Monday, 6 February 2017







ചില കിളിവാതിലുകൾ..




നോക്കൂ , കേൾക്കുന്നുണ്ടോ? തിരക്കാണോ?

അല്ല പറയൂ .

ഒന്നുമില്ല , വെറുതെ..

ശരി..ചിരിക്കുന്ന മുഖം സ്മൈലി , സുക്കറിന് സ്തുതി..

ഉറങ്ങുമ്പോൾ പാതിരാത്രിയിൽ പിന്നെയും മണിയടി ..

സുഖാണോ?

ഉറക്കത്തിൽ എത്രയാ സ്വപ്‌നങ്ങൾ എന്നറിയോ? രസംകൊല്ലി ..ഞാൻ ഗന്ധർവനെ കൂടെകൂട്ടി ഒരു യാത്രയിലായിരുന്നു. അതിനിടക്കാ "സുഖാണോ"ന്ന്! സമയം നോക്കി രാത്രി, പന്ത്രണ്ടു കഴിഞ്ഞു , ഇപ്പഴെന്താണാവോ ഒരു കുശലാന്വേഷണം ? സ്വപ്നത്തിൽ നിന്നുണർത്തിയവർക്കു മറുപടിയില്ല , പാതിവഴിയിൽ ഇറങ്ങിയ സ്വപ്നത്തിന്റെ ഫുട്‍ബോർഡിൽ എങ്കിലും കയറട്ടെ.


സമയബോധമില്ലാതെ പിന്നാലെ  തുരു തുരാന്നു ദാ വരുന്നു...സന്ദേശങ്ങളുടെ പെരുമഴ. ഭാഷ മാറി ,ആംഗലേയം. രഞ്ജിപണിക്കർ ചിത്രത്തിലെ ഡയലോഗ് ഓർത്തു ..വർണ്ണനകൾ ചെന്നെത്തിയത്  കണ്ണുകളിൽ , പിന്നെ ചിരി , ഇതെങ്ങട്ടാണാവോ പോക്ക് . മറുതലയ്ക്കലെ ചിത്രം നോക്കി. ഫേക്ക് അല്ലെന്നുറപ്പിച്ചിട്ടു കൂടെ കൂട്ടീതാ. എനിക്ക് നാൽപ്പതു കഴിഞ്ഞൂന്നിതിന് അറിഞ്ഞൂടെ ആവോ? ഈശ്വരാ പാതിരാത്രി എഴുന്നേറ്റ് കണ്ണാടി നോക്കേണ്ടി വരുമോ ആവോ? കണ്ണാടി നോക്കണംന്ന് വച്ചാൽ കണ്ണട വേണം , അത്രയ്ക്കങ്ങോട്ടു വേണ്ട .അപ്പൊ സുഖായിട്ടുറങ്ങാം, അതാവും നല്ലത്..ഉറക്കമാവും വരെ താരാട്ടു പോലെ മണിയടി ശബ്ദം വേണ്ടെന്നു കരുതി ശബ്ദത്തെ മരപ്പിച്ചു തലവഴി പുതപ്പു മൂടി.

നേരം വെളുത്താലുടനെയൊന്നും മെസ്സേജുകളിൽ കൈയെത്തില്ല , സമാധാനമായി നോക്കണം. എങ്കിലേ മനസ്സിൽ കയറൂ. നോക്കീപ്പഴോ ,ഇതൊരു മഹാഭാരതം പോലെ..എത്ര കാണ്ഡം ഉണ്ടോ ആവോ? എന്റെ പ്രിയപ്പെട്ട പെങ്കുട്ടീ ( ഇപ്പൊ നിശ്ചയം പോരാ ) ന്റെ നാൽപ്പതു വയസ്സിനിടക്ക് ഇതാദ്യം , ഒരു പെങ്കുട്ടി അതും സാരിക്ക് ഭംഗീണ്ടെന്നു പറഞ്ഞത്  പെരുത്ത് ബോധിച്ചൂ , ( കഷ്ടപ്പെട്ടാണ് തിരഞ്ഞെടുക്കണതേ ) പിന്നെ  ന്റെ കണ്ണും മൂക്കും ഒക്കേം നല്ലതന്നെ ,ഞാനിന്നലേം കൂടി നോക്കീതാ കണ്ണാടീൽ . സ്വപ്നത്തിൽ എന്നെ കണ്ടൂത്രെ , അതിനും പറ്റൂന്നോരൊക്കെയുണ്ടോ ? ന്നാലും നിന്റെ സ്വപ്നങ്ങളിൽ ഞാൻ വേണ്ടാ..നീ തരുന്ന സ്നേഹവും വേണ്ടാ . അപ്പൊ ന്താന്ന്  വച്ചാൽ പിന്നെയിങ്ങോട്ട് തന്നതൊന്നും വാങ്ങാൻ നിർവാഹമില്ല കുട്ട്യേ , നമ്മൾ പോവേണ്ട വഴികൾ വേറെയാണ്. ഈ കൂട്ട് തീരെ പറ്റില്ലെനിക്ക്..മുഷിയണ്ടാട്ടോ..

മറയ്ക്കുള്ളിൽ ഇരിക്കുന്ന പല മുഖങ്ങളിൽ ഒന്നാണിത് .. ആൺ പെൺ വ്യത്യാസമില്ലാത്ത അഭിനിവേശങ്ങളുടെ മുഖങ്ങൾ അനവധിയാണ്. അതിലൊന്നും എതിരഭിപ്രായവുമില്ല. പക്ഷെ  ചില സന്ദേശങ്ങൾ വല്ലാതെ മടുപ്പിക്കുന്നു . ഇഷ്ടങ്ങളുടെ മേൽ വിലക്കുകളില്ല , പക്ഷെ ദയവായി ഇവിടുത്തെ കിളിവാതിലുകളിൽ സ്നേഹം വിൽക്കാനൊരുങ്ങരുത്. .











No comments:

Post a Comment