Saturday, 27 December 2014

ഇട്ടി...
തിരുക്കരുഗാവുരിലെക്കുള്ള ഇന്നലത്തെ യാത്രയില്‍ പാതയുടെ ഇരുവശവും സ്വര്‍ണ്ണവര്‍ണ്ണരാശി പതിയെ പൊട്ടുതൊട്ടുതുടങ്ങിയ വയലുകള്‍ കണ്ടു.കതിര് പൊട്ടിത്തുടങ്ങിയിട്ടെയുള്ളൂ.കണ്ണെത്താദൂരത്തോളം പടര്‍ന്നുകിടക്കുന്ന പച്ചപ്പ്‌ നാട്ടിന്‍പുറത്തെ പാട വരമ്പുകളിലൂടെയുള്ള യാത്രയോര്‍മ്മിപ്പിച്ചു. അവിടവിടെ ചെറുതായി പുക പൊങ്ങുന്നുണ്ടായിരുന്നു. ഇരുളന്മാരാവും,എലികളെ പാടശേഖരങ്ങളില്‍ നിന്നും തുരത്താന്‍ അവര്‍ക്കുള്ള വൈദഗ്ധ്യം മറ്റാര്‍ക്കുമില്ല.പക്ഷെ അവരൊക്കെ ഇട്ടിയുടെ അത്ര വരുമോ?
ബാല്യത്തില്‍ മുത്തശ്ശന്‍റെ കൂടെയുള്ള യാത്രകളിലൊന്നു വേട്ടോന്‍ ഇട്ടിയെ തേടിയായിരുന്നു. ചെറിയ തെന്നലുള്ള പാടവരമ്പിലൂടെയുള്ള നടപ്പ് നല്ല ബുദ്ധിമുട്ട് തന്നെ. ഇട്ടിയുടെ വീടറ്റം പോവേണ്ടി വരാറില്ല. അതിനു മുന്‍പേ ഏതെങ്കിലുമൊരു പാടത്തുനിന്ന് ഇട്ടിയുടെ ശബ്ദം കേള്‍ക്കാം, " പൊയ്ക്കൊള് തമ്രാ, വരണുണ്ട്, ". എപ്പോഴാ, എന്നാ വര്വാ എന്നൊന്നും ചോദിക്കാതെ ഞങ്ങള്‍ മടങ്ങും. പിറ്റേന്നു കാലത്ത് തന്നെ ഇട്ടി മുറ്റത്തുണ്ടാവും , തനിച്ചല്ല ഭാര്യ കാളിയും ,മകനും. മൂക്കൊലിപ്പിച്ചു മണ്ണിലുരുളാന്‍ തയ്യാറായിരിക്കുന്ന ഒരു കുറുമ്പന്‍!
മുറുക്കാന്‍ കറപിടിച്ച പല്ലുകള്‍ ഒന്ന് കൂടി ചുവപ്പിക്കാന്‍ പാളത്തൊപ്പിയില്‍ നിന്ന് അടക്കയും പുകയിലയുമെടുത്തു വെറ്റിലക്കൊടിയുടെ ചുവട്ടിലേക്ക്‌. കുന്തംകാലിലിരുന്നു വിസ്തരിച്ചൊരു മുറുക്ക്, ഉള്ളംകൈയിലൊന്നു തിരുമ്മി മുറുക്കാന്‍ അല്പം കാളിക്കും. അവര്‍ക്കിടയിലെ സംസാരം വേറെന്തോ മൊഴിയായിരുന്നത് കൊണ്ട് മനസ്സിലാവുമായിരുന്നില്ല.
കാളിയെക്കാണാന്‍ നല്ല ശേലായിരുന്നു.നീട്ടിത്തുളച്ച കാതില്‍ തോട,പല നിറത്തിലുള്ള മുത്തുകള്‍ കൊണ്ടുള്ള മാലകള്‍ കഴുത്തു നിറയെ, പുള്ളിയും, പൂക്കളും നിറഞ്ഞ കുപ്പായം , കടും നിറത്തിലുള്ള മുണ്ട്.അന്നൊക്കെ കുറത്തികള്‍ വല്ലപ്പോഴും വരുമ്പോള്‍ മാത്രേ ഇത്തരം വേഷങ്ങള്‍ കാണാന്‍ പറ്റു. പേരമ്മയുടെ കണ്ണ് വെട്ടിച്ചടുത്തു പോയാല്‍ ഒരു പാട് കഥകള്‍ , കൈയിലുള്ള പൊക്കണത്തില്‍ നിന്നാണോ എന്തോ കാളി ഇത്രയും കഥകള്‍ എടുത്തിരുന്നത്. യക്ഷിയും, മാടനും, വരത്തു പോക്കുകളുംനിറഞ്ഞു നിന്ന ഒരുപാടു കഥകള്‍..
പാടത്തേക്കു പണി ആയുധങ്ങളുമായി ഇട്ടിയിറങ്ങിയാല്‍ കാളിയും ,പാരയും,കുറുവടിയും, ചൂടുകറ്റയും ,മണ്ണെണ്ണ വിളക്കുമൊക്കെയായി
പിന്നാലെ. കുഞ്ഞിനെ വരമ്പിലിരുത്തി അവര്‍ പണി തുടങ്ങും.ചേറിലേക്കിറങ്ങാന്‍ എപ്പോഴാ തരംകിട്ടുക എന്ന് നോക്കിയിരിക്കുകയാണവന്‍ !
ആദ്യം പുകക്കല്‍ , വരമ്പിലെ ചെറിയതും വലുതുമായ എല്ലാ മാളങ്ങളിലും പുകച്ചു എലികളെ പിടിക്കുക. അത് കഴിഞ്ഞു നീറ്റെലികളെ പിടിക്കുക , വെള്ളത്തില്‍ മറഞ്ഞിരിക്കാന്‍ കഴിയുന്ന അതിനെ പിടിക്കാന്‍ അത്ര എളുപ്പമല്ല. 11 മണിയോടെ പ്രാതലിനു കയറുമ്പോഴേക്കും കുറെ എലികളെ പിടിച്ചു വരമ്പില്‍ കൂട്ടിയിട്ടുണ്ടാവും.
"വൈകുന്നെരമാവുമ്പോഴേക്കും തീര്വോ ഇട്ടി ?" എന്നാ മുത്തശ്ശന്‍റെ ചോദ്യത്തിന് "തീര്‍ക്കാം, അല്ലെങ്കില്‍ ഒന്നും കൂടി വന്നുപോവാം " എന്നുത്തരം. ഇട്ടിയെ കാണുമ്പോഴേക്കും എലികള്‍ മറയുമെന്നു കാളി. ഹാംലിനിലെ കുഴലൂത്തുകാരനെ പോലെ എലികളെയും കൊണ്ടു മറയുന്ന കുഴലൂത്തുകാരനായി ഇട്ടി..വൈകുന്നേരം പണി തീര്‍ത്തു പണിക്കൂലിയായി നെല്ലളന്നു വാങ്ങി അവര്‍ പോകുമ്പോള്‍ നഷ്ടബോധം എനിക്ക്.
"നല്ല കഥകളാണ് പേരമ്മേ ,കേട്ടു തീരണ മുന്‍പ് കാളി പോയി,ഇനി എന്നാ വരിക? അടുത്ത വട്ടം പോവുമ്പോള്‍ എന്തായാലും അവരുടെ വീട് കണ്ടുപിടിക്കണം."
"അതുങ്ങളുക്ക് അങ്ങിനെ വീടോന്നുല്ല.അങ്ങനേ നടക്കും, എവിടെയെങ്കിലും കിടക്കും." വീടില്ലാതെയും ജീവിക്കാം എന്നത് അപ്പോഴത്തെ ഒരു പുതിയ അറിവായിരുന്നു..പിന്നെയും ഒരു പാട് വട്ടം അവരെ കണ്ടു..ഇട്ടി കിടപ്പിലായപ്പോഴെന്നോ കാണാന്‍ പോയപ്പോഴാണ് അവരുടെ പുതിയ വീട് കണ്ടത്. മകന്റെ കൂടെയാണ് താമസം, പരസഹായം കൂടാതെ വയ്യാതായിരിക്കുന്നു. ഭിത്തിയില്‍ ഒരു ഫോട്ടോ ചില്ലിട്ടു വച്ചിരിക്കുന്നു, മകനാണെന്ന് കാളി പറഞ്ഞു. ഒരു സിനിമ നടന്‍റെ ച്ഛായ, പഴയ കുറുമ്പനെ എനിക്കവനില്‍ കണ്ടുപിടിക്കാനായില്ല. "അവനിക്കു ഈ പണി പിടിക്കില്ല, ഇപ്പൊ ഓട്ടുകമ്പനീലാ." വയലുകളിലേറെയും ഇഷ്ടികക്കളങ്ങളും , തെങ്ങിന്‍ തോട്ടങ്ങളുമാവുമ്പോള്‍ പഴയപണികള്‍ പുതിയവക്ക് വഴിമാറുന്നു. പഴയ മനുഷ്യരും..
കാരണവര്‍.
സ്വപ്‌നങ്ങള്‍ അങ്ങിനെയാണ്..വെറുതെ അങ്ങ് കടന്നു വരും , ഒരു ചോദ്യോം പറച്ചിലിനും നില്‍ക്കേമില്ല, മുഴുവന്‍ കാഴ്ച കാട്ടുകയുമില്ല..പാതി വഴിയില്‍ നമ്മളെ വിട്ടിട്ടു ഓടിക്കളയും..സ്വപ്നബാക്കി കാണാന്‍ നോമ്പ് നോറ്റാലും നടക്കുകയുമില്ല.വെറുതെ ഉറങ്ങിക്കിടക്കണ എന്നെ അലോസരപ്പെടുത്താന്‍ എത്തിയത് പത്തുനൂറു വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന കാരണോരാണ്, അങ്ങേരെ ഞാന്‍ കണ്ടിട്ടോന്നൂല്ല..എന്നിട്ടും ഒറ്റ മുണ്ടും ഉടുത്ത് ഒരു മാറാപ്പും തൂക്കി വടിയും ചുഴറ്റി ഒരു വരവ്...കേട്ടുകേഴ്വിയില്‍ നിന്ന് വന്നയാളാനെന്നു തോന്നുകയേ ഇല്ല..
ഒരിക്കലും മുടക്കാത്ത കര്‍ക്കിടക വാവുബലി യുടെ കഥയിലാണ് മുത്തമ്മാവനെ പറ്റി അറിഞ്ഞത്.വാവുബലി മുടക്കാതെ വയ്ക്കുന്നത് മുത്തമ്മാവന് വേണ്ടിയാണത്രേ..മുത്തമ്മാവന്‍ മരിച്ചിട്ട് ഒരുപാടു കാലമായി, അച്ഛമ്മയുടെ ചെറുപ്പത്തിലായിരുന്നത്രേ ആ മരണം.അവര്‍ക്കും അങ്ങേരെക്കുറിച്ചു നേരിയ ഓര്‍മ്മയെയുള്ളൂ.ഉമ്മറത്തേക്കു സ്ത്രീജനങ്ങള്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്ന കാലം,ദൂരെ നിന്ന് മാത്രേ കണ്ടിട്ടുള്ളൂ.
പേര് കേട്ട മന്ത്രവാദിയായിയായിരുന്നു മുത്തമ്മാവന്‍.സല്ക്കര്‍മ്മി തന്നെ, ബ്രഹ്മചാരിയായിരുന്നു, തറവാടിന്റെ എല്ലാ ഉയര്‍ ച്ചക്കും കാരണം അതായിരുന്നുവെന്നു ചരിത്രം. ആജാനുബാഹു ,കഴ്ത്തില് രുദ്രാക്ഷം,ഒറ്റമുണ്ടേ ഉടുക്കൂ,മാറാപ്പ് എപ്പോഴും കൂടെ, ഊര് തെണ്ടല് തന്നെ..ദേശായ ദേശങ്ങളൊക്കെ യാത്ര ചെയ്തിട്ടാണ് വരവ്..കൈയില്‍ ഒരിക്കല്‍ ഗംഗാ ജലവും ഉണ്ടായിരുന്നൂത്രേ. പോയിട്ടുണ്ടാവുമായിരിക്കും അവിടെയും, കാലകാലങ്ങള്‍ ആ മണ്‍പാത്രം പൂജാമുറിയില്‍ ഉണ്ടായിരുന്നു..എപ്പോഴെങ്കിലുമേ തറവാട്ടിലേക്ക് വരൂ.വരുമ്പോള്‍ എല്ലാ വിശേഷങ്ങളും തിരക്കിയറിയും. ആരെങ്കിലും വന്നു വിളിച്ചാല്‍ കര്‍മ്മങ്ങള്‍ക്കായി പോവും. ബാക്കി സമയം ജപവും ധ്യാനവും തന്നെ. അതിനു ഭംഗം വരുതാനാനാര്‍ക്കും ധൈര്യമില്ല തന്നെ.
കിടപ്പിലായിരുന്ന കാലത്ത് വടക്കിനിയില്‍ ഒതുങ്ങിക്കൂടിയ മുത്തമ്മാവന്‍ആരെയും അകത്തേക്ക് വരാന്‍ അനുവദിച്ചില്ല. സേവയൊക്കെ ഉണ്ടായിരുന്ന ആളല്ലേ അകത്തു പോവാനുംഎല്ലാര്‍ക്കും ഭയം. കിണ്ടിയില്‍ പാല്‍ ജനാലയില്‍ വയ്ക്കുമ്പോള്‍ ശുഷ്കിച്ച കൈത്തലം കൊണ്ട് അച്ഛമ്മയുടെ തലയില്‍ കൈ വച്ചൂത്രേ.അധികമൊന്നും കിടന്നില്ല, സ്വച്ഛന്ദ മൃത്യു വരിചൂന്നാ അച്ഛമ്മയുടെ പക്ഷം.
മരിച്ചാല്‍ അന്നൊക്കെ ആണ്ടുബലി ആരും മുടക്കാറില്ല, തറവാട്ടിലെ അടുത്ത ആണ്തരിയുടെ കര്‍ത്തവ്യമായിരുന്നു അത്. പിന്നെടെപ്പോഴോ തറവാട്ടില്‍ അരുതായകള്‍ കണ്ടു തുടങ്ങിയപ്പോള്‍ മുത്തമ്മാവനുള്ള ആണ്ടുബലി കര്‍ക്കിടകവാവിനു ചെയ്യണമെന്നു പ്രശ്നവശാല്‍ കണ്ടെത്തി.വെറും ആണ്ടു ബലി മാത്രമല്ല ,പല ചിട്ടകളോടെ, അടിച്ചു തളിച്ച് ശുദ്ധ മാക്കിയ മുറിയില്‍ അത്താഴം , എല്ലാം തയ്യാറാക്കി വച്ച് അമ്മാവനഹിതമായതെന്തെങ്കിലും അറിയാതെ പ്രവര്‍ത്തിച്ചെങ്കില്‍ അതിനൊരു ക്ഷമാപണംഏറ്റവും മുതിര്‍ന്ന ആളിന്റെ വക, ബാക്കിയുള്ളവര്‍ ഏറ്റ് ചൊല്ലും. മുറിയടച്ചു കുറെ നേരം കാത്തിരുന്നു പിന്നീടു തുറക്കുമ്പോള്‍ വന്നുപോയെന്ന സങ്കല്‍പം .
അവിടുത്തെ അടുത്ത ആണ്‍തരിയായ അച്ഛന്‍ ഭൂലോകത്തിന്റെ ഏതു കോണി ലായാലും ആ ദിവസം മുടക്കാന്‍ ധൈര്യപ്പെട്ടുമില്ല.പക്ഷെ കേരളത്തിന്റെ തനതു ആഘോഷമായ ബന്ദ്‌ 50 വര്‍ഷം മുന്‍പും ഉണ്ടായിരുന്നതിനാല്‍ ഒരിക്കല്‍ ജോലിസ്ഥലത്തുനിന്നും അച്ഛനു വാവിന് പുറപ്പെടാനൊത്തില്ല. കെട്ടുകഥയല്ല, മുത്തമ്മാവന്‍ അച്ഛനെ ജോലിസ്ഥലത്തു അന്വേഷിച്ചെത്തിയത്രെ, അച്ഛന് കാണാന്‍ പറ്റിയില്ല ,കൂടെ ജോലിചെയ്യുന്നോരുടെ വിവരണത്തില്‍ അത് മറ്റാരുമാവാന്‍ തരമില്ലെന്നു പറയപ്പെടുന്നു. അല്ലാതെ കേരളത്തിന്റെ വടക്കേ മൂലയില്‍ വണ്ടിയും പിടിച്ചു അച്ഛന്റെ ചെല്ലപ്പേര് ചൊല്ലി അന്വേഷിച്ചു ചെല്ലാന്‍ വേറെ ആരാണ്?..ഒന്നിരുത്തി ചിന്തിക്കുമ്പോള്‍ ശരിയാവുമോന്നൊരു സംശയം..
കഥയിലെ ഈ മുത്തമ്മാവന്‍ ആണ് ഇന്ന് രാവിലെ എന്നെ ഉണര്‍ത്തിയത്..എന്തിനാണോ എന്തോ..എന്തോര്‍മ്മിപ്പിക്കാന്‍ എത്തിയതാണോ എന്തോ.രാവിലെ കുളിച്ചു വിളക്ക് കത്തിക്കുമ്പോള്‍ അച്ഛന്‍ പറയുന്നപോലെ മുത്തമ്മാവനെ മനസ്സിലോര്‍ത്തു..അഹിതമായതെന്തെങ്കിലും....
കരുണ...
ചെറിയ ഒരു അപകടവും അതിന്റെ സുഖപ്പെടലിന്റെ ഇടവേളയും കഴിഞ്ഞു. ഇന്നലെ അതിനു കാരണഭൂതനെ വീണ്ടും കണ്ടു.ഒരു കാരണവുമില്ലാതെ എന്നെ ഇങ്ങോട്ട് വന്നിടിച്ചു നിഷ്കരുണം താഴെ വീഴ്ത്തിയ അയാളെ..
കാറ്റിനൊപ്പം പറക്കാറുള്ള ഞാന്‍ പനിപ്രമാണിച്ച് അല്പം മര്യാദയില്‍ വണ്ടിയോടിക്കുമ്പോഴായിരുന്നു എന്നെ മറികടന്നു പോകാനുള്ള ധൃതിയില്‍ അയാള്‍ എന്‍റെ വണ്ടിയിലിടിച്ചത്. വണ്ടിക്കു ചക്രം രണ്ടേയുള്ളൂ എന്നതിനാല്‍ താഴെ വീഴാതെ തരമില്ലായിരുന്നു. അയാളുടെ ബൈക്ക് ഇടിച്ചേക്കുമോ എന്ന് സംശയിച്ചതും അടുത്ത നിമിഷം അത് സംഭവിച്ചു..വീഴുന്നതിനേക്കാള്‍ കൂടെയുള്ള 4 വയസ്സുകാരനെ കുറിച്ചോര്‍ത്തായിരുന്നു ആധി. അവന്‍ വല്ലാതെ പേടിച്ചു, കൈമുട്ടിലല്പം ചോര പൊടിഞ്ഞിട്ടുണ്ട്‌. വീണിടത്ത് നിന്നും എഴുന്നേല്ക്കാന്‍ അല്പം ബുദ്ധിമുട്ടി. ചുറ്റും ഓടിക്കൂടിയതത്രയും പരിചിത മുഖങ്ങള്‍, നാട്ടുവഴികളില്‍ പരിചയക്കാരാണ് കൂടുതല്‍.
ഒരു വിധത്തില്‍ തട്ടിക്കുടഞ്ഞെഴുന്നേറ്റു നോക്കിയത് പ്രതിയുടെ മുഖത്തേക്ക്. അയാള്‍ക്കൊന്നും പറ്റിയില്ല, എന്‍റെ വണ്ടി നേരെ വച്ച് അയാള്‍ അടുത്ത് വന്നു ചോദിച്ചു “ എന്തെങ്കിലും പറ്റിയോ?” കാല്പ്പാദത്തിലെ മുറിവ് അയാള്‍ കണ്ടിരുന്നില്ല.
ചുറ്റും കൂടിയവര്‍ കയര്‍ത്തു “ കണ്ടൂടെ എന്താണു പറ്റിയതെന്നു?” അയാളുടെ മുഖത്തേക്ക് വീണ്ടും ഞാന്‍ നോക്കി, വല്ലാത്തൊരു ദൈന്യ ഭാവം ,"എന്നെ ഒന്നും പറയല്ലേ, വെറുതെ വിടണേ," എന്ന ഭാവം.കാല്‍ മുട്ടിലെ ചതവും മുറിവുമൊക്കെ ഞാന്‍ മറന്നു.അയാളുടെ മുഖത്ത് നോക്കി കയര്‍ക്കാന്‍ തോന്നിയില്ല..അയാള്‍ മോനെ തൊടാനൊരു ശ്രമം നടത്തി,അവന്‍ പേടിച്ചരണ്ട് എന്നോടൊട്ടി. അയാളുടെ മുഖം വിവര്‍ണ്ണമായി. .

ഒന്നും ചോദിക്കാതെ വിടുന്നതെങ്ങിനെ? എന്‍റെ തെറ്റായിരുന്നെങ്കില്‍ വിട്ടേക്കാമായിരുന്നു. ആ കുറവ് നികത്താന്‍ ഞാന്‍ ചോദിച്ചു “ സ്കൂള്‍ വിട്ട സമയമല്ലേ? ശ്രദ്ധിച്ചു വണ്ടിയോടിക്കെണ്ടേ? ഞാന്‍ വളരെ പതുക്കെയാണല്ലോ ഓടിച്ചിരുന്നത്.”
(പതിവിനു വിപരീതമായി വളരെ പതിയെ വണ്ടിയോടിച്ചിരുന്നത് കൊണ്ട് അങ്ങിനെ ഉറപ്പിച്ചു ചോദിക്കാനായി) കാഴ്ചക്കാരില്‍ ഒരാള്‍ക്കല്പം ചിരി വന്നോ? ഓ, ഇപ്പൊ മനസ്സിലായി, സ്ഥിരമായി പറപ്പിച്ചു പോകുന്നത് അയാളുടെ മുന്നിലൂടെയായിരുന്നു..തിരിച്ചു ചിരി സമ്മാനിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല,.വെറുതെ വിട്ടു..

ഏതായാലും പരിക്ക് വലുതല്ലാത്തത് കൊണ്ട് നേരെ വീട് പറ്റുന്നതാണ് നല്ലതെന്ന് തോന്നി.ഒരു വിധത്തില്‍ വണ്ടിയില്‍ തന്നെ വീട്ടിലെത്തി..മുറിവുണങ്ങി കാലു തറയില്‍ ശരിക്കൂന്നാന്‍ 5 ദിവസം.എന്നെ ആ പെടാപ്പാടു പെടുത്തിയ മാന്യദേഹമാണ് മുന്നില്‍...അല്പം നര കയറിത്തുടങ്ങിയ താടി..കണ്ണിനു താഴെ കഷ്ടപ്പാടു നല്‍കിയ വലയങ്ങള്‍..ചിരിക്കാനൊരു ശ്രമം നടത്തുകയായിരുന്ന മുഖത്ത് വീണ്ടും ദൈന്യത , ആ ഭാവമാണ് അയാളെ വെറുതെ വിടാന്‍ എന്നെ പ്രേരിപ്പിച്ചത്. ഒരു മാപ്പപേക്ഷയുടെ ഭാവം നിറഞ്ഞ നോട്ടം, ഇത്തിരി ദേഷ്യം മനസ്സിലുണ്ടായിരുന്നെങ്കിലും ആ നിമിഷം അതലിഞ്ഞില്ലതായി. ഇതിനെക്കാള്‍ എത്രയോ വലിയ കാര്യങ്ങള്‍ നമ്മള്‍ ജീവിതത്തില്‍ ക്ഷമിക്കുന്നുണ്ട്, അപ്പൊ ഇതൊരു ചെറിയ വീഴ്ച്ചയല്ലേ പോട്ടേ.


രാവിലെ നല്ലൊരു മഴ..ഇപ്പൊ പെയ്തൊഴിഞ്ഞേയുള്ളൂ..വീടിനു മുന്‍പിലുള്ള മൈതാനത്തില്‍ കിളികളുടെ കളകളാരവം,ഒരു പാടിനങ്ങള്‍..എണ്ണാനൊരു ശ്രമം നടത്തി..വിഫലം..ഒരു കൂട്ടം മൈനകള്‍,ചവറ്റില കിളികള്‍, തുത്തു കുണുക്കികള്‍, നീളമുള്ള വാലുള്ള കാക്കതമ്പുരാട്ടി, മഞ്ഞക്കിളികള്‍, പേരില്ലാത്തവ വേറെയും.വെയിലൊന്ന് തെളിഞ്ഞാല്‍ എവിടെനിന്നൊക്കെയോ എത്തുന്ന ചിത്ര ശലഭങ്ങള്‍. ഓരോ ദിവസവും ഓരോ നിറങ്ങളില്‍..
തന്ജാവൂരിനെ ഇഷ്ടപ്പെടാന്‍ ഇനിയെന്ത് വേണം !
വാര്‍ദ്ധക്യം...
തലയില്‍ ഇല്ലാത്ത മുടി മാടിയൊതുക്കി, തോള്‍ സഞ്ചിയിലെല്ലാം ഉണ്ടോയെന്നു ഒന്ന് കൂടി തിട്ടം വരുത്തി മുത്തശ്ശന്‍ നീട്ടിയൊന്നു വിളിച്ചു, "ദേ ഞാനിറങ്ങുന്നു.." അടുക്കളയിലെ കാലടി ശബ്ദം ഉമ്മറത്തെത്താന്‍ അല്പമൊന്നു വൈകി..വാതത്തിന്റെ അസ്കിത കാലുകളെ മുന്നിലെക്കല്ല പിന്നിലെക്കാണ് വലിക്കുന്നത്.." പുറപ്പെടുകയായോ? ഒന്നും മറന്നിട്ടില്ലല്ലോ?" ചോദ്യം മുന്നിലെത്തി..എവിടെക്കാണെന്നു ചോദിച്ചാല്‍ അലോഹ്യമാവുമോ എന്നോര്‍ത്ത് ചോദ്യം മുഖത്തൊ തുക്കി മുത്തശശി നിന്നു." അപ്പൊ എങ്ങിനെയാ പോക്ക്?"
"എന്‍റെ കൈ പിടിച്ചു താന്‍ ഈ ഒതുക്കു കല്ല്‌ ഒന്നിറക്കി വിട്ടാല്‍ മതി, പിന്നെ ഞാനങ്ങു..അത്രേയുള്ളൂ.." മുഴുമിക്കാത്ത വരികള്‍ ശീലമായതുകൊണ്ട് മുത്തശി ബാക്കി ചോദിച്ചില്ല..
"ആഹാ..വീട്ടിനുള്ളില്‍ നടക്കാന്‍ വയ്യാത്ത ഞാന്‍ എങ്ങിനെയാ അത്രടം വരിക? "ആ ചോദ്യം വല്ലാത്തതായിരുന്നു."മഴ കാരണം മുറ്റത്തും നടയിലും വല്ലാതെ വഴുക്കും ,ഇനി വീണ് ഇടങ്ങേറായി കിടന്നാലോ? അത് പിന്നെയും ബുദ്ധിമുട്ടാവില്ലേ? കിടപ്പിലായാല്‍ ചേതമാര്‍ക്കാ?വണ്ടിയും വള്ളവുമൊക്കെ പിടിച്ചെല്ലാരും ഓടിയെത്തണ്ടേ?"
"എന്നാ പിന്നെ യാത്ര മാറ്റിവയ്ക്കാം അല്ലെ? ഇത്തവണയും കളിയോഗവും അക്ഷരശ്ലോകസദസ്സും മുടങ്ങി.. അല്ലെങ്കില്‍ എന്നാ മുടങ്ങാത്തെ അല്ലെ? ഓരോ തവണയും ഞാന്‍ യാത്രക്കൊരുങ്ങുമ്പോള്‍ നിനക്കറിയാം ഞാന്‍ പോവില്ലെന്ന്..എന്നിട്ടും അതേ ചോദ്യങ്ങള്‍ നീ ചോദിക്കും."അച്ഛനിപ്പോഴും യാത്രക്കൊരുങ്ങലുണ്ടോ "എന്ന മക്കളുടെ ചോദ്യത്തിന് നീ മൂളലില്‍ ഉത്തരമൊതുക്കുന്നതൊന്നും എനിക്ക് മനസ്സിലാവായ്കയല്ല കേട്ടോ ? വലതു കാലിനു നീരുണ്ട്, പിന്നെ പുകവലി ശീലം തന്ന ഒരു മരവിപ്പ് ഇടത്തേക്കാലില്‍, വയസ്സ് 82,ചെവി അല്പം പതുക്കെയാണെങ്കിലും നല്ല കാഴ്ച.എന്നാലും എന്നെ അങ്ങിനങ്ങു തോല്പ്പിക്കാമെന്നാരും കരുതേണ്ട.ഞാന്‍ നിരീച്ചാലും നടക്കാന്‍ പലതുമുണ്ടുട്ടോ ഇവിടെ."
പതിവു രംഗങ്ങള്‍ കഴിഞ്ഞു..ഇനി ചാരുകസേരയിലമര്‍ന്നുകൊണ്ട് കൈകൊണ്ടുള്ള കഥകളി മാത്രം..ഇടയ്ക്കു ആത്മഗതവും.
കളിയടക്കയും വെറ്റിലയും വച്ചൊന്നു കല്ലില്‍ ചതച്ചൊരു കൂട്ട് ,ഈ പിണക്കം മാറ്റാനത് മതി.എത്ര മനോഹരമാണീ ജീവിതം! അല്ലലും അലച്ചിലുമില്ലാതെ..ഒരു നേര്‍രേഖയിലൂടെ ഒരു ജീവിതം!
ഇന്ന് രാവിലെ കണ്ണാടിയുടെ മുന്നിലെ ഒരു സൂക്ഷ്മനിരീക്ഷണത്തിനൊടുവിലാണ് ചെവിയുടെ ഇരു വശങ്ങളിലും ഭസ്മം വീണതുപോലെ പടര്‍ന്നു കയറുന്ന നരയെ ഞാന്‍ കണ്ടു പിടിച്ചത്, നാല്പ്പതുകളുടെ ഓര്‍മ്മപ്പെടുത്തലുകള്‍..അതിനെ എങ്ങനെ ഇല്ലാതാക്കാം എന്ന ചിന്തക്കിടയിലാണ് മുത്തശ്ശന്‍ മനസ്സിലെത്തി യത്.
നര പണ്ടേ എനിക്കിഷ്ടമല്ല..ചിലപ്പോള്‍ വാര്‍ദ്ധക്യം ഇഷ്ടമല്ലാത്തത്‌ കൊണ്ടാവും..വാര്‍ദ്ധക്യം മനോഹരമാണെന്ന് പറയുന്നവരാണ് ഏറെയും,ജീവിതാസ്തമനത്തിലും ഉദയത്തിന്റെ ഭംഗി കണ്ടെത്തുന്നവര്‍..കൊച്ചു കൊച്ചു പിണക്കങ്ങളിലൂടെയും ഇണക്കങ്ങളിലൂടെയും ജീവിതത്തിനു നിറപ്പകിട്ടേറ്റുന്നവര്‍..അവര്‍ക്കാവട്ടെ ഈ കുറിപ്പ്..



ഇത്തവണത്തെ പനി ഒരു പാട് കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. മുഖം പുതപ്പിനടിയിലേക്കു പൂഴ്ത്തിയപ്പോള്‍ ഒരുപാടു ചിത്രങ്ങള്‍..
പനി തുടങ്ങുമ്പോഴേ ഹോസ്റ്റല്‍ വാര്‍ഡന്‍റെ അനുവാദം വാങ്ങി തറവാട്ടിലേക്ക്..അവിടെ ഡോക്ടറും ഗുളികയുമൊന്നുമില്ല. നല്ല ചുക്കും, കുരുമുളകും, തുളസിയും ,മല്ലിയുമൊക്കെ ഇട്ട കരുപ്പെട്ടിക്കാപ്പി. പുട്ടുകുടത്തിലെ തിളച്ച വെള്ളത്തില്‍ കര്‍പ്പൂരത്തിന്‍റെയും,പനിക്കൂര്‍ക്കയുടെയും തുളസിയിലയുടെയും ഗന്ധതിലൊരാവി പിടുത്തം..പനിദിനങ്ങളില്‍ മാത്രം കാണുന്ന കമ്പിളി നന്നായി പുതച്ചുമൂടി ..ഒന്ന് വിയര്‍ക്കുമ്പോള്‍ ആവി പറക്കുന്ന കഞ്ഞി..കൂട്ടിനു ചുട്ട പപ്പടം ,ഇഞ്ചിയും പുളിയും ചേര്‍ത്തരച്ച തേങ്ങാചമ്മന്തി.. നേര്‍ത്ത നീല നിറത്തിലുള്ള വിള്മ്പുള്ള കവടിപിഞ്ഞാണി , സ്വര്‍ണ്ണ നിറത്തില്‍ ഈര്‍ക്കില്‍ കുത്തിയ ഒരു പ്ലാവില..പനി ശരിക്കും ഒരവധി ദിവസത്തിന്‍റെ ആഘോഷമായിരുന്നു.
കൂടിയാല്‍ രണ്ടു ദിവസം പനിക്കത്രയെ ആയുസ്സുണ്ടായിരുന്നുള്ളൂ..പനി മാറിയതിന്‍റെ നിരാശയില്‍ വീണ്ടും ഹോസ്റ്റലിന്‍റെ മടുപ്പിലേക്ക്..
വീണ്ടുമൊരു പനിച്ചൂടില്‍ ഇന്നലെ കിടക്കയെ ശരണം പ്രാപിച്ചപ്പോള്‍ തൊട്ടയലത്തു നിന്ന് സുഹൃത്തിന്റെ വക തമിള്‍ സ്റ്റൈല്‍ കഞ്ഞി ..കഞ്ഞിക്കങ്ങിനെ മലയാളം എന്നും തമിള്‍ എന്നുമുണ്ടോ എന്നാവും അല്ലെ? അരിയും ചെറുപയര്‍ പരിപ്പുമിട്ടു വേവിച്ചുടച്ചു, കൂട്ടിനു മാങ്ങാ വറ്റലും..സുഹൃത്തിനൊരുപാട് നന്ദി.. കുറെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച പനിക്കും..
പക്ഷെ മനസ്സ് മടുപ്പിക്കുന്ന ഗന്ധമുള്ള ഈ ഗുളികകളെ എന്ത് ചെയ്യും? പേടിപ്പിക്കുന്ന പേരുകളുമായി രംഗപ്രവേശം ചെയ്യുന്ന പനിയെ ഒതുക്കാന്‍ വേറെന്തു വഴി?

Tuesday, 25 November 2014

ഷണ്മുഖം...
വല്ലാത്ത പനിച്ചൂടിലാണ് ഷണ്മുഖം മനസ്സിലേക്ക് കടന്നെത്തിയെത്..എപ്പോഴും അങ്ങിനെയാണ്, ഓരോ ദിവസത്തിന്റെയും ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ ആവശ്യമുള്ളവ തന്നെ ഓര്‍ത്തി രിക്കാന്‍ പലപ്പോഴും സാധിക്കാറില്ലല്ലോ. അസ്വാസ്ഥ്യങ്ങള്‍ക്കിടയില്‍ ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമില്ല, ഓര്‍മ്മ കളുടെയുടെയും ഓര്‍മ്മപെടുത്തലുകളുടെയും മലവെള്ളപ്പാച്ചിലാകുന്നു മനസ്സ്.ഒന്നും ചെയ്യാനാവാതെ പാതി മയക്കത്തിലൊരുകിടപ്പ്,അതും വല്ലപ്പോഴും വേണം.
.ഷണ്മുഖത്തിലേക്ക് തിരിച്ചെത്താം. ദീപാവലിക്ക് രണ്ടു നാള്‍ മുന്‍പു വരാമെന്ന് പറഞ്ഞാണ് ഷണ്മുഖം പോയത്. അയാളെ കണ്ടിട്ട് കൃത്യം ഒരു മാസം രണ്ടാഴ്ച തികയുന്നു. രണ്ടു മാസത്തിലൊരിക്കല്‍ വീടും തൊടിയും വൃത്തിയാക്കാനാണ് അയാളെ വിളിക്കാറ്. സാധാരണ പണിക്കാരുടെ പിന്നാലെ നടന്നു പറഞ്ഞു കൊടുക്കും പോലെ പ്രത്യേകിച്ചൊന്നും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ലാത്തത് കൊണ്ട് എനിക്കും അയാളുടെ പണി നന്നായി ബോധിച്ചു..പലപ്പോഴും വന്നിട്ടുണ്ടെങ്കിലും കാര്യമായെന്തെങ്കിലും സംസാരിച്ചത് കഴിഞ്ഞ പ്രാവശ്യമാണ്.അയാള്‍ അങ്ങിനെയാണ്,രാവിലെ മുതല്‍ വൈകും വരെ ഭക്ഷണത്തിന്‍റെ ഇടവേളകള്‍ മാത്രം, ബാക്കി സമയമത്രയും ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കും.
കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ അയാള്‍ പറഞ്ഞു "എനിക്കല്പം നേരത്തെ പോകണം. വീട് അല്പം ദൂരെയാണ്. ഇരുട്ടിയാല്‍ സൈക്കിള്‍ ചവിട്ടിപ്പോകാന്‍ ഇത്തിരി വിഷമമാണ്.ബാക്കി പണി അടുത്ത തവണ വരുമ്പോള്‍ തീര്‍ത്തു തരാം." കാര്യമായൊന്നും ബാക്കിയുണ്ടായിരുന്നില്ല. ദീപാവലി വരികയല്ലേ അപ്പോള്‍ ചെയ്‌താല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു..ഇവിടുന്നു 7 കിലോമീറ്റര്‍ അകലെയാണ് അയാളുടെ വീട്, ഒരു ചെറിയ ഗ്രാമം.ഗ്രാമത്തിലുള്ളവര്‍ ഒട്ടുമുക്കാലും പണി തെടിയെത്തുന്നതിവിടെതന്നെ. ഇത്ര ദൂരെ നിന്നാണ് അയാള്‍ വന്നിരുന്നതെന്ന് ഞാന്‍ നേരത്തെ അറിയാതിരുന്നതില്‍ മനസ്താപപ്പെട്ടു.അറിഞ്ഞിരുന്നെങ്കില്‍ ഇത്തിരി നേരത്തെ മുന്‍പും പറഞ്ഞയക്കാമായിരുന്നു.
അയാള്‍ക്ക് അറുപതിനു മുകളില്‍ പ്രായം വരും, തലയിലും മുഖത്തും കുറ്റി രോമങ്ങള്‍, നല്ല പ്രസരിപ്പുള്ള മുഖം. സംസാരിക്കാന്‍ അല്പം സമയം കിട്ടിയത് കൊണ്ടാവും അയാള്‍ മുറുക്കാന്‍ പൊതി തുറന്നു അല്പം വായിലിട്ടു. "എന്‍റെ ഫോണ്‍ നമ്പര്‍ വച്ചോളു, എപ്പോ ആവശ്യം വന്നാലും വിളിക്കാം." പെട്ടെന്നെന്തോ ഓര്‍ത്തിട്ടു പറഞ്ഞു "അടുത്ത രണ്ടാഴ്ച പറ്റില്ല, ഒന്ന് ആശുപത്രി വരെ പോകണം." സംസാരത്തില്‍ രസം പിടിച്ചകാരണം ഞാന്‍ എന്തിനെന്നു ചോദിച്ചു. " അടുത്ത ആഴ്ചത്തെക്കാണ് ലൈറ്റ് അടിക്കാന്‍ ചെല്ലാന്‍ പറഞ്ഞിരിക്കുന്നത്,തെറ്റിപ്പോയാല്‍ പിന്നെ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും" ഞാനത് തമാശയായി എടുത്തു ചോദിച്ചു "ആഹാ ആശുപത്രിയിലും പണിയുണ്ടോ?" അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു"നെന്‍ജിലാണ് കാന്‍സര്‍, രണ്ടു വട്ടം റെഡിയെഷന്‍ കഴിഞ്ഞു,ഇപ്പൊ കുഴപ്പമൊന്നുമില്ല , ഇത് മൂന്നാം വട്ടം.ഇനി വേണ്ടി വരില്ലെന്നാ ഡോക്ടര്‍ പറയുന്നത്.." എന്റെ തൊണ്ട വരണ്ടു ,വാക്കുകള്‍ പുറത്തേക്ക് വന്നില്ല, വളരെ വിഷമിച്ചു ഒന്നു ചിരിക്കാന്‍ ശ്രമിച്ചു ,എന്റെ മുഖഭാവം എത്ര ദൈന്യമായിരുന്നുവെന്നു എനിക്ക് തന്നെ എന്‍റെ മനസ്സില്‍ കോറിയിടാമായിരുന്നു. പക്ഷെ ഷണ്മുഖത്തിനു ഒരു ഭാവഭേദവുമുണ്ടായിരുന്നില്ല. " ഒരാഴ്ച വിശ്രമം അത് കഴിഞ്ഞാല്‍ ഞാനിങ്ങെത്തും. പുതിയ വീടിന്‍റെപണി മുഴുമിക്കണം, മകനു കല്യാണം എല്ലാം വരുന്നു. അതിന്റെ തിരക്കു തുടങ്ങും മുന്‍പ് ഞാന്‍ വരും !" അയാളുടെ വാക്കുകളില്‍ വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു.

ഒരുപാടുതിരക്കുകളും യാത്രകളും നിറഞ്ഞ ഒരു മാസം കഴിഞ്ഞു പോയതറിഞ്ഞില്ല ,അയാളെ ഓര്‍ക്കാന്‍ ഇന്നലത്തെ പനിച്ചൂടു വേണ്ടിവന്നു..പിന്നിടൊരു വട്ടത്തേക്കു മാറ്റിവയ്ക്കാതെ കിടന്നകിടപ്പില്‍ തന്നെ ഫോണ്‍ ചെയ്തു നോക്കി , മറുതലക്കല്‍ മണി ശബ്ദമുണ്ട് ,മറുപടിയില്ല..ഷണ്മുഖം തിരക്കിലാവും അല്ലേ ? അങ്ങിനെ തന്നെ ആയിരിക്കട്ടെ..അയാള്‍ പറഞ്ഞത് പോലെ തിരക്കു തുടങ്ങും മുന്‍പ് തിരിചെത്തട്ടെ..

Thursday, 20 November 2014





വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകുന്നത് വളരെക്കാലമായി പതിവില്ല.രാവിലത്തെ ചെറു നടത്തം മഴ പലപ്പോഴായി മുടക്കിയപ്പോഴാണ് വൈകുന്നേരംഒന്ന് പുറത്തിറങ്ങാം എന്ന് തോന്നിയത്..തുടക്കം വല്ലാതെ ബോധിച്ചു, മോനെയും കൂടെക്കൂട്ടി,മരമല്ലിയുടെയും, ഇലഞ്ഞിയുടെയും സുഗന്ധം പഴയ നാട്ടുവഴിയിലൂടെയുള്ള നടത്തത്തെ ഓര്‍മ്മിപ്പിച്ചു.സന്ധ്യ കനത്തു തുടങ്ങിയിരുന്നതിനാല്‍ അല്പമൊന്നു ശ്രദ്ധിച്ചായിരുന്നു നടത്തം.ഇഴജന്തുക്കളെ പണ്ടേ ഭയമാണ്, മാത്രമല്ല ഇവിടെ ധാരാളമുണ്ട്.വഴിവിളക്കുകള്‍ പണിമുടക്കുന്നത് പതിവാണെന്നപ്പോഴാണ് ഓര്‍ത്തത്‌. പണ്ടൊന്നും ഭയമുണ്ടായിരുന്നില്ല.മോനെ ഒന്ന് കൂടി ചേര്‍ത്ത് പിടിച്ചു കൈയിലുള്ള പിടി മുറുക്കി..അവനു നടത്തം ഇഷ്ടപ്പെട്ടു തുടങ്ങിരിക്കുന്നു, ചോദ്യങ്ങളുടെ ശര വര്‍ഷം..ഉത്തരമുള്ളതും ഇല്ലാത്തവയും..ഇപ്പോഴത്തെ കുട്ടികളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കാന്‍ കഴിയുക ബുദ്ധിമുട്ടാണ്..ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് അവന്‍ ഉത്തരമുണ്ടാക്കി തുടങ്ങിരിക്കുന്നു..
പിന്നില്‍ പതിഞ്ഞ ഒരു കാലടി ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്, ആരോ നടന്നു വരുന്നുണ്ട്. അല്പം വേഗത്തിലാണ്. അയാള്‍ കടന്നു പോകട്ടെ എന്ന് കരുതി വഴിയോതുങ്ങിയപ്പോള്‍ ഞങ്ങള്‍ക്കൊപ്പമായി അയാള്‍.മോന്‍റെ തലയില്‍ ഒന്ന് തൊട്ടു പിന്നീട് ചോദിച്ചു" എങ്ങോണ്?" അവന്‍ വെറുതെ ഒന്ന് ചിരിച്ചു കൊണ്ട് എന്നോടൊട്ടി..നമുക്ക് തിരിച്ചു വീട്ടിലേക്കു പോകാമെന്ന് പറഞ്ഞു ഞാന്‍ തിരിഞ്ഞു നടന്നു..വല്ലാത്തൊരു ഭയം എന്നെ കീഴ്പെടുത്തിക്കഴിഞ്ഞിരുന്നു..നാട്ടുവഴിയുടെ സുഖവും കാറ്റിലെ സുഗന്ധവുമൊക്കെ നിമിഷങ്ങള്‍ കൊണ്ട് മനസ്സിന്‍റെയും ബോധമണഡലതിന്റെയും പടിയിറങ്ങി..അവിടെ ഭയം മാത്രമേയുണ്ടായിരുന്നുള്ളൂ..അയാള്‍ ആരോ ആവട്ടെ, ഞാന്‍ എന്തിനാണ് ഭയന്നത്? ഒരു കുശലത്തിനപ്പുറമൊന്നും അയാള്‍ ചോദിച്ചതുമില്ല..എന്നിട്ടും ഭയം, ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ ഭയം!
മനുഷ്യന് മാത്രമേ ഇങ്ങനെയൊരു വികാരം ഇത്ര തീവ്രമായി ഉണ്ടാവു എന്ന് തോന്നുന്നു..ഒരു ജീവിയും അതിന്റെ ജനുസ്സില്‍ പെട്ടതോ,മറ്റേതെങ്കിലും വര്‍ഗത്തില്‍ പെട്ടതോ ആയ ജന്തുവിനെ ഇത്ര തന്നെ ഭയന്നിട്ടുണ്ടാവില്ല.
ഓര്‍മ്മയിലുള്ള ബാല്യത്തിലും കൌമാരത്തിലും ഞാനും ഇത് പോലൊരു ഭയം അനുഭവിച്ചിട്ടില്ല.ലോകം വല്ലാതെ മാറിയിരിക്കുന്നു..ആദ്യം കുഞ്ഞുക്കള്‍ക്ക് പഠിപ്പിക്കുന്ന പാഠം അപരിചിതരോട് സംസാരിക്കരുത് എന്നാണു..എന്തിനെയും ഏതിനെയും ഭയക്കാനുള്ള ആദ്യപാഠങ്ങള്‍ കുത്തിവയ്ക്കപ്പെട്ടു വളരുന്ന ബാല്യം. എന്നാണിനിതൊരു ആറുതിയുണ്ടാവുക?

Thursday, 13 November 2014

ആംബുലന്‍സ്...
ഇന്ന് പുറത്തു പോയപ്പോഴാണ് ഒന്നിന് പുറകെ ഒന്നായി പോകുന്ന ആംബുലന്‍സുകള്‍ ശ്രദ്ധിച്ചത്..എല്ലായ്പ്പോഴും അതിന്‍റെ ശബ്ദം വല്ലാതെ അസ്വസ്ഥപ്പെടുത്തി യിരുന്നു. മെഡിക്കല്‍ കോളേജ്‌അടുത്താണ് എന്നത് കൊണ്ട് ഈ പാതയിലൂടെ ആംബുലന്‍സുകള്‍ എപ്പോഴും ചീറിപ്പാഞ്ഞു പോയ്ക്കൊണ്ടെയിരിക്കും.ജീവനു വേണ്ടിയുള്ള മുറവിളി നടത്തിക്കൊണ്ടൊരു ഓട്ടപാച്ചില്‍..റോഡ്‌ അത്ര വലുതല്ലാത്തത് കൊണ്ട് ആംബുലന്‍സിന് വേണ്ടി വണ്ടിയൊതുക്കി മൂന്ന് വട്ടം ഞാന്‍ വഴിയൊരുക്കി, അപ്പോഴാണ്‌ ഒരു ചിന്ത മനസ്സിലെത്തിയത്.. ഒരിക്കലും അതിനുള്ളില്‍ എന്താവും എന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല. അത്യാസന്നനിലയിലാണെങ്കില്‍ ബന്ധുക്കളെ അവസാനമായി കാണാനുള്ള ഒരവസരമാണത്. മരണത്തിന്‍റെയോ ജീവിതതിന്‍റെയോ ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ യുള്ള യാത്രയില്‍ പ്രിയപ്പെട്ടവരെ കാണാനുള്ള ഒടുവിലത്തെ നിമിഷങ്ങള്‍.എന്തും കേള്‍ക്കാനുള്ള മനസ്സവര്‍ക്കുണ്ടാവും.ഒരു പക്ഷെ നമ്മളോട് ഏറ്റവും അടുപ്പം അപ്പോഴാവും അവര്‍ക്ക് തോന്നുക.ചിലപ്പോഴെങ്കിലും പിരിയാന്‍ പോകുന്നവനു നല്‍കുന്ന അവസാന നിമിഷ സൌജന്യങ്ങള്‍ !
ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ക്യാഷുവാലിട്ടിയില്‍ കണ്ട കാഴ്ച ഓര്‍മ്മയിലെത്തുന്നു.മകന് കൂട്ടിരിക്കുമ്പോഴാണ് ജീവിതത്തില്‍ ആദ്യമായി മരണം കണ്ടത്.തൊട്ടടുത്ത കട്ടിലില്‍ സാമാന്യം പ്രായമുള്ള ഒരാള്‍. ഓക്സിജെന്‍ മാസ്ക് , സലൈന്‍, എല്ലാമുണ്ട്.കൂടെ നില്ക്കാന്‍ മക്കള്‍, ബന്ധുക്കള്‍..അയാള്‍ ആരെയും നോക്കുന്നതായോ ആരുടെയെങ്കിലും വിളി കേള്‍ക്കുന്നതായോ എനിക്ക് തോന്നിയില്ല.രണ്ടു കട്ടിലുകള്‍ക്കിടയില്‍ സ്ക്രീന്‍ വച്ച് മറച്ചിരുന്നതിനാല്‍ ഇടയിലൂടെയുള്ള കാഴ്ച മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഇടക്കെപ്പോഴോ അവരത് മാറ്റിയപ്പോഴാണ്‌ ഞാന്‍അയാളെ വ്യക്തമായി കണ്ടത്.കൂടെയുള്ളവര്‍ ഉറക്കത്തിലേക്കു വഴുതി വീണിരുന്നു. അയാള്‍ ശ്വാസംഎടുക്കാന്‍ ബുദ്ധിമുട്ടുന്നത് പോലെ തോന്നി.നെഞ്ചിന്‍ കൂട് വല്ലാതെ ഉയര്‍ന്നു താഴുന്നു.കൈ പതുക്കെയുയര്‍ത്തിയോ? ഒരു പക്ഷെ എന്നെ നോക്കിയതാവുമോ? ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചു പോയി. മേശമേല്‍ തലവച്ചുറങ്ങിയ നഴ്സിനെ വിളിച്ചുണര്‍ത്തി കാര്യം പറയുമ്പോഴേക്കും എല്ലാം തീര്‍ന്നിരുന്നു. അയാളുടെ കണ്ണുകള്‍ എന്‍റെ നേര്‍ക്ക്‌ തന്നെയായിരുന്നു നോക്കിയതെന്ന് എനിക്കുറപ്പായിരുന്നു.എന്നോടെന്തെങ്കിലുംപറയാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നോ?
നഴ്സുമാര്‍ അടുത്തിരുന്ന മകനെയും മകളെയും വിളിച്ചുണര്‍ത്തി മരണവിവരമറിയിച്ചു ദ്രുതഗതിയില്‍ അയാളെ അവിടെ നിന്നും പുറകിലൂടെയുള്ള വാതിലിലൂടെ കൊണ്ടുപോയി. ആശുപത്രികളില്‍ അങ്ങിനെയാണ് ജീവിതത്തിലേക്കൊരു വാതില്‍, മരണത്തിനു വേറെ ഒന്ന്.ജീവിച്ചിരിക്കുന്നവര്‍ക്ക് മരണം കാണുന്നത് വിഷമമായതു കൊണ്ടാവും.. മരണം കഴിഞ്ഞു പോകുമ്പോള്‍ പിന്നിലൂടെയുള്ള വാതിലിലൂടെ നിലവിളി ശബ്ദമില്ലാതെ ആംബുലന്‍സ് കടന്നു പോവുന്നു.വേര്‍പാടിന്റെ വേദനയില്‍ വിങ്ങുന്ന ഹൃദയവുമായി കൂടെ കുറച്ചു പേര്‍..തീര്‍ത്തും നിശബ്ദരായി..അവരുടെ കൈയില്‍ അയാള്‍ക്ക്‌ നല്‍കാന്‍ സാന്ത്വനങ്ങളില്ല..പ്രതീക്ഷകളും..

Wednesday, 12 November 2014

നീലക്കൊടുവേലി..


വളരെ ചെറുപ്പത്തില്‍ തന്നെ മനസ്സില്‍ തറഞ്ഞ ഒരു വാക്കാണത്..റാന്തലിന്റെ ഇത്തിരി വെട്ടത്തില്‍ ചീവിടുകളുടെയും പേരറിയാത്ത അസംഖ്യം ജീവികളുടെയും സംഗീതത്തിന്റെ അകമ്പടിയോടെ മനസ്സിലേറിയ വാക്ക് പിന്നെ പുറത്തു പോയില്ല..ആര്‍ത്തലച്ചു പെയ്യുന്ന കര്‍ക്കിടകക്കോളില്‍ വരാനിക്കുന്ന ഉരുള്‍ പൊട്ടലുകളെ കുറിച്ചുള്ള ആവലാതികള്‍ക്കിടയിലായിരുന്നു ആ കഥ ഉള്ളിലേറിയത്‌.

ഒരു ശുദ്ധികലശമെന്നോണം മലവെള്ളപ്പാച്ചിലില്‍ മീനച്ചിലാറ് സായൂജ്യമടയുമ്പോള്‍ ഏതോ ഒരു ഭാഗ്യവാനെ തേടിയെത്തുന്ന നീലക്കൊടുവേലി.ബാല്യത്തിന്‍റെ നിഷ്കളങ്കതയില്‍ നീലക്കൊടുവേലി കൂരിരുട്ടിലും തിളങ്ങുന്ന കണ്ണഞ്ചിപ്പിക്കുന്ന ശോഭയോടെ ജ്വലിച്ചുനിന്നു.ഇരുളിനെ കീറിമുറിച്ചു കൊണ്ട് ആ തിളക്കം മീനച്ചിലിന്റെ കുത്തൊഴുക്കില്‍ എന്‍റെ കൈകളിലെത്തുന്നതായി പല രാത്രികളിലും സ്വപ്നം കണ്ടുഞാന്‍ ഞെട്ടിയുണര്‍ന്നിരുന്നു.

ഭാഗ്യജാതക കഥകളില്‍ ഒന്നുമില്ലായ്മയില്‍ നിന്നും സൌഭാഗ്യത്തി ലെത്തിയ പാപ്പനും മക്കളും..അപ്പൊ കഥക്കിടയില്‍ ചോദ്യം വന്നേക്കാം..നീലക്കൊടുവേലി പണമാണോ? അറിയില്ല, അതെന്തു തന്നെയായാലും ആ കഥയില്‍ അവര്‍ കള്ള് കാച്ചി കാശുണ്ടാക്കിയതാണെന്നു  പറയുന്ന ദുഷ്ടലാക്കുകാ
രാണ് കൂടുതല്‍..ഞാനാവഴിക്കില്ല... അത് വിശ്വസിക്കാനിഷ്ടമില്ല അത്ര തന്നെ..
സപ്തനദീ തീര്‍ത്ഥമായ മീനച്ചിലാറും നീലക്കൊടുവേലിയുംഅനുഗ്രഹിച്ച ജന്മങ്ങള്‍.എന്തായിരിക്കാം അവര്‍ക്ക് കിട്ടിയിട്ടുണ്ടാവുക?നീലക്കൊടുവേലി ഐശ്വര്യവും സമ്പത്തുമാണത്രേ നല്‍കുക! അപ്പൊ മനസ്സുഖമോ? അതും കിട്ടിയിട്ടുണ്ടാവണം. അല്ലേ?അവര്‍ക്കൊക്കെ ഇപ്പോഴും സൌഭാഗ്യങ്ങളുണ്ടോയെന്നറിയില്ല..

ഞാനും ഒരു യാത്ര പോവുന്നു,നീലക്കൊടുവേലി തേടി..മോഹങ്ങളും മോഹഭംഗങ്ങളും ഒരു കുന്നിക്കുരുവിലടച്ചു സൂക്ഷിച്ച് മനസിലെ അശാന്തിയും വേദനകളുമകറ്റാന്‍ മീനച്ചിലാറ് എനിക്ക് വേണ്ടി കാത്തു വച്ച ആ നീലക്കൊടുവേലി  കൈയ്യെത്തിപ്പിടിക്കാന്‍..



Thursday, 6 November 2014

മറവിയില്‍ ആഴ്ന്നു പോകാത്തവര്‍..
ഓരോ മനുഷ്യനും ഓരോ കഥയാണ്‌, ചിലത് അവരില്‍ത്തന്നെ ഒതുങ്ങുന്നു, ചിലത് പലരിലെക്കൊഴുകുന്നു..ചിലതിനുത്തരം ലഭിക്കുന്നു, ചിലത് ചോദ്യ ചിഹ്നമായി അവസാനിക്കുന്നു.
ഇന്നലെയും ഞാന്‍ അവരെ കണ്ടതാണ് അയല്പ്ക്കത്തെ പണിക്കാരി,അധികം നാള്‍ ആയില്ല വന്നിട്ട്.എന്നാലും അത്ര പരിചയക്കുറവൊന്നുമില്ലാതെ എന്നോടും നന്നായി ഇടപഴകിയിരുന്നു. ഇന്നലെയും അയല്പ ക്കത്തെ വീടിന്റെ വരാന്തയില്നിുന്നു മുഖം നിറഞ്ഞൊരു ചിരി എനിക്കവര്‍ സമ്മാനിച്ചതാണ്‌..സാധാരണ എന്തെങ്കിലുമൊരു കുശലം പതിവുണ്ട്, ഇന്നലെയതുണ്ടായില്ല. ഇന്ന് രാവിലെ അറിഞ്ഞു അവരിനി വരില്ലെന്ന്, ഒന്നും പറയാതെ അവര്‍ ജീവിതത്തിനു ഒരു ദീര്ഘവിരാമം ഇട്ടത്രേ. എന്തിനായിരുന്നോ എന്തോ. ആ ചിരി സമ്മാനിച്ച ശൂന്യത ഒരു വല്ലാത്ത വേദനയായി നിറയുന്നു.. അവരുടെ മരണം തന്ന മൌനത്തിനു ഒരുപാടര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നു.
എല്ലാ വിലക്കപ്പെട്ട മരണങ്ങളും അങ്ങിനെയാണ്, മറവിയിലേക്ക് പോകാതെ ഓര്‍മ്മയുടെ നെരിപ്പോടെരിച്ചു കൊണ്ട് വേദന നീറ്റുന്നു..എന്തില്‍ നിന്നൊക്കെയോ ഒളിച്ചോടാന്‍ കൊതിച്ചാവും ഓരോരുത്തരും മരണത്തെ ക്ഷണിച്ചു വരുത്തുന്നത്, പക്ഷെ അവരറിയുന്നില്ല അവരുടെ അസ്ഥാനത്തുള്ള യാത്ര മറ്റുള്ളവരുടെ ജീവിതത്തെ എങ്ങിനെ പിടിച്ചുലക്കുന്നുവെന്ന്‍.
ഒന്നും പറയാതെ പിണങ്ങിപ്പോവും പോലെ ഒരുമിച്ചു യാത്രയായ രണ്ടു പഴയ സുഹൃത്തുക്കളെയോര്‍ക്കുന്നു.വിവാഹം കഴിഞ്ഞുള്ള വിരുന്നുകളിലൊന്നില്‍ ആയിരുന്നു അവരെ ആദ്യം പരിചയപ്പെട്ടത്‌.എപ്പോഴുംഒരുമിച്ചേ അവരെ കണ്ടിട്ടുള്ളു. ഒരുപാട് അടുപ്പമൊന്നുമില്ലാaയിരുന്നെങ്കിലും സുഹൃത് വലയങ്ങളിലെ ചര്‍ച്ചകളില്‍ അവരുടെ മക്കള്‍ പലപ്പോഴും വിഷയമായി.മിടുക്കരായ രണ്ടുകുട്ടികള്‍,രണ്ടു പേരും പിന്നീട് മെഡിസിനു പഠിക്കുന്നുവെന്നറിഞ്ഞു.എല്ലാവരുടെയും മുന്നില്‍ ഇത്രയും ഭാഗ്യം ചെയ്തവര്‍ വേറെ ഉണ്ടായിരുന്നില്ല.പക്ഷെ പെട്ടെന്നൊരുനാള്‍ അവര്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയാണെത്തിയത്,എന്തിനെന്ന ചോദ്യത്തിനുതരം ആരുടേയും കൈവശമുണ്ടായിരുന്നില്ല. മകന്‍റെ പ്രണയമാവാം കാരണമെന്നായിരുന്നു എല്ലാവരുടെയും സംശയം.ഊഹാപോഹങ്ങള്‍ക്കറുതിവരാന്‍ ഒരാഴ്ച , കാന്‍സറിന്‍റെ വേദന താങ്ങാന്‍ വയ്യാത്തതുകൊണ്ട് യാത്രയാവുന്നെന്നൊരു കുറിപ്പ് തപാലില്‍ !
"അമ്മ പോയാല്‍ അച്ഛന്‍ തനിച്ചാവും ! അത് കൊണ്ട് അച്ഛനെയും ഞാന്‍ കൂടെ കൂട്ടുന്നു" !"
ഒരമ്മ എന്ത് കൊണ്ടിങ്ങനെ ചെയ്തുവെന്നറിയില്ല.മക്കള്‍ക്ക്‌ അമ്മയുടെ രോഗം പുതിയ ഒരു അറിവായിരുന്നു! ഒരു രോഗത്തിന്റെ ഭയം, അതുണ്ടാക്കുന്ന വേദനകള്‍ ഒന്നും താങ്ങാനാവില്ലെന്നവര്‍ തീരുമാനിച്ചത്രേ!.എന്ത് കൊണ്ട് അവര്‍ മക്കളില്‍ നിന്ന് ഒളിപ്പിച്ചു എന്നറിയില്ല.ഒരു പക്ഷെ സ്നേഹക്കൂടുതല്‍ കൊണ്ടാവും ! പക്ഷെ ആ കുറിപ്പ് വരും വരെയുള്ള അവരുടെ ജീവിതം മരണതുല്യമായിരുന്നു..ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യങ്ങള്‍ക്കുമുന്പില്‍ ആ മക്കള്‍ക്ക്‌ ഉത്തരമുണ്ടായിരുന്നില്ല..
ഒരേ നൂലിഴയില്‍ രണ്ടു പേരുടെയും ആത്മാക്കളെ പട്ടം പരത്തും പോലെ പറത്തുമ്പോള്‍ പിന്നിലവശേഷിപ്പിച്ചതൊന്നും അവരോര്‍ത്തില്ല. ബാക്കി വച്ച് പോയ മക്കളുടെ ജീവിതമോ അവരുടെ ശൂന്യതയോ ഒന്നും! ജീവിതമവസാനിപ്പിക്കാനുള്ള അവരുടെ തീരുമാനത്തെ ഒന്നിനും മാറ്റാനായില്ല.
വിളിച്ചു വരുത്തുന്ന ഓരോ മരണങ്ങള്‍ക്കും പറയാന്‍ അവരുടേതായ ഓരോ കഥകളുണ്ടാവും, രോഗമോ,പ്രാരാബ്ധമോ,പരാജയങ്ങളോ, പട്ടിക നീളുന്നു..പക്ഷെ മരിച്ചവരുടെ മൌനം മറ്റുള്ളവരില്‍ അടിച്ചേല്പ്പി ക്കുന്ന അന്തമില്ലാത്ത ചോദ്യശരങ്ങള്‍ ഓരോ നിമിഷവും നമ്മെയും അവസാനനിമിഷത്തെ പ്രാണന്റെ പിടയലിലൂടെ കടത്തി വിടുകയല്ലേ?

Tuesday, 4 November 2014




ഒരു വീട്ടമ്മയുടെ വേവലാതികള്‍..

തന്ജാവൂരില്‍ അത്ര മോശമല്ലാത്ത മഴ പെയ്തു രാവിലെ..ചന്നം പിന്നം പെയ്ത മഴയ്ക്ക് ഇന്ന് വീട്ടുവേലക്കാരിയുമായുള്ള അങ്കം അകമ്പടിയായി..രണ്ടു മാസം തികഞ്ഞില്ല അവരെത്തിയിട്ടു..ഏതാണ്ട് അമ്പതിന് മുകളില്‍ പ്രായം വരും..വൃദ്ധരെ കൊണ്ട് പണിയെടുപ്പിച്ച് കൂടാ എന്ന താക്കീതു വകവയ്ക്കാതെയയിരുന്നു അവരെ ജോലിക്ക് വച്ചത് . അതൊരു പ്രായമായി എനിക്ക് തോന്നിയതുമില്ല.. 40 തികഞ്ഞ എനിക്ക് പ്രായമായി എന്നിത് വരെ തോന്നിയിട്ടില്ല..നാളെ അമ്പതായാലും അങ്ങിനെ തന്നെയായവാനെ തരമുള്ളൂ...
അല്പം കൂടുതല്‍ സംസാരിക്കുമെന്നൊഴിച്ചാല്‍ വലിയ കുഴപ്പമൊന്നും തോന്നിയില്ല..പക്ഷെ ദിവസങ്ങള്‍ മുന്‍പോട്ടു പോയപ്പോഴാണ് ബുദ്ധിമുട്ട് മനസ്സിലായത്..അവരുടെ കഥപുരാണം എന്റെ സ്വൈരത്തെ കെടുത്തി..ഒരുമാതിരി കരിയിലക്കിളികളുടെ ഇടതടവില്ലാത്ത ചിലക്കല്‍ പോലെ...കൂടുതലും ആത്മഗതങ്ങള്‍...ഏതാണ്ട് അടുത്തുള്ള മൂന്ന് നാല് സ്ഥലത്ത് താമസിക്കുന്നവരുടെയെല്ലാം ജീവചരിത്രം ഞാന്‍ പഠിക്കേണ്ടതായി വന്നു..ഇനി വരുന്ന ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞില്ലെങ്കില്‍ മുറുമുറുപ്പ്...ഞാനൊരു നല്ല ശ്രോതവാവാത്തത്തിന്റെ ഈര്‍ഷ്യ അവര്‍ പലവട്ടം പ്രകടിപ്പിക്കുകയും ചെയ്തു...ഒരു മാസം തികഞ്ഞപ്പോള്‍ സേവനം മതിയെന്ന് ഞാന്‍ വിനീതയായി അപേക്ഷിച്ചതാണ്..പക്ഷെ ആവലാതികള്‍ നിരത്തി അവര്‍ പിന്നെയും ഇടം നേടി..പക്ഷെ ഇന്നെന്റെ ക്ഷമയുടെ നെല്ലിപ്പലക കണ്ട ദിവസമായിരുന്നു...ഇടതടവില്ലാതെ സംസാരത്തിനും നാട് വര്‍ത്തമാനത്തിനും വിട..പുതിയ ആള്‍ നാളെ രംഗ പ്രവേശം ചെയ്യുന്നു..എങ്ങനാവുമോ ..എന്തോ..ദൈവം തുണ..

ഒരു പഴയ ഹിറ്റ്‌ ചിത്രത്തിന്‍റെ ഓര്‍മ്മയ്ക്ക്‌..


രാവിലെ ഏഷ്യാനെറ്റില്‍ ' ഏയ്‌ ഓട്ടോ ' എന്ന ചിത്രം കണ്ടു..ഏതാണ്ടു കാല്‍നൂറ്റാണ്ട്‌ പഴക്കമുണ്ട് ഈ ചിത്രത്തിന്...നാട്ടിന്‍പുറത്തെ ഓല മേഞ്ഞ ശ്രീ മുരുകാ ടാകീസിലാണ് കണ്ടതെന്നാണ് എന്റെ ഓര്‍മ്മ. സെക്കന്റ്‌ ഷോക്ക് പോയത് ഒരു പുതിയ ഓട്ടോയില്‍ ആയിരുന്നു..ആ സിനിമയുടെ പ്രചോദനതാലാണോ ആവോ ആ ഓട്ടോ ഡ്രൈവര്‍ക്കും ഉണ്ടായിരുന്നു സമാനമായ ഒരു പ്രണയം ! ഒരു ഓട്ടോ ഡ്രൈവര്‍ക്ക് പ്രേമിച്ചുകൂടാ എന്നല്ല...എന്തായാലും നല്ല ഒരു പ്രണയത്തിന്‍റെ കഥ കേള്‍ക്കാന്‍ അന്ന് സാധിച്ചു..അദ്ദേഹത്തിന്‍റെ പ്രണയം സഫലമായില്ല..പാവം ആ വിഷാദമുഖം ഇപ്പോഴും ഓര്‍മ്മയിലുണ്ട്...
സിനിമ ശുദ്ധ പൈങ്കിളിയായിരുന്നത് കൊണ്ട് പ്രേമം വിവാഹത്തില്‍ പര്യവസാനിച്ചു ..ശുഭം..
എന്തായാലും ഒരു നഷ്ട പ്രണയത്തിന്റെ ഓര്‍മ്മപ്പെടുത്തലായി രാവിലത്തെ ചിത്രം..മൊബൈലും , missed callum, sms ഉം മടുപ്പിക്കാത്ത മറന്നു പോയ പ്രണയത്തിന്റെ മധുരം ..പൈങ്കിളി ആണെങ്കിലും പ്രണയം മധുരമാണ്..സമ്മതിക്കാതെ തരമില്ല..
 — feeling nostalgic.




ന്യൂ ജെനെറെഷന്‍ ആവലാതികള്‍ ...

ഇന്ന് മകന്റെ സ്കൂളില്‍ അധ്യാപക രക്ഷാകര്‍ത്ത സമ്മേളനം ,ഇപ്പോഴതിനെ ഓപ്പണ്‍ ഹൌസ് എന്നാണ് പറയുക..പഴയ പേരെന്റ്റ് ടീച്ചേര്‍സ് മീറ്റിംഗ് എന്നുള്ള പേരൊക്കെ മാറ്റി..സ്കൂളില്‍ പോകുമ്പോള്‍ അമ്മയുടെ ഒരു getup ഒക്കെയവട്ടെ എന്ന് കരുതി കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്സാരീ ഉടുത്ത്നല്ല ഗമയില്‍ പോയി..നാലാം ക്ലാസ്സുകാരന്‍ അടുത്ത് വന്നു അടക്കത്തില്‍ ചോദിച്ചു "അമ്മയെന്താ സാരിയൊക്കെ ഉടുത്ത്?,അമ്മ സാരി ഉടുക്കാറില്ലല്ലോ.."അന്നത്തെ ഞെട്ടല്‍ ഇന്ന് വരെ മാറിയിട്ടില്ല..മൂത്ത മകനല്ലേ കുഴപ്പമുള്ളൂ, രണ്ടാമന്റെ സ്കൂളില്‍ ഈ അടുത്ത കാലത്ത് പോയി..സ്ഥിതി മാറ്റമില്ല..അവനും അതേചോദ്യം..സാരി ഭാരതത്തിലെ സ്ത്രീകളുടെ ദേശിയ വസ്ത്രമല്ലേ?ഒരു സംശയം ! അതോ മാറ്റിയോ? എന്തായാലും ന്യൂ ജെനെരഷ്ന്‍ സാരീയെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നില്ല...എന്റെ ചെറുപ്പകാലത്ത് സ്കൂളില്‍ അമ്മ വരുമ്പോള്‍ അധ്യാപകരുടെ മുന്പിലെത്തിയാല്‍ ആ സാരീതുമ്പില്‍ ഒളിക്കാനും കളിക്കാനുമൊക്കെ നല്ല രസമായിരുന്നു..ഷാരൂഖ്‌ ഖാന്റെ 8 പായ്ക്കും മിഖ സിങ്ങിന്റെയും ഹണി സിങ്ങിന്റെയും റാപ്പും ഇഷ്ടപ്പെടുന്ന 12 വയസ്സുകാരന് സാരിയെ ഇഷ്ടപ്പെടുത്താന്‍ ഇനിയെന്താ ഒരു വഴി?
ഇര്‍ഷാദ് നീ എവിടെയാണ്?
ഇന്നലെ മുതല്‍ ഞാന്‍ തേടുകയായിരുന്നു..ഒരു പഴയ ഫോട്ടോ..രണ്ടു വര്‍ഷംപഴക്കമുള്ള ഒരു കശ്മീര്‍ യാത്രയില്‍ കണ്ടു മറക്കാതെ പോയ ഒരു മുഖത്തെ...അയാളെ ഞാന്‍ ഇര്‍ഷാദ് എന്ന് വിളിക്കട്ടെ..അയാളുടെ മുഖം ആ ചിത്രങ്ങളില്‍ ഒന്നില്‍ ഉണ്ടാവുമെന്ന് എനിക്ക് തീര്‍ച്ചയുണ്ടായിരുന്നു..പലപ്പോഴും ഓര്‍മ്മയില്‍ അയാളെത്തിയെങ്കിലും ചിത്രം തിരയാന്‍ എന്റെ മടി അനുവദിച്ചില്ല..
പക്ഷെ വീണ്ടും കശ്മീരിന്റെ ചിത്രങ്ങള്‍ ടിവിയിലെ വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ അയാളും എന്റെ മനസ്സിലും അവിടെനിന്ന്‍ ഇവിടെയും എത്തി...അയാളെ ഞാന്‍ ആദ്യമായി കാണുന്നതു ശ്രിനഗറില്‍ വച്ചായിരുന്നു. വെളുത്തു ചുവന്നു നിറവും , നീണ്ട മൂക്കും , പ്രസ്സന്നത സഫുരിക്കുന്ന മുഖവുമുള്ള ഒരു കാശ്മീരി ..കൂടുതലൊന്നും അപ്പോള്‍ ശ്രദ്ധിച്ചില്ല..ഞങ്ങളുടെ യാത്രകളുടെ സാരഥിയും ഗൈഡുംഅയാള്‍ ആയിരുന്നു.. എന്തിനു? വളരെ കുറച്ചു സമയം കൊണ്ട് ഞങ്ങളില്‍ ഒരാള്‍ തന്നെയായി അയാള്‍ മാറി.. കൊച്ചുകുട്ടികളുടെതു പോലെ നിഷ്കളങ്കമായ മുഖം,കണ്ണുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ചിരി..ചിരിക്കുമ്പോള്‍ തീരെ ചെറുതാവുന്ന കണ്ണുകള്‍..എല്ലാം ഇന്നും നന്നായോര്‍ക്കുന്നു...
അപരിചതത്വം അല്പമൊന്നു കുറഞ്ഞപ്പോള്‍ കശ്മീര്‍ ആയിരുന്നു സംഭാഷണ വിഷയം..ഉറുദു അല്പം കലര്‍ന്ന ഹിന്ദി..ശ്രിനഗരിലെ പട്ടാള ക്യാമ്പുകള്‍ എനിക്ക് പുതുമയായിരുന്നു..പട്ടാളത്തെപറ്റിയും അവര്‍ കൈയ്യേറിയ പഴയ ബംഗ്ലാവുകളെപ്പറ്റിയുംഅടിക്കടിയുള്ള സമാധാനക്കേടുകളെപറ്റിയും അയാള്‍ സംസാരിച്ചു..കായ്ക്കാന്‍ മറന്നു പോയ ആപ്പിള്‍ മരങ്ങളെക്കുറിച്ചും,വിളവെടുക്കാനാവാതെ പോകുന്ന കൃഷിയിടങ്ങളെപ്പറ്റിയും വേവലാതിപ്പെട്ടു...വല്ലപ്പോഴും മാത്രം തുറക്കുന്ന സ്കൂളുകള്‍, അധികമൊന്നും പഠിക്കാതെ പോവുന്ന പെണ്‍കുട്ടികള്‍, 9 ആം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തിയ അയാളുടെ സഹോദരി..അപ്പോഴാണ്‌ വിഷയം ഇര്‍ഷാദിനറെ പഠിപ്പിലെത്തിയത്..ഡിഗ്രി എകണോമിക്സില്‍ ,അതും ഉയര്‍ന്ന മാര്‍ക്കോടെ..എന്നിട്ടും എന്തിനാണ് ഒരു ഡ്രൈവറുടെ ജോലി?..അയാള്‍ വീണ്ടും എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു..കാശ്മീരില്‍ വിനോദസഞ്ചാരത്തിനപ്പുറം ജോലിസാധ്യതകള്‍ കുറവാണ്..ഇത്രയും പ്രശ്നങ്ങള്‍ നിറഞ്ഞ ഇവിടുന്നു മാറി മറ്റെവിടെയെങ്കിലും ജോലി അന്വേഷിച്ചുകൂടെ എന്ന എന്‍റെ ചോദ്യത്തിനുള്ള ഉത്തരം ഇര്‍ഷാദ് ഒരു നിറഞ്ഞ ചിരിയില്‍ ഒതുക്കി..പ്രായമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ഉപേക്ഷിച്ചു സ്വന്തം നാട് വിടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും അയാള്‍ക്കാവുമായിരുന്നില്ല.."കശ്മീര്‍ ഹമാരാ മിട്ടി ഹേ, കഭി ഭി ച്ഹോട് നഹിം പായെന്ഗെ, ബാഹര്‍ ഗയാ തോ ധൂപ് മെന്‍ ജല്‍ ജായെന്ഗെ!" ഇര്‍ഷാദിന്റെ ഉത്തരം വ്യക്തമായിരുന്നു..വേദനയൂറുന്ന ആ ചിരിയില്‍ കണ്ണുകള്‍ നനഞ്ഞിരുന്നോ? അറിയില്ല...
ആ ഉത്തരം എവിടെയും ജീവിക്കാന്‍ പഠിച്ച ഒരു ശരാശരി മലയാളിയായ എന്നെ അത്ഭുതപ്പെടുത്താതിരിക്കുന്നതെങ്ങിനെ?പിരിയുമ്പോള്‍ ഫോണ്‍ നമ്പറും അഡ്രസ്സും കൊടുത്തേല്പ്പിച്ചാണ് ഞങ്ങള്‍ പുറപ്പെട്ടത്‌..കശ്മീര്‍ ദുരന്തവും യുദ്ധസമാനമായ അവസ്ഥകളും എന്നെ വല്ലാതെ വ്യാകുലപ്പെടുത്തുന്നു...ഇര്‍ഷാദ് നീ സുഖമായിരിക്കുന്നുവോ? നിനക്ക് വേണ്ടി എനിക്കെന്തു ചെയ്യാന്‍ കഴിയും എന്നെനിക്കറിയില്ല..പക്ഷെ, ദൂരെയൊരിടത്ത് നിന്ന് എന്‍റെ പ്രാര്‍ത്ഥനകള്‍ എന്നുമുണ്ടാവും..നിനക്ക് നല്ലതുമാത്രം വരട്ടെ..
ഉരഗപുരാണം..
പാമ്പ് പുരാണം എന്നെഴുതി തുടങ്ങിയാലോ എന്നലോചിച്ചതാണ്..പക്ഷെ കേരളത്തിന്റെ പുതിയ പദപ്രയോഗങ്ങളില്‍ പാമ്പ് എന്നാല്‍ മറ്റു ചില അര്‍ത്ഥങ്ങളുമുണ്ടിപ്പോള്‍ എന്നറിയുന്നു..ഏതായാലും നാനാര്‍ത്ഥത്തിനു പോകാതെ ശരിയായ പാമ്പിനെക്കുറിച്ച് ചിന്തിക്കാനപേക്ഷ...
മഴക്കാലം തുടങ്ങുമ്പോഴാണത്രേ പാമ്പുകള്‍ കൂടുതലും പുറത്തിറങ്ങുക.എന്തായാലും ആദ്യത്തെ മഴയ്ക്കാണ് ഇവിടെ അത് വിരുന്നിനെതിയത്..ഇനത്തില്‍ അണലി , അത്ര വലുതൊന്നുമല്ല, പെരുവിരലിന്റെ ഖനത്തില്‍ ഒന്നര അടി നീളത്തില്‍ നല്ല ശംഖുഅടയാളമിട്ട ഒരു സുന്ദരന്‍ ! സംപിന്‍റെ മൂടി പതുക്കെ ഒരു വശത്ത് നിന്നുയര്‍ത്തിയപ്പോഴായിരുന്നു മറു വശത്ത് ഒരനക്കം കണ്ടത്.ഇഴജന്തുക്കളെ എല്ലാം ഭയമായിരുന്നത് കൊണ്ട് കൂടുതല്‍ ചിന്തിക്കാതെ മൂടി കൈയില്‍നിന്ന് വിട്ടു.ഉറപ്പു വരുത്താന്‍ നോക്കിയപ്പോഴാണ് വിരുന്നുകാരനെ വ്യക്തമായി കണ്ടത്.തലയൊന്നു വെളിയില്‍ കാണിച്ചിട്ട് അത് മൂടിയുടെ അടിയിലേക്ക് പതുങ്ങി.അനങ്ങാന്‍ ശ്രമിച്ചിട്ട് അതിനു സാധിക്കാതെ വന്നപ്പോഴാണ് മൂടിയുടെ ഇടയില്‍ നടുഭാഗം കുടുങ്ങിയത്എനിക്ക് മനസ്സിലായത്.ആരെങ്കിലും മൂടി ഉയര്‍ത്തിയാലെ അതിനു നീങ്ങാനാവു.പക്ഷെ ,വെളിയില്‍ വന്നാലും ടാങ്കില്‍ വീണാലും എനിക്ക് പണിയാവുമെന്നത് കൊണ്ട് സഹായത്തിനാരെയെങ്കിലും വിളിക്കുന്നതാവും നല്ലതെന്ന് തോന്നി.
ആദ്യത്തെ കുറി വീണത്‌ എന്‍റെ നായര്‍ക്കു തന്നെ! ഏതാണ്ട് 15 അടി ദൂരെ നിന്ന് നോക്കിയിട്ട് അദ്ദേഹം പിന്‍വാങ്ങി.വീണ്ടുവിചാരമില്ലാതെ എന്തേലും ചെയ്തു കുളമാക്കേണ്ട എന്ന് കരുതിയിട്ടുണ്ടാവും.
അയല്പക്കത്തുനിന്നു ആരെയെങ്കിലും വിളിക്കാമെന്ന് കരുതി പുറത്തിറങ്ങിയപ്പോഴാണ് സൈക്കിളില്‍ അയാളുടെ വരവ്. അടുത്ത് പണിപൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന വീട്ടിലെ വാച്ച്മാന്‍.അയാളെ ഞാന്‍ ദിവസവും കാണാറുണ്ട്, തമിള്‍ സ്റ്റൈലില്‍ കൊമ്പന്‍ മീശയും നല്ല ഗൌരവവും! എന്റെ മുഖത്തെ പരിഭ്രാന്തി കണ്ടിട്ടാവും അയാള്‍ സൈക്കിള്‍ പതിയെയാക്കി.പരിചയക്കേടോന്നും കാണിക്കാതെ ഞാന്‍ സഹായം അഭ്യര്‍ഥിച്ചു. അയാളുടെ ഗൌരവവും ഗാംഭീര്യവുമൊക്കെ മാറിയത് പെട്ടന്നായിരുന്നു. നനുത്ത സ്ത്രൈണശബ്ദത്തില്‍ അയാള്‍ പറഞ്ഞു 'അമ്മാ പാമ്പ് എനിക്ക് ഭയം ! വേരെയാരാവതെ പാരുന്കെ!" നിമിഷങ്ങള്‍ക്കുള്ളില്‍ അയാളെ പറ്റി എന്‍റെ മനസ്സിലുള്ള ചിത്രം മാറി..ഫിലിം സ്റ്റാര്‍ സൂര്യസ്റ്റൈലില്‍ പിരിച്ചു വച്ച മീശയെവിടെ, പേടമാനിന്റെ പോലുള്ള നോട്ടമെവിടെ! മനസ്സിലെ ചില്ലിട്ടു വച്ച ഫയല്‍മാന്‍റെ ചിത്രം
തകര്‍ന്നു! കുറച്ചു സമയത്തേക്ക് പാമ്പും അതിന്റെ പൊല്ലാപ്പുകളും മനസ്സില്‍ നിന്നും എങ്ങോട്ടോ പോയി...പാമ്പിനെ ഉടനെ തുരത്തിയെങ്കിലും മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍! അതൊരു പക്ഷെ അയാളെ കാണുമ്പോള്‍ എന്റെ മുഖത്ത് വരുന്നുണ്ടാവും.എന്തായാലും പഴയ ഗൌരവമൊന്നുമില്ലാതെ ഒരു അയ്യോ പാവം മട്ടില്‍ പോകുന്ന അയാളെ കാണുന്നത് വിഷമം തന്നെ..ഒരു പാമ്പുണ്ടാക്കിയ വേദനകള്‍..വെറും വേദനയല്ല തീരാവേദനകള്‍!
ഒരു കൊച്ചു ഭൂലോകം...
ഈ കാണുന്നത് തന്ജാവൂരിലെ മൊബൈല്‍ ലൈബ്രറി.. എല്ലാ ദിവസവും രാവിലെ തൊട്ടു വൈകുന്നേരം വരെ ഒട്ടു മിക്ക തെരുവുകളും ചുറ്റുന്ന ഇത്തരം ലൈബ്രറികള്‍ ഇവിടെ സാധാരണം..
.കോവിലിലോ വിരുന്നുകള്‍ക്കോ പോകാനല്ലാതെ ഇവിടങ്ങളില്‍ സ്ത്രീകളെ അധികമൊന്നും പുറത്തു കാണാറില്ല.കൂടുതലും പുസ്തകങ്ങളും പിന്നെ ടെലിവിഷനിലെ തുടരനുകളും തന്നെ അവരുടെ നേരമ്പോക്ക്..മറിച്ചാക്കാന്‍ ഞാനൊരു ശ്രമം നടത്തിയതാണ്..അത്ര തന്നെ ഫലം കണ്ടില്ല, തീര്‍ത്തും ഒരു പരാജയമല്ല കേട്ടോ..
പുസ്തകങ്ങളിലേക്ക് മടങ്ങി വരാം,വളരെ പഴയ കാലം മുതല്‍ക്കു തന്നെ സഞ്ചരിക്കുന്ന ഈ ലൈബ്രറികള്‍ ഇവിടെയുണ്ടായിരുന്നുവത്രേ.എത്ര പുസ്തകങ്ങള്‍ വേണമെങ്കിലും എടുക്കാം, അടുത്ത ദിവസമോ അതിനടുത്ത ദിവസമോ തിരികെ നല്‍കണം.അത്ര കര്‍ശനമൊന്നുമല്ല നിയമങ്ങള്‍.അമ്പതു രൂപ മുതല്‍ ഇരുനൂറു രൂപ മാസവരി കൊടുത്താല്‍ മതി.ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് തിരെഞ്ഞെടുക്കുകയുമാവം.മലയാളത്തിലെ "മ"പ്രസിദ്ധീകരണനങ്ങള്‍ പോലെ ഉദ്വേഗജനകമായ തുടര്‍നോവലുകള്‍ ഉള്ള കുമുദം,കുങ്കുമം, മംകൈ മലര്‍, അവള്‍വികടന്‍,ആ നിര നീളുന്നു. പിന്നെ ഇത്തിരി ഗൌരവം ഇഷ്ടപ്പെടുന്നവര്‍ക്കായി തുഗ്ലക്കും , ആനന്ദവികടനും,കല്‍കിയും.
ആഴ്ചപ്പതിപ്പുകള്‍ക്കും മാസികകള്‍ക്കും പുറമേ ചെറിയ നോവലുകളും കിട്ടും. കോട്ടയം പുഷ്പനാഥ് സ്റ്റൈലില്‍ ക്രൈം നോവലുകള്‍എഴുതുന്ന രാജേഷ് കുമാറും,സുജാതയും ,രമണിചന്ദ്രനും, ശിവശങ്കരിയുമെല്ലാം വായനക്കാര്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ.. പുസ്തകങ്ങള്‍ അത്ര വലുതും ഗഹനവുമല്ലാത്തതു കൊണ്ടാവുംപെട്ടന്ന് വായിച്ചു തീര്‍ത്തു അടുത്ത നാള്‍ വീണ്ടും പുതിയ പുസ്തകങ്ങള്‍ക്കായി തമിള്‍ പെണ്മണികള്‍ കാത്തിരിക്കുന്നത്..സൈക്കിള്‍ ബെല്‍ കേള്‍ക്കുമ്പോള്‍ ഇറങ്ങി വരുന്ന അവരെ കാണാനും നല്ല രസമാണ്..പെണ്മണികള്‍ മാത്രമാണ് വായനക്കാര്‍ എന്ന് ധരിക്കരുത്.അവരാണ്‌ പ്രധാന വായനക്കാര്‍ എന്ന് മാത്രം..
ടിവിയുടെയും ചാനലുകളുടെയും അതിപ്രസരത്തിനു മുന്‍പ് മാസികകളുംആഴ്ചപ്പതിപ്പുകളും തന്നെയായിരുന്നല്ലോ മലയാളിയുടെ പൂമുഖം അലങ്കരിച്ചിരുന്നത്..നമുക്കും വേണ്ടേ വായനയിലേക്കൊരു തിരിച്ച് പോക്ക്..