ഒരു യാത്ര...
മുന്‍പേ കൂട്ടി തയ്യാറാക്കുന്ന യാത്രകളെക്കാളും പെട്ടന്ന് ഒത്തുവരുന്ന യാത്രകളാണു
സുഖം..ഒറ്റ ദിവസം കൊണ്ടാണ് ഇത്തവണത്തെ യാത്ര തീരുമാനിച്ചത്..രാത്രി തഞ്ചാവൂരില്‍ നിന്ന്പുറപ്പെട്ടതു താമസിച്ചാണ്. ബാംഗ്ലൂര്‍ ബസ് മാത്രമല്ല മറ്റു ബസുകളും കാരണമില്ലാതെ വൈകിയിരുന്നു.ചെന്നൈക്കുള്ള യാത്രക്കാരില്‍ സംഗീത പരിപാടികള്‍ക്ക് പോവുന്നവര്‍ സാധാരണയാണ്. ക്ഷമാശീലം കൈമുതലായതുകൊണ്ട് ഇടയ്ക്കിടയ്ക്ക് വണ്ടി എത്തിയിട്ടില്ല എന്ന് അങ്ങേയറ്റം സൌമ്യമായി ട്രാവല്‍ ഏജന്റിനെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ഞാനും . കാത്തിരിപ്പിന് ദൈര്‍ഘ്യം ഏറിയപ്പോള്‍ താമസിച്ചു വന്നിട്ടും ശബ്ദമുയര്‍ത്തി ഒരാള്‍. കൈയിലുള്ള ബാഗില്‍ ഏതോ സംഗീത ഉപകരണങ്ങളാകാണെ വഴിയുള്ളൂ. നീളമുള്ള ചുരുണ്ട മുടി മാടിയൊതുക്കി പുറകില്‍ കെട്ടി വച്ചിരിക്കുന്നു. നെറ്റിയില്‍ ഭസ്മക്കുറി. വേഷം നീല ജീന്‍സും വെളുത്ത കുര്‍ത്തയും, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാല്‍ കാഴ്ചകള്‍ കണ്ടാസ്വദിക്കാന്‍ നല്ല സമയം. സംസാരം ഉച്ചത്തിലാവുകയും വഴക്കിന്റെ വക്കിലെത്തുകയും ചെയ്തപ്പോഴാണ് ഞെരമ്പില്‍ തിളച്ച ചോരയുടെ ഓട്ടത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞത്..മലയാളിയെ പോലെയൊ അല്പം കൂടുതലോ ആണു തമിഴ് കോപം..വഴക്കിന്റെ മൂര്‍ധന്യാവസ്തയില്‍ രസംകൊല്ലിയായി ബസ് വന്നതിനാല്‍ ഇച്ഛാഭംഗത്തോടെ അവിടം വിടേണ്ടി വന്നു.
ഇരുട്ടി വെളുത്തപ്പോള്‍ ബാംഗ്ലൂരില്‍, പണ്ട് പരിചിതമായ ഇടമല്ല, വല്ലാതെ മാറിപ്പോയ തികച്ചും അപരിചിതമായ ഒരിടം. അലസമായ പ്രഭാതങ്ങള്‍ ചടുലമായ ചലനങ്ങള്‍ക്ക് വഴിമാറിയിരിക്കുന്നു. നേരിയ തണുപ്പൊഴിച്ചാല്‍മറ്റെല്ലാം പുതിയ ഭാവങ്ങള്‍. എല്ലാം കൂടിക്കുഴഞ്ഞൊരു തികച്ചും മെട്രോ സംസ്കാരം. തഞ്ചാവൂരില്‍ പരിചിത മുഖങ്ങളിലേതു പോലൊരു ഭാവം എല്ലാവരുടെ മുഖത്തും കാണാം. ഇവിടെ അത് പ്രതീക്ഷിക്കേണ്ട.ഒരു രാത്രിയും ഒരു പകലും കൊണ്ട് രണ്ടു വ്യത്യസ്ത ഇടങ്ങള്‍, മനുഷ്യര്‍.. പകലൊടുങ്ങിയപ്പോള്‍ വീണ്ടും യാത്ര, തിരുപ്പതിയിലേക്ക്. ഗതാഗതക്കുരുക്കുകളില്‍ നിന്നും ഹൈവേയിലെത്താന്‍ 2 മണിക്കൂര്‍, ഓരോ സിഗ്നലിലും നില്‍ക്കുമ്പോള്‍ അക്ഷമയുടെ കൂട് പൊളിച്ചാര്‍ക്കാന്‍ തയ്യാറാകുന്ന മനുഷ്യര്‍, അതവരുടെ കുറ്റമല്ല. ജീവിതം കൊണ്ട് ചെന്നെത്തിക്കുന്നതവിടെയാണ്. ആര് മണിക്ക് പുറപ്പെട്ട വണ്ടി തിരുപ്പതിയിലെത്തുമ്പോള്‍ 12 കഴിഞ്ഞു. ക്ഷേത്ര നഗരം, ഉറങ്ങിയിട്ടില്ല എങ്കിലും ശാന്തം, അപായഭീതികളില്ലാതെ എവിടേക്കും പോകാം. ആന്ധ്ര മാത്രമേ എപ്പോഴും കൂടുതല്‍ മോഹിപ്പിചിട്ടുള്ളൂ. മറ്റെങ്ങും നിരത്തുകളില്‍ ഇത്രയും വൃത്തി കാണാനാവില്ല. അത് പോലെ തന്നെയുള്ള മനസ്സുള്ള ആളുകള്‍. ഈ മൂന്ന് ദേശത്തിനും എന്തെ ഇത്ര വ്യത്യാസം? രാവിലെ എട്ടുമണിയോടെ തിരുമലയിലേക്ക്. പത്തൊന്‍പതു കിലോമീറ്റര്‍ ദൂരമുള്ള മലമുകളിലേക്കുള്ള യാത്ര..മുകളിലേക്ക് പോകും തോറും ശുദ്ധവായു ശ്വാസകോശങ്ങളില്‍ നിറയുന്നതറിയാം. ഫോണ്‍ മുറിയിലുപെക്ഷിക്കുന്നത് കാരണം സമാധാനം. കുത്തനെയുള്ള മല കാല്‍നടയായി കയറുന്നവരുമുണ്ട്. അവിടെങ്ങും സെല്‍ഫി എടുക്കുന്നവരെ സാധാരണയായി കാണാറില്ല. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ എത്തുന്നിടമായിട്ടും വൃത്തിക്കും വെടിപ്പിനും ഒരു കുറവുമില്ല. വൈകിട്ട് മടക്കം 6 മണിക്ക് ചെന്നൈക്ക്. ജാലകവാതിലില്‍ നല്ലൊരു അസ്തമനം ആസ്വദിച്ചുകൊണ്ട് ചെറിയൊരു മയക്കത്തിലേക്ക്..
മനസ്സ് മടുത്തു പോയി ചെന്നൈ നഗരത്തില്‍ ഇറങ്ങിയപ്പോള്‍. എത്ര പ്രളയം കഴിഞ്ഞാലും പഠിക്കേണ്ട പാഠങ്ങള്‍ പഠിച്ചില്ലെന്നാല്‍? എന്റെ ചെന്നൈ സുഹൃത്തുക്കള്‍ ക്ഷമിക്കൂ..നിങ്ങളുടെ നഗരത്തെ ഉള്‍ക്കൊള്ളാനുള്ള മനസ്സെനിക്കില്ല. ഒരു വിധത്തില്‍ അടുത്ത വണ്ടിയില്‍ തഞ്ചാവൂര്‍ക്ക്. 2 പകല്‍, 3 രാത്രി, 1200 കിലോമീറ്ററോളം യാത്ര..കാവേരിക്കരയില്‍ നിന്നും മൈസൂര്‍ പ്ലാറ്റോയുടെ ഭാഗമായ ബാംഗ്ലൂര്‍വഴി ഡെക്കാന്‍ പ്ലാറ്റോയിലെ പൂര്‍വ്വ മലനിരകളിലേക്ക്..തിരിച്ചു വീണ്ടും കാവേരിക്കരയിലേക്ക്.. കാഴ്ചകളുടെ അന്തരം വല്ലാതറിയിച്ച 3 ദിവസങ്ങള്‍..എല്ലായ്പ്പോഴത്തേയും പോലെ യാത്രകള്‍ നല്‍കിയ പുതുജീവനുമായി ഞാന്‍..അടുത്ത യാത്രക്കായി കാത്തു കൊണ്ട്..
No comments:
Post a Comment