നില്ലാത്തത് കൊണ്ടാവും.
എട്ടാം നാൾ മുതൽ പത്തു വരെയുള്ള ദിനങ്ങളായിരുന്നു ബാലെ  ഉണ്ടായിരുന്നത്. ടിവി അത്ര പ്രചാരത്തിലാവും മുന്പായിരുന്നത് കൊണ്ട് വാശിപിടിച്ചു രാത്രിയിലെ പരിപാടി കാണാൻ പേരമ്മക്കൊപ്പം ഞാനും അനുജത്തിയും. കഥ തുടങ്ങും മുൻപേ അവളുറങ്ങും, അതവളുടെ അവകാശമാണ് . പിന്നെന്തിനാ പാതിരായ്ക്ക്  കൂടെ വരണതെന്നു ചോദിച്ചാൽ കരച്ചിലാവും ഉത്തരം. മിന്നാമിനുങ്ങിന്റെ പോലെയുള്ള വഴിവിളക്കിന്റെ വെളിച്ചം പറ്റാത്തത് കൊണ്ട് ചൂട്ടു കെട്ടും വീശിയാണ് വീട്ടില് നിന്നും അമ്പലത്തിലേക്ക്. അത്താഴം കഴിയുമ്പോഴേ കാത്തിരിപ്പ്‌ തുടങ്ങും എല്ലാരോടുമോപ്പം പോവാൻ, നോട്ടീസ് നോക്കി പരിപാടികൾ കാണാതെ പഠിച്ചു കാത്തിരിക്കുകയല്ലേ. ബാലെക്കു അത്ര വിശേഷപ്പെട്ട കഥയോന്നുമുണ്ടായിരുന്നതായി ഓര്ക്കുന്നില്ല. പുരാണത്തിലെ ചില കഥകള, ഏറിയ പങ്കും പൊടിപ്പും തൊങ്ങലും വച്ചവ  . പേടിപ്പിക്കുന്ന രാക്ഷസനും, രാജകുമാരിയും അവിഭാജ്യ ഘട കം. പലവർ ണ്ണ ങ്ങളിലുള്ള വെളിച്ചങ്ങൽക്കിടയിലൊരു മാജിക്‌.കുറേക്കഴിയുമ്പോൾ ഉറക്കം തടുക്കാനാവില്ല. മുന്നിലുള്ളവർ തറയിൽ പായോ തുണിയോ വിരിച്ചുറ ങ്ങാൻ തയ്യാറെ ടു ക്കുന്നത് കാണുമ്പോഴാണ്   ഉറക്കം വരുന്നതു. പതുക്കെ പേരമ്മയുടെ കാലിലേക്ക് ചായാൻ തുടങ്ങുമ്പോൾ  പിന്നിൽ നിന്നും ബഹളം. ആൾക്കാർ തലങ്ങും വിലങ്ങുമോടുന്നു. എന്റെ കൈയിൽ  പിടിച്ചു വലിച്ചുകൊണ്ട് പേരമ്മ ,അനുജത്തിയെ തോളിലിട്ടു കൊണ്ട് ചേച്ചി..പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോൾ അല്പം ദൂരെയായി നല്ല വേഗത്തിൽ അടുതെക്കടുക്കുന്ന ആന.


ആന പിണങ്ങിയിരുന്നത്. ആനകളുടെ എണ്ണം വർദ്ധിക്കുമ്പോൾ  മേല്ക്കോയ്മ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ആ ഭാഷ എപ്പോഴോ പഠിക്കേണ്ടിയിരുന്നു. ഏഴാം നാൾ മുതൽ തുടങ്ങുന്ന  നൃത്ത  നാടകങ്ങൾക്കും  ബാലെക്കുമിടയിൽ ആണ് അന്ന് അത്താഴശീവേലി  കഴിഞ്ഞു തളച്ച ആന തിരിഞ്ഞു നടന്നത്. പതിവില്ലാതെ ആന കാഴ്ചക്കാരുടെ നടുവിലേക്ക് നടന്നു വരുന്നത് കണ്ടാണ്  പാതിയുരക്കത്തിലായിരുന്ന എന്നെയും വലിച്ച്ചുംകൊണ്ടോടിയത്.  

Friday, 26 February 2016





അച്ഛൻ ..
"നോക്കൂ എന്റെ കണ്ണട മാറ്റാറായിരിക്കുന്നു..നല്ല തെളിച്ചമില്ലാത്ത ഈ ബൾ ബും. കാഴ്ച്ചക്കല്ല കുഴപ്പമെന്നു പലവട്ടം പറഞ്ഞാലും നിനക്കു മനസ്സിലാകാത്തതെന്താണ്? നീയ് മറന്നിട്ടാണോ? അതോ എന്റെ വാക്കിനു തീരെ വിലയില്ലാതായോ? ഇങ്ങനെപോയാല്‍ നിന്നെയും കാലഹരണപ്പെട്ട വസ്തുക്കളുടെ ലിസ്റ്റിലേക്കു ഞാൻ മാറ്റും.ഇത്ര വയസ്സായിട്ടും എനിക്കില്ലല്ലോ ഓർമ്മക്കുറവ്?" 
ഇതു ക ഴിഞ്ഞ ആഴ്ചയിലെ ചിത്രം.
മറുപടി പറയുന്നത് അച്ഛനിഷ്ടമില്ലാത്തതിനാൽ അതിനു മിനക്കെട്ടില്ല, കഴിഞ്ഞയാഴ്ചയിലെ തിരക്കുകൾ ക്കിടയിൽ കണ്ണടയും ബൾബും മാറ്റിയിരുന്നു. പിന്നെ കുറച്ചു പുസ്തകങ്ങൾ ലൈബ്രറിയില്‍ നിന്നും, ഇത്തിരി വാസനപ്പാക്കും. കലഹമൊഴിവാക്കാൻ വേറെ എന്താണ് വേണ്ടതെന്നാലോചിച്ചുകൊണ്ടാണ് ഉമ്മറ വാതിൽ കടന്നത്‌.
ആൾ ചാരുകസേരയിൽ തന്നെയുണ്ട്. കൈയിൽ phone , ഏതോ നേരം കൊല്ലി ഗയിമിൽ മുഴുകിയിരിക്കുകയായിരുന്നിരിക്കും. പലരും പലയിടത്തു നിന്നും കളിയിൽ ചേരുമത്രേ..കണ്ണാടി മൂക്കിലേക്കിറക്കി വച്ച് എന്നെ ഒന്ന് നോക്കി, അടുത്തിരുന്നപഴയ ടൈംപീസിലെക്കായി അടുത്ത നോട്ടം. " ചോദ്യത്തിനു മുന്‍പേ ഉത്തരം നല്കാനൊരുങ്ങി ഞാന്‍. "കുറച്ചു പുസ്തകങ്ങൾ .. ഇതൊന്നു നോക്കൂ ഇഷ്ടമായില്ലെങ്കിൽ തിരിച്ചു കൊടുക്കാം." അതെന്താണെന്നുടനെ നോക്കുമെന്ന്ഞാൻ പ്രതീക്ഷിച്ചു, പക്ഷെ അച്ഛൻ അതിൽ തൊട്ടതേയില്ല. തീരെ താല്പര്യമില്ലാത്തത്പോലെ. എന്തു പ റ്റിയെന്നോർത്തു പഴയ നാലു വയസ്സുകാരിയെപോലെ ഞാന്‍ ശങ്കിച്ച്നിന്നു. ഈയിടെയായി ദേഷ്യം വളരെ കൂടുതലാണ്. എന്തിനാണ്കയർ ക്കുകയെന്നറിയില്ല.മക്കളും പരാതി പറഞ്ഞു തുടങ്ങിയിരിക്കുന്നു. മുത്തച്ഛന്റെ മൂഡ്‌ സ്വിങ്ങ്സ്, അവരുടെ ഭാഷയിൽ ..
"സ്വീകരണമുറിയിലെ ടിവി പഴയതായിരിക്കുന്നു , ഇപ്പോള്‍ സ്മാർ ട്ട്‌ ടിവിയുടെ കാലായി, നീയിതൊന്നുമറിയുന്നില്ലേ?" എന്നായിരുന്നു ഇതിനു മുൻ പിലത്തെ ഓർ മ്മപ്പെടുത്തൽ . "" നൂറു ചാനല്‍ മാത്രമുള്ള ടിവികള്‍ ഇപ്പൊ എവിടെയുമില്ലെന്നു കുട്ടികള്‍ക്ക്പോലും അറിയാം..ഇവിടെയൊരുത്തിക്ക് ഇനിയതൊക്കെ ഞാന്‍ പഠിപ്പിക്കണം, ഏതു നൂറ്റാണ്ടിലാണാവോ ഇവള്‍ ജീവിക്കുന്നത്?" ചെറുചിരിയോടെയാണ് ഞാന്‍ ആ ആത്മഗതം കേട്ടതും ശരി വച്ചതും..പുതിയ ടിവി വന്നപ്പോൾ മുതൽ കൊച്ചുകുട്ടികളെ പോലെ അതിന്റെ മുന്നിൽ നിന്ന്മാറാതെ ചാനലുകളിൽ നിന്നു ചാനലുകളിലേക്ക് അച്ഛൻ പോകുന്നത്ഞാന്‍കൌതുകത്തോടെയാണ് കണ്ടുനിന്നത്. പക്ഷെ വളരെ പെട്ടന്നു അതും അച്ഛനു മടുത്തു. കൈയിലടക്കിപ്പിടിക്കാറുള്ള റിമോട്ട് അനാഥ പ്രേതം പോലെ മേശമേല്‍ കിടന്നു. അച്ഛന്റെ കൈയിന്റെ ചൂട് അതാഗ്രഹിക്കുന്നുണ്ടാവുമെന്നെനിക്ക്തോന്നി. എന്താ ടിവി മടുത്തോ എന്നു ചോദിക്കാനാഞ്ഞതാണ്..വേണ്ടെന്നു വച്ചു. അച്ഛന്റെ മടുപ്പെങ്ങിനെ മാറ്റുമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. പുറത്തെക്കൊരു നടത്തമായിക്കൂടെ എന്ന്പറയാനാലോചിച്ചു..പക്ഷെഅതു വളരെ പണ്ടേ ഉപേക്ഷിച്ചതായിരുന്നു
അത്താഴം വിളമ്പുമ്പോഴായിരുന്നു അച്ഛന്‍ പിന്നീട് സംസാരിച്ചത്. "എനിക്കൊരു ലാപ്ടോപ് വേണം. അള്‍ട്ര ബുക്കോ , കണ്വേർ ട്ടിബിളോ , എന്തൊക്കെയോ ഉണ്ടല്ലോ , അതിലെന്തെങ്കി ലുമൊന്ന്, അതു മാത്രായിട്ടു ഉപയോഗിക്കാനറിയില്ലെന്നു പറയിപ്പിക്കണ്ടല്ലോ. മാത്രല്ല ഇനിയിപ്പോ പത്രവും പുസ്തകവുമോന്ന്വല്ല വേണ്ടത്. നാടോടുവല്ലേ? നീയ് വാങ്ങിച്ചോളു, പഠിപ്പിക്കാൻ വരാൻ ഞാന്‍ ആളെ ഏർ പ്പാട് ചെയ്തിട്ടുണ്ട്." എനിക്കൊരു മറുപടിക്കിടം നല്‍കാതെ എണീറ്റ്‌ കൈകഴുകി കിടപ്പ്മുറിയിലേക്ക്. അച്ഛന്‍ ഇതെന്തുപറ്റി..ടെക്നോളജി ഫ്രീക്കായോ? അതോ ചെറുപ്പമാവുകയാണോ? ആകെ ഒരു ആശയക്കുഴപ്പം. കണ്ണിലുറക്കം കൂടുകൂട്ടിയതിനാൽ ചിന്തകൾ ശല്യപ്പെടുത്തിയില്ല. പെട്ടന്നുറ ങ്ങിപ്പോയി.
നേരം വെളുക്കുന്നതേയുള്ളൂ, ഗേറ്റിന്‍റെ ശബ്ദമാണുണർ ത്തി യത്, ഇത്രരാവിലെ ഇതാരാണ്? ഉറക്കച്ചടവോടെ എത്തിനോക്കുമ്പോള്‍ അച്ഛൻ . പണ്ട് ജോഗ്ഗിങ്ങിനു പോയിരുന്ന വേഷം അതു കാലമെത്രായി...നിവൃത്തിയുണ്ടെങ്കില്‍ പുറത്തേക്കിറങ്ങാത്ത ആളാണ്‌, ഇതെവിടേക്കാണാവോ? പുറകില്‍നിന്നു വിളിച്ചാല്‍ ബോധിക്കില്ല. പോയിട്ട്വരട്ടെ. വരുമ്പോഴേക്കും ഫ്രാന്‍സിസ് ഡോക്ടറുടെ ഒരു അപ്പോയിന്റ്മെന്റ് വാങ്ങി വയ്ക്കാം..മനസ്സെങ്ങോട്ടാണോടുന്നതെന്നറിയണ്ടേ? എന്തെങ്കിലുമൊരുനുണ പറഞ്ഞു കൂട്ടി കൊണ്ട് പോവന്നെ !അല്ലാണ്ടെന്താ വഴി?






Saturday, 13 February 2016




ഒരു യാത്ര...


മുന്‍പേ കൂട്ടി തയ്യാറാക്കുന്ന യാത്രകളെക്കാളും പെട്ടന്ന് ഒത്തുവരുന്ന യാത്രകളാണു
സുഖം..ഒറ്റ ദിവസം കൊണ്ടാണ് ഇത്തവണത്തെ യാത്ര തീരുമാനിച്ചത്..രാത്രി തഞ്ചാവൂരില്‍ നിന്ന്പുറപ്പെട്ടതു താമസിച്ചാണ്. ബാംഗ്ലൂര്‍ ബസ്‌ മാത്രമല്ല മറ്റു ബസുകളും കാരണമില്ലാതെ വൈകിയിരുന്നു.ചെന്നൈക്കുള്ള യാത്രക്കാരില്‍ സംഗീത പരിപാടികള്‍ക്ക് പോവുന്നവര്‍ സാധാരണയാണ്. ക്ഷമാശീലം കൈമുതലായതുകൊണ്ട് ഇടയ്ക്കിടയ്ക്ക് വണ്ടി എത്തിയിട്ടില്ല എന്ന് അങ്ങേയറ്റം സൌമ്യമായി ട്രാവല്‍ ഏജന്റിനെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ഞാനും . കാത്തിരിപ്പിന് ദൈര്‍ഘ്യം ഏറിയപ്പോള്‍ താമസിച്ചു വന്നിട്ടും ശബ്ദമുയര്‍ത്തി ഒരാള്‍. കൈയിലുള്ള ബാഗില്‍ ഏതോ സംഗീത ഉപകരണങ്ങളാകാണെ വഴിയുള്ളൂ. നീളമുള്ള ചുരുണ്ട മുടി മാടിയൊതുക്കി പുറകില്‍ കെട്ടി വച്ചിരിക്കുന്നു. നെറ്റിയില്‍ ഭസ്മക്കുറി. വേഷം നീല ജീന്‍സും വെളുത്ത കുര്‍ത്തയും, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാല്‍ കാഴ്ചകള്‍ കണ്ടാസ്വദിക്കാന്‍ നല്ല സമയം. സംസാരം ഉച്ചത്തിലാവുകയും വഴക്കിന്റെ വക്കിലെത്തുകയും ചെയ്തപ്പോഴാണ് ഞെരമ്പില്‍ തിളച്ച ചോരയുടെ ഓട്ടത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞത്..മലയാളിയെ പോലെയൊ അല്പം കൂടുതലോ ആണു തമിഴ് കോപം..വഴക്കിന്റെ മൂര്‍ധന്യാവസ്തയില്‍ രസംകൊല്ലിയായി ബസ്‌ വന്നതിനാല്‍ ഇച്ഛാഭംഗത്തോടെ അവിടം വിടേണ്ടി വന്നു.

ഇരുട്ടി വെളുത്തപ്പോള്‍ ബാംഗ്ലൂരില്‍, പണ്ട് പരിചിതമായ ഇടമല്ല, വല്ലാതെ മാറിപ്പോയ തികച്ചും അപരിചിതമായ ഒരിടം. അലസമായ പ്രഭാതങ്ങള്‍ ചടുലമായ ചലനങ്ങള്‍ക്ക് വഴിമാറിയിരിക്കുന്നു. നേരിയ തണുപ്പൊഴിച്ചാല്‍മറ്റെല്ലാം പുതിയ ഭാവങ്ങള്‍. എല്ലാം കൂടിക്കുഴഞ്ഞൊരു തികച്ചും മെട്രോ സംസ്കാരം. തഞ്ചാവൂരില്‍ പരിചിത മുഖങ്ങളിലേതു പോലൊരു ഭാവം എല്ലാവരുടെ മുഖത്തും കാണാം. ഇവിടെ അത് പ്രതീക്ഷിക്കേണ്ട.ഒരു രാത്രിയും ഒരു പകലും കൊണ്ട് രണ്ടു വ്യത്യസ്ത ഇടങ്ങള്‍, മനുഷ്യര്‍.. പകലൊടുങ്ങിയപ്പോള്‍ വീണ്ടും യാത്ര, തിരുപ്പതിയിലേക്ക്. ഗതാഗതക്കുരുക്കുകളില്‍ നിന്നും ഹൈവേയിലെത്താന്‍ 2 മണിക്കൂര്‍, ഓരോ സിഗ്നലിലും നില്‍ക്കുമ്പോള്‍ അക്ഷമയുടെ കൂട് പൊളിച്ചാര്‍ക്കാന്‍ തയ്യാറാകുന്ന മനുഷ്യര്‍, അതവരുടെ കുറ്റമല്ല. ജീവിതം കൊണ്ട് ചെന്നെത്തിക്കുന്നതവിടെയാണ്. ആര് മണിക്ക് പുറപ്പെട്ട വണ്ടി തിരുപ്പതിയിലെത്തുമ്പോള്‍ 12 കഴിഞ്ഞു. ക്ഷേത്ര നഗരം, ഉറങ്ങിയിട്ടില്ല എങ്കിലും ശാന്തം, അപായഭീതികളില്ലാതെ എവിടേക്കും പോകാം. ആന്ധ്ര മാത്രമേ എപ്പോഴും കൂടുതല്‍ മോഹിപ്പിചിട്ടുള്ളൂ. മറ്റെങ്ങും നിരത്തുകളില്‍ ഇത്രയും വൃത്തി കാണാനാവില്ല. അത് പോലെ തന്നെയുള്ള മനസ്സുള്ള ആളുകള്‍. ഈ മൂന്ന് ദേശത്തിനും എന്തെ ഇത്ര വ്യത്യാസം? രാവിലെ എട്ടുമണിയോടെ തിരുമലയിലേക്ക്. പത്തൊന്‍പതു കിലോമീറ്റര്‍ ദൂരമുള്ള മലമുകളിലേക്കുള്ള യാത്ര..മുകളിലേക്ക് പോകും തോറും ശുദ്ധവായു ശ്വാസകോശങ്ങളില്‍ നിറയുന്നതറിയാം. ഫോണ്‍ മുറിയിലുപെക്ഷിക്കുന്നത് കാരണം സമാധാനം. കുത്തനെയുള്ള മല കാല്‍നടയായി കയറുന്നവരുമുണ്ട്. അവിടെങ്ങും സെല്‍ഫി എടുക്കുന്നവരെ സാധാരണയായി കാണാറില്ല. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ എത്തുന്നിടമായിട്ടും വൃത്തിക്കും വെടിപ്പിനും ഒരു കുറവുമില്ല. വൈകിട്ട് മടക്കം 6 മണിക്ക് ചെന്നൈക്ക്. ജാലകവാതിലില്‍ നല്ലൊരു അസ്തമനം ആസ്വദിച്ചുകൊണ്ട് ചെറിയൊരു മയക്കത്തിലേക്ക്..

മനസ്സ് മടുത്തു പോയി ചെന്നൈ നഗരത്തില്‍ ഇറങ്ങിയപ്പോള്‍. എത്ര പ്രളയം കഴിഞ്ഞാലും പഠിക്കേണ്ട പാഠങ്ങള്‍ പഠിച്ചില്ലെന്നാല്‍? എന്റെ ചെന്നൈ സുഹൃത്തുക്കള്‍ ക്ഷമിക്കൂ..നിങ്ങളുടെ നഗരത്തെ ഉള്‍ക്കൊള്ളാനുള്ള മനസ്സെനിക്കില്ല. ഒരു വിധത്തില്‍ അടുത്ത വണ്ടിയില്‍ തഞ്ചാവൂര്‍ക്ക്. 2 പകല്‍, 3 രാത്രി, 1200 കിലോമീറ്ററോളം യാത്ര..കാവേരിക്കരയില്‍ നിന്നും മൈസൂര്‍ പ്ലാറ്റോയുടെ ഭാഗമായ ബാംഗ്ലൂര്‍വഴി ഡെക്കാന്‍ പ്ലാറ്റോയിലെ പൂര്‍വ്വ മലനിരകളിലേക്ക്..തിരിച്ചു വീണ്ടും കാവേരിക്കരയിലേക്ക്.. കാഴ്ചകളുടെ അന്തരം വല്ലാതറിയിച്ച 3 ദിവസങ്ങള്‍..എല്ലായ്പ്പോഴത്തേയും പോലെ യാത്രകള്‍ നല്‍കിയ പുതുജീവനുമായി ഞാന്‍..അടുത്ത യാത്രക്കായി കാത്തു കൊണ്ട്..



ഞങ്ങള്‍ നാല് പെണ്ണുങ്ങള്‍..ഭൂമിയുടെ നാലറ്റങ്ങളില്‍ എത്തിപ്പെട്ടവര്‍..ചിലര്‍ ഓരോയിടങ്ങളില്‍ വേരുറച്ചവര്‍. ചിലര്‍ ഇനിയും വേരുറപ്പിക്കാന്‍ ഇടം തേടുന്നവര്‍..ചിന്തകളില്‍ കാഴ്ചപ്പാടുകളില്‍ ഞങ്ങള്‍ നാല് പേരാണ്. പക്ഷെ ഒരു കാര്യത്തിലോരേ സ്വരം..ഞങ്ങള്‍ ഇവിടല്ല എത്താനാഗ്രഹിച്ചിരുന്നത്, ചിലപ്പോള്‍ മറ്റുള്ളവരുടെ ചിന്തകളും ഈ വിധത്തില്‍ തന്നെയാവും. ആരും ഞാനാഗ്രഹിച്ചിടത്തു തന്നെ എത്തി എന്നിത് വരെ പറഞ്ഞു കേട്ടിട്ടില്ല. ഇങ്ങനെയൊക്കെ ചിന്തിക്കുന്നു എന്ന് കരുതി ഞങ്ങള്‍ നിരാശരായിരുന്നു എന്നര്‍ത്ഥമില്ല. അന്നന്നത്തെ വിശേഷങ്ങളില്‍ , തമാശകളില്‍ , കുറുമ്പുകളില്‍ ഞങ്ങള്‍ ജീവിതം ആസ്വദിക്കുക തന്നെയായിരുന്നു. എങ്കിലും ചിലപ്പോഴെങ്കിലും  പഴയ ചിത്രങ്ങളിലെക്കൊരു മടങ്ങിപ്പോക്ക് ഞങ്ങളും ആഗ്രഹിച്ചിരുന്നു. കണ്ണാടിയില്‍ കാണുന്ന മുഖത്തെ കാലത്തിന്റെ കൈയൊപ്പുകള്‍ മാറ്റണമെന്ന് ആരാണാഗ്രഹിക്കാത്തത്? കണ്‍കോണുകളിലെ  ചിരിക്കു പകരം കാലം കോറിയിട്ട വ്യഥയുടെ അഴിയാക്കുരുക്കുകള്‍..ഒരു ചെറിയ മിനുക്കുപണി..ഒരു മേക്ക് ഓവര്‍, കവിളുകള്‍ മറന്ന ചുവപ്പും, കണ്ണുകള്‍ കൈവിട്ട സ്വപ്നങ്ങളും ഒരല്പ്പ നേരത്തേക്ക് കടമെടുക്കാം..

ഞങ്ങള്‍ക്കിടയിലുമുണ്ട് ഇണക്കങ്ങളും പിണക്കങ്ങളും. മുറിപ്പാടുകള്‍ ഉണ്ടാക്കാനുള്ളത്ര ആഴമേറുന്നവ ആയിരുന്നില്ല അത്..ഞാനും, നീയും, അവളും ആയിരുന്നില്ല..നമ്മള്‍ ആയിരുന്നു. മനസ്സിന്റെ അടിത്തട്ടിലെ  നിഴലനക്കങ്ങള്‍ പോലും പറയാതെ ഞങ്ങള്‍ അന്യോന്യം അറിഞ്ഞു..എല്ലാം പകുത്തു. മൌനത്തിന്റെ അര്‍ത്ഥ വ്യത്യാസങ്ങളില്‍ ആശയങ്ങളുടെ നിറവ്യതിയാനങ്ങള്‍ അറിഞ്ഞു..അധികമൊന്നും ആയുസ്സില്ലാത്ത പിണക്കങ്ങളില്‍ ( അവയെ അങ്ങിനെ വിളിക്കാമെങ്കില്‍) ഞങ്ങള്‍ അടുത്തു കൊണ്ടേയിരുന്നു..അധികമാരും ഞങ്ങള്‍ക്കിടയിലേക്ക് കടന്നു വന്നതേയില്ല .ഓരോരുത്തരും അവരവരുടെ വിരസജീവിതങ്ങളില്‍ തിരക്കിലായിരുന്നു..ദിവസേനെയുള്ള യുദ്ധങ്ങളില്‍ തളര്‍ന്നവശരാവുമ്പോള്‍ ചുമടുകള്‍ ഇറക്കിവച്ചാശ്വസിക്കാനൊരിടം. 

ഞങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ നല്ല പാതികള്‍ പലപ്പോഴും ചോദ്യചിഹ്നങ്ങളായി.  സത്യത്തില്‍ അവരില്ലെങ്കില്‍ ഞങ്ങള്‍ ഇങ്ങനെ ഉണ്ടാവുമായിരുന്നോ ? അറിയില്ല..എത്രകാലമായി വല്ലവിധേനെയും അവരിലേക്കുള്ള ദൂരം അളക്കാന്‍ ഞങ്ങള്‍ കഷ്ടപ്പെടുന്നു! അതിനു പോന്ന അളവുകോലുകള്‍ കിട്ടാത്തത് കൊണ്ടാവും  അവര്‍ ഇപ്പോഴും ദൂരെ തന്നെയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നത്..ചില വിശ്വാസങ്ങള്‍ തിരുത്താനും വിഷമമാവും..ഇപ്പൊ ഒരു ചോദ്യം നമുക്കിടയില്‍ ഉയര്‍ന്നു വരുന്നില്ലേ? എന്തെ ഞങ്ങള്‍ ഇങ്ങനെയെന്ന് ? ഒരു കണ്ണാടിയില്‍ നിങ്ങളുടെ മുഖം മൂടി അഴിച്ചു വച്ചിട്ടു നോക്കൂ, ഞങ്ങളുടെ മുഖത്തിന്റെ അതെ പ്രതിഫലനം നിങ്ങള്‍ക്ക് കാണാനാവും. നഗ്നമായ ആത്മാവിനു പറയാന്‍ കഥകള്‍ ഈരെയുണ്ടാവും..അത് സ്ത്രീക്ക് മാത്രമല്ല. പുരുഷനുമാവാം.പിന്നെയും ശ്വാസം പിടിച്ചുള്ള ഞാണിന്മേല്‍ക്കളികള്‍ക്കപ്പുറം സമൂഹം വളരാന്‍ വിസമ്മതിക്കുമ്പോള്‍ നിലയില്ലാക്കയത്തിലേക്ക്‌ കൂപ്പുകുത്തുക. അവിടെവിടെയോ നഷ്ടപ്പെട്ട നമ്മളെ തിരയുക..

നമ്മള്‍ നാല് പേരും സ്ഫടിക പാത്രത്തിലകപ്പെട്ട ചിത്രശലഭങ്ങളെപ്പോലെയാണ്.മുകളിലേക്ക് പറക്കാനാവുമെങ്കിലും പറക്കാത്തവര്‍, കണ്ണാടിച്ചുവരുകളില്‍ കാണുന്ന പ്രതിബിംബങ്ങളില്‍ തളക്കപ്പെട്ടവര്‍. അകവും പുറവുമറിയുന്ന ചുവരുകളില്‍ സ്വയം തടവറ തീര്‍ത്തവര്‍. നിറങ്ങളില്‍ മാത്രമേ നമ്മളില്‍ വ്യത്യാസമുള്ളൂ. മറ്റെല്ലാം ഒന്ന് തന്നെ. ശലഭായുസ്സു പോലെ കൃത്യമായി ഗണിക്കാന്‍ വയ്യാത്തത് കൊണ്ട് മാത്രം ജീവിക്കുന്നവര്‍..


നീ , നിനക്കെന്തിനാണു പേര്? ഞാനും നീയും അവളും ,എന്ന് പറയുന്നിടത്ത് എല്ലാമുണ്ട്. അതിനപ്പുറം നമുക്കൊരു തിരിച്ചറിയലിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. നിന്റെ ചിത്രങ്ങളില്‍ നീയാരെയാണ് തിരഞ്ഞത്? നിന്നെത്തന്നെയല്ലേ? ക്യാന്‍വാസിലെ ചിത്രങ്ങളില്‍ തൂവിയ നിറങ്ങള്‍ മായ്ക്കാന്‍ കഴിയും പോലെ ചുറ്റുമുള്ളവരുടെ മനസ്സിലെ പാഴ്നിറങ്ങള്‍ മാറ്റാന്‍ നിനക്ക് കഴിഞ്ഞതെയില്ലല്ലോ. കരി പിടിച്ച മനസ്സുള്ള പുരുഷനെ പിന്നെന്തു ചെയ്യും.

രണ്ടാമതൊരുവള്‍.. അവള്‍ക്കാവട്ടെ കരയാനല്ലാതെ എന്താണ് കഴിഞ്ഞത്? അവള്‍ സങ്കടപ്പെടുകയും തന്റെ തിരക്കേറിയ ദിവസങ്ങളെ കുറച്ചു കൂടി തിരക്കുള്ളതാക്കുകയും ചെയ്തു. സ്വയം കുറ്റപ്പെടുത്തുകയും തീരുമാനങ്ങളിലെ പിഴവുകളില്‍ പശ്ചാത്തപിക്കുകയും ചെയ്യുകയല്ലാതെ വേറെ വഴികള്‍ തുറന്നതേയില്ല. തന്നെത്തന്നെ മൌനത്തിലൊളിപ്പിച്ചതല്ലാതെ മറ്റൊന്നും ചെയ്യാനും അവള്‍ക്ക് കഴിഞ്ഞില്ല.

 മൂന്നാമതൊരാള്‍ .ഞങ്ങളില്‍ അല്‍പ്പം മെച്ചപ്പെട്ടവള്‍, തന്റെ ശബ്ദം വാഗ്വാദങ്ങളില്‍ ഉയര്‍ത്തുകയും പറയാനുള്ളത് വ്യക്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അവള്‍ക്കു തന്റെ നല്ല പാതിയുടെ വഴികളില്‍ എന്നെങ്കിലും ചേരാന്‍ കഴിഞ്ഞേക്കാം.അവള്‍ ജീവിതത്തില്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു. 

ഞാന്‍ എന്താണ് ചെയ്തത്?  വെറുതെ ചിന്തകളെ പറക്കാനനുവദിച്ചു വെറുതെ കണ്ണും പൂട്ടിയിരുട്ടാക്കി. ഓര്‍മ്മശക്തി കുറയാനുള്ള ഒരു തകിട് ജപിച്ചു കെട്ടുന്നതിനെക്കുറിച്ചാലോചിച്ചു വിഷമിച്ചു.ഒരുപാട് കാര്യങ്ങള്‍ കൂട്ടിയോജിപ്പിക്കാനാവാത്ത വളപ്പൊട്ടുകള്‍ പോലെ മനസ്സില്‍ കിലുകിലാരവം ഉണര്‍ത്തി എന്നെ ഭ്രാന്തു പിടിപ്പിച്ചു. അതില്‍ നിന്ന് രക്ഷപ്പെടാനായി  ഞാന്‍ എന്റെ ആത്മാവിനെ ഒരു സ്ഫടിക ഭരണിയില്‍ അടച്ചു സൂക്ഷിച്ചിരിക്കുകയും ചെയ്തു..

ഇത്രയും പ്രശ്നങ്ങള്‍ക്ക് നടുവിലേക്കായിരുന്നു അയാളുടെ വരവ്. കൃത്യമായി പറഞ്ഞാല്‍ ഞാന്‍ എന്നില്‍ നിന്നും രക്ഷപ്പെടാനൊരുങ്ങുമ്പോള്‍. മറ്റാരുമില്ലാത്ത ചിന്തകളുടെ നിശബ്ദതയില്‍ ഞാന്‍ മയങ്ങുമ്പോള്‍ എവിടെ നിന്നോ ഒരാള്‍. യൌവനത്തിന്റെ അവസാനത്തെ പകുതിയില്‍ ഞാന്‍ അയാളില്‍  ആകൃഷ്ടയാവുമോ എന്ന് നിങ്ങളോരോരുത്തരും ഭയക്കുന്നില്ലേ? എന്റെ സ്വപ്നങ്ങളില്‍ അയാള്‍ കടന്നെത്തുന്നതിനെ കുറിച്ച് എന്നെക്കാള്‍ നിങ്ങള്‍ വ്യാകുലപ്പെടുന്നില്ലേ? അത്ര പെട്ടന്ന് മറ്റൊരു ബന്ധനത്തിലെത്താന്‍ എനിക്ക് കഴിയില്ല എന്നു സ്വയം വിശ്വസിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു തുടങ്ങിയിരുന്നോ? പ്രണയത്തിനും ഒരു ഋതു ഉണ്ടാവുമോ? അറിയില്ല, അതെപ്പോഴോ അവസാനിച്ചിരിക്കുന്നു. നമുക്കിടയില്‍ അയാള്‍ വരില്ലെന്നെനിക്കുറപ്പുണ്ട്. അയാളെന്നല്ല ഇനിയൊരു പുരുഷനും നമുക്കിടയിലില്ല എന്ന് ഞാന്‍ പറയുന്നു. 

പക്ഷെ ഇടക്കെപ്പോഴോ അയാളുടെ പാദമുദ്രകളില്‍ ഞാന്‍ പാദം ചേര്‍ത്ത് പോയിരിക്കുന്നു..സ്ഫടിക ഭരണിയില്‍ ഇപ്പോള്‍ എന്റെ ആത്മാവ്‌ തനിച്ചല്ല. നിറക്കൂട്ടുകള്‍ ഞാനറിയുന്നു. എന്നില്‍ പ്രണയവും..പ്രണയം മനസ്സില്‍ നിന്ന് പടിയിറങ്ങിയാല്‍ ഞാന്‍ വൃദ്ധയും അനാഥയും ആവുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അതിനെ മുറുക്കെ പിടിക്കട്ടെ ഞാന്‍?