ആംബുലന്‍സ്...
ഇന്ന് പുറത്തു പോയപ്പോഴാണ് ഒന്നിന് പുറകെ ഒന്നായി പോകുന്ന ആംബുലന്‍സുകള്‍ ശ്രദ്ധിച്ചത്..എല്ലായ്പ്പോഴും അതിന്‍റെ ശബ്ദം വല്ലാതെ അസ്വസ്ഥപ്പെടുത്തി യിരുന്നു. മെഡിക്കല്‍ കോളേജ്‌അടുത്താണ് എന്നത് കൊണ്ട് ഈ പാതയിലൂടെ ആംബുലന്‍സുകള്‍ എപ്പോഴും ചീറിപ്പാഞ്ഞു പോയ്ക്കൊണ്ടെയിരിക്കും.ജീവനു വേണ്ടിയുള്ള മുറവിളി നടത്തിക്കൊണ്ടൊരു ഓട്ടപാച്ചില്‍..റോഡ് അത്ര വലുതല്ലാത്തത് കൊണ്ട് ആംബുലന്‍സിന് വേണ്ടി വണ്ടിയൊതുക്കി മൂന്ന് വട്ടം ഞാന്‍ വഴിയൊരുക്കി, അപ്പോഴാണ് ഒരു ചിന്ത മനസ്സിലെത്തിയത്.. ഒരിക്കലും അതിനുള്ളില്‍ എന്താവും എന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല. അത്യാസന്നനിലയിലാണെങ്കില്‍ ബന്ധുക്കളെ അവസാനമായി കാണാനുള്ള ഒരവസരമാണത്. മരണത്തിന്‍റെയോ ജീവിതതിന്‍റെയോ ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ യുള്ള യാത്രയില്‍ പ്രിയപ്പെട്ടവരെ കാണാനുള്ള ഒടുവിലത്തെ നിമിഷങ്ങള്‍.എന്തും കേള്‍ക്കാനുള്ള മനസ്സവര്‍ക്കുണ്ടാവും.ഒരു പക്ഷെ നമ്മളോട് ഏറ്റവും അടുപ്പം അപ്പോഴാവും അവര്‍ക്ക് തോന്നുക.ചിലപ്പോഴെങ്കിലും പിരിയാന്‍ പോകുന്നവനു നല്‍കുന്ന അവസാന നിമിഷ സൌജന്യങ്ങള്‍ !
ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ക്യാഷുവാലിട്ടിയില്‍ കണ്ട കാഴ്ച ഓര്‍മ്മയിലെത്തുന്നു.മകന് കൂട്ടിരിക്കുമ്പോഴാണ് ജീവിതത്തില്‍ ആദ്യമായി മരണം കണ്ടത്.തൊട്ടടുത്ത കട്ടിലില്‍ സാമാന്യം പ്രായമുള്ള ഒരാള്‍. ഓക്സിജെന്‍ മാസ്ക് , സലൈന്‍, എല്ലാമുണ്ട്.കൂടെ നില്ക്കാന്‍ മക്കള്‍, ബന്ധുക്കള്‍..അയാള്‍ ആരെയും നോക്കുന്നതായോ ആരുടെയെങ്കിലും വിളി കേള്‍ക്കുന്നതായോ എനിക്ക് തോന്നിയില്ല.രണ്ടു കട്ടിലുകള്‍ക്കിടയില്‍ സ്ക്രീന്‍ വച്ച് മറച്ചിരുന്നതിനാല്‍ ഇടയിലൂടെയുള്ള കാഴ്ച മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഇടക്കെപ്പോഴോ അവരത് മാറ്റിയപ്പോഴാണ് ഞാന്‍അയാളെ വ്യക്തമായി കണ്ടത്.കൂടെയുള്ളവര്‍ ഉറക്കത്തിലേക്കു വഴുതി വീണിരുന്നു. അയാള്‍ ശ്വാസംഎടുക്കാന്‍ ബുദ്ധിമുട്ടുന്നത് പോലെ തോന്നി.നെഞ്ചിന്‍ കൂട് വല്ലാതെ ഉയര്‍ന്നു താഴുന്നു.കൈ പതുക്കെയുയര്‍ത്തിയോ? ഒരു പക്ഷെ എന്നെ നോക്കിയതാവുമോ? ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചു പോയി. മേശമേല്‍ തലവച്ചുറങ്ങിയ നഴ്സിനെ വിളിച്ചുണര്‍ത്തി കാര്യം പറയുമ്പോഴേക്കും എല്ലാം തീര്‍ന്നിരുന്നു. അയാളുടെ കണ്ണുകള്‍ എന്‍റെ നേര്‍ക്ക് തന്നെയായിരുന്നു നോക്കിയതെന്ന് എനിക്കുറപ്പായിരുന്നു.എന്നോടെന്തെങ്കിലുംപറയാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നോ?
നഴ്സുമാര്‍ അടുത്തിരുന്ന മകനെയും മകളെയും വിളിച്ചുണര്‍ത്തി മരണവിവരമറിയിച്ചു ദ്രുതഗതിയില്‍ അയാളെ അവിടെ നിന്നും പുറകിലൂടെയുള്ള വാതിലിലൂടെ കൊണ്ടുപോയി. ആശുപത്രികളില്‍ അങ്ങിനെയാണ് ജീവിതത്തിലേക്കൊരു വാതില്‍, മരണത്തിനു വേറെ ഒന്ന്.ജീവിച്ചിരിക്കുന്നവര്‍ക്ക് മരണം കാണുന്നത് വിഷമമായതു കൊണ്ടാവും.. മരണം കഴിഞ്ഞു പോകുമ്പോള്‍ പിന്നിലൂടെയുള്ള വാതിലിലൂടെ നിലവിളി ശബ്ദമില്ലാതെ ആംബുലന്‍സ് കടന്നു പോവുന്നു.വേര്‍പാടിന്റെ വേദനയില്‍ വിങ്ങുന്ന ഹൃദയവുമായി കൂടെ കുറച്ചു പേര്‍..തീര്‍ത്തും നിശബ്ദരായി..അവരുടെ കൈയില്‍ അയാള്‍ക്ക് നല്‍കാന്‍ സാന്ത്വനങ്ങളില്ല..പ്രതീക്ഷകളും..

No comments:
Post a Comment