അമ്മിണിയും സിനിമയും.....
എഴുതാനിരുന്നപ്പോള്‍ അമ്മിണിയുടെ ചിത്രം ആദ്യം വരയ്ക്കണമെന്നാണ് തോന്നിയത്. ചിത്രം വരച്ചു കൊണ്ടിരുന്നപ്പോള്‍ മനസ്സിലാകെ കൈതപ്പൂവിന്റെ ഗന്ധം നിറയും പോലെ.
അവധിക്കാലത്തെ സ്വാതന്ത്ര്യം വല്ലാത്ത സന്തോഷം തരുന്നതാണ്,പഠിക്കേണ്ട , പറമ്പിലും തൊടിയിലും ചുറ്റാം,ഒരുത്തരവാദിത്തവുമില്ല.ഇപ്പോഴത്തെ പോലെ അവധിക്കാലരസം കൊല്ലിയായ ഗൃഹപാഠം ഇല്ലേയില്ല.അങ്ങിനെയൊരു അവധിക്കാലത്തായിരുന്നു അരമതിലില്‍ നിന്ന് വീണ് കൈയ്യൊടിഞ്ഞത്. ഇരുന്നുണ്ണാനുള്ള പലകകള്‍ ഒന്നിന് മുകളില്‍ ഒന്നായി അരമതിലുമുകളില്‍ അടുക്കി ,അതിന്റെ മുകളില്‍ ഇരുന്നു വായിക്കുക എന്ന് പറഞ്ഞാല്‍ അഹമ്മതി തന്നെ! അതിന്റെ മുകളില്‍ നിന്ന് പൊത്തോന്ന് താഴെ വീണില്ലെങ്കിലെ അതിശയമുള്ളു.ഫലത്തില്‍ കളികള്‍ക്ക് നിയന്ത്രണം ! വായന മാത്രം.ഇടയ്ക്കു മാമ്പഴം പെറുക്കാന്‍ പോവാം,മാവിലെറിയുന്നവരുടെ അടുത്ത് നിന്ന് കൂടാ.ഇനി അതും കൂടി എങ്ങാനും തലയില്‍ വീണാല്‍!
ആ ദിവസങ്ങളിലെന്നോ ആണ് അടുത്ത പറമ്പിന്റെ അതിരിലെ ശബ്ദമായി അവള് എത്തിയത്. ഒരു കൈയില്‍ മാമ്പഴം, മറുകൈ പിന്നിലേക്കാക്കി മറച്ചിരുന്നു. രണ്ടു പറമ്പുകളുടെ അതിര് തിരിച്ചിരുന്നത് ഒരു തോടായിരുന്നു. തോടിനു കുറുകെയുള്ള തടിപ്പാലത്തിലൂടെ വന്നു എന്റെ ഒറ്റക്കൈയില്‍ മാമ്പഴം പിടിപ്പിക്കാന്‍ ശ്രമിച്ചു.
"കുഞ്ഞിനു വേദന കുറഞ്ഞോ?" ആദ്യത്തെ ചോദ്യം. "ഇപ്പൊ വേദനയൊന്നുമില്ല ,ഇനിയും ഒരാഴ്ചകഴിഞ്ഞാല്‍ വച്ചുകെട്ടു മാറ്റാം,"
"എന്റെ കൈയും ഒടിഞ്ഞു ",അവള് മറച്ചിരുന്ന കൈ കാണിച്ചു. വല്ലാതെ മുഷിഞ്ഞിരുന്നു ആ കെട്ട്,"ആഴ്ചയിലൊരിക്കല്‍ വൈദ്യരുടെ അടുത്ത് പോയി കെട്ടു മാറ്റിക്കെട്ടണം,മീനഭരണിക്ക് പോയപ്പോള്‍ ഉഴുന്താട വള്ളിയില്‍ തട്ടി വീണതാണ്.കുഞ്ഞു അരമതിലീന്നു വീണുല്ലേ ? അമ്മ പറഞ്ഞു."
തുല്യ ദുഖിതരായത് കൊണ്ടാവും എനിക്ക് അവളോട് ഇഷ്ടം തോന്നി.
മുടി നന്നായി മെടഞ്ഞു മടക്കി ചുവന്ന റിബ്ബന്‍ കെട്ടിയിരുന്നു. ഇരുനിറ മാണേങ്കിലും നല്ല മുഖം,നീട്ടിയെഴുതിയ കണ്ണുകള്‍, ചുവന്ന പൊട്ട്,നീളന്‍ ബ്ലൌസും അരപ്പാവാടയും. ആരും ഇഷ്ടപ്പെടുന്ന ചിരിയുള്ള മുഖം.
"ഇവിടുന്നു നോക്കിയാല്‍ എന്റെ വീട് കാണാം" ,അല്പം ദൂരെയുള്ള അവളുടെ വീട് ചൂണ്ടിക്കാണിച്ചു കൊണ്ട് അവള് പറഞ്ഞു. "കേളുവാശാന്റെ വീടിന്റെ അടുത്തുകൂടിയുള്ള വഴിയിലൂടെ വന്നാല്‍ മതി." പേരമ്മയുടെ വിളി ആ സംസാരത്തെ മുറിച്ചു ,നാളെ വരാമെന്ന് പറഞ്ഞ്അവള്‍ പോയി.
'ആരായിരുന്നു അവിടെ?കൊറേ നേരായല്ലോ മാഞ്ചുവട്ടിലേക്ക് പോയിട്ട്?" പേരമ്മയുടെ ചോദ്യമാണ് അവളുടെ പേര് ചോദിച്ചില്ലെന്ന് ഓര്‍മ്മിപ്പിച്ചത്. "അമ്മിണിയായിരിക്കും അല്ലാണ്ടാരാ അവിടെ വരാന്‍! വേലത്തിക്കുട്ട്യാ ,എല്ലാ കൊല്ലോം അവരല്ലേ ഇവിടെ വെള്ള പൂശണെ.നിയ്യ് കണ്ടിട്ടില്ലേ മുന്‍പ്?" ഓര്‍മ്മയില്‍ അങ്ങിനെയൊരു മുഖം വന്നില്ല ,ശാരദയും വാസുവും വന്നത് മാത്രേ കണ്ടിട്ടുള്ളു.
"ശാരദേടെ അനീത്ത്യാ,അധികായില്ല വന്നിട്ട്,അതാവും മുന്‍പ്കാണാഞ്ഞേ.പത്തുപതിന്നാല് വയസ്സുണ്ടാവും,ആരോ സ്വന്തക്കാര് മദ്രാസ്സില്‍ കൊണ്ടോവുംന്നാ പറയണെ." ബാക്കി അടക്കിപ്പിടിച്ച സ്വരത്തിലാണ് "സിലിമേല് ചേരാമ്പോവാണത്രേ , എന്താ കഥ! വിശ്വസിച്ചുവിടാന്‍ പറ്റ്വോ അങ്ങിനെയൊക്കെ! പഠിപ്പൂല്ല ,ആരാ എന്താന്നൊക്കെഎങ്ങനെയാ അറിയാ?പരിഷ്കാരല്ലേ ,നമ്മള് ചോദിച്ചാ ഒരാളെങ്കിലും രക്ഷ്പ്പെടെട്ടെ എന്നാ പറയണേ.നിയ്യ് ഇതൊന്നും ചോദിക്കാന്‍ നിക്കണ്ടട്ടോ."
ചോദിക്കരുതെന്ന് പറഞ്ഞാല്‍ ചോദിക്കണമെന്ന് തോന്നും, അതാ അതിന്റെ കുഴപ്പം.പിറ്റേന്ന് 6 വയസ്സുകാരിയുടെ കൌതുകം അത് തന്നെ ചോദിപ്പിച്ചു. അമ്മിണിക്ക് സന്തോഷായി,"കുഞ്ഞിനറിയുംന്ന കരുതിയേട്ടോ, ഞാന്‍ പോവാണ് മദ്രാസില്‍ വകയിലൊരു കുഞ്ഞമ്മയുണ്ട്.അവരു ശരിയാക്കും,ആദ്യം വടക്കെപ്പ്രത്തെ മുരളിയേട്ടന് കൊണ്ടോരണ മാസികെലാത്രേ എന്റെ പടങ്ങള്‍ വരുവാ.പിന്നെ സിനിമയിലെടുക്കും,കുഞ്ഞമ്മേം മക്കളുമൊക്കെ അതിലന്നെയാ." അമ്മിണി പറഞ്ഞു കൊണ്ടേയിരുന്നു,അമ്മിണിയോടൊപ്പം എന്റെ മനസ്സും പറന്നു.
ഒന്നു രണ്ടാഴ്ചത്തെ സൌഹൃദം അമ്മിണിയെ എന്നോട് വല്ലാതടുപ്പിച്ചു. അമ്മിനിക്കറിയാത്തതായി ഒന്നുമില്ലെന്നെനിക്ക് തോന്നി.കളരിത്തറ യുള്ള കേളുവാശാന്റെ വീട്ടിനു മുന്പിലെത്തിയാല് ഒരു പ്രാവശ്യം വട്ടം കറങ്ങണമെന്നും, അവിടെ ഇറമ്ബടിയില്‍ കത്തിക്കുന്ന ദീപത്തിലേക്ക് നോക്കി കൂടെന്നും അവള് പറഞ്ഞു. അല്ലെങ്കില്‍ കളരിയിലെ ഒഴിപ്പിച്ച ബാധകള്‍ നമ്മുടെ ദേഹത്തും കൂടുമത്രേ. കൈതമുള്ളുകള്‍ക്കിടയില്‍ നിന്നും അലമാരയില്‍ എന്റെതുണിക്കള്‍ക്കിടയില്‍ വയ്ക്കാന്‍ കൈതപ്പൂ പൊട്ടിച്ചു തന്നതും അവളായിരുന്നു. പിന്നീടുള്ള അവധിക്കാലങ്ങളില്‍ അവളെ കണ്ടില്ല. അവള് മദ്രാസ്സിനു പോയെന്നു പേരമ്മ പറഞ്ഞു.
4-5 വര്‍ഷം കഴിഞ്ഞുള്ള ഒരു വേനല്‍ സന്ധ്യയില്‍ എന്നെ അന്വേഷിച്ചു അമ്മിണി വീണ്ടും വന്നു."എന്നെ ഓര്‍മ്മയുണ്ടോ? കത്തെഴുതുമ്പോഴൊക്കെ കുഞ്ഞിനെ ഞാന്‍ ചോദിക്കാറുണ്ടുട്ടോ. കൈയൊക്കെ സുഖായോ?" ഞാന്‍ കൈയിലെ ഒടിവിനെ എപ്പോഴോ മറന്നിരുന്നു. അമ്മിണിയുടെ സാരിയും,അലുക്കുള്ള കമ്മലും,ലോലാക്കും , ഇത്തിരി തമിഴ് ചുവയുള്ള സംസാരവും കൌതുകത്തോടെ നോക്കുകയായിരുന്നു.അമ്മിണീടെ പഴയ ഭംഗിയൊക്കെ പോയോ?ഞാന്‍ സംശയിച്ചു.
ചോദിക്കാനായി മറ്റൊന്നും മനസ്സില്‍ വന്നില്ല. "അമ്മിണി ഇപ്പൊ സിനിമേലാ? മുരളിയേട്ടന്റെ വീട്ടിലെ മാസികയിലോക്കെ ഞാന്‍ നോക്കി, അമ്മിണീടെ പടം കണ്ടില്ല."
"അതിവിടെ വരില്ല ,അങ്ങ് മദ്രാസ്സിലെ വരൂ,ഞാന്‍ പോട്ടേ.പിന്നെ വരാട്ടോ "
കൂടുതലൊന്നും പറയാതെ അമ്മിണി പോയി.പലവട്ടം അന്വേഷിച്ചുവെങ്കിലും അമ്മിണിയെ പിന്നെ കണ്ടുമുട്ടിയില്ല.ഇപ്പൊ അമ്പതിനടുത്തു പ്രായമുണ്ടാവും അവര്‍ക്ക്.സിനിമയുടെ കാലം കഴിഞ്ഞു സീരിയലില്‍ എത്തീ ട്ടുണ്ടാവുമോ?ചിലപ്പോഴൊക്കെ തമിഴു സീരിയലുകളിലോന്നു ഓടിച്ചു നോക്കാറുണ്ട്,അമ്മായിയമ്മയായോ അമ്മൂമ്മയായോ ഒക്കെ അമ്മിണിയെ കാണുമോന്ന്. അതിലും കുറഞ്ഞ പ്രായത്തിലൊരു വേഷം ആലോചിക്കാന്‍ വയ്യ, ദുഷ്ടകഥാപാത്രങ്ങളെയൊക്കെ വിട്ടു,അതവര്‍ക്ക് ചേരില്ല,സൌമ്യമായ മുഖത്തിന് നന്മയെ ചേരൂ.പക്ഷെ ഇത് വരെ കണ്ടുപിടിക്കാനൊത്തിട്ടില്ല.അമ്മിണി വരും അല്ലേ ഒരു ദിവസം എന്റെ സീരിയല്‍ സായാഹ്നങ്ങളില്‍ ചെക്കേറാന്,എന്നിട്ട് വേണം മടുപ്പിക്കുന്ന ഒരു തുടരന് മുഴുവനായിട്ട് കാണാന്‍. :)

ഗൃഹാതുരതയുണ്ടാക്കുന്ന ഭാവവും ശൈലിയും.
ReplyDeleteപാവം അമ്മിണി!!!
ReplyDeleteഅമ്മിണി വരും തീർച്ചയായും
ReplyDelete