സാധ്യതകളുടെ തുലാസിലെ തമിഴ്‌നാട് രാഷ്ട്രീയം...ശശികലയുടെ ഭാവിയെന്താവും ?
ശശികല ജയലളിതയേക്കാൾ വലുതാവുകയാണോ? ഉരുക്കു വനിതയുടെ നിഴലിനും അതേ കരുത്തു ലഭിച്ചോ?
ജയലളിത യഥാർത്ഥത്തിൽ ആഗ്രഹിച്ചിരുന്നുവോ ശശികലയുടെ സ്ഥാനാരോഹണം? ശശികലയെ തന്റെ തോഴിയിൽ നിന്നും തന്നോളമുയർത്താൻ അവരാഗ്രഹിച്ചിരുന്നെങ്കിൽ ഇന്നീ ചോദ്യങ്ങൾക്കു പ്രസക്തിയുണ്ടാവുമായിരുന്നില്ല. മുപ്പതു വർഷത്തിലേറെയുള്ള സന്തത സഹചാരിയെ തന്റെ പിൻഗാമിയാക്കാൻ ആലോചിക്കേണ്ടി വരുമായിരുന്നില്ലല്ലോ. അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ മുഖ്യമന്ത്രി പദമേൽക്കുന്നു എന്ന് പ്രഖ്യാപിക്കാൻ കാണിച്ച ധൃതി ചിന്നമ്മയിലെ ഏകാധിപതിയാവാനുള്ള അടങ്ങാത്ത ആഗ്രഹത്തെയല്ലേ കാണിക്കുന്നത്? അതോ രാഷ്ട്രീയ ഉപജാപങ്ങളുടെ ഇടനാഴിയിൽ വേറിട്ടൊരു ശബ്ദമാവാൻ ശശികലയ്ക്കു കഴിയുമോ? 'അമ്മ എന്ന ഉറപ്പിനും , വിശ്വാസത്തിനും പകരമായി ഏഴൈ മനതിൽ ഇടം പിടിക്കാൻ ചിന്നമ്മയ്ക്കാവുമോ? ജയലളിതയുടെ മരണം മുതൽ ഉയർന്ന ചോദ്യങ്ങളുടെ ഉത്തരം "ഇല്ല" എന്നുറപ്പിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുണ്ടായിരിക്കുന്നത് .
തമിഴ്നാടിന്റെ ചരിത്രത്തിൽ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പുകളുടെ ചരിത്രം കയ്യാങ്കളിയിലും മറ്റൊരു തിരഞ്ഞെടുപ്പിലുമൊക്കെ അവസാനിച്ചിട്ടുണ്ട്. വികാരപ്രകടങ്ങളുടെ ജെല്ലിക്കെട്ട് സമരത്തിന് ശേഷം അനിശ്ചിതത്വത്തിന്റെ നാളുകളാണ് തമിഴ് ജനതയെ കാത്തിരിക്കുന്നത്. "അപ്പൻ കട്ടിലൊഴിയാൻ കാത്തു നിന്നതു പോലെ" എന്ന പഴമൊഴിയെ ഓർമ്മിപ്പിച്ചു കൊണ്ട് ജയലളിതയുടെ മരണത്തിനു ശേഷം പണ്ട് പുറത്താക്കപ്പെട്ടവർ ഒന്ന് ചേർന്നപ്പോൾ, നോക്ക് കുത്തിയാവുന്നതു ജയലളിതയുടെ വ്യക്തിപ്രഭാവത്തിനു വോട്ട് ചെയ്ത തമിഴ്ജനതയാണ്. പനീർസെൽവത്തിന്റെ ഏറ്റവും ഒടുവിലത്തെ അപ്രതീക്ഷിത മലക്കം മറിയൽ ശശികലക്കു വലിയ ഭീഷണിയല്ലെന്നു പ്രത്യക്ഷമായി തോന്നിച്ചെങ്കിലും നിയമസഭയിൽ അക്കങ്ങളുടെ കളിയിലേക്കെത്തിയാൽ പ്രശ്‌നമാകും .ജനങ്ങൾക്കിടയിൽ ശശികലക്കെതിരെയുള്ള വികാരം ശക്തമാണ്. പനീർസെൽവം റബ്ബർ സ്റ്റാമ്പിൽ നിന്നും ഒരു ഉറച്ച ശബ്ദത്തിലേക്കു മാറുമ്പോൾ ജനവികാരം അയാൾക്കൊപ്പം നിൽക്കാനാണ് സാധ്യത. ജയലളിതയുടെ മരണം മുതലുള്ള സംശയങ്ങളും ഈ സന്ദർഭത്തിൽ ശശികലക്കെതിരെ ഉപയോഗിക്കാനാവും. പനീർസെൽവത്തിനെ രാജി വയ്ക്കാൻ നിർബന്ധിച്ചിട്ടില്ല എന്ന് എത്ര ആവർത്തി പറഞ്ഞാലും അല്ലെന്നു മനസ്സിലാക്കാനുള്ള ബുദ്ധി പൊതുജനത്തിനുണ്ട്.
അണ്ണാ ഡി എം കെ പിളർപ്പിലെത്തിയാൽ ശശികലയുടെ മുഖ്യമന്ത്രി ആവാനുള്ള മോഹത്തിന് ആയുസ്സുണ്ടാവില്ല. എളുപ്പത്തിൽ മുഖ്യമന്ത്രി ആവാനുള്ള നീക്കത്തെ ഗവർണർ തുണക്കാത്തതിന്റെ മുകളിലാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ഏൽപ്പിച്ച ആഘാതം. അനധികൃത സ്വത്തു സമ്പാദനക്കേസ് വിധി പറയും മുൻപ് മുഖ്യമന്ത്രിയായാൽ പകരക്കാരനായി സ്വന്തം ഭർത്താവായ നടരാജനെ അവരോധിക്കാനുള്ള ഒരു നീക്കം കൂടിയായിരുന്നു ശശികലയുടേത്. അതിനായി പലയിടത്തും നടരാജന്റെ പോസ്റ്ററുകൾ പതിപ്പിച്ചു തുടങ്ങിയിരുന്നു, തഞ്ചാവൂരിലും മന്നാർഗുഡിയിലും നടരാജൻ പോസ്റ്ററുകൾ ജനം വലിച്ചു കീറുന്നത് കണ്ടപ്പോഴെങ്കിലും ജനവികാരം അവർ മനസ്സിലാക്കേണ്ടതായിരുന്നു. ഭൂമി കയ്യേറലും അഴിമതിയുമടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്നു നടരാജൻ. ഇതൊക്കെ പറയുമ്പോഴും പാർട്ടിയും, ജയലളിതയുടെ സമ്പത്തും തന്റേതാക്കിക്കഴിഞ്ഞ ശശികലയെ എഴുതിത്തള്ളുക വയ്യ. പാതിവഴിയിൽ തന്റെ ആഗ്രഹം ഉപേക്ഷിച്ചു പിന്മാറുന്നത് ശശികലയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. ഇനിയൊരൂഴം ഉണ്ടായെന്നു തന്നെ വരില്ല.
അണ്ണാ ഡി എം കെ യെ പനീർസെൽവം പിളർത്തുകയും സഭയിൽ ഡി എം കെ യുടെയും കോൺഗ്രസ്സിന്റെയും സഹായത്തോടെ അധികാരത്തിലേറിയാലും ഭരണം എത്ര കാലത്തേക്കുണ്ടാവും എന്ന് പ്രവചിക്കാനാവില്ല. കാത്തിരുന്നു കാണേണ്ടി വരും. പനീർസെൽവമാകട്ടെ ജയലളിതയുടെ മരുമകളായ ദീപയെയും കൂട്ടുചേർക്കാനൊരുക്കമാണ്.
ശശികലക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി ഉത്തരവ് ഈ ആഴ്ച ഉണ്ടാകുമെന്നിരിക്കെ വിധിക്കു മുൻപേ അരങ്ങേറാവുന്ന നാടകങ്ങൾ എന്താണെന്നറിയാൻ ഗവർണർ
വിദ്യാസാഗര്‍ റാവുവിന്റെ തീരുമാനങ്ങൾക്ക്കാക്കേണ്ടി വരും.
ശശികലയുടെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കാത്തത് ഭരണഘടനാപ്രതിസന്ധി ഒഴിവാക്കാനാണ്. കൃത്യമായ നിയമോപദേശം നേടാതെ അതുണ്ടാവാനുള്ള സാധ്യതയുമില്ല.
ചോദ്യങ്ങൾ അനവധിയാണ് , ഉത്തരമുള്ളതും ഇല്ലാത്തതും. ചിലതാവട്ടെ നിഗൂഡതയുള്ളതും . ജനമനസ്സിൽ ജയലളിതയുടെ മരണം ഉണ്ടാക്കുന്ന ശൂന്യതയെ നികത്താൻ ശശികലക്കാവുമോ എന്ന ചോദ്യത്തിന് തീരെ പ്രസക്തിയില്ല. അമ്മയ്ക്ക് ശേഷം എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം തയ്യാറാക്കാനുള്ള സമയം അധികാരത്തിന്റെ പിന്നാമ്പുറങ്ങളിൽ ഉള്ളവർക്ക് ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. ജയലളിതയുടെ എഴുപത്തിയേഴു ദിവസത്തെ ആശുപത്രി വാസത്തിലെ ഒളിപ്പിക്കലുകൾ ,വ്യാജമെന്നു ആശുപത്രി അധികൃതർ പ്രഖ്യാപിച്ച , സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച മരണവാർത്തകൾ, എല്ലാം നിഗൂഡതയ്ക്കു ആക്കമേറ്റുന്നു.
ജയലളിതയുടെ മരണത്തിനു ശേഷം തമിഴ്‍നാട്ടിലെങ്ങും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളായിരുന്നു ആദ്യവിവാദങ്ങൾക്കു തിരി കൊളുത്തിയത്. ശശികലയെ ജയലളിതയേക്കാൾ വലുതായി ചിത്രീകരിച്ച പോസ്റ്ററുകൾ ജനരോഷത്തെ തുടന്ന് പലയിടത്തും മാറ്റുകയുണ്ടായി. പാർട്ടി തലപ്പത്തു നിന്നും പോസ്റ്ററുകൾ പതിപ്പിക്കാനുള്ള നിർദ്ദേശമനുസരിക്കാൻ അണികൾക്ക് പലയിടത്തും സാധിച്ചതുമില്ല. ശശികലയ്ക്കെതിരായ ജനവികാരം അത്ര കടുത്തതാണ്. ഒരു പക്ഷെ ഇത്രയും വെറുക്കപ്പെട്ട ഒരാൾ തമിഴ്‍നാട് രാഷ്ട്രീയത്തിൽ ഉണ്ടാവുകയുമില്ല. ഇതൊക്കെയായാലും എ ഐ ഡി എം കെ ജനറൽ സെക്രട്ടറി പദ ത്തിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്കുള്ള ശശികലയുടെ യാത്ര പ്രവചിക്കപ്പെട്ടതു പോലെ തന്നെ നടന്നു. മുഖ്യമന്ത്രിയാവാൻ തടസ്സങ്ങൾ വന്നുവെന്നേയുള്ളൂ.
വ്യക്തമായ ഭൂരിപക്ഷമുള്ള, നിലവിൽ അധികാരത്തിലുള്ള പാർട്ടിയുടെ തലപ്പത്തിരിക്കുമ്പോൾ അടുത്ത നാലുവർഷത്തേക്ക് ജനപിന്തുണയുടെ ആവശ്യമില്ലെന്ന ധാർഷ്ട്യവും അവർ കാണിക്കുന്നുണ്ട്. കൈക്കരുത്തിന്റെയും പണക്കൊഴുപ്പിന്റെയും രാഷ്ട്രീയം തമിഴ്‍നാടിനു അന്യമല്ല. എ ഐ ഡി എം കെ യുടെ സർവാധികാരിയായ ജയലളിതയെ നിഴൽ പോലെ പിന്തുടർന്ന മുപ്പതു വർഷങ്ങളുടെ അനുഭവസമ്പത്തും പരിചയവും ഇനിയുള്ള തന്റെ രാഷ്ട്രീയമോഹങ്ങൾക്കു അടിത്തറയിടും എന്നാവും ചിന്നമ്മയുടെ വിശ്വാസം. തമിഴ് മക്കൾ അമ്മയുടെ ദേഹവിയോഗത്തോടെ അനാഥരായി എന്ന് വിലപിക്കുമ്പോൾ അമ്മയുടെ സ്ഥാനത്തെത്തിയ ചിന്നമ്മ ആശ്രിതവാത്സല്യം മൂത്ത് " ചിറ്റമ്മനയം " മക്കളോട് കാണിക്കുമോ എന്ന് കണ്ടറിയണം.
മന്നാർഗുഡി മാഫിയ
ശശികലയെ എന്നും നിയന്ത്രിച്ചിരുന്നത് സ്വന്തം കുടുംബമായ മന്നാർഗുഡി മാഫിയ ആണെന്നാണ് പറയുന്നത്. ഇപ്പോഴും ആ താളങ്ങൾക്കൊപ്പം ചലിക്കാൻ മാത്രമേ അവർക്കു സാധിക്കുന്നുള്ളൂവെങ്കിൽ അവരുടെ രാഷ്ട്രീയ ഭാവിയും, പാർട്ടിയുടെ രാഷ്ട്രീയ ഭാവിയും ഇരുളിലാവും. പക്ഷെ ചരിത്രം പരിശോധിച്ചാൽ വോട്ടുബാങ്കുകളിൽ സമുദായങ്ങളുടെ താല്പര്യങ്ങൾക്കുള്ള പ്രാധാന്യ വും അത് മുതലെടുത്തു എ ഐ എ ഡി എം കെ യുടെ ശക്തിയാക്കി മാറ്റിയ മന്നാർഗുഡി മാഫിയയുടെ കൗശലവും മനസ്സിലാവും. ജയലളിതയ്‌ക്കൊപ്പം ശശികല ചേരുന്നതിനു മുൻപ് വരെ തമിഴ്‌നാട്ടിൽ പിന്നോക്ക സമുദായമായ കല്ലർക്ക് കാര്യമായ മുന്നേറ്റം ഉണ്ടായിരുന്നില്ല. കല്ലർ സമുദായത്തെയും തേവർ സമുദായത്തെയും സഹായിക്കാനും അധികാരസ്ഥാനങ്ങളിൽ എത്തിക്കാനുമുള്ള തീരുമാനത്തെ ജയലളിതയുടെ തന്ത്രപ്രധാനമായ ഒരു നീക്കമായി കാണാം. പൊതുവെ ബ്രാഹ്മണർക്കെതിരെയുള്ള തമിഴ് ജനതയുടെ വികാരത്തെ തടയിടാൻ ചെയ്തതാവാനേ തരമുള്ളൂ. ജനവികാരമറിഞ്ഞു ഭരിക്കുകയെന്നതായിരുന്നു എം ജി ആറിന്റെ തന്ത്രമെങ്കിൽ അതിനെ കുറേക്കൂടി വിപുലീകരിച്ചു ജനമനസ്സിലേക്കിറങ്ങി ചെല്ലാൻ ജയലളിതയ്ക്ക് സാധിച്ചു. താരാരാധനയായിരുന്നു എംജിആറിന്റെ ജനസമ്മതിക്കു പിന്നിൽ എങ്കിൽ ഒരു പടികൂടി കടന്നു 'അമ്മ ' എന്ന ശാശ്വത സങ്കൽപം ഊട്ടിയുറപ്പിക്കാൻ ജയലളിതയ്ക്ക് കഴിഞ്ഞു. എന്നാൽ ഈ രണ്ടു തന്ത്രങ്ങൾക്കും വ്യക്തി ആരാധനയുടെ അടിത്തറയുണ്ടായിരുന്നു. ഇനി ശശികലയ്ക്കു എന്തു ചെയ്യാൻ കഴിയും എന്നാണു എല്ലാവരും ഉറ്റു നോക്കുന്നത്.
ശശികല ആരെന്നുള്ള അന്വേഷണത്തിൽ, ജയലളിതയുമായുള്ള സുഹൃദ്ബന്ധത്തിനു മുൻപുള്ള കാലത്തെപ്പറ്റി കാര്യമായൊന്നും കണ്ടെത്താനായില്ലെന്ന് വരും. എം ജി യാറിന്റെ പേരിനൊപ്പം ജയലളിതയുടെ പേര് എക്കാലവും വായിക്കപ്പെടും പോലെ തന്നെയാണ് ശശികലയുടെ പേര് ജയലളിതയ്‌ക്കൊപ്പം. ഇരുവരെയും പിരിയാനോ , പിരിക്കാനോ കഴിയാത്ത വണ്ണം അടുപ്പിച്ചതെന്താണ് എന്നത് അജ്ഞാതം. ഭീഷണികൾക്ക് ഭയന്ന് ശശികലയുടെ നിയന്ത്രണങ്ങളിൽ തളക്കപെട്ടിരുന്നു ജയലളിതയുടെ സ്വകാര്യ ജീവിതമെന്നു പറഞ്ഞാലും തെറ്റില്ല. അന്തപ്പുരങ്ങളുടെ പിൻപക്ക
കഥകൾക്ക് ഇനി പ്രസക്തിയില്ല.
ശശികല ആരാണ്?
തഞ്ചാവൂർ ജില്ലയിലെ മന്നാർഗുഡി എന്ന ഗ്രാമത്തിൽ നിന്ന് കുറച്ചു ദൂരെയുള്ള തിരുത്തിറൈപ്പൂണ്ടിയിൽ 29 ജനുവരി
1956 നാണു ശശികലയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനിടയിൽ പഠിപ്പുപേക്ഷിക്കുകയും 1974 ൽ ഡി എം കെ യുടെ യുവനേതാവായ നടരാജനെ വിവാഹം കഴിക്കുകയും ചെയ്തു.പബ്ലിക് റിലേഷൻസ് വകുപ്പിൽ താൽക്കാലിക ജീവനക്കാരനായിരുന്ന നടരാജൻ ഉന്നത തല ബന്ധങ്ങൾ എന്നും ആഗ്രഹിച്ചിരുന്നു. പണ്ടേ സിനിമകളോട് താല്പര്യമുള്ള ശശികലയുടെ സ്വപ്നങ്ങളിലുള്ള ആർഭാട ജീവിതം നടരാജന്റെ വരുമാനം കൊണ്ട് സാധ്യമായിരുന്നില്ല. 1976 ൽ നടരാജന് ജോലി നഷ്ടമായതിനെ തുടർന്ന് ശശികല ഒരു വീഡിയോ പാർലർ തുടങ്ങി. സമീപ പ്രദേശങ്ങളിൽ നടക്കുന്ന ചടങ്ങുകളുടെ ചിത്രീകരണങ്ങൾ ചെയ്യുന്നതിനിടയിലാണ് ജയലളിതയെ പരിചയപ്പെടാൻ അവസരമുണ്ടായത്. കടലൂർ കളക്ടർ ആയ വി. എസ് ചന്ദ്രലേഖ വഴിയാണ് എ ഐഎ ഡി എം കെ യിലെ പ്രചാരണ സെക്രട്ടറിയായ ജയലളിതയെ നടരാജനും ശശികലയും പരിചയപ്പെടുന്നത്. എന്ത് കൊണ്ടോ ജയലളിതക്ക് ശശികലയിൽ മതിപ്പു തോന്നുകയും തന്നോടൊപ്പം നിർത്തുകയും ചെയ്തു. 1980 കളിലാണ് ജയലളിത ശശികല ബന്ധം വളർന്നതും ശശികല ജയലളിതയുടെ വിശ്വസ്ത യായി മാറുകയും ചെയ്തത്. ആ വിശ്വസ്തത സ്വന്തമായി പറയത്തക്ക ഒന്നുമില്ലായിരുന്ന ശശികലയുടെ കുടുംബത്തിന് വളരെയേറെ നേടിക്കൊടുത്തു, പണമായും, പദവികളായും ,കൈക്കരുത്തായും.
സുന്ദരവദനം, ജയരാമൻ, ഡോ. വിനോദഗൻ, ദിവാകരൻ ,വനിതാമണി എന്നിവരടങ്ങുന്ന ശശികലയുടെ കുടുംബത്തിനു ഒരു മേൽവിലാസം ഉണ്ടാക്കികൊടുത്തത് ജയലളിത ശശികല ബന്ധമായിരുന്നു. ശശികലയുടെ സഹോദരനായ ദിവാകരൻ രാഷ്ട്രീയത്തിലും ബിസിനസ്സിലും വളരുന്നതും ഈ കാലഘട്ടത്തിലായിരുന്നു. ഇന്ന് മന്നാർഗുഡി "ബോസ്സ് " എന്നറിയപ്പെടുന്ന ദിവാകരൻ തഞ്ചാവൂരും സമീപ ജില്ലകളുമടങ്ങുന്ന കാവേരി ഡെൽറ്റ പ്രദേശത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ്.
ജയലളിത ശശികലയെ വിശേഷിപ്പിച്ചിരുന്നത് "ഉയിർ തോഴി ' എന്നാണ്.അതിനു പല കാരണങ്ങളുമുണ്ട്. എം ജി ആർ ന്റെ മരണസമയത്തു ജയലളിതക്കെതിരായ പാർട്ടി തീരുമാനങ്ങൾ ഉണ്ടാവുകയും ഭീഷണികൾ തന്നെയും ഉണ്ടായ സാഹചര്യത്തിൽ ശശികലയുടെ സഹോദരൻ ഡോ. വിനോദഗന്റെ മന്നാർഗുഡി വസതിയിലായിരുന്നത്രെ ജയലളിത താമസിച്ചിരുന്നത്. അവരുടെ ഉയർച്ച താഴ്ച കളിൽ ശശികലയുടെ കുടുംബം എന്നും ജയലളിതക്കൊപ്പം ഉണ്ടായിരുന്നു. അതിന്റേതായ നേട്ടങ്ങൾ അവർക്കുണ്ടാക്കാനാവുകയും ചെയ്തു. ഇതിനൊരു മാറ്റം വരുന്നത് 2012 ൽ ശശികലയടങ്ങുന്ന മന്നാർഗുഡി കുടുംബത്തെ പോയസ് ഗാർഡൻ വസതിയിൽ നിന്ന് പുറത്താക്കുന്നതോടെയാണ്. അവരുമായി ബന്ധപ്പെട്ട പലരും അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ വെറും 100 ദിവസത്തിനുള്ളിൽ ശശികല മാപ്പപേക്ഷിച്ച് ജയലളിതയ്ക്കരികിൽ വീണ്ടും ഇടം പിടിച്ചു. തന്റെ കുടുംബവുമായുള്ള എല്ലാബന്ധങ്ങളും ഉപേക്ഷിച്ചു ജയലളിതയോടൊപ്പം നിൽക്കാൻ തീരുമാനിച്ചായിരുന്നു ആ വരവ്. ആ വരവിൽ ഭർത്താവായ നടരാജനെ വരെ അവർ ഉപേക്ഷിച്ചിരുന്നു. ജയലളിത അത് അംഗീകരിക്കുകയും ചെയ്തു. അതിൽ നിന്നും ശശികലയ്ക്കു എത്രത്തോളം സ്വാധീനം ജയലളിതയിൽ ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്.
2016 ഇലക്ഷനു ശേഷം ജയലളിതയുടെ അടിക്കടിയുള്ള ആരോഗ്യപ്രശ്നങ്ങളുടെ സമയം മുതൽ ശശികലയുടെ കരങ്ങളിലാണ് എ ഐ ഡി എം കെ യുടെ ചുക്കാൻ എന്ന് വളരെ വ്യക്തമായിരുന്നു. അമ്മയുടെ നിഴലായ "ചിന്നമ്മ" ആയിരുന്നു പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ഒരുപക്ഷെ ഒരിക്കലും ജനങ്ങൾ കേട്ടിട്ടുണ്ടാവില്ല ശശികലയുടെ ഒരു അഭിമുഖമോ പ്രസംഗമോ. ചില വന്മരങ്ങൾ കടപുഴകുമ്പോൾ വലിയ മാറ്റങ്ങൾ സംഭവിക്കും. കേൾക്കാത്തവ കേൾക്കാനും കാണാത്തവ കാണാനുമുള്ള സമയമായിരിക്കുന്നു.
രാജാജി ഹാളിൽ ജയലളിതയുടെ ഭൗതികശരീരം പൊതുദർശനത്തിനു വച്ചപ്പോൾ നിറകണ്ണുകളോടെ നിന്ന് അനുശോചനമർപ്പിക്കാനെത്തിയവരോട് സംസാരിക്കുന്ന ശശികല ജയലളിതയ്ക്ക് ശേഷം താനാണെന്നുറപ്പിക്കുകയാണ് ചെയ്തത്. ശശികലയും കുടുംബാംഗങ്ങളുമല്ലാതെ മറ്റാരും അടുത്തുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.ജയലളിതയുടെ സഹോദരന്റെ മക്കളെയോ മറ്റു ബന്ധുക്കളെയോ മൃതദേഹം കാണാൻ പോലും അനുവദിച്ചില്ല. തനിക്കപ്പുറം ജയലളിതയ്ക്ക് മറ്റൊരു ബന്ധുവില്ലെന്നുറപ്പിക്കുന്നതിലാണ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ അടുത്ത യുഗം ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശശികലയെ ആശ്വസിപ്പിക്കാനായി നെറുകയിൽ തൊടുമ്പോൾ ദേശീയ രാഷ്ട്രീയവും ശശികലയെ അംഗീകരിക്കുന്നു എന്നതിന്റെ സൂചനയായാണ് എല്ലാവരും കണ്ടത് . ഒരിക്കൽ ജയലളിത തന്നെ പുറത്താക്കിയ നടരാജൻ ഉൾപ്പെടുന്ന മന്നാർഗുഡി മാഫിയയുടെ തിരിച്ചുവരവ് അവരുടെ മരണത്തിനു ശേഷമാണ് എന്നതും ഈ അവസരത്തിൽ ശ്രദ്ധേയമാണ്. നടരാജൻ ശശികല ബന്ധം ഒരിക്കലും ഊഷ്മളമായിരുന്നില്ലെങ്കിലും ഈ സാഹചര്യത്തിൽ അയാളുടെ സാന്നിധ്യം തള്ളിക്കളയാനാവില്ല. വാർത്തകളിൽ നടരാജൻ ജയലളിതയുടെ മരണത്തിനു ശേഷം നടത്തിയ ഒരു പത്രസമ്മേളനവുമുണ്ടായിരുന്നു. ശശികലയുടെ സ്ഥാനാരോഹണത്തിനു പിന്നിലെ ശക്തിയും പവർ ബ്രോക്കർ ആയ നടരാജൻ അല്ലാതെ മറ്റാരുമാവില്ല.
ശശികല നേരിടുന്ന പ്രധാന പ്രശ്നം അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുള്ള കേസുകളാണ്. ചെന്നൈയിലും തഞ്ചാവൂരിലും കണക്കില്ലാത്ത സ്വത്തുക്കൾ അവർക്കുണ്ട്. സ്ഥാവര ജംഗമ സ്വത്തുക്കൾക്കൊപ്പം കൈക്കരുത്തിന്റെ ബലത്തിൽ നടത്തുന്ന സമാന്തര ഒത്തുതീർപ്പു വ്യവസ്ഥയായ "കട്ടപ്പഞ്ചായത്തുകളും" പലയിടത്തും അവർക്കുണ്ട്. തമിഴ്‌നാട്ടിൽ മാത്രമല്ല സിംഗപ്പൂർ ,മലേഷ്യ ,ദുബായ് എന്നെ സ്ഥലങ്ങളിലും മന്നാർഗുഡി സഖ്യത്തിന് നിക്ഷേപങ്ങളുണ്ടെന്നു പറയപ്പെടുന്നു. 1991 ഇൽ നടത്തിയ താൻസി ഭൂമി ഇടപാടിൽ സർക്കാരിന് വൻനഷ്ടമുണ്ടാക്കി ജയ പബ്ലികേഷൻ ആൻഡ് ശശികല എന്റർപ്രൈസസ് വാങ്ങിയതായിരുന്നു കേസിനാധാരമായ വിഷയം. ഈ കേസിൽ 2003 ൽ സുപ്രീം കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയിരുന്നു.
പോയസ് ഗാർഡനിലെ വേദനിലയത്തിന്റെ വാതിലുകൾ പ്രവർത്തകർക്കായി തുറന്നു കൊടുക്കുമ്പോൾ പാർട്ടിയുടെയും സർക്കാരിന്റെയും അമരത്തെത്താനുള്ള തന്റെ തീരുമാനത്തെ തന്നെയാണ് ശശികല ഉറപ്പിച്ചത്. എന്നാൽ ഉയരങ്ങളിലേക്കുള്ള യാത്രയിൽ വിഘാതമായേക്കാവുന്ന ഒന്ന് അവർക്കെതിരെ നിലവിലുള്ള അനധികൃത സ്വത്തുസമ്പാദനത്തിനെതിരെയുള്ള കേസുകളാണ്. കർണാടക സർക്കാർ അമ്മയ്ക്കും ചിന്നമ്മയ്ക്കുമെതിരെ ഈ കേസിൽ സുപ്രീം കോർട്ടിനെ സമീപിച്ചിട്ടുണ്ട്. സുപ്രീം കോർട്ട് ഒരാഴ്ചക്കുള്ളിൽ വിധി പ്രസ്താവിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഇതിന്റെ വിധിയെത്തും മുൻപേ മുഖ്യമന്ത്രിക്കസേരയേറുക, അല്ലെങ്കിൽ ആ സ്വപ്നം നടന്നില്ലെന്ന് വരും.
ദീപ ജയകുമാറിന്റെ പ്രസക്തി.
അടുത്ത എതിരാളിയായി വന്നേക്കാവുന്ന ജയലളിതയുടെ സഹോദരപുത്രിയായ ദീപ ജയകുമാറാണ്. 2007 നു ശേഷം തന്റെ ഒരു കുടുംബാംഗങ്ങളുമായിപ്പോലും ബന്ധം പുലർത്താതിരുന്ന ജയലളിത , അവരെ ഒരിക്കൽ പോലും കാണാൻ കൂട്ടാക്കിയിരുന്നതുമില്ല. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിനു ശേഷം പലവട്ടം ദീപയും മറ്റുള്ളവരും ജയലളിതയെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. എന്നാൽ മരണത്തിനു ശേഷംവന്ന വാർത്തകളിൽ അവർ സജീവമായി. സമാധി സ്ഥലത്തെത്തിയ അവർക്കു ചുറ്റും ജനങ്ങൾ തടിച്ചു കൂടി. ജയലളിതയുമായുള്ള രൂപസാദൃശ്യമായിരുന്നു കാരണം. ശശികലയെ എതിർക്കുന്ന പാർട്ടിയിലെ താഴെക്കിടയിലുള്ള അണികൾ ദീപയുടെ കൂടെ നിന്ന് കൂടാ എന്നില്ല എന്നതിനുദാഹരണമാണ് തഞ്ചാവൂരിന്റെ ഉൾപ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ട ദീപയുടെ പോസ്റ്ററുകൾ. താരാരാധനയും വ്യക്തിപൂജയും ജീവിതചര്യയാക്കിയ തമിഴ്മക്കൾക്കു "അമ്മാവെ" പോലെ ഒരാളാവും ദീപ എന്ന് തോന്നിയാലും തെറ്റ് പറയാനാവില്ല. ജയലളിതയുടെ പിറന്നാൾ ദിവസം പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ദീപയെ തൃപ്തിപ്പെടുത്താൻ ശശികലയ്ക്കാവുമോ?
സ്റ്റാലിനും ഡി എം കെ യും..
സ്റ്റാലിന്റെ സ്ഥാനക്കയറ്റത്തിൽ കരുണാനിധി കുടുംബത്തിൽ തന്നെ എതിർപ്പുകൾ ഉള്ളതിനാൽ ഉടനെയൊന്നും എ ഐ ഡി എം കെ പിളർത്താനുള്ള ശ്രമം അവരുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്നാണ് കരുതിയിരുന്നത് . എന്നാൽ സ്റ്റാലിൻ പനീർസെൽവത്തെ തുണക്കുന്നതാണ് കാണുന്നത്. ശശികല സ്ഥാനമേൽക്കാനുള്ള തീരുമാനം അറിയിച്ച ഉടനെ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടു തന്റെ പാർട്ടിയുടെ അതൃപ്തി അറിയിക്കുകയാണ് സ്റ്റാലിൻ ചെയ്തത്.കിംഗ് മേക്കർ എന്നവകാശപ്പെടുന്ന നടരാജന്റെ ഡി എം കെ ബന്ധങ്ങൾ ശശികലയെ സഹായിച്ചില്ല എന്ന് മാത്രമല്ല ഊരാക്കുരുക്കിലാക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ. ജയലളിതയുടെ മരണത്തിനു ശേഷം ശശികലക്കെതിരെ ഇതുവരെ ഡി എം കെ സംസാരിച്ചിട്ടില്ലായിരുന്നിട്ടും പട നയിക്കാൻ പനീർസെൽവത്തിനെ സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ശശികലയ്ക്കു മാത്രമേ ജയലളിതയെപ്പോലെ പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ കഴിയൂ എന്നൊരു വിഭാഗം ചിന്തിക്കുന്നുണ്ട്. ഒരുപക്ഷെ അണികളെക്കൊണ്ട് ശശികല അത് അവതരിപ്പിക്കുന്നതുമാവാം. അണികളുടെയും എം എൽ എ മാരുടെയും ശരീരഭാഷയും അമ്മയ്ക്ക് ശേഷം ചിന്നമ്മ എന്നുറപ്പിക്കും വണ്ണമാണ്. പക്ഷെ പാർട്ടിയെ നയിക്കുന്നതും മുഖ്യമന്ത്രി പദം പോലെ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്നതും വ്യത്യാസമുണ്ട്. തന്റെ കന്നി പ്രസംഗം കൊണ്ട് കൈയടി നേടും പോലെ അത്ര ലഘുവല്ല കാര്യങ്ങൾ. പൊതുവേദികളിൽ ജനങ്ങളെ കൈയിലെടുക്കാൻ ഇതൊന്നും മതിയാവില്ല. ജയലളിതയെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളും ശൈലിയും മാത്രം പോരാ. " നാൻ മക്കളുക്കാഹ , മക്കളാൽ നാൻ ' എന്ന് ജയലളിത ജനങ്ങളോട് പറയുമ്പോഴുള്ള മാന്ത്രികത ഉണ്ടാവേണ്ടിയിരിക്കുന്നു. ജനമനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കുന്ന അണ്ണാവും എം ജി ആറും എന്നും ജയലളിതയുടെ പ്രസംഗ ങ്ങളുടെ മുഖമുദ്രയായിരുന്നു. സ്ത്രീകളുടെ മനസ്സ് കവരാൻ അമ്മയ്ക്കെന്നും കഴിഞ്ഞിരുന്നു. വാക്കുകളെ പ്രവർത്തിയിലേക്കു വരുത്താനുള്ള ഭരണനൈപുണ്യം അവർക്കുണ്ടായിരുന്നു.
തമിഴ്‌നാട് രാഷ്ട്രീയ ചിത്രമെടുത്തു നോക്കിയാൽ മൂന്ന് വട്ടം മുഖ്യമന്ത്രി ആയിട്ടുള്ള കാമരാജിനും , എം ജി ആറിനും ജയലളിതയ്ക്കും ചില സമാനതകളുണ്ട്. മൂന്ന് പേരും തങ്ങളുടെ കാലാവധി പൂർത്തിയാവും മുൻപ് മരണപ്പെട്ടു. മൂന്നു പേർക്കും മക്കളുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയാവാൻ കാത്തിരിക്കുന്ന ശശികലയ്ക്കും സന്താനങ്ങളില്ല. പ്രവചനങ്ങൾക്കപ്പുറമാണ് പലതും. ഇനി ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്. ഇവിടെയാണ് തനിക്കു ശേഷം എന്ത് എന്ന് ജയലളിത എന്ത് കൊണ്ട് ചിന്തിച്ചില്ല എന്നത് ചിന്തനീയമാവുന്നത് . അതോ "തനിക്കു ശേഷം പ്രളയം' എന്ന ചിന്തയിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങളിൽ പെട്ട് അണ്ണാ ഡി എം കെ ഇല്ലാതാവട്ടെ എന്ന് കരുതിക്കാണുമോ?