തിരുവാതിരപ്പുഴുക്ക്..
സംശയിക്കേണ്ട , താഴെ കാണുന്ന ചിത്രത്തില്‍ ഉള്ള സംഭവം ഞാന്‍ തന്നെ ഉണ്ടാക്കിയതാണ്.അതിന്റെ പേരാണ് തിരുവാതിരപ്പുഴുക്ക്..
അങ്ങിനെ ഒരു തിരുവാതിര കൂടി കഴിഞ്ഞു. തിരുവാതിര കഴിഞ്ഞെന്തിനേ അതിനെ പറ്റി പറയുന്നത് എന്നല്ലേ? തിരുവാതിരയല്ലേ നാട്ടില്‍ പെണ്ണുങ്ങള്‍ക്കൊക്കെ ആഘോഷമല്ലേ എന്നൊക്കെ ഓര്‍ത്തു എല്ലാ വര്‍ഷവും ഇങ്ങനൊരു പാചകം ഞാന്‍ പതിവുണ്ട്.കൃത്യമായി പറഞ്ഞാല്‍ 18 വര്‍ഷമായി കലാപരിപാടി നടത്തിക്കൊണ്ടു വരുന്നു.നാട്ടില്‍ നിന്നകലെയായത് കൊണ്ട് ഒരിക്കലും, പുഴുക്കും കൊണ്ട് ആഘോഷം അവസാനിപ്പിക്കും.ഉറക്കമിളപ്പ് പൂര് ത്തിയാക്കാറുമില്ല. ഉറക്കമിളച്ചാലുമില്ലെന്കിലും പുഴുക്കിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയുമില്ല.എല്ലാ കിഴങ്ങുവര്‍ഗങ്ങളും ഒരു വിധത്തിലാണ് സാധാരണ ഒപ്പിക്കുന്നത്. ദോഷം പറയരുതല്ലോ തന്ജാവൂരില്‍ എല്ലാം കിട്ടും,കൂര്‍ക്കയും,കാച്ചിലും,ചെറുകിഴങ്ങും വരെ..അത് കൊണ്ട് ഇത്തവണ ആഘോഷായി തന്നെ പുഴുക്കുണ്ടാക്കി അയല്‍ക്കാര്‍ക്കും കൊടുക്കാംന്നു വച്ചു..
എന്നാലും തിരുവാതിര എന്നെ സങ്കടപ്പെടുത്തും. എല്ലാ വര്‍ഷവും ഇങ്ങനൊരു പാചകം നടത്തിയിട്ടും കഴിക്കാനെടുക്കുമ്പോള്‍ ഇതെന്താണ് എന്നൊരു ചോദ്യം നായരുടെ വക ഉറപ്പാണ്. ഇന്നലെയും അതേ ചോദ്യം, ഇത്തവണ ചോദ്യം അല്പം മാറി, ആവര്‍ത്തന വിരസത ഒഴിവാക്കാനാവും, "ഇതിലെന്താണ് ചേര്‍ത്തിരിക്കുന്നത്?" മകന്റെ സാമൂഹ്യപാഠം പരീക്ഷ എന്റെ സിരകളില്‍ കത്തി നില്‍ക്കുകയായിരുന്നത് കൊണ്ടും,സമയക്കുറവ് കൊണ്ടും വിശദമായ പാചകക്കുറിപ്പ് നല്കാനെനിക്ക് കഴിഞ്ഞില്ല.
ഉറക്കം വരാതിയിരിക്കാനായി ബാല്യത്തില്‍ കണ്ട തിരുവാതിരയുടെ ചിത്രങ്ങള്‍ ഒന്ന് തിരികെ വിളിച്ചു കിടന്നു.തിരുവാതിരകളിയും,കുമ്മിയടിയും,പാതിരപൂവു ചൂടലും ഒക്കെ എത്ര പെട്ടെന്നാണ് 30 വര്‍ഷത്തിനപ്പുറത്ത് നിന്ന് പറന്നെത്തുന്നത്.തറവാട്ടില്‍ അച്ഛന് പെങ്ങളുടെ പൂത്തിരുവാതിരയുടെ ചിത്രമാണ് ആദ്യമെത്തുക,എന്തായിരുന്നു ആഘോഷം !എവിടുന്നൊക്കെയാണ് , ആരൊക്കെയാണ് അന്ന് തിരുവാതിര കളിച്ചതെന്നു ഓര്‍മ്മയില്ല. വീരവിരാട കുമാര വിഭോ..ഇപ്പോഴുണ്ടോ ആവോ? പ്രായ ഭേദമില്ലാതെ എല്ലാരും ചുവടുകള്‍ വച്ചിരുന്നു.
ഒന്നോര്‍മ്മയുണ്ട്, പുഴയില്‍ കുളിക്കാന്‍ പോയപ്പോള്‍ പാതിരാ നേരത്തു കൊച്ചു കുട്ടികളെ കൂട്ടാന്‍ പാടില്ലെന്ന് മുത്തശ്ശി വിലക്കിയത്. തിരുവാതിര കളിക്കുന്ന കല്യാണപ്രായമായ പലരുടെയും കണ്ണുകളും മനസ്സുകളും വലം ചുറ്റുമ്പോള്‍ കാഴ്ചക്കാരില്‍ ഉടക്കുന്നതും കണ്ടു..ആ തിളക്കം തിരിച്ചറിയാന്‍പിന്നെയും ഒരു പാട് കാലം വേണ്ടി വന്നു..കളിച്ചോ ണ്ടിരിക്കുമ്പോള്‍ കാലു കടഞ്ഞാല്‍ കരുപ്പെട്ടിക്കാപ്പി.ആവി പറക്കുന്ന പുഴുക്കു.തിരുവാതിര തീര്‍ന്നപ്പോള്‍ മുത്തശ്ശിയോടു ചോദിച്ചു " എന്നാ ഇനി പൂത്തിരുവാതിര?" "അതിനു നീ വളര്‍ന്നു വലുതായി വരട്ടെ.അപ്പൊ കല്യാണോം കഴിപ്പിച്ചു ,ആക്കൊല്ലം തന്നേ വയ്ക്കാലോ."എന്റെ കല്യാണത്തിന് മുത്തശ്ശി ഉണ്ടായിരുന്നില്ല, അതോണ്ടാവും പൂത്തിരുവാതിരയും വച്ചില്ല .ഇനി വച്ചാല്‍ തന്നെ "അതെന്തു കുന്താ"ന്നു നായര്‍ ചോദിച്ചാല്‍ ഞാന്‍ ക്ലാസ്സ് എടുക്കണ്ടേ?
അടുത്ത കൊല്ലത്തെ കിടിലന്‍ ചോദ്യത്തിനായി കാത്തു കൊണ്ട് ഇക്കൊല്ലത്തെ തിരുവാതിരക്കു ബൈ..

തിരുവാതിരപ്പുഴുക്കിനു രുചി മാത്രമല്ല നർമ്മത്തിൻറെ അസാരം മേന്പൊടിയുമുണ്ട്
ReplyDeleteഅങ്ങനെ കല്യണവുംകഴിഞ്ഞു, തിരുവാതിരകളുമായി തഞ്ചവൂരുമെത്തി
ReplyDeleteനന്നായി പുഴുക്കു
നന്നായിട്ട്ണ്ട്.
ReplyDelete