സ്വപ്നത്തിലെത്തുന്നത് ശക്‌തിയാണ് , പരമശിവന്റെ നേർപാതി..സർവ്വസിദ്ധിപ്രദായനി.."യാ ദേവീ സർവ ഭൂതേഷു ശക്തി രൂപേണ സംസ്ഥിതാ" ...സുഷുമ്നാനാഡിയുടെ തുഞ്ചത്തുനിന്നും മിന്നൽപ്പിണർ പോലെ ശിരസ്സിലേക്കൊരു അമൃത പ്രവാഹം..ശക്തിയാണെല്ലാം,ഓരോ ചരാചരങ്ങളിലും നിറയുന്ന അമര ചൈതന്യം. സ്വപ്നം അഘോരികൾക്കൊപ്പം..ചുവന്ന വസ്ത്രങ്ങൾ , പൂക്കൾ ,കനത്ത രുദ്രാക്ഷങ്ങൾ, സ്പടിക മാലകൾ ,ചുവന്ന കുങ്കുമം , എവിടെയൊക്കെയോ തെറിച്ചു വീണ ബലിക്കല്ലിലെ ചുടു നിണം..യോഗമായ ഉയർത്തുകയായിരുന്നു.മറ്റൊരു ശക്തിയാക്കാൻ..
കാമാഖ്യ ക്ഷേത്രത്തെക്കുറിച്ചു ഒരുപാട് വായിച്ചറിഞ്ഞായിരുന്നു യാത്ര. താന്ത്രിക ജ്ഞാനത്തിന്റെയും സന്യാസദീക്ഷകളുടെയും ഈറ്റില്ലം ,നിഗൂഢതയുറങ്ങുന്ന സർവ്വാഭീഷ്ട പ്രദായിനിയുടെ ശക്തിപീഠം. നീലാചലത്തിൽ വസിക്കുന്ന ദേവിക്കു ബ്രഹ്മപുത്ര നദിയാണ് അലങ്കാരം. കാമാഖ്യയുടെ ഭാവങ്ങൾ തന്നിലേക്കാവാഹിക്കുന്ന, വർഷത്തിലൊരിക്കൽ കാമാഖ്യ ചുവപ്പിക്കുന്ന ബ്രഹ്മപുത്ര . ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടുകൾ കയറുമ്പോൾ ഇരുവശത്തുമുള്ള കടകളിൽ പലനിറത്തിലുള്ള മാലകൾ..പളുങ്കും, മുത്തുകളും, രുദ്രാക്ഷവും. പൂമാലകൾ , പൂജ സാമഗ്രികൾ എന്നിവയുടെ കടകളിൽ പതിവ് പൂജാപുഷ്പങ്ങൾ കണ്ടില്ല. അവിടെ ബന്ദിയും , ചെമ്പരത്തിയും , നീലക്കോളാമ്പിയും ഇടം പിടിച്ചിരുന്നു. ചെമ്പരത്തിമാല വാങ്ങിയത് പൂജക്കല്ല കഴുത്തിലണിയാനാണെന്നു കണ്ടപ്പോഴാണ് അത്ഭുതം തോന്നിയത്. മാലയണിഞ്ഞു കുങ്കുമം തൊട്ട് പൂജക്കുള്ള താലവുമായി അമ്പലത്തിലേക്ക് നടക്കുന്നവരെ കൗതുകത്തോടെയാണ് ആദ്യം നോക്കിയത്. പടവുകൾ കയറി ക്ഷേത്രത്തിലെത്തിയപ്പോഴേക്കും കൗതുകം മറ്റൊരു ഭാവത്തിനു വഴിമാറിയിരുന്നു. ചുവപ്പിൽ കുളിച്ച മതിൽക്കകം , ഢോലിന്റെ താളത്തിനൊപ്പിച്ചു നൃത്തചുവടു വയ്ക്കുന്ന ചുവന്നവസ്ത്രം ധരിച്ച ഭക്തർ, സന്യാസികളും, സാധാരണക്കാരും,അവരുടെ നടുവിൽ അറിയാതെ താളക്രമത്തിലേക്കു വീണുപോകുമെന്ന തിരിച്ചറിവിൽ ഞാൻ. ശക്തി അങ്ങിനെയാണ്, അടുക്കുന്നതെന്തിനെയും ചുവപ്പിക്കും, തന്നിലേക്കാവാഹിക്കാൻ,തന്റെ കരുത്തു നൽകാൻ.
അഞ്ചാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം നടന്നിട്ടുണ്ടാവുക എന്നു പറയപ്പെടുന്നു, സമുദ്രഗുപ്‌തൻറെ ചില രേഖകളിൽ അങ്ങിനെ കാണുന്നുണ്ട്. ഗുപ്‌തന്മാരുടെ ശില്പകലാ രീതിയാണ് കൂടുതലും ഇവിടെ കാണാനാവുന്നത് . ക്ഷേത്ര വിമാനം തേനറയുടെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഗർഭഗൃഹത്തിൽ വിഗ്രഹപ്രതിഷ്ഠയില്ല , ശക്തി സൂചകമായി യോനി ആലേഖനം ചെയ്ത നീരുറവയാൽ നനഞ്ഞു കൊണ്ടിരിക്കുന്ന ഒരു ശില മാത്രം. സൗഭാഗ്യ കുണ്ഡത്തിൽ ശുദ്ധിവരുത്തി ക്ഷേത്രദർശനത്തിനൊരുങ്ങുന്ന വിശ്വാസികൾക്ക് ഗർഭഗൃഹത്തിലേക്കുള്ള ഓരോ വാതായനവും ഓരോ പടിവാതിലുകളാണ്,ആദ്യത്തേത് സൗഭാഗ്യത്തിലേക്കും, രണ്ടാമത്തേത് മോക്ഷപ്രാപ്തിയിലേക്കും .
ക്ഷേത്രത്തിനുള്ളിൽ പൂജകൾ കനത്ത മന്ത്രോച്ചാരണങ്ങളോടെ നടന്നുകൊണ്ടിരുന്നു, ചുവപ്പു കുങ്കുമം തൊട്ട പ്രാവുകളും, ആട്ടിൻ കുട്ടികളും പലരുടെയും മടിയിൽ..ബലിക്കാവുമോ എന്നു ഭയന്നു. പക്ഷെ അതു ദാനമാണത്രെ , ബലി നൽകാൻ ഇഷ്ടമില്ലാത്തവർക്കുള്ള പൂജ. ബലി നൽകുന്ന ഇടമറിയാതെ നടന്നപ്പോൾ മൂർച്ചയേറിയ വാൾ ഉയരുന്നത് കാണേണ്ടിവന്നു .എന്തു കാഴ്ചക്കുള്ളിൽ എത്തരുതെന്നു നിനയ്ക്കുന്നുവോ അതു കാണാനുള്ള യോഗമാണ് നമുക്കുണ്ടാവുക, അതാവട്ടെ കാഴ്ചയിലൂടെയല്ലാതെ ഗന്ധത്തിലൂടെ തലച്ചോറിലേക്ക് ഇരച്ചുകയറി.
പുറത്തിറങ്ങി ഗർഭ ഗൃഹത്തിന്റെ പിന്നിലെ പടിയിൽ ശക്തിയുടെ അനുഗ്രഹത്തിനായി നെറ്റി ചേർത്തു , പുറത്തു ആഗ്രഹനിവൃത്തിക്കായി കെട്ടിയ വലിയ മണികളുടെ കൂട്ടം, മണികളുടെ ശബ്ദം ഉച്ചസ്ഥായിയിൽ..ഒരു നിമിഷം ശക്തിയിലേക്ക് , ഇനിയൊരു മടക്കം വേണ്ട ..
No comments:
Post a Comment