ജെല്ലിക്കെട്ട് .."തമിഴനെന്നു സൊല്ലെടാ"..
വിളവെടുപ്പ് കഴിഞ്ഞ അലങ്കനല്ലൂരിലേക്കിവിടുന്ന് അധികദൂരമില്ല. പൊങ്കലിന്റെ ആഘോഷങ്ങൾ ഇനിയും വിട്ടൊഴിയാത്ത പുതുക്കോട്ടയും, പാലമേടും, തഞ്ചാവൂരും , അവണിയപുരവുമൊന്നും അധികദൂരത്തല്ല. തമിഴ്മണ്ണിന്റെ വികാരങ്ങൾ ദൂരങ്ങൾ കൊണ്ടളക്കാനാവില്ല. പതിവ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വന്ന ഒരു പ്രക്ഷോഭമായും ഇതിനെ കാണാനാവില്ല. ഒരു ജനതയുടെ നിസ്സഹായതയെന്നോ , അരക്ഷിതാവസ്ഥയിൽ നിന്നുയർന്ന വികാരമെന്നോ എന്നൊക്കെ പറയേണ്ടി വരും.
കാവേരിക്കരയിലുള്ള ഏതാണ്ട് എല്ലാ കാർഷിക ഗ്രാമങ്ങളുടെയും അവസ്ഥ തികച്ചും പരിതാപകരമാണ്. മഴ ചതിച്ചതു മണ്ണിനെയും കാവേരിയെയുമാണ്. ഇത് രണ്ടുമില്ലാതെ ജീവനം അസാധ്യമായ ഒരു ജനതയെയും. അതിനു ജാതിയോ ദേശമോ വ്യത്യാസമില്ല. അതിജീവനത്തിന്റെ ആശകൾ എങ്ങുമെത്താത്തതു കൊണ്ട് സ്വന്തം കൃഷിയിടങ്ങളിൽ കുഴഞ്ഞു വീണു ജീവൻ പോയ കർഷകരുടെ അവസാന ശ്വാത്തിലെ വേവ് വിണ്ടു കീറിയ മണ്ണറിഞ്ഞിട്ടുണ്ടാവുമോ?
കഴിഞ്ഞ മൂന്ന് വർഷമായി നാഗപട്ടിണവും, തഞ്ചാവൂരും , തിരുവാരൂരും , തിരുച്ചിയുമടങ്ങുന്ന നദീതട കാർഷികഗ്രാമങ്ങളിൽ വേണ്ടത്ര മഴ ലഭിച്ചിട്ടില്ല. ആഗോളതാപനമോ, ജലദൗർലഭ്യതയോ മറ്റു കാരണങ്ങളോ ഉണ്ടാവും , കാരണങ്ങൾ എന്ത് തന്നെയായാലും കാവേരിയെ വിശ്വസിച്ചു സാംബ കൃഷി ഇറക്കിയതു മുതലുള്ള കണക്കെടുത്താൽ 144 കർഷക മരണങ്ങൾ വെറുതെ എഴുതി തള്ളാവുന്നവയല്ല. നഷ്ടപരിഹാരങ്ങൾക്കപ്പുറത്ത് ജീവിത വൃത്തിയുപേക്ഷിക്കുന്ന ഒരു സമൂഹത്തെ നമ്മൾ കാണേണ്ടി വരുമെന്നത് തീർച്ച. മഴവരാത്തതും മണ്ണ് കനിയാത്തതും തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടാത്തതിനാലാണെന്ന് അവർ കരുതിയാൽ തെറ്റ് പറയാനാവില്ല. ഈ സാഹചര്യത്തിൽ മണ്ണിനെ അറിഞ്ഞവരും, മണ്ണിന്റെ ജീവശ്വാസം മനസ്സിലേറ്റിയവരുമായ തമിഴ് ജനതയുടെ വ്യത്യസ്തമായ സമരത്തിന്റെ കൂടെ നിൽക്കാനേ കഴിയൂ.
ജെല്ലിക്കെട്ടിനെതിരെയുള്ള നിയമനടപടികൾക്കെതിരെ പ്രതിഷേധിച്ചവരെ അലങ്കനല്ലൂരിൽ അറസ്റ്റ് ചെയ്തതിനെ തുടർന്ന് വൻജനപിന്തുണയാണ് ജെല്ലിക്കെട്ടിനു ലഭിക്കുന്നത് . "സല്ലിക്കാശ് " അല്ലെങ്കിൽ പണക്കിഴി കൊമ്പുകളിൽ കെട്ടിയ കാളയിൽ നിന്നും അത് കൈക്കലാക്കുക എന്ന നൂറ്റാണ്ടുകളായി നടന്നു വന്ന ഒരു കായികവിനോദം എന്നതിലുപരി ജെല്ലിക്കാട്ടിനെ പറ്റി PETA എന്ന അമേരിക്കൻ എൻജിഒ പറയുന്ന തലത്തിലേക്ക് ചിന്തിക്കേണ്ടതുണ്ടോ എന്ന് നീതിന്യായവ്യവസ്ഥയും ചിന്തിക്കേണ്ടതുണ്ട്. കാളപ്പോരിലെ പോലെ കാള യ്ക്ക് ജീവഹാനി വരുത്തിയതായി ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. വിളവെടുപ്പിനൊപ്പം നടത്തുന്ന ഒരു ആഘോഷം എന്ന രീതികൾ ഒരു പക്ഷെ പന്തയത്തിലേക്കു മാറിയിട്ടുണ്ടാവും. പക്ഷെ ഒരു ജനതയുടെ സംസ്കാരത്തിന്റെ ഭാഗമാവുമ്പോൾ നിരോധനത്തിനെതിരെയുള്ള പ്രതിരോധങ്ങളും പ്രതിഷേധങ്ങളും കണ്ടില്ലെന്ന് നടിക്കാൻ ആവില്ല തന്നെ. പണ്ടത്തെ ഹിന്ദി വിരുദ്ധ പ്രക്ഷോഭകാലത്തെ ഓർമ്മിപ്പിക്കും വിധമാണ് സമര
പരിപാടികൾ.
സാധാരണക്കാരും വിദ്യാർത്ഥികളും തുടങ്ങിവച്ച പ്രക്ഷോഭങ്ങൾക്ക് എല്ലാ തുറയിലുള്ള ജനങ്ങളും ,കക്ഷിഭേദമില്ലാതെ രാഷ്ട്രീയപാർട്ടികളും , സിനിമാതാരങ്ങളും , സാംസ്കാരിക രംഗത്തെ പ്രമുഖരും പിന്തുണ പ്രഖ്യാപിച്ചപ്പോൾ തമിഴ് ജനത ഒറ്റക്കെട്ടായി എന്ന് തന്നെ പറയാം. മൂന്ന് വർഷമായി ജെല്ലിക്കെട്ട് നിരോധനത്തിനെതിരെയുള്ള സമരങ്ങളും നിയമപോരാട്ടങ്ങളും നടക്കുന്നുണ്ട്. എന്നാൽ ഇത്തവണത്തെ പൊങ്കലിനോടനുബന്ധിച്ചുള്ള സമരം മാധ്യമങ്ങളുടെയും, സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിലൂടെയും പരമാവധി ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. കർഷകന്റെ മനസ്സറിയാൻ ശ്രമിക്കുന്ന നവയുവജനതയുടെ പോരാട്ടവീര്യം മണ്ണിനെ സ്നേഹിക്കുന്ന ഒരു പുതുതലമുറയെ വളർത്തുമെന്നു ആശിക്കാം.
സംസ്ഥാന വ്യാപകമായ പ്രതിഷേധം അവസാനിപ്പിക്കാനും ജെല്ലിക്കെട്ട് നടത്താനും ഒരു പ്രത്യേക ഓർഡിനൻസ് കൊണ്ടുവരുമെന്ന മുഖ്യമന്ത്രി ഓ. പനീസെൽവത്തിന്റെ വാഗ്ദാനത്തിന്മേലുള്ള സമര സമിതിയുടെ നിലപാട് ഇനിയും വ്യക്തമായിട്ടില്ല. ഒരു പക്ഷെ നിയമഭേദഗതിക്ക് പ്രസിഡന്റ് അംഗീകാരം നൽകുന്നവരെ സമരം തുടർന്നേക്കാം.
No comments:
Post a Comment