എനിക്കൊരു കാൽപെട്ടി വേണം. അരികുകളിൽ പിത്തള തകിടുകൾ പിടിപ്പിച്ച എന്നാൽ അത്രക്കൊന്നും മോടി പിടിപ്പിക്കാത്ത ഒരു കാൽപെട്ടി. അരികും മൂലകളും നന്നേ മിനുസ്സപ്പെടുത്തിയതാവണം. താക്കോലിനുള്ളിൽ ദ്വാരമുണ്ടായിരിക്കണം. പഴുതിലൂടെ അകത്തു ചെന്ന് ഇണയെ കണ്ടെത്തിയാൽ മാത്രം തുറക്കുന്ന പൂട്ടാവണം. കരി വീട്ടിയുടെ കാതൽ നേർത്ത ഘനത്തിൽ പലകയാക്കി ചിന്തേരിട്ടു മിനുപ്പിച്ച പുറം. പിത്തള തകിട് പിടിപ്പിച്ച കാലുകൾ. രാത്രി കട്ടിൽ കീഴിൽ നിന്നൊന്നു വലിച്ചാലും ശബ്ദമുണ്ടാക്കാത്തവ ആകട്ടെ . കിട്ടുപ്പണിക്കനെപ്പോലുള്ളൊരെ കിട്ടാനൊക്കെ വിഷമമാണ്, എന്നാലും കിട്ടുന്ന നല്ല തച്ചന്റെ കര വിരുതിൽ മിനുങ്ങട്ടെ പുറം. എന്റെ വച്ചിരുപ്പുകൾക്കായി, സൂക്ഷിപ്പുകൾക്കായി ഞാൻ മാത്രം തുറക്കുന്ന എന്റെ സ്വകാര്യതയായിരിക്കട്ടെ അത്.
ആകെ കണ്ടുമറന്ന കാൽപ്പെട്ടി മുത്തശ്ശിയുടേതാണ്. മുത്തശിയുടെ കാല്‍പെട്ടിക്കുള്ളില്‍ കാര്യമായൊന്നും ഉണ്ടായിരുന്നില്ല. ആ കാല്പെട്ടി പലപ്പോഴും തുറന്നു കണ്ടിട്ടുണ്ട്. മുകളിലെ മൂടിയില്‍ നീളത്തില്‍ പിടിപ്പിച്ച ചെറിയ കള്ളികള്‍. എന്തെങ്കിലും കടലാസോ മറ്റോ വെക്കാറുണ്ടായിരുന്നിരിക്കും. പഴേ ചില കത്തുകളും നീല നിറത്തിലുള്ള ഇന്‍ലണ്ടുകളും , ചന്ദനനിറത്തിലുള്ള പോസ്റ്റ് കവറുകളും, കാർഡുകളും.....എന്തിനായിരുന്നു ഇൻലൻഡുകൾ എന്നറിയില്ല. മുത്തശ്ശി വായിക്കുന്നതല്ലാതെ എഴുതുന്നത് കണ്ടിട്ടേയില്ല. ആകെയുള്ള എഴുത്ത് പത്താഴത്തിന്റെ വശങ്ങളിൽ മലയാള ലിപികളിൽ എനിക്ക് മനസ്സിലാകാത്ത അക്കങ്ങൾ എഴുതിയിരുന്നതാണ് . എടുക്കുന്ന നെല്ലിന്റെ അളവിനപ്പുറം മുത്തശ്ശിക്ക് എഴുതാനൊന്നും ഉണ്ടായിരുന്നിട്ടുണ്ടാവില്ല. ഇന്നാണെങ്കിൽ അക്കങ്ങൾ എഴുതിയെഴുതി പാവം മടുത്തു പോയേനെ. ഇന്നത്തെ ജീവിതം അക്കങ്ങളിലൂടെ മാത്രമേ ചരിക്കുന്നുള്ളു. മേൽവിലാസങ്ങൾ ഇല്ലാത്ത വെറും അക്കങ്ങളുടെ നിര, ടെലിഫോൺ നമ്പറുകൾ.പണ്ടത്തെ പോലെ കലണ്ടറിൽ എഴുതി വയ്ക്കാനൊന്നും പറ്റില്ലല്ലോ, നോട്ടുപുസ്തകങ്ങളിലോ മറ്റോ കുറിച്ചാൽ കൂനനെറുമ്പുകൾ നിരയായി പോകും പോലെ, അക്കങ്ങൾകൊണ്ടുള്ള പുതിയ തിരിച്ചറിയൽ കാർഡുകൾ. തൊടിയും, വീടും, കരയും തപാലാപ്പീസും ഒന്നും ഓർത്തുവയ്ക്കേണ്ടതില്ലാത്ത പുതിയ മേൽവിലാസങ്ങൾ.
കാൽപെട്ടിക്കുള്ളിൽ വശങ്ങളിൽ രണ്ടു കള്ളികൾ. ഒന്നിന്റെ അടപ്പു പലക ചീന്തുകൾ അടിച്ചത്. അതിൽ ഉണങ്ങിത്തുടങ്ങിയ ഒരു കൈത പൂവ് . പെട്ടി തുറക്കുമ്പോൾ തന്നെ മയക്കുന്ന ഗന്ധം , വെറുതെയല്ല പുടവയുടെ ഗന്ധത്തിൽ ഗന്ധർവ്വൻ മയങ്ങീന്നൊക്കെ കഥകളിൽ കേട്ടിരിക്കുന്നത് ! അടുത്ത കള്ളിയിൽ പിങ്ക് വർണ്ണ കടലാസ്സിൽ പൊതി . വെള്ളിയിലും സ്വർണ്ണ നിറത്തിലുമുള്ള ഒന്നോ രണ്ടോ കുടുക്കുകൾ, റൗക്കയുടേത്. തങ്കപ്പൻ മൂപ്പരുടെ അടുത്ത് നിന്നു പ്രത്യേകം പണിയിച്ചു വാങ്ങുന്നതാണ്. മറ്റൊരു പൊതിയിൽ പടി വച്ച ഈരെഴ മുത്ത് മാല. അല്ലാതെ മറ്റ് ആഭരണങ്ങളൊന്നുമില്ല. നീളത്തിൽ ഞാന്നു കിടക്കുന്ന തുളകളുള്ള കാതുകളായിരുന്നു മുത്തശ്ശിയുടേത് ഓല ചുരുട്ടി വച്ച് വലുതാക്കിയ തുളകൾ. തുള വലതായതു കൊണ്ടാവും കമ്മലിട്ടു കണ്ടിട്ടേയില്ല. പണ്ടെപ്പോഴോ ചിറ്റുണ്ടായിരുന്നുവെന്നു കേട്ടിട്ടുണ്ട്...
മൽമൽ തുണി കൊണ്ടുള്ള രണ്ടോ മൂന്നോ അലക്കിയ റൗക്കകൾ, ബാലരാമപുരം കൈത്തറിയുടെ മുണ്ടും നേര്യതും , കറുത്ത പുളിയിലക്കരയൻ ഒന്ന്, കരിം പച്ച, കര തൊട്ടശുദ്ധമാക്കാത്ത കസവു കരയൊന്ന് . രണ്ടു കച്ച തോർത്തും രണ്ടോ മൂന്നോ മന്മൽ മുണ്ടും. പുറത്തേക്കിറങ്ങുമ്പോൾ എന്തു വേഷം വേണമെന്ന സംശയമൊന്നും ഒരിക്കലും വന്നിട്ടുണ്ടാവില്ല, തീർച്ച.
മുത്തശന്‍ പറയും മുത്തശിയുടെ വച്ചിരുപ്പുകള്‍ മുഴുവന്‍ ആ കാല്പെട്ടിയിലാണെന്ന് . തുറന്നു കണ്ടപ്പോഴൊന്നും അങ്ങിനൊന്നു ഞാന്‍ കണ്ടിട്ടില്ല. അത്ര കൌതുകത്തോടെ കാണാനൊന്നും അതിലുണ്ടായിരുന്നില്ല എന്നാണു തോന്നുന്നത്. ആര്‍ക്കും എടുക്കാന്‍ പാകത്തില്‍ കട്ടിലിനു തലയ്ക്കലെ ജനാലയുടെ കൊളുത്തില്‍ തൂക്കിയ പ്ലാസ്റ്റിക് വള്ളികൾ പിന്നലിട്ടുണ്ടാക്കിയ സഞ്ചിക്കുള്ളിലെ ഒരു കായ സഞ്ചിക്കുള്ളിലായിരുന്നു കാല്പെട്ടിയുടെ താക്കോല്‍. അതിനൊപ്പം പത്താഴത്തിന്റെയും ചായ്‌പ്പിന്റെയും താക്കോലുകള്‍. ഇതൊന്നും പൂട്ടി സൂക്ഷിക്കുന്നതൊരിക്കലും കണ്ടിട്ടേയില്ല. പിന്നെന്തിനാണാവോ താക്കോൽ?
വില പിടിപ്പുള്ളതൊന്നും ഇല്ലാതിരുന്നിട്ടും, ഇല്ലാത്ത കാര്യത്തിനു പിണങ്ങി വലിയമ്മായി ഒരിക്കല്‍ മുത്തശിയുടെ കാല്പെട്ടി തുറന്നു. കോടി മണക്കുന്ന മുണ്ടും നേരിയതും തനിക്കു വേണമെന്ന് പറഞ്ഞു കൊണ്ട് പോകുകയും ചെയ്തു. കൂടെ വെള്ളോട്ടിന്‍ കിണ്ടിയും നിലവിളക്കും. ചോദിച്ചിരുന്നെങ്കില്‍ സന്തോഷത്തോടെ കൊടുക്കുമായിരുന്നില്ലേ, ആവോ ! പിടിച്ചു വാങ്ങലുകളുടെ രസം അനുഭവിക്കാനാവുമോ ആവോ അമ്മായി അന്നങ്ങനെ ചെയ്തത്. ചിലര്‍ അങ്ങനെ ആണ്, എല്ലാം പിടിച്ചു വാങ്ങാന്‍ ശ്രമിക്കും. സ്നേഹം പോലും! പുതു മഴയില്‍ പെയ്യുന്ന ആലിപ്പഴങ്ങള്‍ പോലെ പിടിച്ചു വാങ്ങുന്നവ നൊടിയിടയിലലിഞ്ഞു തീരുമെന്ന് മനസ്സിലാകാതെ പിന്നെയും ഓരോന്നിനുവേണ്ടി മുറവിളി കൂട്ടുകയും ചെയ്യും. സ്നേഹത്തിന്റെ വിചിത്ര വഴികൾ!
മുത്തശ്ശിയുടെ മരണം ഓർക്കാപ്പുറത്തായിരുന്നു. " ഞാൻ പോയാലേ നീയെന്റെ വിലയറിയൂ" എന്ന മുത്തശ്ശന്റെ സ്ഥിരം പല്ലവിയെ മറികടന്നു മുത്തശ്ശി മുന്നേ പോയി. പത്താഴത്തിൽ വേണ്ടുവോളം അരിയും, ഭരണികളിൽ, ഉപ്പേരിയും, ചക്ക വരട്ടിയതും നിറച്ചു വച്ചിട്ട് തിരക്കിട്ടെങ്ങോട്ടാണോ പോയത് ? നേരം വൈകി പുഴയിലേക്ക് കുളിക്കാൻ പോയ പോലെയൊരു യാത്ര.
ചടങ്ങുകൾ കഴിഞ്ഞു ഒരുച്ചക്കാണ് വലിയമ്മായി മുത്തശ്ശിയുടെ കാൽപ്പെട്ടി തുറന്നത്. "നോക്കീം കണ്ടുമൊക്കെ വേണം തുറക്കാൻ !അവളെന്തൊക്കെയാ വച്ചിരിക്കുന്നത് എന്നറിയില്ല, മറ്റുള്ളോരു തുറക്കണതൊന്നും അവൾക്കു പിടിച്ചൂന്നു വരില്ല " എന്നൊക്കെയുള്ള മുത്തശ്ശന്റെ പറച്ചിലുകൾ അമ്മായിമാർ കേട്ടോ ആവോ. പെട്ടിക്കുള്ളിൽ കൈതപ്പൂ ഉണങ്ങിപൊടിയാറായിരുന്നു. അതിന്റെ ഗന്ധം ആത്മാവിലെപ്പോഴോ അലിഞ്ഞിരിക്കുന്നു. അതവിടെ നിന്നുപോയാലും ആ ഗന്ധം എന്നെ വിട്ടൊഴിയില്ല , തീർച്ച..
"നീയിങ്ങോട്ടു വരൂ , ഇത് നിനക്കിരിക്കട്ടെ എന്ന് വലിയമ്മായി " , തറവാട്ടിലെ ഏക പുരുഷപ്രജയുടെ മകളെന്ന സ്ഥാനത്തിനാവും എന്റെ കൈയിൽ അച്ഛന്റെ കടുക്കനും ,മുത്തശ്ശിയുടെ ഈരേഴ മുത്തുമാലയും, കടുത്ത പിങ്ക് നിറമുള്ള മുത്തശ്ശിയുടെ കരസ്പർശമുള്ള അതേ കടലാസ്സിൽ. കാൽപെട്ടി അനാഥമായി അവിടുണ്ടായിരുന്നു , പിന്നെയും വളരെക്കാലം, അതിന്റെ അവകാശികൾ തറവാട് ഭാഗത്തിനാവും എത്തിയിട്ടുണ്ടാവുക. ആർക്കും വേണ്ടാത്ത സാധങ്ങളുടെ ലിസ്റ്റിൽ അതും, ഭരണിയും , കൽച്ചട്ടികളും ഒക്കെ പാതിയമ്പുറത്തു കിടന്നിരുന്നൂന്നാണോർമ്മ. ഓർമ്മകൾ പൊടിതട്ടാനുള്ള കാലമാണിപ്പോൾ, ചില ഓർമ്മകളാവട്ടെ മനസ്സിനെ ചില ആഗ്രഹങ്ങളിലേക്കെത്തിക്കുന്നു. ഇപ്പൊ അതിന്റെ രൂപം കാൽപ്പെട്ടിയാണ്.

പല നിറങ്ങളിലുള്ള സാരികള്‍ നിറച്ച വലിയ രണ്ടലമാരികള്‍. എങ്ങോട്ടെങ്കിലും പോകാനിറങ്ങുമ്പോള്‍ എപ്പോഴും ചിന്താക്കുഴപ്പമാണ് അടുക്കിയടുക്കി വച്ച വസ്ത്രങ്ങള്‍ക്കിടയില്‍ നിന്ന് ഏതു വേണം തിരഞ്ഞെടുക്കാനെന്ന്. വാങ്ങിയതിലേറെ പങ്കും മറ്റുള്ളവരുടെ ഇഷ്ടത്തിന്. "നിനക്കിതു ചേരും" എന്ന മൊഴിയില്‍ തിരഞ്ഞെടുപ്പവസാനിപ്പിച്ചു മടക്കുകളിലൊതുങ്ങി അലമാരയില്‍ ശ്വാസം മുട്ടുകയാണ്. അതിനോടൊക്കെ ഇനി യാത്ര പറയാം. തിരഞ്ഞെടുപ്പുകൾ എന്നെയും ശ്വാസം മുട്ടിക്കുകയാണിപ്പോൾ.
എന്റെ ഇഷ്ടങ്ങളിൽ ഒതുങ്ങുന്ന രണ്ടോ മൂന്നോ ജോഡി വസ്ത്രങ്ങൾ , പഴയ ചില കത്തുകൾ, ഒരു കൈതപ്പൂ , ഇത്തിരി സ്നേഹം, എന്നെയും കാത്തിരിക്കുന്ന പ്രണയം , ഇനിയും കാണാനിരിക്കുന്ന സ്വപ്നങ്ങൾ , പഴയ ഈരേഴ മുത്തുമാല , ഇത്രയുമുള്ള എന്റെ സമ്പാദ്യങ്ങൾക്കായി ഒരു കാൽപ്പെട്ടി മതി. കരിവീട്ടിയുടെ കാതൽ കൊണ്ടുണ്ടാക്കിയ ഉറപ്പുള്ള ഒരു കാൽപെട്ടി..