Friday, 27 November 2015

അമ്മൂട്ടിയും ഗന്ധര്‍വന്മാരും.. ഗന്ധര്‍വന്മാര്‍ എപ്പഴാ വരിക? രാത്രിയിലോ പകലോ? അതോ നേരവും കാലവും ഒന്നും നോക്കാതെയാണോ? പൌര്‍ണമിക്കും അമാവാസിക്കും പ്രത്യക്ഷപ്പെടാന്‍ മാത്രം വിധിക്കപ്പെട്ടവരാണോ അവര്‍.ഇനിയിപ്പോ സമയം തെറ്റി വന്നാലല്ലേ അവര്‍ക്കങ്ങിനെയൊക്കെ വരാന്‍ പറ്റുമോ എന്ന് തീര്‍ച്ചപ്പെടുത്താനാവൂ. .അമ്മൂട്ടിയുടെ സംശയങ്ങള്‍ നീളുകയാണ്.. വടക്കെലേക്കു പോണെങ്കില്‍ അമ്മോടോന്നു ചോദിക്കുകയെ വേണ്ടൂ. സന്ധ്യകഴിഞ്ഞാല്‍ ചേരുമരങ്ങള്‍ക്കിടയിലൂടെ പോകാന്‍ വിലക്കുംന്നെയുള്ളൂ. "വല്ല ബാധയോറ്റെ കൂട്യാലോ?" ബാധകളൊക്കെ മരത്തുംമ്മല് വവ്വാലുകളെപ്പോലെ തലകിഴുക്കനാമ്പാട് തൂങ്ങിക്കിടക്ക്വാണോ ആവോ? ബാധകള് വേണ്ടാന്ന്..കണ്ണും തുറിച്ചു നാക്കും വെളീലിട്ടു ആകെ പേടിപ്പിച്ചാലോ?

പക്ഷെ ഗന്ധര്‍വന്‍എന്ന് കേള്‍ക്കാന്‍ തന്നെ എന്തു രസാണ്...കണ്ടാല്‍എങ്ങിനെയാവോ? നല്ല ഭംഗീണ്ടാവും, വീണ വായിക്കും, പാട്ടൊക്കെ പാടും, പിന്നെയും എന്തൊക്കെയാ കഥകള്‍..സിനിമയിലുമുണ്ടുട്ടോ..ഗന്ധര്‍വക്ഷേത്രം എന്നൊരു സിനിമേല് , പക്ഷെ ഒടുവില് കണ്ടൂ അയാള് ഗന്ധര്‍വനായിരുന്നില്ലാന്ന്, മനുഷ്യനായിരുന്നു.. അപ്പഴേ തൊട്ടു വിചാരിക്കണതാണ്, പറ്റിയാല്‍ ഒന്ന് നേരില്‍ കാണണം എന്ന്..ഗന്ധര്വനായി വന്ന് ഒടുവില്‍ മനുഷ്യനായാലോ? മീനഭരണി കഴിഞ്ഞേപ്പിന്നെയാ കാത്തു കാത്തിരുന്നിട്ട് ഗന്ധര്‍വന്‍ പോലൊന്ന് വന്നത്..ഗന്ധര്‍വന്‍ പോലെയോ? അതോ ഗന്ധര്‍വന്‍ തന്നെയോ? വെറുതെ നിലാവത്തു വടക്കെപ്പ്രത്തു നിന്നല്ലേയുള്ളൂ. പാലപ്പൂവിന്റെ ഗന്ധമൊന്നും വന്നതുമില്ല. എന്നിട്ടും മേലാകെ തിണര്‍ത്തു കിടന്നു. മുഖത്തും കഴുത്തിലും വിരലടയാളങ്ങള്‍ പോലെ..കാറ്റിലെന്തെങ്കിലും പറന്നു വന്നതാവുമെന്നെ കരുതിയുള്ളൂ..രണ്ടു ദിവസം, പാട് പോലും നിക്കാതെ അതെല്ലാം എങ്ങട്ടോ പോയില്ലേ?
അടുത്ത പൌര്‍ണമിക്കും പിന്നെയുള്ള പൌര്‍ണമികള്‍ക്കും കഥ തുടര്‍ന്നപ്പോഴല്ലേ ഉറപ്പിക്കാനായുള്ളൂ.പുള്ളുവത്തി നാവേറ് പാടുമ്പോള്‍ സര്‍പ്പത്താന്മാരെയും മാനത്തൂടെപ്പോയ യക്ഷന്മാരെയും വര്‍ണ്ണിച്ചപ്പോള്‍ അമ്മൂട്ട്യുടെ മനസ്സ് നിറയുകയായിരുന്നു.. മീനം കഴിഞ്ഞിപ്പോള്‍ ചിങ്ങമായിരിക്കണൂ, പൌര്‍ണമി കണക്കു തെറ്റിച്ചതേയില്ല. അമ്മൂട്ടിയുടെ തിണര്‍പ്പുകള്‍ അവളുടെ കവിളുകളെ ചുവപ്പിച്ചു..ചുവപ്പിച്ചു കൊണ്ടേയിരുന്നു.. തിണര്‍പ്പിനു മരുന്നെന്താ? ദൃഷ്ടി ദോഷത്തിനു നൂലും, പിന്നെ ജപിച്ച പഞ്ചസാരയും, അതും ഫലിക്കാഞ്ഞപ്പോള്‍ കൊല്ലന്‍ വൈദ്യന്റെ കഷായവും.. "ഇതോണ്ട് മാറണ്ടതാണ്, ഈ കുട്ടിക്കെന്താ മാറാത്തെ?" വൈദ്യന്റെ ആത്മഗതം കേട്ട് അമ്മൂട്ടിയുടെ ചുണ്ടില്‍ ചിരി ! എങ്ങിനെ അടക്കിയോ ആവോ? കഷായം കുടിച്ചു ഗന്ധര്‍വനെ അകറ്റാനൊ? അമ്മൂട്ടിയുടെ ജനാലയുടെ വെളിയില്‍ കഷായക്കറകള്‍ ആരും കണ്ടതേയില്ല..അവളുടെ സ്വപ്നത്തിലെ ഗന്ധര്‍വന്‍, പൌര്‍ണമികള്‍ക്കപ്പുറവും അമാവാസികള്‍ക്കിപ്പുറവുമുള്ള ദിവസങ്ങളിലെക്കും ചെക്കേറിക്കൊണ്ടിരുന്നു...





Monday, 5 October 2015



ആനന്ദിയും ഏണിപ്പടികളും




ആനന്ദിയ്ക്കേറ്റവും  ഇഷ്ടം മച്ചിലെക്കുള്ള തടിഗോവണിപ്പടികള്‍ ഏറാനും ഇറങ്ങാനുമായിരുന്നു. അതും പട പടയെന്നു എന്റെ ചങ്കിടിപ്പിച്ചുകൊണ്ട്. പടിക്കെട്ടുകളേറും പോലെ എളുപ്പം മറ്റൊന്നില്ലെന്നവള്‍ പറഞ്ഞു, മച്ചിലെ മരപ്പട്ടികള്‍ ഒളിയിടങ്ങള്‍  തേടിയോടി. ഭഗവതി എന്ത് ചെയ്‌തോ ആവോ.

         ബാല്യത്തില്‍ നിന്നും വല്ലതൊന്നു പകച്ചു ഞാന്‍  കൌമാരത്തിന്‍റെ പടിക്കെട്ടേറുകയായിരുന്നു. എനിക്കേറ്റവും വിഷമം തോന്നിയതും അപ്പോഴായിരുന്നു. ചുറ്റുമുള്ളതില്‍ നിന്നെല്ലാം വേറിട്ട്‌  ഇലയനക്കങ്ങള്‍ പോലും അറിയാതെ ഒഴുകിയൊഴുകി ഞാന്‍ എവിടെക്കോ ഒക്കെ നീങ്ങുമ്പോഴാണ്‌, കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച്മഞ്ചാടിമണികള്‍ വാരിവിതറിയതുപോലെ കിലുങ്ങിക്കൊണ്ട് അവള്‍ എത്തിയത്.

 ചിരിക്കുമ്പോള്‍ അല്പമൊന്നു ചുവക്കുന്ന കവിളുകളുള്ള , നിരതെറ്റിയ പല്ലുകള്‍ മോടിപിടിപ്പിച്ച ചിരിയുള്ള ആനന്ദി , ആരോടും കയര്‍ക്കാന്‍ മടിയില്ലാത്ത ആരെയും വകവയ്ക്കാത്ത ,എന്റെ സൌഹൃദചില്ല വിട്ടൊരിക്കലും പോവാതിരുന്നവള്‍. ഞാനറിയാതെ തന്നെ എന്നിലലിഞ്ഞവള്‍. എന്നോടോപ്പമുണ്ടായിരുന്ന കാലമത്രയും നേര്‍ പാതിയായവള്‍. അകന്നപ്പോള്‍  കത്തുകളിലൂടെയായിരുന്നു, ഇടവേളകളില്‍ ചെറിയ കണ്ടുമുട്ടലുകള്‍. ഒന്നോ രണ്ടോ ദിവസം ഒരുമിച്ച്‌. മുജന്മ നിയോഗം പോലെ ഞങ്ങള്‍ കൂടുതലടുത്തു.കത്തുകളിലെ വരികള്‍ക്കിടയില്‍ ഇടയ്ക്കു ഒളിപ്പിക്കാറുള്ള കൊച്ചു കൊച്ചു സങ്കടങ്ങള്‍ തിരിച്ചറിയാന്‍ അവള്‍ക്കേ കഴിഞ്ഞുള്ളൂ. ഏതു ബ്രഹ്മാണ്ഢ പ്രശ്നത്തെയും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കാനുള്ള മാന്ത്രിക വിദ്യ വശമാക്കിയാണ് അവള്‍ ജനിച്ചതെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

"തമാശ കളയൂ കുട്ടീ. പറയു ഇന്നോട് പറയാതെന്തോക്കെയാ ഉള്ളില്‍ ? ഓരോന്നായിട്ട് പോരട്ടെ. നുണയാണ്‌ച്ചാല്‍ നിര്‍ത്തിക്കോ. ഒക്കേം അറിയാനുള്ള വിദ്യ എനിക്കറിയാട്ടോ.." നുണ പറയാനോ?ചിന്തിക്കാന്‍ കൂടി അവളുടെ മുന്നില്‍ പറ്റില്ല ..വല്ലാത്തൊരു പിറപ്പല്ലേ..കൊച്ചു കൊച്ചിഷ്ടങ്ങളില്‍ നിന്നും വളര്‍ന്ന പ്രണയവും വേര്‍പാടും എല്ലാം അവളേ അറിഞ്ഞുള്ളൂ. തിരിച്ചങ്ങോട്ടും അങ്ങിനെ തന്നെ.

 പ്രതീക്ഷിക്കാത്ത സന്ദര്‍ശനങ്ങള്‍ , അവളെപ്പോഴും അങ്ങിനെയായിരുന്നു. ചിലപ്പോള്‍ നേരം വൈകിയും ഡോര്‍ ബെല്ലടിച്ച്, ഞാനെത്തുമ്പോള്‍   വാതിലിനു പിന്നില്‍ ഒളിഞ്ഞു നിന്ന് കുട്ടികളെപ്പോലെ  ഭയപ്പെടുത്തി. ഭയത്തിനൊടുവില്‍ ഞാന്‍ ചിരിക്കുമ്പോള്‍ എന്നെ ചുറ്റിപ്പിടിച്ചു വട്ടം കറങ്ങി. കിതപ്പടങ്ങുമ്പോള്‍ വീണ്ടും ചിരിച്ചു. രാത്രിയില്‍ ചെമ്പകപ്പൂവിന്റെ ഗന്ധം പരക്കുന്നതറിഞ്ഞു. ഞങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ എന്നും കുട്ടികളായിരുന്നു.

ജനാലയിലൂടെ പേരറിയാത്ത പൂവുകളുടെ ഗന്ധം പരക്കും വരെ ഞങ്ങള്‍ സംസാരിച്ചു. രാത്രിയെപ്പോഴോ ഉറങ്ങിയോ? അതോ ഞങ്ങള്‍ വെളുപ്പിക്കാന്‍കാത്തിരുന്നോ? ഒരു ചിരിയ്ക്കപ്പുറമുള്ള അവളുടെ വേവുകള്‍ ഞാന്‍ കണ്ടില്ലെന്നു നടിച്ചു. ഞാന്‍ കാണാതെ കണ്ടവ , അവള്‍ പറയാനായി കാത്തിരുന്നു. ഇടക്കെപ്പോഴോ ഉറക്കത്തിന്റെ പഴുതുകളില്‍ അടുത്ത മെത്തയുടെ വേലിക്കെട്ടറുത്ത്  അവള്‍ എന്നെ അടക്കം പിടിച്ചു കിടക്കുമ്പോള്‍ നഷ്ടപ്പെടലിന്റെ  തേങ്ങല്‍ ഞാനറിഞ്ഞു. എന്റെ ഭ്രമാത്മക പ്രണയങ്ങള്‍ക്കപ്പുറം  അവളുടെ മനസ്സിലും ശരീരത്തിലും നിറഞ്ഞതു  ഭ്രാന്തമായ  ആവേശമായിരുന്നു. ഒരു ചട്ടക്കൂടിലും ഒതുങ്ങി നില്‍ക്കാത്ത ഇങ്ങോട്ടും എപ്പോള്‍ വേണമെങ്കിലും വ്യതിചലിക്കാവുന്ന മോഹക്കുത്തൊഴുക്കുകള്‍.  അവളുടെ കൈകള്‍ എന്നെ മുറുക്കുന്നുണ്ടായിരുന്നു.ശ്വാസം മുട്ടും പോലെ! കൈനഖങ്ങള്‍ എന്റെ വയറ്റില്‍ മുറിവുകളുണ്ടാക്കുമെന്നു ഞാന്‍ ഭയന്നു. അവള്‍ മരണത്തിലേക്കുള്ള മറുവരമ്പുകളിലേക്ക് തുഴഞ്ഞുകൊണ്ട് മന്ത്രിച്ചു ," എനിക്ക് നഷ്ടപ്പെട്ടതിവിടെ നിന്നാണ്, നഖമമരുന്ന നനുപ്പുകളില്‍ നിന്ന്.. അയാള്‍ എനിക്ക് സമ്മാനിച്ചത്‌ പറിച്ചു  മാറ്റിയിട്ടാണിപ്പോള്‍   ഞാന്‍ നിനക്കരികില്‍! തുടിപ്പുകളെ കത്തി കൊണ്ട് ചുരണ്ടിമാറ്റു മ്പോള്‍ വേദനയറിയണമെന്നു ഞാന്‍ ശഠിച്ചു .ആ അറിവില്‍ എനിക്കയാളെ വെറുക്കണമായിരുന്നു. ഇഷ്ടത്തിന്റെ ഒടുവിലെ കയ്പ്പുനീര്‍ ." അവളുടെ ഉദരത്തില്‍ നിന്നും പറിച്ചെറിയപ്പെട്ട  പ്രണയഭാരം എന്നിലേക്ക്‌ പടര്‍ന്നിറങ്ങി.അടിവയറ്റില്‍ ഉറയുന്നതെന്താണെന്നറിയാതെ ഞാന്‍, എന്നിലേക്കലിഞ്ഞാനന്ദിയും!


പിറ്റേന്നു യാത്രയാവുമ്പോള്‍ നഷ്ടപ്പെടുമെന്നുറപ്പുണ്ടായിട്ടും ചെന്നെത്തിയ കുരുക്കുകളുടെ മുറുക്കത്തിന്‍റെ  സുഖത്തെ പറ്റിയാണ് അവള്‍ പറഞ്ഞത്.

" എനിക്കെപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോരാവുന്ന ഒരു കുരുക്ക്, അതല്ലേ നല്ലത്. ഇനി മുറുക്കണമെങ്കില്‍ അതുമാവാം." വാക്കുകള്‍ എന്റെ തൊണ്ടയില്‍ കുരുങ്ങി, ശ്വാസം മുട്ടി. അതറിഞ്ഞിട്ടാവും അവള്‍ കണ്ണുനീരിലും ചിരിച്ചു പറഞ്ഞു "അത് വിട്ടുകളയൂ , ഞാന്‍ ഇനിയും തുടര്‍ന്നാല്‍ അയാളുടെ ഭാര്യക്കിഷ്ടാവില്ല. ഒരു പ്രേമത്തിലും സ്വന്തമാക്കലുകളില്ലെടോ. നോക്കൂ ഞാന്‍ ഹാപ്പി !" കണ്ണിറുക്കിയടച്ചു നീര്‍ത്തുള്ളികളെ തെറിപ്പിച്ചു അവള്‍ വീണ്ടും മുറുകെ പുണരുമ്പോള്‍ എനിക്ക് വല്ലാത്തൊരു സുരക്ഷിതത്വം അനുഭവപ്പെട്ടു. ആനന്ദിക്കുമാത്രം തരാനാവുന്ന ഒരു കൂട്.

പിന്നീട് കാണുന്നത് എന്റെ വിവാഹത്തലേന്ന്. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ ചോദിച്ചു " നെനക്ക് കല്യാണം കഴിക്കാണ്ടിരുന്നൂടെ? കല്യാണം കഴിച്ചാല്‍ മാത്രേ ജീവിക്കാന്‍ പറ്റുള്ളൂ? നിന്നെ കെട്ടാന്‍ പോണയാള്‍ നാളെ വന്നില്ല്യാച്ചാല്‍ എന്താ ചെയ്യുക? " പറഞ്ഞതിലെ അര്‍ത്ഥമില്ലായ്മ അറിഞ്ഞിട്ടും ഞങ്ങള്‍ ചിരിച്ചു, കവിളുകള്‍ വേദനിക്കുവോളം. അടുത്ത മുറിയിലാരും അറിയുന്നതിനേക്കാള്‍ പതുക്കെ അടക്കിച്ചിരിക്കാന്‍ പാടാണെന്ന് മനസ്സിലാക്കി വീണ്ടും ചിരിച്ചു ചിരിച്ചുറങ്ങി.

നാടുവാഴികള്‍ മാത്രമല്ല നാടുനീങ്ങുക, വിവാഹം കഴിക്കപ്പെടുന്ന ( അതല്ലേ ശരി) ഓരോ പെണ്ണും നാട് നീങ്ങലിന്‍റെ എല്ലാ അര്‍ത്ഥത്തിലും അതിനു വിധേയയാകുന്നു. നാടും അന്യമാവുന്നു, ഇടയില്‍ ഒരു പാവം മനസ്സും കൈമോശം വന്നു മരണപ്പെടുന്നു. ഭ്രാന്തന്‍ സ്വപ്നങ്ങള്‍ക്കും ഉന്മാദങ്ങള്‍ക്കും വിട, നേരെ കൂപ്പുകുത്തുക യാഥാര്‍ത്ഥ്യത്തിലേക്ക്. അടുക്കളയുടെ പാത്രക്കലമ്പലുകളും, കുട്ടിക്കുസൃതികളും, പുറംജോലികളും, അതിലറുതി വരുമ്പോള്‍ ആര്‍ത്തലച്ചോടുന്ന വണ്ടികളുടെ ഇടയില്‍ ഒരു ധൂളിയായി അലിയുകയും ചെയ്യുമ്പോള്‍ സ്വപ്നങ്ങള്‍ക്കെവിടെ ഇടം. ആ മടുപ്പില്‍ ആനന്ദി ശബ്ദമായി മാത്രം എന്നെ തേടിയെത്തി. ശബ്ദത്തിനുമപ്പുറം നീയവളെ കൊതിക്കുന്നുവെന്നു അയാള്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു. അയാളുമുണ്ടായിരുന്നു ഞങ്ങളുടെ വലയത്തില്‍, നിശബ്ദനായി. മറ്റെന്തിനെക്കാളും മോഹിക്കുന്നതെന്താണെന്നു ഇടയ്ക്കു തുറന്നു കാട്ടാന്‍. ഞങ്ങള്‍ മാത്രമറിയുന്ന വീര്‍പ്പുമുട്ടലുകള്‍ പകുത്തു കാട്ടാന്‍.

ജീവിതത്തിലെ മടുപ്പുകള്‍ക്കൊരിടവേളയ്ക്കു സമയം അതിക്രമിച്ചിരുന്നു. ഇന്നിന്റെ തിരക്കുകളില്‍ പണ്ടത്തെപ്പോലെ ഒരു രാത്രി വേണ്ടിയിരിക്കുന്നു എന്നെ ഒന്നുയിര്‍പ്പിക്കാന്‍, നിന്റെ ശ്വാസനിശ്വാസങ്ങള്‍ എന്റെ വരണ്ട ശ്വാസകോശങ്ങളെ നിറക്കട്ടെ. ചലനശേഷി നശിക്കാറായി ആസന്നമരണത്തിലെത്താറായ എന്റെ ഹൃദയ ഭിത്തികളെ ജീവിപ്പിക്കട്ടെ. ബോധത്തിന്റെയും അബോധത്തിന്റെയും അറകള്‍ക്കിടയിലുള്ള ഒരു സ്വപ്നദൂരം ആനന്ദിയോടൊപ്പം താണ്ടാം. ശ്വാസം പിടിച്ചു പടിക്കെട്ടുകളേറാം, കിതപ്പാറ്റാന്‍ സുരക്ഷിതത്വത്തിന്റെ ഒരു വലിയ മാളം, അത്രയെ വേണ്ടൂ.






























Saturday, 19 September 2015





തീവണ്ടിപ്പാളങ്ങള്‍...



പകലുകളില്‍  പാളങ്ങള്‍ നടുക്കിക്കൊണ്ടോടുന്ന തീവണ്ടിയൊച്ചകള്‍ കേള്‍ക്കാറേയില്ല. അത് വെളുപ്പിനുള്ള തീവണ്ടിയൊച്ചയോടെ തീരും. ദൂരെനിന്നാരംഭിച്ചു പതിയെ കനക്കുന്ന പല താളത്തിലോടുന്ന ശബ്ദങ്ങള്‍..ഏറിയും ഇറങ്ങിയും താരാട്ടു പോലെ. ഉറക്കത്തിന്റെ ഇടവേളകളില്‍  ചിലര്‍ സ്വപ്നങ്ങളായും, ഓര്‍മ്മകളായും കടന്നു വരുമ്പോഴാണ് തീവണ്ടിയൊച്ചയ്ക്കു കാതോര്‍ക്കുക. വല്ലാത്തൊരടുപ്പം തോന്നിയിട്ടുണ്ട് ആ താളത്തോട്‌. നിറഞ്ഞ മധുരമുള്ള ഒരുപാട് തീവണ്ടിയോര്‍മ്മകള്‍ ഉള്ളത് കൊണ്ടാവും..രാത്രിയുറക്കങ്ങള്‍ മുറിയുക രണ്ടു മണിയോടെയാണ്. വല്ലാത്ത വേഗത്തില്‍ പോകുന്ന ഒന്നിലധികം ശബ്ദങ്ങള്‍ എനിക്ക് പരിചിതം..അതിന്റെ ഊഴം കഴിയുമ്പോഴേക്ക്  ഉറക്കം വീണ്ടും മുട്ടി വിളിക്കുന്നുണ്ടാവും.

അത്ര ദൂരയല്ലാത്ത സ്റ്റേഷനില്‍ നിന്നും വടക്കോട്ടുള്ള വണ്ടികളുടെ രാത്രിയൊച്ചകള്‍  കഴിഞ്ഞ രണ്ടു വര്‍ഷമായി പരിചിതമായിക്കഴിഞ്ഞിരിക്കുന്നു.കുറച്ചു മാറി പുതാര്‍ എന്ന പുഴയെ കടന്നു പോവുമ്പോഴാണത്രേ തീവണ്ടിശബ്ദം കനക്കുക, നീളത്തിലുള്ള
 ചൂളം വിളി കേള്‍ക്കുന്നതും അപ്പോഴാണ്‌.പുഴ കണ്ടിട്ടുണ്ടെങ്കിലും , അതിനു മുകളിലൂടെയുള്ള പാളം കണ്ടിട്ടില്ല. കല്ലന  അണക്കെട്ട് തുറന്നു വിട്ടാല്‍ മാത്രമേ പുതാറില്‍ വെള്ളമുണ്ടാവൂ, വര്‍ഷത്തിന്റെ മുക്കാല്‍ പങ്കും പുഴ വരണ്ടു തന്നെ. തുറന്നാല്‍  റെയില്‍ പാളത്തിന്റെ പാലത്തെ തൊട്ടു തൊട്ടില്ലെന്ന മട്ടിലാവും നീരൊഴുക്ക്.ചുഴിയും മലരികളും ഏറെയുള്ള കുത്തൊഴുക്ക്. പലപ്പോഴായി കേട്ട് കേട്ട് എന്നെ വല്ലാതെ മോഹിപ്പിച്ചിരുന്നു ഇതെല്ലാം. പുഴയുടെ മുകളിലൂടെ ജലശായിയായ പാലം, ഉരുക്ക് ചക്രങ്ങളുടെ സ്പര്‍ശത്തിലൂടെ തീവണ്ടി  കരയെയും ജലത്തെയും  ബന്ധിപ്പിക്കുന്നുവെന്നാരറിയുന്നു...ഒന്നുമറിയിക്കാതെ തീവണ്ടികള്‍ പായുകയല്ലേ?

മനസ്സുകൊണ്ട് വളരെ അടുത്തായിരുന്നെങ്കിലും  ഷണ്മുഖം പറയും വരെ ഏറെ ദൂരത്തായിരുന്നു പുഴയും പാളവും. പാളങ്ങളിലൂടെയുള്ള നടത്തം ചില സിനിമകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ.ഒരിക്കല്‍ നടക്കാനുറപ്പിച്ചിട്ടുണ്ട്. അതും രാത്രിയില്‍. രാത്രിയിലല്ലേ പുഴയ്ക്കു ഭംഗി കൂടുക?


മാരിയമ്മന്‍ കോവിലിലേക്ക് രാത്രി കാല്‍ നടയായി ഏറെപ്പേരും അങ്ങിനെ തന്നെയാണ് പോവുന്നത്..പാളത്തിലൂടെ നടന്നാല്‍ പലയിടത്തേക്കും പോകാനുള്ള  ദൂരം കുറയുമെന്നും ചിലര്‍. ഷണ്മുഖത്തിന്റെ സാക്ഷ്യം വേറെ.  രാത്രി പൊള്ളുന്ന ചൂടില്ല,  ചുട്ടു പഴുത്ത ടാര്‍ റോഡുകളിലൂടെ ഉള്ള നടത്തത്തിന്റെ മടുപ്പ്   പാളങ്ങളിലൂടെയുള്ള യാത്രക്കില്ല. തീവണ്ടി സമയങ്ങള്‍ ഏകദേശം അറിഞ്ഞാല്‍ മതി. ആവണിമാസത്തിലെ പകലും രാത്രിയും ഒരുപോലെയാണിവിടെ. എപ്പോഴും കോവിലിലേയ്ക്കുള്ള കാല്‍നടക്കാര്‍. രാത്രി  രണ്ടുമണിയോടെ യാത്ര തുടങ്ങിയാല്‍ ആറു മണിയോടെ അവര്‍ക്കെത്താം.

ലെവല്‍ ക്രോസിംഗ് ഒന്നുമില്ലാത്ത  പാളം സൈക്കിളുമായി കുറുകെ കടന്നാണ് ഷണ്മുഖം വരുന്നത്. പതിവിലും താമസിച്ചെത്തിയതിനു കാരണം പറയാന്‍ അയാള്‍ ഒന്നറച്ചു. പ്രാതല്‍ വേണ്ടെന്നു പറഞ്ഞപ്പോള്‍ ഞാനാണത്തിന്റെ കാരണമറിയാന്‍ നിര്‍ബന്ധം പിടിച്ചത്. കേട്ടപ്പോള്‍ വേണ്ടിയിരുന്നില്ലയെന്നു തോന്നി. വെളുപ്പിനുള്ള തീവണ്ടിയുടെ മുന്നില്‍ ഒരു അമ്മയും മകളും , പുഴയ്ക്കു കുറുകെയുള്ള പാലത്തില്‍ വച്ചു നൊടിയിടയില്‍ ചിതറിയത്രേ. പുഴയിലേക്ക് ചാടാമായിരുന്നു അവര്‍ക്ക്. അപ്പോഴും ആ കുത്തൊഴുക്കില്‍ നിന്ന് കരകയറാനാവുമോ എന്നുറപ്പില്ലല്ലോ. മരണത്തിനു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയിട്ടുണ്ടാവും.  നാല് മണിയുടെ തീവണ്ടി ശബ്ദം ഞാനന്നും കേട്ടതാണ്.  അതിനു മരണത്തിന്‍റെ ശബ്ദമുണ്ടായിരുന്നതേയില്ല.

"അങ്ങനെയൊന്നുമുണ്ടായിട്ടുണ്ടാവില്ല ഷണ്മുഖം , അവര്‍ രക്ഷപ്പെട്ടിട്ടുണ്ടാവും, താഴെയുള്ള കടവുകളിലെവിടെയെങ്കിലും  നീന്തി കയറിയിട്ടുണ്ടാവും." സ്വയമാശ്വസിപ്പിച്ചുകൊണ്ടു ഞാന്‍ അയാളോട് പറഞ്ഞു.

"ഇല്ല പാപ്പാ അവരെ മാരിയമ്മന്‍ കൊണ്ടുപോയി, പാലത്തിന്റെ കൈവരികളില്‍ ഞാന്‍ കണ്ടു ചുവപ്പ് നിറം, മിച്ചമുള്ളത് പുതാറിലലിഞ്ഞിട്ടുമുണ്ടാവും. ആ അമ്മയും മകളും ആരാണെന്നാര്‍ക്കറിയാം. ആരെങ്കിലും അന്വേഷിച്ചു വന്നാലും കാണാനൊന്നുമില്ല ബാക്കി. കാവേരിയുടെ മാറിലല്ലേ, പുണ്യം താന്‍ " അയാള്‍ ഒന്ന് വിതുമ്പിയോ?


തീവണ്ടിയൊച്ചകള്‍ക്കിനി പഴയ മധുരമുണ്ടാവില്ല തീര്‍ച്ച. ഉറക്കത്തിനിടയില്‍ ഉണരാതിരിക്കാന്‍ ശ്രമിക്കണം. ഉണര്‍ന്നാലും ഹൃദയമില്ലാത്ത ആ ഉരുക്കു വണ്ടിയുടെ ശബ്ദങ്ങള്‍ കാതുകളിലേറ്റു വാങ്ങാതിരിക്കാനും..താരാട്ടിന്റെ താളങ്ങളില്‍ നിന്നും മരണതാളങ്ങളിലേക്കെത്തിയപ്പോള്‍ കാതടപ്പിക്കുന്ന ശബ്ദമായേ അതിനെ അറിയാനാവൂ..പാളങ്ങളിലൂടെയൊരു നടത്തം ഇനി വേണ്ട,  അവിടത്തെ കാറ്റിന് ചോരയുടെ ഗന്ധം, പുതാറിലെ വെള്ളത്തിനു മണ്ണിന്‍റെ നിറം മാറി ചുവപ്പു നിറം കൂടി...







Thursday, 30 July 2015



യാത്രയയപ്പ് ...








ഈ പ്രാണന്‍ എന്ന് പറഞ്ഞാ എന്താന്നാ? ഇച്ചിരീം ഇമ്മിണീം വാക്കിലൊന്നും തീരണ സംഗതിയല്ല അത്.. ജീവനെ ഉള്ളിലെക്കാവാഹിക്കണ പോലെ തന്നെ ദേഹം വിട്ടകലുമ്പഴും പറഞ്ഞാല്‍ തീരാത്ത ഒരു പാട് കെട്ടുപാടുകളുണ്ടതിന്. പിന്നീം പിന്നീം വരിഞ്ഞു മുറുക്കണ സ്നേഹത്തിന്റെയും, മടുപ്പിന്റെയും,ദേഷ്യത്തിന്റെയും, അതും കൂടിയ വെറുപ്പിന്റെയും ഒക്കെ അഴിയാക്കുരുക്കുകള്‍. പ്രാണന്‍ എളുപ്പം അങ്ങട്ട് പോവേമില്ല, തിരികെ ഇങ്ങട്ട് ബോധത്തിലേക്ക്‌ വരുവേമില്ല . കുറെ നാള് വയ്യാണ്ട് കെടക്കാം , പിന്നെ ബോധം തീരെ മറയാം, വേണെങ്കില്‍ ഇടയ്ക്കു കണ്ണ് തുറക്കാം, കൈ കാലനക്കങ്ങള്‍ കണ്ടു മരണ ലക്ഷണങ്ങള്‍ മറ്റുള്ളോര്‍ക്ക് പഠിക്കാനും പഠിപ്പിക്കാനും അവസരം കൊടുക്കാം.

 മരണത്തിലേക്കുള്ള യാത്ര ചെറുതായാല്‍ കൂടെ നിലവിളിക്കാനാളുണ്ടാവും. അതിത്തിരി നീണ്ടാലോ , മടുപ്പ് കാരണം ഒന്ന് കണ്ണീര്‍ പൊഴിച്ചിട്ട് അവര്‍ ഇങ്ങനെ പറയും " അങ്ങട്ട് വേഗം വിളിച്ചാല്‍ മതിയായിരുന്നു, കണ്ടു നില്‍ക്കാന്‍ പറ്റണില്ല". ഇത്തിരി കൂടി വൈകിയാല്‍, "നിക്ക് നിക്കാന്‍ പറ്റുംന്നു തോന്നണില്ല. പിള്ളേര്‍ക്ക് പരീക്ഷ, പണികള്‍ അവതാളത്തില്‍ , എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ അറീച്ചാ മതി ", എന്നാവും.

പാറൂട്ട്യേമ കിടപ്പിലായിട്ട് ആറു  മാസത്തിലേറെയായില്ലേ! വയസ്സ് 98 കഴിഞ്ഞു. സൂക്കേടോന്നൂല്ലാ ,എണീക്കാന്‍ വയ്യാതായി, അത്ര തന്നെ. ഒരു വശത്തേക്ക് ഉണ്ടായിരുന്ന വളവ്‌ രൂപമാകെ മാറ്റി. കൂഞ്ഞിക്കൂടിയോരെല്ലിന്‍ കൂട്. അല്‍പ പ്രാണന്‍ എന്ന് പറയാമ്പറ്റില്ലാട്ടോ, അനക്കം കാര്യായിട്ടൊന്നുമില്ലെങ്കിലും  പ്രാണന്‍ മുറുകിപ്പിടിച്ചങ്ങു കിടക്കാ. അങ്ങട്ടൂല്ല ,ഇങ്ങട്ടും. മിനക്കേട് തന്നെ അല്ലാണ്ടെന്താ? എനിക്കും ഇതാവില്ലേ ഗതിയെന്നല്ലേ മനസ്സില് വരണ ചോദ്യം, ആയിക്കോട്ടെ , ഇതൊക്കെ പറയാനും ഒരാള് വേണ്ടേ? മരിച്ചാപ്പിന്നെ ഞാനിതൊക്കെ എപ്പഴാ പറയാ?

പാറൂട്ട്യേമ്മടെ സ്വത്തുക്കളൊക്കെ പണ്ടേ മക്കള്‍ക്കും, കൊച്ചുമക്കള്‍ക്കും എഴുതി കൊടുത്തൂലോ. ഇഷ്ടണ്ടായിട്ടൊന്നുവല്ലാന്നേ.വേറെ വഴിയില്ലാഞ്ഞാ! ആള്വോളക്ക് വെലയിണ്ടാവണെങ്കില്‍ അര്‍ത്ഥം വേണം. അത് കൈയീന്നു പോയപ്പോ തീര്‍ന്നില്ലേ? ആരൂല്ലാണ്ടേ കിടപ്പ് തുടങ്ങീട്ടു ആഴ്ച രണ്ടായി. കഴിക്കാനൊന്നും വേണ്ട, ചുണ്ടുമ്മേലിത്തിരി  തിരിശീലയിലിറ്റിച്ചാല്‍ ധാരാളം. അതിനും ആര്‍ക്കും വയ്യ, പിന്നെ സമയം കിട്ടുമ്പഴൊന്നു കയറാമെന്ന് വയ്ക്കണതും സ്വാര്‍ഥത തന്നെ, നാളെ നിക്കും വരാലോ ഈ ഗതി.
 അതോണ്ടല്ലേ ഇന്നലെ  വിളക്ക് വയ്ക്കണ നേരത്ത് കൊച്ചുമോന്റെ വക വെളിച്ചപ്പാടുറയല്‍ കേക്കേണ്ടി വന്നത്! പാറൂട്ട്യേമ കേട്ടോ ആവോ? " ഇതെന്‍റെ വീടായിപ്പോ, ഇവിടാരാ വരണ്ടെന്ന് ഞാനാ തീരുമാനിക്യാ , മക്കളാണെന്നൊന്നും ആരും ന്യായം പറയണ്ട , നിക്കിഷ്ടല്ലാത്ത ഒരാളും ഇബ്ടെ കേറില്ല അത്രന്നെ ." അരിശം മൂത്തപ്പോള്‍ നല്ല വിക്കും, ശേലായി. വീതം വയ്പ്പിനിടയിലെ കശപിശകളില്‍ അമ്മായിയും,കുഞ്ഞമ്മയും, ചെറിയച്ഛനുമൊക്കെ സ്ഥാനം തെറ്റും,പണല്ലേ ഏറ്റം വലുത്, മണ്ണും. അതിനപ്പുറതെക്ക് ആരും വളര്‍ന്നിട്ടൂല്ല.

വേലയ്ക്കു നിക്കണ പെണ്ണ് വന്നു പറഞ്ഞിട്ടാ ഒന്നത്രടം പോയത്. പോയോണ്ട് ഇതൊക്കെ  കാണുകേം കേള്‍ക്കേം ചെയ്തു. ജീവന്‍ പോവാന്‍ കിടക്കുമ്പഴുമുണ്ടോ ഇങ്ങനത്തെ വാശികള്, അഹമ്മതി അല്ലാതെന്താ? ഇക്കണ്ടതൊക്കെ ഉണ്ടാക്കിയ ആ ജീവന് പോകുമ്പഴെന്താ വേണ്ടേ? വേണ്ടതെന്തായാലും കഞ്ഞീടെ വെള്ളമിറ്റിക്കാന്‍ ആരൂല്ല. മുറീലു
വല്ലാത്തൊരു ഗന്ധോമുണ്ട്. അതോണ്ടാവും എത്തി നോക്കാന്‍ പോലും എല്ലാര്‍ക്കും മടി. ആസ്പത്രീന്നു വീട്ടിലെക്കാക്കിയത് മുതല്‍ ഒഴിയാബാധയായി. ഇടയ്ക്കു കൂടുമ്പഴെക്ക് ഊര്‍ദ്ധ്വന്‍ വലിക്ക്യാന്നു വച്ചു എല്ലാരീം വിളിപ്പിക്കും. അതന്നെ ഇപ്പൊ എത്ര വട്ടായീന്നു! ന്നാലും ഇനി താമസമുണ്ടാവില്ലെന്നു ഇന്നലേ തോന്നീര്‍ന്നു. രാവിലെ ആയപ്പോഴേക്കും പോയി, ദൂരെ അധികാളോന്നൂല്ല വന്നു കാണാന്‍! എന്നാലും ഉച്ച കഴിഞ്ഞിട്ട് മതിയെല്ലാം എന്നായി..അതോണ്ടെന്താ ഫ്രീസര്‍ കൊണ്ട് വന്നു, ആളെ അതിലാക്കി. പിന്നെ നല്ല വലിപ്പത്തിലൊരു മാല അതിനു മുകളില്‍. പാറൂട്ട്യേമയുടെ പടള്ള രണ്ടു ഫ്ലെക്സ്‌, വരണ വഴീല്, ആര്‍ക്കു കാണാനാവോ? ഇരിക്കട്ടെ, അവരുടെ ചിരിച്ച മുഖം മറന്നു തുടങ്ങീര്‍ന്നു. മരിച്ചാല്‍ പിന്നെ മോശല്ല, കാണാന്‍ ആളുണ്ടാവും, കണ്ണീര്‍ വാര്‍ക്കാനും, ചന്ദനത്തിരിയും സുഗന്ധങ്ങളും  ! ചുറ്റും ആളും, അല്ലെങ്കില്‍ ആര്‍ക്കും വേണ്ടാതെ ഒരു കോണില്‍  !

മതി ഇതിനപ്പുറം ചിന്ത പോവണ്ടാ! അല്ലെങ്കില്‍ ഓരോന്ന് നിരുവിച്ചു അതിനുള്ളില്‍ ഞാനാണെന്ന് തോന്നും, മക്കളൊക്കെ ദൂരെയല്ലേ വരാനൊക്കെ പാടാവും. ഇത്രേയുള്ളൂ..















Wednesday, 15 July 2015



അന്നയും പൊന്നിയും, ഞാനും..

വയലിലെ  രാസവളപ്രയോഗം കഴിഞ്ഞു കിട്ടുന്ന ഒരുപ്പുഴുക്കന്‍ നെല്ല്,  പുഴുങ്ങിക്കുത്തിയെടുത്ത  അരി കേടാകാതിരിക്കാന്‍ ബോറിക് ആസിഡ് എന്നൊരു രാസ വസ്തു ചേര്‍ക്കുന്നത് കണ്ടിട്ടുണ്ട്.അതിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും പറയേണ്ട. എന്നാല്‍ ഇതൊന്നും വേണ്ട എന്ന് വച്ചു ഒരു വര്‍ഷത്തേക്കുള്ള അരി വാങ്ങാമെന്നു വച്ചു. പുഴുങ്ങലും കുത്തലും, മിനക്കേടുമില്ല. തഞ്ചാവൂരിന്റെ പൊന്നു വിളയുന്ന ,കാവേരി നനയിച്ച മണ്ണിലെ "പൊന്നി അരി ". തുമ്പപ്പൂവ് പോലെ വെളുത്ത ഒരിക്കലും മടുപ്പിക്കാത്ത അരി. മലയാളിയുടെ സങ്കല്‍പ്പങ്ങളില്‍ നിന്നും അല്പം വ്യത്യസ്തമാവും, എങ്കിലും രുചിയില്‍ ഏതിനോടും കിട പിടിക്കും.

വിളവെടുപ്പിന്റെ സമയം കഴിഞ്ഞു. ഇപ്പൊ മുദ്രാവാക്യം എല്ലാം ജൈവം എന്നല്ലേ? എന്നാ ഞാനായിട്ട് പിന്നാക്കമാവണ്ടാന്നു വച്ചു. ബോറിക് ആസിഡ് പോലെയുള്ള രാസവസ്തുക്കള്‍ ചേര്‍ക്കാതെയുള്ള നല്ലരി. ദക്ഷിണേന്ത്യയുടെ നെല്ലറയായ  പൊന്നു വിളയുന്ന തഞ്ചാവൂരിലെ "പൊന്നി" അരി.

പണ്ടത്തെപ്പോലെ പത്തായത്തില്‍ നിന്ന്  നെല്ലളന്നു, പുഴുങ്ങിയുണങ്ങി , കുത്തി അരിയാക്കി , പേറ്റിത്തിരിക്കുകയൊന്നും വേണ്ട. നെല്ലെടുക്കാന്‍ പോത്തന്‍ മാപ്പിളയും , പുഴുങ്ങിയുണങ്ങാന്‍ അന്നയും വേണ്ട.നെല്ല് കുത്തുന്നതിനെ കുറിച്ചു ചിന്തിക്കുമ്പോള്‍ആദ്യം അവരുടെ മുഖമാണ്  മനസ്സില്‍ തെളിയുക. തറവാട്ടില്‍ വിശേഷങ്ങളുടെ തുടക്കം നെല്ല് കുത്തലില്‍ നിന്നാണ്. നല്ല ഉയരമുള്ള പത്താഴത്തില്‍ നിന്നും നെല്ലളക്കുന്നതെപ്പോഴും പോത്തന്‍ മാപ്പിളയാണ്. വിരുന്നുകാരുടെ കണക്കനുസരിച്ചാണ് എത്ര പറയെന്നുറപ്പിക്കുക. ചാണകം മെഴുകി വെടിപ്പാക്കിയ വാലുള്ള കോരുകുട്ടയില്‍ നിറച്ചു കൊണ്ടുവരുന്ന നെല്ല്  പറയില്‍ അളന്നു പുറത്തേക്ക് കൊടുക്കുന്നതെപ്പോഴും പോത്തന്‍ മാപ്പിളയാണ്. ചാച്ചുകെട്ടിയില്‍ പുഴുങ്ങാനുള്ള വട്ടം കൂട്ടല്‍  അപ്പോഴേക്കും  അന്ന  പൂര്‍ത്തിയാക്കിയിട്ടുണ്ടാവും. ചെമ്പില്‍ നെല്ല് തിളക്കുമ്പോള്‍ വിറകുന്താനും, പാകമാവുമ്പോള്‍ വെള്ളം തോര്‍ത്തി പനമ്പില്‍ വിരിക്കാനും അന്ന തന്നെ.
ഒട്ടു മിക്കപ്പോഴും അവരുടെ സംസാരം കലഹത്തില്‍ ചെന്നെത്തും. അകം പണിക്കു പോത്തന്‍ മാപ്പിള പുറം പണിക്കു അന്നയും! അതിനു പോത്തന്‍ മാപ്പിളക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നു.

" അതിപ്പോ പണ്ട് തോമാശ്ലീഹ നേരിട്ട് വന്നു കൂട്ടം ചേര്‍ത്തതാ നമ്മുടെ കുടുംബക്കാരെ, അതിനെലും വലിയ മഹത്വമോന്നും ഇനി കിട്ടാനുമില്ല. മാവേലില്‍ എന്ന എന്റെ കുടുംബവീട്ടിലെ ചക്കിലാട്ടിയ എണ്ണയാ കണക്കില്ലാക്കൊല്ലങ്ങളായി ഇവിടുത്തെ തേവര്‍ക്കെടുക്കുന്നത്. ഇനിയിപ്പോള്‍ അവിടുത്തെ ചക്കില്‍ നിന്നല്ലെങ്കിലോ, മ്മടെ വീട്ടീന്ന് കാരണോമ്മാര് തൊട്ടാലെ അമ്പലത്തിലേക്കുള്ള എണ്ണ എടുക്കൂ ", പറയുമ്പോള്‍ പോത്തന്‍ മാപ്പിളയുടെ മുഖത്തിനു നല്ല തെളിച്ചം.

അന്നയാവട്ടെ വയനാട്ടിലെങ്ങുന്നോ കെട്ടി വന്ന മാര്‍ഗ്ഗം കൂടിയ ക്രിസ്ത്യാനി. അന്നയുടെ കെട്ടിയവന്‍ വര്‍ഗ്ഗീസ്‌ പണ്ട്  തേയിയായിരുന്നൂന്നു പോത്തന്‍ പറയുന്നിടത്ത് അന്നയ്ക്കു കലി മൂക്കും, ബാക്കിയുള്ളവ പിറു പിറുക്കലുകളില്‍ തുടരും.

 "നിങ്ങള് പോണ പോലെ തന്നെയാ ഞങ്ങളും പള്ളീക്ക് പോണേ,അതേ തമ്പിരാനെത്തന്നെയാ ഞാനും മുട്ടിപ്പായി പ്രാര്‍ത്ഥിക്കണേ, പിന്നെ നമ്മക്ക് എന്ത് വ്യത്യാസം, പാടത്തും പറമ്പിലുമല്ലേ  നമ്മള് രണ്ടാളും പണിയണെ? അപ്പഴക്കെ അകോം പുറോമുണ്ടോ? പത്താഴത്തിലെത്തുമ്പോഴല്ലേ മഹിമ കൂടുന്നുള്ളൂ? ഹിതാപ്പോ നല്ല കഥ! "

ഈ കഥക്കുത്തരം ഇത് വരെ കിട്ടിയിട്ടില്ല. പോത്തന്‍ മാപ്പിളയുടെ മകള്‍ നഴ്സ് ആയി ജെര്‍മനിക്ക് പോയെന്നും, മാപ്പിളയും കൂടെ പോയെന്നും കേട്ടു, ഒരു തിരിച്ചു വരവുണ്ടായിട്ടുണ്ടാവില്ല, പ്രായമേറെ ചെന്നിരുന്നു. അന്ന മക്കളും കൊച്ചു മക്കളുമോത്തു സസുഖം വാണു ഏറെക്കാലം , അന്നയുടെ മക്കള്‍ ക്രിസ്ത്യാനിയും , ഹിന്ദുവുമൊക്കെയായി പലവട്ടം മാറിയും മറിഞ്ഞും കഴിച്ചൂത്രേ. നെല്‍വയലുകള്‍  ഇഷ്ടിക കളങ്ങള്‍ക്കും മറ്റു കൃഷികള്‍ക്കും വഴിമാറിയതിനാല്‍ ,അവരെ പിന്നെ പണിക്കു വിളിക്കേണ്ടിയുംവന്നില്ല. അപ്പൊ പിന്നെ നാടന്‍ കുത്തരിയെക്കാള്‍ നല്ലത് "പൊന്നി "തന്നെ അല്ലെ?








Thursday, 2 July 2015





മക്കള്‍ വളരുമ്പോള്‍..



രാത്രി കുറച്ചേറെ ആയിരുന്നു, പൊതുവേ തിരക്ക് കുറഞ്ഞ റോഡില്‍ പതിവില്ലാത്ത തിരക്ക്. ഒന്‍പതു മണിയോടെ നിരത്തുകള്‍ വിജനമാവാറുണ്ട്. വീട്ടിലെത്താനുള്ള തിരക്കുണ്ടായിരുന്നെങ്കിലും ടൂവീലെറിന്‍റെ പിന്‍ സീറ്റില്‍ മകനുണ്ടായിരുന്നത് കൊണ്ട് പതിയെ ആയിരുന്നു യാത്ര. വേഗതക്കുറവിനോടുള്ള അതൃപ്തി അവന്‍ പലവട്ടം പ്രകടിപ്പിക്കുകയും ചെയ്തു.
 " അമ്മയെന്താ അച്ഛനെ പോലെ? നമുക്കിത്തിരി വേഗം പോവാം.ഇത് ബോറാ!"

അല്‍പ്പമൊന്നു വേഗം കൂട്ടി മുന്‍പിലുള്ള മിനി വാനിനെ മറികടന്നു മുന്നിലെത്തിയപ്പോഴാണ് വാന്‍ ഡ്രൈവറിനെ ഞങ്ങളുടെ മറികടക്കല്‍ പ്രകോപിപ്പിച്ചുവന്നു മനസ്സിലാക്കിയത്‌. അടുത്ത സിഗ്നലില്‍ തിരിയാനുള്ള അടയാളം കാണിച്ചത് വകവയ്ക്കാതെ കാറ്റുപോലെ ഒരു ബൈക്ക് മുന്നോട്ടെടുത്തു,അതും റോങ്ങ്‌ സൈഡില്‍ . ഒട്ടും പ്രതീക്ഷിക്കാതിരുന്നതിനാല്‍ ഏതാണ്ട് ഒപ്പമെത്തിയ വാനിന്റെയും ബൈക്കിന്‍റെയും ഇടയില്‍ ഞങ്ങളും കൊച്ചു വണ്ടിയും ഒരു നിമിഷം പകച്ചു. വലിയൊരപകടം ഒഴിവായ ആശ്വാസത്തിലായിരുന്നു ഞാന്‍. സിഗ്നലില്‍ തിരിയാനൊരുങ്ങിയ എന്നോട് മോന്‍ ആവശ്യപ്പെട്ടത് ബൈക്കിനെ പിന്തുടരാന്‍.

"സമയം പത്തു മണി കഴിഞ്ഞു, ഇനി അതിന്റെ പുറകെ പോയിട്ടെന്തിനാ? അയാള്‍ ഏതെങ്കിലും വഴിയില്‍ തിരിഞ്ഞാല്‍ പുറകെ പോകുന്നതും വേരുതെയാവും! " ഞാനവനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

" അയാള്‍ നമ്മുടെ നേരെ മുന്നിലുണ്ട്, അമ്മ നമുക്ക് ഫോളോ ചെയ്യണം, നമ്പര്‍ പ്ലേറ്റ് പോലുമില്ലാത്ത വണ്ടിയാണ്. " മോന്റെ നിര്‍ബന്ധം.

കൂടുതലൊന്നും ആലോചിക്കാതെ പുറകെ പോയി, നല്ല വേഗത്തില്‍ ,അയാളും കണ്ടിട്ടുണ്ടാവും. അടുത്ത 2 കിലോമീറ്റര്‍ ദൂരം അയാളുണ്ടായിരുന്നു, പെട്ടെന്ന് കാണാതായി. പിന്നീടങ്ങോട്ട് വിജനം, വഴി വിളക്കുകളുമില്ല. അസമയത്തെ യാത്രയിലെ വശപ്പിശകുകള്‍ ആലോചിച്ചു യാത്ര അവിടെ അവസാനിപ്പിച്ചു തിരിഞ്ഞപ്പോള്‍ മോന്റെ ആത്മഗതം "അമ്മ ഇത്തിരി കൂടി വേഗത്തിലായിരുന്നെങ്കില്‍ കൈയോടെ പിടിക്കായിരുന്നു.ഇതിപ്പോ അമ്മ അച്ഛന് പടിക്ക്യാന്നാ തോന്നണേ."

കുട്ടികള്‍ എത്ര പെട്ടന്നാണ് വളരുന്നത്‌?








Friday, 19 June 2015



 ഒരു അലക്ക് യന്ത്രത്തിന്റെ കഥ.

പ്രളയത്തിന്‍റെ  മുന്നൊരുക്കം പോലെ , അഴയിലെ തുണികള്‍ അതിവേഗം എടുത്തുകൊണ്ടു ഓടാനായിരുന്നു അവള്‍ക്കു തോന്നിയത്. നനവ്‌ മാറിത്തുടങ്ങിയതെയുള്ളൂ, ചിലത് ഉണങ്ങാനിട്ടതുപോലെ തന്നെ. കാലം തെറ്റിയ  മഴയെ അവള്‍ ശപിച്ചു. അലക്കുയന്ത്രത്തിന്റെ രണ്ടാമത്തെ അറ പണിമുടക്കിയിരുന്നില്ലെങ്കില്‍ ഉണക്കിയെടുക്കാമായിരുന്നു. ഇതിപ്പോള്‍ മുറികളിലങ്ങിങ്ങു തോരണം വിരിച്ചതു  പോലെ കലഹക്കൂട്ടിനൊരു കാരണമാവും.
"നിന്നോട് പലവട്ടം പറഞ്ഞിട്ടുള്ളതാണ് നനഞ്ഞ  തുണികള്‍ മുറിക്കുള്ളില്‍  തോരയിടരുതെന്ന്. അതെങ്ങനാ പുതിയൊരു മെഷീന്‍ വാങ്ങാന്‍ സമ്മതിക്കില്ലല്ലോ!"നന്നാക്കാനാവില്ലെന്നു കഴിഞ്ഞവട്ടവും എഴുതി തള്ളിയപ്പോള്‍ പുതിയത് വാങ്ങാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നു. വര്‍ഷങ്ങളുടെ കൂട്ട് വേണ്ടെന്നു വയ്ക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. മോനുണ്ടായപ്പോഴാണത് വീട്ടിലെത്തിയത്. എത്രയോ വര്‍ഷങ്ങള്‍ മുന്നോട്ടു പോയി! അവന്‍ പഠിക്കുകയും വളരുകയും വീടുവിട്ടകലെ പോവുകയും ചെയ്തു.

വക്ക് പൊട്ടിയ പാത്രം പോലെ, പാതിയായ അലക്ക് യന്ത്രം, സ്ഥലം മിനക്കെടുത്തി കൊണ്ട് അയാളെ ദേഷ്യം പിടിപ്പിച്ചു. ഇരിക്കാന്‍ അധികം സ്ഥലം വേണ്ടാത്ത,  അദ്ധ്വാനം ഒട്ടും ആവശ്യമില്ലാത്ത എത്രയോ അലക്കുയന്ത്രങ്ങള്‍ വിപണിയിലുണ്ട്. ഒരിക്കല്‍ അവളുമായി അയാള്‍ കുറെയേറെ കടകള്‍ കയറി ഇറങ്ങിയതാണ്. ഒരു ചെറിയ പെട്ടകത്തിന്റെ വാതില്‍ തുറക്കും പോലെയൊന്ന് അയാള്‍ക്ക്  ഇഷ്ടമാവുകയും ചെയ്തു,. പക്ഷെ  അതിന്റെ വാതില്‍  അവളെ  വയറു കീറിയുള്ള  ശസ്ത്രക്രിയയെയാണ് ഓര്‍ മ്മിപ്പിച്ചത്. അതിനുള്ളില്‍ നിന്നും എന്തോ എത്തിനോക്കുന്നുവെന്ന തോന്നല്‍ അവളില്‍ മനംപിരട്ടലുണ്ടാക്കി.  പുതിയതു വാങ്ങാത്തതിലുള്ള പിണക്കവും  ചില്ലറ കശപിശയും  അവള്‍ കാര്യമാക്കിയതേയില്ല.

"ആറു മാസത്തിലേറെ  ഉപയോഗമില്ലാത്തതെല്ലാം ചവറ്റുകൂനയില്‍ ഉപേക്ഷിക്കണം. കേടായവ വീട്ടിലിരിക്കുന്നതു  അപശകുനമല്ലാതെന്താ?" ചിലപ്പോഴെങ്കിലും അവയില്‍ അവളും പെടുമെന്ന് തമാശയോടെ കൂട്ടി ചേര്‍ത്തു.

അലക്കുയന്ത്രവും സ്റ്റാറ്റസ് അളവുകോലുകളില്‍ പെടുന്നു എന്നവള്‍ മനസ്സിലാക്കി. ആരെങ്കിലും വിരുന്നുകാര്‍ വരുമ്പോള്‍ അല്പം നനഞ്ഞ വസ്ത്രങ്ങളോടെ അവരെ സ്വീകരിക്കുമ്പോള്‍ അയാളുടെ മുഖത്തെ ചളിപ്പു അവള്‍ കണ്ടില്ലെന്ന് നടിച്ചു.

" നീയെന്താ ഇപ്പോഴും നനഞ്ഞീറനായി? കാണുന്നവര്‍ എന്ത് വിചാരിക്കും?"

അടക്കിപ്പിടിച്ച ശകാരസ്വരത്തില്‍ അയാളുടെ ചോദ്യം. കാറ്റിനെക്കാള്‍ വേഗതയില്‍ വസ്ത്രം മാറ്റി അടുക്കളയിലേക്കും പിന്നെ സ്വീകരണമുറിയിലെ വിശേഷങ്ങളി ലേക്കും അവള്‍ തിരിച്ചു വന്നിരുന്നു.  മേശയിലെ വൈവിധ്യങ്ങളില്‍ അയാള്‍ അവളോടുള്ള ഈര്‍ഷ്യ മറന്നിട്ടുണ്ടാവനം.

അലക്കുയന്ത്രം അവളുടെ പകലുകളുടെ വിരസതയകറ്റി. തുണികള്‍  അവളുടെ കൂട്ടില്ലാതെ നനയ്ക്കപ്പെടുകയും ,ഉണക്കപ്പെടുകയും ചെയ്‌താല്‍ അവള്‍ തനിച്ചാവുമായിരുന്നു. നിറപ്പകിട്ടുള്ള  തുണികള്‍ ഓരോന്നായി അലക്കാനായുള്ള അറയിലിട്ട്‌ അങ്ങോട്ടുമിങ്ങോട്ടുമുള്ള  ചലനങ്ങള്‍ സശ്രദ്ധം അവള്‍ നോക്കിക്കൊണ്ടേയിരുന്നു. നനയ്ക്കാനും ഉണങ്ങാനും പ്രത്യേക അറകള്‍ . മനസ്സിനും വേണ്ടേ അങ്ങിനെ? അടക്കുകയും തുറക്കുകയും ചെയ്യാവുന്നവ. അവള്‍ ഒരുപാട് മോഹിച്ച  കടലിരമ്പങ്ങള്‍ യന്ത്രചലനങ്ങളിലൂടെ അവളിലേക്കിറങ്ങി.

അയാള്‍ക്കും അവള്‍ക്കുമിടയിലെ വാക്കുതര്‍ക്കങ്ങളില്‍ അവള്‍ നിശബ്ദയാവുന്നത് അയാള്‍ക്ക്‌ തീരെ ഇഷ്ടമാവുന്നുണ്ടായിരുന്നില്ല.

" രണ്ടു പേര്‍ മാത്രമുള്ള ഈ വീട്ടില്‍ ഇത്രയധികം നേരം തുണി നനയ്ക്കാനുണ്ടോ ? ഞാനെന്തെങ്കിലും പറയുമ്പോഴേക്കും നീ എപ്പോഴും ഓരോ ജോലികളില്‍ തിരക്കാവുന്നു, എനിക്ക് നിന്നെ തീരെ മനസ്സിലാവുന്നില്ല  , ഇക്കാലമത്രയും നീ അങ്ങിനെ തന്നെയായിരുന്നു. ഇനീം മാറാന്‍ ഭാവമില്ലെന്നാണോ?"

"എനിക്ക് പരാതികളില്ല. സ്നേഹം വഴക്കടിച്ചു പുറത്തു കാട്ടാനുമറിയില്ല."
അവള്‍ പറഞ്ഞു നിര്‍ത്തി.

അയാളുടെ പൊട്ടിത്തെറികളുടെ ഏകദേശസ്വഭാവം ഇങ്ങനെ തന്നെയായിരുന്നു. തുറന്നു സംസാരിച്ചാല്‍ തീരുന്നതൊന്നുമല്ല. സംസാരിക്കാനുള്ള അനുവാദം വാക്കിലെയുള്ളൂ. അയാളുടെ  മനസ്സെന്നും മറിച്ചാണ് ആഗ്രഹിച്ചിരുന്നത്. കലഹങ്ങള്‍ ഇടക്കെങ്കിലും അവളുടെ അമ്മയുടെ ഫോണ്‍ വിളികളായി അവളിലേക്കെത്തി.

" പിള്ള കളി മാറീല്യെ കുട്ടി, അവനെക്കൊണ്ടിങ്ങനെ പരാതി പറയിപ്പിക്കാണ്ടേ
അടങ്ങിയിരുന്നൂടെ? ഇതൊരു വാഷിംഗ്‌ മെഷീന്‍ മാറ്റിവാങ്ങല്, അത്രെല്ലെയുള്ളൂ. ഓരോരുത്തര് പുതിയതു വാങ്ങാന്‍ പുകിലുണ്ടാക്കുമ്പോ നെനക്ക് എന്തിന്റെ കേടാ? പഴയത് പോട്ടേന്ന്, ഇനി ഇതുമ്മേ ല് സംസാരം ഇല്ല്യാട്ടോ .പിറന്നാള് വരെല്യെ , വയസ്സു മൂക്കണത്തിന്റെ വാശികള് കുറച്ചോളൂ." വയസ്സാം കാലത്ത് അമ്മയ്ക്കും സ്വൈര്യക്കേട് അല്ലാതെന്താ?  അമ്മയ്ക്കെന്താ വാശിയില്ലേ? മറുപടി കേള്‍ക്കാന്‍ അമ്മ മിനക്കെട്ടില്ല. എപ്പോഴും അങ്ങിനെ തന്നെ ആയിരുന്നു അമ്മയും അച്ഛനും .

"അമ്മയ്ക്കെന്താ? വെറുതെ ഇങ്ങനെ?! മൂവ് ഓണ്‍ ഡിയര്‍ " എന്ന് പുഞ്ചിരിയോടെ മകനും. പിതോ രക്ഷതി കൌമാരേ, ഭര്‍ത്തോ രക്ഷതി ...... ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി ! അത്ര തന്നെ..ഒരു വെറും അലക്ക് യന്ത്രത്തിനോട്
ഇഷ്ടം തോന്നാനും സ്വാതന്ത്ര്യപ്പുകിലുകള്‍..

രാവിലെ ഉണരും മുന്‍പേ മകന്റെ  പിറന്നാളാശംസകള്‍ പ്രതീക്ഷിച്ചു. ആഫീസില്‍ പോകും മുന്‍പ് തിരക്കുകള്‍ക്കിടയില്‍  അവന്റെ അച്ഛനെപ്പോലെ അവനും മറന്നതാണോ? ഏടുകള്‍ വേഗം മറിയുന്ന പുസ്തകം പോലൊരു ജീവിതം. പണിയൊതുക്കുന്നതിനിടയില്‍ വാതിലില്‍ മണിനാദം, "കൊറിയര്‍ !"
എപ്പോഴത്തെയും പോലെ കവറുകള്‍  കൈപ്പറ്റാനൊരുങ്ങുമ്പോള്‍, വലിയൊരു പാര്‍സല്‍. മുന്‍വശം തുറക്കുന്ന വാതിലുള്ള  അലക്കുയന്ത്രത്തിന്റെ  പടം അതിനു മുകളില്‍. അകത്തു വയ്ക്കെണ്ടതെവിടെന്നു പറഞ്ഞു കൊടുക്കാന്‍ അവള്‍ക്കു  കഴിഞ്ഞില്ല. അതിനു പിന്നാലെ വന്ന ടെലിഫോണ്‍ മണിയടി ശബ്ദങ്ങളും അവളറിഞ്ഞതേയില്ല. ചുഴിപോലെ കറങ്ങുന്ന അലക്കുയന്ത്രത്തിനു നടുവില്‍ തുണികള്‍ക്ക് പകരം അവള്‍ കറങ്ങുകയായിരുന്നു.



Thursday, 18 June 2015








തഞ്ചാവൂരില്‍  രഥചക്രമുരുളുമ്പോള്‍..


രണ്ടു വര്‍ഷമാവുന്നു തഞ്ചാവൂരും  പെരിയ കോവിലും ജീവിതത്തിന്റെ ഭാഗമായിട്ട്. അത്ര വലുതല്ലാത്ത ഒരു പട്ടണത്തിന്റെ ഒട്ടു മിക്ക ഭാഗത്തേക്ക്‌ പോകുമ്പോഴും ക്ഷേത്രമോ താഴികക്കുടമോ കണ്ടു കൊണ്ടുള്ള യാത്രയാണു പതിവ്‌. മുല്ലയും, മല്ലിയും, കനകാംബരവും ,പൂജ സാധനങ്ങളും നിറഞ്ഞ ഗോപുര വാതിലില്‍ തമിഴ് ക്ഷേത്രങ്ങളുടെ നടയില്‍  കാണുന്ന രഥം മാത്രമില്ല. പഴമക്കാരുടെ ഓര്‍മ്മകളില്‍പ്പോലും പെരിയ കോവിലില്‍ നൂറ്റാണ്ടുകളായി രഥം ഉണ്ടായിരുന്നില്ലത്രെ. വര്‍ഷങ്ങള്‍ക്കിപ്പുറം  തഞ്ചാവൂരിന്റെ രാജവീഥികളില്‍ പഴയ പ്രതാപ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന  രഥമുരുണ്ടു.അത്  കാണാനുള്ള ഭാഗ്യം ഇന്നലെ എനിക്കും ഉണ്ടായി. മുപ്പതു തച്ചന്മാരുടെ പതിനഞ്ചു മാസത്തെ അദ്ധ്വാനം വേണ്ടിവന്നു മനോഹരമായ ചിത്രവേലകളുള്ള തേരിന്റെ പണി പൂര്‍ത്തിയാക്കാന്‍. പള്ളിത്തേരില്‍ ത്യാഗരാജരെയും കമലാംബാളെയും കാണാന്‍  3 മണിക്കൂര്‍ നഗരപ്രദക്ഷിണം ചെയ്യേണ്ടിവന്നുവെങ്കിലും മനസ്സ് നിറഞ്ഞു. കൂടെ രണ്ടു ചെറു തേരുകളില്‍ ഉപദേവന്മാരായ ഗണപതിയും സുബ്രഹ്മണ്യസ്വാമിയും. തെക്ക് ,വടക്ക്, കിഴക്ക് , പടിഞ്ഞാറ്  ദിക്കുകളിലെ വീഥികളും അനുബന്ധ കോവിലുകളും കടന്നു ഊരുവലം അവസാനിപ്പിക്കാനെടുത്തത് 7 മണിക്കൂര്‍. കടുത്ത ചൂടും വകവയ്ക്കാതെ ആയിരങ്ങള്‍ തേരിനൊപ്പം, തഞ്ചാവുര്‍ എനിക്ക് സമ്മാനിച്ച മറക്കാനാവാത്ത അനുഭവം.

എല്ലാ പ്രൌഢിയോടുമോപ്പം ഒരു സുവര്‍ണ്ണ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ചരിത്രത്തിന്റെ സമ്മാനമായി പെരിയ കോവില്‍ . അഴകും വീര്യവും കൊണ്ട് അനുഗ്രഹീതനായ രാജരാജചോളനെ തൊട്ടടുത്തു കാണാം . സൂക്ഷിച്ചൊന്നു നോക്കിയാല്‍ ആ ശില്‍പ്പത്തിനുയിര്‍ വയ്ക്കുന്നോ?. രാജരാജന്‍ തന്‍റെ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍  യോഗനിദ്രയിലാണ്ട ത്യാഗരാജമൂര്‍ത്തിക്ക് ദ്രാവിഡ ശില്പ്പകലയുടെ പൂര്‍ണ്ണതയില്‍ ഇരിപ്പിടം . അങ്ങിനെയുള്ള  ‍രാജരാജേശ്വരനും ബ്രിഹദീശ്വരനുമായ സാക്ഷാല്‍ ശിവപ്പെരുമാളിന്റെ ക്ഷേത്രം എന്നെപ്പോലുള്ളവര്‍ക്കുള്ള ദര്‍ശന പുണ്യം. ഇതിനേക്കാള്‍ മികച്ചതായൊന്നുo ഇല്ലെന്നു പലവട്ടം എന്നെ തോന്നിപ്പിച്ച മനോഹാരിത, വല്ലാത്ത മിഴിവുള്ള ശില്‍പ്പങ്ങള്‍. കാലങ്ങളെ അതിജീവിച്ചവ. ആയിരക്കണക്കിനു തച്ചന്മാരുടെ കരവിരുതും  വര്‍ഷങ്ങളായുള്ള തപസും തന്നെ, ആ സൌകുമാര്യത്തിനു പിന്നില്‍. ഉളിയൊച്ചകളുടെ താളങ്ങള്‍ മുഖരിതമാക്കിയ കല്‍മണ്ഡപങ്ങളില്‍ പിന്നീട് നൂപുരധ്വനികളും സംഗീതവുമുയര്‍ന്നു.

എല്ലാ വിശേഷങ്ങള്‍ക്കും ഇവിടുള്ള മറ്റു ക്ഷേത്രങ്ങളിലുള്ള ദര്‍ശനത്തിനായുള്ള തിരക്ക് പെരിയ കോവിലില്‍ കാണാറില്ല. പക്ഷെ സംഗീതവും നൃത്തവും അഭ്യസിക്കുന്നവരുടെ ഏറ്റവും വലിയ ആഗ്രഹം അവിടെ ഒരിക്കലെങ്കിലും അവരുടെ കല അവതരിപ്പിക്കുക എന്നത് തന്നെയാണ്. കോവിലിനു ആയിരത്താണ്ട് തികഞ്ഞ സെപ്റ്റംബര്‍ 26 നു 2010 ല്‍ പദ്മാസുബ്രഹ്മണ്യവും ആയിരം പേരുള്‍പ്പെട്ട സംഘമാണ് നൃത്തം അവതരിപ്പിച്ചത് . ചിലങ്കയൊലിയില്ലാത്ത ഒരു വിശേഷവുമില്ലെന്നു തന്നെ പറയാം.108 നാട്യമുദ്രകള്‍ ആലേഖനം ചെയ്യപ്പെട്ട ഗോപുരങ്ങള്‍ നൃത്തത്തിനുള്ള പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. സ്വാതി തിരുനാളിന്റെ സഭയിലെത്തിയ തഞ്ചാവൂര്‍ നര്‍ത്തകി സുഗന്ധവല്ലി ആരുടേയും മനസ്സില്‍ നിന്നും അത്രയെളുപ്പം മായാനിടയുണ്ടോ?


ക്ഷേത്രത്തിലെ മൂര്‍ത്തിയെക്കാള്‍ ക്ഷേത്രത്തിനു പ്രാധാന്യം കൊടുക്കാനെ പലപ്പോഴും തോന്നിയുള്ളൂ. അല്ലെങ്കിലും ഭഗവാനു മുന്‍പില്‍ പ്രാര്‍ത്ഥനയോടെ അധികം നിന്നുകൂടെന്നും പഴമക്കാര്‍ പറയുന്നു. യോഗനിദ്രയിലാണ്ട ത്യാഗരാജര്‍ നമ്മുടെ ആത്മാംശം തന്നെ വലിച്ചെടുക്കുമത്രേ. രാജഭരണത്തിന്റെ ഉപജാപങ്ങളുറങ്ങുന്ന ചുവരുകള്‍ക്കുള്ളില്‍ നമ്മിലേക്കാവാഹിക്കാന്‍ നല്ലതൊന്നുമില്ലെന്നാണോ ആവോ? എണ്ണമറ്റ തുരങ്കങ്ങളും ,കാവേരിയെ ദിശമാറ്റിയിഴുത്ത് കൊണ്ടുവന്നുണ്ടാക്കിയ ആഴമുള്ള കിടങ്ങുകളും , വായുസഞ്ചാരം നിഷേധിക്കപ്പെട്ട അറകളും കോവിലിന്റെ നിഗൂഢതകള്‍ക്കാക്കംകൂട്ടുന്നു.  കുംഭാഭിഷേകത്തിനിടയില്‍ യജ്ഞശാലയിലെ  തീ പിടുത്തത്തില്‍ ഉണ്ടായ പടുമരണങ്ങളുടെ കഥകളും പെരിയ കോവിലിന്റെ ചരിത്രത്തെ എപ്പോഴും വല്ലാതെ വേട്ടയാടിയിരുന്നു. ഇരുള്‍വഴികളില്‍ രാജപ്രതാപത്തില്‍ മുങ്ങിപ്പോയ ദുരന്തങ്ങളുടെ മാറ്റൊലികള്‍ ആയേക്കാമെല്ലാം. രാജരാജന്‍ ശിവപ്രതിഷ്ഠ നടത്തിയെങ്കിലും പിന്നീട്  മറാത്തരാജാക്കന്മാര്‍ പ്രധാന പ്രതിഷ്ഠ ദുര്‍ഗ്ഗയായി മാറ്റാന്‍ ശ്രമിച്ചിരുന്നതിനാലാണ് അനര്‍ത്ഥങ്ങള്‍ ഉണ്ടായതെന്നും  കേള്‍ക്കുന്നു. അര്‍ദ്ധനാരീശ്വരസങ്കല്‍പ്പത്തില്‍ അങ്ങിനെയൊരു പിണക്കം ശിവന് ശക്തിയോട് തോന്നുമോ ആവോ? മറാത്ത രാജാവായ ശരഭോജിയുടെ കാലം തഞ്ചാവൂരിന്റെ  സുവര്‍ണ്ണകാലമായിരുന്നു. അന്നത്തെ ഭരണപരിഷ്കാരങ്ങളുടെ  പൊരുത്തക്കേടുകളാവാം  അപകടങ്ങള്‍ക്കു  കാരണമായത്‌.

പ്രധാന പ്രവേശനകവാടമാണ്  കേരളാന്തന്‍ഗോപുരം. ഇന്ദിരാഗാന്ധിയുടെ  സ്ഥാന ഭ്രംശത്തിനും അപമൃത്യുവിനു കാരണം പ്രധാന കവാടത്തിലൂടെ പ്രവേശിച്ചത്  കൊണ്ടാണ് എന്ന്  വിശ്വസിക്കപ്പെടുന്നു.  തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം ജി ആറും രോഗാതുരനായതും മരണപ്പെട്ടതും ഇതിനോട്  കൂട്ടിവായിക്കുന്നവരുണ്ട് .യുക്തിവാദിയായ കരുണാനിധി മറ്റൊരു കവാടത്തിലൂടെയാണത്രെ ക്ഷേത്രപരിപാടികളില്‍ പങ്കെടുക്കാനെത്തിയത്.      ഭയം കൊണ്ടാവുമോ  പുരട്ചി തലൈവി ജയലളിതയും നാളിതുവരെ  അതു വഴി ദര്‍ശനം  നടത്താത്തത്. വി ഐ പി കള്‍ക്കായി തുറന്ന പുതിയ കവാടം എത്രത്തോളം ഫലം നല്‍കും? അറിയില്ല.

വൈകുന്നേരങ്ങള്‍ ക്ഷേത്രത്തിനുള്ളിലെ പുല്‍ത്തകിടിയില്‍ ചിലവഴിക്കാനാണേറെപ്പേരും വരുന്നത്.എത്ര കടുത്ത വേനലിലും കുളിര്‍മ്മയുള്ള കാറ്റ് വീശുന്ന ശാന്തമായ അന്തരീക്ഷം. ഭക്തി  അതിലുണ്ടെന്നു തോന്നാറെയില്ല.  സുഹൃത്തുക്കളോടൊപ്പം അവിടെ പോയാല്‍ ദര്‍ശനത്തിനു മുതിരരുതെന്ന് പലരും പറഞ്ഞിരുന്നു. അതു അവഗണിച്ചു പോയത് എന്തായാലും യുക്തിവാദിയാണെന്നു കാണിക്കാനായിരുന്നില്ല.  മനോഹരമായൊരു സായാഹ്നം . ഏറെ ഇഷ്ടപ്പെടുന്നവരോടൊപ്പം പങ്കുവയ്ക്കാന്‍പറ്റുന്ന നിമിഷങ്ങള്‍ക്കൊരിടം . നീണ്ട ഇടനാഴികള്‍, പുരാണകഥകള്‍ പറഞ്ഞുതരുന്ന ചുവരുകളും  ചുവര്‍ചിത്രങ്ങളും, രണ്ടാള്‍പൊക്കമുള്ള ശിവലിംഗം, ഭീമാകാരനായ നന്ദി ഇതൊക്കെ കാണാതെങ്ങിനെ തിരികെ പോരും?  അസ്തമനത്തിന്റെ ഭംഗി ആസ്വദിച്ചു  വലംവയ്ക്കുമ്പോള്‍ കിട്ടിയ സന്തോഷം മറ്റെവിടെയും കിട്ടിയിട്ടില്ല. പക്ഷെ  വാക്കുകള്‍ അറംപറ്റിയോ? അതോ പെരിയ കോവിലിന്റെ ആരും ഭയക്കുന്ന ശാപം സത്യമായതോ? അറിയില്ല. ചില നഷ്ടങ്ങള്‍ നികക്കാനാവാത്തവയാണ്. പക്ഷെ എന്തും സാധ്യമാക്കുന്ന ശിവശക്തി എല്ലാം തിരിച്ചേകുംഎന്ന് വിശ്വസിക്കുന്നതല്ലേ നല്ലത്?

കൃഷ്ണശില കൊണ്ട് നിര്‍മ്മിച്ച  ക്ഷേത്രത്തിന്റെ പ്രത്യേകത 80  ടണ്‍‌ ഭാരമുള്ള വിമാനം തന്നെ, 200 അടി മുകളില്‍ എങ്ങിനെ എത്തിച്ചുവെന്നത് തികച്ചും വിസ്മയജനകം !പരമശിവന്റെ വാസസ്ഥാനമായ കൈലാസത്തിന്റെ  ഉത്തുംഗശൃംഗത്തിനെ ഓര്‍മ്മിപ്പിക്കുന്ന മകുടം തന്നെ ഏറ്റവും വലിയ സവിശേഷത. പൊള്ളയായ ഗോപുരത്തെ താങ്ങി നിര്‍ത്താനുള്ള വാസ്തുവിദ്യയത്രേ ഘനഗംഭീരമായ ആ മകുടം. പിരമിഡിന്റെ ആകൃതിയില്‍  200 അടി ഉയരമുള്ള ശ്രീകോവിലിന്റെ ഏറ്റവും മുകളില്‍ കയറാനുള്ള പടവുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട് . രാജരാജചോളനു  നേരിട്ട് അഭിഷേകം നടത്താനായി തയ്യാറാക്കിയതാണത്രേ ആ പടവുകള്‍ !പ്രധാനഗോപുരമാവട്ടെ മഹാമേരു പര്‍വതത്തെ പ്രതിനിധാനം ചെയ്യുന്നു. 2 മീറ്റര്‍ ഉയരമുള്ള നന്തിയുടെ വശങ്ങളിലുള്ള പടിക്കെട്ടുകളിലേറിയാണ്  പ്രദോഷത്തിനു അഭിഷേകം നടത്തുക.


ഗര്‍ഭ ഗൃഹത്തിനുള്ളില്‍ ഭഗവാന് ചുറ്റും കാറ്റു വലംവയ്ക്കുന്നതു പോലെ.  ചോളവാസ്തുവിദ്യയുടെ  ഈ സവിശേഷത ഭേദഭാവങ്ങളില്ലാത്ത ഈശ്വരാരാധനാ സംപ്രദായത്തെ സൂചിപ്പിക്കുന്നു. അതിവിസ്തൃതമായ ചുറ്റമ്പലവും കൂറ്റന്‍ കോട്ടമതിലും നാല് ദിശകളിലെ ശിഖരങ്ങളും വാസ്തുവിദ്യയനുസരിച്ചു  പ്രകൃതിക്ഷോഭങ്ങളെപ്പോലും തടുക്കാനുള്ള കരുത്തുനല്‍കുന്നവയാണ്.  ഓരോ തവണയും കാണാന്‍ ,ഒരുപാട്‌ശേഷിപ്പിക്കുന്ന ക്ഷേത്രപ്പെരുമയില്‍ മനം മയങ്ങി മടങ്ങുന്നവരില്‍ ഒരാളായി ഞാനും !


Sunday, 19 April 2015

ഒരു കൊച്ചു ഭൂലോകം: സായാഹ്നസവാരി ... "വൈകിട്ട് നേരത്തെ തയ്യാറായിട്...

ഒരു കൊച്ചു ഭൂലോകം:
സായാഹ്നസവാരി ...


 "വൈകിട്ട് നേരത്തെ തയ്യാറായിട്...
: സായാഹ്നസവാരി ...  "വൈകിട്ട് നേരത്തെ തയ്യാറായിട്ടിരിക്കൂ  ഒന്ന് പുറത്തു പോവാം, നിനക്കൊരു ചെയിഞ്ച് ആവും" ഓഫീസിലേക്കിറങ്ങുമ്പോഴാ...

Saturday, 18 April 2015


സായാഹ്നസവാരി ...


 "വൈകിട്ട് നേരത്തെ തയ്യാറായിട്ടിരിക്കൂ  ഒന്ന് പുറത്തു പോവാം, നിനക്കൊരു ചെയിഞ്ച് ആവും" ഓഫീസിലേക്കിറങ്ങുമ്പോഴാണ്  ഭര്‍ത്താവ് പറഞ്ഞത്. വല്ലപ്പോഴുമൊരിക്കല്‍ ഇത് പതിവാണ്. അത് കൊണ്ട് പുതുമയൊന്നും തോന്നിയില്ല. എന്തിനായിരിക്കും എന്ന കാര്യത്തിലെ സംശയമുണ്ടായിരുന്നുള്ളൂ.  ഇത്തരം ആര്‍ഭാടങ്ങള്‍ അതിന്റെ വഴിക്ക് തന്നെ പോകട്ടെ എന്നോര്‍ത്ത് അവള്‍ അയാള്‍ക്ക്‌ ഇഷ്ടമായ നിറത്തിലൊരു വസ്ത്രം തേടാനാരംഭിച്ചു. ഇഷ്ടങ്ങള്‍ ഇപ്പോഴും അങ്ങിനെയായിരുന്നു, അവളുടെ കണ്ണിനിഷ്ടപ്പെട്ടവ അവള്‍ക്കു ചുറ്റും വന്നതേയില്ല. വന്ന നിറങ്ങളിലത്രയും അയാളുടെ ഇഷ്ടങ്ങള്‍ അവള്‍ തിരഞ്ഞു. " നിനക്കിതു നന്നാവു"മെന്ന് പറഞ്ഞു അയാള്‍ മാറ്റിവയ്ക്കുന്നവ മാത്രം അവള്‍ ധരിച്ചു. 

 അവളെക്കാള്‍ അയാള്‍ ലോകം കണ്ടിരുന്നു. അവളുടെ ലോകത്തിന്റെ അതിരുകള്‍ അയാള്‍ പതിയെപ്പതിയെ കെട്ടിയുയര്‍ത്തിക്കൊണ്ടിരുന്നു.  അവളുടെ ചിന്തകള്‍ക്കും, ഇഷ്ടങ്ങള്‍ക്കും ചുറ്റും. ആ ലോകത്തില്‍ നിന്ന് ഇടയ്ക്കു ഇത് പോലെയൊരു പുറംകാഴ്ച ,അയാളും അവളും മാത്രം, അതവള്‍  ആസ്വദിച്ചിരുന്നു.


അയാളുടെ വാക്കുകളും പ്രവര്‍ത്തികളും കണിശമായിരുന്നു, കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നില്ല .സമയനിഷ്ടയും അങ്ങിനെ തന്നെ, പലപ്പോഴും അയാള്‍ക്കൊപ്പം കിതച്ചെത്താന്‍ അവള്‍ വല്ലാതെ കഷ്ടപ്പെട്ടു. അടുക്കളയുടെ ചുവരുകള്‍ അവളുടെ ശ്വാസമിടിപ്പുകളുടെ കണക്കെടുത്തതല്ലാതെ പുറത്താരെയുമറിയിക്കാനനുവദിച്ചില്ല. മസാലക്കൂട്ടുകള്‍ക്കിടയില്‍ അതും വെന്തുനീറി. അവളുടെ മനസ്സും അങ്ങിനെ തന്നെയായിരുന്നു. ആര്‍ക്കും അതിലേക്കു പ്രവേശനമുണ്ടായിരുന്നില്ല, അയാള്‍ക്കുമാത്രമെല്ലാമറിയാമെന്നു അയാള്‍ വെറുതെ വിശ്വസിച്ചിരുന്നു, ആ ചിന്തയെ തിരുത്താന്‍ അവള്‍ മിനക്കെട്ടതുമില്ല.അയാള്‍ ഒരു മോശം ഭര്‍ത്താവായിരുന്നില്ല, അവള്‍ മോശം ഭാര്യയും. കൂടെക്കൂടെ അവളെ ശകാരിക്കുകയും , തെറ്റുകള്‍ ചികയുകയും ചെയ്യാന്‍ അയാള്‍ മിനക്കെട്ടിരുന്നില്ല. വിലയേറിയ ഒരു പളുങ്കുപാത്രം പോലെ സൂക്ഷ്മതയോടെ അവളെ അയാള്‍ വിരുന്നുമേശകളില്‍ പ്രദര്‍ശിപ്പിച്ചു.

 അയാള്‍ കൃത്യസമയത്ത് വീട്ടിലെത്തി. അവള്‍ അയാളെ കാത്തു നില്‍ക്കുകയായിരുന്നു.എന്നത്തേയും പോലെ അയാളുടെ നോട്ടത്തിലെ അനിഷ്ടത്തെ അവള്‍ തിരിച്ചറിഞ്ഞു.സമയനിഷ്ടയാല്‍ ബന്ധിക്കപ്പെട്ടിരുന്നത് കൊണ്ട് അതേ വേഷത്തില്‍ അവള്‍ അയാളെ പിന്തുടര്‍ന്നു. അത്ര ദൂരെയല്ല കോഫി ഷോപ്പ്. നടന്നുപോകാമെന്നു പറയാമായിരുന്നു. അത്ര തിരക്കില്ലാത്ത വഴിയില്‍ അയാളോടൊപ്പം നടക്കാനുള്ള ആഗ്രഹം കൊണ്ടല്ല , പുറത്തെ പൊടിയും കാറ്റും അടിക്കുമ്പോഴുള്ള സുഖമറിയാനായിരുന്നു.

കോഫീ ഷോപ്പിലെ നനുത്ത സംഗീതവും, തണുപ്പും,ജനാലക്കു വെളിയിലെ കാഴ്ചകളും അവള്‍ക്കു എപ്പോഴോ മടുത്തിരുന്നു. അവര്‍ വരുമ്പോള്‍ അവിടെ തിരക്കുണ്ടാവാറില്ല. പതിവിനു വിപരീതമായി അവരുടെ സ്ഥിരം ഇരിപ്പിടത്തില്‍  മറ്റാരോ, ഒരു യുവാവും യുവതിയും, പ്രണയബന്ധിതരായി.

അല്പം മാറിയൊരിടത്തിരുന്ന് അയാള്‍ എപ്പോഴത്തെയും പോലെ ഒരു കോഫിയും അവള്‍ക്കൊരു ഐസ്ക്രീമും പറഞ്ഞു. അവളുടെ മുഖത്തു സ്റ്റിക്കര്‍ ഒട്ടിയതുപോലെയൊരു ചിരി. "നീ വല്ലാതെ വീട്ടില്‍ മുഷിയുന്നു അല്ലെ? പുസ്തകങ്ങളും ടിവിയും മാത്രമായി.ഏതായാലും നാളെ മുതല്‍ അതുണ്ടാവില്ല. അവര്‍ വരുന്നുണ്ട്, ഒരാഴ്ചത്തേക്ക്."  അയാള്‍ പറഞ്ഞു നിര്‍ത്തി. അവള്‍ ഇത് പോലൊന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. അതിഥികള്‍ വരുമ്പോഴും ചില സൌഹൃദസന്ദര്‍ശനങ്ങളിലുമൊക്കെ  അവളുടെ പെരുമാറ്റം എങ്ങിനെയാവണമെന്ന്, എണ്ണമറ്റ ഉപദേശങ്ങള്‍. കേള്‍വിയടയുന്ന ശബ്ദം അവള്‍ കേട്ടു. അതെപ്പോഴും അങ്ങിനെയാണ്. മുഖം അതിന്റെ വേല ചെയ്യുകയും മനസ്സ് അതിന്റെ പാട്ടിനു പോകുകയും ചെയ്യും. അയാള്‍ പറയുന്നതെല്ലാം ശ്രദ്ധിച്ചു കേള്‍ക്കുന്നമട്ടിലിരുന്ന് അവള്‍ തലയാട്ടി.


 തൊട്ടടുത്ത മേശയില്‍ പ്രണയം നുരയുന്നുണ്ടായിരുന്നു. യുവതിയുടെ ചായം പിടിപ്പിച്ച വിരലുകളില്‍ സ്പര്‍ശിക്കാനായുമ്പോള്‍   അയാളുടെ കണ്ണുകളിലും അത് നിറഞ്ഞു. അവര്‍ വേറേതോ ലോകത്തായിരുന്നു, പ്രണയത്തിന്റെ കഥയില്ലാക്കയങ്ങളില്‍ ഊഞ്ഞാലാടുകയാവാം, എത്ര നാളേക്കാണാവോ!

"ഐസ്ക്രീം അലിഞ്ഞുതുടങ്ങി , നീയെന്താണ് കഴിക്കാത്തത്? വേഗം കഴിക്കൂ, നമുക്ക് പോവണ്ടേ?" അയാളുടെ ചോദ്യം അവളെ ഉണര്‍ത്തി. കഴിച്ചുവെന്നു വരുത്തിത്തീര്‍ത്ത് എണീക്കുമ്പോള്‍ അടുത്ത സായാഹ്നസവാരി എന്നായിരിക്കുമെന്ന ചിന്തയിലായിരുന്നു അവള്‍. വീട്ടില്‍ അവള്‍ക്കായി പാതിനിര്‍ത്തിമടക്കിയ പുസ്തകത്തിലെ മില്ല്സ് ആന്‍ഡ്‌ ബൂണ്‍ കഥാപാത്രങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.









Wednesday, 15 April 2015

ഒരു കൊച്ചു ഭൂലോകം: ഗണപതിക്കല്യാണം..ആറാട്ടും കഴിഞ്ഞു അമ്പലമുറ്റവും...

ഒരു കൊച്ചു ഭൂലോകം:

ഗണപതിക്കല്യാണം..

ആറാട്ടും കഴിഞ്ഞു അമ്പലമുറ്റവും...
: ഗണപതിക്കല്യാണം.. ആറാട്ടും കഴിഞ്ഞു അമ്പലമുറ്റവും ഒഴിഞ്ഞു. ചിങ്ങത്തില് ഒത്തുവരാഞ്ഞതു കൊണ്ട്  കല്യാണം തീര്‍ച്ചയായും മീനത്തില്‍ ഉത്സവത്ത...

ഒരു കൊച്ചു ഭൂലോകം: സുഖമായുറങ്ങുന്നവര്‍....രാത്രി സമയത്തെ യാത്രകള്...

ഒരു കൊച്ചു ഭൂലോകം:

സുഖമായുറങ്ങുന്നവര്‍....

രാത്രി സമയത്തെ യാത്രകള്...
: സുഖമായുറങ്ങുന്നവര്‍.... രാത്രി സമയത്തെ യാത്രകള്‍ പലപ്പോഴും ഒഴിവാക്കാന്‍ ശ്രമിക്കുന്നവയാണ്.കഴിഞ്ഞ ദിവസത്തെ യാത്രയുടെ മടക്കം എത്ര ശ്...

ഒരു കൊച്ചു ഭൂലോകം: കുപ്പിവളകള്‍കൃഷ്ണയുടെ കൈയിലെ കരിവളകള്‍ കണ്ടപ്...

ഒരു കൊച്ചു ഭൂലോകം:



കുപ്പിവളകള്‍
കൃഷ്ണയുടെ കൈയിലെ കരിവളകള്‍ കണ്ടപ്...
: കുപ്പിവളകള്‍ കൃഷ്ണയുടെ കൈയിലെ കരിവളകള്‍ കണ്ടപ്പോഴാണ് കുപ്പിവളകളോട് വല്ലാത്തൊരിഷ്ടമുണ്ടായിരുന്നുവെന്നോര്‍ത്തത്. എന്നായിരുന്നു ആ ഇഷ്...




കുപ്പിവളകള്‍


കൃഷ്ണയുടെ കൈയിലെ കരിവളകള്‍ കണ്ടപ്പോഴാണ് കുപ്പിവളകളോട് വല്ലാത്തൊരിഷ്ടമുണ്ടായിരുന്നുവെന്നോര്‍ത്തത്. എന്നായിരുന്നു ആ ഇഷ്ടം തുടങ്ങിയതെന്നോര്‍മ്മയില്ല.കുട്ടിക്കാലത്തു വര്‍ഷത്തിലൊരിക്കല്‍ ഉത്സവത്തിനു കൈ നിറയെ വാങ്ങിയിരുന്ന വളകള്‍ ഓര്‍മ്മയുണ്ട്,എട്ടാം ഉത്സവത്തിനാവും മിക്കവാറും തറവാട്ടിലേക്കുള്ള യാത്ര, കാഴ്ച ശിവേലിയും വേലയും കഴിഞ്ഞാല്‍ തിരക്കിനിടയിലൂടെ അച്ഛന്റെ കൈപിടിച്ച് കിഴക്കേ നടയിലെ ആദ്യത്തെ കടയിലേക്ക്.തൂക്കിയിട്ടിരിക്കുന്ന ബള്‍ബിന്റെ വെളിച്ചത്തില്‍ കണ്ണഞ്ചുന്ന തിളക്കത്തിലും നിറങ്ങളിലുമുള്ള വളകള്‍. ഓരോ വളകള്‍ക്കും ഓരോ പേരുകള്‍, വളകളെക്കാള്‍ പേരുകള്‍ക്കാവും മുന്‍‌തൂക്കം.ഓര്‍മ്മയിലേറ്റം പഴയതു സ്കൈലാബ്, നല്ല തിളക്കമുള്ള ചുവപ്പ് രാശിയുള്ള വളകള്‍. ആകാശത്തു നിന്ന് കത്തിയെരിഞ്ഞു ഭൂമിയില്‍ പതിച്ചതു കൊണ്ടാവും തീജ്വാലയെ ഓര്‍മ്മിപ്പിച്ചിരുന്നു ആ വളകള്‍. അപ്പഴപ്പോഴത്തെ സിനിമപ്പേരുകളൊക്കെ വളയ്ക്കിട്ടിരുന്നുവെന്നാണോര്‍മ്മ. കടക്കാരന്‍ അയാള്‍ക്കുമാത്രമുള്ള കരവിരുതോടെ എത്ര ചെറുതെന്നു തോന്നുന്ന വളയും കൈയില്‍ അണിയിച്ചിരുന്നു. അടുത്ത ദിവസം സ്കൂളിലേക്കുള്ള യാത്രയ്ക്കു വല്ലാത്തൊരുന്മേഷം,കളികള്‍ക്കൊടുവില്‍ വളകളുടെ ആയുസ്സ് കൂടിയാല്‍ ഒരാഴ്ച. ഉത്സവത്തിനേക്കാള്‍ മനസ്സിലിടം പിടിച്ചത് വളകളും, റിബ്ബണും ,പല നിറത്തിലുള്ള പൊട്ടുകളും തന്നെ. 

ലോകം വളരെ ചെറുതായിരുന്നു, ഒരു "ഠ" വട്ടമെയുള്ളൂ..ബാല്യത്തില്‍ നിന്ന് കൌമാരത്തിലെത്തിയപ്പോഴും ഇഷ്ടമൊട്ടും കുറഞ്ഞില്ല..കൂടിയതേയുള്ളൂ. മനസ്സില്‍ ചേക്കേറിയ നിറംപിടിപ്പിച്ച പ്രണയത്തിനും മേമ്പൊടി വളകിലുക്കം തന്നെ.ഇടവഴിയില്‍ ഉടഞ്ഞുവീണ വളത്തുണ്ടുകളുടെ പ്രണയത്തുടിപ്പ് കൈകളിലൂടെ വളക്കാരന്‍ അറിഞ്ഞിട്ടുണ്ടാവും തീര്‍ച്ച. ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറത്ത് അയാളുടെ മുഖം ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുതുടങ്ങിയിരിക്കുന്നു.

ഉത്സവപ്പറമ്പിലെ വളകള്‍ പൊട്ടിത്തീരും മുന്‍പ് വളച്ചെട്ടിയെത്തും, വയസ്സായ ഒരാള്‍. മരം കൊണ്ടുള്ള പെട്ടിയില്‍, പല അറകളിലായി അടുക്കിയിരിക്കുന്ന അത്ര പകിട്ടില്ലാത്ത പച്ച, ചുവപ്പ്, കറുപ്പ്, നീല എന്നീ ഒറ്റ നിറം മാത്രമുള്ള തമിഴ് വളകള്‍. അതിനോട് കമ്പം കുറവായിരുന്നു. അയാളെ പോലെ തന്നെ വയസ്സന്‍ നിറങ്ങള്‍.




പിന്നീടെപ്പോഴോ കാലപ്പഴക്കത്തില്‍ ആ ഇഷ്ടങ്ങളെല്ലാം കൈമോശം വന്നു പോയി..അലച്ചിലിലെവിടെയോക്കെയോ വളകളുടെ കിലുക്കം ഉണര്‍ത്തിയിരുന്നു. വളകള്‍ സമ്മാനമായിക്കിട്ടിയ ആഘോഷങ്ങള്‍, വിവാഹങ്ങള്‍,ഓരോ വിശേഷത്തിനും ചേരുന്ന വളകള്‍ വാങ്ങാനുള്ള യാത്രകള്‍ , അങ്ങിനെയങ്ങിനെ......പക്ഷെ അതൊന്നും മനസ്സിനെ നീണ്ട ഉറക്കത്തില്‍ നിന്നുണര്‍ത്തിയില്ല.. ചാര്‍മിനാരിലെ ചൂടി ബസാറിന്റെ മാസ്മരികതയില്‍ മനം മയങ്ങി വാങ്ങിക്കൂട്ടിയ വളകള്‍ അലമാരയിലുറങ്ങിയതെയുള്ളൂ. തെലുങ്കു വിവാഹങ്ങള്‍ക്കു അതിഥികള്‍ക്ക് ആദ്യം കിട്ടുക വളകളാണ്, ഓരോരുത്തരുടെയും കൈയളവില്‍ വളക്കാരന്‍ ഉലയിലൂതി ലോഹത്തില്‍ വളച്ചുണ്ടാക്കി മുത്തുകളും കല്ലുകളും പതിച്ചെടുക്കുന്ന മനോഹരമായ ഹൈദരാബാദി അരക്കുവളകള്‍. വളകള്‍ വേണ്ടെന്നു പറഞ്ഞുകൂടാ, അതാണവിടത്തെ രീതി. വളകളും പൂവുമില്ലാതെ എന്ത് പെണ്ണ് !


വര്‍ഷങ്ങള്‍ക്കപ്പുറം അന്യനാട്ടില്‍ വച്ചു അമ്മയാവാന്‍ കാത്തിരിക്കുമ്പോള്‍ അധികമാര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യം കിട്ടി, ഒരു " സീമന്തം ",കുറെ നല്ല സുഹൃത്തുക്കളുടെ സമ്മാനം,അവരുടെ  ശീലങ്ങള്‍ക്കൊപ്പം  അവരിലൊരാളായി ഒരാഘോഷം! മഞ്ഞളും, കുങ്കുമവും, പുതു വസ്ത്രവും ,പൂവും, കൈനിറയെ നിറപ്പകിട്ടുള്ള കുപ്പി വളകളും ! കുറെ ദിവസം വളകള്‍ കൈകളിലുണ്ടായിരുന്നെങ്കിലും അത് ശീലമായില്ല. 


ഇപ്പൊ പെട്ടെന്ന് ഒരിഷ്ടം. വീണ്ടും നിറങ്ങള്‍ ,കണ്ണാടിവളകളുടെ ഇമ്പമാര്‍ന്ന ശബ്ദം കേള്‍ക്കാനൊരാശ, നടക്കുമോ എന്തോ? ഇഷ്ടം തോന്നിയാലുടനെ നടത്തുകതന്നെ..അങ്ങിനെയല്ലേ?

ഇഷ്ടമല്ലേ , വന്നതുപോലെ തന്നെ ഒരു ഞൊടിയിടയില്‍ ഓടിപ്പോയാലോ ?






Monday, 6 April 2015



സുഖമായുറങ്ങുന്നവര്‍....


രാത്രി സമയത്തെ യാത്രകള്‍ പലപ്പോഴും ഒഴിവാക്കാന്‍ ശ്രമിക്കുന്നവയാണ്.കഴിഞ്ഞ ദിവസത്തെ യാത്രയുടെ മടക്കം എത്ര ശ്രമിച്ചിട്ടും രാത്രിയിലെ ട്രാഫിക്‌ കുരുക്കിലായി.നഗരത്തിന്റെ തിരക്കിട്ട ബൈപാസ്സിലൂടെ ഹൈവേയിലെക്കുള്ള യാത്രയിലെ മിനക്കെടുത്തുന്ന കാത്തിരുപ്പുകള്‍ക്കിടയിലാണ് പാതയോരത്തെ ചെറിയ മണ്‍കൂനകള്‍ കണ്ടത്..ഒരേ മണ്‍കൂനക്ക് മുകളില്‍ ഒരു പാട് കുരിശുകള്‍, റോഡില്‍ തൊട്ടു തൊട്ടില്ലെന്ന കണക്കുള്ള കുടീരങ്ങള്‍.വരി വരിയായി, ചിലതില്‍ ഫലകങ്ങളുണ്ട് ,മങ്ങിത്തുടങ്ങിയ അക്ഷരങ്ങള്‍.ചിലതിനു പ്രത്യേകം കെട്ടിത്തിരിച്ച അതിരുകളുണ്ട്.സ്ഥലം കുറഞ്ഞത്‌ കൊണ്ടാവും ഒരേയിടത്തു തന്നെ പലരെയും ഉറക്കേണ്ടി വന്നത്. നഗരവല്‍ക്കരണത്തിന്റെ ഭാഗമായി പാതകളിരട്ടിക്കുമ്പോള്‍ ജീവിച്ചിരിക്കുന്നവനുപോലും ഉറങ്ങാനുള്ള ഇടം കുറവ്.അപ്പോള്‍ ഭൂമിവിടുന്നവനു തി ക്കിത്തിരക്കി അല്പം ഇടം കണ്ടത്തേണ്ടി വരും..കുറെയേറെ നീളത്തില്‍ പഴയതും പുതിയതുമായ പാര്‍പ്പിടങ്ങള്‍. ദേഹത്തിന്റെയോ ദേഹിയുടെയോ? അറിയില്ല.

രാപ്പകല്‍ ഈ കാതടപ്പിക്കുന്ന വണ്ടികളുടെയും, ആളുകളുടെയും ശബ്ദത്തിനിടയില്‍ അവരെങ്ങനെ ഉറങ്ങും. സംശയം മനസ്സിനടിയില്‍ നിന്നും പൊങ്ങി വന്നു.ആറടി മണ്ണില്‍ ഉറങ്ങുകയെന്നല്ലേ സങ്കല്പം? ഇതിപ്പോ ആറടിയൊന്നുമില്ല, ഒരേ സ്ഥലത്ത് ഒരുപാട് പേര്‍.അവര്‍ക്കിടയില്‍ സംഘര്‍ഷങ്ങളോന്നുമുണ്ടാവില്ല, അതുറപ്പ്‌.പരാതിയും പരിഭവങ്ങളുമില്ലാതെ ഒരുറക്കം, ശാന്തമായി.

പഴയ പ്രഭാത സവാരി രണ്ടു  ശ്മശാനങ്ങള്‍ക്കരികിലൂടെയുള്ള വഴിയിലൂടെയായിരുന്നു. അടുത്തൊന്നും വീടുകളും കടകളുമുണ്ടായിരുന്നില്ല വല്ലാതെ വിജനം .പക്ഷെ ,അവിടെ നിന്നാരും ഉപദ്രവിക്കാന്‍ എത്തില്ലെന്നുറപ്പായിരുന്നു. അന്ന് പലരും ആ നടത്തം ഒഴിവാക്കാന്‍ പറഞ്ഞിരുന്നു. ഇടക്കെപ്പോഴെങ്കിലും വയ്യാതെ വരുമ്പോള്‍ അതിനു കാരണമായി ആ വഴിയിലൂടെയുള്ള നടത്തത്തെ  അവര്‍ കുറ്റപ്പെടുത്തിയിരുന്നു, നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി കാലിലൊരു ചരടും അടുത്തുള്ള ദര്‍ഗയില്‍ നിന്നും കെട്ടിത്തന്നു. അന്ന് തമാശക്കാണെങ്കിലും ഞാന്‍ ചോദിച്ചിരുന്നു," ഹിന്ദു, മുസ്ലിം  രണ്ടു പേരുടെ ആത്മാക്കളെ ബന്ധിക്കാന്‍ ഒരേ ചരടു മതിയോ ?"എന്ന്.വിശ്വാസങ്ങളെ ചോദ്യം ചെയ്യാനായിരുന്നില്ല ആ ചോദ്യം., ഏതാണ്ട് 4വര്‍ഷം അതേ പാതയിലൂടെയുള്ള നടത്തം തുടര്‍ന്നു, ആ ശ്മശാനത്തോട് വല്ലാത്ത അടുപ്പവും മനസ്സില്‍ തോന്നിയിരുന്നു,എല്ലാം അവസാനിക്കുന്നിടത്ത് തുടങ്ങുന്ന മറ്റൊരു ജീവിതത്തിലേക്കുള്ള വാതില്‍. രാത്രിയിലത്തെ കനലുകള്‍ ചിലതും വീണ്ടും എരിയുന്നത് പ്രഭാതത്തിന്റെ അരണ്ട വെളിച്ചത്തില്‍ കാണാം.വാടിയ പൂക്കള്‍ നിറഞ്ഞ വഴിത്താരകള്‍. ഒരു മരണമെങ്കിലും ഇല്ലാതെ ഒരു നാളും ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു.

അതേ  ആത്മബന്ധം കൊണ്ടാവും ഏതാണ്ട് ഒരാഴ്ചയോളം എന്റെ കൂടെ നടക്കാന്‍ ഒരു നായ്‌ക്കുട്ടി അവിടന്നെത്തിയത്.എന്റെ നടത്തം തീരും വരെ വീടറ്റം എന്നോടൊപ്പം അതും നടന്നു. എത്ര ശ്രമിച്ചിട്ടും പാതിവഴിയില്‍ മടങ്ങിപ്പോകാന്‍  അത്  കൂട്ടാക്കിയില്ല.അടുത്ത ബന്ധുവിന്റെ മരണവാര്‍ത്തയെത്തും വരെ അതിനെ ഞാന്‍ കണ്ടിരുന്നു. പിന്നീടെങ്ങു പോയി എന്നറിയില്ല.വേര്‍പാടുകളെ  കാലെ കൂട്ടിയറിയിക്കാന്‍ എത്തിയതാവും. ആത്മാക്കളുടെ കൂട്ട് ഇന്നലെയാണ് വീണ്ടുമോര്‍ത്തത്. എല്ലാവരും സുഖമായുറങ്ങട്ടെ..


Saturday, 21 March 2015



ഗണപതിക്കല്യാണം..

ആറാട്ടും കഴിഞ്ഞു അമ്പലമുറ്റവും ഒഴിഞ്ഞു.
ചിങ്ങത്തില് ഒത്തുവരാഞ്ഞതു കൊണ്ട്  കല്യാണം തീര്‍ച്ചയായും മീനത്തില്‍ ഉത്സവത്തിനുറപ്പിക്കാമെന്നു കരുതി കാത്തിരുന്നു. എവിടെ ? അതും നടന്നില്ല. കല്യാണം നടക്കാന്‍ വഴിപാടു കഴിച്ചു ശാന്തിക്കാരന്‍ മടുത്തിട്ടുണ്ടാവും,കൊടിയേറ്റുമുതല്‍  ആറാട്ട്‌ വരെ എന്തെങ്കിലും ഒക്കുമെന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. പണ്ടൊക്കെ കല്യാണ പ്രായമായ പെണ്‍കുട്ടികള്‍ ഉത്സവക്കാലത്ത്കൊടിമരച്ചുവട്ടിലെ സ്ഥിരം കാഴ്ചയായിരുന്നു. ശിവേലി തീരുന്നവരെ മാറി മാറി വന്നും പോയും ഇരിക്കും, രാവിലെ കാണാത്തവരെ വൈകിട്ടത്തെ കാഴ്ച ശിവേലിക്ക് കാണാം.പെണ്ണാലോചിക്കാന്‍ അത്ര കഷ്ടപ്പാടൊന്നൂല്ല.ആറ്റിനപ്പുറവും  ഇപ്പുറവുമുള്ള കരയിലുള്ളവര്‍,ആറാട്ടാവുമ്പോഴേക്കും വാക്കുറപ്പിക്കാം.

   കല്യാണം വല്ലാത്തൊരു കീറാമുട്ടി തന്നെ.പെണ്ണ് കെട്ടാത്തോരുക്ക് അതെങ്ങനെയെങ്കിലും  കഴിക്കാനുള്ള പെടാപ്പാട്, കഴിച്ചോരുക്കോ? അക്കഥ പറയാണ്ടിരിക്യാ ഭേദംന്നാ അനുഭവ സാക്ഷ്യം. എന്ന് കരുതി എത്രയാ കാത്തിരിക്ക്യാ? വയസ്സ് നാല്‍പ്പതു കഴിഞ്ഞു ,ബ്രോക്കര്‍ ശങ്കുണ്യായര് പെണ്‍വീട്ടുകാരോട് അത്രയ്ക്കങ്ങോട്ട് ധരിപ്പിക്കാറില്ല, "ഏറിയാല്‍ മുപ്പത്തഞ്ച്, അതിപ്പോ ചെക്കന്‍ കാണട്ടേന്നു! ,പിന്നെയാവാലോ ജാതകം ." വിപണന തന്ത്രം തന്നെ. പിന്നെ ആശ്വസിപ്പിക്കാന്‍ ഇങ്ങോട്ട് ഇങ്ങനേം  "പെണ്‍കുട്ടിക്കിഷ്ടായീച്ചാല്‍ പ്രായം കണക്കാക്കില്ലാന്ന്‍, നീയ് ധൈര്യായിട്ടിരിക്കു. നായന്മാര് പെങ്കുട്ട്യോളോക്കെ എണ്ണത്തില് കുറഞ്ഞിരിക്കുന്നു, ഇനി ഉണ്ടെങ്കില് തന്നെ വയസ്സിനു വല്ലാതിളപ്പവും . ഇങ്ങനൊക്കെയെ പറ്റൂ". ഇനിയിപ്പോ പെണ്‍കുട്ടി എന്നൊക്കെ പറയാമോ? നാല്‍പ്പതുകാരന് മുപ്പത്തഞ്ചുകാരിയെയൊക്കയല്ലേ പ്രതീക്ഷിക്കാനാവൂ.


പുര നിറഞ്ഞു നിന്നത് ആദ്യം കൊച്ചേട്ടനാണ് , 3 വയസ്സിളപ്പമുള്ള അനിയന്‍ ഏട്ടന്‍റെ ഊഴം കഴിയാന്‍ കാത്തു, എന്നിട്ട്  നാല്‍പ്പത്തിമൂന്നുകാരന്‍ ഏട്ടന്‍റെ കഴിഞ്ഞൂല്ല ,അനിയന്‍റെ ഒന്നും ഒക്കണൂല്ല. ആദ്യോക്കെ ഇത്തിരി കടുംപിടുത്തമൊക്കെ ഉണ്ടായിരുന്നൂന്നുള്ളതു ശരിയാ , പക്ഷെ അതൊക്കെ വിട്ടിട്ടെത്ര കാലായി. കെട്ടാന്‍ പോണ പെണ്ണിന് ഇത്തിരി മുടി വേണംന്ന് വിചാരിക്കണതു  മഹാപാപമൊന്നുമല്ലല്ലോ. പിന്നെ മുടീല്ലാത്ത പരിഷ്കാരം അങ്ങനങ്ങ് ദഹിക്കണൂല്ല.വടക്കേലെ അമ്മായീടെ മോളും പട്ടണത്തിലാണ് പഠിച്ചത് , എന്നിട്ടെന്താ മുട്ടറ്റം മുടീല്ലേ? അമ്പലത്തിലിക്ക് പോവുമ്പോ ഒരു പരിഷ്കാരവുമില്ലാതെ മുണ്ടും നേരിയതോ ,ഹാഫ് സാരീയോ ,എന്താ ശ്രീത്തം! ഞാനത്രയ്ക്കൊന്നും വേണംന്ന് പറയണില്ല. എന്നാലും ഒരു കുളിപ്പിന്നല് പിന്നി, തുമ്പ് കെട്ടാനുള്ളത്ര മുടി മതി. കണ്ടാലാരും തെറ്റ് പറയാനില്ലാതൊരു രൂപവും ,ഇതൊക്കെ ആരുടേയും സ്വപ്നങ്ങളില്‍ ഉണ്ടാവില്ലേ?

അത്യാവശ്യം വിദ്യാഭ്യാസം, എന്ന് കരുതി പത്താം തരം പോരാ. വെറുതെ ഇരിക്കാണ്ടേ എംകോമും പിന്നെ കുറെ അല്ഗുല്‍ത്തു ഡിപ്ലോമകളും ഞാനും ചേര്‍ത്തിട്ടുണ്ടേ, ആദ്യോക്കെ വിദ്യാഭ്യാസം തീരെ ചേരണുണ്ടായില്ല, അപ്പൊ ഞാനാ വേണ്ടാന്നു വച്ചേ. ഇപ്പൊ കാലം കഴിഞ്ഞില്ലേ പെണ്‍കുട്ട്യോള്‍ക്കാ പ്രശ്നം, അവര്‍ക്ക് നമ്മുടെ പഠിപ്പു പോരാ, അല്ലെങ്കില്‍ ജോലി! ഇപ്പോഴത്തെ പെണ്പിള്ളേര്‍ക്ക് ജോലിയില്ലാത്തവരെ വേണ്ടാത്രേ! എത്രാമത്തെ പെണ്ണുകാണലാണെന്ന് ഓര്‍മ്മയില്ല, ഇപ്പൊ കുറെ വര്‍ഷായി ഇത് തന്നെ പണി.


മാസം നാലായി സര്‍ക്കാര്‍ജോലി കിട്ടിയിട്ട്. ഇത്രയും നാളും അതായിരുന്നു കല്യാണം നടക്കാത്തതിന്റെ പ്രധാന കാരണം. സര്‍ക്കാര്‍ ജോലിക്കായി 18 വയസ്സില്‍ തുടങ്ങിയ യജ്ഞം ഫലം കണ്ടത് 40 ല്‍. ആ തത്രപ്പാടിനിടയില്‍ ഒന്നു പ്രേമിച്ചും കൂടിയില്ല. പി എസ് സി പരീക്ഷ വിളിക്കുമ്പോഴൊക്കെ കാസര്‍ഗോടുവരെ പോയി പരീക്ഷ എഴുതണതിന്‍റെ ചിന്തേല് നടക്കണോനു എന്ത് പ്രേമം? അതോണ്ടൊരു ഇരട്ടപ്പേരു തന്നെ വീണു. പലരും  മാറീം മറഞ്ഞും നിന്നു വിളിക്കണത് ചെവീലെത്താണ്ടൊന്നുമല്ല..അതൊക്കെ അങ്ങിനെ കിടക്കും! പിന്നെ ജോലി കിട്ടീട്ടു മതി കല്യാണം എന്നൊരു മോഹവുമുണ്ടായിരുന്നു. എന്നാ സ്വകാര്യസ്ഥാപനത്തില്‍ ജോലിക്ക് പോയ്‌ക്കൂടേന്നാവും അടുത്ത ചോദ്യം. വണ്ടിക്കൂലീം കൊടുത്ത് പൊതിച്ചോറും കെട്ടി എവിടെയെങ്കിലും വൈകിട്ട് വരെയൊരു കണക്കപ്പിള്ള പണിയെടുക്കുന്നതിനേക്കാള്‍ വരുമാനം  ഇത്തിരി പാടത്തും ,പറമ്പിലും പിന്നെ ഇന്‍ഷുറന്‍സ് ഏജന്ടിന്‍റെ പണിയും ചെയ്‌താല്‍ കിട്ടും. എന്നാലും പാന്‍റും കോട്ടുമിട്ട് നിസ്സാര ശമ്പളത്തിന് പോവുന്നോനു തന്നെ വിവാഹ മാര്‍ക്കെറ്റില്‍ വില! മലയാളീടെ ദേശിയ വസ്ത്രമായ മുണ്ടുടുക്കുന്ന എന്നെപ്പോലൊരുവന്‍ ആ കാരണം കൊണ്ട് തന്നെ ഔട്ട്‌.പരിഷ്കാരം ഇല്ലാത്ത വനെന്നു കളിയാക്കല്‍.  കഴിഞ്ഞ പെണ്ണ് കാണലിനു എല്ലാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി പാന്റിട്ട്‌ പോവേണ്ടി വന്നുവെന്നത് പരസ്യമായ രഹസ്യം.എന്നിട്ടും ഒന്നും നടന്നില്ല. വല്ലാത്തൊരു തലയിലെഴുത്തു തന്നെ.


തല മോശമല്ലാത്ത രീതിയില്‍ നരച്ചു തുടങ്ങി.അതിപ്പോ ആരുടെ നരക്കാത്തെ? കറുപ്പിച്ചിട്ടെ അടുത്ത പെണ്ണുകാണലിനു പോകുന്നുള്ളൂ.ആദ്യോക്കെ കൂടെ വരാന്‍ ഏട്ടനോ സുഹൃത്തുക്കളോ ഒക്കെയുണ്ടായിരുന്നു,ഇപ്പൊ തന്നെയാ വിരുന്ന്.ബ്രോക്കറെ മാറ്റി ഇന്‍റെര്‍നെറ്റില്‍ പരസ്യം കൊടുക്കാനും എല്ലാരും പറയുന്നുണ്ട്. കന്യകുമാരീലും കാസര്‍ഗോടുമുള്ള പെണ്ണായാല്‍ ഇവിടുന്നെല്ലാരും അങ്ങോട്ട്‌ പോണ്ടേ? നമുക്കിവിടെ അടുത്ത് ചുറ്റു വട്ടത്തിലുള്ളവരു മതീന്ന്. അടുത്തത്‌ കാവില്  മീനഭരണി , അത് വരെ കാക്കണോ? അങ്ങിനെ കല്യാണമൊക്കണ കാലമൊക്കെ പോയീന്നു തോന്നുന്നു.മീനത്തിലുറപ്പിക്കാന്‍ ഇനി മാട്രിമോണി സൈറ്റ് തന്നെ ശരണം! നാളെ ഒരു ദിവസം ലീവ് എടുത്തു അതിന്റെ പണി നോക്കാം.അല്ലെങ്കില്‍ ഗണപതിക്കല്യാണം പോലെ നീണ്ടു നീണ്ടു പോവും. ഗണപതിപ്രീതിക്കു കറുകമാലയും, കദളിപ്പഴവും , പായസവും, വെറ്റിലയും ഒന്നും കുറയ്ക്കേണ്ട , എനിക്കായി കാത്തിരിക്കുന്നോളെ ഉടനെ അരികില്‍ എത്തിക്കട്ടെ ..


























Thursday, 26 February 2015



അമ്മമാര്‍..


മുകളിലത്തെ വീട്ടില്‍ പ്രിയ താമസത്തിനെത്തിയിട്ട് മാസം മൂന്ന് കഴിഞ്ഞെങ്കിലും പ്രിയയുടെ അമ്മയെ അധികമൊന്നും പുറത്തേക്കു കാണാറുണ്ടായിരുന്നില്ല. പടിക്കെട്ടുകള്‍ ഇറങ്ങി താഴെ എത്തുമ്പോഴേക്കും അവര്‍ വല്ലാതെ കിതച്ചിരുന്നു .അവര്‍ക്ക് കാലുകളില്‍ നല്ല നീരുണ്ടായിരുന്നു ,മാത്രമല്ല നല്ല വണ്ണിച്ച പ്രകൃതം. പ്രിയയെപ്പോലെ ശ്രീത്വം അവരുടെ മുഖത്തുണ്ടായിരുന്നില്ല. ഇടക്കെപ്പോഴോ തമാശയായി പ്രിയയോടുഞാനതുപറയുകയും ചെയ്തു. പ്രിയ പറഞ്ഞ മറുപടി എന്നെ ഞെട്ടിക്കുന്നതായിരുന്നു. "അതെന്റെ പെറ്റമ്മയല്ല,പോറ്റമ്മയാണ്. എന്റെ പെറ്റമ്മ മധുരയിലാണ്, ഞാനുമായി ഒത്തു പോവാന്‍ വലിയ പാടാണ്. എനിക്കിവരെയാണ് എന്റെ അമ്മയേക്കാള്‍ ഇഷ്ടം.പാവത്തിനാരുമില്ല, മക്കളുമില്ല ,ബന്ധുക്കളുമില്ല,സമ്പാദിച്ചതത്രയും എനിക്കല്ലേ തന്നത്. ഇപ്പൊ ഞാനല്ലാതെ ആരാണ് അവരെ നോക്കുക? എന്റെ അമ്മയ്ക്ക് വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാതെ വന്നപ്പോള്‍ ഈ അമ്മയാണ് അപ്പാവെ വീണ്ടും എന്റെ അമ്മയ്ക്ക് വിവാഹം കഴിപ്പിച്ചു കൊടുത്തത്. വിവാഹം കഴിഞ്ഞതോടെ എന്റെ അമ്മ മല്ലിക ഇവരെ വീട്ടിനു പുറത്താക്കി. അതിന്റെ പ്രായശ്ചിത്തം ഞാനിപ്പോള്‍ ഇങ്ങനെ ചെയ്യുന്നു.എന്റെ ഭര്‍ത്താവും പറയുന്നു അതാണ്‌ ശരിയെന്ന്. " എനിക്കും തോന്നി, അത് തന്നെയാണ് ശരിയെന്ന്. ന്യായവുമതാണ്, പ്രിയയോടുള്ള ഇഷ്ടം അല്‍പ്പം കൂടി കൂടിയതറിയിക്കുന്ന ഒരു പുഞ്ചിരി സമ്മാനിച്ച്‌ ഞാന്‍ തലയാട്ടി.


"ഞാന്‍ അപ്പാവെപ്പോലെ വെളുത്തിട്ടാണ്‌, എന്റെ രണ്ടു അമ്മമാരേപോലെയുമല്ല. അപ്പാ ആണഴകില്‍  "അഴകര്‍ സ്വാമി" മാതിരി ,അപ്പാവുക്കു ഞാന്‍ ജീവനായിരുന്നു." പ്രിയയുടെ വാക്കുകളില്‍ അപ്പാ നിറഞ്ഞു നിന്നു.അവളുടെ മുഖത്തിന്റെയും മനസ്സിന്‍റെയും അഴക് അതുപോലെ നിലനില്‍ക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. മനസ്സിന്റെ നൈര്‍മ്മല്യം ഈശ്വരദാനമാണ്, നന്മയുള്ളവര്‍ക്ക് മാത്രം കിട്ടുന്നത്.


പ്രിയയോടുള്ളത് പോലെ പോറ്റമ്മ മുത്തുലക്ഷ്മി അമ്മാളോടും എനിക്കിഷ്ടം കൂടി. ബദ്ധപ്പെട്ടിട്ടാണെങ്കിലും ഇടക്കൊക്കെ അവര്‍ താഴെ ഇറങ്ങിവന്നെന്നോട് സംസാരിച്ചു, ഒരുപാടു കഥകള്‍ . ചിലപ്പോഴൊക്കെ അനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി പറഞ്ഞു കരഞ്ഞു. അവര്‍ പ്രിയയുടെ സ്വന്തം അമ്മയല്ലെന്നുള്ളത് സംസാരത്തില്‍ വരാതിരിക്കാന്‍ ശ്രദ്ധിച്ചു ,ഞാനും അതറിഞ്ഞതായി ഭാവിച്ചില്ല. അവര്‍ക്ക് പ്രിയയോടുള്ള സ്നേഹത്തിന്റെ അളവറിയാമായിരുന്നത് കൊണ്ട് അമ്മയായിട്ടേഎനിക്കു തോന്നിയുള്ളൂ.

ഇടക്കെപ്പോഴെങ്കിലും അവര്‍ മധുരക്ക് പോയിരുന്നു. പോയിട്ട് വരുമ്പോഴെല്ലാം നെരുക്കിക്കെട്ടിയ മല്ലിപ്പൂവ്എനിക്കും കൊണ്ട് വന്നിരുന്നു.മധുരയിലെ മല്ലിപ്പൂവിന്റെ സുഗന്ധവും ഭംഗിയും പൂവു വയ്ക്കുന്ന ശീലമില്ലാത്ത എന്നെയും ഭ്രമിപ്പിച്ചു. ഇത്തവണ പോയിവന്നതുമുതല്‍ അമ്മയ്ക്ക് അസഹ്യമായ കാലുവേദനയാണെന്ന് പ്രിയ പറഞ്ഞു. തിരക്കിനിടയില്‍ കുറച്ചുനേരമൊതുക്കിവച്ച് അവരെ കാണാന്‍ പോയി.  നീര് വച്ച് വീര്‍ത്ത കാലുകള്‍ നീട്ടിവച്ചു കിടക്കുകയായിരുന്ന അവര്‍ എന്നെ കണ്ടതും എണീക്കാനൊരു ശ്രമം നടത്തി . " ഈ യാത്ര വേണ്ട വേണ്ട  എന്ന് ഞാന്‍ പാപ്പാവോട് പലവട്ടം പറഞ്ഞതാണ്, അത് കേള്‍ക്കണ്ടേ? ഇപ്പൊ പാരുങ്കോ ഒന്നും ചെയ്യാനാവാതെ ഈ കിടപ്പ്.അനുജത്തിക്ക് സുഖമില്ലെന്നു കേട്ടപ്പോള്‍ പോകണമെന്ന് മനസ്സില്‍ തോന്നിയതാണ്,പക്ഷെ പ്രിയ സമ്മതിച്ചില്ല.പിന്നെ അവാളുടെ ഫോണ്‍ വന്നതും എന്നെ അയച്ചു.അതിപ്പടിയായി."
 " പ്രിയയുടെ അമ്മക്കാണോ സുഖക്കേട്‌ ?" എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. " എന്നോടെ തങ്കക്ക്, അവാളും പ്രിയാവോടെ അമ്മ താന്‍." അവര്‍ പറഞ്ഞു. "

 പിന്നീടു ഒന്ന് നിര്‍ത്തി എന്തോ ആലോചിച്ചു കൊണ്ട്  അവര്‍ പറഞ്ഞു, " ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കൂടി ഒരേയൊരു പാപ്പാ, പ്രിയ.ആനാല്‍ പാപ്പാവുക്ക് മല്ലിയെ പുടിക്കാത്‌. ഞാനെന്തു ചെയ്യും? ഞങ്ങള്‍ രണ്ടാളും കൂടിയല്ലേ വളര്‍ത്തത്. മല്ലിയുടെ ഗുണം അപ്പടി താന്‍. പ്രിയ സൊല്ലലിയാ?പ്രിയാവോടെ മനസ്സില്‍ മല്ലിയും എന്‍ കണവരും എന്നോട് സെന്തതെല്ലാം ഓര്‍മ്മയിരുക്ക്. ഒരു കുട്ടി വേണമെന്ന് കരുതിയാണ് വിവാഹം നടക്കാതിരുന്ന തങ്കയെ എന്‍ കണവനുക്കെ കട്ടി വയ്ത്തത്. പക്ഷെ അവള്‍ക്കും കുട്ടികളുണ്ടായില്ല. പിന്നെ ഉള്ളിലുള്ള ഊരില്‍ പോയി  യാര്‍ക്കോപിറന്തു 3 നാള്‍ മാത്രമായ പാപ്പാവേ ഞാനാണ് കൊണ്ട് വന്നത്. അപ്പൊ മല്ലി ഓടിയെത്തി. അങ്ങിനെ ആരെയും അറിയിക്കാതെ വേറെ ഒരു ഗ്രാമത്തിലാണ് ഞങ്ങള്‍ പാപ്പാവേ വളര്‍ത്തത്.  അവാളും കഷ്ടപ്പെട്ടിരുക്ക്. എല്ലാം കഴിഞ്ഞു പാപ്പാവുക്ക് 5വയസ്സ് കഴിഞ്ഞു സ്വന്തം ഗ്രാമത്തിലെത്തിയപ്പോള്‍ അവള്‍ കെഞ്ചി ,പാപ്പാ അവളുക്കു പിറന്നതാണെന്നെ പറയാവൂ എന്ന്. തട്ടിക്കളയാന്‍ തോന്നിയില്ല. എപ്പോഴും തങ്കയുടെ സന്തോഷം പാത്തു ശീലമാച്ച്. പക്ഷെ  കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും മാറി. അവളും പാപ്പാവും മറ്റും പോതുമെന്നു, ഞാന്‍ ഭാരം.അങ്ങിനെ വീട് വിട്ടു എത്ര നാള്‍. ഒന്ന് കാണാന്‍ പോലും സമ്മതിക്കുമായിരുന്നില്ല.പ്രിയാ എല്ലാംസൊല്ലിയിരിക്കും അല്ലിയാ?" കഥയിലെ അപ്രതീക്ഷിതമായ വഴിത്തിരിവില്‍ ചിന്തകള്‍ തന്നെ വഴിമുട്ടിയിരിക്കുകയായിരുന്ന എന്നെ അവരുടെ ചോദ്യം ഉണര്‍ത്തി.

" ഇല്ല പ്രിയ ഒന്നും പറഞ്ഞിട്ടില്ല. പ്രിയയെ എപ്പോഴും രണ്ടുഅമ്മമാരുള്ള ഭാഗ്യവതിയെന്നാണ് ഞങ്ങള്‍ പറയുക, അതങ്ങിനെ തന്നെയിരിക്കട്ടേ, മൂന്ന് അമ്മമാരുള്ള ഭാഗ്യവതി! അധികമാര്‍ക്കും കിട്ടാത്ത പുണ്യം! എന്നോടിതൊന്നും പറഞ്ഞതായി പറയേണ്ട." ഞാന്‍ പറഞ്ഞു.

"അതും ശരിയാണ്. 15 വയസ്സുള്ളപ്പോഴാണ് പ്രിയ തന്നെ ഈ സത്യങ്ങളൊക്കെ അറിഞ്ഞത്. അവള്‍ക്കതൊന്നും താങ്ങാനായില്ല. മനസ്സിന്റെ താളം തന്നെ തെറ്റി ,2കൊല്ലത്തോളം മരുന്നും മന്ത്രവും , അലയാത്ത കോവിലുകളില്ല, പാപ്പാവേക്കാള്‍ വലുതൊന്നുമില്ല എനിക്ക്. കടവുള്‍ പുണ്യത്തില്‍ നല്ല മാപ്പിള കിടച്ചുത്. കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ കൂടെ , മല്ലിയെ പാക്കറുതുക്ക് വര്‍ഷത്തിലൊരിക്കല്‍ പാപ്പാ പോകും. പാപ്പാ താന്‍ എന്‍ പുണ്യം! കുഴന്തേ പെത്തുക്കണം എന്നില്ല. പിറവി മനസ്സില്‍ നിന്നല്ലേ. " അവരുടെ കണ്ണുകള്‍ നിറഞ്ഞ്  ഒഴുകിത്തുടങ്ങി. പതുക്കെ ഒന്ന് തലോടി ആശ്വസിപ്പിച്ചു ഞാനെഴുനെറ്റു. താഴെ പ്രിയയുടെ വണ്ടിയുടെ ശബ്ദം, എന്റെ നിറഞ്ഞ കണ്ണുകള്‍ പ്രിയ കാണാതിരിക്കട്ടെ.എല്ലാവരെക്കാള്‍ ഭാഗ്യവതി ആയ പ്രിയ ,മൂന്ന് അമ്മമാര്‍ അപൂര്‍വ്വം.അറിയാത്ത ആ അമ്മയും ഒരിക്കല്‍ മടങ്ങിയെത്തുമോ പ്രിയയെ തേടി?...
..















Thursday, 12 February 2015



കൂടുമാറ്റം .


"പന്തലുപണിക്കാരെത്തിയോ?കാലത്തെ  എത്തുംന്നാണല്ലോ പറഞ്ഞേ.മണി പതിനൊന്നു കഴിഞ്ഞിട്ടും കാണാനില്ല "ജയകൃഷ്ണന്‍ നായര്‍ വേവലാതിപ്പെട്ടു.
 കല്യാണ വീട്ടില്‍ പന്തല്‍ നാല് ദിവസം മുന്‍പേ ഇട്ടെന്നു കരുതിയും തെറ്റില്ല. വിശേഷം നടക്കുന്നിടം നേരത്തെ കൂട്ടി ആളുകള്‍ക്ക് തിരിച്ചറിയെണ്ടേ? അത് മാത്രവുമല്ല ആഘോഷങ്ങളുടെ എണ്ണം ഇപ്പോ കൂടിവരുന്നതുകൊണ്ട് എല്ലാരും മറക്കാനും സാധ്യതയുണ്ട്.പണ്ടൊക്കെ ആണ്ടിലും സംക്രാന്തിക്കുമേ ആഘോഷങ്ങള്‍ പതിവുള്ളു. കല്യാണങ്ങള്‍ക്ക് ബന്ധുക്കള്‍ മാത്രം,ഇപ്പൊ നാടടച്ചല്ലേ ക്ഷണം. കല്യാണം വീട്ടില്‍ നടത്താമെന്ന് ബന്ധുക്കളുടെ അഭിപ്രായം. മുറ്റത്തും പറമ്പിലും മുഴുവന്‍ പന്തല്‍,ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കുംവേണ്ടി. കല്യാണം കാണാന്‍ പരിചയക്കാര്‍ക്ക് താല്പ്പര്യമൊന്നുമില്ല.അവരെ വെറുതെ ബുദ്ധിമുട്ടിക്കാതെ  വൈകുന്നേരം വിരുന്നു ടൌണ്‍ ഹാളില്‍, മാമാങ്കം പിന്നെയും നീട്ടാം,പക്ഷെ മതിയെന്ന് വച്ചു. മകള്‍ ഒന്നെയുള്ളൂവെന്നുകരുതി എന്തിനും ഒരു കണക്കു വേണ്ടേ.ഇത് തന്നെ വറീത് മാപ്പിളെടെ മോന് ഒരു തുണ്ട് തീറെഴുതീട്ടാ.

 വീതംവച്ചപ്പോള്‍ ഇത്തിരി കൂടുതല്‍ കിട്ടിയില്ലേ എന്ന് പലരും ചോദിച്ചേക്കാം, അത് വെറുതെയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. അമ്മയുടെയും അമ്മൂമ്മയുടെയും വീതം ചേര്‍ത്തെഴുതി വാങ്ങുമ്പോള്‍ അവരെ നോക്കാനുള്ള ഉത്തരവാദിത്തവും കൂടെ വരില്ലേ?പിന്നെ മണ്ണ് കൈയിലിരിക്കുന്നതുവരെ അതിനെന്തു വില?  കൈമറിഞ്ഞാലെ വില വരൂ,പറയുമ്പോള്‍ കോടികളുടെ ആസ്തിയെന്നൊക്കെ പറയാം.പറച്ചിലിലെന്തു കാര്യം? ആ കോടികളുടെ ഭാരം ഇപ്പൊ ശെരിക്കും തണ്ടെല്ല് വേദനിപ്പിക്കുന്നുമുണ്ട്. ആവലാതികള്‍ പലതും ആരോടും പങ്കു വയ്ക്കാനുമാവില്ല. എന്നാലും വൈകിട്ട് പന്തലുകാര് വരണേനു മുന്‍പ് തന്നെ അമ്മാവന്മാരോടു വരാന്‍ പറഞ്ഞിട്ടുണ്ട്. ചില കാര്യങ്ങളില്‍ തീരുമാനമെടുത്തെ പറ്റു.

 കല്യാണത്തിനിനി കഷ്ട്ടിച്ചു നാല് ദിവസമേയുള്ളു,അതിനിടയില്‍ അനര്‍ത്ഥങ്ങളൊന്നും ഉണ്ടാവാതിരിക്കട്ടെ. വടക്കേ മുറിയില്‍ അമ്മുമ്മ വയ്യാതായി കിടപ്പ് തുടങ്ങിയിട്ട് മാസം 2 കഴിഞ്ഞു. ഇപ്പൊ ദാപത്തു ദിവസായിട്ട് അരി ആഹാരവുമില്ല . വിളിച്ചാല്‍ മിണ്ടാട്ടമുണ്ടായിരുന്നതാണ്.ഇപ്പൊ രണ്ടു ദിവസായിട്ട് അതുമില്ല.ഇടക്കെപ്പോഴെങ്കിലും കാലോ കൈയോ ഒന്നനക്കും അത്രതന്നെ.
ആശുപത്രിയില്‍ കിടത്തീട്ടോന്നും ചെയ്യാനില്ലെന്ന് പറഞ്ഞിട്ടാണ് വീട്ടിലേക്കു കൊണ്ട് വന്നത്. വല്ലാത്തൊരു കുറുകലിന്റെ ശബ്ദം വന്നപ്പോഴാണ് ഓക്സിജന്‍ കൊടുത്തു തുടങ്ങിയത്. കല്യാണത്തിരക്കിനിടയില്‍ ശ്രദ്ധക്കുറവ് വരേണ്ടന്നു വച്ച് ഒരു മാസം മുന്നേ ഹോംനേഴ്സിനെയും വച്ചു.ഇതില്‍ കൂടുതലൊക്കെ ആരാ ഇപ്പോഴത്തെ കാലത്ത് ചെയ്യുക?പക്ഷെ ചിലപ്പോഴെങ്കിലും സ്വാര്‍ത്ഥനാകാതെയും വയ്യ,മനസ്സോടെയല്ലെങ്കിലും. എല്ലാരേയും വിളിച്ചുകൂട്ടി ഒന്ന് വിവരമറിയിക്കണം അത്രതന്നെ, അഭിപ്രായങ്ങളാരാഞ്ഞാല്‍ ഒന്നും നടക്കില്ല,ഒന്നും എങ്ങും എത്തുകയുമില്ല. പടിഞ്ഞാന്റ്റെ മുറിയില്‍ അമ്മൂമ്മ ഇതൊക്കെ അറിയുന്നുണ്ടോ ആവോ.

പൂമുഖത്തെ ഒച്ചപ്പാടുകള്‍  അമ്മൂട്യമ്മയെ ഉണര്‍ത്തി . എന്താണ് കാര്യമെന്നറിയാഞ്ഞിട്ട്‌ അവര്‍ക്ക് വല്ലാതെ ദേഷ്യം വന്നു.

"ഈ മുറിയില്‍ വെളിച്ചം കുറവാണെന്ന് എനിക്ക്പരാതിയുണ്ടെന്നറിഞ്ഞിട്ടും എന്തിനാണോ കഴിഞ്ഞാഴ്ച ഇങ്ങോട്ട് മാറ്റിയത്? ആളും പേരുമില്ലാതെ ഇങ്ങേയറ്റത്തെ മുറിയില്‍ കിടന്നാല്‍ ഒന്ന് അറിയാന്‍ വയ്യ. ആര് വരുന്നു പോവുന്നു ഒന്നും! അല്ല, അറിഞ്ഞിട്ടെന്തിനാ എന്നൊരു ചോദ്യാവും! ന്നാലും പേരക്കുട്ടീടെ ഒരേയൊരു സന്താനത്തിന്റെ പൊടമുറിയല്ലേ? ഇതിപ്പോ ഈ കുടുമ്മത്തിലെ നാലാമത്തെ തലമുറ,ഭാഗ്യം തന്നെ ഈശ്വരാ! കാണാനിനിക്ക് യോഗം തന്നൂലോ!" അമ്മൂട്ട്യമ്മയുടെ ശബ്ദം പുറത്തേക്കു വ്യക്തമായി വരുന്നുണ്ടായിരുന്നില്ല. പറയുന്നതെല്ലാം എല്ലാവര്ക്കും മനസ്സിലാവണമെന്നവര്‍ ശഠിക്കുകയും ചെയ്തു.

 അടുത്തിരുന്ന കൂട്ടിരുപ്പുകാരി മുഖത്തിനടുത്തെക്ക് ചെവി ചേര്‍ത്തു വച്ചു ചോദിക്കുന്നു "വല്യമ്മ എന്താ പറഞ്ഞെ? വയ്യായ കൂടുതലുണ്ടോ?ഞാനിത്തിരി ചുണ്ട് നനച്ചു തരട്ടെ?"

"ഇവള്ക്കിതെന്തിന്റെ കേടാ? ചെവി കേള്‍ക്കില്യെ?ഒന്നപ്പ്രത്തു പോയി വിശേഷങ്ങള്‍ അറിഞ്ഞു വന്നിവിടെ പറയ്യാ,ങേഹേ ,അതില്ല , വല്യമ്മേടെ അടുത്തൂന്നു പോവില്ല്യത്രേ! ഇതാപ്പോ നന്നായെ ! ഒന്നെഴീക്കാനും സംസാരിക്കാനുമുള്ള കഷ്ടമേയുള്ളൂ.ഒരു വസ്തൂം കഴിക്കാനും തോന്നണില്ലാ.അതിനിപ്പോ എന്താ ചെയ്യാ?മനുഷ്യനല്ലേ അങ്ങനീം വരാലോ.തീരെ സഹിക്കാന്‍ വയ്യാത്തത് കാഴ്ചക്കാരുടെ അടക്കം പറച്ചിലുകളാണ്. വയ്യാതെ കെടക്കണോരുക്കിത്തിരി സ്വൈര്യം കൊടുക്കാനല്ല വരവ്. വന്നു കണ്ടോ, പോവാ അത്രതന്നെ ! ന്നാലും ആരെയെങ്കിലും കാണാന്‍പറ്റുന്നത് സന്തോഷം തന്നെ,എത്ര നാളായി ഈ കിടപ്പുതുടങ്ങീട്ട് .പാടത്തും തൊടിയിലും ആവോളം പണിത ദേഹല്ലേ ,കിടക്കേല്കിടക്കാന്‍ അത് കൂട്ടാക്കണില്ല. കാലിലും കൈയിലുമൊക്കെനീരാണത്രേ,മടക്കാനും നിവര്‍ത്താനും വയ്യ ,ഒരു വശത്തേക്ക് ചരിഞ്ഞാണീ കിടപ്പ്. നിവര്‍ന്നു കിടക്കാന്‍ ശരീരം അനുവദിക്കുന്നില്ല.  മൂത്തമകള്‍ രാധക്കുട്ടിക്കും വയസ്സായി 75 കഴിഞ്ഞു മകരത്തില് ,പണ്ടത്തെപ്പോലെ എണീല്‍പ്പിക്കാനും കിടത്താനുമൊന്നും അവള്‍ക്കും വയ്യ. പിന്നെ കല്യാണത്തിരക്കും.അതാണീ പെങ്കൊച്ചിനെ നിര്‍ത്തീത്‌. എന്താണെന്തോ പേര്,ബിന്ദുന്നോ സിന്ധൂന്നോ മറ്റോ വിളിക്കണ കേട്ടു.ആ കൊച്ചു വന്നേപ്പിന്നെ ഒന്നും മിണ്ടാനും വയ്യ,അപ്പൊ പേരെന്തിനാ  വിളിക്കണേ!" അമ്മൂട്ട്യമ്മയ്ക്കു നല്ല  ക്ഷീണം തോന്നി, വായ്ട്ടലച്ചാല്‍ ഇങ്ങനെയാ. അതെങ്ങനെയാ അവരെന്തു പറഞ്ഞാലും ആര്‍ക്കും മനസ്സിലാവുന്നുണ്ടായിരുന്നില്ല.

"ഗൌരി അകത്തേക്ക് ചെല്ലൂ, എന്നിട്ട് ദക്ഷിണ വച്ചനുഗ്രഹം വാങ്ങൂ.അമ്മുമ്മ എല്ലാം അറിയുന്നുണ്ടാവും." ജയക്കുട്ടന്റെ ശബ്ദം . തുടുത്ത വിരലുകള്‍ ശുഷ്കിച്ച കൈകാലുകളെ സ്പര്‍ശിക്കുന്നത് അമ്മൂട്ട്യമ്മ അറിഞ്ഞു.വിവാഹത്തിനിനിയും ദിവസങ്ങളുണ്ടായിട്ടും ഇപ്പോഴേ ദക്ഷിണയെന്തിനെന്നു അവരോര്‍ത്തു. എന്തോ ഒരു അരുതായ്മ അവരെ അലട്ടിക്കൊണ്ടിരുന്നു."രാധാക്കുട്ട്യുടെ മകന്‍ ജയക്കുട്ടനു ,ഒന്നേയുള്ളൂ മകനും മകളുമായിട്ട് ഗൌരി, അവളെ  ഇത്തിരി ദൂരത്താണ്കൊടുക്കണേന്നാ കേട്ടെ. 20 തികഞ്ഞില്ല ,പുതിയോരിടത്തുഎങ്ങനാവുമോ എന്തോ. ഒന്നല്ലേയുള്ളൂ കെട്ടിച്ചു ആ പയ്യനെ  ഇങ്ങട്ട് നിര്‍ത്തായിരുന്നു തറവാട്ടില്‍ത്തന്നെ. ഇതിപ്പോ ഒരു പറിച്ചു നടീല്‍ , നേരെയാക്കിത്തരണേ ഈശ്വരമ്മാരെ." അമ്മുട്ട്യമ്മയുടെ ചിന്തകളെ മുറിച്ചു കൊണ്ട് പൂമുഖത്തു ശബ്ദങ്ങളുയര്‍ന്നു.

ജയക്കുട്ടന്റെ വാക്കുകളെതിര്‍ക്കാന്‍ രാധക്കുട്ടിക്കായില്ല, പറയണത് കാര്യായാല്‍ മൂപ്പിളമ നോക്കേണ്ടകാര്യമില്ല. അവന്‍ എന്ന് വിളിക്കാമെന്നെയുള്ളൂ, ഒന്നിനോണം പോന്നവനായി. തന്നോളം വളര്‍ന്നാല്‍ താനെന്നു തന്നെ വിളിക്കണമെന്നവര്‍ക്കറിയാം.

 " എട്ടന്മാര്‍ക്കു അലോഹ്യം തോന്നീട്ട് കാര്യമില്ല. അമ്മയാണെന്ന് വച്ചാലും അവസ്ഥകള്‍ നോക്കണ്ടേ? ഇനിയിപ്പോ പറേണതിനോട് യോജിക്കാന്‍ വയ്യെങ്കില്‍ ഒരു 10 ദിവസത്തേക്ക് അമ്മയെ അങ്ങട്ടെവിടെയെങ്കിലും കൊണ്ടോയ്ക്കോളു. പക്ഷെ അതും അത് പറയുമ്പം അങ്ങട്ടും ഇങ്ങട്ടും നോക്കല്ലാതെ, "ശെരി" എന്ന് നിങ്ങളാരും പറയണില്ലല്ലോ.കല്യാണത്തിന് കഷ്ടിച്ചോരാഴ്ചയല്ലെയുള്ളൂ. അമ്മ അങ്ങട്ടും ഇങ്ങട്ടുമില്ലാന്ന മട്ടിലാ. കണിയാനോടും ചോദിച്ചു,യമന്‍റെ  കണക്കെഴുതാറായില്ലത്രേ , ഇതിപ്പോ ഗതികേടുകൊണ്ടാ.എന്തേലും സംഭവിച്ചു പോയാല്‍ എല്ലാം മാറ്റിവയ്ക്കേണ്ടി വരും. അത് ശെരിയാണോ? ശകുനപ്പിഴയാവില്ലേ? അപ്പൊ പിന്നെ ആശുപത്രീലിക്ക് തന്നെ മാറ്റാം.ഒന്നും സംഭവിക്കാണ്ടിരിക്കട്ടെ.ഇനി അങ്ങിനെന്തെങ്കിലും വന്നൂച്ചാല്‍ കല്യാണം നടക്കണേനു തടസ്സം വരാനും പാടില്ല. മൂന്നാല് ദിവസോക്കെ വെന്റിലെറ്ററില്‍ ആവാം, എന്തേലുമൊന്നു തീരുമാനാക്കൂ." രാധക്കുട്ടി പറഞ്ഞു നിര്‍ത്തി.

ആര്‍ക്കും ഒന്നും പറയാനില്ലായിരുന്നു, പരസ്പരം നോക്കി "അപ്പൊ അങ്ങിനെ തന്നെ "എന്ന് പറഞ്ഞവസാനിപ്പിക്കുന്നതാവും ബുദ്ധിയെന്നു തോന്നിക്കാണും. അല്ലെങ്കില്‍ത്തന്നെ അവനവന്റെ വീട്ടില്‍ പുകിലുണ്ടാക്കീട്ടെന്തിനാ ? എടുത്താല്‍ പൊങ്ങാത്ത പ്രാരാബ്ധകെട്ടേലക്കാന്‍ ആരെയും എളുപ്പം കിട്ടില്ല.

പൂമുഖത്തെ സംസാരം മുഴുവനും മനസ്സിലായില്ലെങ്കിലും സംസാരവിഷയം താനാണെന്ന് അമ്മൂട്ട്യമ്മ അറിഞ്ഞു. വയ്യായ്മയുടെ വിശേഷങ്ങള്‍ പറഞ്ഞതാവുമെന്നു അവര്‍ കരുതി.പക്ഷെ ആരുടെ മരണത്തെപ്പറ്റിയായിരുന്നു ചര്‍ച്ചയെന്നവര്‍ക്ക് പിടികിട്ടിയില്ല.ആരെങ്കിലുമാവട്ടെ, അവരുടെ ചിന്തകളില്‍ ഗൌരിയുടെ വിവാഹം  മാത്രമേയുണ്ടായിരുന്നുള്ളൂ. എഴുന്നേറ്റു പോകാനായില്ലെങ്കിലും അകക്കണ്ണില്‍ എല്ലാം അവര്‍ കണ്ടു. ദിവസങ്ങള്‍ മണിക്കൂറുകളായി ചുരുങ്ങുന്നതും മുറ്റത്തെ പന്തലില്‍ നാദസ്വരത്തിന്റെയും തവിലിന്റെയും ഗട്ടിമേളം മുഴങ്ങുന്നതും അവരനുഭവിച്ചു. ഗൌരി സര്‍വാഭരണ വിഭൂഷിതയായി നിലവിളക്കുമേന്തി പന്തലില്‍ !  ആ സുഖത്തില്‍ അലിഞ്ഞു കിടന്നപ്പോള്‍ കിടക്കയില്‍ നിന്നുംഒരു തൂവല്‍ പോലെ അവരെ
എടുത്തു മാറ്റിയതും, നീട്ടിവിളിക്കുന്ന ആംബുലന്‍സില്‍  ആശുപത്രിയിലേക്കുള്ള യാത്രയും  അവര്‍ അറിഞ്ഞതേയില്ല. ഗൌരിയെ പോലെ അവരും ഒരു കൂടുമാറ്റത്തിന് തയ്യാറെടുക്കുകയായിരുന്നു.....അനിവാര്യമായ ഒരു പറിച്ചു നടീല്‍ !
















Wednesday, 28 January 2015






   

ഷ്ണമുഖപ്രിയയും മീനാക്ഷിയും

പ്രിയ നിര്‍ത്താതെ പറഞ്ഞു കൊണ്ടേയിരുന്നു.മധുരയെക്കുറിച്ച് മീനാക്ഷിയെ കുറിച്ച്, എന്നെ കൊതിപ്പിക്കാന്‍..ഇതൊരുപാട് വട്ടമായി ഈ കഥ പറച്ചില്‍..പക്ഷെ ഇന്ന് കഥ വേറെ വഴിക്കാണ്. ഒരു യാത്രയ്ക്കൊരുങ്ങിയാണ് പ്രിയയുടെ വരവ്. "ഇനി സമയം താമസിപ്പിക്കേണ്ട, ഇന്ന് വെള്ളിയാഴ്ച , അമ്മനെ വീട്ടില്‍ കൊണ്ടുവരാന്‍ ഇതിലും നല്ലൊരു നാള്‍ വേറെയില്ല." അണമുറിയാത്ത മധുരൈതമിഴിന്‍റെ പ്രവാഹം,. ഞാനതിലേക്ക് ഒഴുകി വീണുകൊണ്ടിരുന്നു.
" ഞങ്ങള്‍ മധുരക്കാര്‍ ഇങ്ങനെയാണ്,ഒരു കാര്യം നിനച്ചാല്‍ നടത്തിയിട്ടേയടങ്ങൂ. അക്ക ഇന്ന് വരാനൊഴിവു പറയാന്‍ ശ്രമിക്കേണ്ട .ഇന്ന് എവിടെയ്ക്കാണെന്നു പറയാതെ കൂട്ടിക്കൊണ്ടു പോകണമെന്നാണ് കരുതിയത്‌."

പ്രിയക്ക് വയസ്സ് ഇരുപത്തിയേഴു കഴിഞ്ഞു, ഒരു 8 വയസ്സുകാരന്റെ അമ്മയാണ് എന്നാലും കുട്ടിത്തം തീരെ മാറിയിട്ടില്ല.പരിചയപ്പെട്ടിട്ട് അധികമായില്ലെങ്കിലും വല്ലാത്തോരടുപ്പമായി.പ്രിയയുടെ സംസാരം ഏറെയും ചെന്നെത്തുക മധുരയിലാണ്,നൂറു വര്‍ഷങ്ങള്‍ക്കപ്പുറമാണ്  അവരുടെ കുടുംബം ആന്ധ്രയിലെ  കൃഷ്ണ നദിക്കരയില്‍ നിന്നും മധുരയിലേക്ക് താമസം മാറ്റിയത്.പിന്നീട് മധുരയും വൈഗ നദിയും വിട്ടു പോകാന്‍ അവര്‍ക്ക് തോന്നാതിരുന്നതിനാല്‍ അവിടെ തന്നെ കൂടി.മധുര അങ്ങിനെയാണ് ആരെയും ഭ്രമിപ്പിക്കും.

മധുര, മീനാക്ഷി ക്ക് സ്വന്തം ,വൈഗ പരമശിവന്‍ മധുരക്ക് നല്‍കിയ പുണ്യം. മീനാക്ഷിയെന്നു ഞാന്‍ പറയുമ്പോ ഴെല്ലാം പ്രിയ എന്നെ തിരുത്തും " മീനാട്ചി"യെന്ന് . കണ്ണുകളുടെ അഴകു മാത്രമല്ല ,ഇമ ചിമ്മാതേ മധുരയെ കാത്തവളാണ്, ആട്ചി നടത്തിയവളാണത്രേ മധുരൈ മീനാക്ഷി. മൂലോകവും കാല്ക്കീഴിലാക്കി കൈലാസത്തിലെത്തി ശിവഭൂതാഗണങ്ങളെ തോല്‍പ്പിച്ചു    രണഭൂമിയില്‍ പരമശിവനെ തന്‍റെ അഴകും വീര്യവും കൊണ്ട് ഭ്രമിപ്പിച്ച മധുരമീനാക്ഷി. മധുരക്ക് മീനാക്ഷി കഴിഞ്ഞിട്ടേ സുന്ദരേശ്വരര്‍ ഉള്ളു.

"നോക്കു ഞാന്‍ പറയുന്നത് കളിയല്ല , ആത്തുക്കാരരെ ഞാന്‍ എങ്ങനെ വച്ചിരിക്കുന്നുവെന്ന് അക്ക കാണുന്നില്ലേ? നാടെല്ലാം നടുക്കുന്നവര്‍ എന്നോട് ചോദിക്കാതെ ഒന്നും ചെയ്യില്ല, അറിയുമോ? അങ്ങിനെ വേണം വീട്ടുകാരന്‍, കടവുളേ  ഞാന്‍ ഇതെങ്ങിനെ അക്കയെ പറഞ്ഞു മനസ്സിലാക്കും? വഴി പറഞ്ഞു തന്നാല്‍ അക്കയ്ക്ക് അനുസരിക്കാനും വയ്യ. കൊഞ്ചം എന്നെ മാതിരി മാറിടുങ്കോ". അത് പറയുമ്പോള്‍ പ്രിയയുടെ മുഖത്തിത്തിരി നാണം, പിന്നെ മൊഴി തമിഴില്‍ നിന്നും തെലുങ്കിലേക്ക്. സംസാരത്തിന്റെ ഒഴുക്ക് കൂടുമ്പോള്‍ മാതൃഭാഷയിലേക്ക് മാറും. വല്ലാത്തൊരു നിഷ്കളങ്കതയുള്ള ആ ശബ്ദത്തിന്‍റെ ഇമ്പം പറ്റില്ലെന്ന് പറയാന്‍ എന്നെ ഒരിക്കലും അനുവദിക്കാറില്ല.

 മീനാക്ഷിഅമ്മന്‍ പരമശിവനെ ഭ്രമിപ്പിച്ചതിതേ നാണം കൊണ്ടാണോ എന്തോ..എന്തായാലും എന്‍റെ  നായരെ എന്‍റെ വരുതിയ്ക്ക് വരുത്തിയെ പറ്റു എന്നതാണ് പ്രിയയുടെ ഇപ്പോഴത്തെ ആവശ്യം,അതിനു ഞാന്‍ മധുരൈ മീനാക്ഷിയെ പ്രീതിപ്പെടുത്തണം. വെള്ളിയാഴ്ച അമ്മനെ പൂജാമുറിയില്‍ കുടിയിരുത്തി വ്രതം നോറ്റാല്‍ മതിയത്രേ. "വയ്യെന്ന് പറഞ്ഞാലോ?" എന്റെ ചിന്തകള്‍ക്കിടയിലും പ്രിയ മീനാ ക്ഷിയാവുന്നു,കണ്ണുകളിലും ചിരിയിലും എന്തിനു കൈയില്‍ പഞ്ചവര്‍ണ്ണക്കിളിയുടെ അലങ്കാരവുമായി സര്‍വാഭരണ വിഭൂഷിതയായി..

"PK"  എന്ന ഹിന്ദിചിത്രത്തിന്റെ കഥ ഈ കൊച്ചിനെ മനസ്സിലാക്കിപ്പിക്കാന്‍ പാടാണ്. എന്നാലും ഒരു ശ്രമം നടത്താം.കഥ തുടങ്ങിയപ്പോള്‍ തന്നെ പ്രിയ കടിഞ്ഞാണില്‍ പിടിച്ചു." കടവുള്‍ ഇല്ലെയെന്തു സോല്ലത്താനെ ? വേണ്ട ." ആ ശ്രമത്തിനു വീണു പൂര്‍ണ്ണ വിരാമം. ഇനിയിപ്പോള്‍ വേറെ വഴിയൊന്നുമില്ല,വണ്ടിയില്‍ പ്രിയയോടോപ്പമേറുക, പോയി, മുപ്പത്തിമുക്കോടി ദൈവങ്ങളുടെയും ചിത്രങ്ങളുള്ള കടയില്‍ നിന്നും അമ്മനെ കൊണ്ടുവന്നു കുടിയിരുത്തുക. ഇനി പ്രിയ പറയുമ്പോലെ  നായര്‍ ഞാനറിയാതെ വരുതിക്കാവുമോ? ശേഷം കഥ പിന്നാലെ...

   








Tuesday, 20 January 2015


കാത്തിരിപ്പ്

ഈ കുന്തം വല്ലാണ്ട് മിനക്കെടുത്തുന്നുട്ടോ,എപ്പോ നോക്കിയാലും പരിധിക്കു പുറത്താണത്രെ, അങ്ങേന്ണ്ടോ ഒരു പുറത്തിരിക്കല്‍? വെറ്റെമ്മല് ചുണ്ണാമ്പു തേക്കണമാതിരി ഇതുമ്മല് തേപ്പു തുടങ്ങിയിട്ടിത്തിരി നേരായി, ഒരുത്തരേം വിളിച്ചിട്ടു കിട്ടുന്നൂല്ല .ചിലര് എടുക്കണില്ല, ചിലര് തിരക്കിലാണ് ,ചിലരാവട്ടെ ഓഫ്‌ ചെയ്തിരിക്കുനൂത്രേ..ആവശ്യത്തിനു ഉപകരിക്കാത്തത് കൈയില്‍ വയ്ക്കേണ്ട ആവശ്യമുണ്ടോ? പഴയ ഫോണിന്‍റെ റിസീവര്‍ ടപ്പേ ന്നു വച്ച് കലിയടക്കാം..അത്രയെളുപ്പം പോട്ടുവോന്നൂല്ല.ഇതിപ്പോ അങ്ങിനെ പറ്റ്വോ !

ആര്‍ക്കും ഒരുത്തരവാദിത്വവും ഇല്ല.ഒരു കാര്യത്തിലും,ഒരൊഴുക്കിനു അങ്ങനെങ്ങു പോവാ. അല്ലെങ്കില്‍ തന്നെ ഒരാഴ്ചയായി പഞ്ചായത്തുകാരു റോഡു പണീടെ കാര്യം പറയാന്‍ വന്നിട്ട്. വഴിക്ക് വീതികൂട്ടുമ്പോള്‍ കയ്യാല അല്പമൊന്നു മാറ്റിക്കെട്ടണോത്രേ. ഈ അല്പം എത്രയാ ആവോ? പുതിയ പിള്ളേരാ ഇപ്പൊ പഞ്ചായത്തില് ,ആരേം അത്രക്കങ്ങു നിശ്ചയമില്ല. അവരു പറേണു കാര്യങ്ങളൊക്കെ രവിയേട്ടനോട് പറഞ്ഞിട്ടുണ്ടെന്ന്. ഈ "രവിയേട്ടന്‍" ആരാ?  മൈലുകള്‍  അകലെയിരുന്നു സമ്മതം മൂളാന്‍ അവനെന്താ കാര്യം? ഇത്തിരി വയസ്സായെന്ന് വച്ച് അത്രയ്ക്കങ്ങോട്ട് വേണ്ട , പാടോം വരമ്പും വഴിയുമൊക്കെ ഞാന്‍ കണ്ടത്ര നിങ്ങളൊന്നും കണ്ടിട്ടില്ലാന്നു പറയാന്‍ വന്നതാ,പിന്നെ തല്‍ക്കാലത്തേക്ക് വിഴുങ്ങി.കയ്യാല പൊളിച്ചാല്‍ എത്ര മരം വെട്ടേണ്ടി വരുമെന്നറി യോ രവിക്ക്? വലിയ ആപ്പിസറാത്രേ ! വിവരം ലവലേശമില്ല ,മുന്നിലിരിക്കണ ഫയലുമ്മല് കോറണപോലെയല്ല ഇത്.ഇതൊക്കെ ആര്‍ക്കു വേണ്ടിയിട്ടാ കാക്കണേ ,അവനും അവന്‍റെ കുട്ട്യോള ക്കുമല്ലേ?  മണ്ണിനു പൊന്നുവിലയാണ് , മരത്തിനു വിലവയ്ക്കാനുമാവില്ല.

വഴി വീതി കൂട്ടണ്ടാന്നു ആരാ പറഞ്ഞെ?ഞാന്‍ പറഞ്ഞില്ല,കയ്യാല പൊളിക്കുമ്പോള്‍ വലിയ മരങ്ങളുള്ള ഭാഗത്തേക്ക്‌ പൊളിക്കാതെ നോക്കണമെന്നെ പറഞ്ഞുള്ളൂ.മാവിനൊക്കെ ആവശ്യം എപ്പഴ വരണേന്നാര് കണ്ടു? മുറ്റത്തോളം വണ്ടി വരണതു നന്നന്നെ,എന്ന് കരുതി അതിനു വേണ്ടി എന്തുമാവാന്നാ? വനം പോലെ വളര്‍ന്നു നിക്കണ ഇക്കാണായ മരമത്രയും വളര്‍ത്താന്‍ പെടാപ്പാട് പെട്ടതാണ്. മണ്ണിനെ പിടിച്ചു നിര്‍ത്താന്‍ ഇതുങ്ങളുടെ വേരില്ലാണ്ടേ വയ്യാന്നു ഇനി ആരെയാ  പറഞ്ഞു പഠിപ്പിക്കുക? പത്രത്തില്‍ മരം നടനേന്‍റെ ഫോട്ടോ ഒക്കെ കാണനുണ്ട്‌,അതൊരു പരസ്യം പോലെ.കയ്യാല പൊളിച്ചാല്‍ കെട്ടാന്‍ ആളെകിട്ടാനില്ല, ഇപ്പൊ കല്ലാശാരീം ,മെക്കാടും ഒക്കെ കിട്ടാനില്ലാത്ത വകയാത്രേ .തീര്‍ത്തും ഇല്ലാന്ന് പറയാനും പറ്റില്ല. മേസ്ത്രി വന്നു പണി യെല്പ്പിച്ചു പോവും,പണിക്കാര് അന്യ നാട്ടുകാരാ. എന്താപ്പോ ബംഗാളിയോ ,ബീഹാറിയോ,ഒക്കെ." ഇന്ത്യ എന്‍റെ രാജ്യമാണ് ..."പ്രതിജ്ഞ ഓര്‍മ്മയുണ്ടുട്ടോ, അപ്പൊ ഏതു നാട്ടുകാരനായാലും നമുക്ക് സമം, അല്ലെ? കയ്യാല കെട്ടൊക്കെ ഇവര്‍ക്കെന്തറിയാന്‍? സിമന്റൊണ്ട് ഒരു മതില്‍ അത്രന്നെ.

ചാരുകസേരാലാന്നു വച്ചാലും ഇരുപ്പു കഷ്ടം തന്നെ.അതും ഈ കുന്തത്തുംമേല്‍ നോക്കിക്കൊണ്ടിരുന്നു കണ്ണുകഴച്ചു.ഇവന് വിളിക്കാനെത്ര സമയം വേണം? ഇത്രടം വരാന്‍ പറഞ്ഞിട്ട് ആഴ്ച ഒന്നായി.ഇതെന്തു തിരക്കാണ്? ഒരു രാത്രിയുടെ യാത്രയല്ലെയുള്ളൂ.മക്കളെ ആവശ്യത്തിനും അനാവശ്യത്തിനും ബുദ്ധിമുട്ടിക്കാനൊന്നുമല്ല, എന്തോ മനസ്സിലൊരാന്തല്‍, അവനൊന്നു വന്നു പോയാല്‍ സമാധാനമായി.വാരാന്ത്യത്തിന്‍റെ തിരക്കുകള്‍ എല്ലാമറിയുന്നത് തന്നെ. എന്നാലും വല്ലാത്ത സമാധാനക്കേട്. മരുമകളുടെ ഫോണില്‍ വിളിക്കാം,മധുരമുള്ള സംസാരത്തിലെ മടുപ്പ് പെട്ടെന്ന് തിരിച്ചറിയാനാവുമെന്നതിനാല്‍ വേണ്ട.

അകത്തുള്ളോള്‍ക്ക് ഒന്നുമറിയേണ്ട, വയ്ക്കുക, വിളമ്പുക ,അമ്പലത്തില്‍ പോവുക,വരണോരോട് സൊറ പറയുക , കഴിഞ്ഞു. കാര്യായിട്ടെന്തെങ്കിലും പറയാന്നു വച്ചാല്‍ എല്ലാം കളിതമാശ! മണ്ടക്കിട്ട് നല്ല പ്രായത്തില്‍ എത്രയാ കിഴുക്കു കൊടുത്തിരിക്കണേ ! പക്ഷെ പാവാണ്‌ , ഉള്ളിലൊന്നുമില്ലെന്നെയുള്ളൂ, അവളുടെ ലോകം ചെറുതാണ്.

 ഇന്നിനി രവി വിളിച്ചാലും കാര്യമില്ല, രാത്രി വണ്ടിക്കവന്‍ പുറപ്പെടില്ല. ഇനിയെന്നാണോ ആവോ? ഈയാഴ്ച പണി തുടങ്ങും തീര്‍ച്ച ,ഇനി നാളെയെങ്ങാന്‍ തുടങ്ങുവോ? എന്‍റെ  ഈശ്വരമ്മാരെ കാത്തോളണെ.നേരം വല്ലാണ്ട് വൈകിയിരിക്കുന്നു ,ഇനി ഈ കുന്തം താഴെ വയ്ക്കാം,അതോണ്ട് വലിയ പ്രയോജനമൊന്നുമില്ല.

ഉറങ്ങാന്‍ കിടന്നപ്പോഴാണ്‌ ഒരിക്കല്‍ കൂടി രവിയെ വിളിക്കാമായിരുന്നുവെന്നു   തോന്നുന്നത്, പിന്നെയും എഴുന്നെല്‍ക്കണ്ടേ, വേണ്ട,നാളെയാവാം. നേരം വെളുത്തോ?ഇപ്പൊ കിടന്നതെയുള്ളൂ എന്ന് തോന്നുന്നു.രാമനാമം ജപിച്ചിട്ടാണല്ലോ കിടന്നേ.പിന്നെന്താണോ ഉറക്കം ശെരിയാവാഞ്ഞേ?മുറ്റത്തു പണിക്കാരുടെയാണോ ശബ്ദം?രാവിലെ തന്നെ എത്തിയോ? എണീക്കാന്‍ പറ്റുന്നില്ല,നെഞ്ചില്‍ ഒരു ഭാരം കയറ്റി വച്ചത് പോലെ. രവീടെം ശബ്ദമുണ്ടല്ലോ , അവനെന്താ പറയണേ? കയ്യാല പൊളിച്ചുവോ?
ആരോ അടുത്തേക്ക് വരുന്നുണ്ട്,പതിഞ്ഞ സംസാരം മാത്രം," രാത്രിയില്‍ ഒരു നെഞ്ചു വേദന,സാരമില്ലെന്നാ ഡോക്ടര്‍ പറഞ്ഞത്. കുറച്ചു ദിവസം കിടക്കേണ്ടി വരും."
അപ്പൊ വീട്ടിലല്ല ആസ്പത്രീലാണ്,ഒന്ന് സംസാരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഈ മരവിച്ച മുറിക്കുള്ളില്‍ നിന്നും വെളിയിലെ ശുദ്ധവായുവിലെക്കും വീട്ടിലേക്കും പോകാമായിരുന്നു! ഇനിയെന്നാണോ വീട്ടിലേക്കു? അവിടെന്തായോ എന്തോ? നെഞ്ചിലെ വേദന ചൂടും മരവിപ്പുമായി സിരകളിലെല്ലാം പടരുന്നു.നാട്ടു മാവിലെക്കിനിയൊട്ടു ദൂരം മാത്രം..
 















Friday, 9 January 2015



അമ്മിണിയും സിനിമയും.....


എഴുതാനിരുന്നപ്പോള്‍ അമ്മിണിയുടെ ചിത്രം ആദ്യം വരയ്ക്കണമെന്നാണ് തോന്നിയത്. ചിത്രം വരച്ചു കൊണ്ടിരുന്നപ്പോള്‍ മനസ്സിലാകെ കൈതപ്പൂവിന്റെ ഗന്ധം നിറയും പോലെ.


അവധിക്കാലത്തെ സ്വാതന്ത്ര്യം വല്ലാത്ത സന്തോഷം തരുന്നതാണ്,പഠിക്കേണ്ട , പറമ്പിലും തൊടിയിലും ചുറ്റാം,ഒരുത്തരവാദിത്തവുമില്ല.ഇപ്പോഴത്തെ പോലെ അവധിക്കാലരസം കൊല്ലിയായ ഗൃഹപാഠം ഇല്ലേയില്ല.അങ്ങിനെയൊരു അവധിക്കാലത്തായിരുന്നു അരമതിലില്‍ നിന്ന് വീണ് കൈയ്യൊടിഞ്ഞത്. ഇരുന്നുണ്ണാനുള്ള പലകകള്‍ ഒന്നിന് മുകളില്‍ ഒന്നായി അരമതിലുമുകളില്‍ അടുക്കി ,അതിന്റെ മുകളില്‍ ഇരുന്നു വായിക്കുക എന്ന് പറഞ്ഞാല്‍ അഹമ്മതി തന്നെ! അതിന്റെ മുകളില്‍ നിന്ന് പൊത്തോന്ന് താഴെ വീണില്ലെങ്കിലെ അതിശയമുള്ളു.ഫലത്തില്‍ കളികള്‍ക്ക് നിയന്ത്രണം ! വായന മാത്രം.ഇടയ്ക്കു മാമ്പഴം പെറുക്കാന്‍ പോവാം,മാവിലെറിയുന്നവരുടെ അടുത്ത് നിന്ന് കൂടാ.ഇനി അതും കൂടി എങ്ങാനും തലയില്‍ വീണാല്‍!

ആ ദിവസങ്ങളിലെന്നോ ആണ് അടുത്ത പറമ്പിന്റെ അതിരിലെ ശബ്ദമായി അവള്‍ എത്തിയത്. ഒരു കൈയില്‍ മാമ്പഴം, മറുകൈ പിന്നിലേക്കാക്കി മറച്ചിരുന്നു. രണ്ടു പറമ്പുകളുടെ അതിര് തിരിച്ചിരുന്നത് ഒരു തോടായിരുന്നു. തോടിനു കുറുകെയുള്ള തടിപ്പാലത്തിലൂടെ വന്നു എന്‍റെ ഒറ്റക്കൈയില്‍ മാമ്പഴം പിടിപ്പിക്കാന്‍ ശ്രമിച്ചു.

 "കുഞ്ഞിനു വേദന കുറഞ്ഞോ?" ആദ്യത്തെ ചോദ്യം. "ഇപ്പൊ വേദനയൊന്നുമില്ല ,ഇനിയും ഒരാഴ്ചകഴിഞ്ഞാല്‍  വച്ചുകെട്ടു മാറ്റാം,"
"എന്റെ കൈയും ഒടിഞ്ഞു ",അവള്‍ മറച്ചിരുന്ന കൈ കാണിച്ചു. വല്ലാതെ മുഷിഞ്ഞിരുന്നു ആ കെട്ട്‌,"ആഴ്ചയിലൊരിക്കല്‍ വൈദ്യരുടെ അടുത്ത് പോയി കെട്ടു മാറ്റിക്കെട്ടണം,മീനഭരണിക്ക് പോയപ്പോള്‍ ഉഴുന്താട വള്ളിയില്‍ തട്ടി വീണതാണ്.കുഞ്ഞു അരമതിലീന്നു വീണുല്ലേ ? അമ്മ പറഞ്ഞു."

തുല്യ ദുഖിതരായത് കൊണ്ടാവും എനിക്ക് അവളോട്‌ ഇഷ്ടം തോന്നി.
മുടി നന്നായി മെടഞ്ഞു മടക്കി ചുവന്ന റിബ്ബന്‍ കെട്ടിയിരുന്നു. ഇരുനിറ മാണേങ്കിലും നല്ല മുഖം,നീട്ടിയെഴുതിയ കണ്ണുകള്‍, ചുവന്ന പൊട്ട്,നീളന്‍ ബ്ലൌസും അരപ്പാവാടയും. ആരും ഇഷ്ടപ്പെടുന്ന ചിരിയുള്ള മുഖം.


"ഇവിടുന്നു നോക്കിയാല്‍ എന്റെ വീട് കാണാം" ,അല്പം ദൂരെയുള്ള അവളുടെ വീട് ചൂണ്ടിക്കാണിച്ചു കൊണ്ട് അവള്‍ പറഞ്ഞു. "കേളുവാശാന്‍റെ വീടിന്റെ അടുത്തുകൂടിയുള്ള വഴിയിലൂടെ വന്നാല്‍ മതി." പേരമ്മയുടെ വിളി ആ സംസാരത്തെ മുറിച്ചു ,നാളെ വരാമെന്ന് പറഞ്ഞ്അവള്‍ പോയി.

'ആരായിരുന്നു അവിടെ?കൊറേ നേരായല്ലോ മാഞ്ചുവട്ടിലേക്ക് പോയിട്ട്?" പേരമ്മയുടെ  ചോദ്യമാണ് അവളുടെ പേര് ചോദിച്ചില്ലെന്ന് ഓര്‍മ്മിപ്പിച്ചത്. "അമ്മിണിയായിരിക്കും അല്ലാണ്ടാരാ അവിടെ വരാന്‍! വേലത്തിക്കുട്ട്യാ ,എല്ലാ കൊല്ലോം അവരല്ലേ ഇവിടെ വെള്ള പൂശണെ.നിയ്യ്‌ കണ്ടിട്ടില്ലേ മുന്‍പ്?" ഓര്‍മ്മയില്‍ അങ്ങിനെയൊരു മുഖം വന്നില്ല ,ശാരദയും വാസുവും വന്നത് മാത്രേ കണ്ടിട്ടുള്ളു.
"ശാരദേടെ അനീത്ത്യാ,അധികായില്ല വന്നിട്ട്,അതാവും മുന്‍പ്കാണാഞ്ഞേ.പത്തുപതിന്നാല് വയസ്സുണ്ടാവും,ആരോ സ്വന്തക്കാര് മദ്രാസ്സില്‍ കൊണ്ടോവുംന്നാ പറയണെ." ബാക്കി അടക്കിപ്പിടിച്ച സ്വരത്തിലാണ് "സിലിമേല് ചേരാമ്പോവാണത്രേ , എന്താ കഥ! വിശ്വസിച്ചുവിടാന്‍ പറ്റ്വോ അങ്ങിനെയൊക്കെ! പഠിപ്പൂല്ല ,ആരാ എന്താന്നൊക്കെഎങ്ങനെയാ അറിയാ?പരിഷ്കാരല്ലേ ,നമ്മള് ചോദിച്ചാ ഒരാളെങ്കിലും രക്ഷ്പ്പെടെട്ടെ എന്നാ പറയണേ.നിയ്യ്‌ ഇതൊന്നും ചോദിക്കാന്‍ നിക്കണ്ടട്ടോ."

ചോദിക്കരുതെന്ന് പറഞ്ഞാല്‍ ചോദിക്കണമെന്ന് തോന്നും, അതാ അതിന്റെ കുഴപ്പം.പിറ്റേന്ന് 6 വയസ്സുകാരിയുടെ കൌതുകം അത് തന്നെ ചോദിപ്പിച്ചു. അമ്മിണിക്ക് സന്തോഷായി,"കുഞ്ഞിനറിയുംന്ന കരുതിയേട്ടോ, ഞാന്‍ പോവാണ് മദ്രാസില്‍ വകയിലൊരു കുഞ്ഞമ്മയുണ്ട്.അവരു ശരിയാക്കും,ആദ്യം വടക്കെപ്പ്രത്തെ മുരളിയേട്ടന്‍ കൊണ്ടോരണ മാസികെലാത്രേ എന്റെ പടങ്ങള് വരുവാ.പിന്നെ സിനിമയിലെടുക്കും,കുഞ്ഞമ്മേം മക്കളുമൊക്കെ അതിലന്നെയാ." അമ്മിണി പറഞ്ഞു കൊണ്ടേയിരുന്നു,അമ്മിണിയോടൊപ്പം എന്റെ മനസ്സും പറന്നു.

ഒന്നു രണ്ടാഴ്ചത്തെ സൌഹൃദം അമ്മിണിയെ എന്നോട് വല്ലാതടുപ്പിച്ചു. അമ്മിനിക്കറിയാത്തതായി  ഒന്നുമില്ലെന്നെനിക്ക് തോന്നി.കളരിത്തറ യുള്ള കേളുവാശാന്‍റെ വീട്ടിനു മുന്പിലെത്തിയാല്‍ ഒരു പ്രാവശ്യം വട്ടം കറങ്ങണമെന്നും, അവിടെ ഇറമ്ബടിയില്‍ കത്തിക്കുന്ന ദീപത്തിലേക്ക് നോക്കി കൂടെന്നും അവള്‍ പറഞ്ഞു. അല്ലെങ്കില്‍ കളരിയിലെ ഒഴിപ്പിച്ച ബാധകള്‍ നമ്മുടെ ദേഹത്തും കൂടുമത്രേ. കൈതമുള്ളുകള്‍ക്കിടയില്‍ നിന്നും അലമാരയില്‍ എന്‍റെതുണിക്കള്‍ക്കിടയില്‍ വയ്ക്കാന്‍  കൈതപ്പൂ പൊട്ടിച്ചു തന്നതും അവളായിരുന്നു. പിന്നീടുള്ള അവധിക്കാലങ്ങളില്‍ അവളെ കണ്ടില്ല. അവള്‍ മദ്രാസ്സിനു പോയെന്നു പേരമ്മ പറഞ്ഞു.

4-5 വര്‍ഷം കഴിഞ്ഞുള്ള ഒരു വേനല്‍ സന്ധ്യയില്‍ എന്നെ അന്വേഷിച്ചു അമ്മിണി വീണ്ടും വന്നു."എന്നെ ഓര്‍മ്മയുണ്ടോ? കത്തെഴുതുമ്പോഴൊക്കെ കുഞ്ഞിനെ ഞാന്‍ ചോദിക്കാറുണ്ടുട്ടോ. കൈയൊക്കെ സുഖായോ?" ഞാന്‍ കൈയിലെ ഒടിവിനെ എപ്പോഴോ മറന്നിരുന്നു. അമ്മിണിയുടെ സാരിയും,അലുക്കുള്ള കമ്മലും,ലോലാക്കും , ഇത്തിരി തമിഴ് ചുവയുള്ള സംസാരവും കൌതുകത്തോടെ നോക്കുകയായിരുന്നു.അമ്മിണീടെ പഴയ ഭംഗിയൊക്കെ പോയോ?ഞാന്‍ സംശയിച്ചു.

ചോദിക്കാനായി മറ്റൊന്നും മനസ്സില്‍ വന്നില്ല. "അമ്മിണി ഇപ്പൊ സിനിമേലാ? മുരളിയേട്ടന്റെ വീട്ടിലെ മാസികയിലോക്കെ ഞാന്‍ നോക്കി, അമ്മിണീടെ പടം  കണ്ടില്ല."
"അതിവിടെ വരില്ല ,അങ്ങ് മദ്രാസ്സിലെ വരൂ,ഞാന്‍ പോട്ടേ.പിന്നെ വരാട്ടോ "
കൂടുതലൊന്നും പറയാതെ അമ്മിണി പോയി.പലവട്ടം അന്വേഷിച്ചുവെങ്കിലും അമ്മിണിയെ പിന്നെ കണ്ടുമുട്ടിയില്ല.ഇപ്പൊ അമ്പതിനടുത്തു പ്രായമുണ്ടാവും അവര്‍ക്ക്.സിനിമയുടെ കാലം കഴിഞ്ഞു സീരിയലില്‍ എത്തീ ട്ടുണ്ടാവുമോ?ചിലപ്പോഴൊക്കെ തമിഴു സീരിയലുകളിലോന്നു ഓടിച്ചു നോക്കാറുണ്ട്,അമ്മായിയമ്മയായോ അമ്മൂമ്മയായോ ഒക്കെ അമ്മിണിയെ കാണുമോന്ന്. അതിലും കുറഞ്ഞ പ്രായത്തിലൊരു വേഷം ആലോചിക്കാന്‍ വയ്യ, ദുഷ്ടകഥാപാത്രങ്ങളെയൊക്കെ വിട്ടു,അതവര്‍ക്ക് ചേരില്ല,സൌമ്യമായ മുഖത്തിന്‌ നന്മയെ ചേരൂ.പക്ഷെ ഇത് വരെ കണ്ടുപിടിക്കാനൊത്തിട്ടില്ല.അമ്മിണി വരും അല്ലേ ഒരു ദിവസം എന്‍റെ സീരിയല്‍ സായാഹ്നങ്ങളില്‍ ചെക്കേറാന്‍,എന്നിട്ട് വേണം മടുപ്പിക്കുന്ന ഒരു തുടരന്‍ മുഴുവനായിട്ട് കാണാന്‍. :)







Monday, 5 January 2015

തിരുവാതിരപ്പുഴുക്ക്..
സംശയിക്കേണ്ട , താഴെ കാണുന്ന ചിത്രത്തില്‍ ഉള്ള സംഭവം ഞാന്‍ തന്നെ ഉണ്ടാക്കിയതാണ്.അതിന്റെ പേരാണ് തിരുവാതിരപ്പുഴുക്ക്..
അങ്ങിനെ ഒരു തിരുവാതിര കൂടി കഴിഞ്ഞു. തിരുവാതിര കഴിഞ്ഞെന്തിനേ അതിനെ പറ്റി പറയുന്നത് എന്നല്ലേ? തിരുവാതിരയല്ലേ നാട്ടില്‍ പെണ്ണുങ്ങള്‍ക്കൊക്കെ ആഘോഷമല്ലേ എന്നൊക്കെ ഓര്‍ത്തു എല്ലാ വര്‍ഷവും ഇങ്ങനൊരു പാചകം ഞാന്‍ പതിവുണ്ട്.കൃത്യമായി പറഞ്ഞാല്‍ 18 വര്‍ഷമായി കലാപരിപാടി നടത്തിക്കൊണ്ടു വരുന്നു.നാട്ടില്‍ നിന്നകലെയായത് കൊണ്ട് ഒരിക്കലും, പുഴുക്കും കൊണ്ട് ആഘോഷം അവസാനിപ്പിക്കും.ഉറക്കമിളപ്പ് പൂര്‍ ത്തിയാക്കാറുമില്ല. ഉറക്കമിളച്ചാലുമില്ലെന്കിലും പുഴുക്കിന്‍റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയുമില്ല.എല്ലാ കിഴങ്ങുവര്‍ഗങ്ങളും ഒരു വിധത്തിലാണ് സാധാരണ ഒപ്പിക്കുന്നത്. ദോഷം പറയരുതല്ലോ തന്ജാവൂരില്‍ എല്ലാം കിട്ടും,കൂര്‍ക്കയും,കാച്ചിലും,ചെറുകിഴങ്ങും വരെ..അത് കൊണ്ട് ഇത്തവണ ആഘോഷായി തന്നെ പുഴുക്കുണ്ടാക്കി അയല്‍ക്കാര്‍ക്കും കൊടുക്കാംന്നു വച്ചു..
എന്നാലും തിരുവാതിര എന്നെ സങ്കടപ്പെടുത്തും. എല്ലാ വര്‍ഷവും ഇങ്ങനൊരു പാചകം നടത്തിയിട്ടും കഴിക്കാനെടുക്കുമ്പോള്‍ ഇതെന്താണ് എന്നൊരു ചോദ്യം നായരുടെ വക ഉറപ്പാണ്. ഇന്നലെയും അതേ ചോദ്യം, ഇത്തവണ ചോദ്യം അല്പം മാറി, ആവര്‍ത്തന വിരസത ഒഴിവാക്കാനാവും, "ഇതിലെന്താണ് ചേര്‍ത്തിരിക്കുന്നത്?" മകന്‍റെ സാമൂഹ്യപാഠം പരീക്ഷ എന്‍റെ സിരകളില്‍ കത്തി നില്‍ക്കുകയായിരുന്നത് കൊണ്ടും,സമയക്കുറവ് കൊണ്ടും വിശദമായ പാചകക്കുറിപ്പ് നല്കാനെനിക്ക് കഴിഞ്ഞില്ല.
ഉറക്കം വരാതിയിരിക്കാനായി ബാല്യത്തില്‍ കണ്ട തിരുവാതിരയുടെ ചിത്രങ്ങള്‍ ഒന്ന് തിരികെ വിളിച്ചു കിടന്നു.തിരുവാതിരകളിയും,കുമ്മിയടിയും,പാതിരപൂവു ചൂടലും ഒക്കെ എത്ര പെട്ടെന്നാണ് 30 വര്‍ഷത്തിനപ്പുറത്ത്‌ നിന്ന് പറന്നെത്തുന്നത്.തറവാട്ടില്‍ അച്ഛന്‍ പെങ്ങളുടെ പൂത്തിരുവാതിരയുടെ ചിത്രമാണ് ആദ്യമെത്തുക,എന്തായിരുന്നു ആഘോഷം !എവിടുന്നൊക്കെയാണ് , ആരൊക്കെയാണ് അന്ന് തിരുവാതിര കളിച്ചതെന്നു ഓര്‍മ്മയില്ല. വീരവിരാട കുമാര വിഭോ..ഇപ്പോഴുണ്ടോ ആവോ? പ്രായ ഭേദമില്ലാതെ എല്ലാരും ചുവടുകള്‍ വച്ചിരുന്നു.
ഒന്നോര്‍മ്മയുണ്ട്, പുഴയില്‍ കുളിക്കാന്‍ പോയപ്പോള്‍ പാതിരാ നേരത്തു കൊച്ചു കുട്ടികളെ കൂട്ടാന്‍ പാടില്ലെന്ന് മുത്തശ്ശി വിലക്കിയത്. തിരുവാതിര കളിക്കുന്ന കല്യാണപ്രായമായ പലരുടെയും കണ്ണുകളും മനസ്സുകളും വലം ചുറ്റുമ്പോള്‍ കാഴ്ചക്കാരില്‍ ഉടക്കുന്നതും കണ്ടു..ആ തിളക്കം തിരിച്ചറിയാന്‍പിന്നെയും ഒരു പാട് കാലം വേണ്ടി വന്നു..കളിച്ചോ ണ്ടിരിക്കുമ്പോള്‍ കാലു കടഞ്ഞാല്‍ കരുപ്പെട്ടിക്കാപ്പി.ആവി പറക്കുന്ന പുഴുക്കു.തിരുവാതിര തീര്‍ന്നപ്പോള്‍ മുത്തശ്ശിയോടു ചോദിച്ചു " എന്നാ ഇനി പൂത്തിരുവാതിര?" "അതിനു നീ വളര്‍ന്നു വലുതായി വരട്ടെ.അപ്പൊ കല്യാണോം കഴിപ്പിച്ചു ,ആക്കൊല്ലം തന്നേ വയ്ക്കാലോ."എന്‍റെ കല്യാണത്തിന് മുത്തശ്ശി ഉണ്ടായിരുന്നില്ല, അതോണ്ടാവും പൂത്തിരുവാതിരയും വച്ചില്ല .ഇനി വച്ചാല്‍ തന്നെ "അതെന്തു കുന്താ"ന്നു നായര് ചോദിച്ചാല്‍ ഞാന്‍ ക്ലാസ്സ്‌ എടുക്കണ്ടേ?
അടുത്ത കൊല്ലത്തെ കിടിലന്‍ ചോദ്യത്തിനായി കാത്തു കൊണ്ട് ഇക്കൊല്ലത്തെ തിരുവാതിരക്കു ബൈ..
Like ·  ·