മറവിക്കൊരു മരുന്നുകൂട്ട് , മഹേശ്വരിയുടെ പാഠങ്ങൾ .
ഉമാമഹേശ്വരിയുടെ വരവ് കാണുമ്പോഴറിയാം നല്ല സന്തോഷത്തിലാണെന്ന്! നിറഞ്ഞ ചിരിയും ഒരു വിശേഷം പറച്ചിലും! കഴിഞ്ഞ ഒരാഴ്ചയായി അവളുടെ "സേവൽ " പോയതിന്റെ സങ്കടത്തിലായിരുന്നു.തെളിഞ്ഞ മുഖം കണ്ടപ്പോഴേ ഞാനുറപ്പിച്ചു അതിനെ തിരിച്ചു കിട്ടിക്കാണുമെന്ന് . "എന്നുടെ സേവൽ തിരികെ വന്താച് അക്കാ , " കഥയിലെ താരം "സേവൽ" എന്നാൽ പൂവൻ കോഴി . പൊരുന്നവച്ചു വിരിയിച്ചത്രയും പിടക്കോഴി, ഒടുവിൽ വിരിഞ്ഞതാണീ പൂവൻ, പിന്നെ ഇഷ്ടമില്ലാതിരിക്കുമോ?
അവൾ പാത്രം കഴുകുമ്പോഴും തുണിയലക്കുമ്പോഴുമൊക്കെ പിന്നാലെ ചുറ്റിത്തിരിഞ്ഞിരുന്നതാണ്, അതിരിലെ വേലിയോ കടമ്പയോ താണ്ടി എങ്ങും പോയിട്ടേയില്ല ഇതു വരെ. സന്ധ്യക്ക് കൂട്ടിലാക്കാൻ നോക്കുമ്പോൾ പൂവനെ കാണാനില്ല. ആരെങ്കിലും പിടിച്ചു കൊണ്ടു പോയതാവാനേ വഴിയുള്ളൂ. അടുത്തുള്ള മാരിയമ്മൻ കോവിലിൽ അവളുടെ അപ്പാവുക്ക് "തീമിതി " ( നേർച്ചയായി കനലിലൂടെയുള്ള നടത്തം)ക്കു സമയമായി വരുന്നു. അപ്പൊ മാരിയമ്മന് കൊടുക്കാൻ വച്ചിരുന്നതാണിവനെ. അവിടെയാവുമ്പോൾ ആരേലും കൊന്നുവെന്ന് സങ്കടം തോന്നേണ്ട, ലേലത്തിൽ പിടിച്ചോളും. പക്ഷെ ഇതിനൊന്നും ഇടംവയ്ക്കാതെയാണ് പൂവനെ കാണാതായിരിക്കുന്നത്. "തൂങ്കുമ്പോത് കൂടെ അവൻ സെത്തം വരുത് അക്കാ" എന്നായിരുന്നു അവളുടെ സങ്കടം. അപ്പോഴും ഞാൻ പറഞ്ഞതാണ് അത് തിരിച്ചെത്തിക്കോളുമെന്ന്, അത്രയ്ക്കും ഇഷ്ടമുള്ളതൊന്നും അങ്ങിനെ വിട്ടുപോവില്ലെന്നൊരു തോന്നൽ . ഇതിപ്പോ തിരിച്ചു കിട്ടീലോ , സന്തോഷം.
" അക്കാ ഉങ്കളുക്കു ഒരു വിഷയം തെരി യുമാ? സേവൽ തിരുമ്പി വന്താച്ചു് സരി താൻ , ആനാൽ അതോടെ തലയിൽ സുത്തമാ മുടിയും തൂവലും കിടയാത് ! യാരോ അപ്പിടി ദ്രോഹം സെഞ്ചിറിക്കാങ്കെ !"
" മഹേശ്വരി , നീ വെറുതെ അതുമിതും സൊല്ലാതെ. വെളിയേ പോയി വേറെ പൂവനോടു ശണ്ഠ പോട്ടിരുക്കും അത്, " എന്നായി ഞാൻ.
"അല്ലക്കാ , ആളുങ്കൾ സെയ്‌വാര് , തലയിലെ മുടിയെല്ലാം പിച്ചി വിട്ട് അന്ത മുടിയെ പിടിച്ചു നെരുപ്പുക്കു സുറ്ററും നടന്നു നെരുപ്പില് പൊട്ടിട്ടേന്നാൽ സേവൽ പോയതെല്ലാം മറന്നു പോയിടും , പഴയ വീടും യജമാനരെയും എല്ലാം !"
അത് പുതിയ അറിവാണ് , മറക്കാനൊരു മരുന്ന്. ഉൾഗ്രാമങ്ങളിൽ നടന്നു വരുന്ന "സെയ്‍വിന"കളിൽ ഒന്ന് . പക്ഷികൾക്കു മാത്രമല്ല മറക്കാനുള്ള മരുന്ന് വേണ്ടത് , മനുഷ്യർക്കും വേണം, ഭൂതകാലത്തെ, മുഷിഞ്ഞ ഓർമ്മകളെ കാറ്റു പോലും കടക്കാത്ത ഒരു ഭരണിയിലടച്ചു ദൂരെക്കളയാൻ ! ഇപ്പോഴത്തെ യജമാനന്മാരെയും, ബന്ധങ്ങളെയും, ഉള്ളു പോറിച്ച സങ്കടങ്ങളെയും മഷിത്തണ്ടുകൊണ്ടു മായ്ച്ചു കളഞ്ഞു പുതിയ സ്ലേറ്റുമായി ജീവിതത്തിന്റെ പുതിയ പള്ളിക്കൂടത്തിലേക്ക് ! അനുഭവങ്ങൾ ഇനി ഒന്നിൽ നിന്നു വീണ്ടും തുടങ്ങാൻ !

No comments:
Post a Comment