Tuesday, 27 September 2016





വിരുന്ന് ..

അടുക്കള ജനാലയുടെ വെളിയിൽ  അയല്പക്കത്തെ വാഴ കാണാം ..കദളി വാഴയൊന്നുമല്ല , നമ്മുടെ സാധാരണ പാളയംതോടൻ , വാഴയോടത്ര ഇഷ്ടമൊന്നുമില്ല  , ജനാല തുറന്നാലുള്ള  എന്റെ ആകാശക്കാഴ്ച മറയ്ക്കുന്നതിലുള്ള നീരസവുമുണ്ട്. പിന്നെ അണ്ണാറക്കണ്ണനും , ഒരു കുറുമ്പൻ പൂച്ചയും ഒക്കെ വിരുന്നു വരുന്നതാണല്ലോ എന്നോർത്ത് ക്ഷമിക്കുന്നതാണ്.

 "കദളിവാഴക്കൈയ്യിലിരുന്ന് കാക്കയിന്നു..." എന്നോർമ്മിപ്പിക്കാനായി കാക്ക വെറുതേ  വന്നതാണെങ്കിൽ ഞാൻ പൊറുത്തേനെ..ഇതതല്ല  വല്ലാത്തൊരു വിരുന്നു വിളി, ഇന്നെക്കിപ്പോ ദിവസം രണ്ടായിരിക്കിണു , എന്റെ കണ്ണുകൊണ്ടുള്ള കഥകളി ഇഷ്ടാവുന്നില്ലെന്നവളുടെ നോട്ടത്തിൽ നിന്ന് നന്നായറിയുവേം ചെയ്യാം..സംശയിക്കേണ്ട, വർഗ്ഗം പെണ്ണ് തന്നെ , അറിയാലോ, ആണായാൽ ഇത്ര കടുകട്ടി നോട്ടമൊന്നുമുണ്ടാവില്ലെന്നേ..

"ഈ വിരുന്നു വിളിക്കു പിന്നിൽ ശരിക്കും എന്തേലും  കാര്യമുണ്ടേൽ ൻറെ ഭഗവതീ കഴിഞ്ഞു! അച്ചട്ടാവ്വോ അങ്ങേരു പറഞ്ഞത്? " ഓണത്തിന് നാട്ടിൽ പോയപ്പോൾ വഴീല് വച്ചു വെറുതേ കണ്ടയാൾക്കിതല്ലാതെ വേറെ ഒന്നും പറയാൻ കിട്ടീല്ലല്ലോ. വല്ലാത്തൊരു സ്വൈര്യക്കേടായല്ലോ ഇത്..പ്പെന്താ ഒരു വഴി? കണ്ണടച്ചു ശ്വാസം അകത്തേക്ക് , നല്ല ശ്രദ്ധയോടെ , സംഗതി പ്രാണായാമത്തിലെ ഒരു പൊടിക്കൈയാണ് , നടക്കുവോന്നു നോക്കട്ടെ.. "ദിപ്പോ പിന്നേം കഷ്ടായീലോ , ഏകാഗ്രത കൂടുമ്പോ അങ്ങേരു ദാ വരണൂ മുന്നിൽ , അതും നല്ല തെളിച്ചത്തിൽ..വെളുത്ത മുണ്ടും ഷർട്ടും , ഇത്തിരി നരച്ച മുടി , കണ്ടാൽ അന്പതോ ,അറുപതോ ? " ഈശ്വരാ  പിന്നെയും പോയല്ലോ അയാളിലേക്കു തന്നെ! ഞാൻ മായ്ക്കാൻ പോയതല്ലേ കഷ്ട്ടപ്പെട്ടു ശ്വാസോം വലിച്ച് .

മറൈൻ ഡ്രൈവിൽ പാർക്കിംഗ് കിട്ടുക , കിട്ടിയാൽ തന്നെ തിക്കി ഞെരുക്കി വണ്ടി പാർക്ക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ തന്നെ സർക്കസ് പഠിക്കാൻ ദക്ഷിണ വച്ചൂന്നാ, നമ്മളത്ര വളർന്നിട്ടൂല്ല . ഉത്രാടത്തിന്റന്നായാലോ തിരക്ക് പറയേം വേണ്ട. അങ്ങിനെ സർക്കസ് ചെയ്തോണ്ടിരുന്നപ്പഴാ അങ്ങേരെ കണ്ടത് ,അത്യാവശ്യം സഹായിക്കയേം ചെയ്തു.  നല്ല പരിചിത ഭാവം, സാധാരണ മലയാളികൾക്കിപ്പോ കാണാത്ത ഒരു പ്രസന്നഭാവോം,കുറ്റം പറയാനില്ലാത്ത നോട്ടം . പുറത്തിറങ്ങി വണ്ടി ലോക്ക് ചെയ്തപ്പോഴേക്കും അയാൾ നടന്നടുത്തെത്തി . മുഖത്ത് മാത്രല്ല കണ്ണിലൂണ്ട് ചിരി. നല്ല ഐശ്വര്യമുള്ള മുഖം ,കൈയിൽ ചെറിയൊരു ബാഗ്, പാർക്കിംഗ് ഫീസ് പിരിക്കാനാവും ..തീർച്ചയായും മറുചിരി കൊടുത്തേ പറ്റൂ. പക്ഷെ അയാൾ പാർക്കിംഗ് ഫീസ് വാങ്ങിയില്ല .അപ്പൊ വണ്ടിയിടാനുള്ള സഹായം ഫ്രീ ആയിരുന്നോ?

" ഞാൻ ഒരു കാര്യം പറയട്ടെ ?" തികച്ചും അപ്രതീക്ഷിതമായിരുന്നു അയാളുടെ ചോദ്യം.
" കുഴപ്പായോ ഭഗവതീ , വലയ്ക്കുവോ ന്നെ ? " ചിരിച്ചതബദ്ധായീന്നൊരു ഭാവം മുഖത്തു വന്നു കഴിഞ്ഞൂലോ , എന്താപ്പോ ചെയ്യാ.എന്തും വരട്ടെ , ന്താ കാര്യംന്നറിയാലോ . അപരിചിതരോടുള്ള സമീപനം ഉടനെ റിവ്യൂ ചെയ്യണമെന്ന് മനസ്സിലുറപ്പിച്ചു.

" ചോദിച്ചോളൂ , ന്താ  വേണ്ടേ ?" ഉദാരമനസ്കയായി എന്നൊരു ഭാവം മുഖത്തു മാറ്റിയൊട്ടിച്ചു. കൂടി വന്നാൽ ഒരു ഓണം ബമ്പർ അല്ലെങ്കിൽ സംഭാവന , അത്രയേ അപ്പോൾ മനസ്സിൽ വന്നുള്ളൂ. പക്ഷെ അയാളെ കണ്ടിട്ട് ഒന്നുമങ്ങോട്ടു ഊഹിക്കാൻ കഴിയുന്നുമില്ല .

 "എനിക്ക് പണമൊന്നും തരേണ്ട ,ഫ്രീ ആയി രണ്ടു കാര്യം പറഞ്ഞു തരാം , അത് കഴിഞ്ഞിട്ട് ഇഷ്ടമുണ്ടെങ്കിൽ ബാക്കി പറയാം !" എന്നായി  അയാൾ..അപ്പഴാണ് കൈയാളുടെ കണ്ണിലെ വലിയ ഭൂതക്കണ്ണാടി ഞാൻ കണ്ടത്. ഫ്രീ എന്ന് കേട്ടാലേ ഇഷ്ടം കാണിക്കുന്ന സ്ത്രീ മനഃശാസ്ത്രം  ആണ് കൈയിൽ തുറുപ്പുചീട്ട് . പിന്നെ ഭാവിയറിയാനുള്ള ആകാംക്ഷയില്ലാത്ത ഏതു സ്ത്രീജന്മം ?

" കേട്ടിട്ട് ഇഷ്ടമാവുന്നോ എന്ന് നോക്ക് കുഞ്ഞേ , എന്നിട്ടു ബാക്കി !" കുഞ്ഞേ എന്ന് വിളിച്ചതിന്റെ സന്തോഷം മുഖത്തു വരുത്തിക്കൊണ്ട് തന്നെ പറഞ്ഞു
" വേണ്ടാ , ഒന്നും പറയേണ്ട , വരുന്നത് വരുന്നിടത്ത് കാണുന്ന രീതിയാണെന്റേത് , അതുമല്ല ഫ്രീയായിട്ടൊന്നും വേണ്ട ."

അയാൾക്ക് വിടാനുദ്ദേശ്യമില്ല , " മഹാലക്ഷ്മി തന്നെ, എന്നാലും സ്ത്രീയായി ജനിക്കേണ്ടവൾ അല്ല , നല്ല കരുത്തുള്ള പുരുഷന് സമമായ ധൈര്യം ! എന്താ ശരിയല്ലേ?"

ഇനി വിട്ടാൽ ശരിയാവില്ല , ഒരു ചെറിയ ക്ലാസ് കൊടുക്കാണ്ട് വയ്യ , " അതേ , ഇനിയൊന്നും പറയേണ്ടാട്ടോ , ഇപ്പൊ പറഞ്ഞത് എന്നെ കണ്ടിട്ടല്ലേ ? ഈ കാൽസറായിയും ലുക്കുമൊക്കെയേയുള്ളൂ , ജന്മം സ്ത്രീ തന്നെ, ഒരു സംശയോമില്ല , രണ്ടു കുട്ട്യോളുമുണ്ട്, ഇനീപ്പൊ പുരുഷനൊപ്പെത്താനുള്ള ആശയൊന്നുമില്ലേനും. എടങ്ങേറാക്കല്ലേ ! അപ്പൊ ബൈ !"

അല്ലെങ്കിലും കൈനോട്ടക്കാരോക്കെ ഇങ്ങനെതന്യാ , ആകെ മൊത്തം ലക്ഷണം നോക്കും. വേഷം, നടത്തം, മുഖഭാവം. എന്നെ കണ്ടപ്പോഴേ പാതി കണക്കു കൂട്ടിയിട്ടാവും പ്രവചനം , ഒട്ടു മിക്ക സ്ത്രീകൾക്കും ജീവിതത്തിൽ എപ്പഴെങ്കിലും പുരുഷനായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടാവും എന്ന് തീർച്ച. അതോണ്ട് വേഗത്തിൽ നടന്നു സ്ഥലം കാലിയാക്കുന്നതാണ് ബുദ്ധി. 

നല്ല വേഗത്തിൽ നടക്കുന്ന എനിക്കൊപ്പം എത്തീട്ടാ അങ്ങേരു രണ്ടാമത്തെ ബോംബിട്ടത് , " തമാശയല്ല , നിങ്ങളുടെ വീട്ടിൽ അടുത്തായി എത്തും ഒരു വിരുന്ന് , നോക്കിക്കോ ജീവിതം മാറ്റിമറിക്കും അത് !" ഒന്ന് ഞെട്ടിയെങ്കിലും
അതപ്പഴേ  മനസ്സീന്നു കളഞ്ഞതാ , എന്നിട്ടോ? കാക്കയെ  കാണാത്ത ഇവിടെ എന്റെ അടുക്കള ജനലിൽ, അതും വാഴക്കൈയിൽ ഇരുന്ന് കള്ളനോട്ടവുമായി ഒരു കറുകറുമ്പി  വിരുന്നു വിളിക്കുന്നു..

മനസ്സമാധാനത്തിന്റെ  ഹോൾസെയിൽ ഡീലർ എവിടെയാണാവോ?











































Wednesday, 21 September 2016






എനിക്ക് കാവേരിയുടെ രാഷ്ട്രീയം അറിയില്ല..
പടലപ്പോരുകളുടെ സമവാക്യങ്ങളുമറിയില്ല , അത്ര കണ്ടു മനസ്സ് വളർന്നിട്ടില്ലാത്തതു കൊണ്ടാവും. ജലം മനസ്സുകളെ വല്ലാതെ മുറിപ്പെടുത്തുന്നു  ഈയിടെയായി..ഭൂമിയുടെ പങ്കുവയ്ക്കലുകൾക്കപ്പുറം ജലത്തിന്റെ ഊഴം..നാളെ ജീവവായുവിനാകുമോ?

മൂന്ന് വര്ഷം മുൻപ് ആദ്യമായി തിരുവാരൂരിൽ ട്രെയിൻ ഇറങ്ങുമ്പോൾ ഏറെ ആകർഷിച്ചത് കിളി ചിലക്കുന്ന ശബ്ദമായിരുന്നു. അത്ര തിരക്കില്ലാത്ത ഒരു ചെറിയ സ്റ്റേഷൻ . നല്ല പച്ചപ്പ്‌ , പട്ടണത്തിന്റെ പത്രാസില്ലാത്ത ഒരിടം.  കഥകളിൽ കേട്ട കാവേരിയെ കാണാൻ പോകുമ്പോൾ വെയിൽ കനത്തിരുന്നു. കത്തുന്ന വെയിലിൽ പുറത്തിറങ്ങാൻ മടിച്ചു, എത്തിനോക്കിയിട്ടു കാണാനാകാതെ വന്നപ്പോൾ രണ്ടും കൽപ്പിച്ചു പുറത്തിറങ്ങി. അവിടവിടെ മണൽപ്പുറ്റുകൾ പോലെ എന്തോ.. പേരറിയാത്ത കുറെ കാട്ടു പടർപ്പുകൾ നിറഞ്ഞ ഒരു തരിശ് , ജലസ്പർശമേറ്റിട്ടു കാലങ്ങളായെന്നോർമ്മപ്പെടുത്തുന്ന മണ്ണ് ..മനസ്സ് മടുത്തു. തിരുവാരൂരിൽ നിന്നും തഞ്ചാവൂരിലേക്കുള്ള യാത്ര കാവേരിക്കരികിലൂടെ തന്നെ , ഓരോ കൈവഴിക്കും ഓരോ ആറിന്റെ പേര്, വെണ്ണാറും, വെട്ടാറും, പാലാറും ,പക്ഷെ എല്ലാം വരണ്ടു തന്നെ.  പുഴയുടെ ജഡത്തെ കൂടെക്കൂട്ടിയൊരു യാത്രയുടെ മരവിപ്പായിരുന്നു മനസ്സിൽ.

ദക്ഷിണേന്ത്യയുടെ നെല്ലറയെന്നറിയപ്പെടുന്ന തഞ്ചാവൂരിലും തിരുവാരൂരിലും മഴക്കാലമെന്നൊരു പേരേയുള്ളൂ , ഏറിയാൽ മൂന്നോ നാലോ മഴ അതിനപ്പുറം ജലമെന്നാൽ കാവേരി കനിയണം . "ആടിപ്പെരുക്കിനു" കാവേരിയുടെ കൈവഴികൾ നിറയുമെന്നതാണ് കണക്ക്. ജീവധാരയായ നദിയെ പൂജിക്കുന്നതാണന്നത്തെ ചടങ്ങു് .എന്നാൽ ഇത്തവണ വിനായക ചതുർഥി കഴിഞ്ഞിട്ട് പോലും കാവേരി ജലസ്പർശമേറ്റിട്ടില്ല. പ്രധാന കൃഷിയായ "കുറുവ"  ജലത്തിന്റെ ലഭ്യതക്കുറവുമൂലം  ഉപേക്ഷിച്ച കൃഷിക്കാർക്ക് അടുത്ത വിളയായ "സാംബ " ഉപേക്ഷിക്കുക  ആത്മഹത്യാപരം തന്നെ.

കർണാടകത്തിലെ  തലക്കാവേരിയിൽ നിന്നും ഉത്ഭവിക്കുന്ന കാവേരിയിലെ ജലം മേട്ടൂർ അണക്കെട്ടിൽ നിന്നാണ് തമിഴ്നാട്ടിലേക്കെത്തുന്നത്. മൂന്നുനാളുകൾക്കുള്ളിൽ മേട്ടൂരിൽ നിന്നും തിരുച്ചിറപ്പള്ളിയിലെ കല്ലനൈ അണക്കെട്ടിൽ എത്തുന്നതിനായി കാത്തിരിക്കുകയാണിവിടുത്തെ കൃഷിക്കാർ. വാലറ്റമായ കാരൈക്കൽ  വരെ കാവേരി ഒഴുകിയെത്താൻ പിന്നെയും ഒരാഴ്ച.     

കർണാടകത്തിന്റെ സ്ഥിതിയും മറിച്ചല്ല എന്നറിയാഞ്ഞല്ല . നദീതട ജില്ലകൾ ഏറെക്കുറെ നേരിടുന്ന പ്രശ്നങ്ങൾ സമാനമാണ്. വൈകാരികമായി പ്രതികരിക്കുന്ന ജനമെന്നു ഒറ്റപ്പെടുത്താനാവില്ല ഈ ജനതയെ! വൈകാരികതക്കുമപ്പുറം വരുംകാലങ്ങൾ നേരിടേണ്ടിവന്നേക്കാവുന്ന വറുതിയെ നേരിടാനുള്ള വഴികൾ ആലോചിക്കാനുള്ള വകതിരിവാണിപ്പോൾ വേണ്ടത്.         

ജലത്തർക്കം ബ്രിട്ടീഷുകാരുടെ കാലം മുതൽക്കേയുള്ളതാണെങ്കിലും കാലവർഷത്തിന്റെ ഏറ്റക്കുറച്ചിലുകളുടെ അളവെടുപ്പിലും രാഷ്ട്രീയക്കാരുടെ മുതലെടുപ്പിലും അത് വല്ലാതെ പുകയുന്നില്ലേ?
  




Thursday, 8 September 2016




ചാറ്റ് ബോക്സ് ..
"ജീവിതം വിരസമാവുന്നു".. ചാറ്റ് ബോക്സിലെ മണിയടി പറഞ്ഞു .. ഇത്തരം സന്ദേശങ്ങൾ പതിവാണ് അസമയത്തു പച്ചവെളിച്ചം കത്തുമ്പോൾ . മണിയടികളുടെ കൂടുമ്പോൾ പെട്ടന്നുപയോഗിക്കാവുന്ന ആയുധം എടുക്കുക..വർത്തമാനപ്പെട്ടിയുടെ വലത്തേ മൂലയിലുള്ള കൈയടയാളം..തൽക്കാലത്തേക്ക് തൃപ്തിപ്പെട്ടു കൊള്ളും. പിന്നെയും പല വിധ ജീവിത നിരീക്ഷണങ്ങൾ , ഒരു ഓപ്പൺ ഹൌസ് ചർച്ചയ്ക്കുള്ള മാറ്റർ കൈയിലുണ്ട്, പക്ഷെ അത് പുറത്തു വരണമെങ്കിൽ എതിർ വശത്തു സ്ത്രീ സാന്നിധ്യം വേണം.
" പൊതുവെ സ്ത്രീകളെ കുറിച്ച് , അല്ലെങ്കിൽ വേണ്ട എഴുത്തുകാരെക്കുറിച്ചെന്താണ് അഭിപ്രായം?"
ഉം , എന്ന് മൂളാനും വിരലുയർത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമുള്ള സ്വാതന്ത്ര്യത്തിൽ കത്തി വച്ച് കൊണ്ടൊരു ചോദ്യം.എന്തെങ്കിലും പറഞ്ഞെ പറ്റൂ. മറു തലക്കലുള്ള ആളെ അവഗണിക്കാനാവില്ല .
"ബോധധാരയിൽ വ്യത്യാസമുണ്ടെങ്കിലും തരളിതമാവുന്ന ഹൃദയങ്ങളാണ് സ്ത്രീകളുടേത് . ചിലർക്ക് ഉണരാൻ ചില ശബ്ദങ്ങൾ, ചിലർക്ക് സംസാരം, മറ്റു ചിലർക്ക് സ്പർശനം "..
അപ്പോ അങ്ങിനെയാണ് കഥ , സംഗതി ആലങ്കാരികമായി പറഞ്ഞുവെങ്കിലും നമ്മുടെ ഗണമേതെന്നറിയണം. "സങ്കീർണ്ണവും ,ബോധാവബോധങ്ങളെ മാറ്റിമറിക്കുന്നതുമായ"....എന്നൊരു കാച്ചു കാച്ചിയാലോ എന്നാലോചിച്ചു. തത്കാലത്തേക്ക് പരിക്കില്ലാതെ രക്ഷപ്പെടണോ അതോ "ശുഭം" എന്നെഴുതിത്തീരും വരെ തുടരണോ? വല്ലാത്ത ശങ്ക..
"അങ്ങനെയൊന്നുമില്ല , ധാരാളമാവുന്ന കാലമൊക്കെ കഴിഞ്ഞില്ലേ? ഇപ്പൊ യാതാർഥ്യങ്ങളാണ് മുന്നിൽ , പിന്നെ ഗഹനമായി ചിന്തിക്കാനുള്ള " ടൈം " (കടപ്പാട് മോഹൻലാൽ, ഈണവും അതന്നെ) കിട്ടീട്ടിലേയ് ! " സെല്ഫ് ഡിഫൻസ് മൂവ് ഒന്ന്...ആന തേർ കാലാൾ , ഏറ്റില്ലെങ്കിൽ കളരി, ഇടതു മാറി, മുന്നോട്ടാഞ്ഞൊന്നു ..ഇതിപ്പോ ഏതാവ്വോ ഏശുക?
" നമ്മുടെ ഓർബിറ്റുകൾ ചേരുന്നില്ല , ജീവിതത്തിലെ വൈരസ്യം മറികടക്കാനാണ് ചാറ്റ് . ബോധ ധാര പോലെ പറഞ്ഞു പോവും. തുറന്നു പറയുമ്പോൾ തെറ്റിദ്ധരിക്കരുത്, സാധാരണ ഹോട്ട് ആവും ഇവിടെ. വിവാഹമോചിതർ ഏറെ , അസംതൃപ്തർ . ക യ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്തത്. കുടുംബ പാരതന്ത്ര്യത്തിന്റെ പരിമിതികൾക്കുള്ളിൽ സൈബർ സ്പേസിലെ സ്വാതന്ത്ര്യം അല്പം ആസ്വദിക്കുന്നത് പാപമൊന്നുമല്ലല്ലോ."
മറുപടിക്കു കാക്കാതെ മണിയടിശബ്ദം തുടരുന്നു.
"നാൽപ്പതിൽ പുതുമകളൊന്നും കാത്തിരിക്കുന്നില്ല.ആർക്കോ വേണ്ടി ജീവിക്കുന്ന ജീവിതങ്ങൾ. തുരുമ്പെടുത്ത യന്ത്രത്തിനു പുതു ജീവൻ വയ്ക്കും പോലെ ! താനൊരു ഇരുമ്പു മറക്കു പുറകിലാണ് ,പുറത്തു വന്നു കൂടെ ? സാത്വിക ഭാവത്തിനിനിയും ജീവിതം ബാക്കിയുണ്ട്. പറഞ്ഞത് ശരിയല്ലേ?"
മറുപടി ഉറുമ്പു നിരക്കുന്നതു പോലെ ഇംഗ്ലീഷ് അക്ഷരമാലയിലെ കുനിഞ്ഞിരിക്കുന്ന "m "..മൂളലുകൾക്കിടയിൽ മറുപടിക്കു കാക്കുന്ന ചോദ്യങ്ങൾ. ഒരു കൊച്ചു ജാലകത്തിനിത്രയും പ്രശ്ങ്ങളുടെ ഭാരം താങ്ങാനാവുമോ ആവോ? ക്യാംപസ് സ്വാതന്ത്ര്യമനുഭവിക്കുന്ന പ്രായവും കാലവും മറക്കുന്ന ,അയതാർത്ഥമെങ്കിലും കെട്ടുപാടുകളില്ലാതെ സ്വതന്ത്രനും നഗ്നരുമാവുന്നവർ ! വികാരവിചാരങ്ങളുടെ ചൂടും, സൈബർ ഇടങ്ങൾ പകരുന്ന ഊർജ്ജത്തിനായി ദാഹിച്ചിരിക്കുന്നവരുടെ ചിന്തകളും , മനസ്സ് മടുപ്പിൻറെ കഥകളും ഈ കൊച്ചു ജനാലക്കാഴ്ചകളെ മടുപ്പിക്കുന്നു.
ഒട്ടു മിക്ക ജനാലകളും ഇതൊക്കെത്തന്നെയാവും പറയുക..ഈ ജനാലയിൽ നിന്നും തൽക്കാലത്തേക്ക് വിട..









ചിത്രങ്ങൾക്ക് ഇരുപതു വർഷത്തെ പഴക്കവും, ഓർമ്മകൾക്ക് ഒരു നൊടിയിടയുടേതും..കർക്കിടകക്കാറൊഴിഞ്ഞ മാനം , പുഴയുടെ ആശ്ലേഷത്തിൽ നിന്നും  അകന്നു മാറിയിട്ടില്ലാത്ത വയലുകൾ..പ്രണയക്കലമ്പലുകളവസാനിപ്പിച്ചു പുഴ മടങ്ങിയെങ്കിലും മണ്ണിനവളെ മറക്കാനായിട്ടില്ല..വാഴത്തട കൊണ്ടുണ്ടാക്കിയ ചെറു ചങ്ങാടങ്ങൾക്കിനിയും ഇടമുണ്ട്.. 

കാഴ്ചകൾ പഴയതാണെങ്കിലും നല്ല തെളിച്ചം , വയലിന് നടുവിലൂടുള്ള  തെന്നിത്തെറിക്കുന്ന വരമ്പിലൂടെയുള്ള യാത്ര എത്രയോ വട്ടം..വരമ്പിലെ വളവുകളിൽ ചെറിയ കൈവരമ്പുകൾ ,രണ്ടു കരയിലും കാണുന്ന വീടുകളിലേക്കുള്ള വഴികൾ. ഇക്കരെമാലിയിൽ  ഏർത്തേടത്തെ വീടാണാദ്യം , പിന്നെ പെരുമ്പാട്ടെ വീട്..ഇടയിൽ അവരുടെ താവഴിക്കാരുടെ ഭാഗം പിരിഞ്ഞ വകയിലുള്ള വീടുകൾ. വരമ്പിലൂടെയുള്ള നടപ്പിനിടയിൽ അക്കരെയും ഇക്കരെയും നിന്നുള്ള കുശലാന്വേഷണങ്ങൾക്കുള്ള മറുപടിയും കൊടുത്തു വേണം പോവാൻ. .  വരമ്പ് ചെന്നെത്തുന്നിടത്തു നിന്നും കുന്നുമ്പുറത്തേക്കുള്ള  വഴി.. കുന്നുമ്പുറത്ത് നട്ട റബർ മരങ്ങളുടെ മേൽത്തലപ്പുകൾ ഇവിടെ നിന്നേ കാണാം. കുന്നുകൾ ഇടിച്ചു നിരത്തുകയും എഞ്ചിനീയറിംഗ് കോളേജ് വരുകയും ചെയ്തുവെന്നറിഞ്ഞു. പിന്നീട് വയലറ്റം പോവാൻ തോന്നിയില്ല .
നടവഴികൾ പഞ്ചായത്തു റോഡിനു വഴിമാറി. നടവഴികൾ മാറിയെങ്കിലെന്ത് ,ഓർമ്മകളിലെ സുഗന്ധത്തിനൊട്ടും കുറവില്ല. വടക്കൂന്നു വന്ന കാട്ടിലെ ഇലഞ്ഞിപ്പൂവിന്റെ ഗന്ധവും നാഗത്താന്മാരുടെ കൊട്ടാരത്തിലെ പാലപ്പൂവിന്റെ ഗന്ധവും ഇപ്പോഴും അതുപോലെയുണ്ട് ഉള്ളിൽ. വയലിറമ്പിലിരുന്നു കണ്ട കിനാവുകളും , മിന്നാമിന്നികളെ  കൈക്കുള്ളിലടച്ച ബാല്യവും മോഹങ്ങളിൽ മയങ്ങിയ കൗമാരവും, പ്രണയനഷ്ടവും എല്ലാം !

വയലുകൾ പലതും തെങ്ങിൻ പുരയിടങ്ങളായി മാറി. ഇനിയും കുറെയൊക്കെ ബാക്കിയുണ്ടാവും ,മാറ്റങ്ങൾക്കു വഴിമാറാൻ മടിക്കുന്ന ചിലരെപ്പോലെ . മിന്നാമിനുങ്ങിനെക്കാൾ മങ്ങിക്കത്തിയിരുന്ന  വഴിവിളക്കുകൾ നീളൻ ട്യൂബ് ലൈറ്റിന് വഴിമാറിയിട്ടേറെയായി , ഓർമ്മയിൽ നാട്ടുവെളിച്ചത്തിനാണിപ്പോഴും തെളിച്ചം ..നിലാവ് പോലൊരു തണുപ്പും..








Friday, 2 September 2016






    അഭിനയം..

  "ഹലോ " പതിനൊന്നു മണിയിലെ പതിവു  ഫോൺ കാൾ

 "പറയെടോ , എന്താ ഒരു മൂഡ് ഓഫ് ?"

ശബ്ദം കേൾക്കുമ്പോഴേ അറിയാം മറു തലക്കലെ  മനോവിചാരങ്ങൾ .

"ഒന്നുമില്ലെന്നേ , ധോണി സിനിമയിലെ പാട്ടു കേട്ടോ? "

"പാട്ടു കേട്ടില്ല , സുശാന്ത് സിംഗ് അല്ലേ , കണ്ടു കളയാം. നല്ല ചെക്കനാ  കേട്ടോ, പണ്ട് നമ്മുടെ  ഏക്ത കപൂറിൻറെ കെ സീരിയല് കണ്ടോണ്ടിരുന്ന കാലം മുതലേ ബോധിച്ചതാ..അത് പറയാനാ വിളിച്ചേ?"

"അല്ലെടോ , ഐശ്വര്യയുടെ പടമുണ്ട് രൺബീറിന്റെ കൂടെ , ഏ ദിൽ ഹേ മുഷ്കിൽ ,കരൺ ജോഹറാ, പാട്ടു കൊള്ളാം.അനുഷ്കയുമുണ്ട്."

"രാവിലെ ബോളിവുഡിലാണല്ലേ ? എന്താ സംഭവം, കാര്യം പറ, നമുക്ക് പരിഹാരമുണ്ടാക്കാം!"

"അതേ , ലങ്ങേർക്കൊരാഗ്രഹം !"

"ആർക്ക്  നായർക്കോ? പാട്ടു പാടണമെന്നാണോ? തെറ്റില്ലാതെ പാടുമല്ലോ, ആയ്ക്കോട്ടെടോ..ഒരാഗ്രഹമൊക്കെ ഏതു ജയിൽപ്പുള്ളിക്കും തോന്നും., കുറ്റം പറയാനൊക്കില്ല !"

"അല്ലെടോ , അതിലും കടുത്തത് , നടിപ്പാണ് വിഷയം !"

"കടവുളേ ! അതിത്തിരി കടുത്തു പോയി..അതുക്കിപ്പോ എന്നവോ ?അവരുടെ അപ്പാവോടെ  ബ്ലഡ് വേല സെയ്യുതോ ഇന്ത നേരത്തിലെ ? ശരി  നടിക്കട്ടുമേ, അതുക്കെന്നാ ? നിറവേറാത്ത ആഗ്രഹങ്ങളുള്ളവർ പുനർജ്ജനിക്കുമെന്നു ഞാൻ എവിടെയോ വായിച്ചു. ഇയാൾടെ നായര് വീണ്ടു ജനിച്ചാൽ പിന്നെയും ഇയാളെത്തന്നെ  തിരുമണം സെയ്യും ബുദ്ധൂസ്! അത് തേവയാ ?  "

കളമൊഴി മൊഴിഞ്ഞു  "ആയിക്കോട്ടെ ."

ഈശ്വരാ , ഇവളെ നേർവഴി നടത്തീടാൻ... ഏതൊക്കെയോ പ്രാർത്ഥനാശകലങ്ങൾ നാവിൻ തുമ്പിൽ സഡൻ  ബ്രേക്കിട്ടു നിന്നു.

"അഭിനയത്തിനെനിക്കെതിർപ്പൊന്നുമില്ല , അത് ഞാൻ   പറയുവേം  ചെയ്തു."

"ദാ , അത്രേയുള്ളൂ,ഇനി എന്താ പ്രശ്നം? അങ്ങേരഭിനയിച്ചു തകർക്കട്ടേന്ന് , മ്മക്ക് പോവാടോ കാണാൻ ..ന്താ പോരെ? "

"അതല്ലെടോ, അഭിനയിക്കുമ്പഴേ സ്ത്രീകളൊക്കെ ഉണ്ടാവില്ലേന്ന് ? അതാണ് ..എനിക്ക്.."

"അതിപ്പോ അങ്ങേരു ജോലിക്കു പോവുമ്പഴും ഉണ്ടല്ലോ, അതോണ്ടെന്താ ? അല്ലെങ്കിലും കൊച്ചു പയ്യനൊന്നുമല്ലല്ലോ ഇത്ര വിഷമിക്കാൻ ?"

 "തനിക്കു ഞാൻ പറയണത് തീരെ മനസ്സിലാവുന്നില്ല , ഇത് ഓഫീസിൽ പോലെയല്ലെടോ , ഭാര്യയായിട്ടൊക്കെ ആരേലും...ന്റെ കൃഷ്ണാ എനിക്കോർക്കാൻ കൂടി വയ്യ ! ആരേലും അടിച്ചു മാറ്റിയാലോ?"

"അപ്പോ അതാണ് പ്രശ്‌നം , ലെറ്റ് മി തിങ്ക് എബൌട്ട് ഇറ്റ് , ഹാ..കിട്ടിപ്പോയി , വഴിയുണ്ട്  ഏതെങ്കിലും മുനി വേഷമായാലോ? ഇത്തിരി വയസ്സായത് , രാമായണവും,മഹാഭാരതവുമൊക്കെ വീണ്ടു മാർക്കറ്റ് അന്വേഷിച്ചു കാത്തു നിൽപ്പാണെന്നാ കേട്ടേ .."

"അത് വേണ്ട , ഇനി വല്ല വിശ്വാമിത്രനുമായാൽ പണിയാകും ,മേനക ...പഴയ സീരിയലില് എന്തായിരുന്നു ഡാൻസ് ! ന്റെ ഭഗവതീ മുനി വേഷം വേണ്ടാ ..വല്ല  സ്കൂൾ മാഷോ ബാങ്ക് മാനേജരോ ഒക്കെ ആയിക്കോട്ടെ , അതാവുമ്പോൾ അഭിനയിച്ചു തകർക്കേമില്ല , അഭിനയിക്കാനുള്ള ആശ സാധിച്ചൂന്നുമാവും ,എന്തേയ്  ? "

" ഈ ബുദ്ധി അപാരം തന്നെ മകളേ , ഞാനുടനെ ചേരും തന്റെ കോച്ചിങ് ക്ലാസ്സിൽ, കൂടെ പഠിച്ചോണ്ടിരുന്നപ്പോ ഞാനിത്ര നിരീച്ചില്ല പൊന്നേ , അപ്പൊ സമാധാനായല്ലോ , തിയറി പെർഫെക്റ്റ് ,പ്രാക്ടിക്കൽസ് കഴിഞ്ഞു ബാക്കി ഡിസ്കഷൻ .."

"അപ്പൊ അൽവിദാ , തിയറി പ്രാക്ടിക്കൽ ആക്കുന്നതിലേക്കാവശ്യമായ സാധനസാമഗ്രികളുമായി ലാബിലേക്ക് ,പഴം നിറച്ചത് ,ചായ ..അത് മതിയാവും. ഒന്ന് പ്രാർത്ഥിച്ചേക്കണേ .."

അദ്ദാണ് കഥ..