Friday, 1 July 2016




ഭഗവതിക്കൂട്ട് ..

         ധൃതിയിൽ ഒതുക്കുകൾ ഇറങ്ങി നടവഴിയിലേക്കു കടക്കുമ്പോൾ നന്നേ ഇരുട്ടിയിരുന്നു. പഴയകാലമല്ല പേടിക്കാനുള്ളതൊക്കെയുണ്ടെന്ന പിൻവിളി മനസ്സിൽ കയറിയതേയില്ല. ഭയം മനസ്സിലേക്കുള്ള  പടിവാതിലടച്ചെപ്പോഴോ പോയിക്കഴിഞ്ഞിരുന്നു/. ഇരുട്ടിലെ ആൾ രൂപങ്ങളെയും, രാക്ഷസക്കരങ്ങളെയും ഭയമില്ല. കരിയിലകൾക്കിടയിൽ നിന്നും എത്തിനോക്കുന്ന തൊട്ടാൽ വിഷമിറ്റുന്നവയെ എപ്പോഴോ ഭയത്തിൽ നിന്നും മുക്തരാക്കി . എന്റെ ഭയപ്പാട് നൽകിയ വിഷം അവരിൽ നിന്നും ഊറിയൊലിച്ചു മണ്ണിലേക്ക് ചേർന്നു.

ശാന്തം, ഇലയനക്കങ്ങൾക്കപ്പുറം ഇത്തിരിവെളിച്ചമിറ്റിക്കുന്ന മിന്നാമിനുങ്ങുകൾക്കുമകലെ കാവ്. ദീപാരാധനയും അത്താഴപ്പൂജയും കഴിഞ്ഞേയുള്ളൂ ഭഗവതിക്കുള്ള രക്ത പുഷ്‌പാഞ്‌ജലിയും ഗുരുതിയും. ഗുരുതിക്കു നിൽക്കാനാവില്ല, ഉഗ്രമൂർത്തിക്കു സ്ത്രീകൾ നിഷിദ്ധം. അതാ തീരെ മനസ്സിലാവാത്തെ,  ശക്തി സ്ത്രീയല്ലേ? അമ്മ്യാർആരോടാവോ , എപ്പോഴാവോ  സ്ത്രീകൾ എന്നെ കാണേണ്ടാന്നു പറഞ്ഞത്? രാത്രീല് പോട്ടെ, പകലും പറ്റില്യാല്ലോ. അഴിക്കകത്തൂന്ന് അങ്ങിനെ കാണാനും പറ്റില്ല..പണ്ട് കുട്ടിയായിരുന്നപ്പോൾ കണ്ട ഓർമ്മയേയുള്ളൂ. പത്തു വയസ്സു കഴിഞ്ഞാൽ പിന്നെ അകത്തേക്ക് വരവ് നിഷിദ്ധം. ആണുങ്ങൾക്കാവാം, അവർക്കു എപ്പോഴും കയറാം. ഭഗവതീടെ  മുഖോക്കെ എപ്പോഴോ മറന്നു. തേജസ്സുള്ള ആ മുഖം സ്ത്രീകൾ കണ്ടൂച്ചാൽ ദൃഷ്ടി ദോഷം വര്വോ ആവോ?..ഉത്സവക്കാലത്തു  കൂത്തു കാണാനും അഴികൾക്കിടയിലൂടെയേ പറ്റൂ. രാമചാക്യാർക്കെന്താ ഗമ! തൂണിനു മറഞ്ഞാവും ഏറിയ പങ്കും നിൽപ്പ്.  മിഴാവ് കൊട്ടണത് കേൾക്കാം അത്രേയുള്ളൂ. എന്നിട്ടും തൊഴീല് മുടക്കണില്ലാട്ടോ, കാണാത്തേനു  പരാതിയില്ലാതെ പരാതിപ്പെട്ടികളുമായി നടക്കല് മുടക്കമില്ലാതെ .. 

നട്ടുച്ചക്കും , അസമയത്തും , ചൊവ്വയും, വെള്ളിയും ഒന്നും ഭഗവതിക്കരികിലേക്കു പോവണ്ടാന്നാ  പണ്ട് മുതൽ കേട്ടു പഠിച്ചത്. ഉഗ്രമൂർത്തിക്കു മുന്നിൽ ചെന്നു പെട്ടുകൂടാ എന്ന്‌ . അതിനു പുറകെ കുറെ കഥയും, പണ്ട് കണ്ടോർക്കെന്താ പറ്റിയതെന്ന്! ചിലരെ വാള്കൊണ്ടു വെട്ടീത്രെ.  പിന്നെ അങ്ങിനെ തന്നെ ജീവൻ പോയീന്നു! വെറുതേയാ . മനുഷ്യരാച്ചാൽ വെട്ടും കൊല്ലും..വേണ്ടാതീനമോക്കേം ചെയ്യും..ഭഗവതി അങ്ങിനെ ചെയ്യോ? നട്ടുച്ചക്ക് മുടി വിടർത്തിക്കൊണ്ടു കൂത്തമ്പലത്തിന്റെ നടക്കൽ ഒരിക്കൽ ഇരുന്നത് ഞാനും കണ്ടതാ..പക്ഷെ അതു പറയുമ്പഴേക്കും പേരമ്മ വായ്‌പൊത്തീല്ലേ ? മുഖം കണ്ടില്ലെന്നേയുള്ളൂ, ചുവപ്പു ചേലയൊക്കെ ചുറ്റി, മുടിയഴിച്ചിട്ട് ..

  കൂത്തമ്പലത്തിനുള്ളിൽ തന്നെ ഇരുന്നിട്ടെന്തിനാ? പറയാച്ചാൽ പെണ്ണുങ്ങളെ അല്ലെ കാണേണ്ടത്? ഭഗവതിയോടു സങ്കടം പറയാൻ വരണത്  ഏറെയും അവരല്ലേ, അപ്പൊ അവരോടു മുഖം തിരിഞ്ഞു നിൽക്കുവോ ആരേലും? ഒരുപാട് നാളായുള്ള സംശയങ്ങളാണേയ് , പേടിച്ചിട്ടാ ചോദിക്കാഞ്ഞെ, ഇപ്പൊ പേടിയില്ല , ഇത്തിരി ഭദ്രകാളിച്ചോപ്പ്  ഇങ്ങട്ടും കിട്ടീട്ടുണ്ടേ , എന്ന്വച്ച്‌ ദാരികനിഗ്രഹോന്നൂല്ല. പറഞ്ഞു വന്നതെന്താച്ചാൽ  പുറമേക്കാരായി നിൽക്കണ ഞങ്ങൾക്കും ഒന്നു കണ്ടാൽ കൊള്ളാന്നുണ്ട്. നേരിൽ കണ്ടു ഇത്തിരി വിശേഷോക്കെ പറഞ്ഞു കേട്ട്  തിരിച്ചു പൊയ്ക്കോ ഇരിപ്പിടത്തിലേക്ക്..ഓരോ പെണ്ണുടലിലും  
അനുഗ്രഹത്തിന്റെ തെച്ചിപ്പൂവും കുങ്കുമവും വിതറി തട്ടകത്തിലേക്കു കയറൂ, ഭയക്കാതെ, തളരാതെ  ജന്മശാപവിലാപങ്ങളിൽ ജീവിതമെരിക്കാതെ ദുർഗയായി നീ അവരെ ഉയിർപ്പിക്കൂ..














No comments:

Post a Comment