Monday, 6 February 2017







ഒരിത്തിരി  പുറകോട്ടു പോയാലോ കൃഷ്ണാ?

ചോദ്യഭാവത്തിലുള്ള നോട്ടത്തിലെ മുന മനസ്സിലായി , അത്രയ്ക്കങ്ങോട്ടു പോവേണ്ട , ഒരിത്തിരി ..അത്ര മാത്രം..ന്നു വച്ചാൽ ബാല്യവും, കൗമാരവും, ഒക്കെക്കഴിഞ്ഞുള്ള സംഭവബഹുലമാവേണ്ടിയിരുന്ന , അല്ലെങ്കിൽ അങ്ങിനൊക്കെ ആയിത്തീർന്ന കുറച്ചു വർഷങ്ങൾക്കു പുറകിലേക്കൊരെത്തിനോട്ടം..

ആ പുരികത്തിനിടയിലെ ചുളിവ് വേണ്ടാ, വീണ്ടും നൊസ്റ്റാൾജിയതൈലക്കൂട്ടല്ല, അതൊക്കെ നിർത്തി!  ഞാൻ എപ്പഴേ നന്നായി..(നന്നാവുന്നതെങ്ങിനെയാണെന്നിതുവരെ പഠിച്ചു തുടങ്ങീട്ടില്ല , പിന്നല്ലേ? വെറുതെ പറയുന്നതിനെന്താ അല്ലെ? )

ഇന്നലത്തെ കാഴ്ചയിലെ പുതുപ്പെണ്ണും മയിലാഞ്ചിയും , കണ്മഷിയും , പൂവും ,വളകളും എന്റെ ചിന്തകളെ എവിടെക്കാ കൊണ്ടുചെന്നെത്തിച്ചത് എന്നറിയാമോ? സത്യായിട്ടും താൻ ഞെട്ടും , എനിക്കുറപ്പാ. അതേന്ന് , സംശയിക്കണ്ടാ..അതന്നെ, നമ്മുടെ രഹസ്യങ്ങളുടെ കലവറയിൽ ഇതിനെയും അടക്കണോ എന്ന് താൻ തീരുമാനിച്ചോളൂട്ടോ . ഒന്ന് കല്യാണം കഴിച്ചാലോ? പെട്ടന്ന് മനസ്സിലെത്തിയ സ്വൈര്യം കെടുത്തുന്ന ചിന്ത അങ്ങിനെയാണ്.

ഞാൻ വേണംന്നുവച്ചു നോക്കീട്ടൊന്നും കണ്ടതല്ല  ആ പെൺകുട്ടിയെ, ഒരു പുതുമോടിച്ചന്തം കണ്ടപ്പോ കൗതുകം തോന്നി അത്രേയുള്ളൂ. എന്റെ കാഴ്ചയുടെ കുഴപ്പമാണ്. കാത്തിരിപ്പുകൾക്കിടയിൽ കണ്ണുകളെ മേയാൻ വിടുന്ന പതിവിലെവിടെയോ ഒരു  കുഞ്ഞു മുഖം കടന്നു വന്നതിനു പിന്നാലെയാണവൾ എത്തിയത്. നിമിഷനേരങ്ങളിലെ കഥയാട്ടങ്ങൾക്കു നീളം വയ്പ്പിക്കുന്ന ഞാൻ ഒരു കുഴലൂത്തുകാരനെ പോലെ ആ കുഞ്ഞു മനസ്സിലേക്ക് കയറുകയായിരുന്നു. എടുത്താൽ പൊങ്ങാത്ത ഉണ്ണിവാവ വയറുള്ള അമ്മയുടെ , വിഷമിച്ച കൈവിരൽത്തുമ്പിൽ തൂങ്ങി  അവൻ ആ ഭക്ഷണശാലയുടെ പടിക്കെട്ടിറങ്ങുകയായിരുന്നു. അവന്റെ അമ്മ പണിപ്പെട്ട് അവനെയും വലിച്ചു  വേഗത്തിൽ നടക്കുന്ന അച്ഛനൊപ്പം എത്താൻ കഷ്ടപ്പെടുകയായിരുന്നു.ആ കാഴ്ച എപ്പോഴത്തെയും പോലെ എന്നിൽ വല്ലാത്ത ഈർഷ്യ ഉണ്ടാക്കി. അയാൾക്ക് അവന്റെ കൈപിടിച്ച് അല്പം പതുക്കെ നടക്കാമായിരുന്നു, അവരുടെ അസ്വസ്ഥതകൾ മനസ്സിലാക്കാമായിരുന്നു. പക്ഷെ ഇതൊന്നും അയാൾ ചെയ്തില്ലെങ്കിലും ആ അമ്മയും കുഞ്ഞും അയാൾക്കൊപ്പമെത്തുമെന്നയാൾക്കറിയാമല്ലോ. അങ്ങിനെ ചിന്തിക്കാനാണപ്പോൾ തോന്നിയത്. ഒരുപക്ഷെ അയാൾ അവർക്കു പോകാനുള്ള ബസ് വരുന്ന ബസ് സ്റ്റോപ്പിലേക്കെത്തിപ്പെടാൻ ധൃതിയിൽ പോകുകയായിരുന്നിരിക്കണം , അല്ലെങ്കിൽ ഓട്ടോ വിളിക്കാൻ ശ്രമിക്കുകയായിരുന്നിരിക്കണം. അതെന്തു തന്നെയായാലും എന്നിലെ സ്ത്രീ ഹൃദയം ഇഷ്ടക്കേടിന്റെ ചെങ്കൊടി കാട്ടി. നിമിഷങ്ങൾ മാത്രം നീണ്ട ചിരികൾക്കൊടുവിൽ കൈവീശലുമായി അവൻ പടിയിറങ്ങി. നാണിച്ച  ചിരിയുള്ള അവന്റെ മുഖത്തു നിന്നും എന്റെ കണ്ണുകൾ അവളുടെ പാദങ്ങളിലേക്കാണെത്തിയത് .

എന്റെ തൊട്ടടുത്ത് നിർത്തിയ വണ്ടിയിൽ നിന്നിറങ്ങുന്ന നിറയെ മുത്തുകളുള്ള  പുതിയ വെള്ളികൊലുസും മയിലാഞ്ചിയിട്ട  കാലടികളുമായിരുന്നു ആദ്യം  കണ്ണിൽ പെട്ടത്.  അല്പം മുൻപ് പെയ്ത മഴ പാതയരുകിൽ ചെറുചിത്രങ്ങൾ രചിച്ചിരുന്നു.  ഉയർന്ന മടമ്പുള്ള സ്വർണ്ണവർണ്ണത്തിലുള്ള ചെരുപ്പിൽ അഴുക്കു പറ്റാത്തവണ്ണം അവൾ പുറത്തിറങ്ങുന്നത് കൗതുകത്തോടെ ഞാൻ നോക്കിയിരുന്നു.  അവളെ കണ്ടതിനു ശേഷമാണ് വിനീതവിധേയനായ അയാളെ കണ്ടത്. അവൾക്കു പുറത്തിറങ്ങാൻ ഡോർ തുറന്നു കൊടുക്കുകയും വഴിയിലെ അഴുക്കിൽ കാൽ പെടരുത് എന്നോർമ്മിപ്പിക്കുകയുമായിരുന്നു അയാൾ. മറ്റൊന്നും അയാളുടെ ദൃഷ്ടിയിൽ പെട്ടതേയില്ല എന്നെനിക്കു തോന്നി. അല്ലെങ്കിലും ചിലർ അങ്ങിനെയാണ്. അയാളുടെ കൈപിടിച്ചിറങ്ങി അവൾ ചുറ്റിലുമൊന്നു നോക്കി .ഞാനൊഴികെ മറ്റാരും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല . ആഹാരം കഴിക്കാനുള്ളവർ ഇരിപ്പിടങ്ങൾക്കായും, കഴിച്ചു കഴിഞ്ഞവർ അവിടം വിട്ടിറങ്ങാനുമുള്ള  തിരക്കിലായിരുന്നു.

 നിറപ്പകിട്ടുള്ള കസവും തൊങ്ങലുകളും പിടിപ്പിച്ച സാരിയും, ആഭരണങ്ങളും , കുപ്പിവളകളും, മുഖത്തെ സന്തോഷവും എല്ലാം ചേർന്ന് ഒരാഘോഷക്കൂട്ട് , സത്യമായും എനിക്കിഷ്ടമായി. പുതുപ്പെണ്ണുങ്ങൾ ഏറെക്കുറെ ഇങ്ങനൊക്കെത്തന്നെയാണ്. മുടിക്കെട്ടിൽ വല്ലാതെ മയക്കുന്ന ഗന്ധമുള്ള പിച്ചിപ്പൂക്കൾ, അതും പുതുമ ഒട്ടും പോവാതെ. എത്ര ശ്രദ്ധയോടെയാണെന്നോ  അയാൾ അവൾക്കൊപ്പം നടക്കുന്നത്! വിലമതിക്കാനാവാത്ത എന്തോ ഒന്നിനെ കൊണ്ടുപോകും പോലെ , അവളുടെ മുഖത്താവട്ടെ ഏതാണ്ട് ലോകം വെട്ടിപ്പിടിച്ച ഭാവവും. എത്ര നാളേക്കാണീ ഭാവങ്ങളെന്നോർത്തു  ചിരിയൂറി വന്നെങ്കിലും ഞാൻ ആസ്വദിക്കുകയായിരുന്നു ഇതെല്ലാം. ജീവിതത്തിൽ പിന്നൊരിക്കലും രാജ്യം വെട്ടിപ്പിടിച്ച തോന്നലോ, കോഹിനൂർ കൈയിലുള്ള ഭാവമോ ഉണ്ടായെന്നു വരില്ല. മുൻപ് കണ്ട കുഞ്ഞിന്റെ അമ്മയെപ്പോലെ അസ്വസ്ഥതകൾ വലിച്ചു നടക്കാനുള്ള  സാധ്യതയാണ് കൂടുതൽ!

അവളുടെ സ്ഥാനത്തു പഴയ എന്നെ ഒന്നോർത്തു നോക്കി. ഇങ്ങനൊരു ഭാവം മനസ്സിലെപ്പോഴെങ്കിലും തോന്നിയിരുന്നോ? ഓർമ്മയില്ല. ഇങ്ങനൊക്കെ ആണ് വേണ്ടിയിരുന്നതെന്നും തോന്നിയിരുന്നില്ല..പക്ഷെ ഇപ്പോഴതല്ല , ഇങ്ങനൊക്കെയാണ് വേണ്ടത്. ഇത്തരമൊരു തോന്നൽ എപ്പോഴെങ്കിലും ഉണ്ടാവേണ്ടതാണ്. ചില തിരിച്ചറിവുകൾ ഇല്ലാത്ത ദിനങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്. ചില മൗഢ്യങ്ങളുടെ മധുരം പുരട്ടിയ ഓർമ്മകളിൽ രാജകുമാരിയായി വാഴേണ്ടതുണ്ട്. താനെന്ന അച്ചുതണ്ടിൽ മറ്റെല്ലാം കറങ്ങുന്നു വെന്ന് കുറച്ചു സമയത്തേക്കെങ്കിലും ഭാവിക്കേണ്ടതുണ്ട്. സങ്കൽപ്പത്തിൽ മാത്രമല്ല യാഥാർഥ്യത്തിലും വേണ്ടേ അങ്ങിനെ ഒരു നാൾ?

അതുകൊണ്ടു പ്രിയപ്പെട്ട കൃഷ്ണാ ഞാൻ പുറകോട്ടുള്ള യാത്രയിലാണ്. കൈവിട്ടുപോയ പഴയ എന്നെ തേടി. "കൈയ്യോങ്ങേണ്ട , ഞാൻ തിരക്കിലാണ്."  ജീവിതം ഏറ്റവും ഊർജസ്വലത കാണിക്കുന്ന ഇന്നിന്റെ യൗവനത്തിലാവട്ടെ മൗഢ്യം വരിക ഏറെ കഷ്ടമാണ് . അത്യാവശ്യം ബുദ്ധിയും തിരിച്ചറിവുമൊക്കെ ഉണ്ടായിക്കഴിഞ്ഞാൽ വിഭ്രാന്തികൾ ഉണ്ടാവുന്ന പ്രശ്നമേയില്ല.

 കുഞ്ചൻ നമ്പ്യാർ പറഞ്ഞത്  "ലക്ഷം മാനുഷർ കൂടുമ്പോൾ അതിൽ ലക്ഷണമൊത്തവർ ഒന്നോ രണ്ടോ" എന്നല്ലേ?

ഒരു കൈനോക്കിയാലോ?






































No comments:

Post a Comment