ഷണ്മുഖം...
വല്ലാത്ത പനിച്ചൂടിലാണ് ഷണ്മുഖം മനസ്സിലേക്ക് കടന്നെത്തിയെത്..എപ്പോഴും അങ്ങിനെയാണ്, ഓരോ ദിവസത്തിന്റെയും ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ ആവശ്യമുള്ളവ തന്നെ ഓര്‍ത്തി രിക്കാന്‍ പലപ്പോഴും സാധിക്കാറില്ലല്ലോ. അസ്വാസ്ഥ്യങ്ങള്‍ക്കിടയില്‍ ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമില്ല, ഓര്‍മ്മ കളുടെയുടെയും ഓര്‍മ്മപെടുത്തലുകളുടെയും മലവെള്ളപ്പാച്ചിലാകുന്നു മനസ്സ്.ഒന്നും ചെയ്യാനാവാതെ പാതി മയക്കത്തിലൊരുകിടപ്പ്,അതും വല്ലപ്പോഴും വേണം.
.ഷണ്മുഖത്തിലേക്ക് തിരിച്ചെത്താം. ദീപാവലിക്ക് രണ്ടു നാള്‍ മുന്‍പു വരാമെന്ന് പറഞ്ഞാണ് ഷണ്മുഖം പോയത്. അയാളെ കണ്ടിട്ട് കൃത്യം ഒരു മാസം രണ്ടാഴ്ച തികയുന്നു. രണ്ടു മാസത്തിലൊരിക്കല്‍ വീടും തൊടിയും വൃത്തിയാക്കാനാണ് അയാളെ വിളിക്കാറ്. സാധാരണ പണിക്കാരുടെ പിന്നാലെ നടന്നു പറഞ്ഞു കൊടുക്കും പോലെ പ്രത്യേകിച്ചൊന്നും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ലാത്തത് കൊണ്ട് എനിക്കും അയാളുടെ പണി നന്നായി ബോധിച്ചു..പലപ്പോഴും വന്നിട്ടുണ്ടെങ്കിലും കാര്യമായെന്തെങ്കിലും സംസാരിച്ചത് കഴിഞ്ഞ പ്രാവശ്യമാണ്.അയാള്‍ അങ്ങിനെയാണ്,രാവിലെ മുതല്‍ വൈകും വരെ ഭക്ഷണത്തിന്‍റെ ഇടവേളകള്‍ മാത്രം, ബാക്കി സമയമത്രയും ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കും.
കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ അയാള്‍ പറഞ്ഞു "എനിക്കല്പം നേരത്തെ പോകണം. വീട് അല്പം ദൂരെയാണ്. ഇരുട്ടിയാല്‍ സൈക്കിള്‍ ചവിട്ടിപ്പോകാന്‍ ഇത്തിരി വിഷമമാണ്.ബാക്കി പണി അടുത്ത തവണ വരുമ്പോള്‍ തീര്‍ത്തു തരാം." കാര്യമായൊന്നും ബാക്കിയുണ്ടായിരുന്നില്ല. ദീപാവലി വരികയല്ലേ അപ്പോള്‍ ചെയ്‌താല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു..ഇവിടുന്നു 7 കിലോമീറ്റര്‍ അകലെയാണ് അയാളുടെ വീട്, ഒരു ചെറിയ ഗ്രാമം.ഗ്രാമത്തിലുള്ളവര്‍ ഒട്ടുമുക്കാലും പണി തെടിയെത്തുന്നതിവിടെതന്നെ. ഇത്ര ദൂരെ നിന്നാണ് അയാള്‍ വന്നിരുന്നതെന്ന് ഞാന്‍ നേരത്തെ അറിയാതിരുന്നതില്‍ മനസ്താപപ്പെട്ടു.അറിഞ്ഞിരുന്നെങ്കില്‍ ഇത്തിരി നേരത്തെ മുന്‍പും പറഞ്ഞയക്കാമായിരുന്നു.
അയാള്‍ക്ക് അറുപതിനു മുകളില്‍ പ്രായം വരും, തലയിലും മുഖത്തും കുറ്റി രോമങ്ങള്‍, നല്ല പ്രസരിപ്പുള്ള മുഖം. സംസാരിക്കാന്‍ അല്പം സമയം കിട്ടിയത് കൊണ്ടാവും അയാള്‍ മുറുക്കാന്‍ പൊതി തുറന്നു അല്പം വായിലിട്ടു. "എന്‍റെ ഫോണ്‍ നമ്പര്‍ വച്ചോളു, എപ്പോ ആവശ്യം വന്നാലും വിളിക്കാം." പെട്ടെന്നെന്തോ ഓര്‍ത്തിട്ടു പറഞ്ഞു "അടുത്ത രണ്ടാഴ്ച പറ്റില്ല, ഒന്ന് ആശുപത്രി വരെ പോകണം." സംസാരത്തില്‍ രസം പിടിച്ചകാരണം ഞാന്‍ എന്തിനെന്നു ചോദിച്ചു. " അടുത്ത ആഴ്ചത്തെക്കാണ് ലൈറ്റ് അടിക്കാന്‍ ചെല്ലാന്‍ പറഞ്ഞിരിക്കുന്നത്,തെറ്റിപ്പോയാല്‍ പിന്നെ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും" ഞാനത് തമാശയായി എടുത്തു ചോദിച്ചു "ആഹാ ആശുപത്രിയിലും പണിയുണ്ടോ?" അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു"നെന്‍ജിലാണ് കാന്‍സര്‍, രണ്ടു വട്ടം റെഡിയെഷന്‍ കഴിഞ്ഞു,ഇപ്പൊ കുഴപ്പമൊന്നുമില്ല , ഇത് മൂന്നാം വട്ടം.ഇനി വേണ്ടി വരില്ലെന്നാ ഡോക്ടര്‍ പറയുന്നത്.." എന്റെ തൊണ്ട വരണ്ടു ,വാക്കുകള്‍ പുറത്തേക്ക് വന്നില്ല, വളരെ വിഷമിച്ചു ഒന്നു ചിരിക്കാന്‍ ശ്രമിച്ചു ,എന്റെ മുഖഭാവം എത്ര ദൈന്യമായിരുന്നുവെന്നു എനിക്ക് തന്നെ എന്‍റെ മനസ്സില്‍ കോറിയിടാമായിരുന്നു. പക്ഷെ ഷണ്മുഖത്തിനു ഒരു ഭാവഭേദവുമുണ്ടായിരുന്നില്ല. " ഒരാഴ്ച വിശ്രമം അത് കഴിഞ്ഞാല്‍ ഞാനിങ്ങെത്തും. പുതിയ വീടിന്‍റെപണി മുഴുമിക്കണം, മകനു കല്യാണം എല്ലാം വരുന്നു. അതിന്റെ തിരക്കു തുടങ്ങും മുന്‍പ് ഞാന്‍ വരും !" അയാളുടെ വാക്കുകളില്‍ വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു.
ഒരുപാടുതിരക്കുകളും യാത്രകളും നിറഞ്ഞ ഒരു മാസം കഴിഞ്ഞു പോയതറിഞ്ഞില്ല ,അയാളെ ഓര്‍ക്കാന്‍ ഇന്നലത്തെ പനിച്ചൂടു വേണ്ടിവന്നു..പിന്നിടൊരു വട്ടത്തേക്കു മാറ്റിവയ്ക്കാതെ കിടന്നകിടപ്പില്‍ തന്നെ ഫോണ്‍ ചെയ്തു നോക്കി , മറുതലക്കല്‍ മണി ശബ്ദമുണ്ട് ,മറുപടിയില്ല..ഷണ്മുഖം തിരക്കിലാവും അല്ലേ ? അങ്ങിനെ തന്നെ ആയിരിക്കട്ടെ..അയാള്‍ പറഞ്ഞത് പോലെ തിരക്കു തുടങ്ങും മുന്‍പ് തിരിചെത്തട്ടെ..