ഷ്ണമുഖപ്രിയയും മീനാക്ഷിയും
പ്രിയ നിര്‍ത്താതെ പറഞ്ഞു കൊണ്ടേയിരുന്നു.മധുരയെക്കുറിച്ച് മീനാക്ഷിയെ കുറിച്ച്, എന്നെ കൊതിപ്പിക്കാന്‍..ഇതൊരുപാട് വട്ടമായി ഈ കഥ പറച്ചില്‍..പക്ഷെ ഇന്ന് കഥ വേറെ വഴിക്കാണ്. ഒരു യാത്രയ്ക്കൊരുങ്ങിയാണ് പ്രിയയുടെ വരവ്. "ഇനി സമയം താമസിപ്പിക്കേണ്ട, ഇന്ന് വെള്ളിയാഴ്ച , അമ്മനെ വീട്ടില്‍ കൊണ്ടുവരാന്‍ ഇതിലും നല്ലൊരു നാള്‍ വേറെയില്ല." അണമുറിയാത്ത മധുരൈതമിഴിന്‍റെ പ്രവാഹം,. ഞാനതിലേക്ക് ഒഴുകി വീണുകൊണ്ടിരുന്നു.
" ഞങ്ങള്‍ മധുരക്കാര്‍ ഇങ്ങനെയാണ്,ഒരു കാര്യം നിനച്ചാല്‍ നടത്തിയിട്ടേയടങ്ങൂ. അക്ക ഇന്ന് വരാനൊഴിവു പറയാന്‍ ശ്രമിക്കേണ്ട .ഇന്ന് എവിടെയ്ക്കാണെന്നു പറയാതെ കൂട്ടിക്കൊണ്ടു പോകണമെന്നാണ് കരുതിയത്."
പ്രിയക്ക് വയസ്സ് ഇരുപത്തിയേഴു കഴിഞ്ഞു, ഒരു 8 വയസ്സുകാരന്റെ അമ്മയാണ് എന്നാലും കുട്ടിത്തം തീരെ മാറിയിട്ടില്ല.പരിചയപ്പെട്ടിട്ട് അധികമായില്ലെങ്കിലും വല്ലാത്തോരടുപ്പമായി.പ്രിയയുടെ സംസാരം ഏറെയും ചെന്നെത്തുക മധുരയിലാണ്,നൂറു വര്‍ഷങ്ങള്‍ക്കപ്പുറമാണ് അവരുടെ കുടുംബം ആന്ധ്രയിലെ കൃഷ്ണ നദിക്കരയില്‍ നിന്നും മധുരയിലേക്ക് താമസം മാറ്റിയത്.പിന്നീട് മധുരയും വൈഗ നദിയും വിട്ടു പോകാന്‍ അവര്‍ക്ക് തോന്നാതിരുന്നതിനാല്‍ അവിടെ തന്നെ കൂടി.മധുര അങ്ങിനെയാണ് ആരെയും ഭ്രമിപ്പിക്കും.
മധുര, മീനാക്ഷി ക്ക് സ്വന്തം ,വൈഗ പരമശിവന്‍ മധുരക്ക് നല്‍കിയ പുണ്യം. മീനാക്ഷിയെന്നു ഞാന്‍ പറയുമ്പോ ഴെല്ലാം പ്രിയ എന്നെ തിരുത്തും " മീനാട്ചി"യെന്ന് . കണ്ണുകളുടെ അഴകു മാത്രമല്ല ,ഇമ ചിമ്മാതേ മധുരയെ കാത്തവളാണ്, ആട്ചി നടത്തിയവളാണത്രേ മധുരൈ മീനാക്ഷി. മൂലോകവും കാല്ക്കീഴിലാക്കി കൈലാസത്തിലെത്തി ശിവഭൂതാഗണങ്ങളെ തോല്‍പ്പിച്ചു രണഭൂമിയില്‍ പരമശിവനെ തന്‍റെ അഴകും വീര്യവും കൊണ്ട് ഭ്രമിപ്പിച്ച മധുരമീനാക്ഷി. മധുരക്ക് മീനാക്ഷി കഴിഞ്ഞിട്ടേ സുന്ദരേശ്വരര്‍ ഉള്ളു.
"നോക്കു ഞാന്‍ പറയുന്നത് കളിയല്ല , ആത്തുക്കാരരെ ഞാന്‍ എങ്ങനെ വച്ചിരിക്കുന്നുവെന്ന് അക്ക കാണുന്നില്ലേ? നാടെല്ലാം നടുക്കുന്നവര്‍ എന്നോട് ചോദിക്കാതെ ഒന്നും ചെയ്യില്ല, അറിയുമോ? അങ്ങിനെ വേണം വീട്ടുകാരന്‍, കടവുളേ ഞാന്‍ ഇതെങ്ങിനെ അക്കയെ പറഞ്ഞു മനസ്സിലാക്കും? വഴി പറഞ്ഞു തന്നാല്‍ അക്കയ്ക്ക് അനുസരിക്കാനും വയ്യ. കൊഞ്ചം എന്നെ മാതിരി മാറിടുങ്കോ". അത് പറയുമ്പോള്‍ പ്രിയയുടെ മുഖത്തിത്തിരി നാണം, പിന്നെ മൊഴി തമിഴില്‍ നിന്നും തെലുങ്കിലേക്ക്. സംസാരത്തിന്റെ ഒഴുക്ക് കൂടുമ്പോള്‍ മാതൃഭാഷയിലേക്ക് മാറും. വല്ലാത്തൊരു നിഷ്കളങ്കതയുള്ള ആ ശബ്ദത്തിന്‍റെ ഇമ്പം പറ്റില്ലെന്ന് പറയാന്‍ എന്നെ ഒരിക്കലും അനുവദിക്കാറില്ല.
മീനാക്ഷിഅമ്മന്‍ പരമശിവനെ ഭ്രമിപ്പിച്ചതിതേ നാണം കൊണ്ടാണോ എന്തോ..എന്തായാലും എന്‍റെ നായരെ എന്‍റെ വരുതിയ്ക്ക് വരുത്തിയെ പറ്റു എന്നതാണ് പ്രിയയുടെ ഇപ്പോഴത്തെ ആവശ്യം,അതിനു ഞാന്‍ മധുരൈ മീനാക്ഷിയെ പ്രീതിപ്പെടുത്തണം. വെള്ളിയാഴ്ച അമ്മനെ പൂജാമുറിയില്‍ കുടിയിരുത്തി വ്രതം നോറ്റാല്‍ മതിയത്രേ. "വയ്യെന്ന് പറഞ്ഞാലോ?" എന്റെ ചിന്തകള്‍ക്കിടയിലും പ്രിയ മീനാ ക്ഷിയാവുന്നു,കണ്ണുകളിലും ചിരിയിലും എന്തിനു കൈയില്‍ പഞ്ചവര്‍ണ്ണക്കിളിയുടെ അലങ്കാരവുമായി സര്‍വാഭരണ വിഭൂഷിതയായി..
"PK" എന്ന ഹിന്ദിചിത്രത്തിന്റെ കഥ ഈ കൊച്ചിനെ മനസ്സിലാക്കിപ്പിക്കാന്‍ പാടാണ്. എന്നാലും ഒരു ശ്രമം നടത്താം.കഥ തുടങ്ങിയപ്പോള്‍ തന്നെ പ്രിയ കടിഞ്ഞാണില്‍ പിടിച്ചു." കടവുള്‍ ഇല്ലെയെന്തു സോല്ലത്താനെ ? വേണ്ട ." ആ ശ്രമത്തിനു വീണു പൂര്‍ണ്ണ വിരാമം. ഇനിയിപ്പോള്‍ വേറെ വഴിയൊന്നുമില്ല,വണ്ടിയില്‍ പ്രിയയോടോപ്പമേറുക, പോയി, മുപ്പത്തിമുക്കോടി ദൈവങ്ങളുടെയും ചിത്രങ്ങളുള്ള കടയില്‍ നിന്നും അമ്മനെ കൊണ്ടുവന്നു കുടിയിരുത്തുക. ഇനി പ്രിയ പറയുമ്പോലെ നായര്‍ ഞാനറിയാതെ വരുതിക്കാവുമോ? ശേഷം കഥ പിന്നാലെ...

നന്നിട്ടുണ്ട് ..വരയും എഴുത്തും .... മധുര മീനാക്ഷി ക്ഷേത്രം എത്രപോയാലും മടുപ്പിക്കാത്ത ഒരിടം ..ഒരിക്കൽ കൂടി അതിനെ കുറിച്ച് ഓർപ്പിച്ചു ഈ കുറിപ്പ് ...അഭിനന്ദനങ്ങൾ
ReplyDelete