രാമായണ വഴികൾ.
ജ്യേഷ്ടാ ഭഗവതിയെ പടിക്കുപുറത്താക്കി ശ്രീ ഭഗവതിയെ കുടിയിരുത്തി രാമായണം വായന ആരംഭിക്കുമ്പോൾ വറുതിയിലും , കർക്കടകക്കോളിലും , കാത്തോളാനുള്ള പ്രാർത്ഥന തന്നെ മുഖ്യം. ദക്ഷിണായന രാശിയിലാത്രേ സൂര്യൻ കർക്കടകത്തിൽ. ദക്ഷിണായനത്തിൽ ദേവന്മാരാണെങ്കിലോ നിദ്രയിലും, ആവലാതി പറഞ്ഞാൽ കേൾക്കാൻ ആരെങ്കിലും വേണ്ടേ? കർക്കിടക്കക്കറുപ്പിനെ പിന്നെ ഇത്തിരി വയസ്സായൊർക്കൊക്കെ പേടിയുമാണ്. സാക്ഷാൽ യമധർമ്മനെ സത്ക്കരിക്കാനൊന്നും ആരും മിനക്കെടില്ലല്ലോ. അപ്പോ പിന്നെ വ്രത ശുദ്ധിയോടും ,തെളിഞ്ഞ മനസ്സോടും കൂടി രാമനെ ഭജിക്ക്യാ, കഷ്ടപ്പാടു തീർത്ത് സമൃദ്ധിയുടെ പൊന്നിന്ചിങ്ങത്തെ വരവേൽക്കാൻ കാത്തിരിക്ക്യാ !
ഓർമ്മയുടെ പഴയ ഏടുകളിലൊന്നിൽ ഉമ്മറത്തെ സ്വർണ്ണനിറമുള്ള നെയ്ത്തിരി വെളിച്ചത്തിൽ ഇത്തിരി പണിപ്പെട്ടു രാമായണം വായിക്കുന്ന ഞാനുണ്ട്. ഒരുപാട് നേരമൊന്നുമില്ല വായന , മുത്തശ്ശിയുടെ വായനയുടെ ഇടവേളകളിൽ മാത്രം. അതുപോലെ വായിക്കാനൊന്നും പറ്റുകയുമില്ല. വായന മാത്രമല്ല ഇടയ്ക്കു കഥാസന്ദർഭങ്ങളിൽ മുത്തശ്ശനുമായി ചർച്ചയുമുണ്ടാവും. അപ്പൊ ശ്രീരാമനും ലക്ഷ്മണനുമൊക്കെ വെറും കഥാപാത്രങ്ങളാവും. സ്വതവേ സൗമ്യയായ മുത്തശ്ശി തനി വിപ്ലവകാരിയാവും. ശ്രീരാമനൊക്കെ പ്രതിക്കൂട്ടിൽ നിന്ന് വിയർക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. തനി മെയിൽഷോവനിസ്റ്റ് ആയ മുത്തശ്ശൻറെ മുന്നിൽ വിപ്ലവം കൊണ്ടൊക്കെ പിടിച്ചു നിൽക്കാൻ വലിയ പാടാണ് . ആരുടെയേലും പക്ഷം പിടിക്കാമെന്നു വച്ചാൽ അവര് രണ്ടു പേരും ഒന്നായിക്കളയും, അപ്പോ അങ്കം കാണുന്നത് തന്നെയല്ലേ നല്ലത് . ഉപേക്ഷിക്കപ്പെട്ട സീതയിൽ നിന്നും വാടാനിക്കാട്ടെ തങ്കത്തിന്റെ ഭർത്താവുപേക്ഷിച്ച മകളിലേക്കു പോലും ദൂരം എത്ര കുറവാണെന്നോ ? "ദാ" ന്നു പറഞ്ഞാലെത്തുന്ന ദൂരമേയുള്ളൂ. പുരാണത്തിലും ഇന്നും നടക്കുന്നതൊക്കെ ഒന്നാണെന്ന സത്യം ഞാനന്നു മനസ്സിലാക്കിയാണ്.
രാമായണം വായന രാമരാവണയുദ്ധത്തിലെത്തിക്കാൻ താൽപ്പര്യമില്ലാത്ത മുത്തശ്ശൻ ഇടയ്ക്കു കയറും " അതവിടെ നിൽക്കട്ടെ , മാരീചൻ വന്നിട്ടെന്തായി? നീ ബാക്കി വായിക്ക് . "
എല്ലാ വർഷവും രാമായണം മുടങ്ങാതെ വായിക്കുന്നതാണ്, എന്നിട്ടും മാരീചൻ എന്താ ചെയ്തത് എന്നറിയാഞ്ഞാണോ? ഈ മുത്തശ്ശനിതെന്താ? സംശയം ഞാൻ പുറത്തേക്കു കൊണ്ടുവന്നില്ല. സന്ദർഭം അറിഞ്ഞു വേണം സംശയ ദുരീകരണം . പക്ഷെ മുത്തശ്ശി അയയുന്ന മട്ടില്ല , " മാരീചൻ ഇന്നവിടെ നിൽക്കട്ടെ , രാവണൻ നാളെ വന്നാൽ മതി, അല്ല പിന്നെ ?" രാമായണവും അടച്ചു വച്ച് അടുക്കളയിലേക്കൊരു പോക്ക്!
മുത്തശ്ശിയോടാ കളി? കാഴ്ചയ്ക്കു മങ്ങലായതു കൊണ്ട് വായനക്ക് ജാമ്യമനുവദിച്ചിരിക്കുന്ന മുത്തശ്ശന് രാവണനെ പർണ്ണശാലക്കു പുറത്തു കാത്തു നിർത്തി ഒരു രാത്രി കഴിക്കേണ്ടി വന്നുവെന്നാണ് അന്നത്തെ കഥ..
രാമായണം കർക്കിടകത്തിൽ എല്ലാക്കൊല്ലവും മുടങ്ങാതെ ഞാനും വായിക്കാറുണ്ട്. പൂജാമുറിയിലെ വായനയുടെ ശബ്ദം കേട്ട് രണ്ടു കുഞ്ഞുകണ്ണുകൾ എത്തി നോക്കി, "'അമ്മ എന്താ വായിക്കണേ ?" അത് രാമായണം , ശ്രീരാമന്റെയും സീതയുടെയും കഥയാണ് മോനെ ", എന്ന് ഞാൻ.
" അതൊക്കെ എനിക്കറിയാം, കാർട്ടൂൺ ഉണ്ടല്ലോ, ഞാൻ കണ്ടിട്ടുണ്ട്."
കഥ മുഴുവൻ എന്റെ ആറു വയസ്സുകാരനറിയില്ലെന്നെനിക്കുറപ്പായിരുന്നു. "ശരിക്കും ഉള്ള കഥ കുട്ടന് 'അമ്മ പറഞ്ഞു തരാട്ടോ , ഉറങ്ങാൻ കിടക്കുമ്പോൾ !" ഇപ്പൊ രാമായണം രാത്രിയിൽ അവനു വേണ്ടി എന്റെ വാക്കുകളിലൂടെ, 'അമ്മ പണ്ട് പറഞ്ഞുതന്ന കഥകളുടെ പുനരാവർത്തനം .
പിന്നെ മുത്തശ്ശിയുടെ കൊച്ചുമോളല്ലേ ഞാൻ, മോൻ പറഞ്ഞാൽ കേട്ടില്ലെങ്കിൽ "ജടായു അവിടെ നിൽക്കട്ടെ , ആകാശത്തിൽ! രാവണൻ വാളുമായി സ്റ്റിൽ ,ബാക്കി നാളെ" എന്ന് പറഞ്ഞും കഥ നിർത്തും. പിണങ്ങാതെ അവൻ കാത്തിരിക്കുന്നുണ്ട് ഇപ്പോൾ! തലമുറകളിലൂടെ കഥകളുടെ തനിയാവർത്തനം!

